ദളിത് സാഹിത്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ് സൗന്ദര്യശാസ്ത്രവാദങ്ങള്‍ - ലിംബാളെ


ഷബിത

സരസ്വതി സമ്മാന്‍ എന്റെ ജാതിയ്ക്കല്ല പ്രഖ്യാപിച്ചത്, എന്റെ മറാത്തി നോവലിനാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ് എന്നവണ്ണം യഥാര്‍ഥമായ കാര്യമാണ് ഞാനൊരു മറാത്തി എഴുത്തുകാരനും ഇന്ത്യന്‍ എഴുത്തുകാരനുമാണ് എന്നത്.

ശരൺകുമാർ ലിംബാളെ

ദളിത് സാഹിത്യം നേരിടുന്ന പ്രശ്‌നങ്ങള്‍, ദളിത് സാഹിത്യവും ഇന്ത്യന്‍ രാഷ്ട്രീയവും, സരസ്വതി സമ്മാന്‍ വിവാദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ സംസാരിക്കുന്നു.

ഇരുപത്തിയഞ്ചാം വയസ്സില്‍ എഴുതപ്പെട്ടിട്ടുള്ളതും ഇന്ത്യയിലെ സാധ്യമായ ഭാഷകളിലേക്കെല്ലാം പരിഭാഷപ്പെടുത്തുകയും ചെയ്ത വിഖ്യാത ആത്മകഥയാണ് 'അക്കര്‍മാശി.' ശരണ്‍ കുമാര്‍ ലിംബാളെ എന്ന മറാത്തി എഴുത്തുകാരന്റെ ജീവിതമത്രയും പറഞ്ഞത് ജാതീയതയെക്കുറിച്ചാണ്. ഇന്ത്യന്‍ സാഹിത്യത്തിലെ ദളിത് സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കാം.

ഇന്ത്യന്‍ സാഹചര്യത്തെ മൊത്തമായി ചേര്‍ത്തുകൊണ്ട് ദളിത് സാഹിത്യം വിലയിരുത്തുക പ്രയാസമാണ്. വളരെ സങ്കീര്‍ണവും ദുരിതവുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആ ഉദ്യമം. സംസ്ഥാനാടിസ്ഥാനത്തില്‍, പ്രാദേശികഭാഷാടിസ്ഥാനത്തില്‍ ദളിത് സാഹിത്യത്തെ വിലയിരുത്തുക എന്നത് അതേസമയം വളരെ അനായാസകരവുമാണ്. കാരണം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഓരോ പ്രത്യേക ജാതി ,ഭാഷാ സമ്പ്രദായമാണ് ഉള്ളത്. കേരളവും പശ്ചിമബംഗാളും ഇടതുപക്ഷമനോഭാവമുള്ള സാമൂഹികാന്തരീക്ഷമാണ് പുലര്‍ത്തുന്നത്. അതേസമയം തന്നെ ഇവിടങ്ങളിലെല്ലാം ജാതി അടിസ്ഥാനമായിട്ടുള്ള വേര്‍തിരിവുകള്‍ക്ക്- ഭാഷയിലും സാഹിത്യത്തിലും- ഒരു കുറവുമില്ലതാനും. ദളിത് സാഹിത്യം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ജാതിബോധത്തിലാണ്, വര്‍ഗബോധത്തിലല്ല. ദളിത് സാഹിത്യം ആവശ്യപ്പെടുന്നത് ജാതിസമ്പ്രദായം പാടേ തൂത്തെറിയാനാണ്.

പ്രാദേശികപരമായും മതപരമായും ദളിത് സാഹിത്യം വിശകലനത്തിന് വിധേയപ്പെടുത്തേണ്ടതുണ്ട്. ഹിന്ദു ദളിത്, ക്രിസ്ത്യന്‍ ദളിത്, മുസ്ലിം ദളിത്, സിക് ദളിത്, ബുദ്ധദളിത് തുടങ്ങി എല്ലാ വിഭാഗങ്ങളും ദളിത് സാഹിത്യമെഴുതുന്നു. മഹാരാഷ്ട്രയില്‍ ബുദ്ധദളിതരും ഹിന്ദുദളിതരുമായ എഴുത്തുകാരുണ്ട്. അതില്‍ ഏത് വിഭാഗത്തില്‍പെട്ടവരാണോ ഭൂരിപക്ഷമായിരിക്കുന്നത്, അവര്‍ ദളിത് സാഹിത്യപ്രസ്ഥാനം എന്ന വലിയ സംജ്ഞയ്ക്ക് നേതൃത്വം കൊടുക്കുന്നു.

ഗാന്ധിയന്‍ ആശയങ്ങളുടെ പ്രകടമായ സ്വാധീനം ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. അവിടെയുള്ള ദളിത് സാഹിത്യപ്രസ്ഥാനങ്ങളില്‍ ഈ ഗാന്ധിയന്‍ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. ഇന്ന് അംബേദ്കറേറ്റ് പ്രസ്ഥാനം പൂര്‍വ്വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരായി നിലകൊണ്ട അംബേദ്ക്കര്‍ പുനര്‍ജനിക്കുന്നു എന്നതില്‍ നിന്നും എന്താണ് അര്‍ഥമാക്കേണ്ടത്? ഒഡീഷയും ജാര്‍ഖണ്ഡും ഇന്ത്യയുടെ കിഴക്കന്‍മേഖലയും ആദിവാസിജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്. ആദിവാസി സാഹിത്യപ്രസ്ഥാനങ്ങളും വിമോചനമുന്നേറ്റങ്ങളുമെല്ലാം സജീവമാണ് അവിടങ്ങളില്‍. ബസവേശ്വരന്റെ സ്വാധീനമുള്ള സംസ്ഥാനമാണ് കര്‍ണാടക. റാഡിക്കല്‍ സന്യാസി എന്നുവാഴ്ത്തപ്പെടുന്നു ബസവേശ്വരന്‍. ജാതി സമ്പ്രദായത്തിനെതിരെ വചനങ്ങളാല്‍ പ്രതിരോധിച്ചു ബസവേശ്വരന്‍. ജാതിമാറിയുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുക വഴി, ജാതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമം നടത്തി. ദളിത് സംഘര്‍ഷ് സമിതി എന്ന സംഘടനയാണ് അംബേദ്കര്‍ആശയങ്ങളില്‍ ആകൃഷ്ടരായത്. ഹിന്ദിഭാഷ പൊതുവായി ഉപയോഗിച്ചുകൊണ്ടായിരുന്നു ദളിത് സംഘര്‍ഷ് സമിതി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഞങ്ങള്‍ പലപ്പോഴും അവകാശങ്ങള്‍ നേടിയെടുത്തു എന്നു തന്നെ പറയാം. അതേ സമയം ഇന്ന് അതെല്ലാം തന്നെ മന്ദീഭവിച്ചിരിക്കുന്നു. അസംഘടിതാവസ്ഥ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പുനസംഘാടനം വലിയ പ്രയാസം തന്നെയാണ്.

ദളിത് സമൂഹം, ദളിത് സാഹിത്യം, ദളിത് ഐഡന്റിറ്റി... കാഴ്ചപ്പാടുകള്‍ വിശാലമാകുംതോറും തങ്ങളിലേക്കു തന്നെ ചുരുങ്ങിപ്പോവുകയാണോ?

ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അത്യന്തം നീചമായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയല്ലേ.. രോഹിത് വെമൂല നമ്മുടെ മുന്നില്‍ത്തന്നെ ഉദാഹരണമായിട്ടുണ്ടല്ലോ. ഹഥ്റാസ് ബലാത്സംഗം മറക്കരുത് നാം. സാധാരണക്കാരനായ ദളിതന്‍ തൂപ്പുകാരനായും പ്യൂണായും അധ്യാപകനായും പ്രൊഫസറായും ഐ.എ.എസ് ഓഫീസറായും മന്ത്രിയായും സേവനം ചെയ്തിരിക്കാം. പക്ഷേ അവരാരും തന്നെ മാനസികമായോ ശാരീരികമായോ സുരക്ഷിതരല്ല. സാധാരണക്കാരന്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡണ്ടുവരെയായിക്കൊള്ളട്ടെ, അയാള്‍ ദളിതനാണെങ്കില്‍ ചൂഷണം ചെയ്യപ്പെട്ടിരിക്കും. ഓരോദിനത്തിലും അതിജീവനത്തിനായി കഷ്ടപ്പെടുന്ന വിഭാഗമാണ് ദളിതര്‍. അതൊരിക്കലും ഈ സാമൂഹിക സ്ഥിതിയില്‍ നിന്നും മാറാന്‍ പോകുന്നില്ല, മരണത്തിനുപോലും അതിനെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. ഇതാണ് ജാതീയാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ സമൂഹത്തിലെ തുറന്ന യാഥാര്‍ഥ്യം. പക്ഷേ ഏറ്റുപറയാതെ വയ്യ, സമൂഹം നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു, മനുഷ്യര്‍ സ്വതന്ത്രരായിക്കൊണ്ടിരിക്കുന്നു. ആ മനുഷ്യരില്‍ ഞങ്ങളും കൂടി ഉള്‍പ്പെടുന്നുവെന്നും ഒരിക്കല്‍ ഈ മാറ്റങ്ങള്‍ ഞങ്ങള്‍ക്കും ബാധകമാവുമെന്നും ഞാന്‍ ആശ്വസിക്കുന്നു. പ്രതീക്ഷയോടെ, സന്ധിയില്ലാസമരങ്ങളോടെ ഓരോ ദളിതനും മുന്നേറിയാല്‍ ഇതു നടക്കും. ഇടയില്‍ ധൈര്യം അടിയറവ് വെക്കരുത്. ദളിത് എഴുത്തുകാര്‍ ദളിത് സമൂഹത്തെമാത്രം ഊന്നി എഴുതുന്നവരല്ല. മഹത്തായ ദേശീയതയാണ് മുഖ്യപ്രമേയം. സാമൂഹികമാറ്റങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഞങ്ങളുടെ എഴുത്തുകള്‍. എല്ലാ എഴുത്തുകളും ദളിത് എഴുത്തുകളല്ലാതെയിരിക്കുക എന്നതും സര്‍ഗാത്മകത ആവശ്യപ്പെടുന്ന മാറ്റം തന്നെയാണ്.

ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദമുള്ള, മറാത്തിയില്‍ ഡോക്ടറേറ്റ് നേടിയ, നാല്‍പതോളം പുസ്ത​കങ്ങളുടെ രചയിതാവായ താങ്കളുടെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഐഡന്റിറ്റി എന്നത് കാസ്റ്റ് ഐഡന്റിറ്റിയാണോ?

ജാതീയത എന്നത് ദളിതുകാരുടെ മാത്രം പ്രശ്നമല്ല. അതൊരു രാഷ്ട്രത്തിന്റെ കൂടി പ്രശ്നമാണ്. ജാതീയാടിമത്വത്തില്‍ നിന്നും നമ്മുടെ രാഷ്ട്രത്തെ മോചിപ്പിക്കുക എന്ന യുദ്ധദൗത്യമാണ് ദളിത് പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ഓരോ ഇന്ത്യന്‍ പൗരന്റെയും ധാര്‍മികാവകാശമാണ് ഈ ദൗത്യത്തിന് പിന്തുണയേകുക എന്നത്. പുരോഗമനാശയപ്രസ്ഥാനങ്ങള്‍ ദളിത് പ്രസ്ഥാനങ്ങള്‍ക്ക് എക്കാലവും മികച്ച പിന്തുണകള്‍ നല്‍കിവരുന്നുണ്ട്. പക്ഷേ അതുകൊണ്ടൊന്നുമാകില്ല. സാമൂഹികസമത്വത്തെക്കുറിച്ച് രാജ്യമൊന്നാകെ ബോധവല്‍ക്കരിക്കപ്പെടണം. അത് ഇവിടെ എന്നെങ്കിലും എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ?, ഇനി നടക്കുമോ? ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതല്ലേ നാം കാണുന്നത്. ദളിതര്‍ മാത്രം ഒറ്റയ്ക്കുനേരിട്ടു ജയിക്കാനുള്ള ശേഷി ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ദളിതര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അവരുടേത് മാത്രമല്ല, മാനവികതയുടേത് കൂടിയാണ്.

Limbale

സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രസിദ്ധാന്തങ്ങളോടൊന്നും മമതയില്ലാത്ത ദളിത് സാഹിത്യത്തെക്കുറിച്ച്?

സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം എന്നൊക്കെ പറയുന്നത് യഥാര്‍ഥത്തില്‍ ദളിത് സാഹിത്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ്. സൗന്ദര്യബോധമൊന്നും ദളിത് സാഹിത്യകാരന്റെ വിഷയമല്ല. അവര്‍ സമത്വത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വാര്‍ധക്യം ബാധിച്ച സൗന്ദര്യശാസ്ത്രം ഊന്നല്‍കൊടുക്കുന്നതാവട്ടെ, വായനക്കാരന്റെ സന്തോഷത്തിലുമാണ്. ദളിത് സാഹിത്യം വായിച്ചിട്ട് ഒരാള്‍ ആനന്ദനിര്‍വൃതി കണ്ടെത്തിക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സാഹിത്യമാണത്. സാഹിത്യസിദ്ധാന്തങ്ങളും സൗന്ദര്യങ്ങളും ഘടനകളും നിരത്തിക്കൊണ്ടുള്ള വാദങ്ങള്‍ ദളിത് സാഹിത്യമെന്ന ശാഖയെ പാടെ തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ്. അതില്‍ ഏതാണ് പ്രധാനം, ഏതാണ് ആവശ്യമുള്ളത്? സൗന്ദര്യമാണോ, സമത്വമാണോ? സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എഴുതുന്നവര്‍ക്ക് സൗന്ദര്യബോധം കുറഞ്ഞെന്നിരിക്കും. സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ സാഹിത്യസൗന്ദര്യബോധമാണ് ഞങ്ങളുടേത്. അല്ലാതെ സന്തോഷത്തിലധിഷ്ഠിതമായതല്ല. നേരം പോക്കിനും ആസ്വാദകരുടെ ആനന്ദത്തിനുവേണ്ടി എഴുതുന്നവരല്ല ഞങ്ങള്‍.

ഈ വര്‍ഷത്തെ സരസ്വതി സമ്മാന്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിഭാഗം ദളിത് എഴുത്തുകാരും ആക്ടിവിസ്റ്റുകളും ആഗ്രഹിച്ചതും പറഞ്ഞതും ലിംബാളെ അത് സ്വീകരിക്കില്ല എന്നായിരുന്നു. സരസ്വതി സമ്മാനും ദളിത് സാഹിത്യവും തമ്മില്‍ എന്താണിത്ര പ്രശ്‌നമുള്ളത്?

അങ്ങനെയാരും പരസ്യമായി എന്നെ എതിര്‍ത്തതായി എനിക്കറിയില്ല. ദളിത് സാഹിത്യത്തിനല്ല പുരസ്‌കാരം പ്രഖ്യാപിച്ചത്. മറാത്തിഭാഷയ്ക്കും സാഹിത്യത്തിനുമാണ് ഈ വര്‍ഷം സരസ്വതിസമ്മാന്‍ നല്‍കിയിരിക്കുന്നത്. എന്റെ മറാത്തി നോവലായ 'സനാതനാ'ണ് അത് ലഭിച്ചിരിക്കുന്നത്. പക്ഷേ ആളുകളാരും തന്നെ എന്റെ സാഹിത്യസംഭാവനകളെക്കുറിച്ചല്ല പറഞ്ഞുകൊണ്ടിരിക്കുന്നത് മറിച്ച് എന്റെ ജാതിയെക്കുറിച്ചാണ്. മുമ്പ് കുറച്ചു ദളിതര്‍ സരസ്വതിസമ്മാന്‍ സ്വീകരിച്ചില്ല, പക്ഷേ ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങുകയും ചെയ്തു. ഹിന്ദുത്വസംഘടനകളുടെ ആളുകളല്ലായിരുന്നോ ഇതിന്റെയൊന്നും തലപ്പത്തിരുന്നത്? ഗ്ലാമറസ്സായിട്ടുള്ള വലിയൊരു ബഹുമതി തന്നെയാണ് സരസ്വതിസമ്മാന്‍. അവാര്‍ഡ് കമ്മറ്റിയോട് പുരസ്‌കാരത്തിന്റെ പേര് മാറ്റാമോ എന്നെനിക്ക് ചോദിക്കാന്‍ പറ്റില്ല. ബാബാസാഹിബ് അംബേദ്കറുടെ പേര് ഭീമറാവു എന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് റാംജി എന്നുമാണ്. ഈ രണ്ടു പേരുകളും പുരാണവുമായി ബന്ധപ്പെട്ടതാകയാല്‍ നമുക്ക് അവരുടെ പേര് മാറ്റി വിളിക്കാന്‍ പറ്റുമോ? ഹിന്ദുപുരാണം പ്രകാരം ഇന്ത്യയുടെ പേര് ഭാരതമെന്നാണ്. സരസ്വതി എന്നു പേരുള്ള ധാരാളം സ്ത്രീകള്‍ എന്റെ ബന്ധുക്കളായിട്ടുണ്ട്. അവരോടെനിക്ക് നിങ്ങളുടെ പേര് മാറ്റണം എന്നു പറയാന്‍ കഴിയില്ല. സരസ്വതി എന്ന പേരില്‍ ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ട്. ദളിതര്‍ അവിടങ്ങളിലൊക്കെ ജോലി ചെയ്യുന്നുമുണ്ട്. ജോലി രാജിവെക്കണം എന്നു നമുക്കവരോട് പറയാന്‍ കഴിയുമോ? എന്റെ പ്രസാധകര്‍ ഗണപതിയെയും സരസ്വതിയെയും വീടുകളിലും ഓഫീസിലും പൂജിക്കുന്നവരാണ്. എന്നുകരുതി അവര്‍ക്ക് കഥ നല്‍കുന്നില്ല എന്നെനിക്ക് തീരുമാനമെടുക്കാനാകുമോ? ഇതെല്ലാം അസംബന്ധമായ വാദങ്ങളാണ്. മറാത്തി എഴുത്തുകാരനാണ് ഞാന്‍ എല്ലാറ്റിനുമുപരി.

സരസ്വതി സമ്മാന്‍ എന്റെ ജാതിയ്ക്കല്ല പ്രഖ്യാപിച്ചത്, എന്റെ മറാത്തി നോവലിനാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ് എന്നവണ്ണം യഥാര്‍ഥമായ കാര്യമാണ് ഞാനൊരു മറാത്തി എഴുത്തുകാരനും ഇന്ത്യന്‍ എഴുത്തുകാരനുമാണ് എന്നത്. നിങ്ങള്‍ പറയുന്നു മുഖ്യധാരാ ദളിത് എഴുത്തകാരാണ് എന്റെ പുരസ്‌കാരലബ്ദിയുമായി ബന്ധപ്പെട്ട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതെന്ന്. ഈ മുഖ്യധാരാ എഴുത്തുകാര്‍ എങ്ങനെയാണ് പുസ്തകങ്ങള്‍ എഴുതിയതും മുഖ്യധാരയിലെത്തിയതും? എന്റെ കൃതികള്‍ ദേശീയപുരസ്‌കാരങ്ങള്‍ നേടിയവയാണ്. എഴുത്തുകാരില്‍ ഞാന്‍ മഹാനാണോ, അല്ലയോ എന്നതല്ല കാര്യം. തീരുമാനങ്ങള്‍ സ്വതന്ത്രമായെടുക്കാന്‍ ശേഷിയുള്ള ആളാണ് ഞാന്‍. എന്റെ തീരുമാനത്തിനായി മറ്റുള്ളവരുടെ സമ്മതം കാത്തുനില്‍ക്കുന്ന ആളുമല്ല. ഇതെന്റെ സ്വാതന്ത്ര്യമാണ്. നാളെ നിങ്ങള്‍ പറയും ഭക്ഷണം കഴിക്കണമെങ്കില്‍ നിങ്ങളുടെ സമ്മതം വേണമെന്ന്. ഇതെല്ലാം ശുദ്ധവിഡ്ഢിത്തമാണ്. ശരിയെന്താണ് തെറ്റെന്താണ് എന്നത് എന്നെ പഠിപ്പിക്കേണ്ടതില്ല. ഈയിടത്തില്‍ ഞാനൊരു മുതിര്‍ന്ന എഴുത്തുകാരന്‍ തന്നെയാണ്.

Akkarmashi
പുസ്തകം വാങ്ങാം

ദളിത് സാഹിത്യം നേരിടുന്ന പ്രതിസന്ധികള്‍

മാര്‍ക്കറ്റിലെ ചില്ലുകൂട്ടിലെ കേക്ക് അ്ല്ല ദളിത് സാഹിത്യം. മികച്ച സൃഷ്ടികള്‍ക്കായി പ്രസാകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കാലമാണ്. 1960-കളില്‍ പ്രസാധകരെ കിട്ടാനും അംഗീകരിക്കപ്പെടാനുമായി ഞങ്ങള്‍ ധാരാളം പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നു. ഇന്ന് പാഠപുസ്തകങ്ങളില്‍ ദളിത് സാഹിത്യം ഉള്‍പ്പെട്ടിരിക്കുന്നു. വായനക്കാര്‍ ഞങ്ങളെ ആവശ്യപ്പെടുന്നു. സാംസ്‌കാരികമായും സാഹിത്യപരമായും സ്വീകരിക്കപ്പെടുന്നു. എന്നിരുന്നാലും മുഖ്യധാരയിലുള്ള എഴുത്തുകാരും പ്രസാധകരും ഞങ്ങളെ അവഗണിച്ചേക്കാം. കയ്പേറിയ അനുഭവങ്ങള്‍ അവരില്‍ നിന്നും നേരിട്ടിരിക്കാം. അത് സ്വാഭാവികമാണ്. കുത്തകകള്‍ കൈവിട്ടുപോകുമ്പോഴുണ്ടാവുന്ന ഇച്ഛാഭംഗം മാത്രമാണത്. ഭീഷണികളും വെല്ലുവിളികളും നിറഞ്ഞതാണ് ഈ മേഖല. അതില്ലാതെ ഞങ്ങള്‍ക്ക് ജ്വലിക്കാനാവില്ല. ഇതെല്ലാം തരണം ചെയ്യാവുന്നതേയുള്ളൂ.

താങ്കള്‍ ഈ മേഖലയില്‍ ശക്തനാണ്. എല്ലാ എഴുത്തുകാര്‍ക്കും ഇങ്ങനെയൊരു അതിജീവനം സാധ്യമാണോ?

ശരണ്‍കുമാര്‍ ലിംബാളെ എന്ന എഴുത്തുകാരന് മറാത്തിയിലും ഇംഗ്ലീഷിലും അന്യഭാഷകളിലും വായനക്കാരുണ്ട്. മള്‍ട്ടിനാഷനല്‍ പ്രസാധകര്‍ പുസ്തകങ്ങള്‍ക്കായി ആവശ്യപ്പെടാറുണ്ട്. എന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഞാന്‍ മറ്റുള്ളവരെ സഹായിക്കാറുണ്ട്. പുതുതായി ഒന്ന് എഴുതുമ്പോള്‍ പ്രസാധകനും വിവര്‍ത്തകനും ഒരുപോലെ ആവശ്യപ്പെടുന്നു എന്ന അവസ്ഥ ഞാന്‍ സ്വയം പ്രയത്നത്താല്‍ ഉണ്ടാക്കിയെടുത്തതാണ്. ജാതിപരമായതും രാഷ്ട്രീയമായിട്ടുള്ളതുമായ ഭീഷണികള്‍ ഉണ്ടാവും. മത്സരാധിഷ്ഠിതമേഖലയാണ് എഴുത്ത്. ഓരോഭാഷയിലും മാസാമാസം ധാരാളം പുസ്തകങ്ങള്‍ ഇറങ്ങുന്നുണ്ട്. ഓരോ എഴുത്തുകാരനും തന്റെ വായനക്കാരുടെ ഏകദേശവലിപ്പമറിയാം. മാര്‍ക്കറ്റും വില്പനസാധ്യതയും തന്റെ കരിയറും സംബന്ധമായ വിഷയങ്ങളില്‍ ജാഗ്രതപുലര്‍ത്തുന്ന എഴുത്തുകാരന് നിരാശയില്ലാതെ അതിജീവിക്കാം. എഴുത്തില്‍ എനിക്കും വ്യക്തിപരമായി ധാരാളം പ്രശ്നങ്ങളുണ്ട്. അതു പറഞ്ഞുനടന്നാല്‍ പിന്നെ ഈയിടത്തില്‍ മാതൃകയാവുന്നതെങ്ങനെ?

വേറിട്ടും ഒറ്റപ്പെട്ടും നില്‍ക്കുന്ന ഒന്നല്ലാതെ, ഇന്ത്യന്‍ സാഹിത്യത്തിലെ ഒരേടായി മാറാന്‍ ദളിത് സാഹിത്യം ഇനിയെത്രകാലമെടുക്കും?

പരിണാമഗുപ്തി എന്നൊക്കെ പറയാറില്ലെ നമ്മള്‍. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണത്. എല്ലാവര്‍ക്കും എല്ലാറ്റിനും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദളിത് സമൂഹവും സവര്‍ണസമൂഹവും ഒരേ പോലെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. മാറ്റം അനിഷേധ്യമാണ്. എന്നിരുന്നാലും ജാതിവ്യവസ്ഥയ്ക്കൊരു കോട്ടവും തട്ടിയിട്ടില്ല. തുടക്കവും ഒടുക്കവുമില്ലാത്തൊരു ഗെയിമാണത്. രാപകല്‍ ആ ഗെയിം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി വരാനിരിക്കുന്ന തലമുറയാണ് ഈ ഗെയിം തുടരണോ നിര്‍ത്തണോ എന്ന് തീരുമാനിക്കുന്നത്.

ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്ന ദളിത് സാഹിത്യം പൊതുവേ ഇടതുപക്ഷമനോഭാവമാണോ പുലര്‍ത്തുന്നത്?

ഒരു പരിധിവരെ ഞാനത് സമ്മതിച്ചുതരുന്നു. പ്രാരംഭഘട്ടത്തില്‍ ദളിത് പ്രസ്ഥാനങ്ങള്‍ ഏകകണ്ഠമായി നിലകൊണ്ടിരുന്നു. എന്നാല്‍ ആ സമത്വാന്തരീക്ഷം തീര്‍ത്തും മാറിപ്പോയിരിക്കുന്നു. കുറേ ദളിത് സംഘടനകള്‍ ബി.ജെ.പിയുടെ കൂടെയാണ്. മായാവതിയെയും രാംവിലാസ് പാസ്വാനെയും രാംദാസ് അത്വാലെയും ഞാന്‍ കൂടുതല്‍ പരിജയപ്പെടുത്തേണ്ടതില്ലല്ലോ. മഹാരാഷ്ട്രയിലെ പേരുകേട്ട മതേതര പ്രസ്ഥാനങ്ങളെല്ലാം ഇന്ന് ശിവസേനയുടെ കൂടെയാണ്. ഐഡിയോളജി എന്ന സംഗതിയൊന്നുമില്ല, വ്യവസ്ഥാപിത താല്‍പര്യങ്ങളുടെ പുതിയ പേരായിരിക്കുന്നു അത്. ദളിതര്‍ എല്ലാവരുടെയും കൂടെ ആശയങ്ങള്‍ പങ്കിടട്ടെ. സവര്‍ണര്‍ എല്ലാ ആശയധാരകളിലും സജീവമാണല്ലോ. അപ്പോള്‍ ദളിതര്‍ മാത്രമെന്തിന് ഒന്നില്‍ മാത്രം ഉറച്ചുനില്‍ക്കണം? ആശയങ്ങളും സംസ്‌കാരവും ദളിതര്‍ക്ക് സൗഹാര്‍ദ്ദപരവും സഹായകവുമായ ഘടകങ്ങളായിത്തീരുകയാണ് വേണ്ടത്. കാള്‍ മാക്‌സിനാല്‍ പ്രചോദിതനാണ് ഞാന്‍. തികച്ചും യാഥാസ്ഥിതികമായി ഇക്കാലത്തും നമ്മള്‍ ചിന്തിക്കേണ്ടതില്ല. സ്വതന്ത്രമനോഭാവം തുടരുക തന്നെ ചെയ്യുക. ആക്രമിക്കാനും വിജയം നേടാനും പലവഴികളും പല ആയുധങ്ങളുമാണ് ഇന്ന് നമുക്കുള്ളത്. ആ ആയുധങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് പുരോഗമനഹിന്ദുവിനെ മാനിക്കുകയും ജാതീയഹിന്ദുവിനെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ടത് ദളിതന്റെ മാത്രം ധര്‍മമല്ല, ഓരോ പൗരന്റേതുമാണ്.

Content Highlights : Interview with Marathi Writer SharanKumar Limbale

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented