'സ്ത്രീ സെക്സ് എഴുതിയെന്നും പറഞ്ഞ് കുരിശില്‍ തറയ്ക്കുന്നത് വന്‍ബോറന്‍ പരിപാടിയാണ്'- ആന്‍ പാലി


ഷബിത

ഒരു സ്ത്രീയുടെ സെക്സ്ഭാഷ്യം അത് പുസ്തകരൂപത്തില്‍ വന്നാലും പുസ്തകത്തിലെ ഒരു സംഭവമായി വന്നാലും സ്ത്രീ തുറന്നുപറയാന്‍ തയ്യാറായാലും വായനാലോകത്ത് മാത്രമല്ല, ജീവിതപങ്കാളിയില്‍ നിന്നുവരെ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന കാലത്തുനിന്നും മലയാളികള്‍ മോചിതരായിട്ടില്ല.

ആൻ പാലി

ഹാസസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരി ആന്‍ പാലിയുമായുള്ള സംഭാഷണം.

ആന്‍ പാലി എന്ന പേര് ഇന്ന് മലയാളികള്‍ ചേര്‍ത്തുവെക്കുന്നത് ഹാസസാഹിത്യത്തോടാണ്. എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെയായിരുന്നു?എഴുത്തിലും സംസാരത്തിലും സ്ത്രീകള്‍ക്ക് ഹാസ്യഭാഷ വഴങ്ങില്ല എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് തെറ്റിദ്ധാരണയാണ്. കാരണം സ്ത്രീകള്‍ എപ്പോഴും ലൈറ്റര്‍ സൈഡ് തേടുന്നവരാണ്. സ്‌കൂളുകളില്‍ നിന്നായിരുന്നു എഴുത്തിന്റെ തുടക്കം. പിന്നെ കുറേക്കാലം ഗ്യാപ് വന്നു. ഫേസ്ബുക്ക് സജീവമായപ്പോഴാണ് എഴുത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എഴുത്തില്‍ വന്ന ഗ്യാപ് എനിക്കൊരിക്കലും നഷ്ടമായി തോന്നിയിട്ടില്ല. വീര്യംകൂടാന്‍ വെച്ച ഭരണിക്കകത്തെ മുന്തിരിവീഞ്ഞായിട്ടാണ് ഞാന്‍ ആ കാലത്തെ കാണുന്നത്.

ആന്‍ പാലിയുടെ വ്യക്തിജീവിതം, ജോലി, എഴുത്ത്...വിശദമാക്കാമോ?

പാലായാണ് സ്വദേശം. വര്‍ഷങ്ങളായി പല രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ലണ്ടനില്‍ ഒരു കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് ഓഫീസറാണ്. ഭര്‍ത്താവ് സന്തോഷ് പാലി. കുട്ടികള്‍ സാവന്‍ പാലി, സദ്ഗമയ സാന്‍ പാലി. എന്റേതുമാത്രം എന്നുപറയാവുന്ന കാര്യം എഴുത്ത് തന്നെയാണ്. എഴുത്തിനോട് എത്ര കണ്ട് നീതി പുലര്‍ത്താന്‍ പറ്റി എന്നതാണ് പ്രശ്‌നം. ജോലി, കുടുംബം മറ്റ് ഉത്തരവാദിത്തങ്ങള്‍ എല്ലാം കഴിഞ്ഞുള്ള സമയം മാത്രമേ എഴുത്തിനുള്ളൂ. എഴുത്തിനെ അത്രയധികം സ്‌നേഹിക്കുന്ന ആളെന്ന നിലയില്‍ ഒരല്പം സമയം എഴുത്തിന്, ആഴ്ചയിലൊരിക്കലെങ്കിലും മാറ്റിവെക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍.

ഹാസസാഹിത്യം എന്നത് ഒന്നു പാളിയാല്‍ നിലംപതിച്ചുപോകുന്ന ഒന്നാണ്. അക്ഷരങ്ങള്‍ കൊണ്ട് കരയിക്കുക എളുപ്പവും ചിരിപ്പിക്കുക എന്നത് കൂടുതല്‍ മെനക്കേടുള്ളതുമായ ഒന്ന്. നമ്മുടെ ചുറ്റുപാടിനെ നിരീക്ഷിക്കാന്‍ കണ്ണുകള്‍ അധികം വേണ്ട അവസ്ഥ. പറയേണ്ടതായ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്?

