'ഇനി കൃഷ്ണനെ മാത്രമല്ല,രുഗ്മിണിയെയും പൂജിക്കണം: അച്ഛനുനേരെ അമ്മയുടെ ഒളിയമ്പുകള്‍'- ലളിതാ ചങ്ങമ്പുഴ


ഷബിത

സുഹൃത്തുക്കളിലൊരാള്‍ അമ്മയോട് ചെന്നുപറഞ്ഞു ചങ്ങമ്പുഴയെ ഒരിക്കല്‍ കൂടി കാണണമെങ്കില്‍ വേഗം വരൂ എന്ന്. അമ്മ വേഗം വന്നു നോക്കി. ഞാന്‍ പുരുഷനായി വേഷമിട്ട് നില്‍ക്കുകയാണ്. അമ്മ കുറേനേരം നോക്കി നിന്നു.

ശ്രീകുമാർ ചങ്ങമ്പുഴ, ശ്രീദേവി ചങ്ങമ്പുഴ

ലയാള കാല്പനികതാപ്രസ്ഥാനത്തിന്റെ തോണിയും തുഴയുമായിരുന്ന മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെ ഇളയമകൾ ലളിതാ ചങ്ങമ്പുഴയ്ക്ക് കണ്ട ഓർമയില്ല. അച്ഛനെന്ന മഹാസാഹിത്യപ്രസ്ഥാനത്തെക്കുറിച്ച് അമ്മ ശ്രീദേവിയിൽ നിന്നും കേട്ടറിഞ്ഞ ഓർമകളും തന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങളും പങ്കുവെക്കുകയാണ് ലളിത.

ലളിതാ ചങ്ങമ്പുഴയ്ക്ക് ഓർമവെക്കുംമുമ്പേ അന്തരിച്ചതാണ് മഹാകവി ചങ്ങമ്പുഴ. അമ്മ ശ്രീദേവിയിൽ നിന്നും കേട്ടറിഞ്ഞ അച്ഛനെക്കുറിച്ച്

അച്ഛൻ മരിക്കുമ്പോൾ എനിക്ക് ഒരു വയസ്സ് തികഞ്ഞിട്ടില്ല. അമ്മ പറഞ്ഞുകേട്ട അറിവുമാത്രമാണ് എനിക്കച്ഛനെക്കുറിച്ചുള്ളത്. പിന്നെ വായിച്ചറിഞ്ഞതും. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അദ്ദേഹം രോഗബാധിതനായി. വളരെ വൈകിയാണ് ക്ഷയരോഗമാണെന്ന് തിരിച്ചറിഞ്ഞത്. ക്ഷയരോഗത്തിന്റെ വകഭേദത്തിൽ ഏറ്റവും മുന്തിയതു തന്നെയായിരുന്നത്രേ. തിരികെ കിട്ടുന്ന കാര്യത്തിൽ ആർക്കും അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. അച്ഛൻ എന്നെ ലാളിക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ ആ ഭാഗ്യം എന്റെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ കഴിഞ്ഞുപോയി. രോഗം പിടിപെട്ടതിനാൽ അദ്ദേഹം ആരെയും അടുത്തേക്ക് അടുപ്പിച്ചിരുന്നില്ല. പ്രത്യേകിച്ചും കുട്ടികളെ. എനിക്കുമുതിർന്നവരായ ശ്രീകുമാർ ചേട്ടനും അജിത ചേച്ചിയും പറഞ്ഞുകേട്ടിട്ടുണ്ട് അവർക്കും അച്ഛനെ അങ്ങനെയൊന്നും അടുത്തുകാണാൻ കിട്ടിയിട്ടില്ല എന്ന്. അദ്ദേഹത്തിന് എപ്പോഴും മീറ്റിങ്ങും തിരക്കുകളും മറ്റ് സാഹിത്യസംഗമങ്ങളുമൊക്കെയുണ്ടാകുമായിരുന്നു.

ഇന്നുള്ളതുപോലെയുള്ള വിനോദങ്ങളോ നേരംപോക്കുകളോ അന്നില്ലല്ലോ. അച്ഛന്റെ തറവാടിനടുത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തിൽ കാവടിയാട്ടമുണ്ടായിരുന്ന ദിവസം നേരം പുലരുവോളം അതുകണ്ടിരുന്നു അച്ഛൻ. പിറ്റേദിവസം ചുമ തുടങ്ങി. മഞ്ഞുകൊണ്ടിട്ടായിരിക്കും എന്നു പറഞ്ഞുകൊണ്ട് അച്ഛന്റെ അമ്മ നാട്ടുവൈദ്യങ്ങളൊക്കെ പരീക്ഷിച്ചു. എന്തുചെയ്തിട്ടും മാറാതിരുന്നപ്പോൾ അച്ഛന്റെ സുഹൃത്തായിരുന്ന ശേഖരൻ ഡോക്ടറെ കൊണ്ടുകാണിച്ചു. പരിശോധിച്ചപ്പോഴാണ് അറിഞ്ഞത് ക്ഷയരോഗത്തിന്റെ ആരംഭമാണെന്ന്. ഒരു മകരത്തിലാണ് രോഗം പിടിപെട്ടത് മിഥുനത്തിൽ മരിക്കുകയും ചെയ്തു. മംഗളോദയം നഴ്സിങ് ഹോമിലായിരുന്നു ചികിത്സ. കൂടെ നിന്നിരുന്നത് അച്ഛന്റെ അനിയനാണ്. അമ്മയ്ക്ക് ഞാൻ കൈക്കുഞ്ഞായതിനാൽ കൂടെ നിൽക്കാൻ പറ്റിയില്ല, അച്ഛൻ സമ്മതിച്ചില്ല. രോഗം മൂർഛിക്കുകയാണ് എന്നു കണ്ടപ്പോൾ കോയമ്പത്തൂരേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. അങ്ങനെ വേഷം മാറിയിരിക്കുമ്പോൾ നെഞ്ചുവേദനിക്കുന്നു ഒന്നു കിടക്കട്ടെ എന്നു പറഞ്ഞ് കിടന്നതാണേ്രത അച്ഛൻ. പിന്നെ ഉണർന്നില്ല.

മകന് അസുഖം മൂർഛിക്കുന്നു എന്നറിഞ്ഞ അച്ഛന്റെ അമ്മ കാണാനായി അന്ന് കാലത്തുതന്നെ മംഗളോദയത്തിലേക്കു പുറപ്പെട്ടതാണ്. പക്ഷേ ബസ്സിറങ്ങേണ്ട സ്റ്റോപ്പ് മാറിപ്പോയി. അച്ഛൻ മംഗളോദയത്തിൽ ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ താമസിച്ചിരുന്ന വീടിനടുത്തുള്ള വാസു എന്നയാളെ അച്ഛമ്മ തേടിപ്പിടിച്ച് അദ്ദേഹത്തെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ഛൻ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ നാൾ തൊട്ട് അമ്മയും കണ്ടിരുന്നില്ല. ആർക്കും കാണാൻ കഴിഞ്ഞില്ല, അച്ഛന്റെ അനിയനല്ലാതെ.

ശ്രീദേവി അമ്മ ചങ്ങമ്പുഴയ്ക്കു വരുന്ന കത്തുകളൊക്കെ പൊട്ടിച്ചുവായിക്കുമെന്നും ചില കത്തുകളോട് വിയോജിപ്പുണ്ടായിരുന്നു എന്നുമൊക്കെ പറയുന്നത് നേരാണോ?

അത് സ്വാഭാവികമല്ലേ. പക്ഷേ ഈ കേട്ടതിൽ ചില തിരുത്തുകളുണ്ട്. കവിയ്ക്കയക്കുന്ന കത്തുകൾ വായിച്ച് സ്ക്രീനിങ് നടത്തിയ ശേഷം കൊടുക്കാനുള്ള ധൈര്യമൊന്നും അമ്മയ്ക്കില്ലായിരുന്നു. മാത്രമല്ല, അച്ഛൻ നേരം പുലരുമ്പോൾ പോസ്റ്റോഫീസിലെത്തി കത്തുകൾ നേരിട്ട് കൈപ്പറ്റുകയാണ് ചെയ്യുക. ഒരു ദിവസം അച്ഛനില്ലാത്തപ്പോൾ വന്ന എഴുത്താണ് അമ്മയുടെ കയ്യിൽ കിട്ടിയത്. ഫ്രം അഡ്രസ്സിൽ രുഗ്മിണി എന്നെഴുതിക്കണ്ടു. അപ്പോൾ അമ്മയ്ക്കു സംശയം തോന്നി. കത്ത് പൊട്ടിക്കാതെ അച്ഛന്റെ മേശപ്പുറത്തു തന്നെ വെച്ച് അമ്മ അദ്ദേഹം പുറത്തുപോയി വന്നപ്പോൾ കർട്ടന് പിറകിലൂടെ അച്ഛന്റെ ഭാവം നിരീക്ഷിച്ചുകൊണ്ടിരുന്നു. കത്തുവായിച്ചശേഷം അച്ഛൻ ചുറ്റിലും നോക്കിയത്രേ, അമ്മയുണ്ടോ എന്നറിയാൻ. അടുത്തൊന്നുമില്ല എന്നു ബോധ്യമായതിനുശേഷം ആ കത്ത് മാത്രം മേശവിരിപ്പിനടിയിൽ വെച്ചു.

അമ്മ അതു കണ്ടു. നല്ല സാമർഥ്യക്കാരിയായിരുന്നു അമ്മ. അതെന്താ ആ കത്ത് മാത്രം മേശയ്ക്കടിയിൽ വെച്ചത്? അതിലെന്താണെന്നറിഞ്ഞിട്ടു തന്നെ കാര്യം. വൈകുന്നേരം അച്ഛൻ പുറത്തുപോയപ്പോൾ ഈ കത്തെടുത്ത് അമ്മ വായിച്ചു. ഒരു പ്രേമലേഖനം! വായിച്ചുകഴിഞ്ഞശേഷം അമ്മ കത്ത് തിരികെ അതുപോലെ തന്നെ വെച്ചു. ഈ സംഭവം നടക്കുമ്പോൾ ചേട്ടന് മൂന്നു വയസ്സാകുന്നേയുള്ളൂ, ചേച്ചി ജനിച്ചിട്ടേയുളളൂ.

Sreekumar changampuzha, sreedevi changampuzha
ശ്രീകുമാര്‍ ചങ്ങമ്പുഴ, ശ്രീദേവി ചങ്ങമ്പുഴ

അക്കാലത്ത് ശ്രീകൃഷ്ണന്റെ ഒരു കളിമൺപ്രതിമ, നല്ല ഭംഗിയുള്ളതൊന്ന് അച്ഛൻ ചേട്ടന് വാങ്ങിക്കൊണ്ടുകൊടുത്തിരുന്നു. ചേട്ടൻ ആ പ്രതിമ പൂജാമുറിയിൽ വെച്ച് നിത്യവും വൈകുന്നേരം പ്രാർഥിക്കും. ത്രിസന്ധ്യയാവുമ്പോൾ അമ്മ വല്ല തുളസിമാലയോ ചെത്തിപ്പൂമാലയോ ഉണ്ടാക്കിക്കൊടുക്കും. ചേട്ടനത് പ്രതിമയുടെ കഴുത്തിലണിയിക്കും. എത്ര തിരക്കാണെങ്കിലും എന്നും സന്ധ്യയ്ക്ക് ചേട്ടൻ അച്ഛനെ പിടിച്ചുവലിച്ചുകൊണ്ടുവരും, ഒരുമിച്ച് കൃഷ്ണനെ പ്രാർഥിക്കാൻ.

രുഗ്മിണി എഴുതിയ കത്ത് താൻ വായിച്ചുവെന്ന് അമ്മയ്ക്ക് അച്ഛനെ അറിയിക്കണം. നേരിട്ട് പറയാനും വയ്യ. അപ്പോഴാണ് അമ്മയ്ക്ക് കൃഷ്ണനെ ഓർമ വന്നത്. അച്ഛന്റെ മുറിയിൽ ഒരു പെണ്ണിന്റെ രൂപമുള്ള ഒരു വെളുത്ത പേപ്പർവെയ്റ്റ് ഉണ്ടായിരുന്നു. നല്ല കട്ടിയുള്ളത്. അതെടുത്തിട്ട് ചേട്ടന്റെ കയ്യിൽ കൊടുത്തു അമ്മ. 'ഇത് നിന്റെ കൃഷ്ണന്റെ അടുത്തുകൊണ്ടുപോയി വെക്ക്' എന്നു പറഞ്ഞു. അതെന്തിനാണ് എന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു: ''ഇനി കൃഷ്ണനെ മാത്രം പൂജിച്ചാൽ പോരാ, രുഗ്മിണിയെയും പൂജിക്കണം.'' ചേട്ടനതുപോലെ ചെയ്തു. മൂന്നുവയസ്സുതികയാത്ത കുട്ടിയാണ് .പറഞ്ഞത് അനുസരിച്ചു അത്ര തന്നെ. അന്നു സന്ധ്യയ്ക്കും പതിവുപോലെ അച്ഛനെ ചേട്ടൻ തൊഴാൻ കൂട്ടിക്കൊണ്ടുവന്നപ്പോൾ കൃഷ്ണ പ്രതിമയ്ക്കടുത്ത് മറ്റൊരു രൂപം. 'ഇതെന്താ മോനെ കൃഷ്ണന്റെയടുത്ത് വേറൊരു രൂപം' എന്ന് ചേട്ടനോട് അച്ഛൻ ചോദിച്ചു. അപ്പോൾ ചേട്ടൻ പറഞ്ഞത്രേ: ''അമ്മ പറഞ്ഞു ഇനി കൃഷ്ണനെ മാത്രം പൂജിച്ചാൽ പോരാ, രുഗ്മിണിയെയും പൂജിക്കണം.''.

അച്ഛന് നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യം വന്നു. ഒറ്റയടി ചേട്ടന്റെ ചെവിട്ടത്തുകൊടുത്തു. അമ്മ രംഗത്തില്ലാതെ ചരട് വലിക്കുകയാണ്. അച്ഛൻ പൂജാമുറിയിൽ കയറി കൃഷ്ണന്റെ പ്രതിമയെടുത്തു പുറത്തേക്കൊരേറ് കൊടുത്തു. അതുവീണ് നുറുങ്ങിപ്പോയി. ചേട്ടൻ ആ പ്രതിമക്കഷ്ണങ്ങൾ കൂട്ടിപ്പിടിച്ചെടുത്ത് മാറോട്ചേർത്തു പൊട്ടിക്കരയാൻ തുടങ്ങി. തല്ലുകിട്ടിയ വേദനയായിരുന്നില്ല, കൃഷ്ണൻ പൊടിഞ്ഞുപോയ സങ്കടമായിരുന്നു.

അച്ഛനും സങ്കടമായി, ക്ഷോഭപ്രകടനം അതിരുകടന്നുപോയി. അച്ഛന് കുറ്റബോധം സഹിക്കാനായില്ല. ഇത്തിരിപ്പോന്ന കുഞ്ഞിനെന്തറിയും. അതോടെ വിഗ്രഹാരാധന നിന്നു എന്നമ്മ പറയുമായിരുന്നു. രുഗ്മിണിയെന്നു അമ്മ പേരിട്ട പ്രതിമയും അച്ഛനെടുത്തെറിഞ്ഞു. അത് നല്ല ഉറപ്പുള്ളതായിരുന്നു. വർഷങ്ങളോളം ആ പേപ്പർവെയ്റ്റ് വീട്ടിൽ അവിടെയും ഇവിടെയുമായിട്ട് തട്ടിത്തടഞ്ഞു നടപ്പുണ്ടായിരുന്നു. ഈ സംഭവം ഞാൻ ജനിക്കുന്നതിനുമുമ്പാണ്. പക്ഷേ ആ പേപ്പർവെയ്റ്റ് എനിക്കൊക്കെ നല്ല ഓർമയുണ്ട്. അച്ഛനാരോ സമ്മാനമായി കൊടുത്തതാണ്. പിന്നെയത് നഷ്ടപ്പെട്ടു. ഇപ്പോളോർക്കുമ്പോൾ അതിന് മൊണാലിസയുടെ രൂപമായിരുന്നോ എന്ന് സംശയമുണ്ട്.

ശ്രീദേവിയമ്മയ്ക്ക് വലിയ ആരാധനയായിരുന്നോ ചങ്ങമ്പുഴയോട്?

അമ്മയ്ക്ക് അച്ഛനെക്കുറിച്ച് അത്രവലിയ, അഗാധമായ അറിവൊന്നുമുണ്ടായിരുന്നില്ല. വളരെ ചെറിയ പ്രായമല്ലേ. ഭർത്താവ് തന്റേത് മാത്രമാണ് എന്നൊക്കെ ചിന്തിക്കാനുള്ള പക്വതയേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. പ്രണയാതുരയായ അമ്മയെ ആർക്കും ഓർമയില്ല. എപ്പോഴും ഗൗരവമായിരുന്നു. അച്ഛനങ്ങനെയല്ലായിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ തന്നെ അതു പറയുന്നുണ്ടല്ലോ. അതുകാരണം രണ്ടുപേരും യോജിച്ചുപോകാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അമ്മയോട് 'രുഗ്മിണി സംഭവ'ത്തെക്കുറിച്ച് ചോദിക്കുമ്പോൾ പറയും അന്നതൊന്നും കണ്ടില്ലാന്നു വെച്ചാൽ മതിയായിരുന്നു. വിഷമിപ്പിക്കണ്ടായിരുന്നു. മുപ്പത്താറ് വയസ്സിൽ പോയില്ലേ, ഇത്രവേഗം പോകുമെന്ന് ആരെങ്കിലും നിരീച്ചോ എന്നൊക്കെ. അങ്ങനെ താനായിട്ടുണ്ടാക്കിയ സംഭവങ്ങളിലൊക്കെ പിന്നീട് അമ്മയിങ്ങനെ വിഷമംപറയുമായിരുന്നു. നിസ്സാരകാര്യങ്ങൾക്കൊക്കെ ഇത്ര ബഹളം വെക്കേണ്ടായിരുന്നു എന്ന് അമ്മ മരിക്കുവോളം പറഞ്ഞു പരിതപിച്ചിട്ടുണ്ട്. അച്ഛന് രോഗം പിടിപെടുമെന്നോ, പെട്ടെന്ന് മരിച്ചുപോകുമെന്നോ അമ്മ നിനച്ചിരുന്നില്ല. അച്ഛനെ തന്റേതുമാത്രമാക്കാനുള്ള തത്രപ്പാടായിരുന്നു അമ്മയ്ക്ക്. രുഗ്മിണിയെങ്കിൽ രുഗ്മിണി, എന്തെങ്കിലുമാവട്ടെ, ഒരെഴുത്തെഴുതീന്നുവെച്ച് എന്തുണ്ടാവാനാണ് എന്ന് അമ്മയിങ്ങനെ ഇരുന്ന് പതംപറയും.

ആരായിരുന്നു രുഗ്മിണി?

അതിന്റെ പിറകേയൊന്നും അമ്മ പോയില്ല. അതാരാണെന്ന് അമ്മയ്ക്കറിയുകയൊന്നും വേണ്ട. ഞങ്ങൾ മക്കളൊട്ട് അന്വേഷിച്ചിട്ടുമില്ല. പക്ഷേ ഭർത്താവ് തന്റേതുമാത്രമാണ്. കവിയ്ക്കു വരുന്ന കത്തുകളൊക്കെ ചിലപ്പോൾ അദ്ദേഹം അമ്മയെ കാണിച്ചാൽ അവർ വായിക്കാറുണ്ട്. ആരാധന നിറഞ്ഞ കത്തുകൾ വായിക്കുമ്പോൾ, കവിയുടെ കൈപ്പടയിൽ, ഒപ്പോടുകൂടിയ മറുപടി പ്രതീക്ഷിക്കുന്നു എന്നൊക്കെ സ്ത്രീകളെഴുതുമ്പോൾ അമ്മയ്ക്കൊരു കുഴപ്പവുമില്ല. പക്ഷേ ഈ പറഞ്ഞ രുഗ്മിണിയുടെ കത്തിൽ അല്പം സെക്സ് ഉണ്ടായിരുന്നത്രേ. അതമ്മയ്ക്ക് സഹിച്ചില്ല. അവരൊക്കെ തങ്ങളുടെ സ്വകാര്യയിടത്തിൽ ഭർത്താവിനെ മാത്രം ആരാധിച്ചു കഴിയുന്നവരാണല്ലോ. അപ്പോൾ ആയിടത്തിലേക്കുള്ള കടന്നുകയറ്റമാണ് അമ്മയെ പ്രകോപിപ്പിച്ചത്. രുഗ്മിണിയെ അന്വേഷിച്ച് അമ്മ പോയതൊന്നുമില്ല. അങ്ങനെയൊരു വ്യക്തിത്വമായിരുന്നില്ല അമ്മ. അതും കൂടി അച്ഛനോടു തീർക്കും.

ചങ്ങമ്പുഴയോട് പിണങ്ങിപ്പോകുമായിരുന്നോ ശ്രീദേവി അമ്മ?

അതിനുള്ള ധൈര്യമൊന്നും അമ്മയ്ക്കില്ലായിരുന്നു. അമ്മയുടെ അച്ഛൻ ഡ്രോയിങ് അധ്യാപകനായിരുന്നു. പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന് വിവാഹം ചെയ്തുകൊടുത്തതാണ് അമ്മയെ. പതിനെട്ടിൽ ഭാര്യയിൽ നിന്നും അമ്മയായി. പിന്നെ അജിത ചേച്ചിയുണ്ടായി, ശേഷം ജയദേവൻ എന്നൊരു മകനുണ്ടായിരുന്നു. ഒന്നരവയസ്സാവുന്നതിനുമുമ്പേ മരിച്ചുപോയി. വയറിന് ദീനം വന്നാണ് മരിച്ചത്. പിന്നെയാണ് ഞാൻ ഉണ്ടാവുന്നത്. സ്ഥായിയായ പിണക്കവും ഇറങ്ങിപ്പോക്കുമാണെങ്കിൽ ഞങ്ങളൊന്നും ജനിക്കില്ലല്ലോ. രണ്ടുപേർക്കും പരസ്പരം നന്നായി അറിയാം. അമ്മയെ അതിലും നന്നായി അച്ഛൻ മനസ്സിലാക്കിയിരുന്നു. പ്രതിഷേധം അമ്മ പ്രകടിപ്പിക്കും. അതിലപ്പുറം അമ്മ അച്ഛന്റെ വിലാസത്തിൽ തന്നെ ജീവിക്കാനിഷ്ടപ്പെട്ടിരുന്ന ആളായിരുന്നു.

'രമണ'ന്റെ സ്രഷ്ടാവിന്റെ കുടുംബം അകാലമരണങ്ങളുടെ ഇടത്താവളമായിരുന്നോ?

അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് വയസ്സ് ഇരുപത്തിയഞ്ചാണ്. അന്നുമുതൽ മരണം വരെ മക്കൾക്കായി മാത്രമാണ് അമ്മ ജീവിച്ചത്. ഇടപ്പള്ളിയിൽ അച്ഛന്റെ പണം കൊണ്ട് വാങ്ങിയ സ്ഥലവും വീടും അമ്മയാണ് പരിപാലിച്ചത്. അച്ഛന്റെ അമ്മയും ഞങ്ങളുടെ കൂടെയായിരുന്നു. അച്ഛന്റെ ഒരു സഹോദരൻ പ്രഭാകരൻ കൊച്ചച്ചനും ഞങ്ങളുടെ കൂടെത്തന്നെ താമസിച്ചു. മംഗളോദയത്തിൽ അച്ഛൻ ജോലി ചെയ്തിരുന്നു. രമണനും മറ്റു കൃതികളുമെല്ലാം അച്ചടിച്ചത് മംഗളോദയമായിരുന്നു. മാസത്തിൽ ഇരുനൂറുരൂപ റോയൽറ്റിയായി അമ്മയ്ക്ക് വന്നുകൊണ്ടേയിരിക്കും. അക്കാലത്ത് അത് വലിയ തുകയാണ്. ആ തുക കൊണ്ടാണ് അമ്മ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം.

മകൻ ജയദേവന്റെ മരണമാണ് അമ്മ ആദ്യം കണ്ടത്. പിന്നെ അച്ഛൻ പോയി. അതിനുശേഷം ചങ്ങമ്പുഴയുടെ കുടുംബത്തിൽ നടന്നത് തൂങ്ങിമരണമായിരുന്നു. അജിത ചേച്ചിയുടെ മകൻ മധു. പതിനേഴാം വയസ്സിലാണ് അവൻ തൂങ്ങി മരിക്കുന്നത്. ആത്മഹത്യാ പ്രവണത ഉള്ള കുട്ടിയായിരുന്നു. ചെറുപ്പത്തിൽ വളരെ മിടുക്കനായ, നന്നായി പഠിക്കുന്ന, മത്സരങ്ങളിൽ എല്ലാം തന്നെ ഒന്നാമതെത്തിയിരുന്ന കുഞ്ഞായിരുന്നു മധു. അവനെയോർക്കുമ്പോൾ അമ്മ പറഞ്ഞ ഒരു സംഭവം ഓർമ വരുന്നു. എത്രകണ്ട് ശരിയാണെന്നറിയില്ല. മധുവിന്റെ സ്കൂളിൽ നടന്ന ഒരു ക്വിസ് മത്സരത്തിൽ ഒരു ഡോക്ടറുടെ മകനെ തോൽപിച്ച് അവൻ ഒന്നാമതായി. ആ ഡോക്ടർ കുറച്ചുദിവസം കഴിഞ്ഞപ്പോൾ അജിതചേച്ചിയെ കണ്ടപ്പോൾ പറഞ്ഞു, മധുവിന്റെ തലയ്ക്ക് അസാധാരണമായ വലിപ്പം കൂടി വരുന്നുണ്ട്, ഗുരുതരമായ അസുഖമാണത്. ശ്രദ്ധിക്കണം ചികിത്സ ആവശ്യമാണ്. ചേച്ചി ആധിപിടിച്ച് ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് കൊടുക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ മധുവിന് ആകെയൊരു മന്ദതയായി. ഒന്നിലും ഒരു ശ്രദ്ധയില്ലാതെ ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാൻ തുടങ്ങി. പഠനത്തിലും ജീവിതത്തിലും പാടേ പിറകോട്ടായിരുന്നു പിന്നെ മധു സഞ്ചരിച്ചത്.

പ്രീഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മധു തൂങ്ങിമരിച്ചത്. പലതവണ പലരീതിയിൽ മുമ്പ് ശ്രമിച്ചിരുന്നു. കീടനാശിനി പലതവണ കുടിച്ച് ആശുപത്രിയിലായതാണ്. തലനാരിഴയ്ക്കാണ് മിക്ക ശ്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അവൻ മരിച്ചത്. മധുപോയി നാലുകൊല്ലം കഴിഞ്ഞപ്പോൾ ഒക്ടോബർ പന്ത്രണ്ടിന് ചേച്ചിയും മക്കളായ സുധീറും മായയും വിഷം കഴിക്കുന്നത്. അച്ഛന്റെ ജന്മദിനത്തിന്റെയന്നാണ് ചേച്ചിയും കുടുംബവും ഇത് ചെയ്തത്. ചേച്ചിയുടെ ഭർത്താവ് സുകുമാരമേനോൻ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ ഇവർ മരിച്ചുകിടക്കുന്നു. വിഷം കുടിച്ചതാണെന്ന് ചേട്ടന് മനസ്സിലായി. ബാക്കിയുണ്ടായിരുന്നത് ചേട്ടനും എടുത്തു കുടിച്ചു. ഇഞ്ചിയ്ക്ക് തളിക്കുന്ന കീടനാശിനിയാണ് കഴിച്ചത്. ചേട്ടനും അവരോടൊപ്പം പോയി.

മരിച്ചതെന്തിനാണ് എന്നത് എനിക്കോ ശ്രീകുമാർ ചേട്ടനോ അറിയില്ലായിരുന്നു. അന്നത്തെ കാലത്ത് ചേച്ചി അഞ്ചുലക്ഷം രൂപാ കടം വാങ്ങുന്നുവെന്ന് വെറും കടലാസിൽ എഴുതി ഒപ്പിടുവിച്ച് ആരോ കൊണ്ടുപോയി. പണം കൈപ്പറ്റാതെ ചേച്ചി അങ്ങനെ ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. അതിന് ഇടനിലനിന്നവർ പറ്റിച്ചു, അവർ കാശ് കൊടുത്തില്ല. പക്ഷേ പണം കൈപ്പറ്റിയ രേഖയുണ്ടെന്നു പറഞ്ഞ് പലിശ കൊടുക്കാൻ നിർബന്ധിക്കാൻ തുടങ്ങി. അല്ലെങ്കിൽ മുതല് കൊടുക്കണമെന്നായി. കാണാത്ത, കൈപ്പറ്റാത്ത പണത്തിന് എവിടെനിന്ന് പലിശയും മുതലും കൊടുക്കാനാണ്? ചേച്ചി മറ്റൊന്നും ചിന്തിച്ചില്ല. മക്കളെയും കൂട്ടി വിഷം കഴിച്ചു. മായമോൾക്ക് അന്ന് പത്തൊമ്പത് വയസ്സുണ്ടാകും. സുധീറിന് ഇരുപത്തിനാല് തികഞ്ഞിട്ടില്ല. ചേച്ചിയ്ക്ക് നാൽപ്പത്തിയാറും.

നിങ്ങളാരും പിന്നീട് ഇതേക്കുറിച്ചൊന്നും അന്വേഷിച്ചില്ലേ?

എവിടെപ്പോയി അന്വേഷിക്കാൻ? ആരോടാണെന്നു വെച്ചിട്ട് ചോദിക്കാനാണ്, എല്ലാവരും പോയില്ലേ? എല്ലാ കാര്യങ്ങളും ശ്രീകുമാർ ചേട്ടനോട് പറഞ്ഞിട്ടും സംസാരിച്ചിട്ടുമേ ചേച്ചി ചെയ്യാറുണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളൊന്നും ചേട്ടനും അറിഞ്ഞിരുന്നില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഒരാൾ അമ്മയെ തേടി വന്നു. അയാളോട് അഞ്ചുലക്ഷം വാങ്ങിയിട്ടുണ്ട് എന്നു പറഞ്ഞ് ഒപ്പിട്ട കടലാസിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടുവന്ന് കാണിച്ചു. ഞങ്ങളാരും ഉണ്ടായിരുന്നില്ല. അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ പറഞ്ഞു ആ കടലിസിന്റെ ഒറിജിനൽ കൊണ്ടുവാ എന്ന്. പിന്നെയാരും അതുമായി വന്നിട്ടില്ല. കിട്ടുകയാണെങ്കിൽ കിട്ടട്ടെ എന്നു വിചാരിച്ച് കള്ളപ്പേപ്പറുമായി വന്നതാണ്. അജിതചേച്ചിയുടെയും കുടുംബത്തിന്റെ അധ്യായം അങ്ങനെ അവസാനിച്ചു.

മൂത്ത ജ്യേഷ്ഠൻ ശ്രീകുമാറും അപകടത്തിൽ മരിക്കുകയായിരുന്നല്ലോ

1939-ലായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം. അപ്പോൾ അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനത്തിലാണ്. 1940-ൽ ചേട്ടൻ ജനിച്ചു. അന്നദ്ദേഹം എഴുതിയ മനോഹരമായ കവിതയാണ് 'വിരുന്നുകാരൻ.' പുതിയ അതിഥിയെ ഹർഷാരവത്തോടെ വരവേൽക്കുന്ന കവിയുടെ ഉത്സാഹം ആ കവിതയിൽ കാണാം. ചേട്ടന് എട്ടുവയസ്സുള്ളപ്പോഴാണ് അഛൻ മരിക്കുന്നത്. അമ്മ നന്നായി വിദ്യാഭ്യാസം നൽകിയിരുന്നു. മദ്രാസിലൊക്കെ അയച്ചാണ് പഠിപ്പിച്ചത്.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലായിരുന്നു ചേട്ടന് ജോലി. മലയാറ്റൂർ രാമകൃഷ്ണനാണ് ചേട്ടന് അവിടെ ജോലി ശരിയാക്കിക്കൊടുത്തത്.ഏഴൂരായിരുന്നു ജോലി. അന്നൊക്കെ
മദ്യപിക്കുമായിരുന്നു. ചേട്ടനും ടി.ബിയുണ്ടായിരുന്നു. അതെല്ലാം ചികിത്സിച്ചുമാറ്റി. കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് എന്തോ സാധനം വാങ്ങിക്കാനായിട്ട് പോയപ്പോൾ അപടകം സംഭവിച്ചതാണ്. ഒരു ബസ് മറ്റൊരു ബസ്സിനെ മത്സരപ്പാച്ചിലിൽ മറികടക്കാൻ ശ്രമിച്ചപ്പോൾ ബസ്സിന്റെ പിറകുവശം ചേട്ടനെ തട്ടി. തലയടിച്ചുവീണു ബോധം പോയി. ആറുമണിക്കാണ് സംഭവിച്ചത്. പത്തുമണിക്ക് മരിക്കുകയും ചെയ്തു. ചേട്ടന് ഒരു മകനാണ് ഉള്ളത്. ഹരികുമാർ. എം.ജി യൂണിവേഴ്സിറ്റിയിൽ മലയാളം അധ്യാപകനാണ്. ഹരികുമാറിന് ഒരേയൊരു മകനേ ഉണ്ടായിരുന്നുള്ളൂ-ശ്രീദേവൻ. കഴിഞ്ഞവർഷം ഒരപകടത്തിൽ അവനും പോയി. പതിനഞ്ചാം വയസ്സിൽ. പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ പഞ്ചിങ് ബാഗ് കഴുത്തിൽ കുരുങ്ങിയായിരുന്നു അത് സംഭവിച്ചത്.

ചങ്ങമ്പുഴ പാരമ്പര്യമായി നല്ല സമ്പത്തുള്ള കുടുംബത്തിലായിരുന്നില്ലേ?

അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യസ്വത്തുക്കൾ ഒന്നും തന്നെ വെച്ചുനീട്ടിയാൽ വാങ്ങരുത് എന്ന് അച്ഛൻ അമ്മയോട് നിർബന്ധം പറഞ്ഞിരുന്നു. വാങ്ങില്ല എന്ന് അമ്മയും വാക്കുകൊടുത്തു. അതു പാലിക്കുകയും ചെയ്തു. അതിനു പിന്നിൽ ഒരു കഥയുണ്ട്. അച്ഛന് മംഗളോദയത്തിൽ ജോലിയുള്ളപ്പോൾ അച്ഛനും അമ്മയും തൃശൂരാണ് താമസിച്ചിരുന്നത്.വീടും സ്ഥലവുമൊക്ക വാങ്ങി സുഖമായി താമസിച്ചുവരികയാണ്. ഇപ്പോഴത്തെ രാമവർമ കോളേജ് നിൽക്കുന്ന സ്ഥലത്തായിരുന്നു അവർ വീടുവെച്ച് താമസിച്ചിരുന്നത്, അജിതാ നിലയം. അമ്മയുടെ അച്ഛൻ ഒരുവീട് വെച്ചിട്ടുണ്ടായിരുന്നു. അമ്മമ്മ പറഞ്ഞു, അതു വിലയ്ക്കുതരാം. അവിടെ താമസിക്കാം. അമ്മമ്മയ്ക്ക് മകളെയും പേരക്കുട്ടികളെയും കാണാം. എനിതിനിത്ര ദൂരത്ത് നിൽക്കണം എന്നൊക്കെ നിർബന്ധിച്ചു. അമ്മ അതിന് അച്ഛനെ നിർബന്ധിച്ചു. അച്ഛൻ അങ്ങനെ ആയിക്കോട്ടെ എന്നുകരുതി അജിതാനിലയവും സ്ഥലും വിറ്റു. അങ്ങനെ അമ്മയുടെ വീട്ടിലെത്തിയപ്പോൾ സ്ഥിതി നേരെ മാറി. പറഞ്ഞ വില പോരാ എന്ന നിലപാടിലാണ് അമ്മമ്മ. അമ്മമ്മയെ ആരൊക്കെയോ ധരിപ്പിച്ചു തുച്ഛവിലയാണ് പറഞ്ഞത് ആ സ്ഥലത്തിന് അതിലും കൂടുതൽ വിലകിട്ടും എന്ന്. അച്ഛന് ദേഷ്യം വന്നു, അപമാനിതനായതു പോലെ. അദ്ദേഹം നേരെ ചങ്ങമ്പുഴ തറവാട്ടിലേക്ക് പോന്നു. അച്ഛമ്മയ്ക്ക് സന്തോഷമായി. ഞാൻ ജനിച്ചത് ചങ്ങമ്പുഴ വീട്ടിലാണ്. അച്ഛമ്മയ്ക്ക് തറവാട്ടിലെ തുല്യവിഹിതം മകന് കൊടുക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരു തരിസ്വത്തും അമ്മയുടെ വിഹിതമായി വാങ്ങരുത് എന്ന് അച്ഛൻ കട്ടായം പറഞ്ഞതിനാൽ തന്റെതായ ഓഹരിയും വാങ്ങില്ല എന്ന് ശഠിച്ചു. ആ വാശി വിജയിച്ചു. പക്ഷേ പുതിയ വീടും സ്ഥലവും വാങ്ങാനുള്ള യോഗം അച്ഛനുണ്ടായില്ല. അപ്പോഴേക്കും അച്ഛൻ മരിച്ചു.

തൃശൂരുളള വീടുംസ്ഥലവും വിറ്റ പണംകൊണ്ട് അമ്മ പിന്നീട് ഇടപ്പള്ളിയിൽ വീടും സ്ഥലവും വാങ്ങിച്ചു. അച്ഛന്റെ ഓഹരി അച്ഛമ്മ കൊടുത്തെങ്കിലും വാങ്ങാൻ അമ്മ കൂട്ടാക്കിയില്ല. അച്ഛന്റെ വാശി അമ്മ നടപ്പാക്കി. എന്റെ ഓർമകൾ മുഴുവനും ഇടപ്പള്ളിയിലെ വീടുമായി ബന്ധപ്പെട്ടതാണ്.

സാമ്പത്തിക കൈകാര്യങ്ങളൊക്കെ ശ്രീദേവി അമ്മ തന്നെയായിരുന്നോ നിറവേറ്റിയിരുന്നത്?

അമ്മയായിരുന്നു എല്ലാം ചെയ്തത്. എല്ലാ മാസവും ഇരുനൂറ് രൂപ മംഗളോദയത്തിൽ നിന്നും വരും. റോയൽറ്റി തുകയായിട്ട്. അക്കാലത്തൊക്കെ അഞ്ച് കിലോ അരിക്ക് ഒരു രൂപ വേണ്ട. വലിയ തുകയാണ് ഇരുനൂറ്. ഇരുപത് വർഷക്കാലം മംഗളോദയമാണ് രമണനും അച്ഛന്റെ മറ്റ് കൃതികളും വിപണിയിലിറക്കിയത്. പിന്നെ അമ്മ മംഗളോദയത്തിൽ നിന്നും കൃതികൾ പിൻവലിച്ചു. എന്താണ് കാരണം എനിക്കിന്നും അറിഞ്ഞുകൂട. ആ ഇരുപത് വർഷക്കാലവും ഇരുനൂറ് രൂപ തന്നെയായിരുന്നു വന്നുകൊണ്ടിരുന്നത്. കവിയുടെ പത്നിയെ ആരൊക്കെയോ പറഞ്ഞുധരിപ്പിച്ചിട്ടുണ്ടാവാം. പിന്നെ പ്രസാധകരെ മാറ്റി. പണം വരാതാവുമ്പോൾ അമ്മ കലഹിക്കും. അറുപത് കൊല്ലമായില്ലേ, ഇനിയിപ്പോ ആർക്കും അച്ചടിക്കാമല്ലോ.

ചേട്ടന്റെ ഉന്നതപഠനവും ചേച്ചിയുടെയും എന്റെയും വിവാഹവുമെല്ലാം അമ്മ നടത്തിയത് അച്ഛന്റെ കാവ്യസ്വത്തുക്കളിലൂടെ കിട്ടിയവരുമാനം കൊണ്ടായിരുന്നു. അജിത ചേച്ചിയെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ സുകുമാര മേനോൻ, കെ.എസ് മേനോൻ എന്നാണ് വിളിക്കുക, ഹംഗേറിയൻ എംബസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകണ്ടിട്ടാണ് ചേച്ചിയെ വിവാഹം കഴിപ്പിക്കുന്നത്. വലിയ കുടുംബത്തിലായിരുന്നു. സുകുച്ചേട്ടന്റെ അച്ഛൻ അറിയപ്പെടുന്ന അധ്യാപകനാണ്. എല്ലാം നോക്കിയും കണ്ടും അന്വേഷിച്ചുമാണ് അമ്മ വിവാഹം നടത്തിയത്.

മലയാറ്റൂരിനടുത്ത് കോടനാട് ആയിരുന്നു ചേച്ചിയും കുടുംബവും താമസിച്ചിരുന്നത്. ആസ്മയുടെ അസ്വസ്ഥതയുണ്ടായിരുന്നു ചേച്ചിയ്ക്ക്. അപ്പോൾ മലമ്പ്രദേശത്ത് താമസിച്ചാൽ ഭേദമുണ്ടാകുമെന്ന് ഡോക്ടർമാർ ആരോ ഉപദേശിച്ചു. കൊച്ചിയിൽ കടൽക്കാറ്റാണല്ലോ. അസുഖം കൂടും എന്നു പറഞ്ഞു. അങ്ങനെയാണ് കോടനാട് എത്തുന്നത്. എന്റെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യവീട് കോടനാടാണ്. അവരുടെ അനിയത്തിയുടെ സ്ഥലമാണ് ചേച്ചി വാങ്ങിച്ചത്. സുകുച്ചേട്ടൻ നാട്ടിലെത്തിയപ്പോൾ മധു പബ്ലിക്കേഷൻ എന്നൊരു സ്ഥാപനം സ്വന്തമായി തുടങ്ങി, ചെറിയ എഴുത്തുകൾ ഒക്കെ ഉണ്ടായിരുന്നു. ഒന്നും മെനയിൽ വന്നില്ല. എന്നെയും നേവൽ ഓഫീസറെക്കൊണ്ടാണ് വിവാഹം കഴിപ്പിച്ചയച്ചത്. ചേച്ചിയും കുടുംബവും പോയതോടെ മാനസികമായി അമ്മ തളർന്നുപോയിരുന്നു. പിന്നെ കുറേക്കാലം മരുന്നൊക്കെ കഴിച്ചു. അമ്മ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല ഇങ്ങനെ മരിക്കുമെന്ന്. ചേച്ചിയ്ക്ക് ഞങ്ങളറിയാത്ത ഒരു കാര്യവുമുണ്ടായിരുന്നില്ല. പക്ഷേ പിന്നെ പിന്നെയങ്ങ് ഒന്നും വിട്ടുപറയാതെയും വിളിക്കാതെയുമായി.

ശ്രീദേവി അമ്മയ്ക്ക് നല്ല തന്റേടമായിരുന്നല്ലേ?

അച്ഛനാൽ വന്നുഭവിച്ച സാമ്പത്തിക ഭദ്രത അമ്മയ്ക്ക് വലിയധൈര്യം തന്നെയായിരുന്നു. വളരെ ചെറുപ്പത്തിലേ ഒറ്റയ്ക്കായതല്ലേ. അപ്പോൾ ആ ഒരു ശൗര്യം അമ്മയുടെ പ്രകൃതത്തിലുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ പേരും പറഞ്ഞ് വരുന്നവരെ ഒറ്റനോട്ടത്തിൽ അമ്മ തിരിച്ചറിയും ഉദ്ദേശ്യശുദ്ധിയും. തന്നോടെങ്ങനെ പെരുമാറുന്നുവോ അങ്ങനെയേ അമ്മ തിരിച്ചും പെരുമാറുമായിരുന്നുള്ളൂ. പിന്നെ അമ്മയുടെ സഹോദരന്മാരും അച്ഛന്റ സഹോദരങ്ങളും എല്ലാം അമ്മയ്ക്ക് സഹായമായിട്ടുണ്ടായിരുന്നു. മോശമായി പെരുമാറിയാൽ അമ്മ വെച്ചുപൊറുപ്പിക്കില്ല. പ്രസാധകരുമൊക്കെയായിട്ട് തർക്കമുണ്ടാക്കും. അമ്മയെ തളർച്ചയോടെ കണ്ടത് എന്റെ സഹോദരിയും കുടുംബവും മരണപ്പെട്ടപ്പോഴാണ്. മാനസികമായി തകർന്നുപോയിരുന്നു അമ്മ.

ചങ്ങമ്പുഴയുടെ മുഖച്ഛായ താങ്കൾക്കാണ് കൂടുതൽ കിട്ടിയിട്ടുള്ളത്

ഒരിക്കൽ ഇടപ്പള്ളി മഹിളാസമാജത്തിന്റെ വാർഷികത്തിൽ ഞങ്ങൾ സ്ത്രീകളെല്ലാം കൂടി ഒരു നാടകം കളിച്ചു. അതിൽ പുരുഷവേഷമായിരുന്നു എനിക്ക്. ഞാൻ വേഷമിട്ടു നിൽക്കുമ്പോൾ സുഹൃത്തുക്കളിലൊരാൾ അമ്മയോട് ചെന്നുപറഞ്ഞു ചങ്ങമ്പുഴയെ ഒരിക്കൽ കൂടി കാണണമെങ്കിൽ വേഗം വരൂ എന്ന്. അമ്മ വേഗം വന്നു നോക്കി. ഞാൻ പുരുഷനായി വേഷമിട്ട് നിൽക്കുകയാണ്. അമ്മ കുറേനേരം നോക്കി നിന്നു. അച്ഛന്റെ സ്നേഹമോ വാൽസല്യമോ ഞാൻ അനുഭവിച്ചിട്ടില്ല. നേരിട്ട് കണ്ട ഓർമയേയില്ല, ഒന്നു തൊട്ടിട്ടില്ല. ആ ഛായ എനിക്കുണ്ടെന്നുകേൾക്കുമ്പോൾ സന്തോഷം.

Content Highlights : Interview with Lalitha Changampuzha daughter of Chamgampuzha Krishna Pillai

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented