
കുഞ്ഞുണ്ണി മാഷ്/ ഫോട്ടോ മാതൃഭൂമി ആർക്കൈവ്സ്
''എത്രമേലകലാം/ഇനിയടുക്കാനിടമില്ലെന്നതുവരെ/എത്രമേലടുക്കാം/ഇനിയകലാനിടമില്ലെന്നതുവരെ'', ''എനിക്കുണ്ടൊരു ലോകം/നിനക്കുണ്ടൊരു ലോകം/നമുക്കില്ലൊരു ലോകം...'',കാലമില്ലാതാകുന്നു/ദേശമില്ലാതാകുന്നു/ കവിതേ നീയെത്തുമ്പോള്‍... തുടങ്ങി കുഞ്ഞുണ്ണി മാഷ് എന്ന വലിയ മനുഷ്യന്റെ അക്ഷരങ്ങള്‍ അണിനിരന്നത് എക്കാലവും കുട്ടികള്‍ക്കുവേണ്ടിയാണ്. കുഞ്ഞുനാളില്‍ കുഞ്ഞുണ്ണിമാഷിനെ കേട്ടുപഠിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ ഒരു സന്ദര്‍ഭത്തിലെങ്കിലും ചടുലവും ഹ്രസ്വവുമായ ആ വരികള്‍ ഓര്‍ക്കാതിരിക്കില്ല. ഉഷ കേശവരാജ് എന്ന പേര് കുഞ്ഞുണ്ണി മാഷുമായി ബന്ധപ്പെട്ടാണ് ആദ്യം കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ പകര്‍ത്തിയെഴുത്തുകാരി എന്ന 'ഉദ്യോഗ'ത്തിലേക്ക് പ്രവേശിച്ചതുമുതലുള്ള കാലത്തെക്കുറിച്ച് പറയാമോ?
കുഞ്ഞുണ്ണി മാഷിന്റെ മൂത്ത സഹോദരി മാധവി അമ്മയുടെ മകന് കേശവരാജിന്റെ ഭാര്യയാണ് ഞാന്‍. കുഞ്ഞുണ്ണി മാഷിനെ കുട്ടമ്മാമ എന്നാണ് ഞങ്ങള്‍ക്കെല്ലാം വിളിച്ച് ശീലം. കുട്ടമ്മാമ ലോപിച്ച് കുട്ടാമയെന്നായി. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സുണ്ടാകുമായിരുന്നു. 1927 മെയ് പത്തിനാണ് ജനിച്ചത്. എന്റെ ഭര്‍ത്താവിന്റെ അമ്മയുള്‍പ്പെടെ നാല് പെണ്ണും രണ്ട് ആണുമായിരുന്നു കുട്ടാമയുടെ മാതാപിതാക്കളായ ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠന് മൂസതിനും അതിയാരത്ത് നാരായണി അമ്മയ്ക്കും ഉണ്ടായിരുന്നത്. കുട്ടാമ സാഹിത്യവും വായനയുമായി ലോകം തന്റെയടുക്കലേക്ക് വിളിച്ചുവരുത്തി എന്നുവേണം പറയാന്‍. കോഴിക്കോടായിരുന്നു കുട്ടാമയുടെ തട്ടകം.
പഠിത്തം കഴിഞ്ഞപ്പോള്‍ ചേളാരി സ്കൂളില്‍ അധ്യാപകനായി. പിന്നീട് കോഴിക്കോട് രാമകൃഷ്ണ മിഷന് ഹൈസ്കൂളിൽ മലയാളം അധ്യാപകനായി. മാതൃഭൂമി ആഴ്ചപ്പതിപ്പുമായി വളരെയടുത്ത ബന്ധമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്. മാതൃഭൂമിയിലെ ബാലപംക്തിയിലേക്ക് വരുന്ന രചനകള്‍ വിലയിരുത്താനും അര്‍ഹമായത് പ്രസിദ്ധീകരണത്തിന് നിര്‍ദ്ദേശിക്കാനും എന്‍.വി. കൃഷ്ണവാരിയരാണ് കുട്ടാമയെ ചുമതലപ്പെടുത്തിയത്. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, തിരുത്തുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം സമയബന്ധിതമായി ചെയ്തുകൊടുത്തു. കുട്ടേട്ടന് എന്ന പേരില്‍ എഴുതാന്‍ തുടങ്ങിയതും അങ്ങനെയാണ്. പതിറ്റാണ്ടുകളോളം കോഴിക്കോട് തന്നെയായിരുന്നു കുട്ടാമയുടെ ജീവിതം. 1987-ലാണ് അതിയാരത്ത് തറവാട്ടിലേക്ക് തിരികെ വരുന്നത്.
രാമകൃഷ്ണ മിഷനില്‍ താമസിക്കുമ്പോള്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്നിരുന്നു. അവിടെത്തന്നെ മികച്ച ചികിത്സ ഏര്‍പ്പാടാക്കാം എന്ന് രാമകൃഷ്ണ മിഷന് അധികൃതര്‍ പറഞ്ഞെങ്കിലും കുട്ടാമയ്ക്ക് ശിഷ്ടകാലം തറവാട്ടില്‍ കഴിയാനായിരുന്നു ആഗ്രഹം. 1987 മുതല്‍ 2006 വരെ കുട്ടാമയുടെ സഹായിയായി ഞാന്‍ നിയമിതയായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലേക്കുള്ള സൃഷ്ടികള്‍ വായിച്ചു കേള്‍പ്പിക്കുക, മറുപടി എഴുതുക തുടങ്ങിയവയായിരുന്നു എന്നെയേല്പിച്ച ജോലികള്‍. കുട്ടാമയ്ക്ക് നേരിട്ട് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കെട്ടുകണക്കിന് സൃഷ്ടികള്‍ എല്ലാ ആഴ്ചയിലും വന്നുകൊണ്ടേയിരിക്കും. എല്ലാം കുട്ടികള്‍ എഴുതുന്നതായതിനാല്‍ കുട്ടാമയ്ക്ക് വായിച്ചു കേള്‍ക്കുന്നതില്‍ മടുപ്പുണ്ടായിരുന്നില്ല. പ്രസിദ്ധീകരണ യോഗ്യമായതെല്ലാം മാറ്റിവെക്കാന്‍ പറയും. ബാക്കിയുള്ള കുട്ടികള്‍ക്കെല്ലാം ഇനിയും നന്നായി എഴുതാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള മറുപടി എഴുതണം, അതെല്ലാം കുട്ടാമ പറഞ്ഞുതരും, ഞാന്‍ കേട്ടെഴുതും. മടക്കക്കവറില് തിരിച്ചയക്കും. ഒന്നുകൂടി ശ്രമിച്ചാല്‍ നന്നായി എഴുതാന്‍ കഴിയും എന്നു തോന്നുന്ന രചനകളുടെ കുട്ടിസ്രഷ്ടാക്കളോടും കുട്ടാമയ്ക്ക് പറയാനുണ്ടാകും. അതിനായി പോസ്റ്റല്‍ കാര്‍ഡുകള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതും എന്റെ ജോലിയായിരുന്നു.
കൃത്യനിഷ്ഠയുടെ ഉദാഹരണമായിരുന്നു കുട്ടാമ. രാവിലെ കൃത്യം പത്തര മുതല്‍ പന്ത്രണ്ടര വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് വരെയുമായിരുന്നു കുട്ടികളുടെ സൃഷ്ടികളും കത്തുകളുമൊക്കെ വായിച്ചിരുന്നത്. കുട്ടാമയ്ക്ക് ഓരോന്നായി വായിച്ചുകൊടുക്കണം. കൃത്യസമയത്ത് നമ്മള് എത്തിയില്ലെങ്കില്‍ അദ്ദേഹം സമ്മതിച്ചു തരികയൊന്നുമില്ല. ചെവിക്ക് പിടിക്കും, ശകാരിക്കും. സമയം തെറ്റിക്കുന്ന ഒരു പ്രവൃത്തിയും ഇഷ്ടമില്ലായിരുന്നു.
ആദ്യത്തെ ആറു മാസം കുട്ടാമയുടെ സഹായിയായി എന്റെ പ്രൊബേഷന്‍ കാലമായിരുന്നു. ഒരു കത്തും മാറിപ്പോവാതെ കൃത്യമായി വായിച്ചുകൊടുത്തു. പിന്നെ അദ്ദേഹം ഇങ്ങോട്ട് ഒരു നിര്‍ദ്ദേശം വെച്ചു. നീയിനിയും ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ ഒന്നും സ്വന്തമായി ചെയ്യാന്‍ കഴിയില്ല. ഇനിമുതല്‍ വരുന്ന തപാലുകളെല്ലാം സ്വന്തം വായിച്ച് വിലയിരുത്തണം. ബാലപംക്തിയിലേക്ക് വരുന്ന നൂറുകണക്കിന് സൃഷ്ടികളുടെ പ്രാഥമിക തിരഞ്ഞെടുപ്പ് എന്റെ ചുമതലയായി. മോശമല്ലാത്തത്, നല്ലത്, മികച്ചത്, ഏറ്റവും മികച്ചത് എന്ന ക്രമത്തില്‍ വായിച്ചു കേള്‍പ്പിക്കും. അതില്‍ നിന്നും കുട്ടാമ പ്രസിദ്ധീകരണ യോഗ്യമായത് നിര്‍ദ്ദേശിക്കും.
കുട്ടാമയുടെ കയ്യക്ഷരം വായിച്ചെടുക്കാന്‍ വളരെ പ്രയാസമാണ്. വായിച്ചു ശീലമായവര്‍ക്കു മാത്രമേ ഉള്ളടക്കം പിടികിട്ടുകയുള്ളൂ. ആദ്യനാളുകളില്‍ എന്റെയും പ്രതിസന്ധി അതായിരുന്നു. പിന്നെയെനിക്ക് അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പം കഴിഞ്ഞു.അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ തിരിച്ചറിയുക, നോക്കിയെഴുതുക എന്നതായിരുന്നു ആദ്യത്തെ പരീക്ഷ. മോശമല്ലാത്ത രീതിയില്‍ അതും പാസ്സായി. കവിതകളായാലും ലേഖനങ്ങളായാലും അദ്ദേഹം എഴുതി മേശപ്പുറത്ത് വെക്കും. ഞാന്‍ വീട്ടില്‍ കൊണ്ടുപോയി പകര്‍ത്തിയെഴുതി അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കും. വീണ്ടും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. വെട്ടിത്തിരുത്തിയതിനു ശേഷം വീണ്ടും വായിച്ചു കേള്‍പ്പിക്കും. കണ്ണിന് കാര്യമായ പ്രശ്നമൊന്നും ഇല്ലായിരുന്നു അദ്ദേഹത്തിന്. വായിച്ചു കേള്‍ക്കുന്നതാണ് ഇഷ്ടം. ഗൗരവമുള്ള ലേഖനങ്ങള്‍ സ്വന്തമായി വായിക്കും.
''നല്ല തുടക്കം നല്ലൊരൊടുക്കം നല്ലൊരു നടുവും കഥ നന്നായി'' തുടങ്ങി പലതരത്തിലുള്ള ഉപദേശങ്ങളാണ് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുക. സൂക്ഷിച്ച് എഴുതിയില്ലെങ്കില്‍ അര്‍ഥം മാറിപ്പോകും.
.jpeg?$p=376403e&w=610&q=0.8)
എല്ലാ ചൊവ്വാഴ്ചയുമായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ് കുട്ടാമയ്ക്ക് വന്നിരുന്നത്. തലേന്ന് തിങ്കള്‍ മുതല്‍ എനിക്ക് വിശപ്പും ഉറക്കവും ഇല്ലാതാവും. ബാലപംക്തിയില്‍ എന്തെങ്കിലും കൂടിപ്പോയാലും കുറഞ്ഞുപോയാലും കുറ്റം എനിക്കാണ്. അച്ചടിയില്‍ തെറ്റു പറ്റിയാലും പഴി എനിക്കായിരുന്നു. ഞാന്‍ ശ്രദ്ധിച്ചില്ല എന്നാണ് പറയുക. കുട്ടികള്‍ വായിക്കേണ്ടതില് അക്ഷരത്തെറ്റ് വരുത്തുന്നതോ പിഴവുകളുണ്ടാവുന്നതോ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. കുട്ടികളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് എപ്പോഴും ഓര്‍മിപ്പിക്കും. ആഴ്ചപ്പതിപ്പ് വായന തുടങ്ങുക ബാലപംക്തിയില്‍ നിന്നാണ്. പിഴവുകള്‍ ഒന്നും ഉണ്ടാവരുതേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും. മാതൃഭൂമിയിലെ എല്ലാ ലേഖനങ്ങളും കഥകളും കവിതകളും വായിച്ചു കൊടുക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം ആദ്യം വായിപ്പിക്കും. വി.കെ എന്നോ മാധവിക്കുട്ടിയോ മറ്റോ എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യം അതാണ് വായിച്ചു കൊടുക്കേണ്ടത്. എഴുത്തുകാര്ക്കനുസരിച്ചുള്ള മുന്‍ഗണനകള്‍ അദ്ദേഹം വായനയില്‍ പുലര്‍ത്തിയിരുന്നു.
കുട്ടാമയ്ക്ക് വായിച്ചു കൊടുക്കുമ്പോള്‍ അക്ഷരസ്ഫുടത മറ്റൊരു വെല്ലുവിളിയായിരുന്നു. ഗദ്യത്തെ ഗദ്യത്തിന്റെ ഈണത്തിലും പദ്യത്തെ പദ്യത്തിന്റെ താളത്തിലും കേള്‍ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ആശ്ചര്യചിഹ്നമുണ്ടെങ്കില് അത് ആശ്ചര്യത്തോടെ വായിച്ചിരിക്കണം. അതുപോലെ തന്നെയാണ് ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം. ഫുള്സ്റ്റോപ് വരുമ്പോള്‍ നിര്‍ത്തിത്തന്നെ വായിക്കണം. ഈ നിര്‍ബന്ധങ്ങള്‍ കൊണ്ട് ആദ്യത്തെ ആറു മാസം എനിക്കൊട്ടും ഒത്തുപോകാന്‍ സാധിച്ചിരുന്നില്ല. പേടി കാരണം വായിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ വരില്ല. ആഴ്ചപ്പതിപ്പിലെ ലേഖനങ്ങളൊന്നും എനിക്കൊട്ട് ദഹിക്കുകയുമില്ല. പല പദങ്ങളും കേട്ടിട്ടു പോലുമുണ്ടാവില്ല, പിന്നെയെങ്ങനെ ഉച്ചരിക്കും? പക്ഷേ അദ്ദേഹം വിടാന്‍ തയ്യാറല്ലായിരുന്നു. തിരുത്തിത്തിരുത്തി എന്നെത്തന്നെ അദ്ദേഹം തിരുത്തിയെഴുതി. വഴക്കു കേട്ട് കരഞ്ഞിട്ടുണ്ട് ഞാന്‍. ഉച്ചാരണം തെറ്റിയാല്‍ ശരിയാകുന്നതുവരെ വഴക്ക് പറഞ്ഞ് തിരുത്തും. ഒരു അധ്യാപകന്റെ നിഷ്ഠ അക്ഷരങ്ങളോട് അദ്ദേഹം പുലര്‍ത്തിയിരുന്നു.
'ചിട്ടയില്ലാത്തവന് ചേട്ട' എന്ന കവിത എന്നെക്കുറിച്ച് എഴുതിയതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പല കാരണങ്ങളാല്‍ പലപ്പോഴും ഞാന്‍ അഞ്ചോ പത്തോ മിനിറ്റ് വൈകിപ്പോവും. അത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലായിരുന്നു.
അധ്യാപകനായിട്ടാണ് കുഞ്ഞുണ്ണി മാഷിന്റ തുടക്കം. കേരളത്തില്‍ ഇത്തരത്തിലൊരു കവി ഇനിയുണ്ടാവില്ലെന്ന് എല്ലാവരും പറയുന്നുണ്ടെങ്കില്‍ അത് കുഞ്ഞുണ്ണി മാഷിനെക്കുറിച്ചാണ്. വാക്കുകളുടെ മായവിദ്യകള്‍, ചിന്തോദ്ദീപകങ്ങളായ കവിതകള്‍... വ്യക്തിജീവിതത്തില്‍ എങ്ങനെയായിരുന്നു അദ്ദേഹം?
അതിയാരത്ത് തറവാട്ടിലെ ഒരംഗവും ഒരു നിര്‍ബന്ധവും ആരുടെയും മേല്‍ അടിച്ചേല്പ്പിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കുട്ടാമയുടെ വ്യക്തിപരമായ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ മാധവിയമ്മയൊഴികെ അധ്യാപകരും എഞ്ചീനീയറും വരെയുണ്ട്. അതൊന്നും ആരും നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ല. അവരുടെ ലക്ഷ്യങ്ങള്‍ അവര്‍ തന്നെ പൂര്‍ത്തീകരിച്ചതാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങള്‍ അദ്ദേഹം ചെലവഴിച്ചത് കോഴിക്കോടാണ്. കവിതയ്ക്കും സാഹിത്യത്തിനും കുട്ടികള്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചത്.
കുട്ടാമയുടെ ആത്മകഥയായ 'എന്നിലൂടെ'യില്‍ അദ്ദേഹം പറയുന്നുണ്ട്: ''ഒരു സ്ത്രീയും എന്നെ പ്രണയത്തോടെ നോക്കിയിട്ടില്ല. കുള്ളനായതുകൊണ്ട് എനിക്ക് കല്യാണം കഴിക്കാന്‍ പറ്റിയില്ല. എന്നെ നോക്കാത്ത സ്ത്രീകളെ ഞാന്‍ അങ്ങോട്ടുപോയി നോക്കിയിട്ടില്ല.'' വിവാഹം എന്തുകൊണ്ട് നടന്നില്ല എന്ന ചോദ്യം പിന്നെയാരും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. കവിതയും കുട്ട്യോളുമായി നടന്ന് കാലം പോയത് അദ്ദേഹവും അറിഞ്ഞിട്ടുണ്ടാവില്ല.
കുട്ടാമ കോഴിക്കാടായപ്പോള് രണ്ടുമൂന്ന് സ്ഥലങ്ങളില്‍ പെണ്ണു കാണാന്‍ പോയിട്ടുണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടുകാര്‍ ഭയഭക്തി ബഹുമാനത്തോടെയായിരുന്നു പെരുമാറിയത്. അവിടെയുള്ള സ്ത്രീകളെ കണ്ടപ്പോള്‍ കുട്ടാമയ്ക്കും ഭയഭക്തി ബഹുമാനമായി എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിക്കുമായിരുന്നു.
അദ്ദേഹം ഒന്നിനോടും മമത സൂക്ഷിച്ചിരുന്ന ആളായിരുന്നില്ല. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടില്ല. അതുകൊണ്ടുതന്നെ തറവാട്ടിലെ മറ്റുള്ളവര്‍ തിരിച്ചും ഇടപെടില്ല. വായനയുമായി കുട്ടാമ സ്വന്തം ലോകം സൃഷ്ടിക്കും. ഏകാന്തതയോലം നല്ല കാന്തയില്ലുലകത്തില് എന്നെഴുതിയത് അദ്ദേഹം തന്നെയാണല്ലോ. എങ്കിലും അദ്ദേഹത്തിന് ഒരു വിവാഹ സങ്കല്പമുണ്ടായിരുന്നു. തന്റെ വളരെയടുത്ത ബന്ധത്തിലുള്ള കുട്ടിയുമായി പ്രണയത്തിലായി. ജോലി കിട്ടി അദ്ദേഹം കോഴിക്കോടേക്ക് വന്നു. പിന്നീട് ലീവിന് നാട്ടിലെത്തിയപ്പോള്‍ ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു! നേരില്‍ കണ്ടപ്പോള്‍ പെണ്‍കുട്ടി പറഞ്ഞുപോലും 'കുട്ടന് അതൊക്കെ മറന്നേക്കൂ' എന്ന്. അതോടെ അദ്ദേഹത്തിന് പ്രണയത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കാം.

കേരളത്തിന്റെ ആധുനിക കാലഘട്ടത്തില്‍ സാംസ്കാരിക-സാഹിത്യ മേഖലകളിലെ വലിയ മുഖങ്ങളെല്ലാം ഇടത് പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോള്‍ കുഞ്ഞുണ്ണിമാഷ് പക്ഷേ മാറിനിന്നു. ബാലഗോകുലമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. എന്തായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ പ്രത്യയശാസ്ത്രം?
ബാലസാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. കുട്ടികളിലായിരുന്നു അദ്ദേഹം തന്റെ വീക്ഷണവും നിരീക്ഷണവും നിക്ഷേപിച്ചത്. എം.എ കൃഷ്ണന്, എസ്. രമേശന് നായര്‍ എന്നിവരോടൊപ്പമാണ് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. അദ്ദേഹം പുരാണങ്ങള്‍ വായിച്ച, ഇതിഹാസങ്ങളില്‍ ആകൃഷ്ടനായ ഒരാളായിരുന്നു. ഐതിഹ്യകഥാപാത്രങ്ങളുടെ സ്വഭാവങ്ങള്‍ പഠിച്ച്, പോരായ്മകള്‍ പഠിച്ച്, ആധുനികര്ക്കായി അദ്ദേഹം കവിതകള്‍ മെനഞ്ഞിട്ടുണ്ട്. ഉപദേശങ്ങള്‍ കൊണ്ട് സമ്പന്നമാണ് അത്തരം കവിതകള്‍. താന്‍ ജനിച്ചുവളര്‍ന്ന സംസ്കാരവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവണം. ബാലസംഘമാണോ ബാലജനസഖ്യമാണോ ബാലഗോകുലമാണോ എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വിഷയം, കുട്ടികളായിരുന്നു. അദ്ദേഹത്തെ അറിയുന്നവര്‍ സമീപിച്ചപ്പോള്‍ അവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായി. അതേസമയം തന്നെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ പാര്‍ട്ടിക്കാരും കുഞ്ഞുണ്ണി മാഷിനെ വേദികളില്‍ കൂടെയിരുത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്യിച്ചിട്ടുണ്ട്. പുരസ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ രാഷ്ട്രീയം ആരുടെയും ഉറക്കം കെടുത്തിയിട്ടില്ല. അങ്ങനെ മറ്റുള്ളവരുടെ ഉറക്കം കെടുത്തിയ ഒരു രാഷ്ട്രീയ അനുയായി ആയിരുന്നില്ല അദ്ദേഹം. ജാതി-മത രാഷ്ട്രീയ ചേരിതിരിവുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ബാലഗോകുലത്തില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തെ ബി.ജെ.പിക്കവിയായി ആളുകള്‍ ചിത്രീകരിച്ചു. ഇന്നതിനുവേണ്ടി മാത്രമായി പ്രസംഗിച്ചയാളല്ല അദ്ദേഹം. പലതിനും വേണ്ടി നാടു മുഴുവന്‍ നടന്ന് പ്രസംഗിച്ചയാളാണ്. എല്ലാ നാട്ടിലും എല്ലാ വീട്ടിലും ഒരേപോലെ സ്വീകാര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ വന്നവരും അങ്ങനെ തന്നെ പ്രത്യേക ജാതി-മത രാഷ്ട്രീയമുള്ളവരായിരുന്നില്ല. ബി.ജെ.പിക്കവിയായി ചിത്രീകരിച്ചവര്‍ക്ക് പക്ഷേ വേദിയില്‍ കുഞ്ഞുണ്ണി മാഷ് വേണമായിരുന്നു.
കൃത്യമായ ജീവിതചര്യയുണ്ടായിരുന്നു അദ്ദേഹത്തിന്. എല്ലാം അതാത് സമയത്ത് നടന്നിരിക്കണം എന്നദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ എഴുതുന്ന മേശയും ഉമ്മറത്തെ തിണ്ണയും സ്വയം വൃത്തിയാക്കും. പിന്നെ കുളികഴിഞ്ഞ് വിവേകാനന്ദ സൂക്തങ്ങള്‍, ശ്രീരാമകൃഷ്ണവചനാമൃതം തുടങ്ങിയ പുസ്തകങ്ങളുടെ പാരായണം തുടങ്ങും. പിന്നെയും നാമം ചൊല്ലും. വാതിലടച്ച് ചമ്രം പടിഞ്ഞിരുന്ന് സന്താപനാശകരായ നമോനമ...തുടങ്ങി ആദിത്യമന്ത്രം ചൊല്ലല്‍... ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശീലങ്ങള്‍.
അദ്ദേഹത്തിന് രണ്ടാമതും ഹൃദയാഘാതമുണ്ടായപ്പോള്‍ മോതിരവും എഴുത്താണിയും രുദ്രാക്ഷമാലയും അന്തിപ്പുത്തകം എന്ന് അദ്ദേഹം തന്നെ പേരിട്ടിരുന്ന ഡയറിയും എല്ലാം കൂടി എന്നെ ഏല്പിച്ചു; സൂക്ഷിക്കാന്‍. സ്വര്‍ണത്തില്‍ പണിത എഴുത്താണി അദ്ദേഹത്തിന് സമ്മാനമായി തൃശൂരിലെ അഭിലാഷ് ജ്വല്ലറി നല്കിയതായിരുന്നു. വിദ്യാരംഭം കുറിക്കാന്‍ കുട്ടികള്‍ വരുമ്പോഴായിരുന്നു മോതിരവും എഴുത്താണിയുമൊക്കെ ഉപയോഗിച്ചിരുന്നത്. കുട്ടാമയ്ക്ക് വയ്യാതായപ്പോള്‍ വീടൊക്കെ തുറന്നിട്ടിരിക്കുകയാണ് എന്നും പറഞ്ഞാണ് ഇതെല്ലാം ഏല്പിച്ചത്. അധികം വൈകാതെ തന്നെ പരസഹായം വേണ്ടി വന്നു എല്ലാറ്റിനും.
കുഞ്ഞുണ്ണിക്കൊരു മോഹം/ എന്നും കുഞ്ഞായിട്ടു രമിക്കാന്‍/ കുഞ്ഞുങ്ങള്‍ക്ക് രസിച്ചീടുന്നൊരു/ കവിയായിട്ടു മരിക്കാന്‍...എന്നെഴുതിയിട്ടുണ്ട് അദ്ദേഹം. മനസ്സുകൊണ്ടും ശരീരം കൊണ്ടും വിശ്രമം ഇഷ്ടപ്പെടാതിരുന്ന ആളായിരുന്നല്ലോ മാഷ്
താന്‍ പൂര്‍ണമായും വിശ്രമത്തിലേക്കു നീങ്ങിയിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തില്‍ എത്താതിരിക്കുക എന്നതിലായിരുന്നു ഞങ്ങളുടെ പരിശ്രമം. കവിതകളെയായിരുന്നു അതിനായി ആശ്രയിച്ചിരുന്നത്. ഗദ്യങ്ങള്‍ വായിച്ചുകേള്ക്കുന്നതിനേക്കാള് അദ്ദേഹം ഇഷ്ടപ്പെട്ടതും പദ്യങ്ങളായിരുന്നു. മാമ്പഴം, സഫലമീയാത്ര, ആത്മാവിലെ ചിത, പൂതപ്പാട്ട്... കേള്ക്കാനിഷ്ടപ്പെട്ടിരുന്നത്. 'സഫലമീ യാത്ര' കേള്‍ക്കുമ്പോഴേ കരയാന്‍ തുടങ്ങും. കണ്ണീരോടെയല്ലാതെ തനിക്കീ കവിത കേള്‍ക്കാന്‍ പറ്റിയിട്ടില്ല എന്നു പറയുമായിരുന്നു. 2006 മാര്‍ച്ച് ഇരുപത്തിയാറിന് അദ്ദേഹം വിട പറയുമ്പോഴും 'സഫലമീയാത്ര'യുടെ അകമ്പടിയുണ്ടായിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ അംഗമായിരുന്നല്ലോ കുഞ്ഞുണ്ണി മാഷ്. കഷ്ടപ്പാടുകളുടെയോ അനാഥത്വത്തിന്റെയോ കഥകളില്ലാതെ വളര്‍ന്ന ചുറ്റുപാട്. അതിയാരത്ത് കുടുംബസ്വത്തിലെ കുഞ്ഞുണ്ണി മാഷിന്റെ പങ്ക് അന്നും എന്നും മാഷ് വേണ്ടെന്നു വെച്ചതായിരുന്നോ?
കുട്ടാമയുടെ വിഹിതത്തില്‍ അദ്ദേഹം ഒരു വീടുവെച്ചിരുന്നു. മൂത്തസഹോദരിയുടെ മൂന്നാമത്തെ മകനാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. 'കുഞ്ഞുണ്ണി മാഷ് സ്മാരകം' പണിയാന്‍ സ്ഥലം കൊടുത്തത് അദ്ദേഹത്തിന്റെ വിഹിതത്തില്‍ നിന്നാണ്. അദ്ദേഹത്തിന്റെ ഭൂമിയുടെ അവകാശത്തെച്ചൊല്ലി വിഷമിക്കേണ്ട കാര്യം ഇപ്പോള്‍ ഇവിടെ ആര്‍ക്കുമില്ല. ഞങ്ങളുടെ തറവാട് ക്ഷേത്രം അദ്ദേഹത്തിന്റെ സ്ഥലത്താണ് ഉള്ളത്. ബാലസാഹിത്യത്തിനായി ഒരു പഠനകേന്ദ്രം തുടങ്ങാനുള്ള സൗകര്യം സ്മാരക മന്ദിരത്തില്‍ ഉണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ഭൗതികസ്വത്തല്ല, അദ്ദേഹം തന്നെയാണ് ഞങ്ങളുടെ സ്വത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..