സച്ചിദാനന്ദൻ/ ഫോട്ടോ: മധുരാജ്
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി കവി സച്ചിദാനന്ദന്‍ ചുമതലയേറ്റിടുത്തിരിക്കുകയാണ്. അക്കാദമിയെക്കുറിച്ചും പുതിയ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
സാഹിത്യ അക്കാദമികളിലെ ഭാരവാഹിത്വം സച്ചിദായ്ക്ക് പുതുമയുള്ളതല്ല. കേന്ദ്ര സാഹിത്യ അക്കാദമിയിലെ (രാഷ്ട്രീയമായ നിലപാടുകള്‍ തികച്ചും വ്യത്യസ്തമായിരുന്നിട്ടുകൂടി) സച്ചിദായുടെ ഇടപെടലുകള്‍ എതിരഭിപ്രായമില്ലാതെ അംഗീകരിക്കപ്പെട്ടതാണ്. കേരള സാഹിത്യ അക്കാദമിയെ ഒറ്റനോട്ടത്തില്‍ എങ്ങനെ വിലയിരുത്തുന്നു?
ഇതര സംസ്ഥാന അക്കാദമികളെ അപേക്ഷിച്ച് വളരെ സചേതനവും ചലനാത്മകവുമാണ് കേരള സാഹിത്യ അക്കാദമി. ഇത്ര വലിയ ഗ്രന്ഥശേഖരവും, ഇത്ര നന്നായി നടക്കുന്ന പുസ്തക പ്രസിദ്ധീകരണവും ഇത്ര നിലവാരമുള്ള ആനുകാലികങ്ങളും ഉള്ള മറ്റൊരു സംസ്ഥാന സാഹിത്യ അക്കാദമിയേയും എനിക്കറിഞ്ഞുകൂടാ. കര്‍ണാടകം, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അല്‍പ്പമെങ്കിലും നന്നായി അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും ലൈബ്രറി, പുരസ്‌കാരങ്ങള്‍, അല്‍പ്പം പ്രസിദ്ധീകരണങ്ങള്‍, വല്ലപ്പോഴും ചില പരിപാടികള്‍ ഇവയില്‍ അവയുടെ പ്രവര്‍ത്തനം ഒതുങ്ങുന്നു. കേന്ദ്ര അക്കാദമിയുടെ നില വ്യത്യസ്തമാണ്. ഒരുപാട് പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും അത് നടത്തുന്നു, എന്നാല്‍, അത് അനേകം ഭാഷകളുടെ അക്കാദമിയാണ് എന്ന് മറക്കരുത്. ആ വൈവിദ്ധ്യം തന്നെ അതിന്റെ ശക്തിയാണ്.
സാഹിത്യത്തിന് ഭാഷ ഒരു വന്‍മതില്‍ സൃഷ്ടിക്കാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനായ താങ്കള്‍ ഊന്നല്‍ കൊടുക്കുന്നത് മലയാളത്തിലെ മികച്ച കൃതികളെ ലോകഭാഷയിലേക്കെത്തിക്കുന്നതിലാണ്. പരിഭാഷയുടെ സാധ്യതകള്‍ എങ്ങനെയാണ് അക്കാദമി ഉപയോഗപ്പെടുത്താന്‍ പദ്ധതിയിടുന്നത്?
കേരള സാഹിത്യ അക്കാദമി പ്രാഥമികമായും ഒരു മലയാളസാഹിത്യ സ്ഥാപനമാണ്. എന്നാല്‍, മലയാള സാഹിത്യത്തിന്റെ ഉത്തമകൃതികളെ ഇതരഭാഷക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന കര്‍ത്തവ്യം കൂടി അതിന്നുണ്ട്; ഒപ്പം, മറ്റു സാഹിത്യങ്ങളുമായി മലയാള സാഹിത്യസംസ്‌കാരത്തെ ബന്ധിപ്പിക്കുകയും. അക്കാദമിക്ക് ഒരു ഇംഗ്ലീഷ് ആനുകാലികം ഉള്ളത് അതിന്നായാണ്. എന്നാല്‍, പുസ്തകപരിഭാഷാ പദ്ധതി കാര്യമായി മുന്നോട്ടു പോയിട്ടില്ല. അധികവും സ്വകാര്യ മുന്‍കൈകളാണ് ആ രംഗത്തുള്ളത്, അത് തന്നെയും അധികവും ഇംഗ്ലീഷില്‍ ഒതുങ്ങി നില്‍ക്കുന്നു, അപൂര്‍വ്വം ചില കൃതികള്‍ മാത്രമാണ് ഇതര ഇന്ത്യന്‍ ഭാഷകളിലേക്ക് സഞ്ചരിച്ചിട്ടുള്ളത്. ഇതില്‍ വലിയ ഒരു വൈരുദ്ധ്യമുണ്ട്. കാരണം ഈ ഇംഗ്ലീഷ് പരിഭാഷകളുടെ വായനക്കാര്‍ ഇന്ത്യയില്‍ തന്നെയുള്ള, ഇംഗ്ലീഷില്‍ വായന അധികവും നടത്തുന്ന, സഹൃദയരാണ്, വിദേശ വായനക്കാരല്ല. ഒരിക്കല്‍ ബ്രിട്ടനിലെ പെന്‍ഗ്വിന്‍ തലവന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ ഞാന്‍ ഒ.വി വിജയന്റെ പേര് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അയാള്‍ക്ക് മലയാള സാഹിത്യത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. ഇന്ത്യയില്‍ ഇത്രയും പ്രസിദ്ധനായ, ഇംഗ്ലീഷില്‍ നന്നായി പരിഭാഷ ചെയ്യപ്പെട്ട, ഒരാളുടെ സ്ഥിതി ഇതാണെങ്കില്‍ ബാക്കി ഊഹിച്ചാല്‍ മതി.
സ്വന്തം ഭാഷയില്‍ ഇതരഭാഷാ കൃതികള്‍ വായിക്കാന്‍ താത്പര്യമുള്ള ആയിരക്കണക്കിന് വായനക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ട്. അവരെ നാം പരിഗണിക്കണം. അതിനു ഇതരഭാഷക്കാര്‍ക്ക് നമ്മുടെ ഉത്തമകൃതികളുടെ കാറ്റലോഗ് ഉണ്ടാക്കി നല്‍കണം, ദേശീയ പുസ്തക പ്രദര്‍ശനങ്ങളില്‍ നമ്മുടെ സാന്നിദ്ധ്യം വേണം. കാര്യശാലകളിലൂടെ വിവര്‍ത്തനം നടത്തി ഡി.ടി. നല്‍കി പുസ്തകങ്ങള്‍ പ്രസിദ്ധീകരിപ്പിക്കണം. തുടക്കം ആന്തോളജികളില്‍നിന്ന് ആകാവുന്നതാണ്. അക്കാദമി തന്നെ തര്‍ജമകള്‍ പ്രസിദ്ധീകരിച്ചിട്ട് കാര്യമില്ല, വിതരണം പ്രശ്‌നമാകും. വലിയ പ്രസാധകരെക്കൊണ്ട് പ്രകാശിപ്പിക്കുകയാണ് ആവശ്യം. മലയാള സര്‍വ്വകലാശാല അത്തരം ഒരു പദ്ധതിക്ക് തുടക്കം ഇട്ടിരുന്നു. പിന്നെ അത് എങ്ങിനെയോ മുടങ്ങി, പക്ഷെ നല്ല ചില കൃതികളുടെ നല്ല തര്‍ജമകള്‍ അങ്ങിനെ പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍, ഓക്‌സ്ഫഡ് തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ചു. ഈ പരിപാടിയില്‍ പല സംഘടനകള്‍ക്ക് ഭാഗഭാക്കാവാം, സര്‍വ്വകലാശാല അടക്കം.
ഇരുപത്തിയൊന്നു വയസ്സുള്ള വിദ്യാര്‍ഥി മുതലുള്ള യുവതലമുറയെ ഭരണസാരഥ്യത്തിലേക്ക് നിര്‍ദ്ദേശിക്കുന്ന, ചുമതലകള്‍ പുതുതലമുറയെ ഏല്‍പ്പിക്കുന്ന ഇടത് സര്‍ക്കാര്‍ പക്ഷേ സാഹിത്യ-സംഗീത-ലളിതകലാ അക്കാദമികളുടെ കാര്യനിര്‍വ്വഹണസമിതികളില്‍ ഇപ്പോഴും ആശാവഹമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടില്ല. സച്ചിദായുടെ അധ്യക്ഷത്തിലുള്ള അക്കാദമി എക്സിക്യുട്ടീവ് കമ്മറ്റിയില്‍ യുവപ്രാതിനിധ്യമുണ്ടാകുമോ?
പഴയ സമിതി നവംബര്‍ വരെ തുടരും എന്നാണു മനസ്സിലാക്കുന്നത്. പുതിയ സമിതിയില്‍ യുവസാന്നിദ്ധ്യം തീര്‍ച്ചയായും ഉണ്ടാകും. പത്ത് പേരെ സര്‍ക്കാര്‍ ആണ് നിര്‍ദ്ദേശിക്കുക, പത്ത് പേരെ കൗണ്‍സിലിനു തെരഞ്ഞെടുക്കാം. അവിടെ ചെറുപ്പക്കാരെ കൊണ്ടുവരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
കേരള സാഹിത്യ അക്കാദമി ഇനിയും ഊന്നല്‍ കൊടുത്തിട്ടില്ലാത്ത മേഖലകളെക്കുറിച്ച് സച്ചിദാ നിരീക്ഷിച്ചിട്ടുണ്ടോ? സ്ത്രീപക്ഷ-ദളിത്-ഗോത്ര-വരേണ്യ-ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി ധാരാളം ശാഖകളായിത്തിരിക്കപ്പെട്ട സാഹിത്യത്തിന്റെ ഏകോപനം എന്നത് സാധ്യമാണോ? സാഹിത്യത്തില്‍ അത്തരത്തിലുള്ള 'റിസര്‍വേഷനുകള്‍' ആവശ്യമുണ്ടോ? മലയാള സാഹിത്യം ഈ റിസര്‍വേഷനെ എത്രകണ്ട് ഉപയോഗിക്കുന്നുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട്?
കേന്ദ്ര അക്കാദമിയില്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വേദികള്‍ ഞാന്‍ തുടങ്ങിയിരുന്നു. ഇവിടെ ആ രീതിയിലോ മറ്റു രീതികളിലോ-പരിപാടികളിലെ പങ്കാളിത്തം, പാര്‍ശ്വവത്കൃതരുടെ സംഘടനകളുമായുള്ള സഹകരണം മുതലായവ- ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. പ്രത്യേകിച്ചും മാനകഭാഷയെ ഭേദിച്ചു ഉയരുന്ന ആദിവാസി- സാമുദായിക ഭാഷകളിലെ എഴുത്തിനു പ്രാമാണ്യം നല്‍കും.
സച്ചിദാ അക്കാദമി അധ്യക്ഷനായിരിക്കുന്നു എന്നത് സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അക്കാദമി പരമ്പരാഗതമായ കീഴ്വഴക്കങ്ങള്‍ക്ക് വിധേയമാകില്ല എന്ന പ്രതീക്ഷ അവര്‍ പങ്കുവെക്കുന്നു. കേരള സാഹിത്യ അക്കാദമി എന്നു പറയുമ്പോള്‍ അക്കാദമികമായ മുന്നേറ്റങ്ങള്‍ കൂടി ഉണ്ടാവേണ്ടതുണ്ട്. സാഹിത്യഗവേഷണത്തിനുതകുന്ന ആധികാരികമായ അന്തരീക്ഷം അക്കാദമിയില്‍ സ്ഥാപിക്കപ്പെടുമോ? വിദ്യാര്‍ഥികള്‍ക്ക് ഏതുവിധത്തില്‍ അക്കാദമിയെ ഉപയോഗപ്പെടുത്താനാകും?
അക്കാദമിക്ക് രണ്ടു വശങ്ങള്‍ ഉണ്ട്: ഒന്ന് അക്കാദമിക് ആണ്- ലൈബ്രറി, പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, ഗവേഷണം,പരിഭാഷകള്‍ തുടങ്ങിയവ. മറ്റൊന്ന് ജനകീയമാണ്- പ്രഭാഷണങ്ങള്‍, വായനകള്‍, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സംവാദങ്ങള്‍, സാഹിത്യോത്സവങ്ങള്‍, ഉള്‍നാടുകളില്‍ ഉള്‍പ്പെടെ പരിപാടികള്‍-ഇങ്ങനെ. രണ്ടു വശങ്ങളും ഒരു പോലെ മുന്നോട്ടു കൊണ്ട് പോകണം. ലൈബ്രറിയിലും മറ്റും ഒരുപാട് മാറ്റങ്ങള്‍ വരുത്താനുണ്ട്. സാങ്കേതികമായ നവീകരണം അതില്‍ ഒന്നാണ്. ഗവേഷണത്തിനും പിന്തുണ നല്‍കണം. ഈ രംഗം ഞാന്‍ പഠിക്കുന്നതേയുള്ളൂ
അക്കാദമി അധ്യക്ഷന്‍ മറ്റ് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്വീകരിക്കുന്നതില്‍ എന്താണ് അഭിപ്രായം? കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരിക്കുക എന്നത് ഉന്നതമായ സ്ഥാനം, ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. ഇതര സാംസ്‌കാരിക സംഘടനകളുടെ അവാര്‍ഡുകള്‍ സ്വീകരിക്കുമ്പോള്‍ അതൊരു പരോക്ഷസ്വാധീനം കൂടി ആവില്ലേ?
അവാര്‍ഡുകള്‍ എന്നെ ഇന്നോളം ഒരു കാര്യത്തിലും സ്വാധീനിച്ചിട്ടില്ല. 'കൈമാറ്റങ്ങള്‍' ജീവിതത്തില്‍ ഇന്നോളം നടത്തിയിട്ടില്ല. അവാര്‍ഡ് നല്‍കുന്നത് അക്കാദമി അദ്ധ്യക്ഷനല്ല, എഴുത്തുകാരനാണ്. അക്കാദമിയില്‍ ആയതുകൊണ്ട് ഞാന്‍ എഴുത്തുകാരന്‍ അല്ലാതാവില്ല എന്നാണു എന്റെ വിശ്വാസം. അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തീര്‍ച്ചയായും വാങ്ങില്ല. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനം അത്ര മഹനീയമാണെന്നൊന്നും എനിക്ക് തെറ്റിദ്ധാരണയുമില്ല. അത് ഒരു ചുമതല മാത്രമാണ്, അലങ്കാരമല്ല. എഴുത്തുകാരന്‍ തന്റെ എഴുതാനുള്ള വിലപ്പെട്ട സമയത്തില്‍ അല്‍പ്പം സാഹിത്യസേവനത്തിന്നു നല്‍കുകയാണ്. അതാണ് കേന്ദ്ര അക്കാദമി സെക്രട്ടറി ആയപ്പോഴും ചെയ്തത്. ചെറിയ ശമ്പളമുള്ള ഒരു ജോലി കൂടി ആയിരുന്നു അതെങ്കിലും അതിനെയും ഒരു ജോലിയായല്ല ഞാന്‍ കണ്ടത്. പിന്നെ പുരസ്‌കാരങ്ങള്‍ എഴുത്തുകാരനെ/കാരിയെ അടിമയാക്കുമെങ്കില്‍, അയാള്‍/അവള്‍ എഴുത്തുകാരന്‍/എഴുത്തുകാരി അല്ലാ എന്നെ അര്‍ത്ഥമുള്ളൂ.
കേരള സാഹിത്യ അക്കാദമി സാമ്പത്തികമായി സ്വയംപര്യാപ്തമാണോ? അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ നിവര്‍ത്തിച്ചുപോരുന്നതില്‍ വര്‍ഷാവര്‍ഷം എത്ര ചെലവ് വരും? അക്കാദമിയുടെ വരുമാനമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ ചാര്‍ജ് എടുത്തിട്ട് ഒരു ദിവസം കഴിഞ്ഞതേയുള്ളൂ. ഈ വശം പഠിക്കണം. എന്റെ സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ പണം ആവശ്യമുണ്ട്. ലൈബ്രറി പരിഷ്‌കരണം, ഡിജിറ്റലൈസേഷൻ, ദേശീയതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, കാര്യശാലകള്‍, സാഹിത്യോത്സവം ഇവയ്‌ക്കെല്ലാം പ്രത്യേക ഫണ്ടുകള്‍ ആവശ്യമുണ്ട്, അതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
Content Highlights: Interview with kerala sahithya academy president K Satchidanandan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..