ഡോ.എം. ലീലാവതി
ലീലാവതി ടീച്ചര്‍ക്ക് ഇന്ന് തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍. 'ദയവായി സന്ദര്‍ശനം ഒഴിവാക്കൂ' എന്നു പതിച്ചിരിക്കുന്ന അറിയിപ്പിനെ മറികടന്നാണ് ഡോ. എം. ലീലാവതി ടീച്ചറുടെ വീട്ടിലേക്ക് ചെന്നത്. തകൃതിയായ എഴുത്തിലായിരുന്നു ടീച്ചര്‍. വയസ്സിന്റെ 'ചുറുചുറുക്ക്' അക്ഷരങ്ങളില്‍ തെളിഞ്ഞുകാണാം. പരീക്ഷാക്കാലത്ത് പഠിക്കാനിരിക്കുന്ന പെണ്‍കുട്ടിയെപ്പോലെ കാലുകള്‍ രണ്ടും മുമ്പിലത്തെ ടീപ്പോയിലേക്ക് കയറ്റി വെച്ചിരിക്കുന്നു. തടിയന് പുസ്തകങ്ങള്‍ ഇടയ്ക്കിടെ മറിച്ചുനോക്കുന്നുണ്ട്. തൊട്ടരികിലെ ഫോണ്‍ ഒറ്റത്തവണ റിങ് ചെയ്യുമ്പോഴേക്കും അറ്റന്‍ഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു! റൈറ്റിങ് ബോര്‍ഡിനും കുഷ്യനുകള്‍ക്കും ഇടയില്‍ മെലിഞ്ഞ ശരീരത്തെ മെരുക്കിയിരുത്തിക്കൊണ്ട്, എഴുത്ത് തടസ്സപ്പെട്ട അനിഷ്ടം പ്രകടിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് ടീച്ചര്‍ ചിരിച്ചു.
ടീച്ചര്‍ കാര്യമായ എഴുത്തിലാണല്ലോ
കമല ഹാരിസ്സിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവരെക്കുറിച്ച് മുമ്പേ അറിഞ്ഞതും എഴുതിയതുമൊക്കെയാണ്. അതുപോരാ എന്നു തോന്നി. കമലാ ദേവി ഹാരിസ് എന്ന അമ്പത്തേഴുകാരി അമേരിക്കയുടെ വൈസ് പ്രസിഡണ്ട് പദവി വരെ എത്തിയതിന്റെ ചരിത്രം അറിഞ്ഞപ്പോള്‍ അവരെ വിശദമായി രേഖപ്പെടുത്തണമെന്നു തോന്നി. കമലയെക്കുറിച്ച് ഇംഗ്ലീഷില്‍ വന്ന ലേഖനങ്ങളും മറ്റുമാണ് കൂടുതല്‍ അറിയാന്‍ സഹായകമായത്. ഡയറിയില്‍ അങ്ങിങ്ങായി ഓരോന്ന് എഴുതി വെച്ചിട്ടുണ്ട്. അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാല്‍ നല്ലതല്ലേ.
ടീച്ചറുടെ ഈ എഴുത്ത് സെറ്റപ്പ് നന്നായിരിക്കുന്നല്ലോ. നല്ല ഇരുത്തം തരുന്ന കസേര, കാല് നീട്ടിവെക്കാന്‍ ടീപോയ്, തൊട്ടടുത്ത് ലാന്റ് ഫോണ്‍, മുന്നില്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടി.വി, മടുക്കുമ്പോള്‍ കിടക്കാന്‍ തൊട്ടടുത്ത് ഒറ്റക്കട്ടില്, നേരെ മുമ്പില്‍ തീന്മേശ, മുറിയിലെ ഒഴിഞ്ഞ ഇടങ്ങളെല്ലാം അടച്ചുകൊണ്ട് അട്ടിയട്ടിയായി പുസ്തകങ്ങള്‍... എഴുത്തും വായനയും തീനും ഉറക്കവും സംസാരവും ലോകവുമെല്ലാം ടീച്ചറുടെ അടുത്തേക്ക് ഇറങ്ങി വന്നതു പോലെയുണ്ട്
എന്റെ ഇരിപ്പുവശത്തെക്കുറിച്ചാണോ പറയുന്നത്? ഇതില്‍ ഏതാണ് ഞാനിപ്പോ ഒഴിവാക്കുക? സഹായിക്കാന്‍ വരുന്ന പെണ്‍കുട്ടിയ്ക്ക് എല്ലാം അടുക്കിപ്പെറുക്കി വെക്കണമെന്നൊക്കെ ഉണ്ടാവും. പക്ഷേ അതോടെ ഞാന്‍ വെച്ചത് കാണാതാവൂലേ? ഇങ്ങനെ ഇരുന്ന് എഴുതാനാണ് ഇപ്പോള്‍ സുഖം. ശരീരത്തിന് മടുക്കുമ്പോള്‍ പൊസിഷന്‍ സ്വയം മാറ്റിക്കോളും. ഉച്ചയൂണ് കഴിഞ്ഞാല്‍ കുറച്ചുനേരം ഉറക്കമുണ്ട്. അതിനാണ് അടുത്തുതന്നെ കിടക്കാനുള്ള ഇടമുണ്ടാക്കിയത്. കാല് നീട്ടിവെക്കാതെ തരമില്ല. ഫോണ്‍ അടുത്തുതന്നെ വെക്കുന്നതും എന്റെ സൗകര്യത്തിനാണ്. അമേരിക്കയിലുള്ള മകന് ജയന് എല്ലാ ദിവസവും വൈകുന്നേരം വിളിക്കും. വിളിച്ച് വിശേഷങ്ങള്‍ പറയണമെന്ന് അയാളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു മകന് വിനയന് തൊട്ടടുത്താണ് താമസിക്കുന്നത്. രാത്രി എട്ടു മണിയാകുമ്പോള്‍ അയാളും പതിവായിട്ട് വരും. വിശേഷങ്ങള്‍ പറയും. എഴുത്തും വായനയുമല്ലേ ഞാന്‍ ശീലിച്ചിട്ടുള്ളൂ, ഇങ്ങനെ ഇരുന്നും കിടന്നും അതു തുടരുന്നു.
മുകളിലെ നിലയിലെ നൂറുകണക്കിന് പുസ്തകങ്ങള്‍ക്ക് നടുവിലിരുന്നുള്ള എഴുത്തുശീലം ഇങ്ങനെയായപ്പോള്‍ അസൗകര്യമുണ്ടോ?
സൗകര്യവും അസൗകര്യവുമൊക്കെ നമ്മളായിട്ട് ഉണ്ടാക്കുന്നതാണ്. ആവതുള്ള കാലത്ത് അതായിരുന്നു ശീലം. ഇപ്പോള്‍ മുകളിലേക്ക് കയറാന്‍ വയ്യാണ്ടായി. എഴുതുമ്പോള്‍ റഫറന്‍സിനായി വിചാരിച്ച പുസ്തകങ്ങള്‍ അപ്പപ്പോള്‍ കിട്ടുന്നില്ല എന്ന പ്രശ്നമുണ്ട്. അത് അസൗകര്യം തന്നെയാണ്. വിനയന് വരുമ്പോള്‍ അത്യാവശ്യമായി കിട്ടേണ്ടതായ പുസ്തകങ്ങള്‍ പറഞ്ഞുകൊടുക്കും. അയാള്‍ നോക്കിയെടുത്തു കൊണ്ടുത്തരും. അങ്ങനെ മുകളിലെ പുസ്തകങ്ങള്‍ പയ്യെപ്പയ്യെ താഴോട്ടിറങ്ങി വരുന്നുണ്ട്.
മലയാള കവിതാ സാഹിത്യചരിത്രം, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, അണയാത്ത ദീപം, വര്‍ണരാജി, അര്‍ഥാന്തരങ്ങള്‍ തുടങ്ങി അനവധി നിരൂപണഗ്രന്ഥങ്ങള്ക്കു പുറമേ രണ്ട് കവിതാ സമാഹാരങ്ങള്‍ കൂടിയുണ്ട് ടീച്ചറുടെ അക്കൗണ്ടില്‍. കവിതയെ ഇപ്പോള്‍ പാടെ ഉപേക്ഷിച്ചോ?
ഉപേക്ഷിച്ചിട്ടില്ല, എഴുതുന്നില്ല, പക്ഷേ വായിക്കുന്നുണ്ട്. എന്റെ കവിതകളൊക്കെ മുമ്പെഴുതിയതല്ലേ. ഇപ്പോള്‍ അതൊന്നുമില്ല. നിരൂപണ ഗ്രന്ഥങ്ങള്‍ തന്നെ പുസ്തകവിപണിയില്‍ വളരെ പതുക്കെ ചെലവാകുന്ന ഒന്നല്ലേ. വിറ്റുപോകുന്നില്ല എന്നുപറഞ്ഞ് പ്രസാധകര് തന്നെ പിന്നോക്കം വെക്കും. നോവലുകളും മറ്റു പുസ്തകങ്ങളും വിറ്റുപോകുന്നതുപോലെ നിരൂപണ ഗ്രന്ഥങ്ങള്‍ പോകില്ല. പതിപ്പുകള്‍ പലതും ഒന്നില്‍ത്തന്നെ അവസാനിക്കും. ഒരു നോവലിനു കൊടുക്കുന്ന പ്രമോഷനോ മറ്റു പ്രചരണങ്ങളോ നിരൂപണ പുസ്തകങ്ങള്‍ക്ക് കൊടുക്കാറില്ല. പിന്നെയെങ്ങനെ ആളുകള്‍ക്ക് വായിക്കാന്‍ അവസരമുണ്ടാകും? നോവലുകള്‍ പോലെ അത്ര നല്ല ആസ്വാദനശേഷി നിരൂപണങ്ങള്‍ തരുന്നില്ല എന്നതും ശരിയാണ്.
പക്ഷേ പുസ്തകങ്ങള്‍ക്കുള്ള കോപ്പി റൈറ്റ് എല്ലാം ഒരുപോലെയാണ്
അതാണ് മറ്റൊരു പ്രശ്നം. അഞ്ചും എട്ടും വര്‍ഷമൊക്കെയാണ് ഒരു പുസ്തകത്തിന്റെ കരാര്‍ വെക്കുക. അവിടെ നോവല്‍, നിരൂപണം, ആത്മകഥ എന്ന വ്യത്യാസമൊന്നുമില്ല. നിരൂപണഗ്രന്ഥങ്ങളുടെ ആദ്യ പതിപ്പ് തീര്‍ന്നാല്‍ പിന്നെ അച്ചടിക്കാന്‍ പലരും മടിക്കും. വിറ്റുപോകുമോ എന്ന ശങ്കയാണ് കാരണം. അക്കാദമികമായ ആവശ്യങ്ങള്‍ വരുമ്പോഴാണ് പുസ്തകം അന്വേഷിച്ചിറങ്ങുക. അപ്പോള്‍ കരാര്‍ ലംഘിച്ച് എഴുത്തുകാരന് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അതെല്ലാം നിയമങ്ങളാണ്, നിലവിലുള്ള നിയമങ്ങള്‍ മാറ്റാന്‍ എഴുത്തുകാര്‍ക്കും പറ്റില്ല. തങ്ങള്‍ നിര്‍ദ്ദേശിച്ച കാലാവധിക്കുള്ളില്‍ പുതിയ പതിപ്പുകള്‍ ഇറക്കാന്‍ പ്രസാധകര്‍ക്ക് കഴിയാതെ വരികയാണെങ്കില്‍, സാമ്പത്തികമായി അവര്‍ വിചാരിക്കുന്ന നേട്ടങ്ങള്‍ ലഭിച്ചില്ലെങ്കില്‍, എഴുത്തുകാരെ അറിയിക്കാനും കരാര്‍ കാലാവധിയില്‍ മാറ്റം വരുത്താനുമുള്ള സംവിധാനം ഉണ്ടാകണം. തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ അവരുടെ കൈവിട്ടുപോകാതെ പ്രസാധകര് നോക്കുന്നത് കരാര്‍ പുതുക്കിക്കൊണ്ടാണല്ലോ. ആ സമീപനം പതിപ്പുകള്‍ ഇറങ്ങാന്‍ സാധ്യതയില്ലാത്ത പുസ്തകത്തിലും വേണം.
കോപ്പിറൈറ്റ് പോലെത്തന്നെ മറ്റൊന്നാണ് റോയല്‍റ്റിയും...
റോയല്‍റ്റി ഇനത്തില്‍ ഒരു പുസ്തകത്തില്‍ നിന്നും എഴുത്തുകാര്‍ കൈപ്പറ്റുന്നത് പരമാവധി 15 മുതല്‍ 20 ശതമാനം വരെയാണ്. അതില്‍ കൂടുതല്‍ കൊടുക്കാന്‍ ഒരു പ്രസാധകനും തയ്യാറാവില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ആയിരുന്നു എഴുത്തുകാരെ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുപ്പത് ശതമാനം റേയല്റ്റി കൊടുത്തിരുന്നത്. എസ്.പി.സി.എസ് കടത്തില്‍ മുങ്ങാനും കാരണം അതായിരുന്നു. ഒരു പുസ്തകം അച്ചടിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി ധാരാളം ചെലവ് വരും. അത് തിരിച്ചറിഞ്ഞപ്പോള്‍ എസ്.പി.സി.എസ്. റോയല്‍റ്റി കുറച്ചു. ധനനഷ്ടത്തില്നിന്നു കരകയറാന്‍ തുടങ്ങി. പ്രസാധക മേഖല ധാരാളം പേര്‍ക്ക് ജോലിയും ജീവിതവും നല്കുന്ന ഒന്നാണ്. എഴുതിയതിന്റെ ഉടമസ്ഥാവകാശത്തില്‍ കൂടുതല്‍ പണം എഴുത്തുകാര്‍ ആഗ്രഹിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പ്രസാധക മേഖലയില്‍ പലര്‍ക്കും പല പോളിസിയാണ് ഇപ്പോള്‍ അത് ഏകീകരിക്കുകയാണ് വേണ്ടത്. ലോകത്തെല്ലായിടത്തും പൊതുവായ പ്രസാധകനിയമങ്ങളാണ് വേണ്ടത്. അപ്പോള്‍ റോയല്‍റ്റി തര്‍ക്കം വരില്ല. ഇപ്പോഴൊക്കെ പണം അങ്ങോട്ട് കൊടുത്ത് പുസ്തകം പ്രസാധനം ചെയ്യുന്ന സെല്‍ഫ് പബ്ലിഷിങ് രീതിയും ഉണ്ടല്ലോ. അതാവുമ്പോള്‍ മാര്‍ക്കറ്റിങ്ങ് എഴുത്തുകാരന്റെ ഉത്തരവാദിത്തമാണ്. ബെസ്റ്റ് സെല്ലേഴ്സ് എന്ന വിഭാഗത്തിന് ഇതേപ്പറ്റിയൊന്നും ചിന്തിക്കേണ്ട പ്രശ്നമേ ഉദിക്കുന്നില്ല.
കോപ്പി ലെഫ്റ്റ് ആവുന്ന കാലത്തെക്കുറിച്ച്
റോയല്‍റ്റി, കോപ്പിറൈറ്റ് തുടങ്ങിയവയ്ക്ക് അമ്പത് വര്‍ഷത്തെ ആയുസ്സേ ഉള്ളൂ; ഒരു കൃതിയുടെ ദീര്ഘകാലസാമ്പത്തിക സാധ്യതയെപ്പറ്റി നോക്കുമ്പോള്‍. എഴുത്തുകാര്‍ മരണപ്പെട്ട് അമ്പത് വര്‍ഷം കഴിഞ്ഞാല്‍ കൃതി കോപ്പി ലെഫ്റ്റ് ആയി. ആര്‍ക്കുവേണമെങ്കിലും അച്ചടിക്കാം, വിപണനം ചെയ്യാം. എഴുത്തുകാരുടെ തൊട്ടടുത്ത തലമുറ, അതായത് എഴുത്തുകാരുടെ മക്കളും കൂടി ഇല്ലാതാവുന്ന കാലം എന്ന നിലയിലാണ് അമ്പത് വര്‍ഷം നിശ്ചയിച്ചത്. അതിനടുത്ത തലമുറയും കൂടി കൃതികളില്‍നിന്നു സാമ്പത്തികമായി പ്രയോജനം നേടുന്നത് ശരിയല്ല എന്ന വിലയിരുത്തലില്‍ നിന്നാണ് കോപ്പിലെഫ്റ്റ് എന്ന ആശയം വരുന്നത്. ലോകത്ത് അതെല്ലായിടത്തും ഒരുപോലെയാണ് നടപ്പിലാവുന്നത്.
കോപ്പി റൈറ്റ്, റോയല്‍റ്റി, കോപ്പി ലേഫ്റ്റ്... ശേഷം ചര്‍ച്ച ചെയ്യേണ്ട ഒന്നാണല്ലോ പ്ലേജരിസം
രേഖപ്പെടുത്തപ്പെട്ട ഒരു പഴയ തീമുമായി സമാനമായതോ സംക്ഷിപ്തമായതോ ആയത് മറ്റൊരാള്‍ തന്റെ സര്‍ഗാത്മകതയ്ക്ക് ഉപയോഗിച്ചാല്‍ അതിനെ മുഴുവനായിട്ടും പ്ലേജരിസം എന്നു പറയാന്‍ പറ്റില്ല. ഉദാഹരണത്തിന് കാളിദാസന്റെ ശാകുന്തളം ഒരു ക്ലാസിക് ആണ്. പക്ഷേ അതിന്റെ ഒറിജിനല്‍ മഹാഭാരതത്തില്‍ അല്ലേ ഉള്ളത്. അത് ശങ്ക കൂടാതെ എടുത്തില്ലേ കാളിദാസന്. കാളിദാസന്റെ ശാകുന്തളവും വിക്രമോര്‍വ്വശീയവും മിത്തോളജിയില്‍ നിന്നുള്ളതാണ്. മാളവികാഗ്നിമത്രം മാത്രമാണ് സ്വന്തമായിട്ടുള്ളത്. ആദ്യത്തേത് രണ്ടും മിത്തോളജിയില്‍ നിന്നുള്ളതും മാളവികാഗ്നിമിത്രം സ്വന്തം സൃഷ്ടിയുമാണെന്നിരിക്കേ ഏതാണ് ഇതില്‍ മൂന്നിലും മികച്ചത് എന്ന ചോദ്യം വന്നാല്‍ ശാകുന്തളം എന്നാണ് എല്ലാവരും പറയുക. ഇതിവൃത്തം മഹാഭാരതമായതിനാല്‍ ശാകുന്തളത്തിന് യാതൊരു കുറവും വന്നിട്ടില്ല. അതിനെ പ്ലേജരിസം എന്നു കണക്കാക്കാന്‍ പറ്റില്ല.
നേരെ മറിച്ച് നിലവിലെ എഴുത്തുകാര്‍ മറ്റുള്ളവരുടെ പ്രമേയവുമായി സാദൃശ്യം വരുന്നതെന്തെങ്കിലും എഴുതിയാല്‍ ഇവിടെ ബഹളമായി. ഉദാഹരണത്തിന് 'ബംഗര്‍വാടി' എന്നൊരു പുസ്തകമുണ്ട് തെലുങ്കില്‍. ഒരു ഏകാധ്യാപക സ്കൂള്‍ നടത്തുന്നതാണ് പ്രമേയം. ഖസാക്കിന്റെ ഇതിഹാസവും ഏകാധ്യാപക സ്കൂളിനെ കേന്ദ്രീകരിച്ചുള്ളതാണ് എന്നതുകൊണ്ട് ബംഗര്വാടിയുടെ അനുകരണമാണ് എന്നു പറയുന്നതില്‍ അര്‍ഥമില്ല. ഏകാധ്യാപക വിദ്യാലയം ഉള്ളതുകൊണ്ടല്ല ഖസാക്കിന്റെ ഇതിഹാസം വലിയൊരു ക്രിയേറ്റീവ് വര്‍ക്കാവുന്നത്. അനവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അത് പ്ലേജരിസമല്ല. ജി.എന്‍ പണിക്കരെപ്പോലുള്ളവര്‍ ഖസാക്ക് അപഹരണമാണെന്നു കൊട്ടിഘോഷിച്ചിരുന്നു. രണ്ടും കൂടി വായിച്ചുനോക്കിയാല്‍ വ്യത്യാസം മനസ്സിലാവും.
പ്ലേജരിസം എന്നു ശരിക്കു പറയാവുന്നത് വെര്‍ബാറ്റിം ക്വോട്ടുകള്‍ വരുമ്പോഴാണ്. കമ്പോട് കമ്പ് പകര്‍ത്തെഴുത്ത് തന്നെ. പ്ലേജരിസം ഇപ്പോള്‍ കൃതികളില്‍ അല്ല സംഭവിക്കുന്നത്. അക്കാദമിക ഗവേഷണ മേഖലകളിലാണ്. പത്തു പുസ്തകം വായിച്ചാല്‍ ഒരു പുതിയ പ്രബന്ധം ഉണ്ടാക്കാം എന്ന ലാഘവത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. പലരും സ്രോതസ് അക്നോളജ് ചെയ്യുന്നേയില്ല. എന്റെ തന്നെ അനുഭവങ്ങള്‍ ധാരാളം പറയാനുണ്ട്.
മഹാത്മാഗാന്ധി കോളേജില്‍ നിന്നുള്ള തീസിസ് മൂല്യനിര്‍ണയം നടത്തിക്കൊണ്ടിരിക്കുന്ന വേളയിലെ അനുഭവം ആദ്യം പറയാം. പുസ്തകം വൈലോപ്പിള്ളിയെപ്പറ്റിയാണ്. വായിച്ചുനോക്കിക്കൊണ്ട് പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ വൈലോപ്പിള്ളിയെപ്പറ്റി എഴുതിയിട്ടുള്ള ലേഖനങ്ങള്‍ അങ്ങനെ തന്നെ പകര്‍ത്തിയെഴുതി വെച്ചിരിക്കുന്നു. ഒന്നോ രണ്ടോ ഖണ്ഡികയല്ല. ഖണ്ഡികകള്‍ പരന്നു കിടക്കുകയാണ്! പതിനാല് വരിയില്കൂടുതല് ഒറിജിനല്‍ ടെകസ്റ്റ് പകര്‍ത്താന്‍ പാടില്ല. കോപ്പിറൈറ്റ് പ്രശ്നമാവും. ഇവിടെയാണ് പേജുകള്‍ അറ്റമില്ലാതെ പകര്‍ത്തിവെച്ചിരിക്കുന്നത്. തീസിസ് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എവിടെയെങ്കിലും റഫറന്‍സ് കൊടുത്തിട്ടുണ്ടോ എന്നു പരിശോധിച്ചു. അതുമില്ല! എല്ലാം ഗവേഷകന്റെ കണ്ടെത്തല്‍ പോലെയാണ് എഴുതിവെച്ചിരിക്കുന്നത്. അതാണ് പ്ലേജരിസം. ആ തീസിസ് വാല്യുവേഷന് ചെയര്മാനായിട്ട് ഞാന്‍ തന്നെ വന്നു. എന്റെ കയ്യില്‍ത്തന്നെ ആ പ്രബന്ധം വീണ്ടും വന്നു. സ്വതവേ തീസിസ് റിജക്ട് ചെയ്യാന്‍ എനിക്കിഷ്ടമില്ല. പക്ഷേ എന്നെത്തന്നെ കോപ്പിയടിച്ചുവെച്ചിരിക്കുന്നത് കണ്ടിരിക്കാനും വയ്യ. ഞാന്‍ എഴുതി: ''ഈ പ്രബന്ധം പകുതി എന്റെ പുസ്തകം അതേപോലെ പകര്‍ത്തിയെഴുതി വെച്ചതാണ്. പ്ലേജരിസം ആണ്. എനിക്കിത് ശുപാര്‍ശ ചെയ്യാന്‍ വിഷമമുണ്ട്. എന്റെ കൂടെയുള്ള മറ്റ് രണ്ട് എക്സാമിനേഴ്സിനും ഈ പകര്‍ത്തിയെഴുത്ത് പ്രബന്ധത്തെ സംബന്ധിച്ച് പ്രശ്നമൊന്നുമില്ലെങ്കില്‍ എനിക്കു വിരോധമില്ല. കൂടിക്കാഴ്ചയ്ക്കു വിളിക്കണ്ട, ഞാന്‍ വരില്ല.'' കൂടിക്കാഴ്ചയ്ക്കു പോയാല്‍ ഞാന്‍ ഇതേപ്പറ്റി ചോദിച്ചുപോകില്ലേ? പക്ഷേ രസമെന്താണെന്നു വെച്ചാല്‍ മറ്റു രണ്ട് എക്സാമിനര്‍മാരും അത് ഡോക്ടറേറ്റിനായി ശുപാര്‍ശ ചെയ്തു. അയാള്‍ക്ക് ഡിഗ്രി കിട്ടി. ഇതുപോലെ ധാരാളം അനുഭവങ്ങള്‍ അക്കാദമികമേഖലയില്നിന്നു കിട്ടിയിട്ടുണ്ട്.
ഒന്നുകൂടി പറയാം. തിരുവനന്തപുരത്തുകാരനായ ഒരാളുമായി ബന്ധപ്പെട്ടതാണ്. ആര്‍ക്കിടൈപ്പല്‍ ക്രിട്ടിസിസത്തില്‍ നേച്ചര്‍ മിത്തോളജിയും മിത്തോളജിയലെ കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു തിയറിയുണ്ട്. സമ്മര്‍-വിന്റര്‍ രണ്ട് ഋതുക്കളാണല്ലോ, സമ്മര്‍ വന്ന് ഭൂമിയെ പരിണയിക്കുന്നു, ശേഷം വിന്ററും വന്ന് പരിണയിക്കുന്നു. അപ്പോള്‍ സമ്മര്‍ കുറേക്കാലം ഭൂമിയുടെ ഭര്‍ത്താവ്, അതുകഴിഞ്ഞിട്ട് വിന്ററാണ് ഭൂമിയുടെ ഭര്‍ത്താവാകുന്നത്. ഭര്ത്താക്കന്മാര് മാറുന്നു. ഭാര്യയായ ഭൂമി മാറുന്നില്ല. ഈയൊരു തീം ആണ് ഹാംലെറ്റിലും ഉമ്മാച്ചുവിലും എല്ലാം ഉള്ളത്. ഭര്‍ത്താവിനെ കൊന്നവനെയാണ് ഭാര്യ പരിണയിക്കുന്നത്. ഭൂമിയും അതുപോലെ ഭര്‍ത്താവായിരിക്കുന്ന സമ്മറിനെ മറികടന്ന് വരുന്ന വിന്ററിനെയാണ് പരിണയിക്കുന്നത്.
ഇത് ഇന്ത്യന്‍ മിത്തോളജിയില്‍ കൊണ്ടുവരികയാണെങ്കില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഭൂമിയുടെ പ്രതീകങ്ങളാണ്- ദ്രൗപദി, കുന്തീദേവി, മാധവി... ദ്രൗപദിക്ക് അഞ്ചു ഭര്ത്താക്കന്മാരാണ്. കുന്തിയ്ക്ക് അതുപോലെ പല പരിണയങ്ങളാണ്. മാധവിക്ക് ഭര്ത്താക്കന്മാരെ മാറ്റേണ്ടിവരുന്നുണ്ട്. യയാതിയുടെ മകളാണ് മാധവി. ഒ.എന്‍.വിയുടെ 'സ്വയംവരം' മാധവിയുടെ കഥയാണ് പറയുന്നത്. വിശ്വാമിത്രന്റെ ശിഷ്യനായ ഗാലവന് തന്റെ പഠനം കഴിഞ്ഞപ്പോള്‍ ഗുരുനാഥനോട് എന്താണ് ഗുരുദക്ഷിണ തരേണ്ടത് എന്നുചോദിച്ചു. ദക്ഷിണയൊന്നും വേണ്ട, നീ വിദ്യയഭ്യസിച്ചല്ലോ അതുതന്നെ ദക്ഷിണ എന്നു വിശ്വാമിത്രന് പറഞ്ഞു. അതല്ല,എന്തെങ്കിലും ദക്ഷിണ തനിക്കു ഗുരുവിന് കൊടുത്തേ പറ്റൂ എന്നായി ഗാലവന്. ഗാലവന്റെ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ വിശ്വാമിത്രന് ദേഷ്യം പിടിച്ചു. പോയി കൊണ്ടുവാ എണ്ണൂറ് കുതിരകളെ എന്നാണ് ഗുരു ദേഷ്യത്തോടെ ഗാലവനോട് പറഞ്ഞത്. ചില ലക്ഷണങ്ങളും പറഞ്ഞു. ലക്ഷണമൊത്ത എണ്ണൂറ് കുതിരകളെയായിരുന്നു വിശ്വാമിത്രന് ആവശ്യപ്പെട്ടത്.

താന്‍ പറഞ്ഞ ലക്ഷണത്തിലുള്ള എണ്ണൂറ് കുതിരകളെ കിട്ടില്ല എന്ന് വിശ്വാമിത്രനറിയാം. കാരണം വിശ്വാമിത്രന്റെ സഹോദരിയായ സത്യവതിക്കു സ്ത്രീധനമായി കൊടുത്തത് കുതുരകളെയായിരുന്നു. ബിപാശാ നദി കടക്കുമ്പോള്‍ കുറേ കുതിരകള്‍ ഒലിച്ചുപോയി. അങ്ങനെ ഭൂമിയില്‍ തന്നെ എണ്ണൂറ് കുതിരകളെ തികച്ചും കിട്ടാനില്ലാതായി. അറിഞ്ഞുകൊണ്ടാണ് ഗുരു ശിഷ്യനെ പരീക്ഷിച്ചത്. ഗാലവന് വലഞ്ഞു. ഓരോ രാജാക്കന്മാരുടെയും അടുക്കല്‍ പോയി എണ്ണൂറ് കുതിരകളെ നല്‍കാനായി അഭ്യര്‍ഥിച്ചു. ആദ്യം ചെന്നത് യയാതിയുടെ അടുത്താണ്. ഗാലവന് പറഞ്ഞ ലക്ഷണമൊത്ത കുതിരകള്‍ ഒന്നുപോലുമില്ല യയാതിയുടെ കയ്യില്‍. അദ്ദേഹം പകരം കൊടുത്തത് മകള്‍ മാധവിയെയാണ്! ഇവളെ കൊണ്ടുപോയി ഏതെങ്കിലും രാജാവിന് കൊടുത്തിട്ട് അദ്ദേഹത്തിന്റെ പക്കല്‍നിന്നു എണ്ണൂറ് കുതിരകളെ വാങ്ങിക്കോളൂ എന്നാണ് യയാതി പറഞ്ഞത്. ഗാലവന് പിന്നെ മാധവിയെയും കൊണ്ടുള്ള നടത്തമായി. ആദ്യം സമീപിച്ചയാളിന്റെ കയ്യില്‍ ഇരുനൂറ് കുതിരകളേയുള്ളൂ. ഇരുനൂറ് കുതിരകള്‍ക്ക് തക്കതായ ദിവസങ്ങള്‍ ആ രാജാവിനോടൊപ്പം കഴിഞ്ഞ മാധവി പിന്നെ അടുത്ത ഇരുനൂറ് കുതിരയെ തരുന്ന രാജാവിന്റെ ഭാര്യയായി. അങ്ങനെ ഗാലവന് കുതിരകളെ കിട്ടാന്‍ വേണ്ടി അവള്‍ക്ക് മാറിമാറി ഭര്ത്താക്കന്മാരെ വരിക്കേണ്ടി വന്നു.
പറഞ്ഞു വരുന്നത് നേച്ചര്‍ മിത്തോളജിയെക്കുറിച്ചാണ്. എന്റെ 'ആദിപ്രരൂപങ്ങള്‍' എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ മിത്തോളജിയില്‍ ആര്‍ക്കിടൈപ്പല്‍ ക്രിട്ടിസിസവും നേച്ചര്‍ മിത്തോളജിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശദമാക്കിയിരുന്നത്. ഈ കണ്ടെത്തല്‍ അതുപോലെ കോപ്പി ചെയ്ത് ഒരാള്‍ തീസിസ് എഴുതിയിരിക്കുന്നു! അതിശയമായത് മറ്റൊന്നാണ് ആ പരീക്ഷയുടെ ചെയര്മാന് ആയി വന്നത് ഞാനും! ഈ ആശയം എവിടുന്നു കിട്ടി എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ ആലോചിച്ച് ഉണ്ടാക്കിയതാണ്. അപ്പോള്‍ ഞാന്‍ അച്ചടിച്ചുവന്ന എന്റെ പുസ്തകം എടുത്ത് നിവര്‍ത്തിയിട്ട് ചോദിച്ചു അപ്പോള്‍ നിങ്ങള്‍ എഴുതിയത് ഞാന്‍ പകര്ത്തിയതായിരിക്കുമല്ലേ? അയാളുടെ മുഖമാകെ ചോര വാര്ന്നതുപോലായി. എന്റെ മുഖത്തുനോക്കിയാണ് അയാള്‍ പറഞ്ഞത് താന്‍ ആലോചിച്ചുണ്ടാക്കിയതാണ് ഈ ആശയം എന്ന്! എനിക്കു സ്മൃതിഭംശം വന്നിട്ടുണ്ടാകും എന്നെങ്ങാനും അയാള്‍ കരുതിയിട്ടുണ്ടായിരിക്കും! ഇങ്ങനെയൊക്കെയാണ് തീസിസുകളിലെ പ്ലേജരിസത്തിന്റെ പോക്ക്.
ആത്മാര്‍ഥമായ സാഹിത്യാന്വേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഗവേഷണവിദ്യാര്ഥികളില്നിന്നു വരുന്നില്ല എന്നാണോ?
നല്ല തീസിസുകള്‍ ഉണ്ടാവാറുണ്ട്. ചിലത് ഇങ്ങനെയാണെന്ന് മാത്രം.
നോവലുകള്‍, കഥകള്‍, കവിതകള്‍, ആത്മകഥകള്‍... തുടങ്ങി വായനയെ മാറ്റിവെച്ച ഒരു ലോകം ടീച്ചര്‍ക്കില്ല എന്നുതന്നെ പറയാം. വായനയ്ക്കു ശേഷം ടീച്ചര്‍ ആ കൃതിയെക്കുറിച്ചെഴുതുകയാണ് ചെയ്യുന്നത് എന്നു പറഞ്ഞിട്ടുണ്ട്. നിരൂപണം എന്നല്ല അതിനെ വിളിക്കേണ്ടത്, ഞാനെന്ന വ്യക്തി എങ്ങനെ വായിക്കുന്നു എന്നതിനനുസരിച്ചുള്ള കുറിപ്പുകള്‍ മാത്രമാണ് എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്.
ഒരു കവി, കവിയുടെ അനുഭവമാണ് എഴുതുന്നത്. കവിക്ക് തീം കൊടുക്കുന്നത് പ്രകൃതിയാണ്. ആ പ്രകൃതിയെ കവി എങ്ങനെ ആശ്രയിക്കുന്നു എന്നതുപോലെ ഞാന്‍ കൃതിയെ ആശ്രയിക്കുന്നു. ആ കൃതിയെ സംബന്ധിച്ച് എനിക്കുള്ള അഭിപ്രായം എഴുതുന്നു. ഞാന്‍ കഥയെഴുതാന്‍ പറ്റിയ ആളല്ല, കവിതകള്‍ എഴുതിയിട്ടുണ്ട്. കേമമുള്ള കവിതകളൊന്നുമല്ല, പഴയ മട്ടിലുള്ളവ. വായനാനുഭവമാണ് എന്റെ എഴുത്തുകള്‍. അതില്‍ ഞാന്‍ എന്റേതായ അഭിപ്രായവും നിരീക്ഷണവും ഉള്‍പ്പെടുത്തുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ധ്വനിപ്രകാരം' എന്ന ആത്മകഥ തികച്ചും വ്യത്യസ്തമായ ഒരു ലീലാവതി ടീച്ചറെയാണ് പരിചയപ്പെടുത്തിത്തരുന്നത്
മരുമക്കത്തായത്തിന്റെ സങ്കീര്‍ണതകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗത്തെ ഓര്‍ത്തെടുക്കുക എന്നതുതന്നെയാണ് എന്റെ ജീവിതം രേഖപ്പെടുത്തിവെക്കുന്നതിലൂടെ ഉദ്ദേശിച്ചത്. മക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്താല്‍ അത് അപരാധമാണെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗമുണ്ട്. എല്ലാം മരുമക്കള്‍ക്കാണ് അവകാശപ്പെട്ടത് എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍. മറിച്ച് ഒരു വിഭാഗം കൂടിയുണ്ട്. തറവാട്ടിലെ സ്വത്തെല്ലാം മരുമക്കള്ക്കായിപ്പോകുമോ എന്ന ഭയത്താല്‍ എല്ലാം ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി കൊടുക്കുന്നവര്‍, മരുമക്കള്‍ക്ക് ഒന്നുമുണ്ടാകില്ല. ഇങ്ങനെ രണ്ട് മുഖമുണ്ട് മരുമക്കത്തായത്തിന്. എം.ടിയുടെ എഴുത്തില്‍ അതു കാണാം. 'അമ്മായിയെ അമ്മീമ്മലടിച്ചിട്ട് നല്ലൊരു കല്ലുകൊണ്ട് നാരായണ' എന്നൊരു ചൊല്ലുണ്ട് അമ്മായി പഞ്ചതന്ത്രത്തില്‍. മരുമക്കള്‍ക്ക് അമ്മായിയോട് അത്ര ദേഷ്യമാണ്. മരുമക്കള്‍ കൂടി അനുഭവിക്കേണ്ട സ്വത്തെല്ലാം കാരണവര്‍ തന്റെ ഭാര്യാ- മക്കള്‍ വകുപ്പിലേക്ക് ചേര്‍ത്തുകൊടുക്കുന്നു.
എല്ലാം മരുമക്കള്‍ക്ക് കൊടുക്കണം, മക്കള്‍ക്ക് ഒന്നും ആവശ്യമില്ല എന്ന ധാരണയായിരുന്നു എന്റെ അച്ഛനെപ്പോലുള്ളവര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. അത്തരം മരുമക്കത്തായത്തിന്റെ ഇരയായിരുന്നു ഞാന്‍. അത് രേഖപ്പെടുത്തണം എന്നു തോന്നി. ആത്മകഥ മരണശേഷം പ്രസിദ്ധപ്പെടുത്തിയാല് മതി എന്നായിരുന്നു ആഗ്രഹം. 'ധ്വനിപ്രകാരം' വായിച്ച് ആളുകള്‍ വിളിക്കാറുണ്ട്, ചില സംഭവങ്ങള്‍ ഓര്‍മിപ്പിക്കാറുണ്ട്. പറയുന്നത് സത്യങ്ങളാണെങ്കിലും അച്ഛനെ മോശമായി ചിത്രീകരിക്കുന്നത് എനിക്കിഷ്ടമല്ല. സാഹിത്യം സംബന്ധിച്ചെഴുതാന് എനിക്കിത്തരം തടസ്സങ്ങളൊന്നുമില്ല. ആളുകള്‍ വായിക്കുന്നു, പലരും വിളിക്കുന്നു. ഈ പ്രായത്തില്‍ ഒന്നുകൂടി എന്റെ ബാല്യവും കൗമാരവും യൗവനവുമെല്ലാം അക്ഷരങ്ങളിലൂടെ കടന്നുപോകുന്നു.
എനിക്കിളയതായിട്ട് നാലാണ്കുട്ടികളാണ് ഉള്ളത്. എന്റെ മക്കളെപ്പോലെയാണ് ഞാനവരെ വളര്‍ത്തിയതും സ്നേഹിച്ചതും. അവരെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ഞാനാണ്. സഹോദരങ്ങളില്‍ ഏറ്റവും ഇളയവനായ മോഹനന് വളരെ പെട്ടെന്ന് മരിച്ചുപോയി. എനിക്കത് വലിയ ഷോക്കായിരുന്നു. ഡിപ്രഷനായി ഇരിത്തം തന്നെയായി. 'അമ്മയിങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ വല്ലതും എഴുതൂ' എന്ന് വിനയന് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. ഇരുപത്തിയാറ് ദിവസം കൊണ്ട് എന്റെ ഓര്‍മകളും അനുഭവങ്ങളും എല്ലാം എഴുതി. എന്റെ മരണശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന് വിനയനെ ചട്ടം കെട്ടിയിട്ടുണ്ട്. 'എന്റെ അമ്മ' എന്നാണ് അതിന്റെ പേര്.
കൃതികളെ ഘോരഘോരം പ്രശംസിക്കുന്നതോണോ നിരൂപണത്തിലെ എളുപ്പവഴി?
എന്നെപ്പറ്റി പൊതുവെയുള്ള ആക്ഷേപമാണല്ലോ ഇപ്പറഞ്ഞത്. ഗ്രന്ഥകര്‍ത്താക്കളെ സോപ്പിടുകയല്ല, മറിച്ച് എനിക്ക് നല്ലതാണെന്ന് തോന്നുന്നതിനെക്കുറിച്ച നല്ലത് എഴുതുക എന്നതാണ് എന്റെ രീതി. എനിക്ക് നല്ലതാണെന്ന് തോന്നുന്നതിനെപ്പറ്റി മാത്രമേ ഞാന്‍ എഴുതുകയുള്ളൂ. ഖണ്ഡനനിരൂപണം എഴുതുന്നില്ല, പ്രശംസ മാത്രമേയുള്ളൂ എന്ന ആരോപണത്തെ ഞാന്‍ ഗൗനിക്കുന്നതേയില്ല. പ്രശംസിക്കുക തന്നെയാണ്. അത് സമ്മതിക്കുന്നു. നല്ലതു പറയാനേ എനിക്കിഷ്ടമുള്ളൂ. അതെന്റെ സ്വാതന്ത്ര്യമാണ്. എന്റെ സ്വാതന്ത്ര്യം ഞാന്‍ സംരക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്? അതൊന്നും പറഞ്ഞാല്‍ ആളുകള്‍ക്ക് വിശ്വാസമാകില്ല.
വെസ്റ്റേണ്‍ സാഹിത്യമാണ് മഹത്തായത്, നമ്മുടേതെല്ലാം മോശമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവില്ല. നമ്മുടെ ഭാഷയില്‍ മഹത്തായ കൃതികള്‍ ഉണ്ടാവണമെന്നോ, അതിനെ അഭിനന്ദിക്കണമെന്നോ ഉള്ള ചിന്തയൊന്നും ഇവിടെയുള്ളവര്‍ക്കില്ല. സി. രാധാകൃഷ്ണന്റെയൊക്കെ പുസ്തകങ്ങളില്‍ പലതും ഇന്റര്‍നാഷണല്‍ ലെവലിലേക്ക് ഉയരേണ്ടതാണ്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'കാലം കാത്തുവെക്കുന്നത്'. ഗ്ലോബല്‍ ലെവലിലുള്ള തീം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സീന്‍ ചൈനയിലാണെങ്കില്‍ അടുത്തത് അമേരിക്കയില്‍ അതിനടുത്തത് ജപ്പാനില്‍ അല്ലെങ്കില്‍ ബ്രസീലില്‍. ഇങ്ങനെ സകല രാജ്യങ്ങളിലെയും സംഭവങ്ങള്‍ അടുക്കിപ്പെറുക്കിയവതരിപ്പിച്ച നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതിനെ അത്തരത്തില്‍ കാണാനോ പ്രശംസിക്കാനോ ആളുകള്‍ തയ്യാറാവില്ല എന്നതാണ് നമ്മുടെ സ്വഭാവം. എസ്. ഗുപ്തന് നായരാണ് അതിനൊരു അപവാദമായിട്ടുണ്ടായിരുന്നത്. മലയാളത്തില്‍ നല്ല കൃതികള്‍ വന്നാല്‍ നല്ലതാണെന്ന് അദ്ദേഹം മടി കൂടാതെ പറയും. ബാലന്‍സ് ചെയ്യുന്ന കാഴ്ചപ്പാട് ആയിരുന്നു അദ്ദേഹത്തിന്റേത്.
നല്ലതിനെ നല്ലതാണെന്നു പറയുക, മോശമായതിനെക്കുറിച്ച് മിണ്ടാതിരിക്കുക. ഇതാണ് എന്റെ സ്വാതന്ത്ര്യം. ഇത്രയും വയസ്സായില്ലേ ഇനിയിപ്പോ അതൊന്നും തിരുത്തേണ്ടതിന്റെ ആവശ്യവുമില്ല. 'നല്ലതേ പറയൂ' എന്ന വിമര്‍ശനവും നല്ലതാണല്ലോ.
Content Highlights: interview with dr m leelavathy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..