കൃത്യമായ തിരഞ്ഞെടുപ്പൊന്നും ഇല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നല്ലതായാലും ബുദ്ധിമുട്ടുള്ളതായാലും അല്പം തമാശയോടെ എടുത്താല്‍ എളുപ്പമാണ് എന്നാണ് എന്റെ അനുഭവം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സില്‍ കയറുന്നതുതന്നെ പറയാം. ഞങ്ങള്‍ കുട്ടികള്‍ കയറിയ ബസ്സ് ഇറങ്ങാന്‍ നേരത്ത് മിനിമം ഇരുപത് മീറ്റര്‍ മുന്നോട്ട് നിര്‍ത്തും. ഞങ്ങളെ തിരികെ കുറച്ച് നടത്തിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാവരും വിഷമിച്ചും പിറുപിറുത്തും നടക്കുമ്പോള്‍ ഞാന്‍ പറയും: 'നമ്മളോട് അഞ്ചു രൂപയുടെ ടിക്കറ്റ് വാങ്ങിച്ചിട്ട് ഏഴര രൂപയുടെ സ്റ്റോപ്പില്‍ കൊണ്ടുപോയിട്ടാണ് ഇറക്കുന്നത്. നഷ്ടം ആര്‍ക്കാണ്? അവര്‍ക്കല്ലേ, നമുക്കല്ലല്ലോ.' അങ്ങനെ പറയുമ്പോള്‍ തിരികെ നടക്കുന്നത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. ആരെങ്കിലും കബളിപ്പിച്ചു എന്നു തോന്നുമ്പോഴാണല്ലോ ആ സംഭവത്തില്‍ മാനസികമായും നമ്മള്‍ വിഷമിക്കുക. ബുദ്ധിമുട്ട് തോന്നുമ്പോള്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ അപ്ലൈ ചെയ്യുക എന്നത് എന്റെ സ്ഥിരം ഏര്‍പ്പാടാണ്.

എനിക്ക് സംഭവിച്ചിരിക്കുന്ന അബദ്ധങ്ങളോ മണ്ടത്തരങ്ങളോ പറയാന്‍ എനിക്കൊരു മടിയുമില്ല. നമ്മുടെ അനുഭവങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ആരെയും ഭയക്കേണ്ടതില്ല. മറ്റൊരാളെക്കുറിച്ച് പറയുമ്പോള്‍ കാര്യം അങ്ങനെയല്ല. അവര്‍ക്ക് ഫീല്‍ ചെയ്യും. നമ്മുടെയടുക്കല്‍ പരിഭവം പറയുന്ന സാഹചര്യം ഉണ്ടാവും. ഇതൊക്കെ ഒഴിവാക്കാന്‍ നല്ലത് നമ്മളെത്തന്നെയങ്ങ് പ്രതിയാക്കുന്നതാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'അ ഫോര്‍ അന്നാമ്മ' എന്ന പുസ്തകത്തിനു പിന്നിലെ പ്രചോദനം എന്തായിരുന്നു?

ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരമാണ് 'അ ഫോര്‍ അന്നാമ്മ.' ഞാന്‍ എഴുതിയ കുറിപ്പുകളില്‍ നിന്നും ആളുകള്‍ ഏറ്റവും കൂടുതല്‍ വായിച്ച, പ്രതികരിച്ച, പിന്നീട് കാണുമ്പോള്‍ ഓര്‍ത്തുവെച്ച് എന്നോട് പറഞ്ഞ ലേഖനങ്ങള്‍ സമാഹരിച്ചാണ് അ ഫോര്‍ അന്നാമ്മ എന്ന പുസ്തകം ഇറക്കിയത്. പ്രസാധകര്‍ സഹകരിച്ചു എന്നത് വലിയ പ്രോത്സാഹനം തന്നു.

കൃത്യമായി വളരെ അച്ചടക്കത്തോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് എത്രയാഗ്രഹിച്ചാലും പ്രാവര്‍ത്തികമാക്കാത്ത ഒരാളാണ് ഞാന്‍. അന്നാമ്മ എന്ന പേര് ചെറുപ്പത്തില്‍ വിളിക്കുമ്പോള്‍ എനിക്ക് വലിയ നിരാശയായിരുന്നു. കുട്ടിയായ എനിക്കെന്തിനാണ് ഇത്രയും വലിയൊരു അമ്മച്ചിപ്പേര് എന്നോര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ നാട്ടുകാര്‍ അന്നാമ്മയെന്ന് വിളിച്ചുപോരുകയും ഞാന്‍ നിസ്സഹായയായി വിളി കേട്ടുപോരുകയും ചെയ്ത ബാല്യകാലം. അന്നാമ്മയായിട്ടാണ് എന്റെ തുടക്കം. രേഖകളില്‍ ആന്‍ എന്ന പേരായിരുന്നുവെങ്കിലും അന്നാമ്മയില്‍ നിന്നാണ് ഞാന്‍ ആല്‍ പാലിയായത്. എഴുത്തിന്റെ തുടക്കവും അനുഭവങ്ങളും അന്നാമ്മയുടേതായിരുന്നു. അതുകൊണ്ട് 'അ ഫോര്‍ അന്നാമ്മ' എന്നുതന്നെയാവട്ടെ ആദ്യത്തെ പുസ്തകത്തിന്റെ പേര് എന്ന് കരുതി.

