ബട്ടര്‍ഫിംഗേഴ്‌സ് സ്‌ക്രീനിലും വരട്ടെ;ഞാനും അമറിന്റെ കൂട്ടുകാരും കാത്തിരിക്കുന്നു |അഭിമുഖം-ഖൈറുന്നിസ


ഖൈറുന്നിസ എ. / ശ്രീഷ്മ എറിയാട്ട്

Interviews

ഖൈറുന്നിസ എ | ഫോട്ടോ: ക്രിസ്റ്റഫർ ഫ്രാൻസിസ്

ബാലസാഹിത്യത്തില്‍ തന്റേതായ ഒരിടമുണ്ടാക്കിയ എഴുത്തുകാരിയാണ് ഖൈറുന്നിസ എ. കോളേജ് അധ്യാപികയായിരുന്ന ഖൈറുന്നിസ 'ബട്ടര്‍ഫിംഗേഴ്‌സ്' എന്ന ഇംഗ്ലീഷ് പുസ്തകപരമ്പരയിലൂടെയാണ് ഏവര്‍ക്കും സുപരിചിതയായത്. 'ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്‌സ്' (2010) ആണ് ആദ്യ നോവല്‍. ഇതുവരെ നാലു നോവലുകളും മൂന്നു കഥാസമാഹാരങ്ങളുമായി ഏഴു പുസ്തകങ്ങള്‍ ഈ പരമ്പരയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി രചിച്ച പുസ്തകങ്ങളില്‍, 'ദി ലിസാര്‍ഡ് ഓഫ് ഓസ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്', 'ദ ക്രൊക്കഡൈല്‍ ഹു എയ്റ്റ് ബട്ടര്‍ ചിക്കന്‍ ഫോര്‍ ബ്രേക്ഫാസ്റ്റ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്', 'ബേബി ആന്‍ഡ് ഡബ്ഡബ്' എന്നിവ ഉള്‍പ്പെടുന്നു. 'ടങ് ഇന്‍ ചീക്ക്: ദ ഫണ്ണി സൈഡ് ഓഫ് ലൈഫ്', ഹാസ്യാത്മക യാത്രാവിവരണമായ 'ചക്കിള്‍ മെറി സ്പിന്‍: അസ് ഇന്‍ ദി യു.എസ്' എന്നിവയാണ് മറ്റു രചനകള്‍. കൂടുതലും കുട്ടികള്‍ക്കായി എഴുതിയിട്ടുള്ള ഖൈറുന്നിസ എ. തന്റെ കഥകളില്‍നിന്ന് അമാനുഷികതയും അതിശയോക്തിയും ഫാന്റസിയുമെല്ലാം മാറ്റിനിര്‍ത്തുന്നു. ഖൈറുന്നിസ എ. മാതൃഭൂമിയുമായി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ലോകശ്രദ്ധ നേടിയ ഒരു എഴുത്തുകാരിയായി താങ്കളെ മാറ്റിയത് 'ബട്ടര്‍ഫിംഗേഴ്‌സ്' എന്ന രചനയാണല്ലോ. കഥ പറയാന്‍ ബാലസാഹിത്യം തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു? എങ്ങനെയാണ് എഴുത്തിന്റെ തുടക്കം?എഴുത്തിലേക്കുള്ള എന്റെ പ്രവേശനം തികച്ചും യാദൃച്ഛികമാണ്. ഒരു എഴുത്തുകാരിയാകാനോ പ്രത്യേകിച്ച് ബാലസാഹിത്യകാരിയാകാനോ ഒന്നും ഞാന്‍ ചിന്തിച്ചിട്ടുകൂടിയില്ലായിരുന്നു. എഴുത്തുകാരിയാവുക എന്നത് എന്റെ സ്വപ്‌നമൊന്നുമായിരുന്നില്ല. എന്റെ മകനുവേണ്ടി വീട്ടില്‍ 'ടിങ്കിള്‍' മാസിക വരുത്തിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഒരു ബാലപ്രസിദ്ധീകരണമായിരുന്നു അത്. ഒരു ദിവസം 'ടിങ്കിള്‍' മാസിക അഖിലേന്ത്യാ തലത്തിൽ മുതിര്‍ന്നവര്‍ക്കായി ഒരു കഥാമത്സരം നടത്തുന്നുവെന്ന് ഞാന്‍ അറിയുകയും അതിലേക്ക് എന്‍ട്രി അയക്കുകയും ചെയ്തു. അത് കായികമേഖല ആസ്പദമാക്കി എഴുതിയ തമാശനിറഞ്ഞ ഒരു ചെറുകഥയായിരുന്നു-'ബട്ടര്‍ഫിംഗേഴ്‌സ്' (ഈ കഥയില്‍ പറഞ്ഞ അതേ രീതിയില്‍തന്നെയാണ് പിന്നീട് ഞാന്‍ എന്റെ ആദ്യ നോവലായ 'ഹൗസാറ്റ് ബട്ടര്‍ഫിംഗേഴ്‌സ്' എഴുതിയത്).

മത്സരത്തില്‍ എനിക്കായിരുന്നു രണ്ടാം സ്ഥാനം. അത് ഒരുപാട് സന്തോഷവും സംതൃപ്തിയുമെല്ലാം നല്‍കി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം 'ടിങ്കിള്‍' മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നു. അവരുടെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം കഥ വളരെ ഇഷ്ടമായെന്നും അവരാണ് എന്റെ മേല്‍വിലാസം നല്‍കിയതെന്നുമെല്ലാം അവര്‍ എന്നോട് പറഞ്ഞു. ആ സന്ദര്‍ശനം എനിക്ക് ‌വലിയ സന്തോഷം നൽകുന്നതായിരുന്നു. അടുത്ത വര്‍ഷത്തെ മത്സരത്തിലേക്ക് എഴുതുന്ന കാര്യമൊന്നും തീരുമാനിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ എഴുതാനായി പ്രേരിപ്പിക്കുകയായിരുന്നു. ഞാനൊരു എഴുത്തുകാരിയായിത്തീരുന്നതിന് കാരണമായത് അവരോ, അവരുടെ ആ സന്ദര്‍ശനമോ ആയിരുന്നിരിക്കണം.

കഥാമത്സരത്തില്‍ പിന്നീട് തുടര്‍ച്ചയായി ഏഴ് തവണ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് പ്രൈസ്, 2007-ലെ യുനിസണ്‍ ചില്‍ഡ്രന്‍സ് ഫിക്ഷന്‍ എന്നിങ്ങനെ മറ്റ് പുരസ്‌കാരങ്ങളും തേടിയെത്തി. അങ്ങനെയങ്ങനെ എഴുത്തിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. കുട്ടികള്‍ക്ക് വേണ്ടി എഴുതി തുടങ്ങിയതോടെ അതില്‍തന്നെ ഉറച്ചുപോവുകയായിരുന്നു. എന്നാലിപ്പോള്‍ മുതിര്‍ന്നവര്‍ക്കായി 'ടങ് ഇന്‍ ചീക്ക്: ദ ഫണ്ണി സൈഡ് ഓഫ് ലൈഫ്' , 'ചക്ക്ള്‍ മെറി സ്പിന്‍: അസ് ഇന്‍ ദി യുഎസ്' എന്നീ രണ്ട് പുസ്തകങ്ങളിറക്കി.

കഥാപാത്രങ്ങളായി എന്തുകൊണ്ട് അമര്‍ കിഷനും കൂട്ടുകാരും?

ആദ്യമായെഴുതിയ കഥ 'ബട്ടര്‍ഫിംഗേഴ്‌സ്' 'ടിങ്കിള്‍' മാസികയില്‍ വന്നതും സമ്മാനം നേടിയതുമെല്ലാം പറഞ്ഞല്ലോ. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 'ടിങ്കിളി'ന്റെ അസോസ്സിയേറ്റ് എഡിറ്റര്‍ പ്രസിദ്ധീകരണത്തിനായി ഒരു സ്ഥിരം കഥാപാത്രത്തിന് രൂപം നല്‍കാന്‍ പറഞ്ഞു. അന്ന് ഞാന്‍ മറ്റ് കഥകള്‍ എഴുതിയിരുന്നു. എങ്കിലും 'ബട്ടര്‍ഫിംഗേഴ്സി'നോടായിരുന്നു പ്രിയം. ഒരുപാട് കുസൃതിനിറഞ്ഞ അതിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.

യഥാര്‍ത്ഥ കഥയില്‍ ആ കഥാപാത്രത്തിന്റെ പേര് 'മുകേഷ്' എന്നാണ്. എഡിറ്റര്‍ക്കും എനിക്കും ആ പേര് യോജിക്കാത്തപോലെ തോന്നി. അങ്ങനെ ഞാന്‍ 'അമര്‍' എന്ന പേര് കഥാപാത്രത്തിന് നല്‍കി. എന്റെ മകന്റെ പേരാണത്. 'ടിങ്കിളി'നായി 'സെന്‍' എന്നുകൂടെച്ചേര്‍ത്തുകൊണ്ടാണ് പേര് നല്‍കിയത്. എന്നാല്‍ പിന്നീട് പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ അത് 'കിഷന്‍' എന്നാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഒരു കോമിക് കഥാപാത്രം എന്ന നിലയില്‍ 'ബട്ടര്‍ഫിംഗേഴ്‌സ് 'ടിങ്കിള്‍' മാസികയില്‍ 'അമര്‍ സെന്‍' എന്നും 'ബട്ടര്‍ഫിംഗേഴ്‌സ്' പുസ്തക പരമ്പരയില്‍ 'അമര്‍ കിഷന്‍' എന്നുമായി പുറത്തുവന്നു.

കഥയിലെ 'അമറി'ന്റെ കൂട്ടുകാര്‍ക്ക് എന്റെ മകന്റെ കൂട്ടുകാരുടെ പേരുകള്‍തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പേരുകള്‍ മാത്രമാണ് ഞാന്‍ എഴുത്തിലേക്ക് കടമെടുത്തിട്ടുള്ളത്. അതിലെ കഥാപാത്രങ്ങളെല്ലാം ഞാന്‍ സങ്കല്‍പ്പിച്ച് രൂപപ്പെടുത്തിയെടുത്തതാണ്.

താങ്കളെ സംബന്ധിച്ച് എന്താണ് എഴുത്ത്? നമ്മുടെ നാട്ടില്‍ ബാലസാഹിത്യവിഭാഗം വിപുലമാകേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്നാണ് കരുതുന്നത്?

വായനക്കാരന് ഉള്‍ക്കാഴ്ച്ചയും എഴുത്തുകാരന് സംതൃപ്തിയുമാണ് എഴുത്ത് നല്‍കുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. എഴുതാന്‍ വ്യത്യസ്തമായ കാരണങ്ങളാണുള്ളത്. എനിക്ക് എല്ലാ തരത്തിലുമുള്ള പുസ്തകങ്ങള്‍ വായിക്കുന്നതും ഇഷ്ടമാണ്. എങ്കിലും ഹാസ്യം കടന്നുവരുന്ന പുസ്തകങ്ങളോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ട് ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഹാസ്യം കലര്‍ത്തിതന്നെ എഴുതി. തമാശകളും ചിരികളും അതില്‍ കൊണ്ടുവന്നു. എന്റെ പുസ്തകങ്ങള്‍ വായനക്കാരുടെ സമ്മർദം കുറയ്ക്കുന്നതാകണം എന്നെനിക്ക് ആഗ്രമുണ്ട്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ നേരിട്ട് കാര്യം പറയുന്നതോ, വളരെയധികം ധാര്‍മികത നിറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ളതോ ആവരുത്. പണ്ട് അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാലസാഹിത്യം വളരെ വിപുലമായിട്ടുണ്ട്. അതില്‍തന്നെ എല്ലാ തരത്തിലുമുള്ള പുസ്തകങ്ങളും ഇന്ന് ഇന്ത്യയിലെ ബാലസാഹിത്യശാഖയിലുണ്ട്.

എന്റെ എഴുത്തെല്ലാം യാഥാര്‍ഥ്യത്തെക്കുറിച്ചാണ്. അതില്‍ കുട്ടിക്കഥകളില്‍ കണ്ടുവരുന്ന ഫാന്റസിയോ ഭീകരതയോ ഭൂതമോ ദുരന്തമോ അതിവൈകാരികതയോ ഒന്നുംതന്നെയില്ല. അവ ഉള്‍പ്പെടുത്തി എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുതുന്നവര്‍ക്ക് അവരുടെ കഴിവനുസരിച്ച് എഴുതാമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഫാന്റസി എഴുതാനാകുമെന്ന് തെളിയിക്കാനായി എനിക്ക് അതെഴുതണമെന്ന് ആഗ്രഹമില്ല.

അധ്യാപനജീവിതം എഴുത്തിനെ സ്വാധീനിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോ ?

രണ്ടുവിധത്തില്‍ അതെന്നെ സഹായിച്ചിട്ടുണ്ട്. അതിലൊന്നാമത്തേത് വ്യത്യസ്തമായ പുസ്തകങ്ങളുമായി എപ്പോഴും ഒരു ബന്ധമുണ്ടാകുമെന്നതാണ്. മാത്രമല്ല അതിനെ വിമര്‍ശനാത്മകമായി സമീപിക്കാനും സാധിക്കും. പിന്നെ നോവല്‍, നാടകം, ചെറുകഥ, കവിത, നോണ്‍-ഫിക്ഷന്‍ എന്നിവയുടെയെല്ലാം വിവിധ വശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യാം. ഇതെല്ലാം നമ്മളെഴുതുമ്പോള്‍ വലിയ ഗുണം ചെയ്യും. കാരണം സ്വന്തം എഴുത്തിനെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ അത് സഹായിക്കും. രണ്ടാമതായി, വിദ്യാര്‍ഥികളുമായി ചേര്‍ന്നുനില്‍ക്കുന്നത് അവരുടെ മനസ്സും താല്‍പ്പര്യവും തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയാന്‍ എന്നെ സഹായിച്ചു എന്നതാണ്. അവരെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് ഒരുപാട് ആശയങ്ങള്‍ തോന്നാറുണ്ട്.

താങ്കളുടെ രചനകളില്‍ എടുത്തുപറയേണ്ടത് അതിലെ കായിക വിനോദവും കുട്ടികളുടെ രസകരമായ സംഭവങ്ങളും ഹാസ്യാത്മകതയുമെല്ലാമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലാത്ത ഒരു കാര്യമാണെന്നാണല്ലോ പൊതുവെ പറയുന്നത്. എങ്ങനെയാണ് അത് കൈകാര്യം ചെയ്യുന്നത് ?

ഞാന്‍ അങ്ങനെയുള്ള ഒരു വീട്ടിലാണ് ജീവിക്കുന്നത് എന്നുള്ളതുകൊണ്ട് എനിക്ക് അങ്ങനെ എഴുതാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. എട്ട് മക്കളില്‍ ഇളയ ആളായിരുന്നു ഞാന്‍. കൂടെപ്പിറപ്പുകള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ഞാന്‍ എപ്പോഴും തമാശ പറയുമായിരുന്നു. വീട്ടില്‍ ഞങ്ങള്‍ സംസാരിക്കുമ്പോഴെല്ലാം എല്ലാവരും അങ്ങനെയായിരുന്നു. ആ സാഹചര്യം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ എനിക്ക് സ്‌പോര്‍ട്‌സ് വലിയ ഇഷ്ടമായിരുന്നത്‌കൊണ്ട് അത് എപ്പോഴും ഫോളോ ചെയ്തു. സ്‌പോര്‍ട്‌സും ഹാസ്യവും വശമില്ലാത്തവര്‍ക്ക് അത് വലിയ പ്രയാസമായിരിക്കും. എന്നാല്‍ എഴുത്ത് ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ താല്‍പ്പര്യത്തിലും നിങ്ങള്‍ക്ക് എന്തിലാണോ കഴിവുള്ളതെന്ന് നിങ്ങള്‍ വിചാരിക്കുന്നത് അതിലുമാണ്.

താങ്കളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ഒന്നുപങ്കുവെക്കാമോ?

എന്റെ അച്ഛന്‍ ഒരു പോസ്റ്റ് മാസ്റ്ററായിരുന്നു. തമിഴ്നാടാണ് ഞങ്ങളുടെ സ്വദേശം. ഞങ്ങള്‍ എട്ട് മക്കളെയും നന്നായി പഠിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് അച്ഛന് ജോലി കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു, അതാണ് വിദ്യാഭ്യാസത്തിനുള്ള ഏറ്റവും നല്ല സ്ഥലമെന്ന്. അങ്ങനെ അവിടെതന്നെ സെറ്റിലാവുകയായിരുന്നു. ഞങ്ങള്‍ മക്കളെല്ലാവരും തിരുവനന്തപുരത്തെതന്നെ സ്‌കൂളുകളിലും കോളേജുകളിലുമാണ് പഠിച്ചത്. ഒരു മലയാളിയെയാണ് ഞാന്‍ വിവാഹം ചെയ്തത്. അതുകൊണ്ടുതന്നെ എന്നെയൊരു 'നാച്യുറലൈസ്ഡ് മലയാളി'യെന്ന് നിങ്ങള്‍ക്ക് വിളിക്കാം. തിരുവനന്തപുരം എനിക്ക് ഒരുപാടിഷ്ടമാണ്. എന്റെ സ്വന്തം സ്ഥലമായിതന്നെയാണ് ഞാനിവിടെ കണക്കാക്കുന്നത്.

കുട്ടികള്‍ ഇന്ന് തിരക്കിലാണ്. നവമാധ്യമങ്ങള്‍, ഡിജിറ്റല്‍ ലോകം അവരെ അനവദ്യമായ ലോകത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ചെറുപ്രായത്തില്‍തന്നെ കുറ്റകൃത്യങ്ങളിലേക്കും വലിയ മാനസിക പ്രശ്‌നങ്ങളിലേക്കും അവര്‍ വഴുതിവീഴുന്നു. ഈ സാഹചര്യത്തില്‍ അവരെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബാലസാഹിത്യത്തിലൂടെ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് ?

ശരിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് വലിയ ആശങ്കയുള്ളത്. സ്‌ക്രീനില്‍നിന്ന് കുട്ടികളുടെ കണ്ണെടുപ്പിക്കാനും അവരെ രണ്ട് പേജ് വായിപ്പിക്കാനും കൂടുതല്‍ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. അവര്‍ അക്ഷമരാണ്. എല്ലാം പെട്ടെന്ന്തന്നെ കിട്ടിയിരിക്കണം. അങ്ങനെയാണല്ലോ ഡിജിറ്റല്‍ മീഡിയ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ കുട്ടികളെ പുസ്തക വായനക്കാരാക്കുക എന്നത് അസാധ്യമായ ഒരു കാര്യമല്ല. അവരില്‍ പുസ്തകത്തോടുള്ള താല്‍പ്പര്യമുണ്ടാക്കുന്നതില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ലൈബ്രേറിയന്‍ എന്നിവര്‍ക്കെല്ലാം വലിയ പങ്കുണ്ട്. പുസ്തകങ്ങളുള്ള ഒരു വീട് കുട്ടികളില്‍ വായിക്കാനുള്ള താല്‍പ്പര്യമുണ്ടാക്കും. രക്ഷിതാക്കള്‍ വായിക്കുമ്പോള്‍ അനുകരണ തല്‍പ്പരരായ കുട്ടികള്‍ അത് ആവര്‍ത്തിക്കാന്‍ ശ്രമിക്കും.

ചെറിയ കുട്ടികള്‍ക്ക് രസകരമായ ചെറിയ കഥകള്‍ പറഞ്ഞുകൊടുക്കുകയോ അവര്‍ അത്തരം കഥകള്‍ പുസ്തകങ്ങളില്‍നിന്ന് വായിക്കുകയോ വേണം. ഒരിക്കല്‍ അവരെ ഭാവനാ ലോകത്തേക്ക് പോകാൻ പ്രേരിപ്പിച്ചുകഴിഞ്ഞാല്‍ പുസ്തകത്തിന്റെ സമ്പന്നതയെക്കുറിച്ച് അവര്‍ മനസ്സിലാക്കുകയും അവര്‍ നല്ല വായനക്കാരായി മാറുകയും ചെയ്യും. കുട്ടികള്‍ ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തമാശനിറഞ്ഞ കഥകള്‍ അവരെ കൂടുതല്‍ ആകര്‍ഷിക്കും. അത് അത്തരം പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നതിലേക്ക് അവരെകൊണ്ടെത്തിക്കും. പുസ്തകം വായിക്കുന്നവര്‍ നല്ല മനുഷ്യരായിത്തീരുമെന്നും അവര്‍ ഒരുപാട് നേട്ടങ്ങളുണ്ടാകുന്നവരായിത്തീരുമെന്നും പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്.

പ്രായഭേദമന്യേ ആളുകളെ ആകര്‍ഷിക്കുന്ന ബാലസാഹിത്യത്തിലേക്ക് സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങള്‍, പ്രത്യേകം ആശയമോ തിരുത്തലുകളോ ബോധപൂര്‍വ്വം കൊണ്ടുവരാന്‍ താങ്കള്‍ ശ്രമിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് എത്തരത്തിലാണെന്ന് വിശദമാക്കാമോ?

ഖൈറുന്നിസ എ | ഫോട്ടോ: ക്രിസ്റ്റഫർ ഫ്രാൻസിസ്

അതെ. അത് ചെയ്യാറുണ്ട്. പ്രായമായ ഒരുപാട് ആളുകള്‍ ബാലസാഹിത്യ കൃതികള്‍ ആസ്വദിക്കുന്നതായി എനിക്കറിയാം. രാഷ്ട്രീയ വിഷയങ്ങളാന്നും എന്റെ എഴുത്തില്‍ കൊണ്ടുവരാറില്ല. എന്നാല്‍ പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങള്‍ തമാശരൂപേണതന്നെ എഴുത്തിലൂടെ അവതരിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 'സാമാഷ് ഇറ്റ്, ബട്ടര്‍ഫിംഗേഴ്‌സ്!' എന്ന ബാഡ്മിന്റന്‍ ആസ്പദമാക്കിയുള്ള എന്റെ നോവലില്‍ അന്ധവിശ്വാസത്തെക്കുറിച്ച് വായിക്കുന്നവര്‍ക്ക് വിരസത വരാത്ത രീതിയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചിരുന്നു.

ഞാന്‍ തമാശ രൂപേണ സ്‌പോര്‍ട്‌സ് ആസ്പദമാക്കി എഴുതാനുള്ള ഒരു കാരണം അങ്ങനെയുള്ള എഴുത്തുകള്‍ ഞാനിവിടെ അത്രതന്നെ കണ്ടിട്ടില്ല എന്നുള്ളതുകൊണ്ടാണ്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ മറ്റ് രാജ്യത്തുനിന്നുള്ള എഴുത്തുകാരുടെ അത്തരം പുസ്തകങ്ങള്‍ ഞാന്‍ എത്രത്തോളം ഇഷ്ടപ്പെട്ട് വായിച്ചിരുന്നു എന്ന കാര്യം എനിക്കറിയാം. അപ്പോള്‍ വായനയിലൂടെ ഞാന്‍ അനുഭവിച്ച അതേ ആനന്ദം തന്നെ ഞാന്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കും കിട്ടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

മൃഗങ്ങളെ ആസ്പദമാക്കി ഞാന്‍ ഒരുപാട് കഥകളെഴുതിയിട്ടുണ്ട്. എനിക്ക് അവയോടുള്ള സ്‌നേഹവും എത്രയുണ്ടെന്നും പ്രകൃതിയോടും മൃഗങ്ങളോടും മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങളോടുള്ള എന്റെ പ്രതികരണമെന്താണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. ചിതല്‍, എലി, കൊതുക്, പല്ലി, അങ്ങനെ പ്രകൃതിയിലെ സകലജീവികളെയും ഞാന്‍ പ്രധാനകഥാപാത്രങ്ങളാക്കികൊണ്ട് എഴുതും. എന്നാല്‍, എഴുത്തിലൂടെ അത് വായിക്കുന്നവരെ പഠിപ്പിക്കുന്ന ഒരനുഭവം ഞാന്‍ എന്റെ രചനകളിലൂടെ നല്‍കില്ല. അതിനുപകരം അവിടെ ഞാന്‍ തമാശ കലര്‍ത്തി വ്യത്യസ്തമായി സന്ദേശമെത്തിക്കുന്ന സ്റ്റോറി ലൈനാണ് ഉപയോഗിക്കാറുള്ളത്.

ഇംഗ്ലീഷ് ആണ് എഴുത്തിന് തിരഞ്ഞെടുത്തിരിക്കുന്ന ഭാഷ. മലയാളത്തില്‍ 'ബട്ടര്‍ഫിംഗേഴ്‌സ്' പരിഭാഷ വന്നിട്ടുണ്ട്. മലയാളികള്‍ക്ക് താങ്കളുടെ പുസ്തകങ്ങളോടുള്ള പ്രതികരണം എങ്ങനെയാണ്?

എഴുതാന്‍ ഇംഗ്ലീഷ് തിരഞ്ഞെടുത്തത് എനിക്ക് കൂടുതലറിയാവുന്നതും ഇഷ്ടവും പാഷനുമൊക്കെയുള്ള ഭാഷ അതായതുകൊണ്ടാണ്. എനിക്ക് ഉറുദുവും അത്യാവശ്യം മലയാളവും സംസാരിക്കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടില്ല. പക്ഷേ എനിക്ക് മലയാളത്തിലും മറ്റ് ഭാഷകളിലും എന്റെ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിക്കണമെന്ന് വലിയ ആഗ്രഹമാണ്. അങ്ങനെ എനിക്ക് കൂടുതല്‍ വായനക്കാരിലേക്ക് എത്താമല്ലോ. എന്റെ ആദ്യ നോവലായ 'ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്‌സി'ന്റെ മലയാള പരിഭാഷ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത് വലിയ സന്തോഷം നല്‍കിയ കാര്യമാണ്. അത് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുസ്തകത്തെക്കുറിച്ച് മലയാളികള്‍ക്കുള്ള പ്രതികരണമറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

പുതിയ എഴുത്തുകള്‍, പുതിയ വിശേഷങ്ങള്‍ ?

എന്റെ അടുത്ത ഒരു 'ബട്ടര്‍ഫിംഗേഴ്‌സ്' പുസ്തകവും മുതിര്‍ന്നവര്‍ക്ക് വേണ്ടി മറ്റൊരു പുസ്തകവും എഴുതിക്കൊണ്ടിരിക്കുകയാണ്.

ഒരുപാട് അംഗീകാരങ്ങള്‍ക്ക് താങ്കളുടെ എഴുത്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടല്ലോ. പുരസ്‌കാരങ്ങള്‍ എഴുത്തിന് പ്രചോദനം നല്‍കിയിട്ടുണ്ടോ?

തീര്‍ച്ചയായും. പ്രതികരണങ്ങളും പുരസ്‌കാരങ്ങളുമെല്ലാം നമ്മുടെ കഴിവിന് ലഭിക്കുന്ന ഔദ്യോഗികമായ അംഗീകാരമാണ്. അവ എഴുതുന്നയാളെ മികച്ച രീതിയില്‍ എഴുതിക്കൊണ്ടിരിക്കാന്‍ പ്രോത്സാഹിപ്പിക്കും.

ഭാവിയില്‍ ബട്ടര്‍ഫിംഗേഴ്‌സിന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാമോ, അത്തരത്തില്‍ ആലോചനകള്‍ നടന്നിട്ടുണ്ടോ ?

'ബട്ടര്‍ഫിംഗേഴ്സ്' ബിഗ് സ്‌ക്രീനില്‍ വന്നാല്‍ അതെനിക്ക് വലിയ സന്തോഷം തരും. മുമ്പ് സംവിധായകന്‍ കെ. എസ്. സേതുമാധവന്‍ 'ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്സ്' സിനിമയാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സമീപിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. നോവല്‍ സിനിമയാക്കുകയാണെങ്കില്‍ അത് ചെറുപ്പക്കാര്‍ക്ക് വലിയ ഇഷ്ടമാകുമെന്ന് എനിക്കുറപ്പാണ്. അതോടൊപ്പംതന്നെ 'ബട്ടര്‍ഫിംഗേഴ്സ്' കഥകള്‍ സീരീസ് ആയി എടുക്കാനും കഴിയും. ബിഗ് സ്‌ക്രീനിനുവേണ്ടിയോ സ്മോള്‍ സ്‌ക്രീനിനുവേണ്ടിയോ ഏത് പ്രൊഡക്ഷന്‍ ഹൗസും 'ബട്ടര്‍ഫിംഗേഴ്സി'ന്റെ അഡാപ്റ്റേഷന്‍ ചെയ്യാന്‍ എന്നെ സമീപിച്ചാലും അതെനിക്ക് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. പക്ഷേ അത് നന്നായി ചെയ്യണമെന്ന് മാത്രമേയുള്ളു. ഞാനതിന് കാത്തിരിക്കുകയാണ്.

Content Highlights: Interview with Children's Writer Khyrunnisa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented