ബി.കെ. ഹരിനാരായണൻ | ഫോട്ടോ: മനൂപ് ചന്ദ്രൻ
എഴുത്തിന്റെ സ്വതസിദ്ധമായ ശൈലിയും വരികളിലെ കാവ്യാത്മകപദങ്ങളുടെ സമ്പന്നത കൊണ്ടും പാട്ടെഴുത്തുകാരനെന്ന നിലയില്‍ ബി.കെ. ഹരിനാരായണന് ഏറെ ആരാധകരുണ്ട്. കവിത തുളുമ്പുന്ന ഗാനങ്ങളെഴുതുമ്പോഴും ഹരിനാരായണനിലെ കവി മലയാളികള്‍ക്ക് അപരിചിതനാണ്. പല കാലങ്ങളിലായി എഴുതിയതും പ്രസിദ്ധീകൃതമായതുമായ ഹരിനാരായണന്റെ കവിതകളുടെ സമാഹാരം 'നൂറ്റടപ്പന്‍' മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. മൗനത്തിന് തൊട്ടുമുമ്പ് ഭാഷ കൊണ്ടുള്ള വിശ്വരൂപദര്‍ശനമാണ് ബി.കെ. ഹരിനാരായണന് കവിത എന്ന് കവി പി. രാമന്‍ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നു. ഒരു കെട്ടടങ്ങലും അതിന് മുമ്പുള്ള കത്തിയാളലും നൂറ്റടപ്പന്‍ എന്ന ആദ്യസമാഹാരത്തിലെ ഓരോ കവിതയിലുമുണ്ട് എന്നും രാമന്‍ പറയുന്നു. വായനക്കാരനില്‍ ഹരിനാരായണന്റെ ഓരോ കവിതയും ഒളിയും തെളിയുമായി പിന്തുടരുമെന്നതില്‍ സംശയമില്ല. നൂറ്റടപ്പനെ കുറിച്ച്, തന്നിലെ കവിയെ കുറിച്ച് ഹരിനാരായണന്‍ സംസാരിക്കുന്നു.
നൂറ്റടപ്പന്‍ എന്ന പേരില്‍ നിന്ന് തന്നെ തുടങ്ങാം. നൂറ് സൂക്ഷിക്കുന്ന ഒരു പാത്രത്തിന്റെ പേരില്‍ ഒരു കവിത എഴുതണമെങ്കില്‍, ആ പേര് ആദ്യസമാഹാരത്തിന് നല്‍കണമെങ്കില്‍ ഉറപ്പായും മാനസികമായി ഏറെ അടുപ്പമുള്ള ഒരു വസ്തുവാകണം. വ്യക്തമാക്കാമോ?
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യമായി എന്റേതായി പ്രസിദ്ധീകരിച്ചുവന്ന കവിതയാണ് നൂറ്റടപ്പന്‍. എന്റെ അമ്മാമനായ വാസുദേവനുമായി (അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ആ കവിത ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് ഏറെ പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു പൊതുപ്രവര്‍ത്തകനായിരുന്നു, ഡ്രൈവറായിരുന്നു, പഞ്ചായത്ത് മെംബറായിരുന്നു ഒപ്പം കവിതയോട് അദ്ദേഹത്തിന് വളരെ താത്പര്യമുണ്ടായിരുന്നു. ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ ചില കവിതകളൊക്കെ അമ്മാമനില്‍ നിന്നാണ് ഞാന്‍ ആദ്യം കേട്ടത്. ആ കവിതകളൊക്കെ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. വാടാനംകുറിശ്ശിയായിലായിരുന്നു അദ്ദേഹത്തിന്റെ വീട്(എന്റെ അമ്മയുടേയും).അമ്മാമന് താടിയൊക്കെയുള്ളതു കൊണ്ട് അദ്ദേഹത്തെ കുട്ടിക്കാലത്ത് എനിക്ക് ഭയമായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അമ്മാമന് എന്നോട് വലിയ വാത്സല്യമായിരുന്നു. എന്റെ പേടി മാറ്റാന്‍ വേണ്ടി അദ്ദേഹം സമ്മാനിച്ചതാണ് ഒരു നൂറ്റടപ്പന്‍. കവിതാസമാഹാരത്തിന് പേര് നല്‍കേണ്ട അവസരം വന്നപ്പോള്‍ കവി പി. രാമനാണ് നൂറ്റടപ്പന്‍ എന്ന പേര് നിര്‍ദേശിച്ചത്. എന്റെ മനസ്സിലുണ്ടായ രണ്ടുമൂന്ന് പേരുകളിലും നൂറ്റടപ്പനുണ്ടായിരുന്നു. അങ്ങനെ ആ പേര് തന്നെ കവിതാസമാഹാരത്തിന് നല്‍കി.
ശില്‍പ്പവും പന്തവും എന്ന തലക്കെട്ടോടെ പി. രാമന്‍ എഴുതിയ അവതാരികക്കുറിപ്പില്‍ ശില്‍പ്പബോധമാണ് സമകാലികകവിതയുടെ പൊതുഗദ്യഭാഷയേക്കാള്‍ വൃത്തബദ്ധമായ കാവ്യഭാഷ സ്വീകരിക്കാന്‍ ഹരിനാരായണനെ പ്രേരിപ്പിക്കുന്നത് എന്ന് പറയുന്നുണ്ട്. ഗദ്യകവിതാരചനയേക്കാള്‍ വൃത്തബദ്ധമായി കവിതകളെഴുതുന്നത് മനഃപൂര്‍വ്വമാണോ?
ഗദ്യകവിതകളേക്കാള്‍ വൃത്തബദ്ധമായ കവിതളെഴുതുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം വാക്കുകളുമായുള്ള ബന്ധം ആരംഭിക്കുന്നത് എന്റെ ചെറിയച്ഛന്‍മാരില്‍ നിന്നാണ്. എനിക്ക് നാല് ചെറിയച്ഛന്‍മാരുണ്ട്. അവരാണ് വാക്കിനോടും കവിതയോടുമുള്ള ബന്ധം പകര്‍ന്നുതന്നത്. മൂന്നോ നാലോ വയസ്സുള്ള സമയത്താണ് അവരില്‍ നിന്ന് ഞാന്‍ ആദ്യത്തെ ശ്ലോകം കേട്ടുപഠിച്ചത്. അങ്ങനെ കുറേ ശ്ലോകങ്ങള്‍ പഠിച്ചതുകൊണ്ടും സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പദ്യങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്തതുകൊണ്ടുമാവണം വൃത്തഘടന ഉള്ളില്‍ പതിഞ്ഞത്. അതിലുപരി ശ്ലോകങ്ങളുടെ താളവും. താളം വാക്കിനോടൊപ്പം ശീലമായതു കൊണ്ടായിരിക്കാം താളമുള്ള ഒരെഴുത്ത് കടന്നുവരുന്നത് എന്നേയുള്ളൂ. അതല്ലാതെ ബോധപൂര്‍വ്വമുള്ള ശ്രമമൊന്നും അതിന് പിന്നിലില്ല.
സാമൂഹികബോധവും പ്രതിഷേധവും ഹരിനാരായണന്റെ കവിതകളിലുണ്ട്. അത് ചിലപ്പോള്‍ സാമൂഹികജീവിയായതു കൊണ്ട് സംഭവിക്കുന്നതാവാം. പ്രണയത്തിന്റെ തീവ്രസമീപനങ്ങള്‍ എഴുത്തില്‍ എങ്ങനെയാണ് തെളിയുന്നത്, പ്രണയത്തോട് അത്രയധികം ആരാധനയാണോ?
സാമൂഹികപരിസരത്ത് ജീവിക്കുന്ന സാമൂഹികജീവിയായതിനാല്‍ കവിതകളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും. അത് പക്ഷെ ബോധപൂര്‍വ്വം ഉണ്ടാകുന്നതല്ല. എന്റെ ചില പാട്ടുകളിലും അത് കടന്നുവന്നിട്ടുണ്ട്. ഇപ്പോഴുള്ള പ്രധാനപ്രശ്‌നം ഒരു വിഷയത്തെ കുറിച്ച് പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ മറ്റൊരു വിഷയത്തെ കുറിച്ച് അഭിപ്രായം പറയാത്തതെന്തേ എന്നുള്ള ചോദ്യം നമ്മുടെ നേര്‍ക്ക് വരുന്നു എന്നതാണ്. പ്രതികരണം ആവശ്യമുണ്ട് എന്ന തോന്നലുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കവിതകളിലൂടെ അത് വരാറുണ്ട് എന്ന് മാത്രം. പ്രണയം ഏറെ സൗന്ദര്യമുള്ള ഒരു സംഗതിയാണ്. ധാരാളം പ്രണയഗാനങ്ങളും എഴുതിയിട്ടുണ്ട്. പ്രണയം അനുഭവിക്കാതെയും അതിനെകുറിച്ച് എഴുതാനാവുമെന്നാണ് എന്റെ പക്ഷം. പാട്ടെഴുതുമ്പോള്‍ ആ കഥാപാത്രത്തിന്റെ അനുഭവമാണ് പകര്‍ത്തുന്നത്. സ്വാനുഭവത്തെ വിട്ട് മറ്റൊരു വ്യക്തിയുടെ അനുഭവത്തെയോ മാനസികാവസ്ഥയേയോ സ്വാനുഭവമായി കണ്ട് ചിത്രീകരിക്കുകയാണ് പാട്ടെഴുത്തില്‍ ചെയ്യുന്നത്. അത്തരമൊരു രീതി കവിതയെഴുത്തിലും കടന്നുവരാറുണ്ട്.
ഏകദേശം നാല്‍പതിലേറെ കവിതകളുടെ സമാഹാരമാണ് നൂറ്റടപ്പന്‍, പല കാലങ്ങളിലായി എഴുതിയത്. ഒരുപക്ഷെ ഇതിലേറെ കവിതകള്‍ കൈവശമുണ്ടാകുമല്ലോ. എങ്ങനെയായിരുന്നു പുസ്തകത്തിലേക്കുള്ള കവിതകളുടെ തിരഞ്ഞെടുപ്പ്?
കവിയാകാനും കവിതയെഴുതാനും ഉള്ള ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. എന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നതുപോലെ ഞാന്‍ എഴുതുന്നത് ശരിയായിട്ടില്ല എന്നുള്ള ചില സുഹൃത്തുക്കളുടെ അഭിപ്രായവും എന്നാല്‍ എഴുതാതിരിക്കാനാവില്ല എന്ന എന്റെ ഉള്ളിലെ തോന്നലും തമ്മില്‍ എപ്പോഴും ഒരു കോണ്‍ഫ്‌ളിക്ട് ഉണ്ടാകാറുണ്ട്. എഴുതുന്നത് ശരിയല്ലെങ്കില്‍ എഴുതാതിരുന്നു കൂടേ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എനിക്കത് പറ്റുമായിരുന്നില്ല. കവിതകള്‍ പ്രസിദ്ധീകരണത്തിനയക്കാന്‍ മടിയായിരുന്നു. പലപ്പോഴും എഴുതി നാളുകള്‍ക്ക് ശേഷമാണ് അയക്കാറ്. പല കവിതകളും മടങ്ങിയിട്ടുണ്ട്. കവിതകള്‍ മടങ്ങുമ്പോള്‍ ഇനി അയക്കണ്ട എന്നൊരു തോന്നലുണ്ടാകും. പിന്നീട് പുതിയതെന്തെങ്കിലും എഴുതുമ്പോള്‍ പലരേയും കാണിച്ച് ഉറപ്പുവരുത്തിയിട്ടൊക്കെ അയക്കും. എഴുതി കുറച്ചുകഴിയുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നലുണ്ടാകുന്നതും പതിവാണ്. പുസ്തകത്തിന്റെ കാര്യം വന്നപ്പോള്‍ രാമേട്ടനാണ് (പി. രാമന്‍) കവിതകളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. അദ്ദേഹം തിരഞ്ഞെടുത്ത കവിതകളില്‍ നിന്ന് കുറച്ചെണ്ണം ഞാന്‍ ഒഴിവാക്കിയിരുന്നു. പിന്നീട് പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ആ കവിതകള്‍ ഒഴിവാക്കേണ്ടിയിരുന്നില്ല എന്നദ്ദേഹം പറയുകയും ചെയ്തു. പക്ഷെ എന്റെ കവിതകളില്‍ എന്തോ ഒരു പോരായ്മയുണ്ട് എന്നൊരു തോന്നല്‍ ഉള്ളിലുണ്ട്. അത് എഴുത്തിന്റെ ആദ്യകാലത്തൊക്കെ കവിത നന്നായില്ല എന്ന് പലരും അഭിപ്രായം പറഞ്ഞതില്‍ നിന്നായിരിക്കാം ആ തോന്നല്‍ ഉള്ളിലുറച്ചത്.
കവിയുടെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഓരോ കവിതയിലും. എങ്ങനെയാണ് താങ്കളുടെ എഴുത്തിന്റെ രീതി? പൊടുന്നനെ വരുന്ന വരികളാണോ അതോ ഒരു നാമ്പുണ്ടായി പിന്നീട് സമയമെടുത്ത് എഴുതുകയാണോ പതിവ്?
ചിലപ്പോള്‍ വളരെ സ്‌പൊണ്ടേനിയസ് ആയി കവിത വരാറുണ്ട്. ചിലപ്പോള്‍ ഒരാശയം ഉള്ളില്‍ കിടന്നിട്ട് പിന്നീട് കുറേകഴിഞ്ഞ് എഴുതാറുണ്ട്. എഴുത്ത് എന്ന ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ ഒറ്റയിരുപ്പില്‍ അവസാനിപ്പിക്കാറാണ് പതിവ്. അങ്ങനെയല്ലാതെ പകുതി വന്ന് ഉപേക്ഷിച്ചവയുണ്ട്, വീണ്ടുമെടുത്ത് തിരുത്തിയെഴുതിയവയുമുണ്ട്. പാട്ട് എഴുതുമ്പോള്‍ സ്വാഭാവികമായി എഴുത്ത് വരണമെന്നുണ്ടെങ്കിലും പലപ്പോഴും അങ്ങനെ വരാറില്ല, കാരണം സന്ദര്‍ഭോചിതമായ എഴുത്താണ് അവിടെ നടക്കുന്നത്. സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ അതിനൊരു സമയക്രമമുണ്ട്. സര്‍ഗ്ഗാത്മകപ്രക്രിയ എന്നതിനപ്പുറം ഒരു തൊഴില്‍ എന്ന നിലയിലും സമയബന്ധിതമായാണ് പാട്ടെഴുത്ത് നടക്കുന്നത്. സ്വാഭാവികമായി വരുമ്പോള്‍ മാത്രമാണ് കവിതയെഴുതേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. കുറേക്കാലം ഒരു കവിത പോലും എഴുതാതെ ഇരിക്കാറുമുണ്ട്.
കാവ്യാത്മകമായ പദങ്ങളുപയോഗിച്ച് എഴുതുമ്പോഴും 'ഇമോജിറാവു', 'സ്‌ക്വിറണ്ടൈന്‍' തുടങ്ങി പുതിയ ചില പദങ്ങള്‍ ഹരിനാരായണന്‍ കൊണ്ടുവന്നിരിക്കുന്നു. ബോധപൂര്‍വ്വമാണോ അത്തരം സമീപനങ്ങള്‍ നടത്തുന്നത്?

ക്കഴിഞ്ഞു. അതില്‍ നിന്നാണ് ഇമോജിറാവു വരുന്നത്. അതുപക്ഷെ ബോധപൂര്‍വ്വം കൊണ്ടുവന്നതൊന്നുമല്ല. അതിനെ ആധാരമാക്കി എഴുതിയപ്പോള്‍ ഇങ്ങനൊരു രൂപത്തിലായി എന്നുമാത്രം.
ചലച്ചിത്രഗാനരചയിതാവ് എന്ന നിലയിലാണ് മലയാളികള്‍ ഹരിനാരായണനെ ഏറെ പരിചയം. മലയാളികളുടെ കവിത ചലച്ചിത്രഗാനങ്ങളാണ് എന്ന് മുതിര്‍ന്ന എഴുത്തുകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ ശ്രീകുമാരന്‍ തമ്പി അടുത്തിടെ പറയുകയുണ്ടായല്ലോ. കവി കൂടിയായ താങ്കള്‍ അതിനെ എങ്ങനെ വിലയിരുത്തുന്നു?
കവികളായി ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വങ്ങളാണ് ചലച്ചിത്രഗാനരചയിതാക്കളായി കടന്നുവന്നവരില്‍ ഭൂരിഭാഗവുമെന്ന് മലയാളചലച്ചിത്രഗാനശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. ജി. ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്, ഭാസ്‌കരന്‍മാഷും വയലാറും യൂസഫലിസാറും ഒഎന്‍വിസാറും തമ്പിസാറുമൊക്കെ പാട്ടെഴുത്തുകാരും കവികളുമാണ്. അവരുടെ പാട്ടുകളില്‍ തീര്‍ച്ചയായും ഒരു കവിതയുണ്ടാവും. ഒരു സാധാരണമലയാളിയുടെ ഭാഷയെ ഒരുകാലത്ത് സിനിമാപാട്ടുകള്‍ വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്. കൂടുതല്‍ ജനകീയമായ ഒരു കലാരൂപമായതിനാലാവണം അങ്ങനെയുണ്ടായത്. കവിത പോലെയുള്ള പാട്ടുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയും അത് കവിത പോലെ കാണുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. എങ്കിലും കവിതയും പാട്ടും, രണ്ടും രണ്ട് വഴി തന്നെയാണ്. പാട്ടില്‍ കവിതയുണ്ടെങ്കിലും പാട്ടും കവിതയും രണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.
മുന്‍ഗാമികളോ സമകാലികരോ ആയ കവികളുടെ സ്വാധീനം ഹരിനാരായണന്റെ രചനയിലുണ്ടോ? ആരാധന തോന്നിയ കവികള്‍? സമകാലികരായ എഴുത്തുകാരുമായുള്ള ബന്ധം?
കുട്ടിക്കാലം മുതല്‍ വായിച്ചു വന്ന തുഞ്ചത്തെഴുത്തച്ഛന്റേതു മുതല്‍ എല്ലാ രചനകളുടേയും രചയിതാക്കളുടേും സ്വാധീനം എഴുതുന്ന എല്ലാവരിലുമുണ്ടാകും. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന് ഒരാളെ മാത്രം എടുത്തുപറയാനാവില്ല. കാരണം ഓരോരുത്തരുടേയും കവിതകളില്‍ ഇഷ്ടമാകുന്നവ ഉള്‍പ്പെടും. റഫീഖ് അഹമ്മദ് മുതല്‍ സമകാലികരായ ഓരോ കവികളോടും ബഹുമാനവും അടുപ്പവുമുണ്ട്. അവരെയൊക്കെ ഏറെ ആരാധനയോടെയാണ് കാണുന്നതും.
കവി എന്ന നിലയില്‍ ഹരിനാരായണന്‍ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്? എഴുത്തിന്റെ മറ്റു മേഖലകളിലേക്ക് കടക്കുന്നതിനെ കുറിച്ച്?
എനിക്ക് സ്വയം വിലയിരുത്താനൊന്നുമാവില്ല. കവിയായി അറിയപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഞാനൊരു കവിയാണോ എന്നൊരു സംശയത്തിലാണ് എന്റെ നില്‍പ്. എന്നെ ഒരു കവിയായി അടയാളപ്പെടുത്താന്‍ തന്നെ എനിക്ക് ചെറിയൊരു മടിയുണ്ട്. അത് നെഗറ്റീവായല്ല പറയുന്നത്. കുറേക്കൂടി ധ്യാനമുള്ള, കുറേക്കൂടി കാമ്പുള്ള കവിതകളാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..