സി.എൽ ജോസ് /ഫോട്ടോ കെ.കെ സന്തോഷ്
മലയാള അമേച്വർ നാടകരംഗത്തെ വലിയ ശബ്ദമാണ് സി.എല്‍. ജോസ് എന്നത്. ഇരുപത്തിനാലാം വയസ്സില്‍ രചിച്ച 'മാനം തെളിഞ്ഞു' എന്ന നാടകത്തില്‍നിന്നു പിച്ചവെച്ചുതുടങ്ങിയ സി.എല്‍ ജോസ് ജീവിതം ഒരു കൊടുങ്കാറ്റാണ് എന്ന നാടകത്തിലൂടെയാണ് മലയാളനാടകരംഗത്തെ ഒഴിച്ചുകൂടാനാവാത്ത പേരായി മാറുന്നത്. ആറര പതിറ്റാണ്ടു കാലമായി നാടകയാത്ര തുടരുന്ന സി.എല്‍. ജോസ് നവതിയുടെ നിറവിലാണ്. ജീവിതവും നാടകവും പറയുകയാണ് അദ്ദേഹം.
സി.എൽ. ജോസ്, ജീവിതം ഒരു കൊടുങ്കാറ്റാണ്, തൃശൂർ... സി.എൽ. ജോസ് എന്ന നാടകകൃത്തിന് കിട്ടാവുന്നതിൽവെച്ച് ഏറ്റവും മൂല്യമേറിയ അംഗീകാരമായി മാറിയ ഈ മേൽവിലാസത്തിൽനിന്നു തുടങ്ങാം.
1957-ലാണ് എനിക്ക് ഈ മഹത്തായ അംഗീകാരം ഒരു മേൽവിലാസത്തിന്റെ രൂപത്തിൽ വന്നുചേരുന്നത്. എന്റെ രണ്ടാമത്തെ നാടകത്തിന്റെ പേരാണ് വിലാസമായി കൊടുത്തിരിക്കുന്നത്- ജീവിതം ഒരു കൊടുങ്കാറ്റാണ്. കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷം നിലനിർത്തിക്കൊണ്ട് ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അപ്പന്റെയും മക്കളുടെയും കഥയായിരുന്നു അത്. ക്ഷയരോഗിയായ ജോസഫ്, അയാളുടെ സ്നേഹവതിയായ ഭാര്യ റോസി, ജോസഫിന്റെ കഠിനാധ്വാനത്തിൽ പഠിച്ചു വളർന്ന് ജോലിയെടുക്കുന്ന സഹോദരൻ, പിതാവ് പൗലോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. അനുജനു ജോലി കിട്ടുന്നതോടെ ജോസഫിന്റെ അപ്പൻ പണമുള്ള സഹോദരന്റെ പക്ഷത്താവുന്നു, ജോസഫും ഭാര്യയും വീട്ടിൽനിന്നു കുടിയിറക്കപ്പെടുന്നു. അവർക്ക് അഭയം നൽകുന്നതാവട്ടെ അയൽക്കാരനായ ഒരു മുസ്ലീം കഥാപാത്രമാണ്.
മലയാളത്തിലെ അമേച്വർ നാടകവേദികളിൽ വളരെയേറെ കയ്യടി നേടിത്തന്നു ഈ നാടകം. സംവിധായകനായ ഞാൻ തന്നെയായിരുന്നു ജോസഫായി വേഷമിട്ടതും. സി.എൽ. ജോസ് എന്ന പേരു തെളിഞ്ഞത് 'ജീവിതം ഒരു കൊടുങ്കാറ്റി'ലൂടെയാണ്. കേരളത്തിലെ വിദ്യാലയങ്ങളിലും ഈ നാടകം അവതരിപ്പിക്കപ്പെട്ടിരുന്നു. തൃശൂരിലെ സർക്കാർ സ്‌കൂളിലെ ഒരു എട്ടാം ക്ലാസ് വിദ്യാർഥിയുടെ കാർഡ് എന്നെത്തേടി വന്നതങ്ങനെയാണ്. കാർഡിലെ വിലാസം ഇങ്ങനെയായിരുന്നു. സി.എൽ ജോസ്, ജീവിതം ഒരു കൊടുങ്കാറ്റാണ്, തൃശൂർ. ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന ചിട്ടിക്കമ്പനിയിലാണ് പോസ്റ്റ്മാൻ എഴുത്ത് കൊണ്ടുത്തന്നത്. സി.എൽ. ജോസ് എന്ന പേര് അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു.
ഞങ്ങളുടെ സ്‌കൂൾ വാർഷികത്തിൽ ഈ നാടകം കണ്ടു. എനിക്ക് വളരെ വിഷമം തോന്നി. നാടകം എഴുതിയ നിങ്ങൾക്ക് നന്ദി എന്നായിരുന്നു ഉള്ളടക്കം. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ധാരാളമുണ്ടായിരുന്നെങ്കിലും കറകളഞ്ഞ ഒരു മനസ്സ് ആ വിദ്യാർഥിക്കുണ്ട് എന്നെനിക്ക് മനസ്സിലായി.
വിയ്യൂർ ജയിലിൽനിന്ന് ഇതുപോലെ രണ്ട് കത്തുകൾ സി.എൽ. ജോസിനെത്തേടി വന്ന കഥയും ഉണ്ട്
കൊടുങ്കാറ്റുറങ്ങുന്ന വീട് എന്ന റേഡിയോ നാടകത്തെ തുടർന്നാണ് ആ രണ്ട് കത്തുകൾ എന്നെത്തേടി വന്നത്. മൂന്നു കള്ളന്മാരുടെയും ഒരു സ്ത്രീയുടെയും കഥയായിരുന്നു കൊടുങ്കാറ്റുറങ്ങുന്ന വീട് എന്ന നാടകം. മുപ്പത് കൊല്ലം മുമ്പ് ഈ നാടകം എഴുതുമ്പോൾ പിടിച്ചുപറിയും മാല പൊട്ടിക്കലുമെല്ലാം അതിന്റെ ശൈശവദശയിലാണ്; ഇന്നത് സർവസാധാരണമാണെന്നത് വേറെ കാര്യം. നാടകത്തിലെ മൂന്നു മോഷ്ടാക്കളും താമസിക്കുന്നത് വിജനമായ ഒരു പ്രദേശത്തെ വാടകവീട്ടിലാണ്. രാത്രിയിലാണ് മോഷണവസ്തുക്കൾ പരസ്പരം പങ്കുവെക്കുന്നത്. അങ്ങനെ പങ്കുവെച്ചുകൊണ്ടിരിക്കുമ്പോൾ വാതിൽക്കൽ മുട്ടു കേൾക്കുന്നു. മോഷണവസ്തുക്കൾ ഒളിപ്പിച്ച ശേഷം വാതിൽ തുറക്കുമ്പോൾ മുമ്പിൽ ഒരു യുവതിയാണ്. അവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പ്രാണരക്ഷാർഥം കൊലപ്പെടുത്തി ബന്ധുവായ സാറാമ്മച്ചേടത്തിയുടെ വീട്ടിൽ അഭയം തേടി വന്നതാണ്. സാറാമ്മച്ചേടത്തി മാറിത്താമസിച്ച വിവരം അറിഞ്ഞിരുന്നില്ല.
രാവിലെത്തന്നെ സ്ഥലം വിട്ടോളാം എന്ന ഉറപ്പിൽ യുവതിക്ക് തൽക്കാലത്തേക്ക് ഇടം കൊടുക്കുന്നു കള്ളന്മാർ. യുവതി തന്റെ കഥ പറയുന്നു. ഇവർ മോഷ്ടാക്കളാണെന്ന് യുവതി മനസ്സിലാക്കുന്നു. പുറത്തുപോയാൽ പോലീസുകാർക്ക് തങ്ങളെ ഒറ്റിക്കൊടുക്കുമോ എന്ന ഭയം കള്ളന്മാർക്കും ഈ വീടുവിട്ട് പോയാൽ താൻ പിടിയിലാകുമെന്ന് യുവതിക്കും അറിയാം. അവിടെ തുടരാൻ യുവതി തീരുമാനിക്കുന്നു. യുവതി അവരിൽ മാനസാന്തരമുണ്ടാക്കാൻ ശ്രമിക്കുന്നു. തുടർച്ചയായ ഉപദേശം കേട്ട് കേട്ട് അവരിൽ രണ്ടു പേർ മോഷണം നിർത്താൻ തീരുമാനിക്കുന്നു. മൂന്നാമൻ മാറാൻ തയ്യാറാവാതെ കൂട്ടുതെറ്റി ഇറങ്ങിപ്പോകുന്നു. അയാൾ റെയിൽവേ സ്റ്റേഷനിൽനിന്നു മാല മോഷ്ടിക്കാൻ ശ്രമിക്കവേ കാൽ തെറ്റി ട്രാക്കിൽ വീണ് മരിക്കുന്നു.
തൃശൂർ ആകാശവാണി റേഡിയോ നാടകവാരത്തിലാണ് 'കൊടുങ്കാറ്റുറങ്ങുന്ന വീട്' അവതരിപ്പിക്കപ്പെട്ടത്. നാടകവാരം കഴിഞ്ഞ് രണ്ട് ദിവസത്തിനകം ഞാൻ ജോലി ചെയ്യുന്ന ഓഫീസിലേക്ക് രണ്ട് കത്തുകൾ വന്നു. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നാണ് കത്ത് വന്നിരിക്കുന്നത്. റേഡിയോ നാടകവാരത്തിൽ പ്രക്ഷേപണം ചെയ്ത ഏഴു നാടകങ്ങളും കേൾക്കാൻ ഓഫീസർ സൗകര്യം ചെയ്തു തന്നിരുന്നു. ഞങ്ങളുടെ ജീവിതമാണല്ലോ ഇത് എന്ന് തോന്നി. താങ്കളെ പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ആറു വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ നാടകത്തിലെ രണ്ട് യുവാക്കളിൽ ഒരാൾ ആകാനാണ് തീരുമാനിക്കുന്നത്.
ശനിയാഴ്ചകളിൽ ഉച്ചവരെയേ ഓഫിസ് പ്രവർത്തിയുള്ളൂ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിയിലേക്ക് ഈ കത്തുകളുമായി ഞാൻ പോയി. ജയിൽ സൂപ്രണ്ടിന് സ്വയം പരിചയപ്പെടുത്തി ആഗമനോദ്ദേശ്യം അറിയിച്ചു. എനിക്ക് കത്തെഴുതിയ തടവുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ കാണാൻ ചെന്നത് അവർക്ക് വിശ്വസിക്കാനായില്ല. ഓഫീസറുടെ സാന്നിധ്യത്തിൽ രണ്ടു മണിക്കൂറോളം ഞാൻ അവരോട് സംസാരിച്ചു. ശിക്ഷാ കാലാവധിക്കു ശേഷം അവർ എന്തായിത്തീർന്നു എനിക്കറിയില്ല. ഇടയ്ക്ക് അവരെ ഓർക്കാറുണ്ട്.
1955-ൽ സി.എൽ ജോസിന്റെ ഇരുപത്തിനാലാം വയസ്സിൽ 'മാനം തെളിഞ്ഞു' എന്ന നാടകത്തിലൂടെയാണ് അമേച്വർ നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരു സി.എൽ. ജോസ് നാടകം എന്ന് പറയുമ്പോൾ അക്കാലത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്ന മിനിമം ചില സംഗതികൾ ഉണ്ടാവുമല്ലോ
അടുത്തതായി സി.എൽ. ജോസ് രചനയും സംവിധാനവും നിർവഹിച്ച നാടകം അരങ്ങേറുന്നതാണ്. ഇത് കഴിയും വരെ രണ്ടുമണിക്കൂർ നേരത്തേക്ക് ആരും എഴുന്നേറ്റ് പോകാൻ പാടുള്ളതല്ല എന്ന് മുൻകൂട്ടി അനൗൺസ് ചെയ്യിക്കാൻ പറ്റുമോ? ഇല്ല. അപ്പോൾ പിന്നെ പ്രേക്ഷകരെ എങ്ങനെ രണ്ടു മണിക്കൂർ നാടകത്തിൽത്തന്നെ തളച്ചിടാം എന്നതാണ് എന്റെ ധർമം.
അമ്പതുകൾ മലയാളനാടകത്തിന്റെ സുവർണകാലഘട്ടമാണ്. പ്രത്യേകിച്ചും ജനപ്രിയ നാടകങ്ങൾ. തുറന്ന മനസ്സോടെയും ശുദ്ധഹൃദയത്തോടെയും കൂടി വന്നിരുന്ന് ഒരാൾ തന്റെ വിലപ്പെട്ട ഒന്നര- രണ്ടു മണിക്കൂർ കാശു കൊടുത്ത് ചെലവഴിക്കുന്നത് നല്ല ആസ്വാദനം ലഭിക്കാനാണ്. നാടകം തുടങ്ങി ആദ്യത്തേ കാൽ മണിക്കൂറിനുള്ളിൽത്തന്നെ ആസ്വാദകന് ഇഷ്ടമായില്ലെങ്കിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാൻ തീരുമാനമെടുക്കുന്ന ആസ്വാദകനെ അടുത്തതെന്തായിരിക്കും സംഭവിക്കുക എന്ന ആകാംക്ഷയിൽ നിർത്തേണ്ടത് നാടകകൃത്തിന്റെയും സംവിധായകന്റെയും അഭിനേതാക്കളുടെയും ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തത്തിന്റെ കൂടുതൽ പങ്ക് നാടകകൃത്തിനാണ്. കുറിക്കുകൊള്ളുന്ന, ആറ്റിക്കുറുക്കിയ സംഭാഷണങ്ങൾ, ഹൃദയം ഏറ്റെടുക്കുന്ന മൂഹൂർത്തങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിക്കേണ്ടതുണ്ട്.
ആത്മഹത്യ, കത്തിക്കുത്ത്, കൊലപാതകം, മുക്കോണ-ചതുഷ്‌കോണ പ്രണയങ്ങൾ തുടങ്ങിയവയെല്ലാം ജനപ്രിയ നാടകത്തിൽനിന്നു മാറ്റിപ്പിടിച്ചുകൊണ്ട് പുതുതായി എന്തു കൊണ്ടുവരാൻ പറ്റും എന്നുള്ള അന്വേഷണമാണ് ഞാൻ നാടകത്തിലൂടെ നടത്തിയത്. സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകുന്നതായിരിക്കണം. ഈ നാടകം എഴുതി അവതരിപ്പിക്കുന്നത് കൊണ്ട്, ഒന്നര-രണ്ടുമണിക്കൂർ ജനങ്ങൾ ക്ഷമയോടെ ഇരിക്കുന്നതുകൊണ്ട് എന്താണ് നേട്ടം എന്ന് ഓരോ നാടകരചനയ്ക്കും മുമ്പും ശേഷവും സ്വയം വിലയിരുത്താറുണ്ട്. സാധാരണക്കാരുടെ ജീവിതമാണ് മിക്ക നാടകങ്ങളുടെയും അന്തഃസത്ത. ഏതു വിഷയത്തെക്കുറിച്ചും നമുക്ക് നാടകമെഴുതാം. പക്ഷേ അത് സമൂഹത്തിലെ മനുഷ്യരെ നല്ലവരാക്കാനുള്ള ഉദ്ദേശ്യം കൂടിയുള്ളതായിരിക്കണം.
കൊമേഴ്‌സ്യൽ നാടകങ്ങളാണ് എന്റെത്. പള്ളിപ്പറമ്പിലും അമ്പലമുറ്റത്തും സാംസ്‌കാരിക വേദികളിലും സ്‌കൂൾ- കോളേജ് വാർഷികങ്ങൾക്കും അവ അവതരിപ്പിക്കപ്പെട്ടു. ആളുകൾ തങ്ങളുടെ ഉല്ലാസത്തിനു വേണ്ടിയാണ് അന്ന് നാടകം കാണാൻ വരുന്നത്. നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവം തനിക്ക് പരിചയമുള്ളതാണല്ലോ എന്ന് പ്രേക്ഷകന് തോന്നണം. ആരുടെ നാടകമാണ്, ആര് എഴുതിയതാണ് എന്ന് അന്വേഷിച്ചറിഞ്ഞിട്ടല്ല ആളുകൾ നാടകം കാണാൻ വരുന്നത്. നാടകത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടാവാം. അങ്ങനെ തോന്നിയാൽ ഒരു കൊമേഴ്‌സ്യൽ നാടകകൃത്ത് വിജയിച്ചു. അങ്ങനെയാണ് സി.എൽ. ജോസ് എന്ന പേര് നാടകരംഗത്ത് നിലനിൽപ്പുണ്ടാക്കിയെടുത്തത്.
അറുപതുകളിൽ ഒരു അത്ഭുത വാർത്ത വന്നു- 'ഭൂമിയിലെ മാലാഖ' തൊണ്ണൂറ് ദിവസം കൊണ്ട് 2000 കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം! ഇന്നാണെങ്കിൽ ബെസ്റ്റ് സെല്ലർ പട്ടികയിലെ ഒന്നാമത് എന്നൊക്കെ പറയാം. 'ഭൂമിയിലെ മാലാഖ' എന്ന നാടകം മലയാളനാടകപുസ്തകങ്ങളുടെ വിൽപനയുടെ ചരിത്രത്തിൽ റെക്കോഡ് സൃഷ്ടിച്ചതിനെക്കുറിച്ച്...
നാടക പുസ്തകങ്ങൾക്ക് വലിയ വായനക്കാരുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ സന്ദർഭം കൂടിയായിരുന്നു 'ഭൂമിയിലെ മാലാഖ'യുടെ വിൽപ്പനനേട്ടം. എൻ.ബി.എസ്സായിരുന്നു വിതരണക്കാർ. എന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യമായി രചിച്ച നാടകമായ 'മാനം തെളിഞ്ഞു' പുസ്തകമാക്കിയത് സാഹസികമായിട്ടായിരുന്നു. കോപ്പികൾ വിറ്റു കിട്ടുന്ന പൈസ കൊണ്ടുവേണം അച്ചടിക്കടം വീട്ടാൻ. അഞ്ഞൂറ് കോപ്പികളാണ് അച്ചടിച്ചിരുന്നത്. എഴുപത് പൈസ ഒരു കോപ്പിക്ക് എന്ന നിരക്കിൽ ഞാൻ പുസ്തകങ്ങൾ ഏറ്റി നടന്നാണ് വിറ്റത്. ചിട്ടിക്കമ്പനിയിലേക്ക് പോകുന്നതിന് മുമ്പ് പുസ്തകം വിൽപ്പന നടത്തും. അങ്ങനെയുള്ള എനിക്ക് 'ഭൂമിയിലെ മാലാഖ'യുടെ വിൽപന വിജയം വലിയ സന്തോഷമാണ് തന്നത്.
ഒരു പത്രപ്രവർത്തകൻ ഒരിക്കൽ ചോദിച്ചു, സാമൂഹ്യ പരിവർത്തനത്തിനുതകുന്ന നാടകങ്ങളൊന്നും താങ്കൾ രചിച്ചിട്ടില്ലല്ലോ എന്ന്. താങ്കൾക്ക് വല്ല പുരോഗതിയുമുണ്ടായോ എന്ന ഹാസ്യം ആ ചോദ്യത്തിലുണ്ടായിരുന്നു. സമൂഹത്തിൽ പരിവർത്തനം ഉണ്ടായോ എന്നളക്കാനുള്ള തെർമോമീറ്റർ ഇറങ്ങിയിട്ടില്ല എന്നാണ് എന്റെ അറിവ്. പക്ഷേ, ഒരു കാര്യം ഞാൻ പറയാം എന്നു പറഞ്ഞിട്ട്, ജയിൽപ്പുള്ളികളുടെ കത്തുകളും അങ്ങനെയുള്ള കുറച്ചു കത്തുകളുടെയും ഉള്ളടക്കം പറഞ്ഞുകൊടുത്തു.
സാമൂഹ്യ പരിഷ്‌കരണത്തെക്കുറിച്ച് പറഞ്ഞല്ലോ. കെ.പി.എ.സിയുമായി സി.എൽ. ജോസ് സഹകരിച്ചിട്ടില്ല. കേരള നവോത്ഥാനംജനപ്രിയതയിൽ ഊന്നിക്കൊണ്ട് മുന്നേറിയ പ്രസ്ഥാനമാണ് കെ.പി.എ.സി. സി.എൽ. ജോജസ് അമേച്വർ നാടകരംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്ത് തന്നെയാണ് തോപ്പിൽ ഭാസിയും കേശവദേവും മറ്റും തൊഴിലാളി ജീവിതവും പുരോഗമനപ്രസ്ഥാനങ്ങളും സാഹിത്യത്തിന്റെ തിളങ്ങുന്ന ആയുധങ്ങളാക്കുന്നത്? കെ.പി.എ.സിയോട് സഹകരിക്കാതിരുന്നതെന്തു കൊണ്ടാണ്?
കെ.പി.എ.സി പ്രൊഫഷണൽ നാടക സമിതിയായിരുന്നല്ലോ. ജീവിതഗന്ധിയായ ഇതിവൃത്തങ്ങൾ സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പൊതുവിടങ്ങളിൽ അവതരിപ്പിക്കുകയായിരുന്നല്ലോ കെ.പി.എ.സിയുടെ ലക്ഷ്യം. പ്രൊഫഷണൽ നാടകകലയിൽ നിപുണനായിരുന്ന തോപ്പിൽ ഭാസി തന്നെ കെ.പി.എ.സിയുടെ മൂലധനം തന്നെയാണ്. അദ്ദേഹത്തിന് ജനങ്ങളുടെ പൾസ് അറിയാം. വികാരങ്ങളും സങ്കടങ്ങളും അറിയാം. ഞാൻ അമേച്വർ നാടകരീതിയാണ് സ്വീകരിച്ചിരുന്നത്. അതിന് വ്യക്തിപരമായ കാരണം കൂടിയുണ്ടായിരുന്നു പ്രൊഫഷണൽ നാടകങ്ങൾക്ക് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന റിഹേഴ്സലുകൾ വേണം. കഥാപാത്രങ്ങളുടെ ഡയലോഗുകൾ റിഹേഴ്സലുകൾക്കിടയിൽ പരിഷ്‌കരിച്ചു കൊണ്ടേയിരിക്കും. എഴുത്തും തിരുത്തിയെഴുത്തും നടന്നുകൊണ്ടേയിരിക്കും. ഇത്രയും ദിവസങ്ങൾ ഒരു സ്റ്റേജ് അവതരണത്തിന് മുന്നോടിയായി പ്രൊഫഷണൽ നാടകങ്ങൾ നടത്തുന്നുണ്ട്. എന്റെ ജീവിത സാഹചര്യമനുസരിച്ച് ചിട്ടിക്കമ്പനിയിലെ ജോലിക്കു ശേഷമുള്ള പാതിരാവാണ് നാടകരചനയ്ക്കായി നീക്കിയിരിപ്പുള്ളത്. റിഹേഴ്സലുകൾക്ക് പോയാൽ കുടുംബം പട്ടിണിയാവും. അമേച്വറാണ് എനിക്ക് നല്ലത് എന്നുതോന്നി.
കെ.പി.എ.സിയുമായി സഹകരിക്കാനുള്ള ക്ഷണം താങ്കൾക്ക് വന്നിരുന്നോ?
ഇല്ല. പ്രൊഫഷണൽ നാടകങ്ങൾക്കായി ആരും എന്നെ വിളിച്ചിട്ടില്ല. എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് സാമ്പത്തിക പശ്ചാത്തലം അറിയാമായിരുന്നു. മാത്രമല്ല, തോപ്പിൽ ഭാസി കെ.പി.എ.സിയിൽ ഉള്ളപ്പോൾ മറ്റൊരു സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. അത്രയും പ്രതിഭാധനനും സാമൂഹിക പ്രതിബദ്ധതയും ഉള്ള കലാകാരനായിരുന്നു അദ്ദേഹം.
സി.എൽ. ജോസിന് നാടകം തന്നെയല്ല ജീവിതം, പക്ഷേ നാടകം തന്നെയാണ് സാമ്പത്തികം.
വലിയ സാമ്പത്തികനേട്ടങ്ങളല്ല, മറിച്ച് ബാധ്യതയുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. പിതാവ് ലോനപ്പൻ ഒരു കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ നിൽക്കുന്നയാളായിരുന്നു. പത്തു രൂപയായിരുന്നു അദ്ദേഹത്തിന്റെ മാസശമ്പളം. അതിൽ രണ്ട് രൂപ വീട്ടുവാടകയ്ക്ക് വേണം. ബാക്കി എട്ടു രൂപ കൊണ്ട് ഞങ്ങൾ ഒമ്പത് മക്കളെ തീറ്റണം, പോറ്റണം. പത്താം ക്ലാസിൽ നല്ല മാർക്കോടെ ഞാൻ പാസ്സായപ്പോൾ തുടർപഠനം എന്ന ആഗ്രഹവുമായി അപ്പനെ സമീപിച്ചു. അപ്പൻ വേദനയോടെ പറഞ്ഞത് ഞാൻ ഒന്നു വേഗം വലുതാവാൻ കാത്തിരിക്കുന്നതിനെ കുറിച്ചാണ്. പത്താം ക്ലാസ് കഴിഞ്ഞ സ്ഥിതിക്ക് ഞാനും കൂടി ജോലിയെടുത്താൽ മാത്രമേ കുടുംബം മുന്നോട്ടു പോവുകയുള്ളൂ. തൃശൂർ സ്വരാജ് ഗ്രൗണ്ടിലെ ഒരു പ്രൈവറ്റ് ചിട്ടിക്കമ്പനിയിൽ കണക്കെഴുത്തുകാരനായി ഞാൻ ജോലിയിൽ കയറി.
എനിക്ക് മുപ്പത് വയസ്സുള്ളപ്പോൾ അപ്പൻ മരിച്ചു, അദ്ദേഹത്തിന്റെ അമ്പത്താറാമത്തെ വയസ്സിൽ. നാല് സഹോദരിമാരുടെ വിവാഹം, മൂന്ന് സഹോദരന്മാരുടെ പഠനം, എന്റെ കുടുംബജീവിതം... ഇതെല്ലാം നടത്തിയത് ചിട്ടിക്കമ്പനിയിലെ സ്ഥിരശമ്പളം മാത്രമല്ല, അമേച്വർ നാടകങ്ങളിൽ നിന്നുള്ള വരുമാനത്തിൽനിന്നു കൂടായാണ്. ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. പേനകൊണ്ട് പണിതുയർത്തിയ വീടാണ് ഇതെന്ന്. ഒന്നും മറന്ന് ജീവിക്കാൻ പാടില്ല.എനിക്ക് കുടുംബമായപ്പോൾ ഒരു ചെറിയ പുരയിടം ഞാൻ വാങ്ങിക്കുകയായിരുന്നു. മകളുടെ വിവാഹമായപ്പോൾ അത് ഒന്നുകൂടി വിശാലമാക്കി പണിതു. അതിനെല്ലാം എനിക്ക് സാമ്പത്തികബലമായി നിന്നത് എന്റെ നാടകങ്ങൾ തന്നെയാണ്.
കമ്പനിയിലേക്ക് നടന്നു പോകുമ്പോൾ എന്നെക്കാൾ കുറഞ്ഞ മാർക്കുള്ളവർ കോളേജിലേക്ക് പോകുന്നത് എനിക്കു കാണാമായിരുന്നു. അവർ ജോസേ എന്നു വിളിക്കുമ്പോൾ ഞാൻ സങ്കടത്താൽ വിളി കേൾക്കാൻ കഴിയാതെ കൈ ഉയർത്തി കാണിച്ചിട്ട് നടന്നു പോകും. വർഷങ്ങൾക്കിപ്പുറം അതേ കോളേജിന്റെ പരിസരത്തുകൂടി എന്നത്തെയും പോലെ ചിട്ടിക്കമ്പനിയിലേക്ക് പോകുമ്പോൾ ഞാൻ കേട്ടത് അധ്യാപകർ ഞാൻ എഴുതിയ നാടകം 'മണൽക്കാട് 'ഉറക്കെ ക്ലാസിൽ പഠിപ്പിക്കുന്നതാണ്. എന്റെ കഥാപാത്രങ്ങളെയാണ് അവർ പഠിപ്പിക്കുന്നത്. സന്തോഷാതിരേകത്താൽ ശബ്ദിക്കാനാവാതെയാണ് ഞാൻ അന്നും നടന്നത്. എസ്.എസ്.എൽ.സിക്കാരന്റെ പുസ്തകം സ്‌കൂളിൽ പാഠപുസ്തകമായി. കുട്ടികൾ പഠിക്കുന്നതിനും അധ്യാപകർ പഠിപ്പിക്കുന്നതിനും ഞാൻ സാക്ഷിയായി. പിന്നീട് യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് ഫാക്കൽറ്റിയായി, കേരള സംഗീത-നാടക അക്കാദമിയുടെ അധ്യക്ഷനായി.
''ജോസിന്റെ ഏതെങ്കിലും നാടകത്തിലെ ഡയലോഗുകൾ പറയാത്ത നടനോ നടിയോ മലയാളത്തിൽ ഉണ്ടായിരിക്കില്ല'' സി.എൽ. ജോസിന് കിട്ടിയ മറ്റൊരു പ്രശസ്തി പത്രമായിരുന്നു ഈ വാക്കുകൾ
തിക്കുറിശ്ശി സുകുമാരൻ നായരുടേതാണ് ഈ വാക്കുകൾ. 'നാടകത്തിന്റെ കാണാപ്പുറങ്ങൾ' എന്ന എന്റെ പുസ്തകത്തിൽ അദ്ദേഹമെഴുതിയ അവതാരികയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 'ഭൂമിയിലെ മാലാഖ'യിൽ അദ്ദേഹം മുതലാളിയായി അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തെ അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. നാടകവും ഏകാങ്കവുമല്ലാത്ത് എന്റെ ആദ്യത്തെ പുസ്തകം ആയിരുന്നു അത്. തിക്കുറിശ്ശിയോട് അവതാരിക അങ്ങോട്ട് ആവശ്യപ്പെട്ടതാണ് ഞാൻ. അവസാനം അദ്ദേഹം എന്റെ നാടകങ്ങളുടെ പേരും കഥാപാത്രങ്ങളും സന്ദേശവുമെല്ലാം ചേർത്തുകൊണ്ട് ഒരു കവിതകൂടി എഴുതി അവതാരികയ്ക്കൊപ്പം ചേർത്തു.
സി.എൽ. ജോസ് വയസ്സ് തൊണ്ണൂറ്, മനസ്സ് നാൽപ്പത്തഞ്ച് എന്ന് പൊതുവേ ഒരു ചൊല്ലുണ്ട് താങ്കളെക്കുറിച്ച്
നമ്മുടെ പ്രായം നിശ്ചയിക്കുന്നത് നമ്മുടെ മനസ്സാണ്. നമുക്ക് ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ നമ്മൾ യുവത്വം നിലനിർത്തിക്കൊണ്ടിരിക്കും. നിരാശയും ഉത്കണ്ഠയും പരാജയബോധവുമൊക്കെ വന്നാൽ നമുക്ക് താനേ വയസ്സാവും. സത്യസന്ധതയാണ് വയസ്സാവാതിരിക്കാനുള്ള മറ്റൊരു ഒറ്റമൂലി. എന്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ കാത്തുസൂക്ഷിച്ചത് സത്യസന്ധതയും ദൈവഭയവും നേർവഴിയുമാണ്. ഞാൻ ആരെയക്കുറിച്ചും ദുഷിപ്പ് പറയാറില്ല, ഒറ്റു കൊടുക്കാറില്ല. ഇത്തരം ഒറ്റുകൾ മറ്റുള്ളവർ എനിക്കു തന്നതിനെക്കുറിച്ച് മൂന്നാമതൊരാൾ സൂചിപ്പിക്കുമ്പോൾ ചിരിച്ചു തള്ളിക്കളയുകയാണ് പതിവ്. കളങ്കമില്ലാത്ത കലയ്ക്ക് എന്നും മാറ്റ് കൂടുതൽ തന്നെയായിരിക്കും എന്നാണ് എന്റെ വിശ്വാസം. പേരും പ്രശസ്തിയുടെല്ലാം ക്ഷണപ്രഭാചഞ്ചലം മാത്രമാണ്. സമൂഹത്തോടും കുടുംബത്തോടും കലയോടും കൂറ് പുലർത്തുക, സത്യസന്ധത കാണിക്കുക. ഇതാണ് എന്റെ തത്വം.
1957-ൽ റഷ്യ സ്ഫുടിനിക്കിൽ ലെയ്ക്ക എന്ന പട്ടിയെ ബഹിരാകാശത്തേക്ക് കയറ്റി വിട്ടതും സി.എൽ. ജോസ് എന്ന പേരും തമ്മിൽ വലിയൊരു ബന്ധമുണ്ട്.
(ചിരിക്കുന്നു) സ്ഫുട്നിക്കിൽ കയറി പട്ടി ബഹിരാകാശത്ത് പോയതാണ് യഥാർഥത്തിൽ വെറും ജോസ് ആയിരുന്ന എന്നെ സി.എൽ. ജോസ് എന്ന വലിയ പേരിനുടമയാക്കിയത്. പുത്തേഴത്ത് രാമൻ മേനോൻ എന്ന മനീഷി അതിൽ വഹിച്ച പങ്കാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനം. 'മാനം തെളിഞ്ഞു' എന്ന നാടകം അച്ചടിച്ചു വരുന്നത് രണ്ടാമത്തെ നാടകമായ 'ജീവിതം ഒരു കൊടുങ്കാറ്റാണ്' തിളങ്ങി നിൽക്കുന്ന സമയത്താണ്. പുസ്തകത്തിന്റെ കോപ്പികൾ റിവ്യൂവിനായി എല്ലാ പത്രങ്ങൾക്കും അയച്ചുകൊടുത്തെങ്കിലും തൃശൂരിലെ എക്സ്പ്രസ് പത്രവും ഫാദർ വടക്കന്റെ തൊഴിലാളി പത്രവുമൊഴികെ ബാക്കിയൊന്നും പുസ്തകം റിവ്യൂ ചെയ്തില്ല. ഞാൻ ഇടയ്ക്കിടെ പുത്തേഴനെ കാണാൻ ചെല്ലുമായിരുന്നു. ജ്ഞാനവൃദ്ധനാണ്. സംസാരിച്ചാലും സംസാരിച്ചാലും തീരില്ല. പുത്തേഴനാണ് 'മാനം തെളിഞ്ഞു' എന്ന പുസ്തകത്തിന് അവതാരിക എഴുതിയത്.
വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരിക്കേ പുതിയ നാടകത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ പക്ഷേ വിഷമത്തോടെ പറഞ്ഞത് ആദ്യത്തെ പുസ്തകം ആരും മൈൻഡ് ചെയ്യാത്തതിനെക്കുറിച്ചായിരുന്നു. എന്റെ നിരാശ നിറഞ്ഞമുഖവും മനോഭാവവും അദ്ദേഹം കുറേനേരം നോക്കിയിരുന്നു.
ജോസ് ഈയിടെ പത്രത്തിൽ വന്ന വാർത്ത വായിച്ചോ? അദ്ദേഹം ചോദിച്ചു. റഷ്യയിലെ ശാസ്ത്രജ്ഞർ ബഹിരാകാശത്തേക്കൊരു സ്ഫുട്നിക് വിട്ടിരിക്കുന്നു.
ഞാൻ വായിച്ചു. എന്നദ്ദേഹത്തോട് മറുപടി പറഞ്ഞു.
വായിച്ചിട്ടുണ്ടല്ലേ, അതിൽ ലെയ്ക്ക എന്നൊരു പട്ടിയെയാണ് വിട്ടിരിക്കുന്നത്.
അതും ഞാൻ വായിച്ചു- ഞാൻ പറഞ്ഞു.
വായിച്ചല്ലേ- അദ്ദേഹത്തിന്റെ മറുപടി.
അതിൽനിന്നു ജോസ് എന്താ മനസ്സിലാക്കിയത്?
എന്ത് മനസ്സിലാക്കാൻ? ശാസ്ത്രജ്ഞർ അവരുടെ പരമാവധി കഴിവ് പ്രയോഗിച്ചു- ഞാൻ പറഞ്ഞു.
അല്ല, ജോസ് അതിൽനിന്ന് ഒരു സത്യം മനസ്സിലാക്കണം. കയറ്റിവിടാൻ ആളുണ്ടെങ്കിൽ ഏത് പട്ടിക്കും ഉയരാം. അത് പട്ടിയുടെ കഴിവല്ല, കയറ്റി വിട്ടവന്റെ കഴിവാണ്. അതുകൊണ്ട് എനിക്ക് ജോസിനോട് പറയാനുള്ളത് ജോസ് സ്ഫുടിനിക്കിലെ പട്ടിയാവരുത്. ജോസിന് കഴിവുണ്ടെങ്കിൽ, സർഗശക്തിയുണ്ടെങ്കിൽ, ഭാവനയുണ്ടെങ്കിൽ, അർപ്പണബോധമുണ്ടെങ്കിൽ ജോസ് താനേ ഉയരും. അതൊന്നുമില്ലെങ്കിൽ ആര് ഉയർത്തിയാലും ജോസ് ഉയരില്ല.
1957-ൽ പുത്തേഴത്ത് രാമൻ മേനോൻ ഇതു പറഞ്ഞതുമുതൽ എന്റെ ജീവിതത്തിൽ ഒരേയൊരു ആപ്തവാക്യമേയുള്ളൂ- സ്ഫുട്നിക്കിലെ പട്ടിയാവരുത്!
എന്നെയാരും പ്രോത്സാഹിപ്പിക്കുന്നില്ലല്ലോ എന്നു പറഞ്ഞ് ഇന്നേവരെ ഞാൻ വിലപിച്ചിട്ടില്ല.
എന്റെ തുടക്കകാലത്ത് പലരും തട്ടിയിടാനും അവഗണിക്കാനും തിരസ്‌കരിക്കാനുമൊക്കെ മെനക്കെട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. തട്ടിയിട്ടിട്ട് വീഴുന്നില്ല എന്നു കണ്ടപ്പോഴാണ് അവരെല്ലാം പുറത്തുതട്ടി അഭിനന്ദിക്കാൻ തുടങ്ങിയത്. നാടകരംഗത്ത് എന്നെ സെറ്റോ കൂട്ടങ്ങളോ ഗ്യാങ്ങോ കോക്കസോ ഒന്നുമില്ല. സെൽഫ് മെയ്ഡ് ആണ് ഞാൻ. എനിക്ക് ഗ്രൂപ്പുണ്ടാക്കാൻ നേരമില്ല. 10-5 വരെ ഓഫീസ് വർക്ക് ശേഷം വീട്ടിൽ വന്നുള്ള നാടകമെഴുത്ത്. പകൽ മുഴുവൻ ഇരുന്നുള്ള ജോലിയായതിനാൽ നിന്നു കൊണ്ടായിരുന്നു നാടകമെഴുത്ത്. നിന്ന് എഴുതുമ്പോൾ ഡയലോഗുകൾ കുറിക്കു കൊള്ളുന്നവയായി തുടങ്ങി. ആറ്റിക്കുറുക്കി കിട്ടാൻ തുടങ്ങി. അതിനിടയിൽ ഗോസിപ്പിന് സമയം കിട്ടിയിട്ടില്ല. ആ നേരം കിട്ടാതെ പോയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.
സാഹിത്യത്തിന്റെ ആനത്തഴമ്പും പേറി നടക്കുന്നവരോട് എന്താണ് പറയാനുള്ളത്?
പാരമ്പര്യത്തിനൊക്കെ പരിധിയുണ്ട്. എന്ത് പാരമ്പര്യമുണ്ടെങ്കിലും അടിസ്ഥാനപരമായിട്ടുള്ള കഴിവ്, പ്രതിഭ, ഊർജം എന്നിവയുണ്ടെങ്കിൽ അയാൾ വളരും. മറ്റൊരാളുടെ തണലിൽ വളരാൻ നോക്കിയാൽ നമ്മൾ വളരില്ല. എന്റെ അപ്പൂപ്പൻ നാടകൃത്തായിരുന്നു എന്നു പറഞ്ഞു നടക്കുകയല്ലാതെ ഞാൻ വളരുമായിരുന്നില്ല. കഴിവ് വേണ്ടത് എന്റെയുള്ളിലാണ്. നാടകം കാണാൻ ധാരാളം അവസരങ്ങൾ ചെറുപ്പം മുതലേ ഉണ്ടായിട്ടുണ്ട്. വീട്ടുകാർ അറിഞ്ഞും അറിയാതെയും പോയിട്ടുണ്ട്. അതെനിക്ക് മുതിർന്നപ്പോൾ ഈ മേഖലയിൽ വളരുന്നതിൽ സഹായിച്ചു.
ഷേക്സ്പിയർ, ഇബ്സൻ, യൂജിൻ ഒനീൽ തുടങ്ങിയവർ ആദ്യകാലങ്ങളിൽ നല്ല നടന്മാരായിരുന്നു. പിന്നെയാണ് നാടകരചനയിലേക്ക് ശ്രദ്ധ കൂടുതൽ കൊടുക്കുന്നത്. ഇവർ പലപ്പോഴും സി.എൽ. ജോസിന്റെ മോഡലുകളായിരുന്നു
ശരിയാണ്. ഞാൻ എഴുതി സംവിധാനം ചെയ്ത പത്തു പതിനഞ്ച് നാടകങ്ങളിൽ ഞാൻ തന്നെ അഭിനയിച്ചിട്ടുണ്ട്. നാടകകൃത്ത് നടനും കൂടിയാണെങ്കിൽ സ്റ്റേജ് എഫക്ട് കൂടും. കാരണം നാടകം അഭിനയിച്ചും പറഞ്ഞുമാണ് നമ്മൾ എഴുതുന്നത്. നാടകകൃത്ത് നടനാവുമ്പോൾ സ്റ്റേജ് എഫക്ട് കൂടും. അയാളുടെ സർഗാത്മകതയെ അത് പ്രോത്സാഹിപ്പിക്കും.എന്റെ കുടുംബത്തിൽ ഒരു സാഹിത്യകാരനില്ല, എനിക്കതിന്റെ പാരമ്പര്യമില്ല. സമൂഹത്തെ നിരീക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കല തന്നെയാണ് എനിക്കഭ്യാസം.
റേഡിയോ നാടകങ്ങളുടെ സുവർണകാലഘട്ടം സി.എൽ. ജോസിന് ഗുണം ചെയ്തിട്ടുണ്ട്.
തുടർച്ചയായി ഒന്നര ദശാബ്ദക്കാലത്തോളം റേഡിയോ നാടകരംഗത്ത് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയുടെ പ്രൗഢകാലത്ത് ഇന്ത്യയൊട്ടുക്ക് ഒന്നര മണിക്കൂർ വിവിധ പ്രാദേശിക ഭാഷകളിലായി ഒരേ സമയം എന്റെ നാടകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയൊട്ടാകെ സി.എൽ. ജോസ് എന്ന് പല ശബ്ദത്തിൽ ഒരേ സമയം റേഡിയോയിലൂടെ കേൾക്കുന്നത് ഞാൻ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. റേഡിയോയ്ക്ക് സാധാരണക്കാരിൽ ശക്തമായ സ്വാധീനം ഉള്ള കാലത്തായിരുന്നു എന്നോർക്കണം. ഇന്നത്തെ തലമുറയ്ക്ക് അത് പറഞ്ഞാൽ മനസ്സിലാവുമോ എന്നറിയില്ല.
മിസ്. കുമാരിയ്ക്ക് ചുംബനം നൽകിയതാണ് സി.എൽ. ജോസിന്റെ ദാമ്പത്യജീവിതത്തിലെ ഏക കല്ലുകടിയെന്ന് കേട്ടിട്ടുണ്ട്.
(പൊട്ടിച്ചിരിക്കുന്നു) തിരുവന്തപുരം ആകാശവാണിയിൽ ഡബ്ബിങ് ആർടിസ്റ്റായി ജോലി ചെയ്തിരുന്നു ഞാൻ. മിസ്. കുമാരി അവരുടെ സിനിമയിലെ 'നല്ല കാലം' കഴിഞ്ഞ ശേഷം ആശ്രയിച്ചത് ആകാശവാണിയെയായിരുന്നു. റേഡിയോ നാടകമായിരുന്നു ഞങ്ങൾ രണ്ടുപേരും അവതരിപ്പിച്ചിരുന്നത്. ടി.എൻ. ഗോപിനാഥൻ നായരാണ് പ്രൊഡ്യൂസറും സംവിധായകനും. പൊൻകുന്നം വർക്കിയുടെ 'കതിരുകാണാക്കിളി'യാണ് നാടകം.നാടകം ബുദ്ധിമുട്ടില്ലാതെ റെക്കോഡ് ചെയ്തു. റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോൾ ഞാൻ കുടുംബസമേതം വീട്ടിലിരുന്ന് കേൾക്കുകയാണ്. അമ്മയും ഭാര്യയും മക്കളെല്ലാവരുമുണ്ട്. മിസ്. കുമാരിയുടെ കാമുകി കഥാപാത്രമായ ലീലയ്ക്ക് ചുംബനം നൽകുന്ന ശബ്ദം കേട്ടപ്പോൾ അമ്മയുടെ മുഖം മാറി. ഭാര്യയുടേത് പിന്നെ നോക്കേണ്ടതില്ലല്ലോ. എന്തിനാണ് ഇത്തരം നാടകങ്ങളൊക്കെ ചെയ്യുന്നത് എന്ന് അമ്മ ചോദിച്ചു.
പിന്നീട് ആകാശവാണി നിലയം കുടുംബത്തെ കാണിക്കാൻ എനിക്കവസരം കിട്ടി. ഡബ്ബിങ് റൂം കാണിച്ചുകൊണ്ട് എങ്ങനെയാണ് ഡബ് ചെയ്യുന്നതെന്ന് ഞാൻ വിശദമാക്കിക്കൊടുത്തു. വിശാലമായ ഗ്ലാസിനു പുറത്ത് വെച്ച് അടുത്ത മുറിയിൽ ഇരുന്ന് ആളുകൾ റെക്കോഡിങ് നിയന്ത്രിക്കുന്നതും കൈവെള്ളയിൽ ഉമ്മവെക്കുമ്പോൾ മൈക്ക് ശബ്ദം പിടിച്ചെടുക്കുന്നതുമൊക്കെ അവർ നേരിൽ കണ്ടു. അതോടെ ചുംബനപ്രശ്നം അവസാനിച്ചു. ഇത്രയേ ഉള്ളൂ എന്ന സമാധാനം ഭാര്യയിൽ കണ്ടു.
പക്ഷേ, എനിക്ക് വേദന തന്നത് മറ്റൊരു സംഭവമായിരുന്നു. അധികം വൈകാതെ മിസ്. കുമാരി മരിച്ചു. എന്റെ ആദ്യത്തെയും അവരുടെ അവസാനത്തെയും റേഡിയോ നാടകമായിരുന്നു 'കതിരുകാണാക്കിളി'. വ്യക്തിപരമായി വളരെയധികം പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അതേപ്പറ്റി സംസാരിക്കാനോ ചർച്ച ചെയ്യാനോ ഉള്ള സൗഹൃദമൊന്നും ഞങ്ങൽ തമ്മിലില്ലായിരുന്നു.
കേരള സംഗീത- നാടക അക്കാദമിയുടെ അധ്യക്ഷനുമായിട്ടുണ്ട് സി.എൽ ജോസ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നപ്പോൾ എന്തുതോന്നി?
കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതരെ ഓർക്കുകയാണ്. മൈക്കില്ലാത്ത കാലഘട്ടത്തിൽ നാടകത്തിൽ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാട്ടു പാടി ഗംഭീരമായി അഭിനയിച്ച പാപ്പുക്കുട്ടി ഭാഗവതർക്ക് തൊണ്ണൂറ്റി രണ്ടാം വയസ്സിലാണ് കേരള സംഗീത- നാടക അക്കദാമിയുടെ ഫെലോഷിപ്പ് ലഭിക്കുന്നത്. അദ്ദേഹത്തെ അതുവരെ കേരള നാടകം കണ്ടില്ല. അക്കാദമിയുടെ അധ്യക്ഷനായിരുന്നപ്പോൾ ആദ്യം ചെയ്തത് അതുവരെ അവാർഡുകളും ഫെലോഷിപ്പും ലഭിച്ചയാളുകളുടെ ലിസ്റ്റാണ്. പാപ്പുക്കുട്ടി ഭാഗവതർ അതിൽ പെട്ടിട്ടില്ല. എനിക്ക് വല്ലാത്ത വേദന തോന്നി. അടുത്ത എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഞാൻ കാര്യം അവതരിപ്പിച്ചു. അത്തവണ അദ്ദേഹത്തിന് ഫെലോഷിപ്പ് കൊടുക്കാൻ ധാരണയുണ്ടാക്കി.
അർഹതയുണ്ടായിട്ടും കൊടുക്കാതെ വെച്ചിരിക്കുന്നതെന്തിനാണ്? അവിടെ ജാതിയും മതവു രാഷ്ട്രീയവുമൊന്നും നോക്കേണ്ടതില്ല. എ.പി. അനിൽകുമാറാണ് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി. അദ്ദേഹത്തോട് കാര്യം പറഞ്ഞു. പാപ്പുക്കുട്ടി ഭാഗവതരോട് ഞാൻ മുൻകൂട്ടി ഒരു കാര്യം പറഞ്ഞിരുന്നു. ഇവിടെ പുരസ്‌കാരം ഏറ്റുവാങ്ങുന്ന എല്ലാവർക്കും സംസാരിക്കാൻ അവസരമില്ല. പക്ഷേ, ഭാഗവതർ രണ്ടുവാക്ക് സംസാരിക്കണം. ഭാഗവതർ ആകെ പരിഭ്രമിച്ചു. ജോസേ, എനിക്ക് സംസാരിക്കാനൊന്നും അറിയില്ല, ഞാൻ ഒരു പാട്ടു പാടിയാൽ മതിയോ? മതി എന്ന് ഞാനും പറഞ്ഞു. അദ്ദേഹം സ്റ്റേജിൽ വളരെ വികാരഭരിതനായിക്കൊണ്ട് പാടിത്തുടങ്ങി ''സോജാ രാജകുമാരീ...''ഒരു യുവാവ് പാടുന്ന ശബ്ദസൗകുമാര്യത്തോടെ അതിഗംഭീരമായി അദ്ദേഹം പാടി. അധ്യക്ഷനായിരുന്നപ്പോൾ എനിക്കേറ്റവും സന്തോഷം ലഭിച്ചത് ഈയവസരത്തിലായിരുന്നു. അതുപോലെ അവഗണിക്കപ്പെട്ട പല പേരുകളും തപ്പിയെടുത്ത് പുരസ്‌കാരത്തിനായി നിർദ്ദേശിക്കാനും കഴിഞ്ഞു.
Content Highlights: interview with malayalam playwright C L Jose


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..