പ്രസാധനം അത്രമേല്‍ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും- വി.കെ കാര്‍ത്തിക


എന്‍. ശ്രീജിത്ത്

ആദ്യത്തെ കോപ്പിതന്നെ വായിക്കുമ്പോള്‍ അതിലെ സന്ദര്‍ഭങ്ങള്‍, ചില കഥാപാത്രങ്ങളുടെ വികാസം, ചിലത് മറ്റൊരു വഴിയില്‍ സഞ്ചരിച്ചാല്‍ നന്നാകുമെന്ന അഭിപ്രായങ്ങള്‍ എന്നിവ എഴുത്തുകാരനോട് പറയും. അവര്‍ അത് വികസിപ്പിച്ച് നല്‍കും. അങ്ങനെ നിരന്തര സംവാദത്തിലൂടെയാണ് ഒരു പുസ്തകം രൂപപ്പെടുന്നത്.

വി.കെ കാർത്തിക

പുസ്തകങ്ങളാണ് വി.കെ. കാര്‍ത്തികയുടെ ലോകം. വ്യത്യസ്തങ്ങളായ അഭിരുചികളുള്ള പുസ്തകങ്ങളുടെ ആദ്യരൂപം ഓരോദിവസവും കാര്‍ത്തികയുടെ കൈകളിലെത്തുന്നു. ആദ്യ വായനയില്‍ത്തന്നെ പുസ്തകങ്ങള്‍ വായനക്കാരന്റെ ഏതൊക്കെ ഉള്ളറകളാണ് തുറക്കുന്നതെന്ന് തിരിച്ചറിയാനുള്ള സിദ്ധി ഈ എഡിറ്റര്‍ക്കും പ്രസാധകയ്ക്കുമുണ്ട്. ഇന്ത്യയിലെ പ്രസാധകരംഗത്തെ ആദ്യത്തെ അഞ്ചു പേരുകളെടുത്താല്‍ അതില്‍ മുന്നില്‍ തിളക്കത്തോടെ നില്‍ക്കുന്ന പേരായി മലയാളിയായ കാര്‍ത്തിക മാറിയത് ഈ സവിശേഷതകളാലാണ്.

അനേകം ജീവിതദര്‍ശനങ്ങളുമായി എത്തുന്ന ഓരോ പുസ്തകവും ഓരോ വായനയിലൂടെയും തേജോമയമാക്കി പ്രകാശിതമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അസംസ്‌കൃതസത്തയില്‍ നിന്ന് (എല്ലാ രചനകളും അങ്ങനെയല്ല) തേച്ചുമിനുക്കി രത്‌നങ്ങളാക്കി വായനക്കാരിലെത്തിക്കുന്നതിനുപിന്നില്‍ കാര്‍ത്തികയുടെ നിശ്ശബ്ദ സാന്നിധ്യമുണ്ട്. വായനക്കാര്‍ ഒരു പുസ്തകം കൈയിലെടുക്കുമ്പോള്‍ എഴുത്തുകാരനെയും രചനയെയും മാത്രമേ കാണുന്നുള്ളൂ. അതിനുപിന്നില്‍ ഈ എഡിറ്റര്‍ താണ്ടിയ സഹനങ്ങളെപ്പറ്റി ഓര്‍ക്കാറില്ല.

പുസ്തകം വായനക്കാരന്റെ ഹൃദയത്തില്‍ വലിയ ഇടം കണ്ടെത്തുമ്പോള്‍, ആ പുസ്തകം വിപണി കീഴടക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷംമാത്രമാണ് തന്റെ സംതൃപ്തി എന്ന് പറയുന്നു കാര്‍ത്തിക. ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കേയാണ് യാദൃച്ഛികമായി കാര്‍ത്തിക പ്രസാധകരംഗത്തേക്ക് എത്തിച്ചേരുന്നത്. പെന്‍ഗ്വിന്‍, ഹാപ്പര്‍ കോളിന്‍സ് എന്നിവയിലെ ജോലിക്കുശേഷം കാര്‍ത്തിക ഇപ്പോള്‍ ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്ലാന്‍ഡ് ബുക്‌സിന്റെ ചുമതല വഹിക്കുന്നു. മലയാളിയായ കാര്‍ത്തിക സംസാരിക്കുമ്പോള്‍ പുസ്തകപ്രസാധനം എന്നത് എത്രമാത്രം ഗഹനവും സര്‍ഗാത്മകവുമാണെന്ന് മനസ്സിലാവുന്നു.

പുസ്തകങ്ങളുടെ ലോകത്തേക്ക് ആകസ്മികമായി

ചെറുപ്പത്തില്‍ത്തന്നെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. വീട്ടില്‍ അത്തരമൊരന്തരീക്ഷം നിലനിന്നിരുന്നു. എന്നാല്‍, പ്രസാധകമേഖലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകസ്മികമായിട്ടാണ് ഈ മേഖലയിലെത്തുന്നത്. ജെ.എന്‍.യു.വില്‍ പിഎച്ച്.ഡി. ചെയ്യുന്ന അവസരത്തിലാണ് പെന്‍ഗ്വിന്‍ ഇന്ത്യയിലേക്ക് കോപ്പി എഡിറ്റേഴ്സിനെ ആവശ്യമുണ്ടെന്ന് കാണിച്ചു പരസ്യംവന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്താലാണ് അവിടെ അഭിമുഖത്തിന് പോയത്. ജോലി ലഭിക്കുകയും ചെയ്തു. 1995 ഡിസംബറിലാണ് ഞാന്‍ പെന്‍ഗ്വിന്‍ ബുക്സിന്റെ ഭാഗമാകുന്നത്. പിന്നീട് ഇതുവരെയുള്ള യാത്ര പുസ്തകങ്ങളോടൊപ്പമായിരുന്നു.

പഠിച്ചും അറിഞ്ഞുമുള്ള പ്രസാധകയാത്ര

ഞാന്‍ പെന്‍ഗ്വിനില്‍ ജോലിയില്‍ പ്രവേശിച്ച്, ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം ലഭിക്കുന്നത്. അതോടെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രസാധനത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. വളരെയധികംപേര്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ എഴുതുന്നതില്‍ വ്യാപൃതരായി. വലിയ മാറ്റം തന്നെയാണ് സംഭവിച്ചത്. എന്താണ് പ്രസാധനമെന്നൊക്കെ ആളുകള്‍ ഗൗരവത്തോടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. ഞാനത് പഠിച്ചത് പെന്‍ഗ്വിനില്‍നിന്നാണ്. എഡിറ്റോറിയല്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അവിടെ ജോലിയില്‍ പ്രവേശിച്ചത്. പബ്ലിഷിങ് എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു. മാത്രമല്ല, ഇന്ത്യയിലെ പുസ്തകപ്രസാധന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ വന്നൊരു സമയം കൂടിയായിരുന്നു അത്. പാശ്ചാത്യപ്രസാധകരുടെ രീതിയില്‍ എഡിറ്റര്‍മാരുടെ ഒരു ടീം ഉണ്ടാക്കുന്നു, കൈയെഴുത്തുപ്രതികള്‍ വായിക്കുന്നു, അതിനെ ഒരു പുസ്തകമാക്കി മാറ്റുന്നു അങ്ങനെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ എല്ലാവരും പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ടീമിനൊപ്പം എങ്ങനെയാണ് ജോലിചെയ്യേണ്ടത്, പ്രസാധനത്തിനപ്പുറം മാര്‍ക്കറ്റിങ്ങില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതൊക്കെ പടിപടിയായി പഠിച്ചതും ഇക്കാലത്തുതന്നെ. ഡേവിഡ് ദവീദര്‍ ആയിരുന്നു എന്റെ ബോസ്. ഈ മേഖല കൂടുതല്‍ മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്. അന്ന് ചെറിയ കമ്പനിയായിരുന്നു. എട്ടോളം എഡിറ്റര്‍മാരേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. ആ സമയവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ പത്തുമടങ്ങ് കൂടുതല്‍ പെന്‍ഗ്വിന്‍ വലുതായി. ട്രേഡ് പബ്ലിഷിങ് എന്ന കാര്യം ആദ്യം ഇന്ത്യയില്‍ ഉണ്ടാക്കിയത് പെന്‍ഗ്വിനായിരുന്നു. എനിക്കുകിട്ടിയ ഗുണം പെന്‍ഗ്വിനൊപ്പം, അതിന്റെ വളര്‍ച്ചയ്‌ക്കൊപ്പം, ഓരോ കാര്യങ്ങള്‍ എനിക്ക് പഠിക്കാനായി എന്നതായിരുന്നു.

ഹാര്‍പ്പര്‍ കോളിന്‍സ് കാലം

പത്തുവര്‍ഷത്തോളം പെന്‍ഗ്വിനില്‍ ജോലിചെയ്തു. അതിനുശേഷമാണ് ഞാന്‍ ഹാര്‍പ്പര്‍ കോളിന്‍സിലെത്തുന്നത്. പ്രസാധകയായാണ് ജോലിയില്‍ പ്രവേശിച്ചത്. അന്താരാഷ്ട്രതലത്തിലെ പ്രസാധകരാണ് ഹാര്‍പ്പര്‍. ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചെറിയ സംഘമാണ് ഉണ്ടായിരുന്നത്. അഞ്ചോളം എഡിറ്റര്‍മാര്‍. അന്ന് ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യാടുഡെയുടെ ഭാഗമായിരുന്നു. ഞാന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായ വര്‍ഷം പതിനാറ് പുസ്തകങ്ങളാണ് ഒരു വര്‍ഷം പുറത്തിറക്കിയത്. പിന്നീട് വലിയ സംഘത്തെ ഉണ്ടാക്കി. ഹിന്ദിയിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പത്തുവര്‍ഷത്തോളം അവിടെ ജോലിചെയ്തു. അക്കാലത്ത് ഒരുവര്‍ഷം 120 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നിടത്തോളം ഹാര്‍പ്പര്‍ കോളിന്‍സ് വളര്‍ന്നു. കുറെ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.കയ്യെഴുത്തുകള്‍ വായിക്കുന്നത് മാത്രമല്ല, വ്യാപാരസാധ്യതകള്‍ കൂടി ഈ ജോലിയില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഇവിടൈവച്ച്് അനുഭവത്തിലൂടെ മനസ്സിലായി. ഹാര്‍പ്പര്‍ കോളിന്‍സിന്റെ പുസ്തകത്തിനും ബുക്കര്‍ പ്രൈസ് കിട്ടി; അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗറിന്'. ഹാര്‍പ്പര്‍ കോളിന്‍സ് എല്ലാവരും ശ്രദ്ധിക്കുന്ന പ്രസാധക ഇടമായി മാറി. പൗലോ കൊയ്ലോ ഉള്‍പ്പെടെ ഒട്ടേറെ എഴുത്തുകാരെ ഇന്ത്യയില്‍ എത്തിച്ചത് ഹാപ്പര്‍ കോളിന്‍സാണ്. 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ഹാപ്പര്‍ കോളിന്‍സാണ്. മൊത്തം അവകാശം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഇന്ന് വളരെ വലുതാണ്. അഗത ക്രിസ്റ്റിയുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നത് ഹാര്‍പ്പര്‍ കോളിന്‍സാണ്. അവരുടെ യു.കെ. പട്ടിക വളരെ വലുതും ശക്തവുമാണ്. അതിനോടൊപ്പം ഇന്ത്യന്‍ പട്ടികയും വളരെ വലുതായി. എന്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനമെടുക്കുന്ന രീതിയിലേക്ക് ഞാന്‍ വളര്‍ന്നു. കുറേക്കൂടി ഉത്തരവാദിത്വമുള്ള അവസ്ഥയിലേക്ക് മാറി.

വെസ്റ്റ്ലാന്‍ഡ് കാലം

2017-ലാണ് വെസ്റ്റ്ലാന്‍ഡില്‍ ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഹാര്‍പ്പറില്‍നിന്ന് രാജിവെച്ചു എന്ന് വാര്‍ത്തവന്ന അടുത്ത ദിവസമാണ് ആമസോണ്‍ കമ്പനി, വെസ്റ്റ്ലാന്‍ഡ് ബുക്‌സ് ഏറ്റെടുത്തു എന്ന വാര്‍ത്തയും വന്നത്. വെസ്റ്റ്ലാന്‍ഡില്‍ ചേരാനാണ് ഹാര്‍പ്പര്‍ വിട്ടതെന്നുവരെ പലരും കരുതി. ഇന്ത്യയില്‍ വിറ്റഴിയുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് എത്തുന്നവയാണ്. ആ അവസ്ഥയിലാണ് ഞാന്‍ വെസ്റ്റ്ലാന്‍ഡിന്റെ ഭാഗമാകുന്നത്. വെസ്റ്റ്ലാന്‍ഡ് പൂര്‍ണമായും ഇന്ത്യന്‍ കമ്പനിയാണ്. അറുപതുകളില്‍ ഉണ്ടായ അഫിലിയേറ്റഡ് ഈസ്റ്റ് വെസ്റ്റ് എന്ന കമ്പനിയാണിത്. ഇന്ത്യയിലെ ആദ്യത്തെ റിവ്യൂ മാഗസിന്‍ ഇറക്കിയത് ഇവരാണ്. ഈസ്റ്റ് വെസ്റ്റ് പബ്ലിഷിങ് ഗ്രൂപ്പില്‍ പ്രശസ്ത മലയാളി എഴുത്തുകാരന്‍ പോള്‍ സക്കറിയ പബ്ലിസിറ്റി അസിസ്റ്റന്റായും കോപ്പി എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. പോള്‍ സക്കറിയയുടെ 'ഭാസ്‌കര പട്ടേലരും മറ്റ് കഥകളും' ഈ പ്രസിദ്ധീകരണശാലയാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. അഫിലിയേറ്റഡ് ഈസ്റ്റ് വെസ്റ്റാണ് സുധാമൂര്‍ത്തിയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനം ആദ്യം പ്രസിദ്ധീകരിച്ചത്. ഈസ്റ്റ് വെസ്റ്റ് ലാന്‍ഡ്മാര്‍ക്കിനൊപ്പം ചേര്‍ന്നാണ് വെസ്റ്റ് ലാന്‍ഡായത്. ഇത് പുതിയൊരു സംരംഭമായിരുന്നു. ടാറ്റ ഇത് വാങ്ങി. പത്തുകൊല്ലം ടാറ്റയുടെ കൈവശമായിരുന്നു. മാറിമാറിവരുന്ന കമ്പനിയാണ്. ഇന്ത്യയില്‍ കമ്മിഷന്‍ ചെയ്യുന്ന എഴുത്തുകാര്‍, ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ എന്നിങ്ങനെ ബിസിനസ് പൂര്‍ണമായും ഇന്ത്യയില്‍ത്തന്നെയാണ് എന്നതാണ് ഈ പ്രസാധകഗ്രൂപ്പിന്റെ പ്രത്യേകത. അത് വലിയ വെല്ലുവിളിയാണ്. വരുമാനം രൂപപ്പെടുത്തുത്തേണ്ടതും ചെലവുകള്‍ ക്രമീകരിക്കേണ്ടതും ഇന്ത്യയില്‍ത്തന്നെയാണ്. ഇംഗ്ലീഷ് വായനക്കാരുടെ വലിയ ലോകം ഇവിടെയില്ല. ഈ യാഥാര്‍ഥ്യത്തില്‍നിന്നുതന്നെ എല്ലാം കണ്ടെത്തണമെന്ന വെല്ലുവിളിയുണ്ട്. അതില്‍ത്തന്നെ ബെസ്റ്റ് സെല്ലേഴ്സ് ഉണ്ടാക്കണം, നല്ല ഗൗരവമുള്ള, രാഷ്ട്രീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം. പ്രസാധക എന്നനിലയില്‍ ഏറ്റവും ജനകീയമായ പുസ്തകങ്ങള്‍ എന്നിലൂടെ പുറത്തെത്തി എന്നതാണ് വെസ്റ്റ്ലാന്‍ഡിന്റെ എന്നെ സംബന്ധിച്ച പ്രത്യേകതയും നേട്ടവും അമിഷ് ത്രിപാഠി, ചേതന്‍ ഭഗത്, അശ്വിന്‍ സാംഘി, രുജുത ദേവികര്‍, പ്രീതി ഷേണോയ് തുടങ്ങിയ ഇന്ത്യയിലെത്തന്നെ പ്രശസ്തരായ ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ എഴുത്തുകാരെ വെസ്റ്റ്ലാന്‍ഡ് കൊണ്ടുവന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതൊരു പുതിയ അനുഭവപാഠമായിരുന്നു.

കോണ്‍ടെക്സ്റ്റ്

2017-ല്‍ ഞാന്‍ വെസ്റ്റ്ലാന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കൊമേഴ്സ്യല്‍ ടൈറ്റില്‍ പബ്ലിഷര്‍ എന്നുള്ളതായിരുന്നു അതിന്റെ ഉള്ളടക്കം. അത് മാറ്റി ഗൗരവപരമായ ഉള്ളടക്കമുള്ള നോണ്‍-ഫിക്ഷന്‍ പബ്ലിഷ് ചെയ്യാനായിരുന്നു എന്റെ ലക്ഷ്യം. അത്തരം എഴുത്തുകാരെയും ഈ വിഭാഗത്തില്‍പ്പെടുന്ന അവരുടെ എഴുത്തിനെയും കണ്ടെത്തി ഒരു ഇംപ്രിന്റിനു കീഴില്‍ കൊണ്ടുവരാനാണ് ശ്രമിച്ചത്. അങ്ങനെ ഒരു സംഘത്തെ രൂപപ്പെടുത്തി. ഈ തരത്തിലാണ് കോണ്‍ടെക്സ്റ്റ് രൂപപ്പെടുന്നത്. ഗൗരവ രാഷ്ട്രീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ പുറത്തെത്തുന്നത് കോണ്‍ടെക്സ്റ്റിലൂടെയാണ്. ജാതിയെപ്പറ്റിയുള്ള ടി.എം. കൃഷ്ണയുടെ പുസ്തകം, ചിത്ര വിജയന്റെ 'മിഡ്നെറ്റ് ബോര്‍ഡേഴ്സ്', അമീഷ് മുല്‍നിയുടെ 'ഇന്ത്യാ-ചൈന-നേപ്പാള്‍' അങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ ഈ ഇംപ്രിന്റിന് കീഴില്‍ പുറത്തെത്തി. ഫിക്ഷനിലും അത്തരം പുസ്തകങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ ശ്രദ്ധ നല്‍കി. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള 'ഫ്യൂണറല്‍ നെറ്റ്സ്' പുറത്തെത്തുന്നത് അങ്ങനെയാണ്. ആയിരം പേജുള്ള നോവലാണ്. ഇക്കാലത്ത് രാഷ്ട്രീയമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുക എത്ര എളുപ്പമല്ല. അതിനുവേണ്ടിയുള്ള ശ്രമം തന്നെയാണ് നടത്തുന്നത്. ചെയ്യാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷവുമുണ്ട്. നോണ്‍ഫിക്ഷന് ഇപ്പോള്‍ ഒരുപാടു വായനക്കാരുണ്ട്. അതുപോലെത്തന്നെ എഴുത്തുകാരുമുണ്ട്. അനുഭവസമ്പത്തുള്ള എഴുത്തുകാര്‍ക്കുപുറമേ ഒരുപാട് പുതിയ എഴുത്തുകാരുമുണ്ട്. ഗവേഷണം നടത്തി ഇത്തരം പുസ്തകങ്ങള്‍ എഴുതാന്‍ അവര്‍ പരിശ്രമിക്കുന്നു.

എഴുത്തുകാരുടെ മനസ്സില്‍ക്കയറിയിരിക്കല്‍

കവിത, നോവല്‍, ലേഖനം എല്ലാ വിഭാഗത്തിലുംപെട്ട പുസ്തകങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഒരു വിവേചനവും പ്രസാധക എന്ന നിലയിലില്ല. മൂന്നും എഡിറ്റ് ചെയ്യാറുണ്ട്. എന്നാല്‍, എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ഫിക്ഷനും കവിതയുമാണ്. തലച്ചോറിന്റെ പല ഭാഗങ്ങള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം എന്റെ ജീവിതാനുഭവങ്ങളും എഴുത്തുകാരന്റെ വീക്ഷണങ്ങളും അതില്‍ ഉള്‍ച്ചേരാറുണ്ട്്്. ആദ്യത്തെ കോപ്പിതന്നെ വായിക്കുമ്പോള്‍ അതിലെ സന്ദര്‍ഭങ്ങള്‍, ചില കഥാപാത്രങ്ങളുടെ വികാസം, ചിലത് മറ്റൊരു വഴിയില്‍ സഞ്ചരിച്ചാല്‍ നന്നാകുമെന്ന അഭിപ്രായങ്ങള്‍ എന്നിവ എഴുത്തുകാരനോട് പറയും. അവര്‍ അത് വികസിപ്പിച്ച് നല്‍കും. അങ്ങനെ നിരന്തര സംവാദത്തിലൂടെയാണ് ഒരു പുസ്തകം രൂപപ്പെടുന്നത്. ആദ്യരൂപം, എഡിറ്ററുടെ കയ്യില്‍നിന്ന് വായനക്കാരന്റെ കൈയിലേക്ക് പുസ്തകമായി എത്താന്‍ കുറച്ചുനാളെടുക്കും. ഇപ്പോള്‍ എഴുതുന്നൊരു കഥയോ, രാഷ്ട്രീയപരമായ എഴുത്തോ എന്തു വേണമെങ്കിലും ആയിക്കൊള്ളട്ടെ, അത് ഒരു വര്‍ഷം കഴിഞ്ഞും അതേ നിലയില്‍ നമ്മളെ സ്വാധീനിക്കാന്‍ കഴിവുള്ളതാകണം. അല്ലാത്തപക്ഷം അത് വളരെ വ്യക്തമായി, വളരെ ചുരുങ്ങിയ ഭാഷയില്‍ എഴുത്തുകാരനെ അറിയിക്കും. എന്റെ ജോലിയില്‍ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഭാഗം കൂടിയാണിത്. ഒരു എഡിറ്റര്‍ എന്ന നിലയില്‍ എഴുത്തുകാരന്റെ മനസ്സിലൂടെ അയാളുടെ പുസ്തകം വായിക്കുക എന്നതാണ് പ്രധാനമെന്ന് നമുക്ക് മനസ്സിലാകും. അയാളുടെ ചുറ്റുപാടെന്താണ്, അയാളെന്തിനാണ് അങ്ങനെ എഴുതിയത് എന്നൊക്കെ മനസ്സിലാക്കുക. എന്നിട്ട് അയാളുടെ സ്ഥാനത്തുനിന്ന് ആ പുസ്തകത്തെ മനസ്സിലാക്കുക എന്നതാണ് മറ്റെന്തിനെക്കാളും പ്രധാനം. അത്തരമൊരു വായനയാണ് ഞാന്‍ നടത്താറ്. നോവലില്‍ എഴുത്തുകാരനൊപ്പം പ്രവര്‍ത്തിച്ച് നമുക്ക് അതിന്റെ വികാസത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നിടത്താണ് ഏറെ സന്തോഷം നല്‍കുന്നത്. കവിതയുടെ കാര്യത്തില്‍ അത്രയധികം എഡിറ്റിങ് ഉണ്ടാവില്ല. അധികവും പ്രസിദ്ധരായ എഴുത്തുകാരാണ്.

ഓരോ പുസ്തകവും ഓരോ പ്രപഞ്ചം

രാവിലെ കവിതയാണ് വായിക്കുന്നതെങ്കില്‍, വൈകുന്നേരത്തെ വായന നോവലാവും. പിറ്റേന്ന് ജീവചരിത്രമാവും ആത്മകഥയാവും. ഓരോ മണിക്കൂറും വ്യത്യസ്ത അഭിരുചികളിലൂടെ കടന്നുപോകും. നമ്മുടെ ഓരോന്നിനോടുള്ള മനോഭാവത്തിലും മാറ്റമുണ്ടാകും. വരുന്ന ൈകയ്യെഴുത്തു പ്രതികളില്‍ ഏത് പ്രസിദ്ധീകരിക്കണം എന്ന തീരുമാനം എടുക്കുക, തിരഞ്ഞെടുത്ത കയ്യെഴുത്തുപ്രതി എങ്ങനെ വിപണിയില്‍ ഇറക്കാം എന്നാലോചിക്കുക എന്നിവയും പ്രധാനമാണ്. എന്തുകൊണ്ട് ഈ പുസ്തകം പ്രസിദ്ധീകരിക്കണം എന്നതിന് വ്യക്തമായൊരു കാരണം പറയണം. എന്റെ കാര്യത്തില്‍, ഞാന്‍ തന്നെയാണ് പ്രസാധകയും പത്രാധിപരും. അങ്ങനെ വരുമ്പോള്‍ എഴുത്തുകാരുമായി നിരന്തരം അവരുടെ ൈകയ്യെഴുത്തുപ്രതിയെ മെച്ചപ്പെടുത്താനുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്യണം, മാര്‍ക്കറ്റിലേക്ക് പോകുന്നതിനുമുന്‍പേ മാര്‍ക്കറ്റിങ് പ്ലാന്‍ ഉണ്ടാവണം. ഹാര്‍ഡ് കവറില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണെങ്കില്‍ അതിന്റെ പേപ്പര്‍ബാക്ക് പുറത്തിറക്കണം. റീപ്രിന്റുകള്‍ വേണമെങ്കില്‍ അതുചെയ്യണം. അതിനായി പിന്നെയും എഡിറ്റിങ്ങുകള്‍ ആവശ്യം വരാം. ഇതൊരു നിരന്തമായ പ്രക്രിയയാണ്. നമ്മള്‍ പുസ്തകങ്ങളോടൊപ്പം സഞ്ചരിക്കുന്നു. ഓരോ പുസ്തകവും നല്‍കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വൈവിധ്യവും വൈചിത്ര്യവുമുള്ള അനുഭവങ്ങളിലൂടെ നാം സഞ്ചരിക്കുന്നു. ഒരുദിവസം തന്നെ എത്രയോ എഴുത്തുകാരോട്, വ്യത്യസ്ത ദേശങ്ങളില്‍, അഭിരുചികളില്‍, ചിന്താരീതികളോട് നാം സംവദിക്കുന്നു. ഓരോ പുസ്തകവും നമ്മെ മാറ്റിത്തീര്‍ക്കുന്നു. അതിന്റെ സന്തോഷം വിവരണാതീതമാണ്.

നോണ്‍ഫിക്ഷന്റെ ലോകം

കഥയ്ക്കും നാടകത്തിനും ഇംഗ്ലീഷില്‍ ചെറിയ വിപണിയേയുള്ളൂ, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വായനക്കാരാണ് ഭൂരിപക്ഷവും. മനീഷ് ദത്താനി, മഞ്ജുള പദ്മനാഭന്‍ അങ്ങനെ ചില എഴുത്തുകാര്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എങ്കിലും ചെറിയ വിപണി മാത്രമേയുള്ളൂ. നോണ്‍ ഫിക്ഷനാണ് ഇപ്പോഴത്തെ വികസിക്കുന്ന മേഖല. ഫിക്ഷന്‍ വളര്‍ച്ച അത്ര ശക്തമല്ല. നന്നായി വിറ്റുപോകുന്നത് നോണ്‍ ഫിക്ഷന്‍ തന്നെയാണ്.

വായനയും വിപുലീകരണവും

കയ്യെഴുത്തുകോപ്പി വായിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പതിവ്. ഏത് മേഖലയിലാണ് വികസിപ്പിക്കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ദേശിക്കും. ഉദാഹരണത്തിന് ക്രൈം നോവലാണെങ്കില്‍ പകുതി വായിക്കുമ്പോള്‍ത്തന്നെ ആരെ കൊല്ലാനാണെന്ന് മനസ്സിലായാല്‍ ആ പുസ്തകത്തിന്റെ വായനസുഖം ഇല്ലാതാവും. അത്തരം കാര്യങ്ങളില്‍ നിര്‍ദേശം നല്‍കും. പിന്നീട് എഴുത്തുകൃതിയില്‍ എഡിറ്റിങ്ങുണ്ടാവും. എഴുത്തുകാരന്‍, സ്വന്തം രചനയില്‍ എന്ത് മാറ്റവും വരുത്തി അതിനെ നന്നാക്കാനും തയ്യാറാണ്. ഇഷ്ടപ്പെടാത്തതായി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. എനിക്ക് എല്ലാ എഴുത്തുകാരെയും ഇഷ്ടമാണ്. എത്ര വര്‍ഷങ്ങളാണ് അവര്‍ തന്റെ രചനയ്ക്കുവേണ്ടി ചെലവഴിക്കുന്നത്! അവരുടെ പ്രതിബദ്ധതയെ ഞാന്‍ മാനിക്കുന്നു. രണ്ടു മൂന്നുതവണ പുസ്തകം വായിച്ചാണ് അത് പ്രസിദ്ധീകരിക്കാവുന്നതാണോ എന്ന്് തീരുമാനത്തിലെത്തുക. പിന്നെയാണ് ലൈന്‍ എഡിറ്റിങ്ങും കോപ്പി എഡിറ്റിങ്ങുമുണ്ടാകുക. അത് കഴിഞ്ഞാണ് പ്രൂഫ്.

ഇ-പുസ്തകങ്ങള്‍ വായിക്കപ്പെടുന്നില്ല

ഇന്ത്യയില്‍ നല്ല വിപണിയുള്ളത് അച്ചടിച്ച പുസ്തകങ്ങള്‍ക്ക് തന്നെയാണ്. ഇ-പുസ്തകം അങ്ങനെ വായന നടക്കുന്നില്ല.

മലയാളം പുസ്തകങ്ങള്‍

മലയാളിയാണെങ്കിലും എനിക്ക് മലയാളം വേഗത്തില്‍ വായിക്കാനാവില്ല. അതുകൊണ്ട് എന്റെ ഇഷ്ടം ഇംഗ്ലീഷ് പുസ്തകങ്ങള്‍ തന്നെയാണ്. എന്നാല്‍, പരിഭാഷകള്‍ ശ്രദ്ധിക്കാറുണ്ട്. പ്രസിദ്ധീകരിക്കാറുണ്ട്. എം. മുകുന്ദന്റെ 'ഡല്‍ഹി' ഇംഗ്ലീഷ് എഡിറ്റ് ചെയ്തത് ഞാനാണ്.

വേണം, ഓഡിയോ ബുക്‌സ്

ഓഡിയോ ബുക്‌സ് നന്നായി വളര്‍ന്നുവരണമെന്നാണ് എന്റെ അഭിപ്രായം. പുതിയ തലമുറയില്‍ വായിക്കുന്നവര്‍ കുറവാണ്. അവര്‍ക്ക് താത്പര്യം ഓഡിയോ ബുക്സ് പോലുള്ള മാധ്യമങ്ങളാണ്. അതുകേട്ട് പുസ്തകവായനയില്‍ എത്തുന്നവരുണ്ട്. പുസ്തകത്തെ ഭാവിയില്‍ കൂടുതല്‍ സാധ്യമാകുന്നത് ഈ വഴിയാവും. രചനയെ കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അത് പുസ്തകപ്രസാധനരംഗത്ത് ഉണര്‍വ് നല്‍കുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

കൈയിലൂടെ കടന്നുപോയ പുസ്തകങ്ങള്‍

അനിതാ നായരുടെ 'ദ ബൈറ്റര്‍ മാന്‍' ഉള്‍പ്പെടെ ഒട്ടേറെ എഴുത്തുകാരുടെ ആദ്യപുസ്തകങ്ങള്‍ എന്റെ കൈയിലൂടെ കടന്നുപോയിട്ടുണ്ട്, മനുജോസഫിന്റെ 'സീരിയസ് മാന്‍', മനുപിള്ളയുടെ 'ഐവറി ത്രോണ്‍', ജോസി ജോസഫിന്റെ 'ദ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്', പോള്‍ സക്കറിയയുടെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ 'എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍', അമൃത മഹാലെയുടെ 'മില്‍ക്ക്്് ടീത്ത്്്' അങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ ഓര്‍ത്തെടുക്കാനാവും. അതുപോലെത്തന്നെ എനിക്ക് ഇഷ്ടമുള്ള മേഖലയാണ് ഗ്രാഫിക് നോവല്‍, അതില്‍ അമൃതാ പാട്ടീല്‍ ഉള്‍പ്പെടെ ഒട്ടേറെ എഴുത്തുകാരുടെ രചനകളെ തൊട്ടറിഞ്ഞിട്ടുണ്ട്.

എഴുത്ത് എന്റെ പണിയല്ല

സ്വന്തമായി എഴുത്ത് ഒരിക്കലുമില്ല. ഇത്രയധികം പുസ്തകങ്ങള്‍ ദിവസവും വായിക്കുന്നുണ്ട്. സ്വന്തം രചനയെപ്പറ്റി ആലോചനയേയില്ല. അത് നമ്മള്‍ക്ക് ചെയ്യാനുള്ള പണിയല്ലെന്ന് നന്നായി അറിയാം. എഴുത്തുകാര്‍ തന്നെ എഴുതട്ടെ.

സ്ത്രീ എഴുത്തുകാര്‍

സ്ത്രീ എഴുത്തുകാരുടെ നല്ല രചനകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും അത്തരം രചനകള്‍ അധികമായി വരുന്നില്ല. എന്നാല്‍, സ്ത്രീ എഴുത്തുകാരില്‍നിന്ന്്് വ്യത്യസ്തമായി വിവിധ ധാരകളിലെ ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തെത്തുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍, എല്‍.ജി.ബി.ടി. ഉള്‍പ്പെട്ട മേഖലകളിലെ പുസ്തകങ്ങള്‍ പുറത്തെത്തുന്നുണ്ട്. പര്‍മേശ് സഹാനിയുടെ 'ക്വുറിസ്ഥാന്‍' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇത്തരം വൈവിധ്യപൂര്‍ണമായ ലോകത്തെ ആവിഷ്‌കരിക്കുന്നുണ്ട്. ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ദേശങ്ങളിലെ ശബ്ദങ്ങള്‍, ട്രാന്‍സെക്ഷ്വല്‍ അങ്ങനെ ഒട്ടേറെ മേഖലകളിലെ പുസ്തകങ്ങള്‍ പുറത്തുവരുന്നു. കായികരംഗവുമായി ബന്ധപ്പെട്ട സ്ത്രീ പുസ്തകങ്ങളും പുറത്തെത്തുന്നുണ്ട്. വൈവിധ്യത്തിന്റെ വര്‍ണരാജികള്‍ ഉണ്ടായിവരുന്നതില്‍ സന്തോഷമുണ്ട്്്.

വായിക്കാനിഷ്ടം ക്ലാസിക്കുകള്‍

ഇപ്പോഴും വായിക്കാന്‍ ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ ക്ലാസിക്കുകളാണ്.

പൈറസി

പുസ്തകങ്ങള്‍ പുറത്തെത്തുന്നതോടെ അതിന്റെ പൈറേറ്റഡ് കോപ്പിയും പുറത്തെത്തുന്നുണ്ട്. അത് വലിയ ഭീഷണി തന്നെയാണ്. സര്‍ക്കാരിന് ഉള്‍പ്പെടെ ആര്‍ക്കും അതൊരു പ്രശ്‌നമല്ല. പി.ഡി.എഫിന്റേതാണ് ഏറ്റവും വലിയ പ്രശ്‌നം. പുസ്തകം വിപണിയില്‍ ഇറങ്ങുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ പുസ്തകങ്ങള്‍ വാട്സാപ്പില്‍ എത്തുന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. എങ്ങനെ തടയാന്‍ കഴിയുമെന്നറിയില്ല. എഴുത്തുകാര്‍ക്ക് റോയല്‍റ്റി കിട്ടില്ല. ഒപ്പംതന്നെ പ്രസാധകര്‍ക്കും പ്രശ്‌നമാകുന്നുണ്ട്.

എന്റെ വേരുകളെല്ലാം കേരളത്തില്‍

പ്രീഡിഗ്രിയും ഡിഗ്രിയും എറണാകുളത്തെ സെയ്ന്റ് തെരേസയിലായിരുന്നു. അതിനുശേഷം ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന്്് എം.എ.യും എം.ഫിലും പൂര്‍ത്തിയാക്കി. പിന്നീട് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നതിനിടയിലാണ് പെന്‍ഗ്വിനില്‍ ജോലി ലഭിക്കുന്നത്. ഭര്‍ത്താവ് വിവേക് മേനോന്‍ ഒരു വൈല്‍ഡ് ലൈഫ് കണ്‍സെര്‍വേഷന്‍ സംഘടനയുമായിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. രണ്ട് കുട്ടികളാണ്. തറവാട് തൃശ്ശൂരാണ്. അമ്മ ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്താണ്. വിവേകിന്റെ കുടുംബവേരുകള്‍ പാലക്കാടാണ്. അവരുടെ കുടുംബം ഇപ്പോള്‍ കോയമ്പത്തൂരാണ് താമസം.

Content Highlights: Interview with Publisher V K karthika by N Sreejith

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented