Asma Azaizeh
ഇറ്റ്‌ഫോക്ക് 2023ൽ അവതരണത്തിനെത്തിയ അറബ് സാഹിത്യകാരി അസ്മ അസെയ്‌സെഹ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖം. നിലനിൽപും പ്രതിരോധവും അതിജീവനവും ഭാഷയാണ് എന്ന നിലപാടിൽ ഉറച്ച് നിന്ന് മനുഷ്യാവസ്ഥയെ, ദേശാവസ്ഥയെ എഴുതുകയാണ് അസ്മ. യുദ്ധത്തിൽ നശിച്ച തലമുറകൾക്കായാണ് തന്റെ എഴുത്തെന്ന് പ്രഖ്യാപിക്കുന്നു അസ്മ.
1985ൽ ഇസ്രായേലിലെ ലോവർ ഗലീലിയിൽ ദബൂരിയ എന്ന ഗ്രാമത്തിലാണ് അസ്മ അസെയ്‌സെഹ് ജനിച്ചത്. പതിനെട്ടുവയസ്സുള്ളപ്പോൾ അടുത്തുള്ള തുറമുഖ നഗരമായ ഹൈഫയിലേക്ക് മാറി. അതോടെ സ്വന്തം ഗ്രാമത്തിലെ മലകളും താഴ്‌വരകളും വയലുകളും ബദാം, ഒലിവ് മരങ്ങളും അവൾക്ക് നഷ്ടമായി. പക്ഷേ, അവൾ ഹൈഫയിൽ സ്വന്തം ആത്മത്തെ കണ്ടെത്തി. പിന്നീട് കവിയും പത്രപ്രവർത്തകയും ആയി മാറി അസ്മ. 90കളുടെ അവസാനത്തിൽ സ്ഥാപിതമായ ഫത്തൂഷ് എന്ന കഫേ അസ്മയുടെ കേന്ദ്രമാകുകയായിരുന്നു. നീണ്ട ചർച്ചകളും കവിതാവായനകളും അവിടത്തെ പ്രത്യേകതയാണ്. അസ്മ ഇപ്പോൾ ഫത്തൂഷിന്റെ ക്യൂരേറ്ററാണ്. സംഗീതാവതരണങ്ങൾ, കവിതാവായനകൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു, കഴിഞ്ഞ വർഷം മുതൽ ഒരു പുസ്തകശാലയും ഗാലറിയും ആരംഭിച്ചു. 2023 കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തിൽ (ITFOK) Don't believe me if I talk to you Of war എന്നപേരിൽ അസ്മയുടെ കവിതകളുടെ അവതരണമുണ്ടായിരുന്നു. മൂർച്ചയുള്ള ബിംബങ്ങളും രൂപകങ്ങളുംകൊണ്ട് തീവ്രമായ പ്രതിരോധസ്വഭാവമാണ് അസ്മയുടെ കവിതകൾക്കും അവതരണങ്ങൾക്കും.
എന്താണ് അസ്മ അസെയ്‌സെഹിന് കവിത, എന്താണ് ഭാഷ? അന്താരാഷ്ട്ര നാടകോത്സവവേദിയിൽ അവതരിപ്പിച്ച Don't believe me if I talk to you Of war എന്ന പേരിൽ അരങ്ങേറിയ അവതരണ കവിതകളുടെ പശ്ചാത്തലം എന്താണ്?
