'ജീവിതത്തിലാണ് പൊളിറ്റിക്കല്‍ കറക്ട്‌നസ് വേണ്ടത്, കലയിലല്ല '


ഷെമിന്‍ സെയ്ദ്‌

ഒ.എന്‍.വി.യുടെയും എം.ഡി. രാജേന്ദ്രന്റെയും ചില വരികളൊക്കെ കേള്‍ക്കുമ്പോള്‍ ആലോചിക്കാറുണ്ട്, നമ്മളും എഴുതുന്നുണ്ട്. പക്ഷേ, ഇവരുടെയൊപ്പമൊന്നും എത്തുന്നില്ലല്ലോ എന്ന്.

അനീസ് സലീം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

ന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ അറിയപ്പെടുന്ന മലയാളിമുഖമാണ് അനീസ് സലീം. എഴുത്തിനെ തീര്‍ത്തും ഏകാന്തമായൊരു ധ്യാനമാക്കുന്നയാള്‍. എഴുത്തിനപ്പുറമുള്ള വാചാടോപങ്ങളില്‍ രമിക്കാത്തയാള്‍. 'എന്നെയല്ല, എന്റെ എഴുത്തിലേക്ക് നോക്കൂ' എന്ന് ധീരതയോടെ പറയുന്നയാള്‍. തന്റെ പുതിയ പുസ്തകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്രയും സംസാരിച്ചത്

'സ്‌മോള്‍ ടൗണ്‍ സീ' എന്ന പുസ്തകമിറങ്ങി നാലുവര്‍ഷത്തിനിപ്പുറം മാസങ്ങളുടെ ഇടവേളയില്‍ രണ്ടുപുസ്തകങ്ങള്‍ പിറവികൊണ്ടു. ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസും 'ബെല്‍ബോയ്' എന്ന നോവലും. ഇത്രയും വലിയ ഇടവേള എങ്ങനെയുണ്ടായി.

=ഓഡ് ബുക്ക് ഓഫ് ബേബി നെയിംസിന്റെ കഥ മനസ്സില്‍ എന്നോ രൂപപ്പെട്ടതാണ്. 'സ്‌മോള്‍ ടൗണ്‍ സീ' പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ തുടങ്ങിവെച്ചതുമാണ്. പക്ഷേ, അതിനുശേഷം എന്റെ താളം നഷ്ടപ്പെട്ടു. അപരിചിതമായ ഒരു മനോലോകത്തെത്തി ഞാന്‍. ഒരിക്കലും റൈറ്റേഴ്‌സ് ബ്ലോക്ക് ആയിരുന്നില്ല. കഥയും കഥാപാത്രങ്ങളും അക്ഷരങ്ങളും എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, എഴുതാനുള്ള ജീവനില്ലായിരുന്നു. അത് തിരികെക്കിട്ടാന്‍ കുറച്ച് സമയമെടുത്തു. രണ്ടരവര്‍ഷത്തോളം കാര്യമായ എഴുത്തൊന്നും നടന്നില്ല. വിളിച്ച പബ്ലിഷേഴ്‌സിനോടൊക്കെ ഇനിയൊരു പുസ്തകമുണ്ടാകില്ല എന്നുപറഞ്ഞു. ഞാന്‍ എന്നന്നേക്കുമായി എഴുത്ത് അവസാനിപ്പിച്ചു എന്നുപറഞ്ഞു. എന്നാല്‍, ഓഡ് ബുക്ക് എഴുതി പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ ബെല്‍ ബോയിയും എഴുതിത്തീര്‍ക്കാന്‍പറ്റി.

എഴുതാതിരുന്ന ആ രണ്ടരവര്‍ഷം എന്തുചെയ്തു

= ഒന്നും ചെയ്തില്ല എന്നതാണ് സത്യം. എഴുത്തില്ല, വായനയില്ല, യാത്രകളില്ല. ഏറ്റവും ഇഷ്ടമുള്ള വര്‍ക്കല കടല്‍ത്തീരത്തുപോലും പോയില്ല. പഴയ താത്പര്യങ്ങളില്‍നിന്നെല്ലാം അകന്നുനിന്നു. ആ സമയത്തും മനസ്സില്‍ കഥകള്‍ വന്നടിഞ്ഞിട്ടുണ്ടാകാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, അതിനുശേഷം രണ്ടുപുസ്തകങ്ങള്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ചില പുതിയ വിഷയങ്ങള്‍ കിട്ടി. മനസ്സ് മരവിച്ചിരുന്ന ആ കാലത്തും ഞാന്‍പോലുമറിയാതെ തുള്ളികളായി കഥകള്‍ വന്നുവീണിട്ടുണ്ടാകാം.

ഇപ്പോള്‍ എന്തുതോന്നുന്നു.

= ഉന്മാദത്തിന്റെ ഉത്സവമായിരുന്നു എനിക്ക് 'ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്' എന്ന പുസ്തകം. ജീവിതത്തിലെ ഭ്രാന്തമായ നിമിഷങ്ങളിലൂടെ കടന്നുപോയ ഞാന്‍ ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കുംപോലെ ഓരോ വാക്കും കൂട്ടിവെച്ചു. കുഞ്ഞുങ്ങള്‍ പിച്ചവെക്കുംപോലെ വീണ്ടും എഴുത്തില്‍ ഞാന്‍ ആദ്യചുവടുകള്‍വെച്ചു. പലവട്ടം തട്ടിവീണു, മുറിഞ്ഞു, രക്തംപൊടിഞ്ഞു. പക്ഷേ, ഞാന്‍ തിരിച്ചറിഞ്ഞു, എഴുത്താണ് എനിക്ക് ഏറ്റവും നല്ല മരുന്ന്. എഴുത്തിനോളം ആശ്വാസംതരുന്ന ഒന്നും എനിക്കില്ല. 1516 വയസ്സില്‍, ഭാവിയില്‍ എന്താകണമെന്നെല്ലാം എല്ലാവരും ചിന്തിക്കുന്ന സമയം. എന്റെ കൂട്ടുകാരൊക്കെ സ്‌കൂളിലും പ്രീഡിഗ്രിക്കും പഠിക്കുന്ന തിരക്കില്‍. ഞാനാണെങ്കില്‍ പഠിക്കാന്‍ മോശം, സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ മോശം. അതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ വായനതുടങ്ങി. അന്നാണ് ഞാന്‍ ചില നല്ല എഴുത്തുകാരെ വായിക്കുന്നത്. ഇന്ത്യന്‍ എഴുത്തുകാര്‍ അത്ര സംഭവമൊന്നുമല്ല എന്ന തെറ്റായ ധാരണ കൊണ്ടുനടന്നിരുന്നയാളാണ് ഞാന്‍. അപ്പോഴാണ് വി.എസ്. നയ്‌പ്പോളിന്റെ മിഗ്വേല്‍ സ്ട്രീറ്റ് എന്ന പുസ്തകം കിട്ടുന്നത്. ആ പുസ്തകത്തിന്റെ കവറിലെ ഇലസ്‌ട്രേഷന്‍കണ്ടാണ് വായിക്കാന്‍ തോന്നുന്നത്. ആദ്യപേജ് അവസാനിച്ചപ്പോള്‍ പിന്നെ പുസ്തകം താഴെവെക്കാന്‍ തോന്നിയില്ല. അതിനുശേഷം ജോര്‍ജ് ഓര്‍വെലിന്റെ ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരീസ് ആന്‍ഡ് ലണ്ടന്‍ എന്ന പുസ്തകവും വായിച്ചു. ഇവ രണ്ടും കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് എഴുത്തുകാരനല്ലാതെ മറ്റാരുമാകേണ്ട എന്ന്. എഴുതാതെ ഞാനെന്ന വ്യക്തിക്ക് നിലനില്‍പ്പില്ല.

ബെല്‍ബോയ് എന്ന നോവല്‍ യു.കെ.യിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്

= അതെ. സാധാരണ എന്റെ പുസ്തകങ്ങള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചശേഷമായിരിക്കും മറ്റിടങ്ങളിലെത്തുക. ബെല്‍ബോയ് എന്ന പുസ്തകം ആദ്യം യു.കെ.യിലാണ് പ്രസിദ്ധീകരിക്കുക. ഹോളണ്ട് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപിന്റെ കഥയാണത്. ആ ദ്വീപില്‍നിന്ന് ടൗണിലേക്ക് ജോലിക്കെത്തുന്ന ഒരു 17 വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്.

നിഷ്‌കളങ്കനായ ഒരു പയ്യനാണ് ബെല്‍ ബോയിയിലെ ലത്തീഫ്. പ്രകൃതിയെ പേടിയുള്ളവന്‍. പൊതുവേ ഒരു സഭാകമ്പമുണ്ട്. അങ്ങനെ പലതരം ആശങ്കകള്‍ ലത്തീഫിനുണ്ട്. ആ കഥാപാത്രം എങ്ങനെ കിട്ടി

= പണ്ട് എന്റെ തറവാടിന്റെ അടുത്തൊരു ചെറിയ കളവുനടന്നപ്പോള്‍ 18 വയസ്സുള്ള ഒരാള്‍ പിടിക്കപ്പെട്ടു. അയാള്‍ മറ്റാരെയോ സഹായിക്കാന്‍നിന്നിട്ട് പ്രതിയാകുകയായിരുന്നു. ഒരു ദ്വീപില്‍നിന്ന് ഒരു പയ്യന്‍ പണ്ട് വീട്ടില്‍ ജോലിക്കുവന്നിട്ടുണ്ട്. ഈ രണ്ടുപേരില്‍നിന്നാണ് ബെല്‍ ബോയിയിലെ ലത്തീഫ് ഉണ്ടായത്. പുറംലോകമറിയാത്ത ഒരാളുടെ നിഷ്‌കളങ്കത പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുണ്ട്. അത് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മരണംനടക്കുന്ന ഒരു ലോഡ്ജിലാണ് കഥ പുരോഗമിക്കുന്നത്. അത്തരം പരിസരങ്ങള്‍ പരിചയമുണ്ടോ

=പണ്ട് കൊല്ലത്ത് അങ്ങനെയൊരു ലോഡ്ജുണ്ടെന്ന് കേട്ടിട്ടുണ്ട്. അവിടെ പലരും താമസിക്കാന്‍ വരുന്നത് ആത്മഹത്യചെയ്യാനാണ്. അത് മനസ്സില്‍ക്കിടന്ന് രൂപപ്പെട്ടതാണ് ബെല്‍ ബോയിയിലെ ലോഡ്ജ്.

നോവലില്‍ വിവരിക്കുന്ന ദ്വീപ് മണ്‍റോ തുരുത്താണോ

= മാന്റോ ഐലന്റ് എന്നാണ് കഥയില്‍ ദ്വീപിന്റെ പേര്. മണ്‍റോ തുരുത്തുമായി സാമ്യമുണ്ട്.

ദ്വീപും വെള്ളവും കായലും കടലുമൊക്കെ സ്ഥിരം വിഷയമാകാറുണ്ടല്ലോ. പല പുസ്തകത്തിലും അവയുണ്ട്.

=അതേക്കുറിച്ച് ഇപ്പോള്‍ പറയുമ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്. ഒരുപക്ഷേ, എന്റെ കുട്ടിക്കാലം ഒരു കടല്‍തീരത്തെ പട്ടണത്തിലായതുകൊണ്ടാകാം. എന്തായാലും കടല്‍ എന്നത് എനിക്ക് സമാശ്വാസത്തിന്റെ പ്രതീകമാണ്.

അനീസ് സലിം എന്ന എഴുത്തുകാരനില്‍നിന്നുണ്ടായ ഏറ്റവും വ്യത്യസ്തമായ പുസ്തകമാണ് ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്. എങ്ങനെയാണ് കഥ രൂപപ്പെട്ടത്

= ഒരു ഇന്ത്യന്‍നഗരത്തില്‍ കുറച്ചുകാലം താമസിക്കുമ്പോള്‍ ഞാനൊരു ടാക്‌സി ഡ്രൈവറെ പരിചയപ്പെട്ടിരുന്നു. മുടിയൊക്കെ ഹെന്നചെയ്ത്, കോളറിന്റെ അകത്ത് കര്‍ച്ചീഫുവെച്ച്, 50 വയസ്സുതോന്നിക്കുന്ന മനുഷ്യന്‍. ഹിന്ദിയാണ് അദ്ദേഹം സംസാരിച്ചത്. സംസാരിച്ച കൂട്ടത്തില്‍ 'ഞാന്‍ രാജാവിന്റെ മകന്‍ ആണ്' എന്ന് അയാള്‍ പറഞ്ഞു. വീമ്പുപറയുന്നതാണ് എന്നാണ് ആദ്യം കരുതിയത്. മുനീര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഇടയ്ക്കിടെ അയാളെ കാണും. നഗരത്തിന്റെ പഴയ തെരുവില്‍ ഒരു ചേരിപ്രദേശത്താണ് ജീവിക്കുന്നത്. കൊട്ടാരത്തില്‍ താമസിക്കേണ്ട ആളാണ് ഞാന്‍ എന്നൊക്കെ ഇടക്കിടെ അയാള്‍ പറയും. ഇത് മനസ്സില്‍വെച്ചുകൊണ്ട് ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തി. ആ രാജാവിന്റെ മക്കളാണ് എന്ന് പലരും പറഞ്ഞുനടക്കുന്നതായി ബോധ്യപ്പെട്ടു. 149 മക്കളെങ്കിലുമുണ്ടാകും എന്നൊക്കെ പലരും പറഞ്ഞറിഞ്ഞു. അത് മനസ്സില്‍ കിടന്ന് പരുവപ്പെട്ടതാണ് ദി ഓഡ് ബുക്ക് ഓഫ്‌ബേബി നെയിംസ്.

ഹൈദരാബാദിലെ അവസാനത്തെ നൈസാമിനെക്കുറിച്ചാണോ ഈ കഥ

= ഇക്കഥ പൂര്‍ണമായും ഭാവനയാണ്. കേട്ട കഥകള്‍ മനസ്സിലിട്ട് സങ്കല്പിച്ചുണ്ടാക്കിയ കഥ. ആരെയും കുറിച്ചല്ല.

താങ്കള്‍ കുറെക്കാലം ഹൈദരാബാദില്‍ ജീവിച്ചിട്ടുണ്ട്

= ഞാന്‍ പല നഗരത്തിലും ജീവിച്ചിട്ടുണ്ട്. പല രാജാക്കന്മാരെക്കുറിച്ചും വായിച്ചിട്ടുണ്ട്. കേട്ടറിഞ്ഞിട്ടുണ്ട്. ഇതൊക്കെ മനസ്സില്‍ക്കിടന്നുണ്ടായ ഭാവനമാത്രമാണ് കഥകള്‍.

എഴുത്തിനുള്ള പ്രചോദനം കണ്ടെത്തുന്നത് എങ്ങനെയാണ്.

= അശാന്തമായ മനസ്സിലാണ് കഥയുടെ വിത്തുകള്‍ മുളയ്ക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സ്‌മോള്‍ ടൗണ്‍ സീ, 'ഖാസിമിന്റെ കടല്‍' എന്ന സിനിമയായി. മറ്റുകഥകള്‍ക്കുവേണ്ടി ആരെങ്കിലും സമീപിച്ചിട്ടുണ്ടോ

= ഫ്‌ലൈ ഹസീന ഫ്‌ലൈ എന്ന നോവല്‍ വെബ് സീരീസായേക്കാം. അതിന്റെ പ്രാരംഭനടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്‌ക്രിപ്റ്റ് മറ്റൊരാള്‍ എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ കഥകള്‍ കൂടുതലും നടക്കുന്നത് തലയ്ക്കകത്താണ്. അതായത് ചിന്തകളിലൂടെയൊക്കെയാണ്. അതുകൊണ്ട് അവ ചിത്രീകരിക്കുക എളുപ്പമല്ലായിരിക്കാം. സിനിമയ്ക്കുവേണ്ടി എഴുതാന്‍ ആവശ്യപ്പെട്ട് ചിലര്‍ സമീപിക്കാറുണ്ട്. പണ്ട് സിനിമ എന്നൊരു ചിന്തയേയില്ലായിരുന്നു. പക്ഷേ, ഇനി ഉണ്ടായിക്കൂടെന്നില്ല.

സിനിമകളോടുള്ള ഇഷ്ടം എങ്ങനെയാണ്

= സിനിമാ അഡിക്ടല്ല. നല്ലതൊക്കെ കാണാറുണ്ട്. പാട്ടുകളോടാണ് പ്രിയം കൂടുതല്‍. വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും ചില വരികളൊക്കെ വളരെ പ്രിയപ്പെട്ടവയാണ്. ജഗ്ജീത് സിങ്ങിന്റെയും മിര്‍സ ഗാലിബിന്റെയും നിദ ഫസ്‌ലിയുടെയും ഗസലുകളും കവിതകളുമൊക്കെ ഒരുപാട് ഇഷ്ടമാണ്. ഈ ഇഷ്ടമാണ് ഓഡ് ബുക്കില്‍ ഒരു കഥാപാത്രത്തെ കവിയാക്കിയത്. കവിയെന്ന് സ്വയം ഭാവിക്കുന്നയാളാണ് ആ കഥാപാത്രം.

ഇഷ്ടമുള്ള ചില പാട്ടുകള്‍ പറയാമോ

= പാട്ടുകളെക്കുറിച്ച് പറയുമ്പോള്‍ ചില വരികളാണ് മനസില്‍ നില്‍ക്കുക. കാലമളക്കും സൂചി മരിക്കുംകാലം പിന്നെയും ഒഴുകും...' എന്ന വരികള്‍ക്ക് ഒരു ഷേക്‌സ്പീരിയന്‍ടച്ചുണ്ടെന്ന് തോന്നാറുണ്ട്.

ആകാശപ്പൂവാടി തീര്‍ത്തുതരും
പിന്നെ അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്‌നിയിലെരിക്കും.
കഷ്ടം സ്വപ്നങ്ങള്‍ ഈ വിധം.

ശ്രീകുമാരന്‍ തമ്പി എഴുതിയതില്‍ ഏറെ ഇഷ്ടമുള്ള വരികളിലൊന്നാണ്.

മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ക്കടലിലെ കളിമണ്‍ദ്വീപിത്
ഞങ്ങള്‍ക്കെന്തിനു തന്നു...

വയലാറിന്റെ വരികളില്‍ യേശുദാസിന്റെ ശബ്ദത്തിലെ ദുഃഖം നിറഞ്ഞപ്പോള്‍ മറ്റൊരു ലോകത്തേക്ക് പോയിട്ടുണ്ട്.

'താവകവീഥിയില്‍ എന്‍മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചുനിന്നു...'

എന്ന് എത്രശ്രമിച്ചാലും എനിക്ക് എഴുതാനാകില്ല.

ഒ.എന്‍.വി.യുടെയും എം.ഡി. രാജേന്ദ്രന്റെയും ചില വരികളൊക്കെ കേള്‍ക്കുമ്പോള്‍ ആലോചിക്കാറുണ്ട്, നമ്മളും എഴുതുന്നുണ്ട്. പക്ഷേ, ഇവരുടെയൊപ്പമൊന്നും എത്തുന്നില്ലല്ലോ എന്ന്. അവരൊക്കെ എഴുതുംപോലെ ലളിതമായി, എന്നാല്‍ ആഴത്തില്‍ രണ്ടുവരിയെങ്കിലും മലയാളത്തില്‍ എഴുതാന്‍പറ്റിയാല്‍ അതിനപ്പുറം ഒന്നുമില്ല.

പക്ഷേ, താങ്കളുടെ എഫ്.ബി.യിലെ മലയാളം കുറിപ്പുകള്‍ കണ്ടാല്‍ മലയാളത്തില്‍ എഴുതാന്‍കഴിയില്ലെന്ന് ആരുപറയും? അത്രമേല്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുകളാണവ. പ്രത്യേകിച്ച് മൗണ്ട് ലൈക്കബത്തൂസിലേക്കുള്ള യാത്രാക്കുറിപ്പ്, കബറിലേക്കുള്ള നടത്തത്തെക്കുറിച്ച്. അങ്ങനെപലതും.

= അതൊക്കെ പെട്ടെന്നുണ്ടാകുന്ന തോന്നലുകളാണ്. ആദ്യം മനസ്സില്‍ ഇംഗ്ലീഷില്‍ ആലോചിക്കും. അത് മലയാളത്തിലേക്കാക്കുന്നതാണ്. ചെറിയ വരിയോ ഒരു പാരഗ്രാഫോ എഴുതുംപോലെയല്ലല്ലോ ഗൗരവമേറിയ എഴുത്ത്. മലയാളം എഴുതുന്നത് ആലോചിക്കുമ്പോഴേ പേടിയോടെയാകും തുടങ്ങുക. അതുതന്നെ മോശമാണ്. എഴുതാന്‍ തുടങ്ങുമ്പോള്‍ ആദ്യമുണ്ടാകേണ്ടത് പൂര്‍ണബോധ്യമാണ്. പിന്നെ മലയാളത്തില്‍ എനിക്ക് വൊക്കാബുലറിയും കുറവാണ്. മറ്റൊരു കാര്യം, കേരളത്തില്‍ നടക്കുന്ന സാധാരണകഥകള്‍ ലോകം വായിക്കണം എന്ന സ്വാര്‍ഥതാത്പര്യംകൂടിയുണ്ട്. അത് ഇംഗ്ലീഷില്‍ എഴുതിയാലാണല്ലോ സാധ്യമാകുക.

താങ്കളുടെ ഒരു കഥാപാത്രം അസം (ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്)അഹങ്കാരികളായ സ്ത്രീകളെ താഴിനോട് ഉപമിക്കുന്നുണ്ട്. അതില്‍ വലിയ സ്ത്രീവിരുദ്ധതയില്ലേ. പൊളിറ്റിക്കല്‍ കറക്ട്‌നസ് ഇത്രമേല്‍ ചര്‍ച്ചചെയ്യുന്ന കാലത്ത് ഇങ്ങനെ എഴുതുന്നത് ശരിയാണോ

= അങ്ങനെയെങ്കില്‍ മതഗ്രന്ഥങ്ങള്‍മാത്രം വായിക്കേണ്ടിവരും. എനിക്കുതോന്നുന്നത് ജീവിതത്തിലാണ് പൊളിറ്റിക്കല്‍ കറക്ട്‌നസ് വേണ്ടത്. കലയില്‍ അത് കൊണ്ടുവന്നാല്‍ പിന്നെന്തിനാണ് സിനിമയും സാഹിത്യവും സംഗീതവുമൊക്കെ? കല എന്നത് ജീവിതത്തെ മിമിക് ചെയ്യുന്നതാണ്. ജീവിതത്തിലെ ഒട്ടും ശരിയല്ലാത്ത ചിലരെ പോളിഷ് ചെയ്ത് അവതരിപ്പിക്കുന്നതാണോ കല. എനിക്ക് തോന്നുന്നില്ല. അസം എന്ന കഥാപാത്രം സ്ത്രീകളെ കാണുന്നത് അങ്ങനെയാകും. അത് സ്ത്രീവിരുദ്ധവുമാണ്. പക്ഷേ, അത് എഴുതുന്ന അനീസ് സലിം സ്ത്രീവിരുദ്ധനാകുന്നില്ല.

പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെട്ടിട്ടുണ്ടോ.

= ഒരു നോണ്‍ ഫിക്ഷന്‍ എഴുതണം എന്നുണ്ട്. അസാധാരണമായ ഒരു യാത്രാക്കുറിപ്പ്. അല്ലെങ്കില്‍ ചില മനുഷ്യരെക്കുറിച്ച്. ഒരു തരത്തിലും ശ്രദ്ധിക്കപ്പെടാതെ വെറുതേ ജീവിച്ച് മരിച്ചുപോയേക്കാവുന്ന ചില മനുഷ്യരെക്കുറിച്ച്. മറ്റൊരു കഥയുടെ ചില അംശങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. എഴുതാന്‍ മനസ്സ് പാകപ്പെടുത്തണം.

ഭാവിയില്‍ ജീവിതം എങ്ങനെ വേണം, എവിടെയത്തണം എന്നാണ് ആലോചിക്കാറുള്ളത്. വലിയ പുരസ്‌കാരങ്ങള്‍ കൈവന്നുചേരുന്ന നാളുകള്‍ സ്വപ്നംകാണാറുണ്ടോ

= ബഹളങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമത്തില്‍ എന്റെ വീട്ടിലിരുന്ന് അസ്തമനം കാണുന്ന വൈകുന്നേരങ്ങളെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ചില നല്ല പുസ്തകങ്ങള്‍ എഴുതാന്‍ പറ്റിയല്ലോ എന്ന സന്തോഷംമാത്രമുള്ള ഒരാള്‍.

Content Highlights: Indian English writer anees salim interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented