ഗാന്ധിജി, രാമചന്ദ്രഗുഹ
ചരിത്രകാരനും ഇക്കണോമിസ്റ്റും ഗാന്ധിജീവചരിത്രകാരനുമായ രാമചന്ദ്രഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം വായിക്കാം.
എസ്. ഗോപാലകൃഷ്ണന്‍: നാം പരിചയപ്പെട്ടത് പാട്ടുകേള്‍ക്കുന്നതിലെ ചില സമാന അഭിരുചികളിലൂടെയാണ്. എന്നാല്‍, പരിചയപ്പെടുന്നതിനു മുന്‍പുതന്നെ താങ്കളുടെ എഴുത്തുകളും ഇടപെടലുകളും 1990- കള്‍ മുതല്‍ സശ്രദ്ധം വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. ഇങ്ങനെ ഒരു സംഭാഷണത്തിന് അവസരമൊരുങ്ങിയതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്, കാരണം പല മേഖലകളില്‍ ജാഗ്രത്തായിരിക്കുന്ന ഒരു മനസ്സിനോട് സംസാരിക്കാന്‍ കഴിയുന്നത് ഊര്‍ജദായകമാണ്. ഈ സംഭാഷണത്തിന്റെ വായനക്കാര്‍ മലയാളികളാണ്. ഇംഗ്‌ളീഷ് ഭാഷയെ മാറ്റിനിര്‍ത്തിയാല്‍ ഒരു പക്ഷേ, താങ്കളെ ഏറ്റവും കൂടുതല്‍ വായിക്കുന്ന ഇന്ത്യന്‍ ഭാഷ മലയാളമായിരിക്കണം. സംഭാഷണത്തിലേക്ക് സ്വാഗതം.
രാമചന്ദ്ര ഗുഹ: എനിക്കും അതിയായ സന്തോഷമുണ്ട് താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍. എന്റെ ജീവിതത്തില്‍ വളരെ വൈകിയാണ് ഞാന്‍ കേരളം സന്ദര്‍ശിച്ചത്. ഞാന്‍ വളര്‍ന്നത് വടക്കേയിന്ത്യയിലാണ്, കര്‍ണാടകക്കാരനാണെങ്കിലും. തമിഴ്നാടും മുംബൈയും ഗുജറാത്തും എനിക്ക് വളരെ നേരത്തേ പരിചിതമായിരുന്നു. ഞാന്‍ പി.എച്ച്.ഡി. ചെയ്ത കാലത്ത് ബംഗാളിനെയും അടുത്തറിയാന്‍ സാധിച്ചു. പക്ഷേ, കേരളത്തില്‍ ഞാന്‍ വരുന്നത് നാല്പതുവയസ്സുകഴിഞ്ഞതിനുശേഷമാണ്. പിന്നീട് പലതവണ കേരളത്തില്‍ വന്നു. എന്നാല്‍, ഒരു സന്ദര്‍ശനത്തെക്കുറിച്ചുമാത്രം ഞാന്‍ ഇപ്പോള്‍ അനുസ്മരിക്കാം: 2000-ല്‍ ആയിരുന്നു അത്. മാധവ് ഗാഡ്ഗിലും ഞാനും കൂടി എഴുതിയ ഒരു പുസ്തകം കേരളശാസ്ത്രസാഹിത്യപരിഷത്ത് വിവര്‍ത്തനം ചെയ്തിരുന്നു. ഞങ്ങള്‍ ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് തീവണ്ടിയില്‍ വന്നു. യോഗം വൈകുന്നേരമായിരുന്നു. അന്നു രാവിലെ ഞങ്ങള്‍ വ്യത്യസ്തനായ ഒരാളെക്കണ്ടു. പരിസ്ഥിതിപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദായിരുന്നു അത്. അരക്കയ്യന്‍ ഷര്‍ട്ടും റബ്ബര്‍ ചപ്പലുകളുമിട്ട് ഒരു വൈസ് ചാന്‍സലര്‍. അദ്ദേഹം ഒരു ക്ഷമാപണത്തോടെയാണ് സംഭാഷണം തുടങ്ങിയത്: ''വിചാരിച്ചത്ര ആളുകള്‍ യോഗത്തിനുവരില്ല, കാരണം ഇന്നൊരു ബസ് പണിമുടക്കുണ്ട്.''മാധവ് ഗാഡ്ഗില്‍ മറുപടി പറഞ്ഞു: '' പ്രസാദ്, ഇതെന്റെ എട്ടാമത്തെ കേരളസന്ദര്‍ശനമാണ്. എപ്പോഴും ഏതെങ്കിലും സമരമോ പണിമുടക്കോ കാണും. അതൊന്നും നാം കാര്യമാക്കേണ്ടതില്ല.'' അതായിരുന്നു എന്റെ ആദ്യകേരളസന്ദര്‍ശനം. അതിനുശേഷം എത്രയോ തവണ കേരളത്തില്‍ അങ്ങോളമിങ്ങോളം വന്നിരിക്കുന്നു. മറക്കാനാവാത്ത എന്തെല്ലാം കണ്ടുമുട്ടലുകള്‍ ഉണ്ടായിരിക്കുന്നു... താങ്കളോട് സംസാരിക്കുന്നതുപോലും എത്ര ആഹ്ലാദകരമാണ്...
ചരിത്രകാരനായ താങ്കള്‍ സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എടുക്കുന്ന നിലപാടുകള്‍ വ്യക്തവും സുപരിചിതവുമായതിനാല്‍ അത്തരം കാര്യങ്ങള്‍ കഴിവതും ഒഴിവാക്കി മറ്റുചില കാര്യങ്ങള്‍ സംസാരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. താങ്കളുടെ ബാല്യകാലത്തെക്കുറിച്ച് പറയാമോ?
അതിമനോഹരമായിരുന്നു എന്റെ ബാല്യകാലം. ഹരിതാഭം. ദെഹ്റാദൂണിലെ വനഗവേഷണകേന്ദ്രത്തിലായിരുന്നു ഞാന്‍ ബാല്യകാലം ചെലവിട്ടത്. ആയിരത്തഞ്ഞൂറ് ഏക്കര്‍ വിസ്തീര്‍ണമുള്ള വനപ്രദേശം. ആകര്‍ഷകമായ കെട്ടിടങ്ങള്‍, കിളികള്‍, കളിക്കളങ്ങള്‍...ബാഡ്മിന്റണും ടെന്നീസും ടേബിള്‍ ടെന്നീസും ക്രിക്കറ്റും ഫുട്ബോളും കളിക്കാന്‍ സമപ്രായക്കാരായ കൂട്ടുകാര്‍ ഉണ്ടായിരുന്നു. ബാല്യകാലം ഉത്സവം പോലെയായിരുന്നു. രക്ഷിതാക്കള്‍ സ്‌നേഹവും കരുതലുമുള്ളവരായിരുന്നു. പക്ഷേ, എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു: ഞാന്‍ അന്നും ഇന്നും വലിയ ആസ്ത്മ രോഗിയാണ്. കഠിനമായ ആസ്ത്മ. ദെഹ്റാദൂണിലെ മഴയും പരാഗരേണുക്കള്‍ നിറഞ്ഞ അന്തരീക്ഷവും എന്നെ സംബന്ധിച്ചിടത്തോളം പ്രതികൂലമായിരുന്നു. എല്ലാ കൊല്ലവും എന്നെ അപ്പാടെ തളര്‍ത്തുന്ന രോഗാവസ്ഥകള്‍ ഉണ്ടായിരുന്നു. ഞാന്‍ വളരുന്തോറും എന്റെ ആസ്ത്മ താരതമ്യേന കുറഞ്ഞിട്ടുണ്ട്. പക്ഷേ, ബാല്യകാലസ്മരണകളില്‍ ശ്വാസതടസ്സം വന്ന് അര്‍ധരാത്രിയില്‍ ആശുപത്രിയിലേക്കുള്ള പ്രയാണവും കുത്തിവെപ്പുകളും സ്ഥിരം സംഭവങ്ങളായിരുന്നു. ഈ ആതുരാവസ്ഥ ഒഴിവാക്കിയാല്‍ എന്റെ ബാല്യം ആകര്‍ഷകമായിരുന്നു.
ഒട്ടേറെ നഗരങ്ങള്‍ രൂപപ്പെടുത്തിയതാണ് താങ്കളുടെ ബാല്യ, കൗമാര, യൗവനങ്ങള്‍. താങ്കള്‍ ഗ്രാമീണനല്ല, നാഗരികനാണ്. കഴിഞ്ഞദിവസം ഞാന്‍ ഇംഗ്‌ളീഷ് നോവലിസ്റ്റ് സാഡി സ്മിത്ത് ചില ലോകനഗരങ്ങളെക്കുറിച്ച് പറഞ്ഞത് വായിക്കുകയായിരുന്നു: 'റോം പറയുന്നു, എന്നെ ആസ്വദിക്കൂ... ലണ്ടന്‍ പറയുന്നു എന്നെ അതിജീവിക്കാമെങ്കില്‍ അതിജീവിക്കൂ, ന്യൂയോര്‍ക്ക് പറയുന്നു നിങ്ങള്‍ ആര്‍ജിച്ചതു മുഴുവന്‍ എനിക്കു നല്‍കൂ...' റാം, ഏതെങ്കിലും ഇന്ത്യന്‍ നഗരത്തോട് താങ്കള്‍ക്ക് എന്തെങ്കിലും സവിശേഷ ആഭിമുഖ്യമോ, അനിഷ്ടമോ ഉണ്ടോ?
പല നഗരങ്ങളെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍. ഞാന്‍ ദെഹ്റാദൂണിലുള്ളപ്പോള്‍ അവിടത്തെ ജനസംഖ്യ വെറും രണ്ടുലക്ഷമായിരുന്നു, എന്നാല്‍, ഇന്നത് ഒരു ദശലക്ഷമായി. ഇന്ന് ഉത്തരാഖണ്ഡിന്റെ തലസ്ഥാനനഗരമാണത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് എനിക്ക് രണ്ടുനഗരങ്ങളേ അറിയാമായിരുന്നുള്ളൂ, ഒന്ന് എന്റെ മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരുന്ന ബെംഗളൂരു. മറ്റൊന്ന് ദെഹ്റാദൂണ്‍. അവധിക്കാലത്തുമാത്രമാണ് ബെംഗളൂരുവില്‍ വന്നിരുന്നത്. പിന്നീട് ഞാന്‍ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പഠിച്ചു. മുംബൈയും അഹമ്മദാബാദും നിരന്തരം സന്ദര്‍ശിക്കുമായിരുന്നു. എന്റെ പെണ്‍സുഹൃത്ത് സുജാത അഹമ്മദാബാദില്‍ National Institute of Design-ല്‍ പഠിക്കുകയായിരുന്നു. അവരെത്തന്നെയാണ് ഞാന്‍ ജീവിതപങ്കാളിയാക്കിയതും. അങ്ങനെവരുമ്പോള്‍ ആറോളം ഇന്ത്യന്‍ നഗരങ്ങള്‍ എനിക്ക് അടുത്തറിയാവുന്നവയാണ്. എല്ലാ ഇന്ത്യന്‍ നഗരങ്ങള്‍ക്കും ഓരോ തരത്തിലുള്ള ആകര്‍ഷണീയതകളുണ്ട്. നാലുതവണയെങ്കിലും ഞാന്‍ കൊച്ചിയില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു തവണയേ പോയിട്ടുള്ളൂ. തൃശ്ശൂരും കോഴിക്കോട്ടും വന്നിട്ടുണ്ട്. നഗരങ്ങളെ എനിക്കിഷ്ടമാണ്. ഞാന്‍ ഗാന്ധിജിയുടെ ജീവചരിത്രകാരനാണ്. പക്ഷേ, 'ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്' എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു. ഇന്ത്യ അതിന്റെ നഗരങ്ങളിലും കൂടിയാണ് ജീവിക്കുന്നത്. ഇപ്പോള്‍ മാത്രമല്ല, പ്രാചീനകാലം മുതല്‍ക്കേ അങ്ങനെയാണ്. ഇനി ഇന്ത്യയില്‍ എനിക്കേതെങ്കിലും ഇഷ്ടനഗരമുണ്ടോ എന്നു ചോദിച്ചാല്‍, അതിന് മുംബൈ എന്നു ഞാന്‍ ഉത്തരം പറയും. ഞാന്‍ അവിടെ ജനിച്ചില്ല. അവിടെ പഠിച്ചില്ല. അവിടെ വളര്‍ന്നില്ല. അവിടെ എനിക്ക് ബന്ധുക്കളില്ല. പക്ഷേ, മറ്റൊരു ഇന്ത്യന്‍ നഗരവും എന്നോട് സംവദിക്കാത്ത തരത്തില്‍ മുംബൈ എന്നോട് പ്രതികരിക്കുന്നു. ന്യൂയോര്‍ക്കിനും ലണ്ടനും മാത്രമേ സാംസ്‌കാരികമായ അത്തരം ഒരു സമ്പന്ന സാംസ്‌കാരികവൈവിധ്യം അവകാശപ്പെടാനാകൂ. ഒട്ടേറെ ലോകഭാഷകള്‍ സംസാരിക്കുന്ന തെരുവുകള്‍ അവയ്ക്കുണ്ട്. ചലച്ചിത്രം, പ്രസാധനം, സംഗീതം, കലകള്‍, ചരിത്രത്തിന്റെ വിവിധ പടലങ്ങള്‍...പലതിന്റെയും കേന്ദ്രമാണ് മുംബൈ. അതിനാല്‍ സംശയമില്ലാതെ ഞാന്‍ പറയും മുംബൈയാണ് എന്റെ പ്രിയങ്കരനഗരം.
ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്നു പറഞ്ഞ ഗാന്ധിജിയെ രൂപപ്പെടുത്തിയ നഗരങ്ങളെക്കുറിച്ച് ഞാന്‍ ആലോചിക്കുകയാണ്. സത്യത്തില്‍ വിവിധ ലോകനഗരങ്ങളല്ലേ ഗാന്ധിജിയെ സൃഷ്ടിച്ചത്? നാഗരികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതുതന്നെ ഈ നഗരജീവിതാനുഭവങ്ങളില്‍ നിന്നല്ലേ? കത്തിയവാര്‍മുതല്‍ ലണ്ടന്‍മുതല്‍ ജൊഹാനസ്ബര്‍ഗും ഡര്‍ബനും മുതല്‍ അഹമ്മദാബാദും ഡല്‍ഹിയുംവരെ അതു നീളുന്നു...
തീര്‍ച്ചയായും...ഞാനിതേക്കുറിച്ച് അടുത്തകാലത്ത് ഒരു പംക്തിയില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വൈരുധ്യമാണിത്. അദ്ദേഹത്തെ ആദ്യം രൂപപ്പെടുത്തിയത് വിദേശനഗരങ്ങളാണ്. അദ്ദേഹം പഠിച്ച ലണ്ടനും പിന്നീട് ഡര്‍ബനും ജൊഹാനസ്ബര്‍ഗും. വിവിധ ദേശീയതകളില്‍പ്പെട്ട ജനങ്ങളുമായി അദ്ദേഹം ഇടപെട്ടു ജീവിച്ചത് ഈ നഗരങ്ങളിലാണ്. പിന്നീടാണ് അഹമ്മദാബാദ് വരുന്നത്. റൗലറ്റ് സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും തുടങ്ങി അദ്ദേഹത്തിന്റെ വലിയ പ്രക്ഷോഭങ്ങള്‍ മുംെബെ കേന്ദ്രീകരിച്ചായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ ഉപവാസങ്ങള്‍ കൊല്‍ക്കത്തയിലും ഡല്‍ഹിയിലുമായിരുന്നു. ഗാന്ധിജി തികച്ചും ഒരു നഗരോത്പന്നമായിരുന്നു. പക്ഷേ, ഇന്ത്യയെക്കുറിച്ച് ഗൃഹാതുരവും കാല്പനികവുമായ ഒരാശയപ്രപഞ്ചം ഗാന്ധിജിക്ക് ഉണ്ടായിരുന്നു.

ഇനി വ്യക്തിപരമായ ഒരു കാര്യം ചോദിക്കട്ടെ. താങ്കളുടെ എഴുത്തിന്റെ രീതിയിലും പ്രഭാഷണശൈലിയിലും നിലപാടുവേഗത്തിലും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം തീവ്രവേഗമാണ്. താങ്കളുടെ ഒരു സാധാരണ ദിവസം എങ്ങനെയാണ്? വളരെ നേരത്തേ ഉണരുന്ന പ്രകൃതമാണോ?
എന്റെ വേഗമൊക്കെ വളരെ കുറഞ്ഞു ഇപ്പോള്‍. കോവിഡ് മഹാമാരി ദിനസരികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അത് ഈ സംഭാഷണത്തില്‍ പിന്നീട് ഞാന്‍ പറയാം. എഴുത്തിനെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ പ്രഭാതഭക്ഷണത്തിനു ശേഷമാണ് എഴുതാറുള്ളത്. പ്രാതലിനും ഉച്ചയൂണിനും ഇടയ്ക്കുള്ള നാലുമണിക്കൂറാണ് ഞാന്‍ എഴുതാനായി തിരഞ്ഞെടുക്കാറുള്ളത്. രാവിലെ ഒമ്പതുമുതല്‍ ഉച്ച തിരിഞ്ഞ് ഒന്നരവരെ. ചിലപ്പോള്‍ ഉച്ചകഴിഞ്ഞ് ചില തിരുത്തിയെഴുത്തുകള്‍ നടത്താറുണ്ട്. എട്ടും ഒമ്പതും മണിക്കൂറുകള്‍ തുടര്‍ച്ചയായി എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. കൈകൊണ്ടെഴുതിയാലും കംപ്യൂട്ടറില്‍ എഴുതിയാലും ധിഷണാപരമായും ഭാഷാപരമായുമുള്ള സൂക്ഷ്മത നിലനിര്‍ത്തുക പ്രയാസമാണ്. ചിലര്‍ അര്‍ധരാത്രിയില്‍ എഴുതുന്നവര്‍, മറ്റുചിലര്‍ വൈകുന്നേരങ്ങളില്‍ എഴുതുന്നവര്‍. എന്നെ സംബന്ധിച്ചിടത്തോളം അത് രാവിലെ ഒന്‍പതിനും ഒന്നരയ്ക്കും ഇടയ്ക്കാണ്. ആ സമയത്ത് ലോകത്ത് എന്താണ് നടക്കുന്നത് എന്നത് ഞാനറിയില്ല. മൊബൈല്‍ഫോണ്‍ ഞാന്‍ തൊടില്ല. തൊഴിലില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ ഇരുപതുവര്‍ഷമായി എന്റെ വൈകുന്നേരങ്ങള്‍ സംഗീതത്തിനുള്ളതാണ്. അഞ്ചുമണി കഴിഞ്ഞാല്‍ ഞാന്‍ പണിയെടുക്കില്ല. അഞ്ചരമുതല്‍ ഏഴുവരെ ഞാന്‍ പാട്ടുകേള്‍ക്കും. മിക്കവാറും അത് ഹിന്ദുസ്ഥാനി സംഗീതമായിരിക്കും. കുറച്ചു കര്‍ണാടകസംഗീതം, കുറച്ചു നാടോടി, കുറച്ചു റോക്ക് സംഗീതം. അടുത്തകാലത്ത് ആഫ്രിക്കന്‍-വെസ്റ്റിന്ത്യന്‍ സംഗീതത്തില്‍ എനിക്ക് കുറെ താത്പര്യമുണ്ടായിട്ടുണ്ട്. എന്തായാലും ഞാന്‍ വളരെനേരത്തേ ഉണരുന്ന ഒരു പക്ഷിയല്ല. രാവിലെ ആറരയ്ക്ക് ഉണരും. ബെംഗളൂരുവിലെ മനോഹരമായ കബ്ബണ്‍ പാര്‍ക്കില്‍ (ശ്രീ ചാമരാജേന്ദ്ര പാര്‍ക്ക്) നടക്കാന്‍ പോകും. എന്റെ വീട്ടില്‍നിന്ന് ഒരു മൈല്‍ ദൂരെയാണിത്. നല്ല പാര്‍ക്കിങ് സൗകര്യമുണ്ട്, അതിനാല്‍ അവിടെ പോകുന്നു. എന്തൊക്കെയായാലും ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒന്നരവരെ ഞാന്‍ എഴുത്തുമേശയിലാകും. ഒരു കൊല്ലത്തിലെ എല്ലാ ദിവസവും.
പാട്ടുകേള്‍ക്കുന്നത് ഹെഡ് ഫോണിലൂടെയോ അതോ സ്പീക്കറിലൂടെയോ?
പാട്ടുകേള്‍ക്കുന്ന രീതിയില്‍ കാലക്രമേണ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഇരുട്ടിലാണ് പാട്ടുകേള്‍ക്കുന്നത്. പുറംകണ്ണിന്റെ കാഴ്ചകളെ അടച്ചുകളയുന്നു. പണ്ട് സ്പീക്കറിലൂടെയായിരുന്നു സംഗീതം കേട്ടിരുന്നത്. ഇപ്പോള്‍ ഹെഡ്‌ഫോണിലൂടെയായി. എന്റെയും ഗോപാലിന്റെയും സുഹൃത്തായിരുന്ന, അടുത്തകാലത്ത് അന്തരിച്ച കേശവ് ദേശിരാജുവിന് പാട്ടുകേട്ടുകൊണ്ട് വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. പക്ഷേ, എനിക്കതാവില്ല. ഒരു പക്ഷേ, ബോബ് ഡിലനെ കേട്ടുകൊണ്ട് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ശാസ്ത്രീയസംഗീതം മറ്റൊരുതരം കേള്‍വി എന്നില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ പലപ്പോഴും മുറിയിലെ ലൈറ്റ് തെളിയിക്കേണ്ടിവരാറുണ്ട്. കാരണം, ഞാന്‍ ഇരുട്ടില്‍ ഇരുന്ന് പാട്ടുകേള്‍ക്കുകയാകും. എന്നെ ഒരു ഹെഡ് ഫോണുമായി ഇരുട്ടില്‍ അവള്‍ കാണും. യുട്യൂബ് ഒരു വലിയ അനുഗ്രഹമാണ്.
Content Highlights : Interview with Ramachandra Guha by S Gopalakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..