അസ്മ അസെയ്‌സെഹ്: ഞാൻ അറബിയിലാണ് എഴുതുന്നത്. സവിശേഷമായ ഭാഷയാണ് അറബി, അതിൽ വിവിധ ജനസമൂഹങ്ങൾ ഉണ്ട്. സിറിയനും ലെബനനും പലസ്തീനും മറ്റേതൊക്കെ ഇടങ്ങളുണ്ടോ അവയെല്ലാം കലർന്ന ഒരു വികാരമാണ് എന്റെ ഭാഷ. ഒരു വാക്കിന് അമ്പതിലേറെ പര്യായങ്ങളുള്ള ഭാഷയാണിത്. എന്റെ നിലനിൽപ്പും പ്രതിരോധവും അതിജീവനവും ഈ ഭാഷയാണ്. മാന്ത്രികമായ അനുഭൂതി എന്റെ ഭാഷയ്ക്കുണ്ട്. അഡോണിസ് പറയുന്നുണ്ടല്ലോ ''നിരന്തരം എന്നെ പുറത്താക്കുന്ന ഭാഷയിലാണ് ഞാൻ എഴുതുന്നത്''എന്ന്! എന്റെ ഭാഷ എന്നെ പുറത്താക്കുന്നില്ല, എന്നെ ചേർത്ത് പിടിക്കുകയാണ്. മറ്റൊരുഭാഷയിൽ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പലസ്തീനിയൻ കവി എന്നല്ല, അറബ് കവി എന്നറിയപ്പെടാനാണ് എനിക്കിഷ്ടം. കവിതയിൽ ജീവിക്കുന്ന ഒരുവൾക്ക് ഭാഷ, വാക്ക്, എന്നതിൽ ഉപരിയായി അർഥത്തെ സംവേദനംചെയ്യാൻ സംഗീതവും ശബ്ദവും കാഴ്ചയും കൂടി വേണമെന്ന തീവ്രമായ ആഗ്രഹമാണ് അവതരണ കവിതകളിലേക്ക് ഞാൻ പ്രവേശിക്കുന്നതിന്റെ വേരുകൾ... മറ്റൊരുതരത്തിൽ നിറയെ ഇലകളുള്ള മരത്തിലേക്ക് ഓരോ ഇലയുടെയും തുമ്പുപിടിച്ച് കയറുംപോലെ...
അസ്മയുടെ കവിത ഭാഷ എന്നതിൽക്കവിഞ്ഞ്, അർഥം എന്നതിൽ കവിഞ്ഞ് അവതരണത്തിലേക്ക് പടർന്നത് എന്തുകൊണ്ടാണ്? വാക്കിന്റെ അവതരണാത്മകത എത്തരത്തിലാണ് അസ്മയുടെ കവിതകളെ മുന്നോട്ട് നയിക്കുന്നത്? ''നിങ്ങളുടെ മരണത്തിൽ ഏതുഭാഷയിലാണ് ഞാൻ കരയേണ്ടത്?''എന്ന് 'I am but one word' എന്ന കവിതയിൽ എഴുതുന്നുണ്ടല്ലോ. എങ്ങനെയാണ് കവിതയുടെ തിയറ്ററിക്കൽ അംശത്തെ അസ്മ കണ്ടെത്തിയത്?
ഭാഷയായാലും മൗനമായാലും അവതരണത്തിന്റെ സാധ്യതകൾ അതിന്റെ അർഥവ്യാപനത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കനപ്പെടുത്തും എന്ന് തോന്നുന്നു. ഏതൊരുപരമ്പരയിലും വാമൊഴിയുടെ ഒരു ഊർജമുണ്ടാകും. കേൾവിയും കാഴ്ചയുമാണ് വാമൊഴി ഉത്തേജിപ്പിക്കുക.
കവിതയെയും പുസ്തകങ്ങളെയും സ്‌നേഹിച്ചിരുന്ന ഒരു കർഷകനായിരുന്നു എന്റെ പിതാവ്. അദ്ദേഹം കവിതചൊല്ലുന്നത് കേട്ടാണ് ഞാൻ വളർന്നത്. ശബ്ദത്തോടൊപ്പം ചലിക്കുന്ന അർഥത്തെ ഞാൻ കണ്ടെത്തിയത് അങ്ങനെയാണ്. കവിത അവതരിപ്പിക്കുക എന്നത് വേറിട്ട അനുഭവമാണ്. അതിന് കൂടുതൽ തലങ്ങളെ എത്തിപ്പിടിക്കാനാകും. വാക്കുകൾക്ക് കേൾവിയും കാഴ്ചയും സംയോജിക്കുന്ന ഒരിടമാണ് അത്. അവിടെ വിരാമങ്ങൾക്കും അർധവിരാമങ്ങൾക്കുംവരെ പുതിയ അർഥം സാധ്യമാണ്. എന്റെ ദേശത്തിന്റെ പിന്തുടർച്ചകളാണ് എന്റെ കവിതകൾ. അവിടെ സ്‌നേഹവും പ്രണയവും പാരസ്പര്യവും കൂട്ടക്കൊലകളും യുദ്ധങ്ങളുമുണ്ട്. ഒരു വാക്കിനെക്കാൾ ആ വാക്കിന്റെ അനുഭവത്തെ നിങ്ങൾക്ക് ചേർത്ത് വയ്ക്കാനാകും എന്ന ചിന്തയാണ് പെർഫോർമിങ് പോയട്രി എന്ന ചിന്തയിലേക്ക് വന്നത്. എന്റെത് വാക്കും ദൃശ്യവും ശബ്ദവും കലർന്ന കവിതാവതരണമാണ്. അത് തിയറ്ററിക്കൽ ആണ്. പക്ഷേ, ഞാൻ ഒരു തീയേറ്റർ പേഴ്‌സൺ അല്ല.
അസ്മയുടെ കവിതകളിൽ 'ഇടം' ഒരു പ്രധാന ഘടകമാണല്ലോ. ഇടമെന്നത് ചിലപ്പോൾ വ്യക്തിപരവും മറ്റുചിലപ്പോൾ ദേശപരവും മറ്റുചിലപ്പോൾ സ്വപ്നാത്മകവും രാഷ്ട്രീയവും ആകുന്നു. എങ്ങനെയാണ് ഈ ചിതറലുകളെ ഒരുമിച്ചുകെട്ടുന്നത്?
ജീവിതത്തിന്റെ ഭൂരിഭാഗവും പലസ്തീനിൽ ജീവിച്ച ഒരാളാണ് ഞാൻ. പക്ഷേ, എന്റെ കവിതകളുമായി ഞാൻ ലോകം ചുറ്റിക്കൊണ്ടേയിരുന്നു. പുരാതനമായ ഒരുദേശത്ത് ഏറ്റവും പുതുതലമുറയിലെ ഒരു പെണ്ണായി നിലനിൽക്കുക എന്നതിന്റെ വ്യാപ്തിയെപ്പറ്റി ഞാനാലോചിക്കാറുണ്ട്. ഞങ്ങളുടെ കലർന്നുപോയ ഓർമകളെക്കുറിച്ച്... വിശ്വാസങ്ങളെക്കുറിച്ച്... യഥാർഥ്യവും സ്വപ്നങ്ങളും തമ്മിലുള്ള വലിയ വിടവുകളെക്കുറിച്ച്... ഭൂതകാലവുമായി ബന്ധം വളരെ വ്യക്തി എന്ന നിലയിൽ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷേ, അതിൽ ഞാൻ പൂർണമായി തൃപ്തയാണെന്ന് പറയാനാവില്ല.
പലസ്തീൻ, അറബ് അന്തരീക്ഷങ്ങൾ...അവിടത്തെ രാഷ്ട്രീയം...സംഘർഷങ്ങൾ....ഇതെല്ലാം ഒരു പെർഫോമർ എന്ന നിലയിൽ അസ്മയെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? കല, പ്രതിബദ്ധത, രാഷ്ട്രീയം ഇവ വേർതിരിക്കാനുള്ള സമ്മർദങ്ങൾ ഉണ്ടാകാറുണ്ടോ?
വ്യക്തിയുടെയോ കലാകാരന്മാരുടെയോ സംഘർഷങ്ങളെ സ്റ്റേറ്റിനു പരിഹരിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യഥാർഥത്തിൽ, മനുഷ്യനെന്നനിലയിൽ എന്റെ ആദ്യകൺസേൺ മുഴുവൻ ചരിത്രപരമായ പലസ്തീനാണ്. ഞാൻ ഇപ്പോഴും ഈ പദം ഉപയോഗിക്കുന്നു. അറുപതുവർഷം മുൻപ് പലസ്തീൻ ആയിരുന്നതുകൊണ്ടാണ് ഞാൻ ചരിത്രപരമായ പലസ്തീൻ എന്നുപറയുന്നത്. എനിക്കതെല്ലാം തിരികെവേണമെന്നുപറയുന്ന മനുഷ്യശബ്ദത്തെയാണ് ഞാൻ കാണുന്നത്. ആ ശബ്ദം എന്താണർഥമാക്കുന്നത്, അത് എങ്ങനെയാണ് വിവർത്തനം ചെയ്യുന്നത്? എനിക്കറിയില്ല. ആ ചിന്തയിൽ ഭാഷയോ മറ്റെന്തുമോ എന്നെ ബാധിക്കുന്നില്ല. നിന്റെ മരണത്തിൽ ഞാൻ ഏതുഭാഷയിലാണ് കരയുക എന്നൊക്കെ എഴുതുന്നത് അപ്പോഴാണ്. ഇതൊരു പ്രത്യയശാസ്ത്രമാണ്, അതൊരു വിശ്വാസവുമാണ്. ഈ പ്രത്യയശാസ്ത്രത്തെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വേരോടെയുള്ള അവസ്ഥയിൽ അതിന്റെ യഥാർഥ സത്ത നഷ്ടപ്പെടുകയാണ്. അവിടെ അധികാരം, ദുര, സ്വാർഥത എന്നിങ്ങനെയുള്ളവയെല്ലാം കടന്നുവരുന്നു. നമ്മുടെ വേരുകൾ ദുർബലമാണെന്ന് തോന്നിക്കുന്ന ഒരവസ്ഥ സംജാതമാകുന്നു. എന്റെ പ്രത്യയശാസ്ത്രം എനിക്കെതിരാണെന്ന് ചിന്തിക്കാൻ തുടങ്ങുന്ന ഒരവസ്ഥയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തുന്നു. അതിനാൽ ഞാൻ അതിനായി പോരാടുകയാണോ അതോ സമരസപ്പെടുകയാണോ എന്നൊരു സംഘർഷമുണ്ടാകുന്നു. ഇതിനെതിരേ വാക്കുകൾ മാത്രം പോരാ, എനിക്ക് ശബ്ദവും ദൃശ്യവും അനുഭവവുംകൂടി വേണം. എന്നിൽത്തന്നെയുള്ള വിടവുകളിലേക്കാണ് കവിതയെന്ന മരുന്ന് ഒഴിക്കുന്നത്.
അറബ് കവികൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഈ സംഘർഷംതന്നെയല്ലേ? ദാർവിഷിന്റെ കവിതകളിൽ ''ഞാൻ അവിടെയും ഇവിടെയും ജീവിക്കുന്നു. പക്ഷേ, ഞാൻ അവിടത്തുകാരനുമല്ല, ഇവിടത്തുകാരനുമല്ല'' എന്നെഴുതുന്നുണ്ടല്ലോ. അസ്മയിൽ ഈ പ്രശ്‌നം എത്തരത്തിലാണ് അനുഭവപ്പെടുന്നത്?
പ്രത്യയശാസ്ത്രവും ജീവിതവും തമ്മിലുള്ള വ്യത്യാസം അറബിയിലെഴുതുന്ന പല കവികളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. കാരണം, ഭാഷയും സാഹിത്യവും തമ്മിൽ ബന്ധപ്പെട്ടിരിക്കുമ്പോൾത്തന്നെ ഞങ്ങൾക്കിടയിലെ അനുഭവങ്ങൾ വളരെ വ്യത്യസ്തമാണ്. ''ലിബിയയിലും സിറിയയിലും സംഭവിച്ച പ്രശ്‌നങ്ങൾ ബാധിച്ചവർ ചിലർ അന്യദേശങ്ങളിലിരുന്ന് ഓർമ്മയിൽനിന്നെഴുതുന്നു. നാടുകടത്തപ്പെട്ടവർ എഴുതിയ കവിതകൾ ശക്തമാണ്. കാരണം, നമുക്കൊരു ഭാഷയുണ്ട്. ഒരിടത്ത് എന്തെങ്കിലും സംഭവിച്ചാൽ, തീർച്ചയായും മറ്റൊരിടത്തുനിന്ന് അതിന്റെ പ്രതികരണം കേൾക്കാം. ഇതൊരു നൈരന്തര്യമാണ്. ഗാസ, മൊറോക്കോ, പലസ്തീൻ, സിറിയ, ലെബനൻ അങ്ങനെ അതിരുകൾ നീളുകയാണ്.
സമകാലിക അറബ് അവതരണങ്ങൾ, കവിതകൾ, സിനിമകൾ എല്ലാംതന്നെ പ്രതിരോധസ്വഭാവം പുലർത്തുന്നുണ്ട്. അഡോണിസ്, നാജി, അമിന സൈദ്, നദേയൻലബക്കി... ഇവരെല്ലാവരുംതന്നെ രക്തരൂഷിതമായ വർത്തമാനത്തെ പ്രതിരോധാത്മകമായി കാണുന്നു. മനുഷ്യൻ എന്നനിലയിലെ അരക്ഷിതാവസ്ഥകൾ, അവ്യവസ്ഥിതങ്ങൾ, നിലവിളികൾ...
I didn't believe I would ever learn to die
I wasn't around when death was for free
എന്നാണല്ലോ അസ്മ എഴുതുന്നത്. ഇറ്റ്‌ഫോക്കിൽ അവതരിപ്പിച്ച കവിതകളിൽ ഈ ചരിത്രം ഇടപെടുന്നത് എങ്ങനെ?
ചരിത്രപരമായി, അറബ് കവിതയുടെ ഒരു ധാര പ്രതിരോധത്തിന്റെതാണ്. ഞാൻ നിലവിളി, കരച്ചിൽ, മുറിവ് എന്നൊക്കെ പറയുമ്പോൾ ഈ ചരിത്രം എന്നിൽനിന്ന് ഉയർന്നുനിൽക്കുന്നുണ്ട്. ഓരോ അറബ് വ്യക്തിയിലും ഇതുണ്ടാകും. ഓരോ ചലനത്തിലും രാഷ്ട്രീയം വെളിപ്പെടുന്നു. നിലനിൽക്കുകയെന്നതുമാത്രമാണ് ലക്ഷ്യം. ആൾക്കൂട്ടങ്ങളും അരങ്ങും കലഹ ഇടങ്ങളായും അവതരണ ഇടങ്ങളായും മാറുന്നു. പ്രകടനങ്ങളും വിളിച്ചുപറച്ചിലുകളും പ്രഖ്യാപനങ്ങളും അവതരണങ്ങൾതന്നെയാണ്. ശ്വാസം വലിക്കാൻ നിലനിൽക്കാനുള്ള വീർപ്പുമുട്ടലുകൾ. മരണത്തെ നമ്മൾ പിടിച്ചെടുക്കുകയല്ല, അത് യാദൃച്ഛികമായി നമ്മളിലേക്ക് വരുന്നുവെന്നുമാത്രം.
കൊല്ലപ്പെടുകയെന്നത് നമ്മുടെ തിരഞ്ഞെടുപ്പല്ലല്ലോ! അരക്ഷിതമായ അവസ്ഥകളെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ടിരുന്നാൽ അതിനെ മറികടക്കാനാവില്ല, മറിച്ച് അതിനെ അതിജീവിക്കാനുള്ള പ്രതീക്ഷകളാണ് എന്റെ കവിതാവതരണങ്ങളെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. രക്തച്ചൊരിച്ചിലുകളോ കൂട്ടക്കൊലകളോ ഞാൻ കണ്ടിട്ടില്ല. പക്ഷേ, അത്തരം ഓർമ്മകളിൽ ജീവിതം കുടുങ്ങിപ്പോയവരുമുണ്ട്. എന്റെ എഴുത്ത്, അവതരണം, ശബ്ദം, ദൃശ്യം എല്ലാം അവർക്കുകൂടി വേണ്ടിയാണ്.
സമകാലിക അറബ് ലോകം അസ്മയുടെ അവതരണകവിതകളെ എത്തരത്തിലാണ് ഉൾക്കൊള്ളുന്നത്? പ്രത്യേകിച്ച് അഭയാർഥികളുടെ പ്രശ്‌നങ്ങൾ, വംശീയപ്രശ്‌നങ്ങൾ, രാഷ്ട്രീയ ഉപരോധങ്ങൾ, പുറത്താക്കലുകൾ... ഇതിനിടയിൽ എഴുത്ത് എത്തരത്തിൽ അസ്മയെ നിലനിർത്തുന്നു?
സമകാലിക അറബ് കവിതകൾ, അതിന്റെ രൂപത്തിലും ഭാവത്തിലും ആവിഷ്‌കാരത്തിലും അറബ് ക്ലാസിക്കൽ രൂപത്തിൽനിന്നും ഘടനകളിൽനിന്നും ഏറെ വ്യത്യസ്തമാണ്. 6070 കാലഘട്ടമെന്നത് അതിക്രൂരമായ മനുഷ്യഹത്യയുടെയും മൈനുകളുടെയും ബോംബുകളുടെയും കാലമായിരുന്നു. പുതിയ തലമുറയിലെ മിക്ക കവികളും വാചാലതയെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. വാചാലത ജലത്തിൽ വരച്ച രേഖപോലെയാണ്. പ്രതികരണം മാത്രമായിമാറിയിരുന്നു കവിത ചില ഇടങ്ങളിൽ. അറബ് കവിതയിൽ സ്വന്തമായ പ്രയത്‌നംകൊണ്ട് കടന്നുവന്ന ഒരാളാണ് ഞാൻ. പരമ്പരകളില്ലാത്തതിന്റെ, സഹനങ്ങളില്ലാത്തതിന്റെ പ്രയാസം ഏറെ അനുഭവിച്ചിട്ടുണ്ട്.
1948ൽ ഉണ്ടായിരുന്ന ഒരുപരോധത്തെക്കുറിച്ച് കേട്ടറിവുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, പതുക്കെ എന്റെ കവിതകൾ അറബ് ലോകം ഏറ്റുവാങ്ങിയെന്നുപറയാം. പക്ഷേ, ഒരു വാക്കിനെക്കാൾ ഒരു ദൃശ്യത്തിന് കൂടുതലായി സംവദിക്കാൻ കഴിഞ്ഞാൽ അതാണ് ആ കലാകൃതിയുടെ ഏറ്റവും വലിയ ധർമം എന്നുപറയാം. നിങ്ങൾ സൂചിപ്പിച്ച പ്രശ്‌നങ്ങൾ അവിടെ നടക്കുന്ന യാഥാർഥ്യങ്ങളാണ്. പക്ഷേ, അത് കലയിലേക്ക് കടക്കാനുള്ള എളുപ്പവഴിയല്ല. ഞാൻ വാക്കിലും ദൃശ്യത്തിലും ശബ്ദത്തിലും വിശ്വസിക്കുന്നു. ഓർമ്മയിലേക്ക് എന്റെ പിതൃക്കളുടെ ഓർമ്മകളുംകൂടി കലരുമ്പോഴാണ് എന്റെ കവിതകൾ സംഭവിക്കുന്നത്. ഒരു അഭയാർഥിയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ നിങ്ങൾക്കവകാശമുണ്ടെന്നല്ല അർഥം. അത്തരത്തിലുള്ള നീക്കങ്ങളെ വിലയിരുത്താൻ അസ്മ എന്ന കവി ആരുമല്ല. ലോകത്തിനു തിരഞ്ഞെടുപ്പുകൾക്ക് അവകാശമുണ്ടല്ലോ!
യുദ്ധം, ഭരണകൂടഭീകരത എന്നിവയെക്കുറിച്ച് മുഖദാവിൽ സൂചിപ്പിക്കുന്ന മറ്റു കവികളെക്കാൾ യുദ്ധത്തെയും പരിണതഫലങ്ങളെയും അനുഭവിപ്പിക്കുന്ന കവിതകളും അവസ്ഥകളുമാണ് അസ്മയുടെ കവിതയിൽ. ഇറ്റ്‌ഫോക്കിൽ അവതരിപ്പിച്ച ആദ്യകവിത മുതൽ അത്തരത്തിലുള്ള പ്രതിബദ്ധത അനുഭവപ്പെടുത്തുന്ന കവിതകളായിരുന്നു. ''നിലവിളിയുടെ സംഗീതത്തിൽ എനിക്കൊരുകുഞ്ഞിനെപ്പോലെ ഉറങ്ങാൻ കഴിഞ്ഞു. വെടിയുണ്ടകൾ പെരുമഴകൾ പോലെ എന്നിലേക്ക്‌പെയ്യുകയായിരുന്നു' എന്നാണല്ലോ അസ്മ യുദ്ധത്തെക്കുറിച്ച് പറഞ്ഞും കാണിച്ചും അനുഭവിപ്പിക്കുന്നത്
ശരിയാണ്, യുദ്ധം എന്നെ അലട്ടുന്നു. എന്നിട്ടും അതിനെക്കുറിച്ചെഴുതാൻ എനിക്ക് കഴിയുന്നില്ല. കാരണം, ഞാൻ ഒരുയുദ്ധവും അനുഭവിച്ചിട്ടില്ല. പ്രാവുകളെ ഓടിക്കാനായി പിതാവ് വെടിയുതിർക്കുന്നത്തിന്റെ ഒച്ചമാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. ഇതുഞാൻ പലയിടങ്ങളിൽ പറഞ്ഞതാണ്. എന്റെ ഓർമ്മയിലെ ആദ്യത്തെ ചോരയുടെ മണമെന്നത് എന്റെ ആദ്യ ആർത്തവസമയത്തിന്റെതാണ്. പിന്നീടൊരിക്കലും രക്തത്തിന്റെ ഗന്ധം അനുഭവിച്ചിട്ടില്ല. പക്ഷേ, എന്റെ ഉറക്കങ്ങളെ പേടിപ്പിച്ചുണർത്തുന്നത് യുദ്ധത്തെക്കുറിച്ചുള്ള ചിന്തകളാണ്, ആ അനുഭവം എനിക്ക് എഴുതിയാൽ മാത്രം പോരാ.
എന്റെ കണ്ണുകളിൽ അത് പ്രതിഫലിക്കുന്നുവെന്ന് എനിക്ക് നിങ്ങളെ അറിയിക്കണം. അരക്കെട്ടിനുപിന്നിൽ വെടിയുണ്ടയേറ്റ് ചോരയിൽ കുതിർന്നുകിടക്കുന്ന ഒരു സ്വപ്നം ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. അന്ന് എന്റെ ആദ്യപുസ്തകം പുറത്തിറങ്ങിയിട്ടില്ല. അനുഭവങ്ങൾ എന്റെതുമാത്രമാകണമെന്നില്ലല്ലോ. നിലവിളികൾ എന്റെതുതന്നെ ആകണമെന്നില്ലല്ലോ. Don't believe me If I talk about war എന്നത് പലകാലങ്ങളിൽ എഴുതിയ ഒരു കവിതയാണ്.
അതിന് അസ്മ എന്ന വ്യക്തിയുമായും അസ്മയുടെ കാലവുമായും ആഴങ്ങളിലേക്ക് നീളുന്ന അടുപ്പമുണ്ട്. പലസ്തീനിൽ ഇസ്രയേൽ പാസ്‌പോർട്ടുമായിട്ടാണ് എന്റെ ആവാസം. എന്റെ ആന്തരികതയിൽ നിരവധി യുദ്ധങ്ങൾ നിരന്തരം അരങ്ങേറുന്നുണ്ട്. എനിക്കവയെ അഭിസംബോധനചെയ്‌തേ മതിയാകൂ. പക്ഷേ, എന്റെ കാലത്ത് യുദ്ധം നശിപ്പിച്ച, യുദ്ധത്താൽ മുറിവേറ്റ, യുദ്ധത്തിൽ മരിച്ച ഒരുപാട് തലമുറകളുണ്ട്. അവരുടെ ശബ്ദം ഞാൻ കേൾക്കുന്നുണ്ട്. അവർക്കുവേണ്ടി എഴുതിയേമതിയാകൂ. യുദ്ധത്തിന്റെ ആഘാതമറിയാൻ അതിനകത്തേക്ക് പെട്ടുപോകണമെന്നില്ല. അറബ് നാടുകളിലെ അമ്മമ്മാർ നിലവിളിക്കുന്നത് ഒന്നു കണ്ണടച്ചാൽ എനിക്ക് കേൾക്കാം.
തൃശ്ശൂർ അന്താരാഷ്ട്ര നാടകോത്സവം തന്ന അനുഭവമെന്താണ്?
കവിതയെ സ്‌നേഹിക്കുന്ന ഒരുപാടാളുകൾ ഇവിടെയുണ്ടെന്ന് മനസ്സിലായി. കവിതയെ, കവിതാവതരണത്തെ ഗൗരവത്തോടെതന്നെയാണ് നിങ്ങൾ ഏറ്റുവാങ്ങിയത്. കവിത ഒരു യുദ്ധത്തിനുമുള്ള ഒരു പരിഹാരമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണല്ലോ നമ്മൾ കവിതയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്. അത് ഉറക്കെവിളിച്ചുപറയാതെതന്നെ മനസ്സിലാക്കുന്ന ആസ്വാദകരെ കാണാൻ സാധിച്ചുവെന്ന സന്തോഷം മാത്രം.
(മാര്‍ച്ച 12ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Interview with Asma Azaizeh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..