എന്തുകൊണ്ട് ഷേക്‌സ്പിയര്‍!അതായിരുന്നു എന്നെ ഹോണ്ട് ചെയ്തുകൊണ്ടിരുന്നത്  


ഡോ.കാര്‍ത്തിക എസ്.ബി, ജെ.എസ് അനന്തകൃഷ്ണന്‍

ഇനി ഷേക്‌സ്പിയറിന്റെ അവസാന നാടകമായ ദ ടെംപസ്റ്റ് ആണ് ചെയ്യാനാഗ്രഹിക്കുന്നത്. ആത്മകഥാപരമാണ് ടെംപസ്റ്റ്. കുറച്ചുകൂടി വിഷ്വല്‍ ആണ്. അതില്‍ പറഞ്ഞപോലെ കൊടുങ്കാറ്റൊക്കെ സൃഷ്ടിക്കുവാനും കഴിയും.

-

വില്ല്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്തനാടകമായ ഒഥല്ലോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സംവിധായകൻ ജയരാജ് ഒരുക്കിയ ചലച്ചിത്രമാണ് കളിയാട്ടം. ഷേക്സ്പീരിയൻ അഡാപ്റ്റേഷനുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ പശ്ചാത്തലപരമായും പ്രമേയപരമായും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് ജയരാജ്.

കളിയാട്ടം നിർമ്മിക്കുന്നതിൽ താങ്കൾക്ക് ഏതെങ്കിലും അന്യഭാഷാ ഷേക്സ്പീരിയൻ അനുവർത്തിത സിനിമകൾ, പ്രത്യേകിച്ച് ഒഥല്ലോയുടേത്, പ്രേരണയായിട്ടുണ്ടോ?

ഒഥല്ലോ അനുവർത്തിത സിനിമകൾ സ്വാധീനിച്ചിട്ടില്ല. പിന്നെ സ്വാധീനിച്ചിട്ടുള്ളത് കഥാപ്രസംഗം ആയിരുന്നു. എന്റെ ചെറുപ്പകാലത്ത് കഥാപ്രസംഗമായിരുന്നു ജനകീയ കലകളിൽ മുഖ്യമായത്. അന്നത്തെ ഏറ്റവും തിരക്കുള്ള കഥാപ്രാസംഗികൻ ആയിരുന്നു സാംബശിവൻ. ഏത് ഉത്സവപ്പറമ്പിലും സാംബശിവന്റെ ഒഥല്ലോ കഥാപ്രസംഗമുണ്ടാവുമായിരുന്നു. കഥാപ്രസംഗമില്ലാത്ത ഉത്സവം കുറവായിരിക്കും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ധാരാളം ആളുകൾ കഥാപ്രസംഗം കേൾക്കാനായി വന്നിരിക്കും. ചെറിയ കുട്ടിയായിരുന്നപ്പോൾ ചങ്ങനാശ്ശേരി പെരുന്ന അമ്പലത്തിൽ വച്ചാണ് ഞാനാദ്യമായി കഥാപ്രസംഗം കേൾക്കുന്നത്. എനിക്കറിയില്ലായിരുന്നു എന്താണ് സംഭവമെന്ന്. എല്ലാവരും ഒഥല്ലോയെന്നും സാംബശിവനെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് ഷേക്സ്പിയറെയും അറിയില്ലായിരുന്നു അവിടെ കഥ പറയുന്ന രീതി ആസാധ്യമായ ഒരു ആർട്ട് ആണ്.. കാഥികനൊപ്പം ഒരു ഹാർമോണിസ്റ്റും തബലിസ്റ്റും ഉണ്ടാകും. ഇദ്ദേഹം കഥ പറയുകയും പാടുകയും അഭിനയിക്കുകയും ചെയ്യുന്നു. അതിൽ ജനങ്ങൾ പെട്ടെന്ന് ആകൃഷ്ടരാകുന്നു. ഒഥല്ലോയിലെ നായികയാണല്ലോ ഡെസ്ഡിമോണ. ഡെസ്ഡിമോണയെ വർണ്ണിക്കുന്ന പാട്ട്, ഒഥല്ലോയുടെ വൈരൂപ്യത്തെക്കുറിച്ച് പറയുന്നത് എല്ലാം നമ്മുടെ മനസ്സിൽ നിൽക്കും. ഒഥല്ലോയുടെ സംഘർഷഭരിതമായ മനസ്സ്, നിഷ്കളങ്കയും സുന്ദരിയും ആയ ഭാര്യയെ കൊല്ലുന്ന രംഗം, ഇത്രയും നിഷ്കളങ്കയായിട്ടും ചെറിയൊരു സംശയത്തിന്റെ പേരിൽ ഭാര്യയെ കൊല്ലേണ്ടി വന്ന അയാളുടെ ദയനീയാവസ്ഥ... ഇതൊക്കെ മനസ്സിനെ ആകർഷിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അന്നൊന്നും സിനിമയിലേക്ക് വരണമെന്ന് ചിന്തിച്ചിട്ടില്ല. ഒഥല്ലോയെക്കുറിച്ചുള്ള ചിന്തകൾ ഒരു ഇന്റ്യൂഷൻ പോലെ കാലങ്ങൾക്കുശേഷം മനസ്സിലേക്ക് വന്നു.

തെയ്യം കലാകാരന്മാരുടെ ജീവിതത്തിലേക്കാണ് ഒഥല്ലോയെയും അതിലെ വൈകാരിക സംഘർഷങ്ങളെയും കൾച്ചറൽ ട്രാൻസ്‌ഫർമേഷന് വിധേയമാക്കിയിട്ടുള്ളത്. ചലച്ചിത്രകാരൻ എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് ഇതിനെ കാണുന്നത്?

തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. കൈതപ്രത്തിന്റെ തീചാമുണ്ഡി എന്നൊരു കവിതയായിരുന്നു അതിന് പ്രചോദനം. തീച്ചാമുണ്ഡി കെട്ടുന്ന ഒരു തെയ്യം കലാകാരനെക്കുറിച്ചുളള കവിത. അയാൾക്ക് ചതിതീയിൽ പൊള്ളലേൽക്കുന്നു. തീച്ചാമുണ്ഡിയാകുമ്പോൾ പുറകിൽ നിന്ന് വലിയ്ക്കണം. അത് ശരിയായില്ലെങ്കിൽ നെഞ്ച് പൊള്ളിപ്പോകും. കുരുത്തോല മാത്രം വച്ചുകെട്ടിയ കിരീടം വച്ചിട്ടാണ് തീയിലേക്ക് ചാടുന്നത്. ഒരു ദിവസം മുഴുവൻ പുളി വിറകുകൾ കത്തിച്ചിട്ടാണ് കനലുകൾ ഉണ്ടാക്കുന്നത്. അസഹ്യമായ ചൂടായിരിക്കും. ഷൂട്ടിംഗ് സമയത്തൊന്നും അടുക്കുവാൻ പറ്റില്ല. അങ്ങനെ ചതിത്തീയിൽ പൊള്ളലേറ്റ തീച്ചാമുണ്ഡി കലാകാരന്റെ കവിത മനസ്സിലുണ്ട്. ഇത് സിനിമയാക്കണമെന്ന് തോന്നിയിരുന്നു. എന്ത് കഥ ചെയ്യുണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇതോർമ്മ വന്നത്. എല്ലാം കണക്റ്റട് ആണ്. ഒഥല്ലോ ചെയ്യാമെന്നും അത് തീച്ചാമുണ്ഡിയുമായി ബന്ധപ്പെടുത്താമെന്നും ഓർത്തു. തെയ്യം കലാകാരൻ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. അതുപോലൊരു കലാരൂപം വേറെയില്ല. ഇവിടെ ഒഥല്ലോ അനുഭവിക്കുന്ന സംഘർഷങ്ങളെ, ഒരേ സമയം ഭാര്യയെ സ്നേഹിക്കുകയും ഭാര്യയെ കൊല്ലണമെന്ന ചീത്തമനസ്സോടും കൂടിയുള്ള ഒരു ഡ്യുവൽ പേഴ്സണാലിറ്റിയെയും കോഡിലേക്ക് നന്നായി ക്ലബ്ബ് ചെയ്യാം എന്ന് തോന്നി. അങ്ങനെ തെയ്യം കലാകാരനിലേക്ക് ഒഥല്ലോയെ സന്നിവേശിപ്പിച്ചു. സിനിമയുടെ എഡിറ്റിംഗ് കഴിഞ്ഞ ശേഷം കണ്ടു. പ്രിയപ്പെട്ടതായി തോന്നി. ഇത്രയും എക്സ്പ്രസ് ചെയ്യുവാൻ കഴിയുന്ന ഒരു കഥ പരമ്പരാഗത കലാരൂപത്തിന്റെ പശ്ചാത്തലത്തിൽ പറയുമ്പോൾ ആഖ്യാനം കുറച്ചുകൂടി ശക്തമാകുന്നു.

നാടോടി കലയുടെ അപാരമായ സാദ്ധ്യതകളാണ് കളിയാട്ടത്തിൽ താങ്കൾ ഉപയോഗിച്ചിട്ടുള്ളത്. ഇതാണോ സിനിമയുടെ കലാപരമായ വിജയത്തിന് കാരണമായത്?

കിരീടം വയ്ക്കുമ്പോൾ തെയ്യം കലാകാരൻ ദൈവമായി മാറും. അച്ഛനും അമ്മയും ഭാര്യയും മക്കളും ആരു വന്നാലും ദൈവത്തെയാണ് കാണുന്നത്. അച്ഛനെയും അമ്മയെയും ഭാര്യയെയും എല്ലാം അനുഗ്രഹിക്കും. കിരീടം അഴിച്ചു വയ്ക്കുമ്പോൾ സാധാരണ മനുഷ്യനാകും. ഡെസ്ഡിമോണയെ (താമര) കൊല്ലുന്ന സമയത്ത് പെരുമലയനെ കളിയാട്ടത്തിനായി ഒരുക്കിയിരിക്കുകയാണ്. മനസ്സിൽ സമയത്തെക്കുറിച്ചുള്ള ചിന്ത. ഇയാഗോയുടെ കഥാപാത്രം പനിയൻ, ചെയ്യാൻ പോകുന്ന ഓപ്പറേഷൻസ് ഓർക്കുന്നു. നിലവിളി കേൾക്കുന്നു. എല്ലാം ലിങ്ക് ചെയ്ത് അവർ തീരുമാനിച്ച കാര്യം നടപ്പിലായി എന്ന് സന്തോഷിക്കുന്നു. ഈ സമയത്ത് താൻ അത് ചെയ്യും എന്നുറപ്പിക്കുന്നു.

പകുതി വേഷത്തോടെയാണ് താമരയ്ക്കടുത്തേക്ക് പെരുമലയൻ വരുന്നത്. അവിടെ മനുഷ്യൻ തെയ്യത്തേക്കാൾ മുന്നിലെത്തുന്നു. അപ്പോൾ കിരീടമില്ല. പകുതി ചമയത്തോടും നിറങ്ങളോടും കൂടിയാണ് വന്നത്. അവിടെ കത്തിച്ചു വച്ചിരുന്ന വിളക്കുകൾ ഓരോന്നായി ഈതിക്കെടുത്തുന്നു. ഒരു സെക്കന്റ് കൺഫ്യൂസ്ഡ് ആയി നിൽക്കുന്നു, ഇടയ്ക്കവളെ തള്ളിയിട്ട് കൊല്ലാൻ നോക്കുമ്പോൾ അവൾ കെട്ടിപ്പിടിക്കുന്നു. അപ്പോൾ ഒന്ന് തളർന്നു പോകുന്നു. എന്നാൽ പെട്ടെന്ന് തന്നെ അയാൾ വീറോടെ തന്റെ ഉദ്ദേശ്യത്തെക്കുറിച്ചോർക്കുന്നു. ഈ സമയം നമ്മൾ തിരഞ്ഞെടുത്തത്, കിരീടമില്ലാത്ത പകുതി വേഷത്തോടു കൂടിയ പെരുമലയനെയാണ്. ഇത് ഒരു വിഷ്വൽ ഇംപാക്ട് നൽകുന്നു. അതിൽ ഒരു സിനിമാറ്റിക് പെർസ്പക്ടീവ്, ഫിലോസഫിക്കൽ ആംഗിൾ, മ്യൂസിക്കൽ ആംഗിൾ, പനോരമിക് വിഷ്വൽ പോസിബിലിറ്റി, നിറങ്ങൾ, ഇമോഷൻസ് എല്ലാം സപ്പോർട്ട് ചെയ്യണം. അയാളുടെ ശരീരത്തിൽ പാമ്പുകളെ വരച്ചിട്ടു കണ്ണിനുചുറ്റും കറുപ്പ് അയാളുടെ ചായം ഇമോഷൻസിനെ കൂടുതൽ എൻഹാൻസ് ചെയ്യുന്നു. എന്തുകൊണ്ടും തെയ്യം കലാകാരനാണ് കൂടുതൽ അനുയോജ്യമെന്നു തോന്നി. പരമ്പരാഗത കലാരൂപം വിശ്വോത്തരമായ ഒരു കഥാപാത്രത്തെ എങ്ങനെ സപ്പോർട്ട് ചെയ്യുന്നു എന്നതിനുള്ള ഉദാഹരണമാണിത്.

ത്രോൺ ഓഫ് ബ്ലഡ് എന്ന കുറസോവയുടെ ജാപ്പനീസ് സിനിമ ഷേക്സ്പിയർ അനുവർത്തിത സിനിമകളിലെ നാഴികക്കല്ലായിരുന്നു. ഈ ജാപ്പനീസ് സിനിമ താങ്കൾക്ക് മാർഗ്ഗ ദീപമായിട്ടുണ്ടോ?

ഫിലിംമേക്കറാകാൻ ആഗ്രഹമുണ്ടായത് കുറസോവ കാരണമാണ്. സിനിമയാണ് ജീവിതം എന്ന് എനിക്ക് മനസ്സിലാക്കി തന്നത് കുറസോവയും സത്യജിത്ത് റായിയുമാണ്. കുറസോവയുടെ ആത്മകഥയിൽ പറയുന്നതുപോലെ ഒരു ക്ലാസ്സിക് എന്തുകൊണ്ട് അഡാപ്റ്റേഷന് വേണ്ടി എടുക്കുന്നു. അത് ക്ലാസിക്ക് ആയി മാറിയതാണ്. എല്ലാ ഇൻഗ്രീഡിയൻസും എലമെന്റ്സും അതിലുണ്ട്. നമ്മളത് വേറൊരു ഭാഷയിൽ പറഞ്ഞാൽ മതി. ലോകത്ത് നമ്മൾ കേട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത മറ്റൊരു രീതിയിലാവുമ്പോൾ അതിന് വേറൊരർത്ഥതലം കിട്ടും. അതാണദ്ദേഹം കണക്കുകൂട്ടിയതെന്ന് എനിക്ക് തോന്നുന്നു. ജപ്പാനിലെ കലാരൂപങ്ങളായ നോ, കബൂക്കി എന്നിവയിലെ കോഡുകളും സമുറായ് കോഡുകളും ബന്ധപ്പെടുത്തിയാണ് അദ്ദേഹം ത്രോൺ ഓഫ് ബ്ലഡ് നിർമ്മിച്ചത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കലകളാണ് നോ, കബൂക്കി തുടങ്ങിയവ. നമുക്കുമുണ്ട് നാടുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, അതുമായി ബന്ധപ്പെട്ട ആചാരങ്ങൾ. അത് തെയ്യമാകാം, കഥകളിയാകാം. ഏതൊരു കലാരൂപവുമാകാം. നമ്മൾ അക്കാര്യത്തിൽ സമ്പന്നരാണ്.

വിശ്വോത്തര നാടകംങ്ങൾ സിനിമയാക്കിയപ്പോഴുള്ള വെല്ലുവിളികൾ

വെല്ലുവിളികളേക്കാൾ നാടകത്തിൽ കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. ആവിഷ്ക്കരണ സ്വാതന്ത്ര്യം. ഷേക്സ്പീരിയൻ നാടകത്തിലെ സംഭാഷണങ്ങളാണ് വെല്ലുവിളികളായിട്ടുള്ളത്. ലോകപ്രശസ്തമായ ആ സംഭാഷണങ്ങൾ ഇല്ലാതെ നാടകം കാണാൻ കഴിയില്ല. നാടകങ്ങളുടെ ജീവൻ തന്നെ ഡയലോഗുകളാണ്. സിനിമ വിഷ്വൽ ഓറിയന്റഡ് ആണ് ഡയലോഗ് ഒരുപാട് ആയാൽ അത് വിഷ്വൽ ഇംപാക്ടിനെ ബാധിക്കും. ഡയലോഗ് നിലനിർത്തുകയും വേണം. എന്നാൽ അത് വിഷ്വലിനെ ബാധിക്കാനും പാടില്ല അതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് പലയിടത്തും ഞാൻ മോണോലോഗുകൾ ഉപയോഗിച്ചു.

മാക്ബത്തിലെ ''Life is a tale toid by an idiot'' എനിക്കൊത്തിരി ഇഷ്ട്ടപ്പെട്ട ഡയലോഗാണ്. അതൊക്കെ നിലനിർത്തി. അതില്ലെങ്കിൽ നാടകമില്ല. മാക്ബത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ സീനായിരുന്നു ലേഡി മാക്ബത്ത് മരിച്ചുകിടക്കുമ്പോഴുള്ള മാക്ബത്തിന്റെ സോളിലോക്കി. ജീവിതത്തിന്റെ അവസാനത്തേക്കടുക്കുന്നു അതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല ഫിലോസഫിയാണ്. ഈ രംഗം പല മാസ്റ്റേഴ്സും പല രീതിയിലാണ് എടുത്തിട്ടുള്ളത്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീനും അതാണ്. അതെനിക്ക് ഏറെക്കുറെ ഭംഗിയാക്കുവാൻ വീരം എന്ന സിനിമയിൽ കഴിഞ്ഞിട്ടുന്നൊണ് വിശ്വാസം. കബന്ധങ്ങൾ വീണുകിടക്കുന്നതും വിഗ്രഹങ്ങളുടെ തലകൾ ചിതറികിടക്കുന്നതും ദൃശ്യവത്‌ക്കരിക്കുന്നു. അതിൽ ഒരു തല ചന്തു/മാക്ബത് തട്ടി തെറിപ്പിച്ച് അത് ഉരുണ്ട് പോകുന്നതിനനുസരിച്ചാണ് ഡയലോഗ് പറയുന്നത്. ഒരു തല കയ്യിലെടുത്ത് ഡയലോഗു പറഞ്ഞതിനുശേഷം അത് താഴേക്കിടുന്നു. ഇവിടെ ഒരു എക്സ്ട്രാ വിഷ്വൽ ഇംപാക്ട് കൊടുക്കാൻ പറ്റും

ഡെസ്ഡിമോണയെ കൊല്ലുന്ന സമയത്ത് വിളക്കൂതി അണയ്ക്കുകയും മറ്റൊന്ന് എനിക്ക് കത്തിക്കാൻ പറ്റും എന്നും പറയുന്നു. അതൊക്കെ ആവിഷ്ക്കരണ പ്രാധാന്യമുള്ള സീനുകളായിരുന്നു. എനിക്ക് വെല്ലുവിളിയായി തോന്നിയ സീൻ ഡെസ്ഡിമോണയുടെയും ലേഡി മാക്ബത്തിന്റെയും മരണരംഗമാണ്.

ഷേക്സ്പിയർ നാടകങ്ങൾ ഒട്ടനവധി അനുകല്പന ചലച്ചിത്രങ്ങളായിട്ടുണ്ട്.ഇതിന്റെ കാരണം താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഷേക്സ്പിയർ നാടകങ്ങൾ സാർവ്വലൗകികമാണ്. ഒഥല്ലോയുടെ പ്രധാനപ്പെട്ട ഇമോഷൻ പൊസ്സെസ്സീവ്നെസ്സ് ആണ്. ഇന്നും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ അത് നിലനിൽക്കുന്നു. ഇത്രയും വിദ്യാസമ്പന്നരായിട്ടും നമ്മൾ അമിതമായി സ്നേഹിക്കുകയും അതിന്റെ പേരിൽ പൊസ്സസ്സീവ്നെസ്സ് കാണിക്കുകയും ചെയ്യുന്നു. സംശയം, അതിന്റെ പേരിലുള്ള സംഘട്ടനം. ഇയാഗോയുടെ കാര്യം തന്നെ എടുക്കാം. ചെറിയൊരു സംഭവത്തിൽ നിന്നാണ് ഈഗോ വരുന്നത്. കാലങ്ങൾക്കുശേഷം ഇന്നും അതിന് പ്രസക്തിയുണ്ട് എന്നതാണ് കാര്യം.

അതുപോലെ മാക്ബത്ത് അത്യാഗ്രഹത്തിന്റെ ദുരന്തമാണ് പറയുന്നത്. അത് ഏത് ആംഗിളിൽ വേണമെങ്കിലും എടുക്കാം. രാഷ്ട്രീയം, സാമൂഹികം തുടങ്ങി ഏതു വീക്ഷണ കോണിലും വായിക്കപ്പെടാവുന്ന നാടകം. എന്തൊക്കെ കീഴടക്കിയാലും വീരം കീഴടക്കുവാനുള്ള അവന്റെ അതിയായ ആവേശം, കൊലപാതകം ചെയ്താലും വീണ്ടും ചെയ്യാനുള്ള മനസ്സ്. എല്ലാം കാലാനുവർത്തിയായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെയാവണം മറ്റ് നാടകങ്ങളെ അപേക്ഷിച്ച് ഈ നാടകങ്ങൾ അഭ്രപാളിയിലെത്തുന്നത്.

വടക്കൻ കേരളത്തിലെ ജലാശയങ്ങളും, കമുകിൻതോട്ടങ്ങളും, വയലുകളും എല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ ഭൂഭാഗമാണ് കളിയാട്ടത്തിന്റെ പശ്ചാത്തലം. ഒഥല്ലോയെ മറ്റൊരു സ്ഥലങ്ങളിലേക്ക് കോഡ് ചെയ്തപ്പോൾ പ്രേക്ഷകർക്ക് ഉജ്ജ്വലമായ ഇന്ദ്രിയാനുഭവമാണ് പകർന്നത്. ഇവിടുത്തെ ക്യാമറയുടെ കലയെക്കുറിച്ച് താങ്കളുടെ വിലയിരുത്തൽ?

തെയ്യം കൂടുതലും നടക്കുന്നത് കണ്ണൂരിലെ പയ്യന്നൂരിലാണ് അവിടെ പക്ഷേ പ്രതീക്ഷിച്ച ലാൻഡ്സ്കേപ്പ് ഉണ്ടായിരുന്നില്ല. കാവുകളും കശുമാവിൻ തോട്ടങ്ങളും ഉള്ള പാലക്കാട്, നെന്മാറ, പല്ലശ്ശ, കൊല്ലംകോട് ഭാഗത്തൊക്കെ ഒരുപാട് മലകൾ ഉണ്ട്. കയറ്റവും ഇറക്കവുമുള്ള ഭൂപ്രദേശം ആവശ്യമുണ്ട്. കാരണം അത് ഒരു കഥാപാത്രത്തിന്റെ മനസ്സിലെ സംഘർഷങ്ങളെ ചിത്രീകരിക്കുവാൻ പര്യാപ്തമായിരുന്നു. എന്റെ ദേവിയെ ഇനി ഞാൻ എന്ത് ചെയ്യണം എന്നു ചോദിക്കുമ്പോൾ മലകയറി വരുന്ന തെയ്യുങ്ങളുണ്ട്. ഇത്രയും നാൾ അവളെ സ്നേഹിച്ചതാണ്. ഇനി എന്ത് ചെയ്യണം. എന്നു ചോദിക്കുമ്പോൾ മറുപടി പറയാതെ പോവുകയാണ്. അത് ചിത്രീകരിക്കുന്നതിന് കുന്നാവശ്യമാണ്. കുന്നുകയറി പോകുന്ന തെയ്യങ്ങൾ വലിയ വിഷ്വൽ പോസിബിലിറ്റി ആണ്. അതുകൊണ്ടാണ് അങ്ങനെയൊരു ലാൻസ്കേപ്പ് തിരഞ്ഞെടുത്തത്. കവുങ്ങ് ഒക്കെയുള്ള പ്രകൃതിഭംഗിയുള്ള ഒരുപാട് ദൃശ്യങ്ങളുണ്ട്.

കളിയാട്ടത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് തന്നെ കഥാപാത്രങ്ങളുടെ വൈകാരിക വിക്ഷോഭങ്ങൾ ചലച്ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. നിറങ്ങളുടെ ഉപയോഗവും സംയോജനവുമെല്ലാം സിനിമയിൽ താങ്കൾ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിയുടെ സ്വഭാവികശബ്ദങ്ങൾ സൗണ്ട്ട്രാക്കിൽ വന്ന് നിറയുന്നത് വലിയ കലാനുഭവമാണ്. മെറ്റഫറുകളേയും കൾച്ചറൽ ട്രാൻസ്‌ഫർമേഷനിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.

നിറം കളിയാട്ടത്തിൽ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിയുടെ കാരൃത്തിലാണെങ്കിലും തെയ്യം കലാകാരന്റെ ദേഹത്ത് തേക്കുന്ന നിറങ്ങളിലുമെല്ലാം പെരുമലയനും താമരയും തമ്മിലുള്ള ഇന്റിമേറ്റ് സീനിൽ അവൾ അവന്റെ മുഖത്ത് നിറങ്ങൾ പൂശുന്നു. യഥാർത്ഥത്തിൽ അവളെ, അവനിലെ തെയ്യം കലാകാരനെയാകാം ആകർഷിച്ചത്. ഒഥല്ലോയിലും പറയുന്നു ഞാൻ പറഞ്ഞ ദു:ഖകഥകൾ ഒളിഞ്ഞു കേട്ടിട്ടാവണം അവൾ എന്നെ പ്രണയിച്ചത്. നിറങ്ങൾ നന്നായി സിനിമയിൽ ബ്ലന്റ് ചെയ്തിട്ടു.

'ശാന്തം' എന്ന സിനിമയിൽ രാ്ര്രഷീയകൊലപാതകത്തെപ്പറ്റി വർണ്ണിക്കുന്നു. സിനിമയുടെ ക്ലൈമാക്സ് വാളിനു മുന്നിൽ കൈകൾ ആണ്. അത് ഷൂട്ട് ചെയ്ത സമയത്ത് ഒരു തുമ്പി വന്ന് വാളിനു മുകളിലിരുന്നു. അതൊക്കെ ഒരു ശക്തിയുടെ പരോക്ഷ സാന്നിദ്ധ്യമായി കാണുന്നു.

പെരുമലയനും താമരയും തമ്മിലുള്ള പ്രണയരംഗം ചിത്രീകരിക്കുന്നിടത്തും പനിയനും കാന്തനും തമ്മിലുള്ള മദ്യപാനം ചിത്രീകരിക്കുന്നതിനിടയ്ക്കും താങ്കൾ കച്ചവട സിനിമയുടെ ഒരു തീർപ്പിലേക്ക് പോയിഎന്നൊരാക്ഷേപം ഉണ്ട്

ഷേക്സ്പിയറുംഈ രണ്ട് സമാനസീനുകളിൽ പാട്ടെഴുതിയിട്ടുണ്ട്. അവിടെ രണ്ടിടത്തും പാട്ടുകൊണ്ടേ പറ്റുകയുള്ളു. പ്രണയരംഗത്തിന്റെ ചിത്രീകരണമുള്ള വണ്ണാത്തിപ്പുഴയുടെ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ് ആഘോഷം നടക്കുന്നതിനിടയിൽ കാഷ്യോയുടെ കഥാപാത്രമായ കാന്തനെ പ്രലോഭിപ്പിക്കുന്ന ഒരു സീൻ വരണമല്ലോ. കാന്തനെ രംഗത്തവതരിപ്പിക്കുന്നത് ആഘോഷത്തിലൂടെയാണ്. ഇതിന് സമാനമായ ഷേക്സ്പിയർ രംഗം വായിക്കുമ്പോൾ പൈങ്കിളി ആണെന്ന് തോന്നിപ്പോവുകയാണ്.

വിശാൽ ഭരദ്വാജ് ബോളിവുഡിൽ ഷേക്സ്പിയർ കൃതികളെ പരിചയപ്പെടുത്തി. മോളിവുഡിൽ താങ്കളും. അദ്ദേഹം കളിയാട്ടം കണ്ടിട്ടാണ് ഓംകാര ചെയ്തത്. പല സീനുകളിലും സമാനതകൾ തോന്നി.

കളിയാട്ടത്തിൽ ദ്വിമുഖവ്യക്തിത്വം തെയ്യം എലമെന്റ്സ് വച്ച് ബീറ്റു ചെയ്തു. വീരത്തിൽ മാക്ബത്തിനെ ആയോധനകലകളുടെ അകമ്പടിയോടെ അനുവർത്തിച്ചു. ഇത്തരത്തിൽ അനുവർത്തിത സിനിമകളിൽ ഒരു എക്സ്ട്രാ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ആന്റണി ആന്റ് ക്ലിയോപാട്രയുടെ അനുവർത്തനം കണ്ണകിയിൽ കോഴിപ്പോര് കൊണ്ടുണ്ടാക്കി. ശരിക്കും യുദ്ധത്തിന് മുൻപ് കോഴിപ്പോര് നടത്താറുണ്ട്. ക്ലിയോപാട്രയുടെ കാലഘട്ടത്തിലും അതുണ്ടായിരുന്നു. അതിന് ശേഷമാണ് അവർ യുദ്ധത്തിലേക്ക് പോകുന്നത്. പിന്നെ ഇന്റർനാഷണൽ ഓഡിയൻസിനു മുന്നിലവതരിപ്പിക്കുമ്പോൾ വിശാൽ ഭരദ്വാജ് കുറച്ച് ഹിന്ദി മസാല ചേർക്കുന്ന തായി തോന്നുന്നു.

ഒഥല്ലോയ്ക്കുണ്ടായ അനുവർത്തനങ്ങളിൽ കളിയാട്ടം ലോകത്തുതന്നെ സമാനതകളില്ലാത്ത ഒന്നാണ്. പക്ഷേ താങ്കൾക്ക് അന്തർദേശീയമായി അത്തരത്തിലൊരു അംഗീകാരം കളിയാട്ടത്തിനു ലഭിച്ചിട്ടുണ്ടോ?

കളിയാട്ടം വന്നതിനുശേഷമാണ് വിശാൽഭരദ്വാജ് ഓംകാര എടുത്തത്.. അതിന് കൂടുതൽ പബ്ലിസിറ്റി കിട്ടി. കളിയാട്ടം എന്നൊരു സിനിമയുണ്ടെന്ന് പലർക്കും അറിയില്ല. ഷേക്സ്പീരിയൻ ഫെസ്റ്റിവൽ, ബെർലിൻ ഫെസ്റ്റിവൽ ഇവയിലൊക്കെ പോയി എന്നല്ലാതെ ലോകം എത്രമാത്രം ഇത് അംഗീകരിച്ചിട്ടുണ്ട് എന്നുള്ളത് ഒരു ചോദ്യമാണ്.പിന്നെ എല്ലാം കാലാനുവർത്തിയാണ് കേംബ്രിഡ്ജിലുള്ള മാർക് തോർണറ്റിന്റെ ഷേക്സ്പിയർ ആന്റ് വേൾഡ് സിനിമ എന്ന പുസ്തകത്തിൽ പഠനങ്ങൾ വന്നിട്ടുണ്ട്. പുസ്തകത്തിന്റെ കവർ പേജ് തന്നെ പെരുമലയന്റെ ചിത്രമാണ്.

കളിയാട്ടത്തിലെ സുരേഷ്ഗോപി, ലാൽ, മഞ്ജുവാര്യർ ഉൾപ്പെടെയുള്ള നടീനടന്മാരുടെ അഭിനയപാടവം അനുവർത്തനത്തെ വിജയിപ്പിച്ചതായി കരുതുന്നുണ്ടോ?

നന്നായി സഹായിച്ചിട്ടുണ്ട് ഒരു ആക്ടറിന്റെ പരിവേഷങ്ങളോ മുൻപുള്ള അനുഭവങ്ങളോ എനിക്ക് ശല്യമായിട്ട് വരാറില്ല. അതെല്ലാം ആദ്യമേ പൊളിച്ചുമാറ്റി അവരിലുള്ള യഥാർത്ഥ മനുഷ്യനെ പുറത്തെത്തിക്കുക അതാണ് സ്ട്രെയിൻ. പിന്നീട് അവരെ സ്വതന്ത്രമായി വിടുക. അഭിനയിക്കുമ്പോൾ പോലും ആ ഫോം വേ, ആ ജസ്ച്ചർ വേ എന്നൊക്കെയുള്ള തിരുത്തലുകൾ മാത്രമേ പറയൂ. അങ്ങനെ കഥാപാത്ര രൂപീകരണം തുടക്കത്തിലേ നടത്തും. ചില പൊതുസ്വഭാവങ്ങൾ അവരിലുണ്ടാകും. അതു കളയണം. ജനുവിൻ ആയുള്ള ജസ്റ്റേഴ്സിനെ അവരറിയാതെ ഒപ്പിയെടുക്കും. പെരുമലയൻ എന്ന കഥാപാത്രത്തിനായി സുരേഷിന്റെ നടപ്പാണ് മാറ്റിയത്. പിന്നെ തടി. തീച്ചാമുണ്ഡി കെട്ടുന്നവരൊക്കെ സാധാരണ മെലിഞ്ഞവരാണ്. കാരണം തീയിലേക്ക് ചാടാനൊരുങ്ങുമ്പോൾ പുറകോട്ട് വലിക്കേതാണ്ട ണ്. സിനിമാറ്റിക് കാഴ്ചപ്പാടിൽ പെരുമലയൻ ആയി സുരേഷ് ഓക്കെ ആയിരുന്നു. അതിനൊക്കെ പുറമെ എന്തും ചെയ്യാനുള്ള അദ്ദേഹത്തിന്റെ മനസ്സ്. മഞ്ജുവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ പൊട്ടൻഷ്യൽ ഉള്ള നടിയാണ്. മഞ്ജുവിന്റെത് അഭിനയം ആണോ ജീവിതമാണോ എന്ന് വേർതിരിക്കാനാവാത്ത അത്രയും ആകർഷണീയമാണ്.

അച്ഛനെ വഞ്ചിച്ചവൾ ഭർത്താവിനെയും വഞ്ചിക്കും എന്നു പറയുന്ന സീനിൽ താമര എന്ന കഥാപാത്രം തിരിഞ്ഞു നോക്കുന്നുണ്ട്. വളരെ റിയലിസ്റ്റിക് ആയ നോട്ടം. അത് ആരും പറഞ്ഞു കൊടു
ത്തതൊന്നുമല്ല. ലാലിന്റെ ഏറ്റവും നല്ല കഥാപാത്രം പനിയനാണ്. വളരെ ഭംഗിയായി അത് അദ്ദേഹം ചെയ്തിട്ടു.

വിദൂരദൃശ്യങ്ങളിൽ നിന്നും സമീപദൃശ്യങ്ങളിലേക്ക് പോകുമ്പോൾ മാറി വരുന്നത് കളിയാട്ടത്തിന്റെ ചലച്ചിത്ര ഭാഷയുടെ പ്രത്യേകതയാണ് .മാത്രമല്ല ധാരാളം ക്ലോസപ്പുകളും ഉപയോഗിച്ചതായി കാണുന്നു. എന്തായാലും നല്ലൊരു ചലച്ചിത്രഭാഷ താങ്കൾ ഈ സിനിമ യിൽ കൊണ്ടുവന്നു. നാടകമാധ്യമത്തിന്റെ വെല്ലുവിളികളെ ചലച്ചിത്രം നേരിടുന്ന മാർഗ്ഗം കൂടിയാണിത്. ശരിയല്ലേ?

എക്സ്ട്രീം വൈഡ്ഷോട്ട്സ് ആണ് ഭംഗി. പലപ്പോഴും അന്തരീക്ഷത്തെയും പ്രകൃതിയെയും ചിത്രീകരിക്കുവാൻ വൈഡ് ഷോട്ടോ ലോംഗ് ഷോട്ടോ ആണ് നല്ലത്. ക്ലോസപ്പ് സീനുകളും ഉപയോഗിച്ചിട്ടുണ്ട്. എക്സ്പ്രഷൻസ് കൂടുതൽ സംവേദിക്കപ്പെടേണ്ടി വരുന്നത് കൊണ്ടാവാം. ഷേക്സ്പിയർ നാടകങ്ങളിൽ സംഭാഷണങ്ങൾ കൂടുതൽ ഉള്ളതുകൊണ്ടുമാവാം. ഒരു സ്പെസിഫിക് പാറ്റേൺ തിരഞ്ഞെടുത്തില്ല.

നവരസസീരീസിലെ അഞ്ചാമത്തേതാണ് 'വീരം.' ചതി, അധിരകാര മത്സരം, അത്യാഗ്രഹം എന്നീ മനുഷ്യസഹജമായ വികാരങ്ങൾ ഉൾക്കൊള്ളുന്ന അത്ഭുത നാടകമാണ് മാക്ബത്. പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ നാടകത്തിന്റെ ആന്തരാത്മാവിനെ പന്ത്രണ്ടാം നൂറ്റാണ്ടിലെ വടക്കൻ പാട്ടുകളിലെ കഥാപശ്ചാത്തലത്തിലേക്ക് മാറ്റി പ്രതിഷ്ടിക്കുവാനുഠയ സാഹചര്യം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ താങ്കൾ വിശദീകരിക്കാമോ?നവരസസീരീസിലെ അടുത്ത പ്രോജക്ടുകളെക്കുറിച്ചും.

മലയാളികൾ ഒരു കൺഫ്യൂസ്ഡ് മൈന്റോടുകൂടിയാണ് വീരത്തെ കണ്ടത്. രണ്ട് പ്രശ്നങ്ങളുണ്ടായി- ഒന്ന് വളരെ സീരിയസ് ആയിട്ടുള്ള അഡാപ്റ്റേഷനായിരുന്നു. അതേസമയം എക്സ്പൻസീവും ആയിരുന്നു. ബാഹുബലി കാണാൻ പോകുന്ന ഒരു മാനസികാവസ്ഥയിലാണ് ജനം തിയേറ്ററിലെത്തിയത് ഒരു ഫെസ്റ്റിവൽ ഓറിയന്റഡ് ആയ സീരിയസ് അഡാപ്റ്റേഷൻ ആണെന്ന മൈന്റ്സെറ്റോടു കൂടി പോയിരുന്നുവെങ്കിൽ കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു.

നിലനിൽക്കുന്ന വടക്കൻപാട്ടുകളെക്കുറിച്ചുള്ള സിനിമകൾ ശക്തമായി ഉള്ളപ്പോൾ അതിനെയെല്ലാം ബ്രേക്ക് ചെയ്യേണ്ടി വരും. മാക്ബത് മാക്ബത്തായോ വടക്കൻ പാട്ട് വടക്കൻ പാട്ടായോ കാണാൻ ശ്രമിച്ചില്ല. മാത്രമല്ല രണ്ട് കഥകളെയും മിക്സ് ചെയ്ത് രണ്ടിന്റെയും ഒരു കംപാരിസൺ ആക്കുവാൻ നോക്കി. മമ്മൂട്ടി അഭിനയിച്ച ചന്തു എന്ന കഥാപാത്രം എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്നു. പ്രത്യേകതാളത്തിലൂടെയുള്ള ഡയലോഗുകളിലൂടെയുമൊക്കെ ആ കഥാപാത്രം ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ്. ഇതിനെ ബ്രേക്ക് ചെയ്യണമെങ്കിൽ അത്ര വലിയ ഷോക്ക് കൊടുത്തെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

കാലങ്ങൾക്കുശേഷം 'ഒരു വടക്കൻ വീരഗാഥ' കാണാത്ത, എന്നാൽ മാക്ബത് നല്ല രീതിയിൽ പഠിച്ചൊരു തലമുറ കാണുകയാണെങ്കിൽ അവർക്കത് മനസ്സിലാകും. അതുപോലെ ഷേക്സ്പിയറിനെ പഠിച്ച പലരും നല്ല സിനിമയാണ് വീരം എന്ന് പറയാറുണ്ട്. എനിക്ക് എന്റെ ഷേക്സ്പിയർ അനുവർത്തിത സിനിമകളിൽ ഏറ്റവുമിഷ്ടം വീരമാണ്. കാരണം അത്രയും സ്ട്രെയിൻ എടുത്തു ചെയ്ത വർക്കാണ്. അവസാന ഭാഗത്ത് ബർണാം വുഡ് വരുന്നെന്ന് പറയുന്ന ഭാഗത്ത് കാടും മഴയും കൂടി മിക്സ് ചെയ്തു. അത് ഒരു എക്സ്ട്രാ എലമെന്റ് ആണ്. അതൊരു വെല്ലുവിളി കൂടിയായിരുന്നു. ഷേക്സ്പിയർ കാടു മാത്രമേ പറഞ്ഞുള്ളൂ. നമ്മൾ മഴ കൂടി ചേർത്തു. മഴയിൽ വഴുക്കുന്ന നിലത്ത് അങ്കം വെട്ടുന്നവനാണ് യഥാർത്ഥ പോരാളി. മാക്ബത് /ചന്തു തോൽക്കുവാൻ തയ്യാറല്ല. അവസാനം വരെ വീരരസം നിലനിർത്തുന്നു. ചുരിക കഴുത്തിൽ ചുറ്റിയപ്പോൾ പോലും ചിരിക്കുകയാണ് ചെയ്തത്. പൂശാരിച്ചി പറഞ്ഞത് ശരിയായി വരുന്നല്ലോ എന്നോർത്ത് അവൻ പതറുന്നു. എന്നാലുമവൻ മുന്നോട്ടു പോകുന്നു. പാണൻ കഥാപാത്രം പല രംഗങ്ങളിലും വരുന്നു. പാണൻ പാടുന്നതായാണ് തുടക്കംതന്നെ.

പിന്നെ നവരസസീരീസിലെ ആറാമത്തെ പ്രോജക്ട് 'ഭയാനകം' ആയിരുന്നു. അത് തകഴിയുടെ പ്രശസ്ത നോവൽ 'കയറി'നെ അധികരിച്ചാണ്. ഹാസ്യത്തിനായി മനസ്സിലുള്ളത് വാവാച്ചന്റെ കഥയാണ്. വാവാച്ചന്റെ സുവിശേഷങ്ങൾ എന്നൊരു ജീവചരിത്രം എഴുതിയിട്ടുണ്ട്. ഇടയ്ക്കൊക്കെ വീട്ടിൽ വന്നുപോകുന്ന ഒരാളാണ്. ഭിന്നശേഷിയുള്ളതുകൊണ്ട് വീട്ടുകാർ ഉപേക്ഷിച്ചതാണ്. എന്റെ കുറെ സിനിമകളിൽ ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. വാവാച്ചന്റെ തമാശകളിലൂടെ ജീവിതം ഒരു സുവിശേഷമായി മാറുകയാണ്.

നവരസപരമ്പരയിലെ ഏഴാമത്തെ ചിത്രം രൗദ്രം 2018-ലെ പ്രളയം പശ്ചാത്തലമാക്കിയുള്ളതാണ്. ഈ ചിത്രം 2019 ലെ കെയ്റോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഷേക്സ്പിയറിന്റെ നാനൂറാം ചരമവാർഷികം ആചരിക്കുന്ന ഈ കാലയളവിൽ തന്നെ ഷേക്സ്പിയർ നാടകങ്ങൾ അനുവർത്തനം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?താങ്കളുടെ അടുത്ത ഷേക്സ്പിയർ അനുവർത്തിത സിനിമയെക്കുറിച്ചും

തികച്ചും അഭിമാനനിമിഷമാണ്. നമ്മൾ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രൊഫസർമാർ പോലും ആരാധനയോടെ പറയുന്നു ഷേക്സ്പിയർ സംഭാഷണങ്ങൾ. എന്റെ ചേച്ചി ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന സമയത്ത് ജൂലിയസ് സീസർ, മർച്ചന്റ് ഓഫ് വെനീസ് തുടങ്ങിയവയൊക്കെ പഠിക്കുന്നത് കേൾക്കുമ്പോൾ എന്തുകൊണ്ട് ഈ എഴുത്തുകാരൻ ഇത്രയും മഹത്തരമാകുന്നുവെന്ന് ചിന്തിക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് ഷേക്സ്പിയർ എന്ന ചിന്ത എന്നെ ഹോണ്ട് ചെയ്തിട്ടുണ്ട്.

ഷേക്സ്പിയർ നാടകങ്ങൾ ചെയ്യണമെന്ന് തോന്നിയത് പിന്നീടാണ്. മാത്രമല്ല കുറസോവയെ വായിച്ചും അറിഞ്ഞും ആ ഇഷ്ടം കൂടി. ഇനി ഷേക്സ്പിയറിന്റെ അവസാന നാടകമായ ദ ടെംപസ്റ്റ് ആണ് ചെയ്യാനാഗ്രഹിക്കുന്നത്. ആത്മകഥാപരമാണ് ടെംപസ്റ്റ്. കുറച്ചുകൂടി വിഷ്വൽ ആണ്. അതിൽ പറഞ്ഞപോലെ കൊടുങ്കാറ്റൊക്കെ സൃഷ്ടിക്കുവാനും കഴിയും. ഒരു ഐസൊലേറ്റഡ് ഐലന്റിൽ പെടുന്നതും അവിടുന്ന് ഷിപ്പ് റെക്ക് ഉണ്ടാകുന്നതും ശത്രുവിന്റെ നടുവിലകപ്പെടുന്നതും അയാളുടെ മകനുമായി പ്രണയത്തിലാകുന്നതും. നമ്മുടെ നാട്ടിലെ ഏതിനോട് ഇത് ചേർക്കും എന്ന് നോക്കണം. നമ്മൾ ഒരു നാടകത്തെ എടുക്കുമ്പോൾ അത് ഏത് പ്രതലത്തിൽ സ്യൂട്ട് ആകുമെന്ന് നോക്കണം.

Content Highlights: interview with Director Jayaraj on Shakespeare adaptation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented