പി.എഫ് മാത്യൂസ് | Photo: Mathrubhumi Archives
എല്ലുറയുന്ന മരണത്തിന്റെ തണുപ്പാണ് പി.എഫ്. മാത്യൂസിന്റെ വരികള്‍ക്ക്. കൊച്ചിയുടെ ഇരുണ്ട നിഴലുകളെ ഇത്രത്തോളം എഴുത്തിലേക്കാവാഹിച്ച മറ്റൊരു കഥാകാരനില്ല. കറുത്ത കടല്‍ വറ്റിയ ജീവിതാവിഷ്‌കാരങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ സത്ത്. മഴ മണക്കുന്ന ഒരു ഞായറാഴ്ചയുടെ കഥ പറഞ്ഞു തുടങ്ങിയ മഷിജീവിതം കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ വായനക്കാരനു മുന്നില്‍ തെളിഞ്ഞത് ആരും പറഞ്ഞുവെയ്ക്കാത്ത വരികളുടെ പുതു വഴിയാണ്. പി. എഫ് മാത്യൂസ് സംസാരിക്കുന്നു, തന്റെ എഴുത്താകുന്ന നീരുറവയെ പറ്റി.
എഴുത്തുകള്‍ സിനിമയാകുമ്പോള്‍ എഴുത്തുകാരന്റെ ആവിഷ്‌കാരവും സംവിധായകന്റെ അവതരണവും തമ്മില്‍ ആശയപരമായി സംഘര്‍ഷം നേരിടാറുണ്ടോ? സിനിമയിലേക്കുള്ള രൂപാന്തരത്തില്‍ എഴുത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നത് പല എഴുത്തുകാരുടേയും പരാതിയാണ്.

മിക്കവാറും അങ്ങനെ തോന്നാറുണ്ട്. അങ്ങനെ തോന്നാത്ത ഒരു വര്‍ക്ക് ഈ.മ.യൗ ആണെന്നു പറയാം. എങ്ങനെയാണോ ഞാന്‍ വിഭാവന ചെയ്തത് അത് പോലെ തന്നെ സിനിമയിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞു. ബാക്കി ഞാന്‍ ചെയ്ത സിനിമകളിലൊന്നും അങ്ങനെ വന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് ലോകത്തിലുള്ള മിക്കവാറും എല്ലാ സിനിമ ചെയ്യുന്ന എഴുത്തുകാരുടേയും പരാതിയായിരിക്കും. അതു കാര്യമായി എടുക്കേണ്ട. കാരണം സിനിമ സംവിധായകന്റെ മാധ്യമമാണ്. എഴുത്തുകാരന്‍ സിനിമയില്‍ ഒരു സാങ്കേതിക വിദഗ്ധനായി ചുരുങ്ങുകയാണ് ചെയ്യുന്നത്. ആ ഒരു സാഹചര്യത്തിലൊരിക്കലും അയാളുടെ സത്ത ആവിഷ്‌കരിക്കുക എന്ന കടമ സംവിധായകനില്ല. സംവിധായകന്‍ സിനിമ ചെയ്യാന്‍ വരുമ്പോള്‍ അയാള്‍ക്കെന്തോ പറയാനുണ്ട് അതിനു പറ്റിയ ഒരു കഥയും സാഹിത്യവുമാണ് അയാള്‍ തേടുന്നത്. ആ ഒരു സാഹചര്യം നോക്കിയാല്‍ അയാളാണ് ശരി. പക്ഷേ എന്നും എക്കാലത്തും എഴുത്തുകാര്‍ക്ക് ഈ പരാതികളുള്ളതു കൊണ്ട് ഈ സംഘര്‍ഷവുമുണ്ടാകും. അതിനൊരു പരിഹാരമേയുള്ളൂ, സംവിധാനം ചെയ്യുന്ന ആള്‍ തന്നെ എഴുതുക. എങ്കില്‍ മാത്രമേ അത് ഒരു എഴുത്തുകാരന്റെ സൃഷ്ടിയാകുന്നുള്ളു.
എഴുത്തുകളില്‍ മരണം ഒരു പൊതുപ്രമേയമാകുന്നു. അത്തരം കഥാസന്ദര്‍ഭങ്ങളിലേക്ക് എത്തിച്ചേരുന്നതെങ്ങനെയാണ്? നിരീക്ഷണത്തിലൂടെയാണോ അതോ മനുഷ്യജീവിതത്തിലെ വിവിധ കാഴ്ചപ്പാടുകളെ ആവിഷ്‌കരിച്ചാണോ? എങ്ങനെയാണ് ആ കഥകള്‍ തിരഞ്ഞെടുക്കുന്നത്.
എല്ലാവരും ജീവിക്കുന്ന ജീവിതമാണെല്ലോ നമ്മളും ജീവിക്കുന്നത്. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് ഞാനും ജീവിക്കുന്നത്. ഇതിനിടയില്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ പതിയും മറ്റു ചിലത് എന്റെ മനസ്സിലും പതിയും. എന്റെ മനസ്സില്‍ കൂടുതലും ഇമേജുകളാണ് പതിയുന്നത്. ഇമേജുകളാണ് ഞാന്‍ കൂടുതല്‍ കാലം കൊണ്ടു നടക്കുന്നതും. അത് വാക്കുകളായി വരുമ്പോഴാണ് അത് സാഹിത്യമായി മാറുന്നത്. ഇമേജസില്‍ വര്‍ക്ക് ചെയ്ത് അത് വാക്കുകളാക്കി ഏറ്റവും കൂടുതല്‍ വാക്കുകള്‍ എങ്ങനെ സ്വന്തമായി എഴുതാന്‍ പറ്റുമെന്നതാണ് എന്റെ പ്രശ്നം. എങ്ങനെ നല്ല വാചകങ്ങളെഴുതാം എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അങ്ങനെയാണ് ആ ഒരു പ്രോസസ്.
മലയാള സാഹിത്യം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ധാരാളം പരിഭാഷകള്‍ വരുന്നു. അതേസമയം, മലയാള സാഹിത്യത്തില്‍ ധാരാളം പ്രാദേശിക പദങ്ങള്‍ കൂടുതല്‍ കൃതികളിലേക്ക് എത്തിച്ചേരുന്ന സാഹചര്യമാണ്. പ്രാദേശിക ഭാഷയുടെ ഉപയോഗം പരിഭാഷയിലേക്കു വരുമ്പോള്‍ എത് എങ്ങനെയാണ് പരിഭാഷയില്‍ വായിക്കപ്പെടുക എന്ന ഒരു സംശയം നിലനില്‍ക്കുന്നുണ്ട്.
പരിഭാഷ വേണമെന്ന് എന്താണ് നിര്‍ബന്ധം? ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോഴെ മലയാള സാഹിത്യം മഹത്തരമാകൂ എന്നില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമായി വായിക്കാന്‍ ആളുകള്‍ മലയാള ഭാഷ പഠിക്കട്ടെ. വംശമറ്റു പോയ പല ഭാഷകളും തിരിച്ചുവരുന്നത് അതിലുണ്ടായ മഹത്തായ കൃതികള്‍ കൊണ്ടാണ്. പരിഭാഷ ഒരു വലിയ വിഷയമായി എടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം കാരണം ഒരു കൃതിയുടേയും ആത്മാവ് പരിഭാഷപ്പെടുത്താന്‍ ആര്‍ക്കും പറ്റില്ല. എഡിത്ത് ഗ്രോസ്മാനു പോലും പറ്റില്ല. എഡിത്ത് ഗ്രോസ്മാനെയാണെല്ലോ വലിയ ട്രാന്‍സ്‌ലേറ്ററായി പറയുന്നത്. മാത്രമല്ല, പ്രാദേശിക ഭാഷകളുടെ കടന്നുവരവ് വളരെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്.
ഞങ്ങള്‍ കൊച്ചിക്കാരൊക്കെ വളരെ സാധാരണയായി ഉപയോഗിച്ചുവന്ന നാട്ടുഭാഷയുണ്ട്. അതൊന്നും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ സംസാരിക്കുന്നതും അച്ചടിഭാഷയാണ്. അതു വളരെ മോശം പ്രവണതയാണ്. സാഹിത്യത്തിലെങ്കിലും നാട്ടുഭാഷകളിലേക്ക് തിരിച്ചുപോകുന്നത് നല്ലതാണ്. പണ്ട് എം. ഗോവിന്ദന്‍ കവിതകള്‍ എഴുതിയിരുന്നപ്പോള്‍ ധാരാളം നാടന്‍പ്രയോഗങ്ങള്‍ കയറിവരുമായിരുന്നു. ആ കവിതകള്‍ക്കൊക്കെ ഭയങ്കര സൗന്ദര്യമുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള നോവലുകളും വരട്ടെ. ഭാഷ അങ്ങനെയാണ് ശക്തിപ്പെടുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
വായനയുടെ ട്രെന്‍ഡ് ഇപ്പോള്‍ മാറിമറിയുന്നുണ്ടെന്ന് പറയാറുണ്ട്
എനിക്കു ട്രെന്‍ഡുകളില്‍ വിശ്വാസമില്ല. കാരണം സാഹിത്യത്തിന് ട്രെന്‍ഡുകളുടെ കെട്ടുപാടുകളില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 1600-കളില്‍ എഴുതപ്പെട്ട ഡോണ്‍ ക്വിക്‌സോട്ടൊക്കെ ഇപ്പോഴും വായിക്കപ്പെടുന്ന മഹത്തായ കൃതിയാണ്. അങ്ങനെ നോക്കുമ്പോള്‍ ആ കാലഘട്ടത്തിലെ ട്രെന്‍ഡ് ഇപ്പോഴും തുടരുന്നു എന്ന് നമുക്ക് പറയാന്‍ പറ്റില്ലേ. സാഹിത്യത്തില്‍ ട്രെന്‍ഡ് രൂപപ്പെടുകയല്ല. ട്രെന്‍ഡുകള്‍ ഇല്ലാതാകുകയാണ് ചെയ്യുന്നത്. സാഹിത്യത്തില്‍ മഹത്തായ കൃതികളാണ് നിലനില്‍ക്കുന്നത്. ബാക്കിയൊക്കെ കെട്ടു പോകും.
വായനാ സമൂഹം മാറിയതായി തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടില്ല. വായനാ സമൂഹത്തിന് മാറ്റങ്ങളൊന്നുമില്ല. സോഷ്യല്‍ മീഡിയയുടെ വ്യാപനം കൊണ്ട് ഇന്ന് താരതമ്യേന കനമില്ലാത്ത കൃതികളും ആഘോഷിക്കപ്പെടാന്‍ ഇടവരുന്നുണ്ട്. എല്ലാത്തിനെയും പുകഴ്ത്താനായി വാക്കുകള്‍ ഇന്ന് നമുക്ക് കിട്ടുന്നുണ്ടല്ലോ. അങ്ങനെയൊരു അവസ്ഥയുണ്ടായിട്ടുണ്ടെന്നെയുള്ളൂ. അപ്പോഴും നല്ല കൃതികള്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നാണ് എന്റെ വിശ്വാസം.

എഴുത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ട ഒരു സന്ദര്‍ഭം ഏതാണ്?
'കടലിന്റെ മണ'ത്തിന്റെ പണിപ്പുരയിലാണ് പ്രതിസന്ധി നേരിട്ടത്. വളരെ വ്യക്തിപരമായ ഒരു പ്രശ്‌നം കാരണമാണത്. അതു പൂര്‍ത്തിയാക്കാന്‍ പത്തു വര്‍ഷമെടുത്തു. പല കാലങ്ങളിലായി നിന്നുപോയ എഴുത്ത് തിരിച്ചെടുക്കാന്‍ ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു. എഴുത്ത് എന്നു പറഞ്ഞാല്‍ നമ്മുടെ ഒരു ആന്തരിക ജീവിതത്തില്‍ നിന്നാണല്ലോ രൂപപ്പെടുന്നത്. ശരിക്കു പറഞ്ഞാല്‍ ആ ഒരു ആന്തരിക ജീവിതത്തില്‍ തന്നെ ആണ്ടു പോവുകയായിരുന്നു. അതുകൊണ്ട് എന്റെ ബാഹ്യജീവിതം തന്നെ ഇല്ലാതായി. ഒരു ഘട്ടത്തില്‍ കിട്ടിയ ഒരു സ്വാസ്ഥ്യത്തില്‍ നിന്നാണ് അത് പൂര്‍ത്തിയാക്കാനായത്. ആ പത്തു വര്‍ഷങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞത്. അത് ഒരിക്കലും ഒരു നോവലായി മാറില്ല എന്നു കരുതി. ആ കൃതിയുടെ വരവില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. മാത്രമല്ല, ഞാന്‍ ഇതുവരെ എഴുതിയ കൃതികളില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു വര്‍ക്കായി അത് മാറി.
ഒരു കൃതിയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചുകഴിഞ്ഞാല്‍ അതിനേക്കാള്‍ മികച്ചതാവണം വായനക്കാര്‍ക്ക് നല്‍കേണ്ടത് എന്നുകരുതുന്നതുകൊണ്ടോ വായനക്കാരുടെ ഓഡിറ്റിങ് എങ്ങനെയാകുമെന്നുള്ള ആശങ്ക കൊണ്ടോ രചനകള്‍ വൈകാറുണ്ടോ?
എനിക്ക് അങ്ങനെ ഒരു പേടിയില്ല. കാരണം വായനക്കാരെ തൃപ്തിപ്പെടുത്തുക എന്നത് എന്റെ അജണ്ടയല്ല. എന്നെ സംബന്ധിച്ചടത്തോളം എന്നെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ഞാന്‍ എഴുതിയ മൂന്നു നോവലുകള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ അളവുകോല്‍ നല്ലതാണ്. വായനക്കാരുടെ ഇഷ്ടം മാത്രം നോക്കിയാല്‍ ഇവിടെ പോപ്പുലര്‍ സാഹിത്യം മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നത് പോപ്പുലര്‍ സാഹിത്യമാണ്. സിനിമകളുടെ കാര്യം തന്നെ എടുക്കാം. കമേഴ്സ്യല്‍ സിനിമകളാണ് ആളുകള്‍ക്ക് കൂടുതലിഷ്ടം. ആളുകളുടെ ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കേണ്ട ഒരാളല്ല മുന്നാലെ സഞ്ചരിക്കേണ്ട ഒരാളാണ് എഴുത്തുകാരന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചരിത്രത്തിന് പിന്നാലെ നടക്കേണ്ടയാളല്ല, മറിച്ച് ചരിത്രം സൃഷ്ടിക്കേണ്ടയാളാണ് എഴുത്തുകാരന്‍.
സിനിമയെഴുത്തില്‍ സന്തോഷം കണ്ടെത്താറുണ്ടോ"
സിനിമ കാണുന്നതാണ് എനിക്കു സന്തോഷം. സിനിമ എഴുതുമ്പോള്‍ പ്രതിഫലം കിട്ടും. ആ ഒരു സന്തോഷം മാത്രമേ സിനിമ എനിക്കു തരാറുള്ളൂ.
Content Highlights: pf mathews, malayalam author, screenplay writer, interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..