യാത്രകളാണ് ആന്‍പാലിയുടെ ജീവിതത്തിലെ മറ്റൊരു സൗഭാഗ്യം.

ലോകത്തെക്കുറിച്ച് ഏതാണ്ടൊരു രൂപം കിട്ടിയ കാലം തൊട്ടേ യാത്രകള്‍ എന്റെ ജീവനാണ്. ആ ഇഷ്ടത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല. യാത്ര, സിനിമ, വായന ഈ മൂന്നു കാര്യങ്ങളാണ് ഏറെ ഇഷ്ടം. യാത്ര ചെയ്യാന്‍ പറ്റാത്ത എന്റെ കാലം എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമാണ്. കോവിഡ് കാലത്ത് ഞങ്ങള്‍ ഖത്തറിലായിരുന്നു. വൈകുന്നേരങ്ങളില്‍ നടക്കാനെങ്കിലും പോയാല്‍ മതിയായിരുന്നു എന്നുചിന്തിച്ചിട്ടുണ്ട്. ജോലി സംബന്ധമായി പലപലയിടങ്ങളില്‍ ജീവിക്കേണ്ടി വന്നിട്ടുണ്ട്. ആ യാത്രകള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചവയാണ്. ജോലി സംബന്ധമായ യാത്രകള്‍ മടുക്കാതിരിക്കാന്‍ ഞാന്‍ എന്നെത്തന്നെ പരിശീലിപ്പിക്കാറുണ്ട്. കുറേ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു. ഇനിയും കുറേ രാജ്യങ്ങള്‍ കാണാനുണ്ട്. ഒരു രാജ്യം സന്ദര്‍ശിക്കുക എന്നതല്ല യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. ചില പ്രത്യേക സ്ഥലങ്ങള്‍, സംസ്‌കാരങ്ങള്‍, ജീവിതശൈലികള്‍...അങ്ങനെ കുറേയേറെ പഠിക്കാനുണ്ടാവും. ഒരു സെല്‍ഫിയെടുക്കാനോ റീല്‍സ് ചെയ്യാനോ ഞാന്‍ യാത്ര ചെയ്യാറില്ല. എവിടെപ്പോയാലും അവിടത്തെ സാധാരണക്കാരായ ജനങ്ങളെ കാണാനും സംസാരിക്കാനും ശ്രമിക്കാറുണ്ട്. യാത്രാവിവരണം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് ഇനിയും എഴുതാനുണ്ട്.

മലയാളം ഇന്ന് ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് രണ്ട് പ്രസ്താവനകളാണ്. ഒന്നാമതായി തന്നെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നില്ല എന്ന് എം.ടി. രണ്ടാമതായി, സ്ത്രീകള്‍ സെക്സ് എഴുതിയാല്‍ എളുപ്പം വിറ്റുപോകുമെന്നും പേരിന് മുമ്പില്‍ സിസ്റ്റര്‍ എന്നുകൂടി ഉണ്ടെങ്കില്‍ കൂടുതല്‍ കോപ്പികള്‍ ചെലവാകുമെന്നുള്ള ടി. പത്മനാഭന്റെ പ്രസ്താവന. ആന്‍ പാലി എങ്ങനെയാണ് ഈ പ്രസ്താവനകളെ നോക്കിക്കാണുന്നത്?

എം.ടിയുടെ പ്രസ്താവന ഒരു വായനക്കാരന്റെ സ്വാതന്ത്ര്യമാണ്. പുസ്തകത്തിലെ ഓരോ വരി വായിക്കുമ്പോഴും നമ്മളില്‍ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള എല്ലാ പ്രയാണങ്ങളും പൂര്‍ത്തിയാക്കിയ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ എന്തു വായിക്കണം, എന്തു വായിക്കണ്ട, ഏതു പുസ്തകം വായിക്കാതെ മടക്കിവെക്കണം എന്നെല്ലാമുള്ളത് അദ്ദേഹത്തിന്റെ ചോയ്സ് ആണ്. അതേസമയം, വ്യക്തിപരമായി പറയട്ടെ, മലയാളത്തിലെ ഇപ്പോഴത്തെ എഴുത്തുകാരില്‍ എനിക്ക്‌ നല്ല വിശ്വാസമുണ്ട്. കഴിഞ്ഞ അഞ്ചു റ്വര്‍ഷത്തിനിടെ എത്രമാത്രം സര്‍ഗാത്മകമായ രചനകളാണ് മലയാളത്തില്‍ വന്നിട്ടുള്ളത്! മുമ്പെല്ലാം വളരെക്കുറച്ചു പേര്‍ക്ക് മാത്രം അനുഭവിക്കാവുന്ന ഒന്നായിരുന്നു എഴുത്ത്. ന്യൂ മീഡിയ വന്നപ്പോള്‍, സോഷ്യല്‍ മീഡിയ സജീവമായപ്പോള്‍ ആളുകള്‍ ആഗ്രഹത്തോടെ മാറ്റിവെച്ചിരുന്ന എഴുത്തുലോകം എന്നുപറയുന്ന സംഭവം യാഥാര്‍ഥ്യമായി. പത്രത്തിലോ മാസികയിലോ അച്ചടിച്ചുവരാന്‍ കാത്തിരിക്കുന്ന ലോകമൊന്നുമല്ല ഇപ്പോള്‍. ആളുകള്‍ക്ക് ഇഷ്ടമുള്ള എഴുത്താണെങ്കില്‍ അത് വളരെപ്പെട്ടെന്ന തന്നെ സ്വീകരിക്കപ്പെടുന്നുണ്ട്. കാലം മാറി, എഴുതുന്ന രീതി മാറി, എഴുത്ത് മാറി. അപ്പോള്‍ തീര്‍ച്ചയായും വായനക്കാര്‍ക്കും ആ മാറ്റങ്ങള്‍ ഉണ്ടാവും. അത്രയും ലബ്ധപ്രതിഷ്ഠനായ എം.ടിയെപ്പോലുള്ള ഒരാളുടെ വായനാരീതി മാറ്റണം എന്ന് നമ്മള്‍ക്ക് ശഠിക്കാന്‍ പറ്റില്ല.

ടി. പത്മനാഭനിലേക്ക് വരാം. സ്ത്രീകള്‍ സെക്സ് എഴുതിയാല്‍ എന്താണ് കുഴപ്പം? വാത്സ്യായന മഹര്‍ഷി കാമസൂത്രം എഴുതി ലോകം മുഴുവന്‍ ഇന്ത്യയുടെ ഏറ്റവും നല്ല സെക്സ് റഫറന്‍സ് ഗ്രന്ഥമായി കണക്കാക്കി കൊണ്ടാടിയില്ലേ? എന്നുവെച്ചിട്ട് വാത്സ്യായന മഹര്‍ഷി ആള് മോശക്കാരനാണെന്ന് ആരെങ്കിലും ഇന്നേവരെ പറഞ്ഞിട്ടുണ്ടോ? ഒരു സ്ത്രീയുടെ സെക്സ്ഭാഷ്യം അത് പുസ്തകരൂപത്തില്‍ വന്നാലും പുസ്തകത്തിലെ ഒരു സംഭവമായി വന്നാലും സ്ത്രീ തുറന്നുപറയാന്‍ തയ്യാറായാലും വായനാലോകത്ത് മാത്രമല്ല, ജീവിതപങ്കാളിയില്‍ നിന്നുവരെ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന കാലത്തുനിന്നും മലയാളികള്‍ മോചിതരായിട്ടില്ല. കപടസദാചാരവാദമാണിത്. സ്ത്രീ സെക്സ് എഴുതണമോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. അങ്ങനെ എഴുതുന്ന പുസ്തകങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടോ ഇല്ലയോ എന്നും അതനുസരിച്ച് എഴുതണോ വേണ്ടയോ എന്നും തീരുമാനിക്കാനുള്ള അവകാശം ഒരു സ്ത്രീയ്ക്കുണ്ട്. സ്ത്രീക്കെന്നല്ല, ഓരോ എഴുത്തുകാര്‍ക്കുമുണ്ട് എന്നുപറയുന്നതാണ് ശരി.

ഇന്നത്തെ കാലത്ത് കുളിര് കോരാന്‍ പുസ്തകങ്ങള്‍ ആശ്രയിക്കണം എന്നില്ലല്ലോ. ഞൊടിയിട കൊണ്ട് എല്ലാം നമ്മുടെ മുന്നില്‍ കിട്ടുന്ന കാലമാണ്. അവിടെ പുസ്തകങ്ങളിലെ രതി തേടിപ്പിടിച്ചു വായിച്ചാസ്വദിക്കുന്നവര്‍ എത്രയുണ്ടാവും? ഒരു സ്ത്രീ അവരുടെ പുസ്തകത്തില്‍ സെക്സ് എഴുതി എന്നു പറഞ്ഞുകൊണ്ട് അവരെ കുരിശില്‍ തറയ്ക്കാന്‍ വരുന്നത് ആരായാലും വന്‍ ബോറന്‍ പരിപാടിയാണ്.

Content Highlights: Ann Palee, Kerala Sahithya Academy, A for Annamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented