ഫ്രാൻസിസ് നൊറോണ | ഫോട്ടോ: മാതൃഭൂമി
കണ്ണീരാഴംകൊണ്ട് വേരുറയ്ക്കപ്പെട്ട അനുഭവങ്ങളാണ് ഫ്രാന്‍സിസ് നൊറോണയുടെ എഴുത്തിന്റെ കരുത്ത്. ഏത് പ്രതിസന്ധിയിലും അടിതെറ്റാതെ നില്‍ക്കാനുള്ള മനോധൈര്യം തന്റെ അനുഭവങ്ങളില്‍നിന്നും അദ്ദേഹം കൈമുതലാക്കിയിട്ടുണ്ട്. ഒരു മാറ്റിനിര്‍ത്തലിനും നിന്നുകൊടുക്കാതെ, തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ, ഉപജീവനം ഉപേക്ഷിച്ച് അദ്ദേഹം അതിജീവനത്തെ പ്രതീക്ഷയാക്കിയിരിക്കുകയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, 'മാസ്റ്റര്‍പീസ്'എന്ന നോവലിനെതിരേ ഉയര്‍ന്നുവന്ന ചില വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അദ്ദേഹം സ്വയം വിരമിച്ചിരിക്കുന്നു. എഴുത്തിനും സ്വതന്ത്രാവിഷ്‌കാരത്തിനും ഉദ്യോഗം തടസ്സമായതിനാലാണ് ആ തീരുമാനമെന്നു പറഞ്ഞുകൊണ്ടായിരുന്നു സ്വയം വിരമിക്കൽ. ഈ കടുത്ത തീരുമാനത്തെക്കുറിച്ച്, തന്റെ എഴുത്തിനെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കുന്നു;
'മാസ്റ്റര്‍പീസ്'എന്ന നോവലില്‍ യഥാര്‍ഥത്തില്‍ വിവാദമാകാനുള്ള കാര്യങ്ങളുണ്ടോ?
എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ചാണ് 'മാസ്റ്റര്‍പീസ്' എന്ന നോവലില്‍ പറയുന്നത്. എല്ലാ മേഖലകളെക്കുറിച്ചും എഴുത്തുകാര്‍ എഴുതാറുണ്ട്. പക്ഷേ, എഴുത്തിനുള്ളിലെ ഒരു ലോകത്തെക്കുറിച്ച് അങ്ങനെ ആരും എഴുതാറില്ല. വൈക്കം മുഹമ്മദ് ബഷീറിനെപോലെ പഴയ തലമുറയിലുള്ള എഴുത്തുകാര്‍ ആക്ഷേപഹാസ്യത്തിലൂടെ സഹയെഴുത്തുകാരെക്കുറിച്ച് ചിലയിടത്ത് പരാമര്‍ശിച്ചു എന്നല്ലാതെ, സമ്പൂര്‍ണമായി ഒരു നോവല്‍രൂപത്തില്‍ മലയാളത്തില്‍ അങ്ങനെ ഒരു കൃതി വന്നിട്ടില്ല.
ഒരെഴുത്തുകാരന്‍ എന്നനിലയില്‍ എനിക്ക് എല്ലാ കാര്യങ്ങളും തുറന്നെഴുതണം എന്ന ആഗ്രഹത്താല്‍ എന്നെതന്നെ വിമര്‍ശിച്ചുകൊണ്ടുകൂടിയാണ് ഞാൻ ഈ നോവല്‍ എഴുതിയിട്ടുള്ളത്. 'മാസ്റ്റര്‍പീസില്‍' ഞാനും ഒരു കഥാപാത്രമാണ്. എന്റെ തന്നെ കഥകളെ ഞാനതില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 'പെണ്ണാച്ചി' പോലുള്ള എന്റെ കഥകളിലെ വയലന്‍സ്, ആവര്‍ത്തിച്ച് വന്ന ഭൂമിക എന്നിവയെല്ലാം നോവലില്‍ വിമര്‍ശനവിധേയമാകുന്നുണ്ട്. അതോടൊപ്പം ഞാനനുള്‍പ്പെടുന്ന എഴുത്തുലോകത്തെ പൂര്‍ണമായും ഒരിടത്തുകൊണ്ടുവന്ന്, വായനക്കാര്‍ ഇതുവരെ കാണാത്ത ഒരിടം ഞാന്‍ കാണിച്ചുകൊടുക്കുന്നുണ്ട്. നോവലിനെതിരേ പരാതി വന്നതും ഇങ്ങനെയൊക്കെ സംഭവിച്ചതുമെല്ലാം വളരെ പെട്ടെന്നുവന്ന ഒരനുഭവമാണ്. എല്ലാവര്‍ക്കും വരുന്ന ഒരു അനുഭവമല്ലല്ലോ.
.jpg?$p=b6b6a6a&&q=0.8)
'മാസ്റ്റര്‍പീസ്' വായിച്ച ഒരുപാട് എഴുത്തുകാര്‍തന്നെ എന്നോട് മികച്ച അഭിപ്രായം പറഞ്ഞിട്ടുണ്ട്. വളരെ സ്വീകാര്യതയോടെ മാതൃഭൂമി പ്രസിദ്ധീകരിച്ച നോവല്‍ വായനക്കാരുടെ കൈയില്‍ ഇപ്പോഴെത്തുന്നുമുണ്ട്.
ചുരുങ്ങിയ കാലയളവുകൊണ്ട് വലിയ ജനപ്രീതി നേടിയ ഒരു എഴുത്തുകാരനെ ലക്ഷ്യമാക്കിയുയര്‍ന്ന പരാതിയാണോ 'മാസ്റ്റര്‍പീസി'നെതിരേ വന്നത്?
പരാതിക്ക് പിന്നില്‍ ഒരു സ്ഥാപനമല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വ്യക്തിയാണ്. അങ്ങനെയാകുമ്പോള്‍ അത് എന്നോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഉണ്ടാവുക. ഇന്നേവരെയുള്ള എന്റെ ജീവിതം 'മുണ്ടന്‍ പറുങ്കി'യില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇന്നോളമുള്ള എന്റെ എഴുത്തുജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഔദ്യോഗികജീവിതത്തിലോ ഒന്നും എനിക്ക് ശത്രുവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. എല്ലാവരോടും ഞാന്‍ സ്‌നേഹത്തോടെയാണ് ഇടപഴകാറുള്ളത്. ആരുടെയടുത്തും എനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല.
പെട്ടെന്നുള്ള എന്റെ വളര്‍ച്ചയില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ചിലര്‍ക്കുണ്ടാകാം. നോവലിനെതിരേ പരാതി വരുമ്പോള്‍ സ്വാഭാവികമായും എല്ലാ മനുഷ്യരും ചിന്തിക്കുന്നപോലെ അതിന് പിന്നിലാരാണ് എന്നറിയാനുള്ള ഒരു ചിന്ത മനസ്സിലുണ്ട്.
'മാസ്റ്റര്‍പീസ്' വായിച്ച്, നോവല്‍ എന്താണ് നല്‍കുന്നതെന്ന് മനസ്സിലാക്കാതെ അതിനെ വൈകാരികമായി സമീപിച്ചിട്ടുള്ള ഒരാളാണ് നോവലിനെതിരേ പരാതി പറഞ്ഞിട്ടുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. എഴുത്തിനുള്ളിലെ എഴുത്തായതുകൊണ്ടുതന്നെ കുറേ എഴുത്തുകരുടെ മുഖങ്ങള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. അവിടെ ഒരാളെയും പേരെടുത്ത് പറയുന്നില്ല. ഇങ്ങനെയെഴുതാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്നുള്ളതായിരുന്നു എനിക്ക് നേരെ വന്ന പരാതി.
'മാസ്റ്റര്‍പീസി'നെതിരേ പരാതി വരുന്നു, 'കക്കുകളി'എന്ന കഥ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു, എല്ലാംകൂടെ കൂട്ടിവായിക്കുമ്പോള്‍ ഇത് വളരെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് വരുന്നതാണെന്ന് എനിക്ക് തോന്നുന്നു. എന്നെ ആരോ ലക്ഷ്യംവെച്ച് ചെയ്യുന്നതുപോലെ. അതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ 'ഒരു അജ്ഞാത ശത്രു'എന്ന് ഞാന്‍ എഴുതിയത്. ശത്രുക്കളായി ഞാന്‍ ആരേയും കാണുന്നില്ല. എന്നാല്‍ ഒളിഞ്ഞിരുന്ന് ഇങ്ങനെ ചെയ്യുന്ന ആള്‍ ഒരു അജ്ഞാത ശത്രുതന്നെ ആയിരിക്കുമല്ലോ. മറിച്ചാണെങ്കില്‍ അയാൾ മുഖാമുഖം വരേണ്ടതാണല്ലോ.
ഹൈക്കോടതിയില്‍ ഈ നോവലിനെതിരേ എന്താണ് പരാതി പോയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ക്വയറിയില്‍, മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് മാത്രമാണ് എനിക്ക് ഉത്തരം പറയേണ്ടി വന്നിട്ടുള്ളത്. അന്വേഷണം കഴിഞ്ഞ് ഫയല്‍ ക്ലോസ് ചെയ്ത് ഞാന്‍ വിരമിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് റൂള്‍ ആന്‍ഡ് റെഗുലേഷന്‍ അനുസരിച്ച് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇടണമെങ്കില്‍പോലും പ്രയര്‍ പെര്‍മിഷന്‍ വേണം. പണ്ട് എനിക്കത് വേണ്ടിയിരുന്നില്ല. 'കക്കുകളി' എന്ന എന്റെ കഥ വിവാദമായതിനെതുടര്‍ന്നാണിത്. സര്‍വീസിലിരിക്കെ എനിക്ക് ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥയാണ്. ഞാന്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഒതുങ്ങിപ്പോകണം, എഴുത്ത് തുടരരുത് എന്നാണ് നോവലിനെതിരേ പരാതി നല്‍കിയ ആളുടെ ലക്ഷ്യം. പക്ഷേ, ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അവരൊരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.
ഉപജീവനമാണോ അതിജീവിനമാണോ എന്ന് ചിന്തിക്കേണ്ടിവന്ന ഘട്ടത്തില്‍ അതിജീവനമാണ് നല്ലതെന്ന് തിരഞ്ഞെടുത്തതിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞല്ലോ. ജോലിയില്‍നിന്ന് വിരമിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെയാണ്?
ഞാന്‍ എഴുത്തുകാരനാണ്. എനിക്ക് സുരക്ഷിതമായി കിട്ടുന്ന വരുമാനത്തിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരു സാധാരണ എഴുത്തുകാരന് കിട്ടുന്ന വരുമാനമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. പത്തിരുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഒരെഴുത്തുകാരന് പോലും അവരുടെ എഴുത്തുകൊണ്ട് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയുമെന്നുറപ്പില്ല. കേരളത്തില്‍ എഴുത്തുകൊണ്ട് ജീവിക്കുന്ന എത്ര എഴുത്തുകാരുണ്ടെന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാകും.

എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുരക്ഷിതമായ ഒരു വരുമാനം ഞാന്‍ ഉപേക്ഷിക്കില്ലെന്നായിരുന്നു പരാതി നല്‍കിയവരുടെ ധാരണ. അപ്പോള്‍ ഞാന്‍ ജോലിയില്‍ മാത്രമായി ഒതുങ്ങുമല്ലോ. എനിക്കങ്ങനെ തോല്‍ക്കാനാകില്ല. എഴുത്ത് എനിക്ക് പ്രധാനമാണ്. എന്റെ വ്യക്തിജീവിതത്തെ എന്തുതന്നെ ബാധിച്ചാലും എനിക്ക് എഴുതാതിരിക്കാനാകില്ല. ജീവനുള്ളിടത്തോളം കാലം ഞാനെഴുതും. അതിന് വേണ്ടിയാണ് ജോലിയില്‍നിന്ന് വിരമിക്കാമെന്ന് തീരുമാനമെടുത്തത്.
ജീവിതത്തിന്റെ ഏത് നിസ്സഹായാവസ്ഥകളിലൂടെയും കടന്നുപോകാനുള്ള കരുത്ത് എനിക്ക് ചെറുപ്പം മുതലേ കിട്ടിയിട്ടുണ്ട്. ഞാന്‍ വളരെ ദാരിദ്ര്യത്തില്‍നിന്ന് ജീവിച്ചുവന്നയാളാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോഴൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല. എഴുത്തുമായി മുന്നോട്ട് പോകുക എന്ന് മാത്രമേ ചിന്തിക്കുന്നുള്ളു. വ്യക്തിജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. വലിയൊരു സങ്കടമായിട്ടൊന്നും വിരമിക്കലിനെക്കുറിച്ച് തോന്നുന്നില്ല. എങ്കിലും ഈ തീരുമാനത്തിലെത്താന്‍ വളരെ ബുദ്ധിമുട്ടി.
എഴുത്തുകാരന്‍ എന്നനിലയില്‍ വിശാലമായൊരു ക്യാന്‍വാസിലാണല്ലോ നമ്മളീ ലോകത്തെ കാണുന്നത്. അവിടെ വ്യക്തിപരമായ ജീവിതം എന്ന് പറയുന്നത് വളരെ കുറച്ചുസമയം മാത്രമേയുള്ളു. കുറച്ച് കാലത്തേക്ക് മൗനിയായിരിക്കാന്‍ എനിക്ക് സാധിക്കില്ല. എനിക്കെതിരെ എത്ര കടുത്ത നടപടികളും ഭീഷണികളും ഉണ്ടാവുകയാണെങ്കിലും ഞാന്‍ എഴുതും.
പല എഴുത്തുകാരും പറയുന്ന പോലെ വ്യക്തിപരമായ ജീവിതത്തില്‍ ചിലപ്പോള്‍ നമ്മള്‍ ദുര്‍ബലരായിരിക്കാം. സംഘര്‍ഷാവസ്ഥയും ശാരീരികാക്രമണവും വരുമ്പോള്‍ നമ്മള്‍ പേടിച്ച് പോകുമായിരിക്കും. എന്നാല്‍ മാനസികമായി എഴുത്തുകാരന്‍ എന്ന നിലയ്ക്ക് നമ്മുടെയുള്ളില്‍ എപ്പോഴും ഒരു കരുത്തുണ്ട്. എഴുത്തിന്റെ മേശപ്പുറത്ത് വരുമ്പോള്‍, നോവലില്‍ പറയുന്നപോലെ അവിടെ മറ്റാരും ഇല്ല. എഴുത്തുകാരനാണ് എല്ലാം. ഞാന്‍ എന്ത് ജോലിയും ചെയ്യാനും സന്നദ്ധനായ ഒരാളാണ്. 'അയ്യോ, ഇനി ഞാന്‍ എന്ത് ചെയ്യും' എന്നവിധത്തിലുള്ള കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നേയില്ല. അങ്ങനെയൊരു ചിന്തയേയില്ല.
വലിയതോതില്‍ സ്വീകരിക്കപ്പെട്ട 'കക്കുകളി' എന്ന കഥ നാടകമായപ്പോള്‍ ആക്രമിക്കപ്പെട്ടത് എന്തുകൊണ്ടായിരിക്കാം?
'കക്കുകളി' നാടകമെല്ലാം വിവാദമാക്കിയതിനു പിന്നില്‍ മറ്റൊരു രാഷ്ട്രീയമുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. 'കക്കുകളി' പൊതുസമൂഹത്തിന്റെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍പോലും അന്നത് വായിക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
.jpg?$p=a80322e&&q=0.8)
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക സ്ഥലത്ത് മാത്രം അത് വിവാദമാകുന്നു. അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും രാഷ്ട്രീയ ഇടപെടലുകളും വിവാദമാക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വ്യക്തിപരമായി എനിക്കത് ഇക്കാരണംകൊണ്ടെന്ന് പറയാന്‍ കഴിയില്ല. അതൊരു പൊതുസംവാദത്തിലൂടെ ഉരുത്തിരിഞ്ഞുവരേണ്ടതാണ്. കാലം അത് തെളിയിക്കുമെന്നാണ് എന്റെ വിശ്വാസം.
ജീവിതവും എഴുത്തും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ച നോവല്‍ 'അറംപറ്റിയ എഴുത്താണോ'? ഫെയ്സ്ബുക്കിൽ അങ്ങനെ കുറിക്കാനുള്ള കാരണം?
ഈ നോവലിലെ എഴുത്തുകാരനായ കഥാപാത്രം ഒരുപാട് സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്. ജോലി വേണോ എഴുത്ത് വേണോ എന്നുള്ള ഒരു പ്രതിസന്ധി അയാള്‍ക്ക് നേരിടേണ്ടിവരുന്നു. ആ കഥാപാത്രത്തിന്റെ അത്രയും മാനസിക സംഘര്‍ഷങ്ങളിലൂടെ ഇപ്പോള്‍ ഞാനും കടന്നുപോയി. അതുകൊണ്ടാണ് 'മാസ്റ്റര്‍പീസ്' അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നിയെന്ന്' ഞാന്‍ എഴുതിയത്. എഴുത്തും ചിന്തയുമായി പോകുമ്പോള്‍ ചിലപ്പോള്‍ വൈകാരികമായ വാക്കുകള്‍ നമ്മള്‍ പറഞ്ഞുപോകും.
എഴുത്തിന്റെ ഒരു സമഗ്രതയില്‍ പറയുമ്പോള്‍ എഴുത്തുലോകത്തെക്കുറിച്ച് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് സറ്റയറിക്കലായി ഈ നോവലെഴുതിയത്. അതില്‍ എഴുത്തുമേഖലയുമായി ബന്ധപ്പെട്ട കുറേയധികം കഥാപാത്രങ്ങള്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. ഞാന്‍ കാണാത്ത കുറേ കഥാപാത്രങ്ങളെ വായനക്കാരും കണ്ടെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാരനും വായനക്കാരനുമാണ് ഈ നോവലിന്റെ വലിയ ക്യാന്‍വാസ് ഫില്‍ ചെയ്യുന്നത്.
'മാസ്റ്റര്‍പീസി'ല്‍ ഞാനുമുണ്ട്' എന്നെന്നോട് സുഹൃത്തായ ഒരെഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ നോവലെഴുതുമ്പോള്‍ അദ്ദേഹത്തെ മനസ്സില്‍ കണ്ടിട്ടില്ല. ഞാന്‍ എന്നെത്തന്നെ വിമര്‍ശിക്കുന്നതായും നോവലില്‍ കാണാം. 'തൊട്ടപ്പന്‍', 'കക്കുകളി' എല്ലാം അവിടെ വിമര്‍ശനവിധേയമാക്കി.
'എഴുതിയില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുമെന്ന്' പറഞ്ഞ എഴുത്തുകാരന്റെ തുടര്‍ന്നുള്ള എഴുത്തിനെക്കുറിച്ച്...?
ഇന്നെടുക്കേണ്ട ഒരു തീരുമാനം ഇന്നെടുത്തേ പറ്റൂ. എഴുതണം എന്നുള്ള ഉദ്ദേശ്യത്തിലാണ് ഇതെല്ലാം ചെയ്തത്. എഴുതാന്‍ സാധിക്കും എന്ന് തന്നെയാണ് വിശ്വാസം. ഇപ്പോള്‍ ഒരു നോവലിന്റെ പണിപ്പുരയിലാണ്. എഴുതണം. വായനക്കാരുള്ളിടത്തോളം കാലം ഞാന്‍ എഴുത്തുമായി മുന്നോട്ട് പോകും.
എഴുത്തെന്നാല്‍ ഒരു അനിശ്ചിതാവസ്ഥയാണ്. ഒരെഴുത്ത് കഴിഞ്ഞാല്‍ എഴുത്തുകാരന്റെയുള്ളില്‍ പിന്നെ ഒന്നും കാണില്ല. ഇനി എഴുതാന്‍ കഴിയുമോ എന്നുള്ളത് അടുത്ത ഒരെഴുത്ത് വരുമ്പോഴേ പറയാന്‍ സാധിക്കുകയുള്ളു.
ഭാവിയില്‍ എഴുതാം എന്നുള്ള എന്റെ ഒരു ധാരണ മാത്രമല്ല ഈ വിരമിക്കല്‍. അതൊരു നിലപാടാണ്. എഴുത്തിനോടുള്ള എന്റെയൊരു പ്രണയം അതെനിക്ക് വായനക്കാരുടെ മുന്നിലേക്ക് പ്രകടിപ്പിച്ചേ പറ്റൂ. എഴുതും. എന്നാല്‍ അത് പ്രവചിക്കാന്‍ കഴിയില്ല. അതൊരു അനിശ്ചിതത്വമാണ്.
Content Highlights: Interview with author Francis Noronha, Masterpiece novel controversy, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..