ലഫ്. കേണൽ ഡോ. സോണിയ ചെറിയാൻ | Photo: Special arrangement
ഒരു ഇന്ത്യന്‍ പട്ടാളക്കാരിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ റെയിന്‍ബോ'. ഇന്ത്യന്‍ റെയിന്‍ബോയെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ലഫ്. കേണല്‍ ഡോ.സോണിയ ചെറിയാന്‍
ഒരു വനിതയുടെ പട്ടാളസ്മരണകള്‍ ആദ്യമായിട്ടാണ് മലയാളവായനക്കാര്‍ക്കു മുമ്പിലെത്തുന്നത്. ഒരു ബി.ഡി.എസ്സുകാരിക്ക് തന്റെ കരിയറില്‍ ലഭിക്കാവുന്ന ഏറ്റവും മഹത്തായ കാലയളവാണ് താങ്കള്‍ ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
എവിടെപ്പോയാലും കയ്യില്‍ ഒരു ബുക്കും പെന്നും കാണും. കുഞ്ഞിലെ തൊട്ടുള്ള ശീലമാണത്. കാണുന്ന കാഴ്ചകള്‍, മനസിനെ തൊട്ട മനുഷ്യര്‍, എല്ലാം നോട്ട്ബുക്കില്‍ വെറുതെ കോറിവരച്ചു വെയ്ക്കും. സ്‌കൂളില്‍ ടീച്ചേഴ്സിന്റെ വഴക്ക് ഏറ്റവും കിട്ടിയിട്ടുള്ളത് അതിനായിരുന്നു- പുസ്തകങ്ങളില്‍ വരയ്ക്കുന്നതിന്. എല്ലായിടത്തും വരച്ചുവെക്കുമായിരുന്നു. ടെക്സ്റ്റ് ബുക്കിലും കോപ്പി ബുക്കിലും വരെ. അതിനൊരു പരിഹാരം എന്ന നിലയിലാണ് വരയ്ക്കാന്‍ മാത്രമായി ഒരു നോട്ട് ബുക്ക് വെക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചത്. അത് പിന്നെ ശരീരത്തിന്റെ ഭാഗം പോലെയായി. ആ നോട്ട്പാഡ് നിറയെ കുത്തി വരച്ച സ്‌കെച്ചുകള്‍, ചിലപ്പോഴൊക്കെ കൂടെ കുറിച്ചിടുന്ന ഒന്നോ രണ്ടോ വരികള്‍.
മിലിറ്ററിയില്‍ ഫീല്‍ഡ് പോസ്റ്റിംഗുകളിലാണ് ഏറ്റവും കൂടുതല്‍ യാത്രകള്‍ വേണ്ടി വരിക. ഫീല്‍ഡില്‍ കോംബാറ്റാണല്ലോ വേഷം. കോംബാറ്റ് യൂണിഫോമിന് നിരവധി പോക്കറ്റുകളുണ്ട്. വലതുവശത്തെ പോക്കറ്റിലെപ്പോഴും ഒരു നോട്ട്പാഡ് കാണും. പേന വെക്കാനുള്ള ഇടത് തോളിലെ പോക്കറ്റില്‍ നിറമുള്ള പേനകളും.
മാതൃഭൂമി വാരാന്തപ്പതിപ്പിനു വേണ്ടി പട്ടാള ഓര്‍മ്മകള്‍ എഴുതിക്കൂടേ എന്ന് എഡിറ്റര്‍ ശ്രീകാന്ത് കോട്ടക്കല്‍ ചോദിച്ചപ്പോള്‍ പണ്ടത്തെ നോട്ട് പാഡുകളാണ് ആദ്യം തിരഞ്ഞത്. ഒന്നും കളഞ്ഞിട്ടില്ല - സൂക്ഷിച്ച് വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ, എവിടുന്ന് കിട്ടാന്‍? എത്രയാ ട്രാന്‍സ്ഫറുകള്‍. പുസ്തകങ്ങളുടെ തന്നെ പലപല പെട്ടികള്‍. പല പെട്ടികളും കാലങ്ങളായി തുറക്കാതെ കിടക്കുന്നു. കുറച്ചെണ്ണം കിട്ടി. മിക്കതും കിട്ടിയില്ല. എങ്ങനെ എഴുതും എന്നൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ, എനിക്കു തോന്നുന്നു ഒരിക്കല്‍ വരച്ച കാര്യങ്ങള്‍ മനസില്‍നിന്ന് മായുന്നില്ല. തലച്ചോറില്‍ കോറിയിട്ട പോലെ തന്നെ. ശരിക്കും ഓര്‍മച്ചിത്രങ്ങള്‍.
എഴുതിത്തുടങ്ങിയപ്പോള്‍ ഓര്‍മ്മകളുടെ പിരിയന്‍ ഗോവണിയുടെ ഓരോ തിരിവിലുംനിന്ന് ഓരോരോ അടരുകള്‍ ചിറകുവിരിച്ച് എന്ന പോലെ ഇറങ്ങിവന്നു. അടുക്കിമടക്കിവെച്ച ചൈനീസ് വര്‍ണ്ണ വിശറികള്‍ വിടര്‍ന്നു വരുമ്പോലെ. ഓര്‍ത്തിരിക്കാന്‍ മാത്രം നല്ലവരായ എത്ര മനുഷ്യരാണ് പിന്നിട്ട വഴികളില്‍ എന്ന ഓര്‍മതന്നെ കണ്ണുനിറയിച്ചു. ഈ സ്നേഹങ്ങളും യാത്രകളും ഓര്‍മ്മകളും ഒന്നുമില്ലായിരുന്നെങ്കില്‍ എത്ര വരണ്ടതായിപ്പോയേനേ ജീവിതം എന്ന്!
.jpg?$p=896ccad&&q=0.8)
വളരെ പേഴ്സണലായി പറഞ്ഞാല്‍ ഈ ഓര്‍മയെഴുത്തില്‍ ഞാന്‍ വക്കോളം നന്ദിയുള്ളവള്‍ ആണ്. നിനച്ചിരിക്കാതെ, ഒരു പക്ഷെ, കുറച്ചധികം നേരത്തെ റിവേഴ്സില്‍ ജീവിതത്തെക്കാണാനുളള ഒരവസരമാണ് കിട്ടിയത്. മുന്നില്‍നിന്ന് പുറകോട്ട് നോക്കുമ്പോള്‍ എല്ലാം ഭംഗിയുള്ളതായിരുന്നുവെന്നു കാണുന്നു. സങ്കടങ്ങള്‍ പോലും നല്ലതായിരുന്നു, നല്ലതിനായിരുന്നു എന്ന ഒരു കാഴ്ച. ആ കാഴ്ച എന്നെ ശുദ്ധീകരിക്കുന്നുണ്ട്.
ഇന്ത്യന്‍ റെയിന്‍ബോ വായിക്കുമ്പോള്‍ ഇന്ത്യന്‍ സൈനിക സംവിധാനത്തിലൂടെ വായനക്കാരും നടന്നുകയറുകയാണ്. ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായി പറയൂ പട്ടാളജീവിതത്തെക്കുറിച്ച്...
ഒരു പൂക്കുടയായാണ് പട്ടാളം എന്റെ മുന്നില്‍ വന്നത്. അഞ്ചു വയസുകാരിക്കുട്ടിക്ക് സമ്മാനം കിട്ടിയ പല വര്‍ണങ്ങളുള്ള ഒരു കുട്ടിക്കുട . ജൂണ്‍ മഴയിലൂടെ എല്ലാ കുഞ്ഞുങ്ങളും കറുത്ത ശീലക്കുട പിടിച്ച് സ്‌കൂളില്‍ പോയപ്പോള്‍ അതിനിടയിലൂടെ തിളങ്ങുന്ന പൂക്കുട കറക്കിക്കറക്കി, ഗമയില്‍ വെള്ളമൊക്കെ ചവിട്ടിത്തെറിപ്പിച്ച് അന്നത്തെ ഒരൊന്നാം ക്ലാസുകാരി. പട്ടാളത്തില്‍ ഉണ്ടായിരുന്ന അമ്മാവന്‍ പിരിഞ്ഞു പോരുംനേരം ബാഗ്ദോഗ്രയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന് സമ്മാനിച്ചതാണ് അത്. അങ്ങനെയാണ് പട്ടാളം എന്ന വാക്ക് ഒരു മഴവില്‍ പൂക്കുടയായി കുട്ടിമനസില്‍ പതിഞ്ഞത്. പിന്നെ മിലിറ്ററിയില്‍ ജോയിന്‍ ചെയ്ത് കണ്‍ടോണ്‍മെന്റുകളില്‍നിന്ന് കണ്‍ടോണ്‍മെന്റുകളിലേക്കുള്ള പറിച്ചുനടലുകളിലും നിരന്തര യാത്രകളിലും മനസില്‍ ഒരു പ്രതീകം പോലെ ഈ പലവര്‍ണ പൂക്കുട നിന്നു.
ഒരു പക്ഷെ വളരെ മോണോട്ടോണസ്, പകിട്ടില്ലാത്തത്- ആകെ മുഷിഞ്ഞത് എന്നൊക്കെ പുറമെനിന്ന് തോന്നാവുന്ന ക്യാമ്പ് ജീവിതത്തില്‍ ഞാന്‍ കണ്ടതും ഈ നിറങ്ങളുടെ ആധിക്യമാണ്. പല ദേശക്കാര്‍, പല പല ഭാഷക്കാര്‍ അവരുടെ നാടിന്റെ വര്‍ണപ്പൊലിമകള്‍, കള്‍ച്ചറല്‍ ട്രേസുകള്‍ ഈ നരച്ച കൂടാരങ്ങളിലേക്ക് ഏറ്റി വരുന്നതും അത് പിന്നെ വര്‍ണങ്ങളുടെ സമന്വയമാകുന്നതും. ഒരു മനസും ഒരു ശരീരവുമെന്നതുപോലെ ഒരുമിച്ച് നിന്ന് പടവെട്ടുമ്പോഴും ഉള്ളില്‍ നിറങ്ങള്‍ സൂക്ഷിക്കുന്ന മനുഷ്യരെയാണ് കണ്ടത്. തൊങ്ങലുകളും പുറംപൂച്ചുകളും വെച്ചുകെട്ടലുകളുമൊന്നുമില്ലാത്ത പച്ച മനുഷ്യര്‍. പടക്കളത്തില്‍ പോലും സ്നേഹത്തിന്റെ നൂലുകളില്‍ തമ്മില്‍ കൊരുത്തുകോര്‍ക്കുന്നവര്‍. കഠിനകാലങ്ങളില്‍ കൂടുതല്‍ മൃദുവാകുന്നവര്‍... ഒടിച്ചെറിയുന്ന ദിശകളില്‍ പോലും വേരു പിടിച്ച് അവിടെത്തന്നെ പൂത്തുതളിര്‍ക്കുന്ന ചില ചെടികളുണ്ട്. അതുപോലെ കഠിന കാലാവസ്ഥകളിലും ദുരിത കാലങ്ങളിലും തങ്ങളാലാവുംവിധം സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യര്‍. അലയുന്നവരുടെ അലങ്കരിച്ച ആകാശങ്ങള്‍....
സങ്കടപ്പെടുമ്പോഴൊക്കെ നമുക്കൊരു യാത്ര പോകണമെന്ന് പറഞ്ഞ അപ്പ, ലിംഗവേര്‍തിരിവുകളില്ലാത്ത തീന്‍മുറി, സുതാര്യമായ കുടുംബം. ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍ എന്ന പട്ടാളക്കാരിയുടെ പിന്‍ബലങ്ങളെക്കുറിച്ച്..
മലയോര ഗ്രാമമാണ് എന്റേത്. വടക്കേ മലബാറിലെ ഒരു നാട്ടിന്‍പുറം. സ്‌കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കള്‍. സ്‌കൂളിനെ ചുറ്റിക്കറങ്ങിയൊരു കുട്ടിക്കാലം. സ്‌കൂളും ടീച്ചേര്‍സും കുട്ടികളും അവരുടെ മാതാപിതാക്കളും നാട്ടുകാരും എല്ലാം ചേര്‍ന്ന് സുന്ദരമായ ഒരു എക്കോസിസ്റ്റം. മുത്തപ്പന്‍ മഠപ്പുരയിലെ തിറയും പള്ളിപ്പെരുന്നാളും സ്‌കൂള്‍ ആനിവേഴ്സറിയും എല്ലാം എല്ലാവരുടെയും ആഘോഷങ്ങള്‍. അപ്പയും അമ്മയും നന്നായി വായിക്കുമായിരുന്നു. ഞങ്ങള്‍ക്കും പുസ്തകങ്ങളൊക്കെ ഇഷ്ടം പോലെ വാങ്ങിത്തരും. തവണവ്യവസ്ഥയില്‍ പണമടച്ച് അവര്‍ വാങ്ങിത്തന്നിരുന്ന പുസ്തകങ്ങളും മാസികകളും സ്‌കൂള്‍ ലൈബ്രറിയിലെയും ഗ്രാമീണ വായനശാലയിലെയും പുസ്തകങ്ങളും. ഇതൊക്കെ തന്നെ അടിസ്ഥാനം. ഒരു വേര്‍തിരിവും ഒരിടത്തും തോന്നിയിട്ടില്ല, സ്‌കൂളിലായിരുന്നാലും വീട്ടിലായിരുന്നാലും.
ഓരോ കാഴ്ചകളും പൂക്കളും കിളികളും പൂമ്പാറ്റകളും കാട്ടിത്തന്ന് കഥ പറയുംനേരം അതിന്റെ സയന്‍സും കൂടെ പറഞ്ഞു തരും അമ്മ. അമ്മമ്മയില്ലാത്തതിന്റെ കുറവുതീര്‍ക്കാന്‍ അത്രയും കൂടുതല്‍ കഥകളും പാട്ടുകളും പറഞ്ഞ് തന്നിട്ടുണ്ട്. ചുറ്റുവട്ടത്തുമുളള സകല പരിപാടികള്‍ക്കും കൊണ്ടുപോകും. ക്വിസ് മത്സരങ്ങള്‍, പ്രസംഗ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, ക്യാമ്പുകള്‍ എല്ലാം.
മുറ്റത്തെ കട്ടച്ചുവപ്പ് അശോകച്ചെത്തിയില്‍ പറന്നിരിക്കുന്ന മഞ്ഞപ്പുള്ളികളുള്ള വലിയ കറുപ്പന്‍ പൂമ്പാറ്റകളെ പിടിച്ച് വയറില്‍ നൂലുകെട്ടി പറത്തിക്കാന്‍ തന്നിരുന്നതിനൊഴിച്ചാല്‍ അമ്മയോടോ കുട്ടിക്കാലത്തിനോടോ ഒന്നിനും പരിഭവമില്ല. (വയറ് മുറിഞ്ഞു പോയ പൂമ്പാറ്റകളെക്കുറിച്ചൊരു കുഞ്ഞുകുറ്റബോധം മനസില്‍ ഇപ്പോഴും ബാക്കി കിടപ്പുണ്ട്.) കൂട്ടുകാര്‍- എഴുതൂ എഴുതൂ എന്നുപറഞ്ഞ് എഴുതിക്കുന്ന പ്രിയപ്പെട്ട കൂട്ടാണ് ഏറ്റവും വലിയ പിന്‍ബലം. യാത്രയ്ക്കും എഴുത്തിനും ഇഷ്ടമുള്ളതിനെല്ലാം കൂടെനില്‍ക്കുന്ന പങ്കാളി. നിനക്കിഷ്ടമുള്ളത് നീ ചെയ്യൂ ഏതിനും കൂടെയുണ്ടാവും എന്ന വലിയ ഉറപ്പ്. പൊന്നുമക്കളും അതു പോലെതന്നെ.
പ്രതിരോധസേനയില്‍ ജോലിചെയ്യുക എന്നത് വലിയൊരു ഭാഗ്യവും സ്വപ്നവുമാണ്; പട്ടാളക്കാരിയാവാന്‍ തീരുമാനിച്ചതെപ്പോഴായിരുന്നു. എങ്ങനെയായിരുന്നു തുടക്കകാലങ്ങള്‍?
ഹൗസ് സര്‍ജന്‍സി തൊട്ടേ പട്ടാളത്തില്‍ ചേരാന്‍ ആശയുണ്ടായിരുന്നു. ക്ലാസ്മേറ്റ്സ് കുറേ പേര്‍ അന്നത്തെ ഇന്റര്‍വ്യൂവിന് പോയിരുന്നു. അന്ന് പക്ഷെ കൂടെ പോകാനായില്ല. 2000-ത്തില്‍ ഇന്റര്‍വ്യൂവിന് പോയി. സെലക്ഷന്‍ ലഭിച്ചില്ല. ഒടുവില്‍ 2002-ലാണ് സെലക്ഷന്‍ കിട്ടിയത്.
2002-ലെ ഓപ് പരാക്രമകാലത്താണ് ഞാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോയിന്‍ ചെയ്യുന്നത്. 2001 ഡിസംബര്‍ 14 നു നടന്ന പാര്‍ലമെന്റ് ഭീകരാക്രമണം... അതിന്റെ കാരണക്കാരായ ഭീകരസംഘടനകളെ പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാനോടുള്ള പകരത്തിനായി ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ അതിരുകളിലേക്കും നടത്തിയ തിടുക്കത്തിലുള്ള മിലിറ്ററി മൊബിലൈസേഷന്‍. വടക്കേ ഭാരതത്തിലെ കൊടുംതണുപ്പിനിടയിലും അതിവേഗം അതിര്‍ത്തികളിലെത്തി, പടയൊരുക്കം നടത്തുന്ന സൈന്യം. ഒരു ആണവയുദ്ധം ഒഴിവാക്കാനായി കഠിനമായി പരിശ്രമിക്കുന്ന അന്തര്‍ദേശീയ നയതന്ത്ര വിദഗ്ദര്‍, ഏതു നിമിഷവും ആരംഭിക്കാവുന്ന യുദ്ധത്തിന് സര്‍വ്വസന്നാഹങ്ങളുമായി മൈന്‍ ഫീല്‍ഡുകള്‍ വിതച്ച് ഉറക്കമിളച്ച് കാവലിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ സൈനികര്‍. 1972നുശേഷം നടന്ന ഏറ്റവും വലിയ ഇന്ത്യന്‍ സൈനിക മൂവ്മെന്റായിരുന്നു അത്.
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ഡിപ്ലോയ് ചെയ്തിട്ടുള്ള സ്ട്രൈക്ക് കോറിന്റെ ഭാഗമായ ഫീല്‍ഡ് ഹോസ്പിറ്റലിലേക്കായിരുന്നു നിയമനം. യുദ്ധത്തിന് തയ്യാറായിനില്‍ക്കുന്ന ഏറ്റവും അഗ്രസീവ് ആയിട്ടുളള ഒരു ആര്‍മിയെയാണ് ഞാനാദ്യം കാണുന്നത്. അന്ന് ഞങ്ങളുടെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഞാന്‍ മാത്രമായിരുന്നു സ്ത്രീ. ടെന്റിലാണ് ജീവിതം. രാത്രി ചാര്‍പായ്കള്‍ വലിച്ച് പുറത്തേക്കിട്ട് ആകാശത്തില്‍ കീഴില്‍ ഉറക്കം. എല്ലാവരുമുണ്ടാവും. കൂടാരരാത്രികള്‍ എന്ന രണ്ടാമത്തെ അധ്യായത്തില്‍ തുടക്കക്കാലം വിശദമായി എഴുതിയിട്ടുണ്ട്.
ഓപ് പരാക്രം കഴിയുംവരെ നീണ്ടു ആ കൂടാരജീവിതം. ഇത്രയും പുരുഷന്‍മാരുടെ കൂടെ ഒറ്റ സത്രീയായി ജീവിച്ചിട്ടും തനിച്ചാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്നതാണ്. അഥവാ അങ്ങനെ തോന്നാന്‍ എന്റെ കൊമ്രേഡ്‌സ് അനുവദിച്ചിട്ടില്ല. കോംബാറ്റ് യൂണിഫോമില്‍ ഞാനവര്‍ക്ക് ലെഫ്റ്റനന്റ് സോണിയ മാത്രമായിരുന്നു. അവരുടെ സ്വന്തം ഡോക്ടര്‍ സാബ്. Fellow Soldier.
സ്ത്രീകള്‍ക്ക് പൊതുവില്‍ പ്രതിരോധസേനയോട് വിമുഖതയുള്ള കാലത്തെ പട്ടാളക്കാരി എന്ന നിലയില്‍ സഹപ്രവര്‍ത്തകരായ പട്ടാളക്കാരികളെക്കുറിച്ച് പറയൂ.
അന്നും പെണ്‍കുട്ടികള്‍ക്ക് വലിയതാല്പര്യം ഉണ്ടായിരുന്നു. ഇന്റര്‍വ്യൂവിന് അപ്പിയര്‍ ചെയ്യാനുമുണ്ടായിരുന്നു ധാരാളം സ്ത്രീകള്‍. പക്ഷേ കുറച്ചുപേര്‍ക്കേ സെലക്ഷന്‍ ഉണ്ടായുള്ളൂ. സഹപ്രവര്‍ത്തകര്‍ കോമ്രേഡ്സ് ഇന്‍ കോംബാറ്റ് മിടുമിടുക്കികള്‍ ഒരുപാട് പേര്‍. ഡോക്ടര്‍മാരും അല്ലാത്തവരും ഒക്കെ. ഹെലികോപ്റ്റര്‍ പൈലറ്റുമാരും ഫോര്‍വേര്‍ഡില്‍ ടാങ്കുകള്‍ കടത്താന്‍ പാലം പണിയുന്ന എഞ്ചിനീയേഴ്സും മൗണ്ടനീര്‍സും ഒക്കെയുണ്ട്. പല ദേശങ്ങളില്‍ നിന്നുള്ളവരാണെങ്കിലും ഒരേദിശയില്‍ ചിന്തിച്ച, ഒരേതരം ജീവിതം ആശിച്ച പെണ്ണുങ്ങളായതിനാല്‍ മനപ്പൊരുത്തം നന്നായുണ്ട്. കൂട്ടുകൂടാന്‍ എളുപ്പം.
മേജര്‍ തസ്നീമിന് മുന്‍വരിയില്‍ തന്നെ ഒരു പൊട്ടിയ പല്ലുണ്ട്. നമ്മുടെ കണക്കില്‍ അത് പുഞ്ചിരിക്കൊരു ബ്ലാക്ക്മാര്‍ക്കാണ്. കോസ്മെറ്റിക് ട്രീറ്റ്മെന്റ് നടത്തി ആ പല്ല് ഭംഗിയാക്കിത്തരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന്, അതവിടെ ഇരുന്നോട്ടെന്ന്. അത് അവളുടെ ആദ്യത്തെ പാരാജമ്പിന്റെ മൊമന്റോയാണെന്ന്. പാരച്യൂട്ട് ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ് തസ്നീം. ചുവന്ന ബെറെയും (Berret cap) നെഞ്ചില്‍ വിടര്‍ന്ന ചിറകുകളുടെ ബാഡ്ജും അഭിമാനത്തോടെയണിഞ്ഞ് നടക്കുന്ന സുന്ദരിമാരിലൊരാള്‍. സൗന്ദര്യസങ്കല്പങ്ങളൊക്കെ തകിടം മറിക്കുന്നു ഈ പുലിക്കുട്ടികള്‍! കുറച്ചുപേരെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഭൈരവിയെക്കുറിച്ച് 'വേനലിലെ പഴമരങ്ങള്‍'എന്ന അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോറിന്റെ മിടുക്കിയായ സര്‍ജന്‍, രാജസ്ഥാന്‍കാരി. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ കഥയാണ് അവളുടേത്. ഒരു ശൈശവവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട് പോന്നതാണവള്‍.
ചെന്നൈയുടെ ചാപ്റ്ററില്‍ പറയുന്ന മേജര്‍ അഗമേന്തി. അനാഥാലയത്തില്‍ വളര്‍ന്നവള്‍. ഓഫീസര്‍ മെസിലെ ഡൈനിങ്ങ് ടേബിളിലിരുന്ന് അവള്‍ സ്വന്തം കഥ പറഞ്ഞുതന്നു. അച്ഛനും അമ്മയും മരിച്ചുപോയ രണ്ടുകുട്ടികള്‍ തമ്മില്‍ തുണയായി നിന്ന് ജീവിതത്തോട് പൊരുതിയ കഥയാണത്. തമിഴ്സിനിമാ നടന്‍ സൂര്യയുടെ അഗരം ഫൗണ്ടേഷനാണ് അവളെ മെഡിസിന്‍ പഠിപ്പിച്ചത്. തന്നെ ഇത്രയും സപ്പോര്‍ട്ട് ചെയ്ത സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണം എന്ന ആശയിലാണ് അവള്‍ പട്ടാളത്തില്‍ ചേര്‍ന്നത്.
(ഇപ്പോഴും സര്‍വ്വീസില്‍ ഉള്ളവരായതിനാല്‍ ഇവരുടെയൊക്കെ പേര് മാറ്റിയാണ് പറഞ്ഞിരിക്കുന്നത്.)
ജീന്‍സിന്റെ പോക്കറ്റില്‍ ജോയിനിങ് ലെറ്റര്‍ വിയര്‍ത്തുകിടക്കുന്നു. ഒരുപാട് മോഹിച്ചുകിട്ടിയ നിയമനം. അതിര്‍ത്തിയിലുള്ള ഹോസ്പിറ്റലിലാണ് നിയമനം എന്നറിഞ്ഞിട്ടും ചേരാന്‍ തീരുമാനിക്കുന്നു. കാലം പോകവേ ആ തീരുമാനം വേണ്ടായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?
No Never . ഒരിക്കലും തോന്നിയിട്ടില്ല.
പട്ടാളത്തില്‍ ചേരുമ്പോള്‍ എത്ര വയസ്സുണ്ടാവും?
28
വിശക്കുമ്പോള്‍ എന്തും കഴിക്കാം; കഴിക്കണം... ഒരു പട്ടാളക്കാരിയുടെ ആദ്യപാഠം. വിശന്ന് ഇരിക്കേണ്ടി വന്നിട്ടുണ്ടോ?
വിശക്കുമ്പോള്‍ എന്തും കഴിക്കും എന്ന പോളിസി സ്വീകരിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഒരുപാട് തവണയൊന്നും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. ഒരുമിച്ചുള്ള യാത്രകളില്‍ ആരുടെയെങ്കിലും കൈയ്യില്‍ എന്തെങ്കിലും പാക്ക്ഡ് ഫുഡ് കാണും. അത് പങ്കുവെച്ച് എല്ലാവരും കൂടെ കഴിക്കും. ഏതുനാട്ടിലെ ഏതുതരം ഭക്ഷണവും കഴിക്കാന്‍ മടിയോ പ്രശ്നമോ ഉണ്ടാകാറില്ല. അത് പട്ടാളക്കാര്‍ക്ക് എല്ലാവര്‍ക്കും അങ്ങനെ തന്നെ.
രാജസ്ഥാന്‍ അതിര്‍ത്തിയിലായിരുന്നു. തല്‍ക്കാലത്തേക്ക് വലിച്ചുകെട്ടിയ ടെന്റിലേക്ക് രണ്ടു കൈയിലുമായി ഒരു ലോക്കിയും (ഒരു തരം വലിയ നീണ്ട കുമ്പളങ്ങ) താങ്ങിപ്പിടിച്ച് വന്ന പിഞ്ഞിക്കീറിയ ഉടുപ്പിട്ട ഒരു ചെറിയ കുട്ടി. ആ അതിര്‍ത്തി ഗ്രാമത്തിലെ കുട്ടിയാണ്. അവന്റെ പുരയിടത്തില്‍ വിളഞ്ഞതാണത്. പട്ടാളക്കാര്‍ക്ക് സമ്മാനിക്കാനായി പൊട്ടിച്ച് കൊണ്ടുവന്നതാണ്. അന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ ലങ്കറില്‍ ലോക്കിക്കറി വെച്ചു. ചില കുമ്പളങ്ങകള്‍ക്ക് ചിലപ്പോള്‍ രുചിയേറും.
ഭാര്യയും ഭര്‍ത്താവും മിലിറ്ററി ഡോക്ടര്‍മാര്‍. ഇന്ത്യന്‍ ആര്‍മി നിങ്ങള്‍ക്ക് ഒരു കുടുംബകാര്യം പോലെ.
അങ്ങനെയുള്ള മിലിറ്ററികുടുംബങ്ങള്‍ ഒരുപാടുണ്ട് നമ്മുടെ ആര്‍മിയില്‍. ഇവിടെ ഞങ്ങള്‍ രണ്ടാളും മാത്രമല്ലേ, ചിലരുടെയൊക്കെ വീട്ടില്‍ നാലാളും പട്ടാളത്തിലാണ്! കുട്ടികളും മിലിറ്ററിയില്‍ തന്നെ ചേരും. മുതുമുത്തശ്ശന്‍തൊട്ട് ബ്രിട്ടീഷ് ആര്‍മിയിലുണ്ടായിരുന്ന തേര്‍ഡ് ജനറേഷന്‍-ഫോര്‍ത് ജനറേഷന്‍ ആര്‍മിക്കാരെയൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്. സിക്കുകാരും ജാട്ടുകളും ഗഡ്വാളികളുമൊക്കെയായ ചില കുടുംബങ്ങള്‍ക്ക് പട്ടാളം അവരുടെ കുടുംബ പാരമ്പര്യമാണ്-ലൈഫ് സ്റ്റൈലാണ്! ഞങ്ങള്‍ക്ക് ഒരു മിലിറ്ററി ജീന്‍ ഉണ്ട് എന്നാണ് അവര്‍ കൂളായി പറയുക!
.jpg?$p=cc29bd4&&q=0.8)
യാത്രകള്‍, ഗോത്രങ്ങള്‍, കഥകള്‍, ജീവിതങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയവയുടെ സമ്മേളനമാണ് 'ഇന്ത്യന്‍ റെയിന്‍ബോ'യില്‍ കാണുന്നത്. ആദ്യപുസ്തകം ആത്മകഥപോലെ മനോഹരം. ഇത്തരത്തിലൊരു രചനയ്ക്ക് കാരണമായത്?
യാത്രതന്നെ ജീവിതമാകുമ്പോള്‍ അഥവാ ജീവിതംതന്നെ യാത്രയാവുമ്പോള്‍, എന്റെ അമ്മ പറയുമ്പോലെ മുതുകില്‍ പുരവെച്ച് കെട്ടി നടക്കുമ്പോള്‍..! ആദ്യമൊക്കെ മടുപ്പ് തോന്നുമായിരുന്നു. തവിട്ടു നിറമുള്ള പച്ചപ്പിന്റ പൊടിയില്ലാത്ത ഊഷരദേശങ്ങള്‍. നമ്മുടെ നാടുമായാണ് താരതമ്യം ചെയ്യുക. കേരളത്തിന്റെ പച്ചയും വെള്ളവും എവിടെ കിട്ടാന്‍. ആദ്യത്തെ ഉത്തരേന്ത്യന്‍ വാസം ഹരിയാനയിലെ രോത്തക്കില്‍. ഭര്‍ത്താവ് അവിടെ പോസ്റ്റഡ് ആയിരുന്നു.
ജാട്ട് ഹൃദയഭൂമിയാണ് രോത്തക്. കുഞ്ഞൊരു പട്ടണമാണ്. ദേവിലാലിന്റെയും ഓംപ്രകാശ് ചൗത്താലയുടെയും പരുക്കന്‍ നാട്. ഉരത്ത ശബ്ദത്തില്‍ ധിക്കാരം പോലെ സംസാരിക്കുന്ന ആജാനുബാഹുക്കളുടെ നാട്. ജാട്ട് ലാന്റാണ്. നിറച്ചും ഗുസ്തിക്കളങ്ങളും കടുകുപാടങ്ങളും. വൈകുന്നേരം ഗ്രാമങ്ങളിലൂടെയെങ്ങാന്‍ പോയാല്‍ ഒരു മണമുയര്‍ന്ന് പൊങ്ങിയങ്ങ് വരും. ഉണങ്ങിയ ചാണകവരലി കത്തിച്ച് സൂഖാറൊട്ടിയുണ്ടാക്കുന്ന മണം. നെഞ്ചെരിക്കുന്ന മണമാണ്. ശ്വാസം മുട്ടും. നെല്ലുകുത്തരി വേവുന്ന മണത്തിനു വേണ്ടി ശ്വാസകോശം കൊതിക്കും. ഈ ഗന്ധത്തോടൊപ്പം സഹിക്കവയ്യാത്ത ഒരു സങ്കടം വയറില്‍ നിന്ന് കൊളുത്തിക്കേറി വരും. നാട്ടിലേക്ക് ഓടിപ്പൊക്കാന്‍ തോന്നും.
മദ്രാസി എന്ന് മാത്രമറിയാവുന്ന മനുഷ്യര്‍. കേരളമെന്നത് കേട്ടിട്ടേയില്ലാത്തവര്‍. 2001-ലാണ്. 22 കൊല്ലം മുന്നെയാണ്. ഇപ്പോള്‍ വ്യത്യാസമുണ്ടായിട്ടുണ്ടാവുമോ ആവോ. മദ്രാസല്ല കേരളമാണ്, കേരളം കേരളമെന്ന് പറഞ്ഞ് പറഞ്ഞ് മലയാളിയെന്ന അഭിമാനം നിലച്ചുപോയ സമയം. പൂര്‍ത്തീകരിക്കാനായിട്ട് ഒരു തവണ പോസ്റ്റ് ഓഫീസില്‍ ചെന്ന് നാട്ടിലേക്ക് കത്ത് പോസ്റ്റ് ചെയ്തപ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ തിരിച്ചു വിളിക്കുന്നു. കേരളത്തിലേക്ക് പോസ്റ്റ് ചെയ്ത കത്തില്‍ ഫോറിന്‍ സ്റ്റാംപ് ഒട്ടിക്കണമത്രെ. തലയില്‍ കൈ വെച്ച് പോയി. ചുവരില്‍ തൂങ്ങിക്കിടന്ന ഇന്ത്യയുടെ ഭൂപടമെടുത്ത് അയാളുടെ മുന്‍പിലത്തെ മേശയില്‍ വെച്ച് കാണിച്ച് ' ഇതാ കേരളം. കേരള. ഇത് ഇന്ത്യന്‍ ഭൂപടത്തിന്റെ അകത്തോ പുറത്തോ' എന്ന് ചൂടായി. വല്ലാതെ സങ്കടപ്പെട്ടു പോയി അന്ന്. ഇതൊക്കെ പറഞ്ഞ് വിഷമിച്ച് ഫോണ്‍ വിളിച്ച അന്നാണ് പ്രിയപ്പെട്ട സുഹൃത്ത് ചോദിക്കുന്നത്; 'ഈ പുതുമകളെല്ലാം ഒരു കൗതുകമായി കണ്ടുകൂടേ എന്ന്'. ഈ മിലിറ്ററി ലൈഫ് തന്നെ നീണ്ട ഒരു യാത്രയെന്ന് കരുതിക്കൂടേ.. ഒരു പക്ഷെ ഒരു കണ്‍ഡക്ടഡ് ടൂര്‍? എല്ലാ സ്ഥലങ്ങളിലെയും പുതിയ വിസ്മയങ്ങള്‍ക്ക് കുഞ്ഞുങ്ങളെപ്പോലെ കാതോര്‍ത്തു കണ്ണു ചേര്‍ത്ത്..?' പിന്നെ അങ്ങനെയൊന്ന് മാറി ചിന്തിക്കാന്‍ തുടങ്ങി. എല്ലാറ്റിനെയും കുറച്ച് മാറി നിന്നൊന്ന് കാണാനും.
അതിനു ശേഷമാണ് എല്ലാമിത്രയും ഭംഗിയായി തോന്നാന്‍ തുടങ്ങിയത്. നമ്മെപ്പോലെയല്ലാത്ത മനുഷ്യരോടും നാടുകളോടും പുതുസ്നേഹത്തോടെ ഇടപെട്ട് തുടങ്ങിയത്. അവരുടെ ഓരോ വ്യത്യാസങ്ങളും സാമ്യങ്ങളുമൊക്കെ കൗതുകത്തോടെ നിരീക്ഷിച്ച് തുടങ്ങിയത്. അപ്പോള്‍ മുതല്‍ ഓരോ ദേശങ്ങളും കൂടുതല്‍ കൂടുതല്‍ പുതുമകള്‍ തന്നു തുടങ്ങി. പരിചയമില്ലാത്ത രുചികളും ഗന്ധങ്ങളുമായി രസമുകുളങ്ങള്‍ പൊരുത്തപ്പെടാന്‍ തുടങ്ങി. അവ പ്രിയപ്പെട്ടതാകാനും. ഓരോ സ്ഥലങ്ങളിലുമെത്തുമ്പോള്‍ മൂന്നാം വര്‍ഷം അവിടന്ന് പോകും മുന്നെ അടുത്തുള്ള ചെറുതും വലുതുമായ എല്ലാ സ്ഥലങ്ങളും കണ്ട് തീര്‍ക്കണമെന്നുള്ളത് ഒരു അനുഷ്ഠാനം പോലെ പാലിക്കാന്‍ തുടങ്ങി. ഒരു രണ്ടു ദിവസം അവധി കിട്ടിയാലും പുതിയ സ്ഥലങ്ങള്‍ അന്വേഷിച്ച് അതിരാവിലെ ഇറങ്ങും. ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെയെടുത്ത് കാറിന്റെ പിന്‍സീറ്റില്‍ കിടത്തി, കുത്തിനിറച്ച ബാഗുകള്‍ അവര്‍ വീഴാതെ തടവെച്ച് യാത്രകള്‍ തുടങ്ങും. ഏതോ ജിപ്സി സഞ്ചാരികള്‍ ഞങ്ങളില്‍ വന്ന് ആവേശിച്ചതു പോലെ!
ശരിയാണ് ഓരോ നാടുകളും ഓരോ അനുഭവങ്ങളായിരുന്നു. ചെറുതായാലും വലുതായാലും പട്ടണങ്ങള്‍ തങ്ങളുടെ അനന്യമായ ഗന്ധങ്ങളാലും കാറ്റുകളാലും വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. അത്ഭുതവും കൗതുകവും ഒടുങ്ങുന്നതിനു മുന്നെ- രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും അടുത്ത ട്രാന്‍സ്ഫര്‍ വന്നിരിക്കും. ഇന്ത്യയുടെ വടക്കും തെക്കും കിഴക്കുമുള്ള ചെറു പട്ടണങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലൂടെ. ചിലപ്പോള്‍ മെട്രോ നഗരങ്ങളും. അങ്ങനെ എത്ര എത്ര രണ്ടര മൂന്നു വര്‍ഷങ്ങള്‍... പുതിയ സ്ഥലങ്ങള്‍, പുതിയ ഗന്ധങ്ങള്‍, പുതിയ ഭൂമികകള്‍, പുതിയ മനുഷ്യര്‍. ഇപ്പോഴൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടികള്‍ കളിക്കുന്ന ഇന്‍സ്റ്റാഗ്രാം റീലുകളുടെ ഒരു കൊളാഷ് പോലെ എല്ലാം ഭംഗിയോടെ കാണാനാവുന്നു.
.jpg?$p=d88dce7&&q=0.8)
കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് തീര്‍ന്നുപോയ ഒരു സ്‌കൂള്‍ വെക്കേഷന്‍ പോലെ. വിന്‍ഡോ സീറ്റില്‍ തന്നെ ഇരുന്ന് കണ്ണിമ ചിമ്മാതെ കാഴ്ച കണ്ട ഒരു സ്‌കൂള്‍ വെക്കേഷന്‍! അങ്ങനെയാണ് ഓരോരോ വര്‍ണ്ണങ്ങളിലൂടെ ഈ മഴവില്ല് മെല്ലെ മെല്ലെ രൂപപ്പെട്ടത്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അതിന് ഇടം കിട്ടുന്നു, വായനക്കാരുടെ സ്നേഹം നിറയെ ലഭിക്കുന്നു, ഒടുവില്‍ പുസ്തകമാകുന്നു... ആരുടെ സുകൃതമാണിത്...? ശ്രീകാന്ത് കോട്ടക്കലിന് നന്ദി. നൗഷാദിനും.
ഡോ. സോണിയ ചെറിയാന്‍ ഇപ്പോള്‍ റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കുകയാണല്ലോ. എന്താണ് അടുത്ത പ്ലാന്‍?
ജോലി ചെയ്യുന്നുണ്ട്. എക്സ് സര്‍വീസ്‌കാര്‍ക്കുള്ള ക്ലിനിക്കിലാണ്. എഴുത്തില്‍ അടുത്ത പ്ലാന്‍ ഇനിയും എഴുതണമെന്നുണ്ട്. ഒരു പാട് എഴുതണമെന്നുണ്ട്.
ഒരു പട്ടാളക്കാരി കേന്ദ്രകഥാപാത്രമായിട്ടുള്ള നോവലിന് സ്‌കോപ്പുണ്ടോ?
ഉണ്ടല്ലോ. മനസില്‍ ഉണ്ട്. മനസിലെ ചിത്രങ്ങളില്‍ നോവല്‍ രൂപംകൊണ്ടുകഴിഞ്ഞു.
Content Highlights: Interview with Lt. Colonel Dr. Sonia Cherian, Author of the book Indian Rainbow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..