ഫോട്ടോ- എസ് ശ്രീകേഷ്
എഴുത്തുകാരന്, നിരൂപകന്, തിരക്കഥാകൃത്ത്,സാമൂഹ്യനിരീക്ഷകന്‍ തുടങ്ങി ഏറെ വിശേഷണങ്ങളുണ്ട് ജയമോഹന്. മലയാളത്തിന്റെ മകനായി പിറന്ന് മലയാളസാഹിത്യവും തമിഴ്സാഹിത്യവും ഒരുപോലെ കയ്യടക്കിയ ജയമോഹന് എന്ന ബഹുഭാഷാ എഴുത്തുകാരന് കഴിഞ്ഞ ഏഴുവര്‍ഷമായി മഹാഭാരതകഥയുടെ ഉള്ളാഴങ്ങള്‍ തേടിയുള്ള യാത്രയിലാണ്. എഴുത്തുകാരന് അന്വേഷിച്ചുകണ്ടെത്തിയ മഹാഭാരതകഥയെ പുനര്‍വ്യാഖ്യാനിക്കുകയാണ് വെണ്മുരശ് എന്ന സൃഷ്ടിയിലൂടെ അദ്ദേഹം. എഴുത്ത്, ജീവിതം, സമൂഹം,രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജയമോഹന് സംസാരിക്കുന്നു.
മഹാഭാരതത്തെ ആസ്പദമാക്കി രചിക്കുന്ന നോവല്‍ സീരീസ് വെണ്മുരശ് അവസാനഘട്ടത്തിലെത്തി നില്ക്കുകയാണല്ലോ. ഇതിഹാസങ്ങളുടെ അനുകല്പനങ്ങള്‍ എങ്ങനെയാണ് സാങ്കേതികകാലഘട്ടത്തിലെ വായനക്കാര്‍ കാണുന്നത്?
വെണ്മുരശ് ദ്വാരകാപതനത്തിലെത്തി നില്‍ക്കുകയാണ്. ഇനി ഒരു നോവലും കൂടിയേ ഈ ശ്രേണിയില്‍ എഴുതാനുള്ളൂ. അതോടുകൂടി ഇരുപത്തഞ്ച് നോവലുകളാവും. മിക്കവാറും മെയ്മാസത്തോടുകൂടി വെണ്മുരശ് പൂര്‍ണമാകും. മഹാഭാരതകഥയെയാണ് ഞാന്‍ പിന്തുടരുന്നത്. ഡിജിറ്റല്‍ വായനയാണ് വെണ്മുരശിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ദിവസവും ആയിരക്കണക്കിന് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. അത് ഈയൊരുദ്യമത്തെ വായനക്കാര്‍ ഏറ്റെടുത്തതിന്റെ തെളിവായിട്ടാണ് തോന്നുന്നത്.
വെണ്മുരശ് തമിഴിലാണ് എഴുതിയിരിക്കുന്നത്. വെണ്മുരശിന്റെ മലയാളം പതിപ്പ് എന്നൊരു ആലോചനയുണ്ടോ?
തീര്‍ച്ചയായും ആലോചനയിലുണ്ട്. വെണ്മുരശ് എന്റെ ഏഴു വര്‍ഷത്തെ ഗവേഷണത്തില്‍ നിന്നും എഴുതിയതാണ്. ഇനിയും ഒരേഴുവര്ഷം കൂടി അതിനായി ഞാന്‍ ചെലവഴിക്കേണ്ടിവരും. അപ്പോഴേക്കും വയസ് അറുപത്തഞ്ചാവും. അത്രയും കാലംകൂടി ഇതിനുമേല്‍ ചെലവഴിക്കണോ എന്നതും എന്റെ ആലോചനാപരിധിയില് വരുന്നു.
വെണ്മുരശ് അതിവിശാലമായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലൂടെയാണ് താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും ആധുനികരായ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യുന്ന ഒരു മാധ്യമത്തിലൂടെ വെണ്മുരശ് പ്രസിദ്ധീകരിച്ചപ്പോള്‍ എന്തായിരുന്നു വായനക്കാരുടെ പ്രതികരണം?
വെണ്മുരശ് പോലുള്ള ഒരു പുസ്തകം പത്തുവര്‍ഷം മുമ്പ് എഴുതാന്‍ പറ്റില്ല. കാരണം ഒരാള്‍ ഇരുന്നെഴുതുമ്പോള് പത്തിരുപത്തിഅയ്യായിരം പേജോളം വരും. ഒരുപാട് ഗവേഷണം ആവശ്യമാണ്. ഒരുപാട് ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. ഇരുപത് കൊല്ലം കുത്തിയിരുന്നെഴുതിയാല് തീരുമായിരിക്കും. ഈ ഉദ്യമത്തില്‍ ഞാന്‍ ആദ്യം നന്ദി പറയുന്നത് ഗൂഗിള്‍ ബുക്സിനോടാണ്. ചോദിക്കുന്ന നേരത്തിനുള്ളില്‍ ഡാറ്റ എത്തിച്ചുതരുന്ന ടെക്നോളജിയാണ് എന്നെ ഇതിന് സഹായിച്ചതും പ്രോത്സാഹനമായതും. അത്കൊണ്ട് എഴുത്ത് എളുപ്പമായി. വിഷ്ണുപുരം എന്ന നോവലെഴുതിയപ്പോള്‍ ഏതാണ്ട് ഏഴുകൊല്ലം ഡാറ്റാ കളക്ഷന്‍ മാത്രം പകര്‍ത്തിയെഴുതിയിട്ടുണ്ട്. ഇന്നങ്ങനെയല്ല. സോഫ്റ്റ്വെയറിനോട് ആവശ്യപ്പെടുകയേ വേണ്ടൂ.
പിന്നെ ഞാന്‍ കണ്ട ഒരു ഗുണം ഡിജിറ്റല്‍ വായനയാണ്. ലോകത്ത് എവിടെ വേണമെങ്കിലും ഇരുന്ന് വായിക്കാം. സേവ്ചെയ്ത് വെക്കാം. രണ്ടായിരം പേര് പ്രിന്റഡ് ബുക്ക് വായിക്കുന്നു. അമ്പതിനായിരം പേരാണ് ഒരു ദിവസം ഓണ്‍ലൈന്‍ വായിക്കുന്നത്. മാത്രമല്ല അത് സൗജന്യമായിട്ടാണ് വായിക്കുന്നത്. ഒരു പുസ്തകം വായിക്കുമ്പോള്‍ എഴുത്തുകാരന്റെ ഭാഷയോടും ചിന്തയോടുമൊക്കെ വായനക്കാരന് പരിചയമായിവരുന്നത് ആദ്യത്തെ പത്തമ്പത് പേജ് കഴിയുമ്പോളാണ്. വെണ്മുരശിന്റെ തുടര്‍ച്ചയായുള്ള പ്രസിദ്ധീകരണം തന്നെ അത് വായിച്ച് ഉള്‍ക്കൊള്ളാനുള്ള വായനക്കാരന്റെ പരിശീലനമായിട്ടാണ് ഞാന്‍ കണക്കാക്കിയിരിക്കുന്നത്. ശുദ്ധതമിഴ് ഭാഷയിലാണ് വെണ്മുരശ് എഴുതിയിരിക്കുന്നത്. മറ്റ് ഭാഷകളുടെ യാതൊരുവിധ അധിനിവേശവും ഇല്ല. ഈ തലമുറയില്‍പ്പെട്ട ആര്‍ക്കുംതന്നെ ശുദ്ധതമിഴ് അറിയില്ല. പക്ഷേ ഒരുനോവല്‍ എങ്ങനെയെങ്കിലും വായിച്ചെടുത്താല്‍ ബാക്കിമുഴുവന്‍ അനായാസം വായിക്കാന്‍ കഴിയും. അതാണ് പരിശീലനം എന്നത് കൊണ്ട് ഉദ്ദേശിച്ചത്. അര്‍ഥമറിയാത്ത പദങ്ങളുണ്ടെങ്കില്‍ പദത്തില്‍ ക്ലിക്ക് ചെയ്താല്‍ അര്‍ഥം വരും. അതുകൊണ്ടുതന്നെ ഇത് ടെക്നോളജി കാലഘട്ടത്തിന്റെ നോവലാണ്.
വിപ്ലവകരമായ എഴുത്തുമുന്നേറ്റങ്ങള് നടത്തിയ ആളാണ് താങ്കള്‍. നൂറ് സിംഹാസനങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്ന തരത്തില്‍ കോപ്പിലെഫ്റ്റ് ആക്കി. വെണ്മുരശ് ഡിജിറ്റല്‍ വായനക്കാര്‍ക്ക് സൗജന്യമാക്കി. എഴുത്തുകൊണ്ട് ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കാലം കഴിഞ്ഞു എന്നാണോ?
എന്റെ എഴുത്തുകളുടെ നല്ലൊരുഭാഗവും ഓരോ ട്രസ്റ്റുകള്‍ക്കും ഞാന്‍ സംഭാവന ചെയ്തിട്ടുള്ളതാണ്. പുസ്തകങ്ങള്‍ക്ക് ഒരു വിലയുറപ്പിക്കുന്ന കാലം കഴിഞ്ഞു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഒരു ടോക്കണ്പ്രൈസ് എന്നതിനപ്പുറം ഒരു വിപണിവസ്തുവായി പുസ്തകങ്ങളെ ഇനി വെക്കാന്‍ പറ്റില്ല. ഈ കാലഘട്ടം കഴിയുമ്പോളേക്കും പുസ്തകം തന്നെ അത്രവിലയില്ലാത്ത ഒന്നായി മാറും. ഏതു പുസ്തകവും ഡിജിറ്റലായിട്ട് കിട്ടുന്ന കാലമായില്ലേ. എഴുത്തുമായി ബന്ധപ്പെട്ട മറ്റ് സാംസ്കാരികപ്രവര്‍ത്തനങ്ങളും ബൗദ്ധികമായിട്ടുള്ള ജോലികളുമല്ലാതെ റോയല്‍റ്റി കിട്ടി ജീവിക്കാമെന്ന് ഇനി കരുതണ്ട. ഡിജിറ്റല്‍ മീഡിയകള്‍ വലിയ വിലകള്‍ കൊടുത്ത് ആരുടെയും സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയുമില്ല. മലയാളത്തില്‍ വായനയുടെ ഡിജിറ്റല്‍ രൂപം തമിഴിന്റെ അത്ര പ്രചാരം നേടിയിട്ടില്ല. അത്കൊണ്ട് കുറച്ചുകാലം കൂടി പ്രിന്റ് നിലനില്ക്കും. തമിഴ്ലിപികള് മലയാളത്തേക്കാള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ എളുപ്പമായതാണ് തമിഴില്‍ ഡിജിറ്റല്‍ വായനകൂടാന് കാരണമായത്.
കേരളത്തിന്റെ ദേശീയചരിത്രം അടയാളപ്പെടുത്തുന്നവര്‍ നഞ്ചിനാടിനോട് പുറംതിരിഞ്ഞുനില്ക്കുന്നതായിട്ട് താങ്കള്‍ പറയുന്നു.
1956-ലാണ് ഭാഷാപരമായി ഇന്ത്യ വിഭജിക്കപ്പെടുന്നത്. അതിനുശേഷമുള്ള ചരിത്രപഠനങ്ങളൊക്കെ രാഷ്ട്രീയമായുണ്ടായ അതിരുകളില്‍ നിന്നുകൊണ്ട് ചെയ്യുന്ന രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഇത് പലപ്പോഴും തെറ്റായ ധാരണകളിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഉദാഹരണത്തിന് തമിഴ്നാട്ടിന്റെ പ്രധാനമതം ജൈനമതമായിരുന്നു. ഒരുപാട്കാലം ജൈനന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രാവണ്ബല്ഗോളയാണ് ജൈനരുടെ തലസ്ഥാനം. അതിപ്പോള്‍ കര്‍ണാടകത്തിലാണ്. ഇന്ന് തമിഴ് ചരിത്രമറിയുന്നവരില് പലര്‍ക്കും കന്നടയറിയില്ല, ശിലാലിഖിതങ്ങള്‍ വായിക്കാനറിയില്ല ശ്രാവണ്ബല്ഗോളയുമറിയില്ല. ജൈനരെക്കുറിച്ചറിയാതെ എങ്ങനെ തമിഴ്നാടിന്റെ ചരിത്രമറിയാന്‍ പറ്റും? അതുപോലെതന്നെയാണ് കേരളത്തിലും.
തിരുവിതാംകൂറിന്റെ തലസ്ഥാനമായി ഒരുപാട് കാലം ഇരുന്നത് ശ്രീപത്മനാഭപുരവും ഇരണിയലുമാണ്. കേരളചരിത്രത്തെപ്പറ്റി ഒരു പൊതുധാരണയുള്ളയാള്ക്ക് ഇരണിയലിനെക്കുറിച്ചോ പത്മനാഭപുരത്തെക്കുറിച്ചോ തിരുവിതാംകൂറിനും മധുരയ്ക്കുമിടയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചോ നായ്ക്കര്ഭരണകാലത്തുണ്ടായ രാഷ്ട്രീയമുന്നേറ്റത്തെക്കുറിച്ചോ ഒന്നുമറിയില്ല. ആധുനികകേരളചരിത്രകാര് വളരെ തെറ്റായിട്ടും ചുരുക്കിയിട്ടുമാണ് വിഷയമവതരിപ്പിക്കുന്നത്. അതാണ് ഞാന്‍ വിമര്‍ശിച്ചത്. രാഷ്ട്രീയപരമായിട്ട് കഴിയില്ലെങ്കിലും ചരിത്രപരമായിട്ടും സാംസ്കാരികപരമായിട്ടും നഞ്ചിനാടിനെ കേരളത്തോടുതന്നെയാണ് ചേര്‍ത്തുനിര്‍ത്തേണ്ടത്.
വളരെ കണിശമായിട്ടുതന്നെ രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ആളാണ് ജയമോഹന്.
ഞാന്‍ അനുഗമിക്കുന്നത് കൃത്യമായും എം. ഗോവിന്ദനെയാണ്. ഗോവിന്ദന് സ്കൂളാണ് എന്റേത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിട്ടുള്ള സുന്ദരരാമസ്വാമിയും ആറ്റൂര്‍ രവിവര്മയുമാണ് എന്റെ ഗുരുക്കന്മാര്. ഭാഷയിലും ചിന്തയിലും ഞാന്‍ ഗോവിന്ദന്റെ വഴി പിന്തുടരുന്ന ആളാണ്. എഴുത്തുകാരന്റെ രാഷ്ട്രീയം എന്നത് എഴുത്തിന്റെ രാഷ്ട്രീയമാണ്. അത് കക്ഷിരാഷ്ട്രീയമോ സൈദ്ധാന്തികരാഷ്ട്രീയമോ അല്ല. എഴുത്തുകാരന്റെ രാഷ്ട്രീയം അവന്റെ ബോധധാരയുടേതാണ്.
ചിലകാര്യങ്ങള്‍ എഴുത്തുകാരന് പൊതു ഇടങ്ങളില്‍ പറഞ്ഞേ മതിയാകൂ. അതവന്റെ ചുമതലയാണ്. ഇടതോ വലതോ എന്ന നിലപാട് ഞാന്‍ ഒരിക്കലും സ്വീകരിക്കില്ല. ഉരുക്കുപോലത്തെ രാഷ്ട്രീയനിലപാട് എഴുത്തുകാരന് കൊണ്ടുപോകാന്‍ പ്രയാസമാണ്. അതേസമയം വൈകാരികവും ആത്മീയവുമായ നിലപാടുകളാണ് എഴുത്തുകാരന് കൈക്കൊള്ളുന്നത് എന്ന് കാണാം. ഒരു സംഘടനയോട് ചേര്‍ന്ന് നിന്ന് എഴുത്തുകാരന് അഭിപ്രായം പറയുന്നതിനോടും യോജിപ്പില്ല.
എം. ഗോവിന്ദന് ഇന്ത്യന്‍ സംസ്കാരത്തോടും ചരിത്രത്തോടും വളരെ ആഭിമുഖ്യമുള്ള ആളായിരുന്നു. പുരോഗമനചിന്താഗതിക്കാരനായിരുന്നു. എന്റെ രാഷ്ട്രീയചിന്തകളെല്ലാം ഞാനൊറ്റയ്ക്കുനിന്നുകൊണ്ട് പറയുന്നതാണ്. എനിക്കുവേണ്ടി പ്രകടനം വിളിക്കാന്‍ അണികളുണ്ടാവില്ല. എനിക്ക് ധാരണയുള്ള കാര്യങ്ങളിലെ യോജിപ്പും വിയോജിപ്പും ഞാന്‍ പ്രകടിപ്പിക്കാറുണ്ട്. സയന്‍സിനെക്കുറിച്ച് എനിക്ക് ധാരണയില്ലാത്തതുകൊണ്ട് അതുമാത്രം മിണ്ടാറില്ല.
മലയാളസാഹിത്യത്തില്‍ സമകാലീനതയ്ക്കാണ് വലിയ പങ്ക് എന്ന അഭിപ്രായമുണ്ട് താങ്കള്‍ക്ക്
മലയാളവായന സമകാലീനതയാണ് കൂടുതലായും ആവശ്യപ്പെടുന്നത്. കാലികപ്രാധാന്യം എന്നത് സാഹിത്യത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. വര്‍ത്തമാനകാല വിഷയങ്ങളാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത് എന്നുതോന്നിയിട്ടുണ്ട് പലപ്പോഴും. സാഹിത്യത്തില്‍ അവര്‍ക്ക് വേണ്ടതും അതുതന്നെയാണ്. അതിനപ്പുറത്തും ഒരുപാട് കാര്യങ്ങളില്ലേ? ആധ്യാത്മികമായതും ചരിത്രപരമായതും എല്ലാം വായനയുടെ ഭാഗംതന്നെയാണ്. ആ ധാരണ മലയാളത്തില്‍ ഇല്ല. വായിക്കപ്പെടുന്നതും എഴുതപ്പെടുന്നതും സമകാലികവിഷയങ്ങളാണ്.
സാഹിത്യം എന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനം മാത്രമല്ല അത് സൗന്ദര്യാത്മകമായ പ്രവര്‍ത്തനംകൂടിയാണ്. മലയാളത്തിന്റെ വായന എന്നത് കക്ഷിരാഷ്ട്രീയത്തെക്കൂടി പരിഗണിച്ചിട്ടുള്ളതാണ്. ഇടത്തോട്ടോ വലത്തോട്ടോ എന്നത് അവരുടെ വായന തീരുമാനിക്കുന്നു. രാഷ്ട്രീയം ഇല്ലാത്ത സാഹിത്യപ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ ഇല്ല എന്നുതന്നെ പറയാം.
യതിയുടെ ശിഷ്യന് എന്ന നിലയില്‍ വിശ്വാസം, മതം, രാഷ്ട്രീയം എന്ന ത്രികോണബന്ധത്തെ എങ്ങനെ കാണുന്നു?
ഇന്ത്യയെ കീറിമുറിക്കുന്ന മതാന്ധ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ യതി വളരെ വ്യക്തമായി ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. മതം എന്ന് ഇവിടെ പറയപ്പെടുന്നത് സംസ്കാരം, ആത്മീയത, കല എന്നിവയുടെ സങ്കലനത്തെയാണ്. അധ്യാത്മികമായ അന്വേഷണങ്ങളോ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളോ എന്തുമാവട്ടെ എല്ലാം അടിവേരൂന്നിയിരിക്കുന്നത് മതത്തിലാണ്. മതം എന്നത് വെറുമൊരു വിശ്വാസം മാത്രമല്ല , ഒരു സാംസ്കാരിക ഘടനയാണ്. വിശ്വാസം അതില്‍ ഒരു ചെറിയ ഭാഗം മാത്രം. തികച്ചും വ്യക്തിപരവുമാണ്. ആ വിശ്വാസത്തെ ഒരിക്കലും പൊതുഇടങ്ങളിലെ ചര്‍ച്ചയിലേക്ക് നയിക്കേണ്ട ആവശ്യമേയില്ല.
നിത്യചൈതന്യയെ സംബന്ധിച്ചിടത്തോളം ഒരാളുടെ വിശ്വാസത്തെ പിന്നെ ചോദ്യംചെയ്യേണ്ടതില്ല. അതുകൊണ്ടുതന്നെ ഒരു വിശ്വാസിയോട് സംസാരിക്കേണ്ട ആവശ്യവുമില്ല. വിശ്വാസത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അത് വെറുമൊരു ഉപകരണമായി മാറുന്നു. നിത്യയുടെ ഉദാഹരണമെടുത്തുപറഞ്ഞാല് ഒരു ഭഗവതിയുടെ ശില്പം എടുത്തുകൊണ്ട് ഒരാള്‍ മറ്റൊരാളെ കുത്തിക്കൊന്നാല്‍ അതൊരു ആയുധമായില്ലേ? അതുപോലെയാണ് മതത്തെ ഒരു രാഷ്ട്രീയായുധമാക്കിയാല്‍ സംഭവിക്കുക. ജനാധിപത്യത്തിന്റെ വളരെ നെഗറ്റീവായ ഒരു ഭാഗമാണ് മതം, ഭാഷ തുടങ്ങിയവയെ രാഷ്ട്രീയായുധമാക്കുക എന്നത്.
ജനകീയരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു മതത്തിന്റെയും നിഴല്‍ വീഴേണ്ട കാര്യമില്ല. ഗാന്ധിജി റാം എന്ന് ഒരു രാഷ്ട്രീയവേദിയില്‍ ഉച്ചരിച്ചതുതന്നെ തെറ്റാണെന്ന് നിത്യ ചൂണ്ടിക്കാണിച്ചത് ഇതുകൊണ്ടാണ്. രാമന്റെയോ കൃഷ്ണന്റെയോ നാരായണ ഗുരുവിന്റെയോ തന്നെ പേരുകള്‍ രാഷ്ട്രീയത്തില്‍ ഉച്ചരിക്കുന്നത് കുറ്റകരമാണ്. രാഷ്ട്രീയം വേറെ മതം വേറെ. മതം എന്നത് പഴയകാലത്തിന്റെ ബൃഹത്തായ ഒരു സമാഹാരമാണ്. രാഷ്ട്രീയത്തില്‍ നിലകൊള്ളുന്ന മതം, മതമല്ല.
ഹിന്ദുക്കളുടെ അടുത്തുപോയി പറഞ്ഞുനോക്കൂ, മോദി നിങ്ങളെ ചതിക്കുകയാണ് നിങ്ങള്‍ മതം ഉപേക്ഷിക്കണമെന്ന്. അവര്‍ തയ്യാറാകുമോ? മോദി വേറെ, മതം വേറെ. പക്ഷേ മോദി നിങ്ങളുടെ മതവും രാഷ്ട്രീയവും ഉപയോഗിക്കുന്നു.

സാംസ്കാരിക രാഷ്ട്രീയം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഫാസിസം തന്നെയാണ്. തമിഴ്നാട്ടില്‍ അത് ഭാഷാരാഷ്ട്രീയമാണെങ്കില് ചിലയിടങ്ങളില്‍ അത് വംശരാഷ്ട്രീയമാണ്. ഇന്ത്യയിലാകമാനം അത് മതരാഷ്ട്രീയമാണ്. അതെല്ലാം തന്നെ ഫാസിസത്തിന്റെ വഴികളാണ്. ഞാന്‍ നിങ്ങള്‍ക്ക് വോട്ടുചെയ്യുന്നുണ്ടെങ്കില് എന്റെ നികുതിപ്പണം എങ്ങനെ വിനിയോഗിക്കുന്നു, അതെനിക്ക് എങ്ങനെ ഉപകാരപ്രദമാകുന്നു എന്നൊക്കെ അറിയാനുള്ള അവകാശമെനിക്കുണ്ട്. പക്ഷേ നിങ്ങള്‍ എന്റെ വോട്ടും ടാക്സും വാങ്ങിയിട്ട് എന്റെ ഭാഷയെ സംസ്കാരമുള്ളതാക്കിത്തരും, രാമന് കോവിലുണ്ടാക്കിത്തരും എന്നും പൈതൃകം നിലനിര്‍ത്തും എന്നുമൊക്കെ പറഞ്ഞാല്‍ അത് വഞ്ചനയാണ്. സംസ്കാരത്തിന്റെ ഒരു ഘടകവും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല. രാഷ്ട്രീയം ഒരു സാമ്പത്തികപരമായ ക്രയവിക്രയമാണ്. ഞാന്‍ കാശുതന്നിട്ട് നിങ്ങളെന്തിനാണ് എന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത്? പിന്നെന്തിനാണ് ഞാന്‍ വോട്ടുതരേണ്ട ആവശ്യം?
സോഷ്യല്‍മീഡിയയെ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ ജയമോഹന് നിരീക്ഷിക്കുന്നത് ജാതി മുന്പെങ്ങുമില്ലാത്തവിധം അതിശക്തമായി തിരിച്ചുവന്നിരിക്കുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ് എന്നാണ്.
പി. കെ ബാലകൃഷ്ണനെയാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. പുരോഗമനചിന്താഗതികളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയിരിക്കുന്ന ഒരു മൈതാനത്തിലേക്ക് ഓരോരോ പൊത്തുകളില്‍ നിന്നും പുറത്തുവന്ന് ആളുകള്‍ പങ്കുചേര്‍ന്നു. യോഗം കഴിഞ്ഞപ്പോള്‍ അവരൊക്കെ അവരവരുടെ പൊത്തുകളിലേക്ക് തിരിച്ചുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. പുരോഗമനവാദികളായ, നല്ലവരായ നമ്മള് പൊതുമൈതാനത്ത് ഒത്തുകൂടുന്നു. വളരെ ഉയര്‍ന്ന ബൗദ്ധികനിലവാരമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു നമ്മുടെ പൊത്തുകളിലേക്ക് തിരിച്ചുപോകുന്നു. നാല് നായന്മാര് കൂടുന്നിടത്ത് ഒരു ഈഴവനെ പഴിപറയാതിരിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. ഫെയ്സ്ബുക്ക് എന്നതുതന്നെ ഒരു ഫേസ്ലസ് ബുക്കാണ്. നമ്മുടെ സ്വത്വത്തെ അവിടെ മറച്ചുവെക്കാനും കഴിയുമല്ലോ. യഥാര്‍ഥത്തിലുള്ള നമ്മളല്ലല്ലോ പലപ്പോഴും ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ നമ്മള്.
തമിഴില്‍ അടുത്തിടെ ഒരു സിനിമയിറങ്ങി. ദ്രൗപദി എന്ന പേരില്‍. കഴിഞ്ഞ നൂറുകൊല്ലമായി തമിഴ്നാട്ടിലെ പുരോഗമനവാദികള്‍ പ്രയത്നിച്ചുണ്ടാക്കിയെടുത്തതിനെയൊക്കെ നിഷ്പ്രഭമാക്കി തള്ളിക്കളയുന്ന ഒരു പ്രമേയമാണ് ആ സിനിമ മുന്നോട്ടു വയ്ക്കുന്നത്. ജാതികള്‍ ഇല്ലൈയടി പാപ്പാ എന്നാണു ഭാരതി പാടിയത്. ജാതികള്‍ ഉള്ളതടി പാപ്പാ എന്നാണു ദ്രൗപതി പടത്തിനു സബ്ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. അതിന്റെ നേര്‍വിപരീതമായി ജാതിയുണ്ട്, ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്നാണ് സിനിമ പറയുന്നത്. മുപ്പത് മുപ്പത്തഞ്ച് ലക്ഷം രൂപയ്ക്ക് പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്ത് നിര്‍മ്മിച്ച പടമാണ്. അത് സൂപ്പര്‍ഹിറ്റായി. എല്ലാ മുന്‍നിര രാഷ്ട്രീയനേതാക്കളും കുടുംബസമേതം പോയി കണ്ട് കയ്യടിച്ച് വിജയിപ്പിച്ചു. ബി.ജെ.പിയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ് ആദ്യഷോ ഉദ്ഘാടനം ചെയ്തത്. ഡോ. രാമദാസ് മൂന്നുതവണ കണ്ടെന്നുപറഞ്ഞ് പരസ്യം ചെയ്യുന്നു. ഇരുപത് കോടിയോളം രൂപയുടെ ലാഭമുണ്ടാക്കി ആ പടം. ഇതേ ജോണറില്‍ ഇനി നൂറ് പടങ്ങള്‍ വരും. ഉറപ്പാണ്. ഫെയ്സ്ബുക്കിലുള്ള ജാതിസംഘങ്ങളാണ് ഇതിന് പിന്നില്‍.
സ്റ്റാലിനിസ്റ്റിനെ മാത്രമേ ഇന്ത്യന്‍ ജനത വിശ്വസിക്കുകയുള്ളൂ എന്നുപറയുന്നുണ്ട് താങ്കള്‍. ഒരു തികഞ്ഞ സ്റ്റാലിന് അനുഭാവിയാണോ?
ജനതയ്ക്കുവേണ്ടത് ഒരു രക്ഷകനെയാണ്. ഞാന്‍ നിങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കുന്നു എന്നുപറയുന്ന നേതാവിനെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇവിടെ ഫ്യൂഡലിസം അതിന്റെ മൂര്ധന്യതയില് ഉണ്ടായിരുന്ന കാലത്ത് അതിനെ ചെറുത്തുനില്ക്കാനുള്ള കഴിവ്, ഞാന്‍ സംരക്ഷിച്ചുകൊള്ളാം എന്നു നിര്‍ഭയം പറഞ്ഞിരുന്നത് ആ കാലഘട്ടത്തിലെ സ്റ്റാലിനിസ്റ്റുകളാണ്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന നേതാവിനെയല്ല ജനങ്ങള്‍ക്കാവശ്യം മറിച്ച് നിനക്ക് ഞാനുണ്ട് എന്ന വാഗ്ദാനമാണ്, സംരക്ഷണമാണ്. അത് ഇന്നത്തെ കാലത്തെ എത്ര നേതാക്കള്‍ക്ക് കൊടുക്കാന്‍ പറ്റും?
വി.എസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞാല്‍ കേരളത്തിലെ ജനങ്ങളോട് നിങ്ങള്‍ക്ക് ഞാനുണ്ട് എന്ന് നിര്‍ഭയം പറയാന്‍ കഴിവുള്ള നേതാവുണ്ടെന്നുതോന്നുന്നില്ല. അത് ഒരു തലമുറയുടെ ചങ്കൂറ്റമാണ്. അത്തരം സ്റ്റാലിനിസ്റ്റ് സ്വഭാവങ്ങള്‍ എനിക്കിഷ്ടമാണ്.
ഇന്ത്യകടന്നുപോകുന്ന പൗരത്വ നിയമപ്രശ്നങ്ങളും കലാപങ്ങളും താങ്കളെ അലട്ടുന്നില്ലേ?
ഈ അവസ്ഥയെ ഞാന്‍ അതിഭീകരമായി ഭയക്കുന്നുണ്ട്. ബി.ജെ.പി ബോധപൂര്‍വമുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. സാമ്പത്തിക മേഖലയില്‍ പരിപൂര്‍ണ പരാജയമാണ് ഈ സര്‍ക്കാര്‍. ഞാന്‍ ജോലിചെയ്യുന്ന ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും പൊളിഞ്ഞ് താറുമാറായി. കേന്ദ്രസര്വീസിലിരിക്കുന്നവര്ക്ക് നേരാംവണ്ണം ശമ്പളം കൊടുക്കാന്‍ കാശില്ല. ബി.എസ്.എന്‍.എല്ലില്‍ വ്യാപകമായ സ്വയം വിരമിക്കലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാനൂറ് പേരാണ് വിരമിച്ചത്. ഒരു കാലത്ത് എത്ര പ്രതാപത്തില്‍ ഇരുന്ന സ്ഥാപനമായിരുന്നു. നയതന്ത്രത്തിലും സാമ്പത്തികാസൂത്രണത്തിലും സര്ക്കാന് വന്‍ വീഴ്ചവരുത്തി. നരസിംഹറാവു സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത എല്ലാ സംവിധാനങ്ങളും പാടേ തകിടംമറിഞ്ഞു.
അത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കേ ജനങ്ങളുടെയും മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ഏകപോംവഴിയാണ് ഈ പുകമറ സൃഷ്ടിക്കല്‍. ഇവിടെ മാത്രമല്ല ലോകത്തുള്ള എല്ലാ സ്ഥലത്തും ഭരണപരമായിട്ടുള്ള പാളിച്ചകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ ഭീതിയിലാഴ്ത്തി യഥാര്ഥപ്രശ്നത്തില് നിന്നും ശ്രദ്ധതിരിപ്പിക്കാറുണ്ട്. ശ്രീലങ്കന്‍ ഇക്കോണമി തകര്‍ച്ചയിലെത്തിയപ്പോള്‍ ശ്രീലങ്കന്‍ ഗവണ്മെന്റ് ഉണ്ടാക്കിയതാണ് അവിടുത്തെ വംശീയകലാപം. ബോധപൂര്‍വമാണ് ഇതെല്ലാം. അസമില്‍ മാത്രം പതിനയ്യായിരം കോടി രൂപയാണ് പൗരത്വസംബന്ധമായ നടപടികള്‍ക്ക് ചെലവിട്ടത്. ഇന്ത്യ മുഴുവനാണെങ്കില്‍ അത് രണ്ടേകാല്‍ ലക്ഷം കോടി രൂപ വേണ്ടി വരും. അത്രയും കോടി രൂപ ഒരു കണക്കെടുപ്പിന് നീക്കിവെക്കാന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കയ്യിലുണ്ടോ? അത്രയും രൂപ ചെലവിട്ട് പൗരത്വമില്ലാത്തവരെ ഡിറ്റന്‍ഷന്‍ ക്യാംപിലെത്തിച്ചു എന്നിരിക്കട്ടെ, ഇവരെയൊക്കെ എങ്ങനെ തീറ്റിപ്പോറ്റും? അതിനെവിടെയാണ് ഇന്ത്യയുടെ കയ്യില്‍ പണം? അപ്പോള്‍ എന്തിനാണ് മോദിയും അമിത്ഷായും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? ഭീതി സൃഷ്ടിക്കലാണ് ഉദ്ദേശ്യം. ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞാല് പിന്നെ പ്രശ്നം എന്തെന്നല്ല അന്വേഷിക്കുക, ഹിന്ദുവോ മുസ്ലീമോ എന്നാണ്. അങ്ങനെയൊരു വിഭജനം മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിന്റെയെല്ലാം ലാഭവും ബി.ജെ.പിയ്ക്കാണ്.
മുസ്ലിങ്ങളൊഴിച്ച് ഒരു വിഭാഗവും വളരെ ശക്തമായിട്ട് പൗരത്വനിയമത്തിനെതിരേ ശക്തമായിട്ട് പ്രതിഷേധിക്കുന്നില്ല. മുസ്ലിങ്ങളുടെ വോട്ടും വേണം എന്നാല്‍ ഹിന്ദുക്കളുടേത് പോകാനും പാടില്ല എന്ന നിലപാടാണ് എല്ലാ പാര്‍ട്ടിക്കാര്‍ക്കും. കോണ്‍ഗ്രസ് വ്യക്തമായി എന്തെങ്കിലും നിലപാട് പറഞ്ഞോ?മുസ്ലിങ്ങളുടെ മാത്രം ആകുലതയായി ഈ പ്രശ്നം മാറി.
പൊത്ത എന്നുപേരുള്ള ഒരു മീനുണ്ട് ഇവിടെ. പൊത്തമീനിന്റെ സ്വഭാവം എന്താന്നുവച്ചാല് അതിങ്ങനെ വെള്ളത്തിനുമുകളില്‍ നില്ക്കും പിടിക്കാന്‍ പോയാല്‍ അതിന്റെ വാല് കൊണ്ട് ചേറിളക്കി വെള്ളം കലക്കി രക്ഷപ്പെട്ടുകളയും. പൊത്തകലക്കിയതുപോലെ എന്നു പറഞ്ഞാല്‍ ഒരു പ്രശ്നവുമായി നമ്മള് ചെല്ലുമ്പോള്‍ പത്തുപതിനഞ്ച് പ്രശ്നങ്ങള്‍ മുന്നോട്ടുനിരത്തി രക്ഷപ്പെടുന്ന തന്ത്രമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പൊത്തകലക്കിക്കൊണ്ടിരിക്കുകയാണ്.
Content Highlights: Indian Author Jayamohan Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..