ഗീതാഞ്ജലി ശ്രീ | ഫോട്ടോ: സന്തോഷ് കെ. കെ
'രേത് സമാധി' എന്ന നോവലിന്റെ പരിഭാഷയായ 'Tomb of Sand' -ലൂടെ ബുക്കര്‍ സമ്മാന ജേതാവായ ഹിന്ദി എഴുത്തുകാരിയാണ് ഗീതാഞ്ജലി ശ്രീ. തന്റെ എഴുത്തിന്റെ ലോകങ്ങളെക്കുറിച്ചും സര്‍ഗാത്മക കാഴ്ചപ്പാടുകളെക്കുറിച്ചും അവര്‍ തുറന്നുപറയുകയാണിവിടെ. വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം...
ഉത്തര്‍പ്രദേശ് ഗാസിയപൂരിലെ മൈന്‍പുരിയില്‍ ജനിച്ചുവളര്‍ന്ന ഗീതാഞ്ജലി പാണ്ഡേ എന്ന പെണ്‍കുട്ടി തന്റെ പേരില്‍ അക്കാലത്തെ പതിവിന് വിപരീദമായ മാറ്റം വരുത്തിയാണ് സ്വത്വസംരക്ഷണം എന്ന വലിയ ടാസ്‌ക് ആദ്യം നടപ്പിലാക്കുന്നത്. കിടക്കട്ടെ പേരിനൊപ്പം ഒരു ഐശ്വര്യം എന്ന ചിന്തയില്‍ നിന്നുണ്ടായതല്ല ശ്രീ എന്ന സര്‍നെയിം. പാണ്ഡെയ്ക്ക് പകരം ചേര്‍ത്ത ശ്രീയ്ക്കു പിന്നിലെ ആ സംഭവകഥപറയാമോ?
ഞാനൊരു സ്ട്രോങ് ഫെമിനിസ്റ്റ് ആയതുകൊണ്ടാണ് എന്റെ സര്‍നെയിം ശ്രീ എന്നു സ്വീകരിച്ചത് എന്നാണ് പലരുടെയും ധാരണ. അത് അങ്ങനെത്തന്നെ നില്‍ക്കട്ടെ. എനിക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനായി അച്ഛന്‍ എന്നെയും കൊണ്ട് ബാങ്കില്‍ പോയി. ആദ്യമായി ലഭിച്ച ചെക്ബുക്കില്‍ ഞാന്‍ ഒപ്പിടേണ്ട സ്ഥലം കാണിച്ചുതന്ന അച്ഛന്‍ ഞാന്‍ എഴുതുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗീതാഞ്ജലി പാണ്ഡെ എന്ന് എഴുതി ഒപ്പിടുന്നത് അദ്ദേഹം വിലക്കി. അച്ഛന്‍ പറഞ്ഞു: 'പാണ്ഡേ എന്ന് ചേര്‍ക്കണ്ട. പെണ്‍കുട്ടികളുടെ സര്‍നെയിം വിവാഹശേഷം മാറും. ഭര്‍ത്താവിന്റെ പേരാണ് സര്‍നെയിം ആയിട്ട് വരിക. ഗീതാഞ്ജലി എന്നുമാത്രം എഴുതിയാല്‍ മതി.'
എന്റെ സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന പേര് എക്കാലത്തേക്കും എന്നോടൊപ്പം ചേര്‍ക്കാന്‍ പറ്റില്ല, അത് മാറിക്കൊണ്ടേിയിരിക്കും എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കിയിരുന്നു. വിവാഹശേഷം എന്റെ പേര് മാറുന്നു, എന്റെ ഭര്‍ത്താവിന്റെ പേരില്‍ മാറ്റം വരുന്നില്ല. അതുവരെ അച്ഛന്റെ പേരിനൊപ്പമുള്ള പാണ്ഡെ എന്റെകൂടെയുണ്ട്, പക്ഷേ എന്റെ അമ്മയുടെ പേര് എവിടെയാണുള്ളത്? അമ്മയാണ് കുട്ടികളോടൊപ്പം എല്ലായ്പ്പോഴും ഉള്ളത്. അമ്മയാണ് വളര്‍ത്തിയത്. വ്യക്തിപരമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതും അടുപ്പവും അമ്മയോടൊപ്പമാണ്. അതേ അമ്മ സ്വന്തം മക്കളുടെ ഔദ്യോഗിക രേഖകളില്‍ നിന്നും എങ്ങനെയാണ് മാഞ്ഞുപോകുന്നത്?
എന്റെ അമ്മയുടെ പേര് എക്കാലത്തേക്കുമായി എന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത് അവിടെ വെച്ചാണ്. ശ്രീകുമാരി പാണ്ഡേ എന്നാണ് അമ്മയുടെ പേര്. അച്ഛന്റെ പേരായ അനിരുദ്ധ് പാണ്ഡേയുടെ മേല്‍വിലാസത്തിലേക്കാണ് വിവാഹശേഷം അമ്മയുടെ സര്‍നെയിം മാറിയത്. ആ സമ്പ്രദായം തുടരാന്‍ എനിക്ക് ഉദ്ദേശ്യമില്ല എന്ന തീരുമാനത്തില്‍ അമ്മയുടെ പേരിന്റെ ആദ്യഭാഗം ഞാന്‍ എന്റെ സര്‍നെയിമാക്കി. നമുക്ക് വേണ്ടി ജീവിക്കുന്നവരെ സ്വന്തം പേരിലൂടെ അടയാളപ്പെടുത്തുകയാണ് ഞാന്‍ ചെയ്തത്.
'വളരെ ദുര്‍ബലമായ നടുവുമായി ജീവിക്കുന്ന അമ്മയെ നമുക്കെല്ലാവര്‍ക്കും എക്കാലവും അറിയാം' എന്നു പറഞ്ഞുകൊണ്ടാണ് ശ്രീയുടെ പ്രഥമനോവലായ 'മായ്' ആരംഭിക്കുന്നത്. ഒരു സര്‍വകലാശാലയിലെ കഫ്റ്റേരിയിയില്‍ വന്നുവീഴുന്ന ബോംബ് പൊട്ടി കൊല്ലപ്പെടുന്ന 19 പേരില്‍ തന്റെ മകനെയും തിരിച്ചറിയുന്ന അമ്മയാണ് 'എംപ്റ്റി സ്പേസ്' എന്ന നോവലിലെ കഥാപാത്രം. ഉത്തരേന്ത്യയിലെ മധ്യവര്‍ഗകുടുംബത്തിലെ മൂന്നു പെണ്‍തലമുറയുടെയും അവര്‍ക്കുചുറ്റുമുള്ള പുരുഷന്മാരുടെയും കഥ അസാധ്യമായി പറഞ്ഞ 'തിരോഹിത്', ഭര്‍ത്താവിന്റെ മരണശേഷം തന്റെ നാട്ടിലേക്ക്- ഇപ്പോഴത്തെ പാകിസ്താനിലേക്ക് പോകണമെന്ന് വാശിപിടിക്കുന്ന എണ്‍പത് വയസ്സായ അമ്മയുടെയും ഒപ്പം നടക്കുന്ന മകള്‍ റോസിയുടെയും കഥപറയുന്ന 'രേത് സമാധി'...ഗീതാഞ്ജലി ശ്രീ അവതരിപ്പിക്കുന്ന പെണ്ണുങ്ങളെല്ലാം നമുക്ക് ചുറ്റുമുള്ളതും എന്നാല്‍ പിടിതരാത്തതുമായ ഗംഭീര പെണ്ണുങ്ങളാണ്.
മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതോ മനഃപൂര്‍വം ചെയ്തുവെച്ചതോ ആയ ഒരു സംഭവവും എന്റെ കഥകളിലോ നോവലുകളിലോ ഇല്ല. സ്വാഭാവികമായും ഞാന്‍ ജീവിക്കുന്ന ലോകത്തിന്റെ ഒരു ഉത്പന്നമാണ് ഞാനും. ഈ ലോകം മുഴുവന്‍ പൊളിറ്റിക്സ് നിറഞ്ഞതാണ്. വിവേചനങ്ങള്‍ കൊണ്ടുള്ളതാണ്, സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളും വേര്‍തിരിവുകളും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് സമൂഹത്തില്‍ ഉള്ള പങ്കിനെക്കുറിച്ച് അവബോധമില്ലായ്മയും കൊണ്ട് നിറഞ്ഞതാണ്. സ്ത്രീകളുടെ കഥകള്‍ ഇനിയും പറയപ്പെടാതെ കിടക്കുകയാണ്.
ഇനിയും ലഭിക്കാത്തതായ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് എഴുത്തുകാരുടെ ധര്‍മം. സമൂഹത്തില്‍ വള്‍നറബിള്‍ ആയിട്ടുള്ള, നമ്മുടെ ചരിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയവരെക്കുറിച്ച് എഴുതുക തന്നെവേണം. എന്റെ കഥയിലെ പെണ്ണുങ്ങളെ ഞാന്‍ പിടിച്ചുവലിച്ചുകൊണ്ടുവന്നതല്ല. സ്വാഭാവികമായും അവര്‍ വന്നുചേര്‍ന്നതാണ്. കഥകള്‍ പറയേണ്ടിയിരുന്നത് അവര്‍ക്കായിരുന്നു. കാരണം, ഓരോ കുടുംബത്തിലും ഓരോ വ്യക്തിജീവിതത്തിലും അവര്‍ പ്രധാനപ്പെട്ട റോളില്‍ ഉണ്ടാവുകയും എന്നാല്‍ രേഖപ്പെടുത്തപ്പെടാതിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
നമ്മള്‍ പലപ്പോഴും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ പെണ്‍കഥാപാത്രങ്ങള്‍ സ്റ്റീരിയോടൈപ്പുകളാണ്. ഈ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ വിചാരണ ചെയ്തപ്പോള്‍ എനിക്കു കിട്ടിയത് തികച്ചും വ്യത്യസ്തമായ കുറച്ചു സ്ത്രീകളെയാണ്. ശാന്തരായ, മൂകരായ, ആണിനെ അനുസരിക്കുന്ന, വിനീതവിധേയരായ സ്ത്രീകള്‍ക്കുള്ളിലെ കലാപകാരികളെ, ദൃഢചിത്തരായവരെ കണ്ടെത്തിയപ്പോള്‍ അവരെക്കുറിച്ച് സംസാരിക്കണം എന്നെനിക്കുതോന്നി. അങ്ങനെയാണ് 'മായ്', 'തിരോഹിത്' പോലുള്ള നോവലുകള്‍ ഉണ്ടാവുന്നത്.
.jpg?$p=79c0b37&&q=0.8)
ഞാനൊരു സ്ത്രീയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും സ്ത്രീകളെക്കുറിച്ച് മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത, കണ്ടെത്താത്ത കാര്യങ്ങള്‍ എനിക്ക് പരിചിതമാണ്. സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും സംസാരിക്കാന്‍എനിക്കു കഴിയുന്നത് അതുകൊണ്ടാണ്. അതിന്റെയര്‍ഥം സ്ത്രീകളെക്കുറിച്ച് മാത്രം എഴുതുക എന്നല്ല, പുരുഷന്മാരും ട്രാന്‍സ്ജെന്‍ഡറുകളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവരും എഴുത്തില്‍ വന്നുചേരുന്നത് സ്വാഭാവികം.
ശ്രീയുടെ കഥകള്‍ക്ക് അധികവും പശ്ചാത്തലമായിരിക്കുന്നത് കുടുബമാണ്. എഴുത്തുകാരികള്‍ മുഖ്യമായും എഴുതുന്നത് കുടുംബകഥകളാണ്, കുടുംബത്തിനപ്പുറത്തേക്ക് എഴുതുക എന്നത് അവരുടെ പരിമിതിയാണ് എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടാവാറില്ലേ?
അഞ്ചു നോവലുകളും അനവധി കഥകളും ഞാന്‍ എഴുതിയിട്ടുണ്ട്. എല്ലാറ്റിലും സ്ത്രീയും കുടുംബവുമല്ല പ്രധാനപ്രമേയമായി വന്നിട്ടുള്ളത്. എഴുത്തില്‍ എല്ലായ്പ്പോഴും വീടും കുടുംബവും കേന്ദ്രപശ്ചാത്തലമായി വരുന്നതില്‍ എനിക്കൊരു പ്രശ്നവും തോന്നുന്നുമില്ല. ഏത് ചെറിയ സംഗതിയെടുത്ത് പരിശോധിച്ചാലും അതിന്റെ ചുറ്റുപാടിനെ നിര്‍ണയിക്കുന്ന ഒരു കുടുംബം കാണാം. വീടും കുടുംബവും ഈ ലോകത്തെയാകെമാനം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. രാഷ്ട്രീയവും യുദ്ധവും പതനങ്ങളും മനോഭാവങ്ങളും എല്ലാം കുടുംബത്തിലാണ് ആദ്യം ഉരുവം കൊള്ളുന്നത്. കുടുംബത്തില്‍ ഉണ്ടാവേണ്ടതും എന്നാല്‍ ഇല്ലാത്തതുമായ പല കാര്യങ്ങളിലേക്കുള്ള എന്റെ ഫോക്കസ് പലപ്പോഴും എഴുത്തുകളായി പരിണമിക്കാറുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദു-മുസ്ലീം ബന്ധങ്ങളെക്കുറിച്ച് 'ഹമാരാ സഹര്‍ ഉസ് ബരസ്' എന്ന നോവല്‍ എഴുതാനിടയായത് അങ്ങനെയാണ്. മനുഷ്യബന്ധങ്ങളുടെ ചരിത്രവും അസ്വാരസ്യവും സൗഹൃദവും രാഷ്ട്രീയവും ജീവിതവും വിശദമാക്കുകയാണ് ആ നോവലിലൂടെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്.
എല്ലാം സംഭവിക്കുന്നത് കുടുംബത്തിലാണ്. കൊട്ടിയടയ്ക്കപ്പെട്ടതാണെന്നും നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതുമാണ് കുടുംബമെന്നും ലോകം എന്നത് പുറത്തുള്ള കാഴ്ചയാണ് എന്നുമാണ് എല്ലാവരുടെയും ധാരണ. അസംബന്ധമാണത്. ഈ മുഴുലോകം തന്നെയാണ് കുടുംബം. രാജ്യത്തെ രാഷ്ട്രീയം തന്നെ എടുത്തുനോക്കൂ, കുടുംബാംഗങ്ങളില്‍ തീവ്ര വലതുപക്ഷക്കാരെയും അതിതീവ്ര ഇടതുപക്ഷക്കാരെയും കാണാന്‍ കഴിയും. എല്ലാ വീക്ഷണങ്ങളും നമുക്ക് കുടുംബത്തില്‍ നിന്നുതന്നെ ആദ്യം ലഭിക്കും. അയോധ്യവിഷയത്തില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. എതിര്‍ത്തും അനുകൂലിച്ചും ഒരേ കുടുംബത്തിലുള്ളവര്‍ വാദപ്രതിവാദങ്ങള്‍ നടത്തിയിട്ടുണ്ട്. കുടുംബത്തില്‍ നടക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് പുറത്തും നടക്കുന്നത്. ഏത് കഥ പറയാനും ഏറ്റവും നല്ല പശ്ചാത്തലം കുടുംബം തന്നെയാണ്.
'രേത് സമാധി'യിലെ അമ്മ സ്വാതന്ത്ര്യാനന്തര ഇന്ത്യയെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. താന്‍ ജനിച്ചുവളര്‍ന്ന ദേശത്തേക്ക് പോകണം എന്ന് വാശി പിടിക്കുന്ന അമ്മ വായിക്കുമ്പോള്‍ അവിഭക്ത ഇന്ത്യയെ, വിഭജനം ഒരിക്കലും ആഗ്രഹിക്കാതിരുന്ന ഇന്ത്യന്‍ ദേശീയ നേതാക്കളെ, മതദ്വേഷങ്ങളില്ലാതിരുന്ന ലാഹോറിനെ, വിഭജനം കഴിഞ്ഞപ്പോള്‍ മക്കള്‍ പാകിസ്താനിലും അമ്മ ഇന്ത്യയിലുമായിപ്പോയ അനേകമനേകം സാധാരണക്കാരുടെ പ്രതിനിധിയായിത്തീരുന്നുണ്ട്.
സര്‍ഗാത്മക എഴുത്ത് എന്നത് വെറുമൊരു സെറിബ്രല്‍ ആക്ടിവിറ്റിയല്ല. നോവലെഴുതുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി ബോധ്യമുള്ളതിനെക്കുറിച്ചുള്ളതെല്ലാം എഴുത്തായി വരും. നോവല്‍ എഴുതി അച്ചടിക്കുന്നതുവരെ മാത്രമേ പ്രമേയം എഴുത്തുകാരുടെ കയ്യില്‍ നില്‍ക്കുന്നുള്ളൂ. അച്ചടിച്ച് പുസ്തകമായാല്‍ നിങ്ങള്‍ പറഞ്ഞതുപോലെയുള്ള അഭിപ്രായങ്ങള്‍ വന്നുചേരും. സിദ്ധാന്തങ്ങള്‍ കൃതിക്കുമേല്‍ ആധിപത്യം സ്ഥാപിക്കും. അതെല്ലാം കഥാപാത്രങ്ങളുടെ നല്ല വളര്‍ച്ചയ്ക്ക് സഹായകമാവുന്നതാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജീവിക്കുന്ന 'രേത് സമാധി'യിലെ അമ്മ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചത്. അവരുടെ കാലത്തെ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന, തന്റെ നാട് എന്താണെന്നുള്ളത് അനുഭവിച്ചറിഞ്ഞ അമ്മയെ സംബന്ധിച്ചിടത്തോളം വിഭജനാനന്തര ഇന്ത്യ, പാകിസ്താന്‍ എന്നുള്ള സങ്കല്പമില്ല. ആദ്യകാല ഇന്ത്യയുടെ പാരസ്പര്യത്തിന്റെ ഓര്‍മയിലാണ് അവര്‍ ഇപ്പോഴും ജീവിക്കുന്നത്. എന്റെ കേന്ദ്രകഥാപാത്രം റോസിയാണ്. നിങ്ങള്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത് അമ്മയിലാണ്. കാരണം വായന നിങ്ങളുടേതാണ്.
എഴുത്തില്‍ മാതൃഭാഷയെ വളരെയധികം ഉപയോഗപ്പെടുത്തുകയും അതേസമയം വിശ്വഭാഷയില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാളുമാണ് താങ്കള്‍. ശ്രീയുടെ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം കവി പ്രേംചന്ദിനെക്കുറിച്ചുള്ളതാണ്. ഹിന്ദി ഭാഷയും സാഹിത്യവും എങ്ങനെയാണ് താങ്കളെ സ്വാധീനിച്ചിരിക്കുന്നത്?
പ്രേംചന്ദിനെക്കുറിച്ച് ഗവേഷണം നടത്താന്‍ ഞാന്‍ തുനിഞ്ഞിറങ്ങിയത് ഹിന്ദി സാഹിത്യത്തെക്കുറിച്ച് വിശദമായിത്തന്നെ പഠിച്ചിരിക്കണം എന്ന നിര്‍ബന്ധം കൊണ്ടുതന്നെയാണ്. പ്രേംചന്ദിനെക്കൂടാതെ ഹിന്ദി സാഹിത്യത്തിലെ അതികായരെ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴും പ്രേംചന്ദില്‍ ഞാന്‍ കൂടുതല്‍ ആകൃഷ്ടയായിരുന്നു.
ഒരു പ്രതിഭ അല്ലെങ്കില്‍ വ്യക്തി നമ്മളെ എത്രമാത്രം സ്വാധീനിച്ചു എന്ന് അളന്നുതിട്ടപ്പെടുത്താനുള്ള ഒരു ഉപകരണം നമ്മള്‍ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹിന്ദി സാഹിത്യത്തിലെ എന്റെ പൂര്‍വികര്‍ എന്നിലുളവാക്കിയ സ്വാധീനത്തെ എനിക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല. അവരുടെ എഴുത്തുകള്‍ ഞാന്‍ ഇഷ്ടപ്പെട്ടു, അനേകമനേകം വിധത്തിലുള്ള കഥപറച്ചില്‍ രീതികളില്‍ ഞാന്‍ ആകൃഷ്ടയായിട്ടുണ്ട്.
പ്രേംചന്ദിന്റെ രചനകള്‍ വളരെ ലളിതവും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നതുമാണ്. കാരണം, അദ്ദേഹത്തിന്റെ ലക്ഷ്യം സാധാരണക്കാരായ ജനങ്ങളോട് വളരെ ലളിതമായും വിനയത്തോടെയും അക്ഷരങ്ങളിലൂടെ സംവദിക്കുക വഴി അവരെ സാക്ഷരരാക്കുക എന്നതായിരുന്നു. പ്രേംചന്ദിന്റെ കാലത്തെ സാഹിത്യത്തിന്റെ പ്രധാന ലക്ഷ്യവും അതുതന്നെയായിരുന്നു.
അദ്ദേഹത്തിന്റെ കഥകള്‍ ലളിതമായിരുന്നു. പക്ഷേ അനേകം വ്യാഖ്യാനങ്ങളുടെ അടരുകള്‍ ആ കഥകളിലെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. 'കഫാന്‍' പോലുള്ള കഥകള്‍ എടുത്തുനോക്കുകയാണെങ്കില്‍ ധാരാളം ആന്തരാര്‍ഥങ്ങളും ഐറണികളും ആഴവും നമുക്ക് കാണാന്‍ കഴിയും. ഉപരിപ്ലവമായി കഥ വായിക്കുന്നയാളെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ കഥകളാണുതാനും. അതുകൊണ്ടാണ് പ്രേംചന്ദിലൂടെ എന്റെ മാതൃഭാഷാസാഹിത്യത്തെക്കുറിച്ച് ഞാന്‍ വിശദമായി പഠിക്കാന്‍ തീരുമാനിച്ചത്.
പ്രേംചന്ദിന്റെ കാലവും കഴിഞ്ഞ് വളരേക്കാലം കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ പഠിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിന്റെയും മനുഷ്യരുടെയും മറ്റെല്ലാറ്റിന്റെയും അടിസ്ഥാനസ്വഭാവവും ഭാവവും മാറിക്കഴിഞ്ഞിട്ടുണ്ട്. യാഥാര്‍ഥ്യങ്ങള്‍ ഏറെക്കുറേ വളഞ്ഞൊടിഞ്ഞിരിക്കുന്ന കാലമാണ്. അര്‍ഥശങ്കകള്‍ മാത്രമേയുള്ളൂ. അതേസമയം ലോകം മുഴുവനായും തുറന്നിട്ടിരിക്കുകയാണ്.
അതിരുകള്‍ അലിഞ്ഞുപോവുകയും ഒപ്പം അതിരുകളുടെ ആവശ്യകത ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന തികച്ചും വ്യത്യസ്തമായൊരു ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. പ്രേംചന്ദിന്റെ ശൈലിയില്‍ കഥപറയേണ്ട കാലവുമല്ല ഇത്. തീര്‍ച്ചയായും അതെന്റെ രീതിയുമല്ല. അത്തരത്തിലാണ് ഓരോ എഴുത്തുകാരും എന്നെ സ്വാധീനിക്കുന്നത്. ഞാന്‍ എന്റെതായ എഴുത്തുവഴികള്‍ കണ്ടെത്തുന്നു. എന്നിരുന്നാലും പ്രേംചന്ദ് ഒരു തരം ആനന്ദം തന്നെയാണ്.
മഹാഭാരതമാണ് അത്തരത്തില്‍ എന്നെ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം. ധാരാളം ആഖ്യാനതന്ത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മഹാഭാരതം. ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ കഥകള്‍ പറഞ്ഞുതുടങ്ങുന്നു. കുട്ടികള്‍ക്കുപോലും ഇഷ്ടമാവുന്നു. എന്നാല്‍ അത്രയും കനപ്പെട്ട ദാര്‍ശനികഗ്രന്ഥമാണുതാനും. മഹാഭാരതത്തിന് പലതരം റേഞ്ചാണ് ഉള്ളത്. വളരെ സങ്കീര്‍ണമായവിഷയങ്ങളും ലളിതമായവും കൈകാര്യം ചെയ്യുന്നുണ്ട്.
സമ്മിശ്രമായ പ്രമേയങ്ങളുടെ കൈകാര്യം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെതായ ആഖ്യാനശബ്ദം കണ്ടെത്താന്‍, എന്റേതായ ആഖ്യാനകവാടം ലോകത്തിനായി തുറക്കാന്‍ എന്നെ അനുവദിച്ചത് മഹാഭാരതമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ എഴുത്തുകാരും മറ്റ് എഴുത്തുകാരെ സ്വാധീനിച്ചേക്കാം. അത് അനുകരണമല്ല. മറ്റു കൃതികളില്‍ നിന്നും ഉള്‍ക്കൊണ്ടുകൊണ്ട് അവനവന്റെതായ രീതിയില്‍ അവതരിപ്പിക്കുന്നവരാണ് എഴുത്തുകാര്‍.
'എന്നാല്‍ സംഗതിയുടെ ആകെത്തുക ഇതാണ്: ജീവിതം ജീവിതമാണ്, മരണം മരണമാണ്, മരിച്ചത് മരിച്ചു, പോയത് പോയി, തിരക്ക് തിരക്കാണ്. മഹത്തായ വസ്തുക്കളും നിധികളും ഓര്‍മ്മകളും ഒരിക്കലും തിരിച്ചുവരാതെ പോയാല്‍ സാധാരണ നിത്യോപയോഗസാധനങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഒന്നുംസംഭവിക്കില്ല.' 'രേത് സമാധി'യില്‍ ശ്രീ ഇങ്ങനെ എഴുതിയിരിക്കുന്നു. എന്തെഴുതുന്നു എന്നതിനേക്കാള്‍ രസകരം എങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്. ഭാഷ അതിന്റെ ലക്ഷ്യം കൈവരിക്കുന്ന നര്‍മം, വാക്യങ്ങളുടെ മാന്ത്രികത, വാക്കുകള്‍ കരണംമറിയുന്ന, അര്‍ഥങ്ങളും ആഖ്യാനങ്ങളും ചിന്തയെ കീഴ്മേല്‍ മറിക്കുന്ന അനുഭവം തരുന്ന എഴുത്തുകളാണ് ശ്രീയുടേത്. 'രേത് സമാധി' മാത്രമല്ല, 'മായും' 'തിരോഹിതു'മെല്ലാം അതിനുദാഹരണങ്ങളാണ്.
നര്‍മം എന്നത് ചിരിക്കാനുള്ള വിഷയമല്ല. നര്‍മം ആസ്വദിക്കുന്നതോടൊപ്പം ഗൗരവമായതെന്തോ നടക്കുന്നുണ്ടെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. അതാണ് നല്ല നര്‍മം. ചാര്‍ളി ചാപ്ളിന്‍ തന്നെ നല്ല ഉദാഹരണമാണ്. ഏതൊരു കുട്ടിക്കും ചാപ്ലിന്‍ നര്‍മം ആസ്വദിക്കാന്‍ കഴിയും. ലോകത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് വളരെ ആഴത്തില്‍ ആസ്വാദകഹൃയത്തില്‍ മുറിവേല്‍പിക്കുന്ന സന്ദേശമാണ് ചാപ്ലിന്‍ തന്റെ നര്‍മത്തിലൂടെ സംവദിച്ചുകൊണ്ടിരുന്നത്.
തികച്ചും സങ്കടകരമായ വസ്തുതകളാണ് അദ്ദേഹം ജനങ്ങള്‍ക്കും സമൂഹത്തിനും മുമ്പില്‍ അവതരിപ്പിച്ചത്. വര്‍ഗവിവേചനങ്ങള്‍, സാമൂഹ്യതിന്മകള്‍, സ്വേച്ഛാധിപത്യങ്ങള്‍, അനീതി... എല്ലാം അദ്ദേഹം നര്‍മത്തിലൂടെ അവതരിപ്പിക്കുക വഴി സമൂഹം എങ്ങോട്ടാണ് പോവുന്നതെന്ന് കാണിച്ചുതരികയാണ് ചെയ്തത്. അത് നമ്മള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ നമ്മള്‍ക്ക് ദുഃഖമുണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം നമ്മള്‍ ചിരിച്ചുകൊണ്ടേയിരിക്കും. നര്‍മം വളരെ ഗൗരവതരമായ ഒന്നാണ്.
വളരെ ഗൗരവപ്രാധാന്യമുള്ള ഒരു കാര്യം അതിലും ഗൗരവത്തോടെയും സങ്കടത്തോടെയും അവതരിപ്പിച്ചാല്‍ അത് തീര്‍ത്തും പരാജയമായിരിക്കും. പറയാനുള്ള വഴി മാറ്റിപ്പിടിക്കുക തന്നെ വേണം. അവതരിപ്പിക്കേണ്ടുന്ന വിഷയത്തിന് അത്യന്തം ശ്രദ്ധ കിട്ടേണ്ട സന്ദര്‍ഭത്തില്‍ കൂടുതല്‍ ഗൗരവം വാക്കുകളിലും സംഭവങ്ങളിലും കൊണ്ടുവന്നിട്ട് കാര്യമില്ല. അവിടെയാണ് നര്‍മം എന്ന ആഖ്യാനതന്ത്രത്തിന്റെ പ്രസക്തി. വളരെ ഗൗരവമാര്‍ന്ന ഒരു വിഷയത്തെ ലളിതമായി അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കപ്പെടും.
.jpg?$p=aa62323&&q=0.8)
കുട്ടികളെ പഠിപ്പിക്കേണ്ടത് ആസ്വദിച്ചുകൊണ്ടായിരിക്കണം എന്ന് എഴുതിപ്പഠിപ്പിച്ചാല്‍ അത് ബോറായിരിക്കും. പകരം ആ ആശയബോധത്തോടെ നിങ്ങള്‍ കുട്ടികളോടൊത്ത് കളിച്ച് വീണ്ടും കളിച്ച് സംവദിക്കുകയാണെങ്കില്‍ നിങ്ങളുടെ ഉദ്ദേശ്യം നിവൃത്തിക്കപ്പെട്ടു. കുട്ടികള്‍ കളിയിലൂടെ കാര്യം പഠിച്ചു. അതുപോലെ തന്നെയാണ് എഴുത്തുകാരും ചെയ്യേണ്ടത്. ആഖ്യാനരീതി ലളിതമാക്കുക, നര്‍മം ഉപയോഗിച്ചുകൊണ്ട് ഗൗരവമാര്‍ന്ന വിഷയങ്ങള്‍ ആളുകളുടെ ചിന്തയിലേക്ക് കടത്തിവിടുക.
ഹോളോകോസ്റ്റ് പ്രമേയമാവുന്ന പുസ്തകങ്ങള്‍ നിങ്ങള്‍ പരിശോധിച്ചുനോക്കൂ, 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന സിനിമ നോക്കൂ, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിൽ കഴിയുന്ന അച്ഛനും മകനും. അച്ഛന് മകനെ ക്യാമ്പിൽ നിന്നും രക്ഷിക്കണം. അതിന് അയാള്‍ തിരഞ്ഞെടുക്കുന്നത് ഒരു ഗെയിം ആണ്. ഒളിഞ്ഞിരിക്കല്‍ ആണ് ഗെയിം. കണ്ടുപിടിക്കപ്പെട്ടാല്‍ കളിയില്‍ തോറ്റുപോകും എന്ന് അച്ഛന്‍ മകനോട് പറയുമ്പോള്‍ കണ്ടുപിടിക്കപ്പെടാതിരിക്കാനായി മകന്‍ ഒളിച്ചിരിക്കുന്നു. സംഭവത്തിന്റെ ഗൗരവം നമുക്ക് എല്ലാവര്‍ക്കുമറിയാം. പക്ഷേ അത് അവതരിപ്പിച്ചിരിക്കുന്നരീതിയാണ് നര്‍മത്തിലെ ഗൗരവം. നമ്മള്‍ ജീവിക്കുന്ന ലോകത്തെ ഭയാനകമായ യാഥാര്‍ഥ്യത്തെ അവതരിപ്പിക്കാന്‍, ജീവിതത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കാന്‍, കാര്യങ്ങള്‍ ഭേദപ്പെടും എന്ന് തിരിച്ചറിവുണ്ടാക്കാന്‍ ലഘുവായി അവതരിപ്പിക്കുക എന്നതാണ് എഴുത്തിന്റെ ധര്‍മം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നര്‍മത്തില്‍ ലാഘവത്വം കലര്‍ത്തുക വഴി ഇത് സാധ്യമാകും.
പതിനഞ്ചുകാരനായ ആണ്‍കുട്ടി തന്റെ പ്രണയിതാവിനെ ചുംബിക്കാനായുമ്പോള്‍ അവന്റെ വായില്‍ നിന്നും ചാടുന്ന ഉമിനീര്‍... അതിലുമൊരു തരത്തില്‍ നര്‍മം ആണ് ഉള്ളത്. വളരെ പ്രേമാതുരമായ ഒരു സംഗതി നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ രസച്ചരട് പാടേ മുറിച്ചെറിഞ്ഞുകൊണ്ട് ചാടുന്ന ഉമിനീര്‍ പ്രണയത്തെ തന്ന റദ്ദുചെയ്തുകളയുന്നു. ആണുങ്ങളെക്കുറിച്ച് കളിയായിപ്പറയാനായി നോവലില്‍ പതിനഞ്ച് പേജ് നീക്കിവെച്ചു എന്നൊക്കെയുള്ള കമന്റുകള്‍ നേരിട്ട എഴുത്തുകാരിയാണ് ശ്രീ.
അതൊക്കെ സ്വാഭാവികമായും എവിടെയെങ്കിലുമൊക്കെ നടന്നിട്ടുണ്ടാവില്ലേ? മനുഷ്യരുടെ കാര്യത്തില്‍ അങ്ങനെ എന്തെല്ലാം നടക്കുന്നുണ്ട്. എനിക്കിപ്പോള്‍ ഓര്‍മ വരുന്നത് 'കോളറക്കാലത്തെ പ്രണയ'ത്തിലെ ഒരു രംഗമാണ്. അത്രയും കാലം കാത്തിരുന്ന പ്രണയിനിയെ ഒരു ധനികന്‍ വിവാഹം കഴിക്കുന്നു. നായകന്റെ യഥാര്‍ഥ പ്രണയം കാരണം അയാള്‍ വിവാഹിതയായ പ്രണയിനിയെ കാത്തിരിക്കുന്നു. ഒടുക്കം ധനികനായ ഭര്‍ത്താവ് മരിക്കുന്നു. അപ്പോഴേക്കും അവര്‍ എണ്‍പതുകളില്‍ എത്തിയിട്ടുണ്ട്. കമിതാക്കളുടെ വയസ്സുകാലത്തെ സമാഗമം മര്‍ക്കേസ് വിവരിച്ചിരിക്കുന്നത് എത്ര ഭംഗിയായിട്ടാണ്!
എഴുത്തുകാരന്‍ അബ്സര്‍ഡ് വളര്‍ത്തിയത് അവിടെയാണ്. ഭര്‍ത്താവ് മരിച്ചതോടെ തങ്ങളുടെ അനര്‍ഘനിമിഷങ്ങള്‍ വന്നണഞ്ഞിരിക്കുന്നു എന്ന് കമിതാക്കള്‍ കരുതുന്നു. ആഹ്ളാദത്തിന്റെയും പ്രതീക്ഷയുടെയും നിമിഷങ്ങളാണ് അത്. നായകന്‍ സന്തോഷം കൊണ്ട് ഓടുന്നത് ബാത്റൂമിലേക്കാണ്. സന്തോഷമടക്കാന്‍ അയാള്‍ തിരഞ്ഞെടുത്തത് ബാത്റൂമാണ്.
ഭര്‍ത്താവ് മരണപ്പെട്ട വേളയില്‍ ദുഃഖത്തിലിരിക്കുന്ന ഭാര്യ തൊട്ടടുത്തുനില്‍ക്കുന്ന കുട്ടി കഴിച്ചുകൊണ്ടിരിക്കുന്ന ചോക്ലേറ്റില്‍ നിന്നും ഒരു കഷ്ണം വാങ്ങി കഴിക്കുന്നത് അബസര്‍ഡ് ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഒരു മിഠായി കഴിച്ചു എന്നുകരുതി ദുഃഖം ദുഃഖമല്ലാതായി മാറുന്നില്ലല്ലോ. കാര്യങ്ങളെ ലാഘവത്തോടെ കണ്ടാല്‍ മതിയല്ലോ.
ശ്രീയുടെ എഴുത്തുരീതികള്‍ എങ്ങനെയാണ്?
തനിക്കറിയാവുന്ന കാര്യങ്ങള്‍ ബോധപൂര്‍വം എഴുതിവെക്കുന്നതല്ല എഴുത്ത് എന്ന പ്രക്രിയയില്‍ ഒരു എഴുത്തുകാരി/കാരന്‍ ചെയ്യുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ തലച്ചോറ് കൊണ്ട് മാത്രമല്ല എഴുതുന്നത്. മറ്റെല്ലാ ഇന്ദ്രിയങ്ങളും എഴുത്തില്‍ ഉള്‍പ്പെട്ടവരാണ്. അനുഭവിച്ചതും സാംശീകരിച്ചതുമായ എല്ലാസംഭവങ്ങളും ശേഖരിച്ചുവെച്ചിരിക്കുന്നത് എനിക്കുള്ളില്‍ത്തന്നെയുള്ള ഒരു പുരയിടത്തിലാണ്. അവബോധം എന്നാണ് ഞാനതിനെ വിളിക്കുന്നത്. ഇതിനെയെല്ലാം എന്റെ തലച്ചോറിലേക്ക് കയറ്റിവെക്കാന്‍ ഞാന്‍ ഒരുക്കമല്ല. എന്റെ വികാരങ്ങളോടും ഇന്ദ്രിയാനുഭവങ്ങളോടും ബന്ധപ്പെടുത്തിവെക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇവയൊന്നും എന്റെ ആത്മകഥാപരമായ അനുഭവങ്ങളുമല്ല. മറ്റുള്ളവരില്‍ നിന്നും അറിയുന്നതും അവരെ നിരീക്ഷിക്കുന്നതില്‍ നിന്നും ലഭിക്കുന്നതുമായവയാണ്. അവ ലഭിക്കുന്നത് എന്റെ വായനയില്‍ നിന്നാവാം. എന്റെ ചരിത്രാവബോധത്തില്‍ നിന്നാവാം, ഞാന്‍ അറിയുന്ന ഉഷ്ണത്തില്‍ നിന്നാവാം. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റും പറക്കുന്ന കൊതുകുകളില്‍ നിന്നാവാം. ഇവയെല്ലാം എന്റെയുള്ളില്‍ ഭദ്രമായിരിക്കുകയും കാലത്തിനനുസരിച്ച് സര്‍ഗശേഷിയുള്ളതായിത്തീരുകയും ചെയ്യുന്നു.
പേനയും പേപ്പറുമായി ഇരിക്കുമ്പോള്‍ എന്റെയുള്ളില്‍ ഒന്നും തന്നെയില്ലെന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ ഓര്‍മകളും അനുഭവങ്ങളും ഭാവനകളും എല്ലാം എന്നില്‍ത്തന്നെയുണ്ട്. പക്ഷേ ഭൗതികമായ തലച്ചോറിലല്ല എന്നുമാത്രം. അവയെല്ലാം പുറത്തിറക്കിക്കൊണ്ടുവരാന്‍ പേപ്പറും പിടിച്ച് കാത്തിരിക്കുതന്നെ വേണം. പയ്യെപ്പയ്യെ ഓരോന്നായി പുറത്തേക്കുവരാന്‍ അനുവദിച്ചുകൊടുക്കണം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വളരെ നിഡൂഢമായ ഏര്‍പ്പാടാണ്. ഏതുകഥയാണ് വരാന്‍ പോകുന്നതെന്ന് എനിക്കുതന്നെ അറിയാന്‍ കഴിയില്ല. ചിലപ്പോള്‍ പലകഥകളാല്‍ നിറഞ്ഞുകവിഞ്ഞ ഒരാളായിരിക്കും ഞാന്‍. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല.
'നിര്‍ഭയ' സംഭവം ഉണ്ടായപ്പോള്‍ ആ വിഷയത്തില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയായിരുന്നു. എനിക്ക് എഴുതണം, പക്ഷേ എങ്ങനെ എഴുതണം എന്ന് അറിയാത്ത അവസ്ഥയായി. കാരണം ഒരു ജേണലിസ്റ്റിക് റിപ്പോര്‍ട്ട് അല്ലായിരുന്നു ഞാന്‍ എഴുതേണ്ടത്. പക്ഷേ ആ സംഭവം എന്റെയുള്ളില്‍ വല്ലാതെ തറഞ്ഞുകിടപ്പുണ്ടായിരുന്നു. അതെന്നെ വേദനിപ്പിച്ചു.
ഇത്രയും വലിയ ഒരു പ്രശ്നം സംഭവിച്ചിട്ട് എങ്ങനെയാണ് മിണ്ടാതെയിരിക്കാന്‍ കഴിയുന്നത്, നിങ്ങള്‍ ഒരു എഴുത്തുകാരിയല്ലേ എന്ന് എന്റെ ബന്ധു ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; നിര്‍ഭയയെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ എനിക്കുകഴിയുന്നില്ല. ഇത്രയും ഭയാനകമായ പുരുഷ മനോഭാവത്തെക്കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്.
സ്ത്രീകള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. നമ്മളുടെ ചെറുപ്പകാലത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ ചിലപുരുഷന്മാര്‍ നമ്മളെ വഷളന്‍ കണ്ണുകളോടെ നോക്കിയിരുന്നു. അവരുടെ ഓരോ വൃത്തികെട്ട സ്പര്‍ശവും എനിക്ക് അസഹനീയമായിരുന്നു. അത് എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള അതിലംഘനമാണ്. ഇപ്പോഴും അതുനടന്നുകൊണ്ടേയിരിക്കുന്നു. ഈ സംഭവം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഞാന്‍ എഴുതി. വേദനാജനകമായിരുന്നു അത് കഥയാക്കുക എന്ന പ്രോസസ്. ഒരു സ്ത്രീ ഇരിക്കുന്നു, അവള്‍ക്കുചുറ്റും കൊതുകുകള്‍ പറക്കുന്നു. ആ കൊതുകുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം അവളരെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. ഭര്‍ത്താവ് പോലും സ്നേഹമില്ലായ്മയിലൂടെ നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമായി പരിണമിക്കുന്ന ട്രോമയായി മാറുന്നു. നിര്‍ഭയയ്ക്കുവേണ്ടി എനിക്കെഴുതാന്‍ കഴിയാതെയാവുന്നു. പകരം എന്റെ കഥാപാത്രം പ്രതിനിധിയാവുന്നു.
കേരളത്തില്‍ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തമ്മില്‍ വലിയ കൂട്ടുകെട്ടാണ് ഉള്ളത്. എഴുത്തുകാര്‍ ഓരോ ചലനങ്ങളിലും ഇടപെടും. ശബ്ദമുയര്‍ത്തും, പ്രതിഷേധിക്കും പരസ്യമായ അനുകൂലനിലപാടുകള്‍ പ്രസ്താവിക്കും. സത്യത്തില്‍ എന്താണ് എഴുത്തുകാരുടെ രാഷ്ട്രീയം എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
ഇന്നത്തെ കാലത്ത് എല്ലാവരും പൊളിറ്റിക്കലാണ്. നമ്മള്‍ ചെയ്യുന്ന എല്ലാറ്റിനും രാഷ്ട്രീയമാനങ്ങള്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ നിന്നും ആര്‍ക്കും ഇനി പുറത്തുകടക്കാനാവില്ല. പക്ഷേ ഓരോരുത്തരുടെയും അഭിപ്രായം പ്രകടിപ്പിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടാകും. സ്ത്രീയായതുകൊണ്ട് സ്ത്രീകളെക്കുറിച്ച് ഞാന്‍ എഴുതുന്നു എന്നത് വസ്തുതയാണ്. തീര്‍ച്ചയായും അത് രാഷ്ട്രീയമാണ്. സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ് ഞാന്‍ അട്ടിമറിക്കുന്നത്.
പൊളിറ്റിക്കലായതും പൊളിറ്റിക്കലായി നിലനില്‍ക്കുന്നതുമായ കാര്യങ്ങളാണ് ഞാന്‍ പ്രമേയമാക്കുന്നത്. കാരണം, ഞാന്‍ ജീവിക്കുന്നത് സമൂഹം കല്‍പിച്ചുതന്നിരിക്കുന്ന മറ്റൊരുശ്രേണിയിലൊന്നുമല്ല. പിതൃമേധാവിത്വലോകത്തില്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും പുറമേ എഴുത്തിനെ മുഖ്യമായി തിരഞ്ഞെടുത്തുകൊണ്ട് ജീവിക്കുന്നയാളാണ് ഞാന്‍. അതാണ് എന്റെ പൊളിറ്റിക്സ്. നിങ്ങളുടെ പൊളിറ്റിക്സ് പ്രകടിപ്പിക്കാന്‍ ഇവിടെ ധാരാളം വഴികളുണ്ട്. ഭാഷ അതില്‍ പ്രധാനപ്പെട്ടതാണ് എന്നാണ് എന്റെ നിലപാട്. ഞാന്‍ എന്നുപറയുമ്പോള്‍ എഴുത്ത് പൊളിറ്റിക്സ് ആക്കിയ എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് പറയുന്നത്.
.jpg?$p=3ca10ba&&q=0.8)
നമ്മുടെ പൊളിറ്റിക്സ് പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭാഷയോട്, സ്ത്രീ-പുരുഷ അസമത്വത്തിന്റെ അതിരുകള്‍ കൃത്യമായ ഭാഷാതിരഞ്ഞെടുപ്പിലൂടെ മായ്ച്ചുകളയുന്നവരോട്, മുന്‍വിധികളെ ഭാഷയാല്‍ അസാധുവാക്കുന്നവരോട്, അസാധാരണമായ ഭാഷയാല്‍ കാര്യങ്ങള്‍ അട്ടിമറിക്കുന്നവരോട് രാഷ്ട്രീയമായി ഇടപെടാന്‍ ഞാന്‍ തയ്യാറാണ്.
വ്യക്തമായും സ്പഷ്ടമായും പൊളിറ്റ്ക്സ് പ്രകടിപ്പിക്കുന്നവരെക്കുറിച്ചാണ് നിങ്ങള്‍ പറഞ്ഞത്. അത് അവരുടെ ഇഷ്ടമാണ്. ഞാനവരെ അഭിനന്ദിക്കുന്നു. അവരോട് പറയാനുള്ളത് ഒരു പ്രശ്നത്തിന്റെ ചുവട് പിടിച്ച് എഴുതാന്‍ നിര്‍ബന്ധിക്കാതെ എന്നെ സമാധാനപരമായും സ്വസ്ഥമായും എഴുതാന്‍ അനുവദിക്കണം എന്നാണ്. തികച്ചും മനുഷ്യത്വപരമായതും ദീര്‍ഘകാലമായി സഹിക്കുന്നതുമായ ഒന്നായിരിക്കാം എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.
എന്തെഴുതുന്നു, എങ്ങനെ എഴുതുന്നു എന്നതിനെ സംബന്ധിച്ച് എനിക്ക് തീര്‍ത്തും വ്യത്യസ്തമായ സമീപനമായിരിക്കാം ഉണ്ടാവുക. എന്റെ പൊളിറ്റിക്സ് എന്റെതായ രീതിയില്‍ പ്രകടിപ്പിക്കാന്‍ എന്നെ അനുവദിക്കുക. രണ്ട് പുസ്തകച്ചട്ടയ്ക്കകത്തെ പേജുകളില്‍ ആണ് ഞാനെന്റെ പൊളിറ്റിക്കല്‍ ആക്ടിവിസം നടപ്പാക്കുന്നത്. ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് തെരുവിലിറങ്ങി പ്ലക്കാര്‍ഡ് പിടിച്ച് മുദ്രാവാക്യം വിളിക്കാന്‍ എനിക്ക് കഴിയില്ല.
എഴുത്തുകാരി എന്ന നിലയില്‍ നിങ്ങള്‍ വന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കണം സംസാരിക്കണം എന്നുപറഞ്ഞാല്‍ 'നോ' എന്നാണ് എന്റെ ഉത്തരം. ഞാന്‍ എഴുതാം. എന്റെ നിലപാട്, പ്രസ്താവനകള്‍ ഇതെല്ലാം ഞാന്‍ എഴുത്തില്‍ പ്രകടമാക്കും. മൈക്കെടുത്ത് ഘോരം പ്രസംഗിക്കാനില്ല. എന്തുകൊണ്ട് പറ്റില്ല എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികള്‍ ഉണ്ട് എന്നാണ് എന്റെ ഉത്തരം. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലുന്ന മാനസികാവസ്ഥയും ഉണ്ടാവാം. പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ പ്രതിഷേധമാര്‍ച്ചില്‍ ഞാന്‍ പങ്കെടുത്തത് ആരും വന്ന് നിര്‍ബന്ധിച്ചിട്ടല്ല. എന്നിരുന്നാലും പൊതുവില്‍ അതെന്റെ രീതിയല്ല.
സംഭവങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതും അനുഭവിക്കുന്നതും എന്റെ രോഷവും ക്ഷോഭവും സങ്കടവും നിരാശയും ആത്മാര്‍ഥമായി എനിക്ക് കഴിയാവുന്നവിധത്തില്‍ എഴുത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. അതാണ് എന്റെ പൊളിറ്റിക്സ്. കക്ഷിരാഷ്ട്രീയത്തെ പിന്തുണയ്ക്കുക എന്നത് വ്യക്തിപരമായ ഇഷ്ടമാണ്. കക്ഷിരാഷ്ട്രീയത്തില്‍ പങ്കുചേരാന്‍ താല്‍പര്യമില്ലാത്ത ഒരു എഴുത്തുകാരനെ/കാരിയെ നിസ്സാരരായി കാണരുത്.
എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ച് പലകാലങ്ങളില്‍ പലതരത്തില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ത്തന്നെ രാഷ്ട്രീയം കൊഴിഞ്ഞുപോകുന്ന കാലത്താണ് നിങ്ങള്‍ എഴുത്തുകാരുടെ രാഷ്ട്രീയത്തെപ്പറ്റി ചോദിക്കുന്നത്. പ്രതിപക്ഷം പോലുമില്ലാത്ത രാജ്യത്ത്, ആകുലപ്പെടുത്തുംവിധം കാര്യങ്ങള്‍ ഏകകക്ഷീയമായി നീങ്ങുന്ന ഇന്ത്യയിലിരുന്നാണ് നമ്മള്‍ സംസാരിക്കുന്നത്.
സംഭവങ്ങളെ, പ്രശ്നങ്ങളെ തീര്‍ത്തും 'വേറിട്ട' വഴിയിലൂടെ കാണാന്‍ ശ്രമിക്കുന്നവരാണ് എഴുത്തുകാര്‍. എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കാം, സംസാരിക്കാം. പക്ഷേ ആ പക്ഷം ചേരണം, ഈ പക്ഷത്ത് നില്‍ക്കണം എന്ന് നിര്‍ബന്ധിക്കാതിരിക്കുക. പക്ഷപാതിയാവാതെ മനുഷ്യരോട് അനുകമ്പാപൂര്‍വമുള്ള സമീപനമായിരിക്കാം എഴുത്തുകാര്‍ ആഗ്രഹിക്കുന്നത്.
എന്താണ് സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്, തികച്ചും രോഗാതുരമായ ഒരു അവസ്ഥയിലേക്ക് സമൂഹം എങ്ങനെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് ചിന്തിക്കാനാണ് എഴുത്തുകാര്‍ ശ്രമിക്കുക. ഒരു റേപിസ്റ്റ് ആയിട്ട് ആരും തന്നെ ജനിക്കുന്നില്ല. അയാളെ അങ്ങനെയാക്കിത്തീര്‍ത്തതില്‍ സമൂഹത്തിലെ എന്തെല്ലാം ഘടകങ്ങള്‍ എപ്പോഴെല്ലാം പങ്കുചേര്‍ന്നിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കാതെ, അപരവ്യക്തിത്വത്തെയും ശരീരത്തെയും ബഹുമാനിക്കാന്‍ പഠിപ്പിക്കാതെ തെറ്റായി നയിക്കപ്പെട്ടതില്‍ സമൂഹം വഹിച്ച പങ്കിനെക്കുറിച്ചാണ് പഠിക്കേണ്ടത്.
സൃഷ്ടിപരമായ ഒരു ദിശ നല്‍കുന്നതില്‍ പരാജയപ്പെട്ട നമ്മള്‍ ഇത്തരക്കാരെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നതില്‍ കാര്യമില്ല. തികച്ചും രോഗാതുരമായ മാനസികാവസ്ഥയാണിത്. നമ്മുടെ ചുറ്റും നോക്കിയാല്‍ അത്തരത്തില്‍ രോഗബാധിതരായവരെ ചുറ്റും കാണാന്‍ കഴിയും. നമ്മുടെ രാജ്യത്തേക്കു നോക്കൂ. തികച്ചും വേദനാജനകമാണ് അവസ്ഥ. ഈയടുത്തകാലത്ത് വന്ന സംഭവങ്ങള്‍ മാത്രം പരിശോധിക്കൂ, പെണ്‍കുട്ടികള്‍, വളരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും ലൈംഗികപീഡനങ്ങള്‍ക്കിരയാവുന്നു. എന്താണിത്! നമുക്ക് ഭാവനയില്‍ സങ്കല്പിക്കാന്‍ കഴിയുന്നതിലും എത്രയോ ഇരട്ടി അപ്പുറത്തുള്ള സംഭവങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്.
ഞാന്‍ ഓര്‍ക്കുന്നു, എന്റെ യൗവനകാലത്തും ബലാത്സംഗം നാട്ടില്‍ സംഭവിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ പീഡനം നേരിടുകയും വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമുളവാക്കുന്ന സംഭവങ്ങള്‍ നടമാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സ്വയംരക്ഷ മാത്രമേയുള്ള തുണ എന്ന ചിന്തയോടുകൂടിയുള്ള അരക്ഷിതാവസ്ഥ അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ കാലത്തേതു പോലെ ശിശുക്കളെ ബലാത്സംഗം ചെയ്യുന്നത് ഞങ്ങള്‍ കേട്ടിട്ടില്ലായിരുന്നു.
എന്താണ് ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്? കുഞ്ഞുങ്ങളെ ബലാത്ക്കാരമായി ഭോഗിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം രോഗമാണ്. സമൂഹത്തില്‍ ഇത്തരം കേസുകള്‍ കൂടിവരുന്നു എന്നതിനര്‍ഥം രോഗം മൂര്‍ച്ഛിക്കുന്നു എന്നാണ്. മനുഷ്യത്വരഹിതമായി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ സമീപിക്കുന്നവര്‍ ആരാണ് എന്ന് തിരിച്ചറിയണം. കുഞ്ഞുങ്ങളുടെ ശരീരത്തെ വെറുമൊരു ദ്വാരം മാത്രമായി കാണുന്ന രോഗികളുടെ എണ്ണം കൂടുമ്പോള്‍ അത് സാമൂഹിക രോഗമായി മാറുകയാണ്.
ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ തന്നെ ഞാന്‍ ചോദിക്കട്ടെ, സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? ഇത്രയധികം രോഗാതുരമായ മനസ്സുകള്‍ വിരാജിക്കുന്ന സമൂഹത്തില്‍ നിന്നും മാനവികത പാടേ നഷ്ടപ്പെടുകയും നമുക്കുചുറ്റും ഇത്തരക്കാര്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഈ വിഷയത്തെ എഴുത്തുകാര്‍ വ്യത്യസ്തതലത്തില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. ചില എഴുത്തുകാര്‍ വൈകാരികക്ഷോഭത്താല്‍ റേപ്പിസ്റ്റിനെ തൂക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്യും, ചിലര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. പക്ഷേ എനിക്കതിന് കഴിയുകയില്ല, പകരം സമൂഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് എഴുതാന്‍ പറ്റും. എന്നാല്‍ തങ്ങളുടേതായ രീതിയില്‍ പ്രതികരിക്കുന്ന എഴുത്തുകാരോട് എന്റെ ബഹുമാനം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും.
ഇന്ത്യയെത്തേടി വന്ന രണ്ട് ബുക്കര്‍ പുരസ്‌കാരങ്ങളിലും മലയാളത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. ആദ്യത്തേത് ബുക്കര്‍ ജേതാവ് അരുന്ധതി റോയ് എന്ന മലയാളിയെക്കുറിച്ചുള്ള അഭിമാനമാണെങ്കില്‍ രണ്ടാമത്തേത് താങ്കളുടെ 'രേത്സമാധി'യില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയുടെ കഥകളായ 'ഞാന്‍ ഉറങ്ങാന്‍ പോവും മുമ്പ്', 'ഒരു ദിവസത്തെ ജോലി' വിശദമായി പരാമര്‍ശിക്കപ്പെട്ടതിലാണ്.
പോള്‍ സക്കറിയ എന്റെ അടുത്ത സുഹൃത്താണ്. പോളിന്റെ എഴുത്തുകളില്‍ നര്‍മം ഉണ്ട്. നമ്മള്‍ നേരത്തേ പറഞ്ഞതരത്തിലുള്ള നര്‍മം. പോളിന്റെ എല്ലാകഥകളും എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഈ രണ്ടുകഥകളും വളരെ ശക്തമായ കഥകളായതുകൊണ്ടാണ് എന്റെ മനസ്സില്‍ തറഞ്ഞുകിടന്നതും ഞാന്‍ എന്റേതായ നോവല്‍ എഴുതുമ്പോള്‍ ആ കഥകള്‍ കടന്നുവന്നതും. ആ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം വായിച്ച ഞാന്‍ അവ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു.
എഴുതുമ്പോള്‍ സ്വാഭാവികമായും മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടി നമ്മുടെ മനസ്സിലേക്ക് വരണമെങ്കില്‍ അതില്‍ തീര്‍ച്ചയായും അത്തരത്തിലുള്ള ക്രാഫ്റ്റും പ്രമേയവും എഴുത്തുകാരന്‍ സൃഷ്ടിച്ചിരിക്കണം. പോള്‍ ചെയ്തതും അതാണ്. പോള്‍ വളരെ സ്വാഭാവികമായും ജൈവികമായും കഥയെഴുതുന്നയാളാണ്. കലയും സാഹിത്യവും ദൈവത്തേക്കാള്‍ മഹത്തായതാണ് എന്ന തത്വം 'രേത് സമാധി' എഴുതുമ്പോള്‍ ഞാന്‍ ഓര്‍മിച്ചതാണ് പോളിന്റെ കഥകളിലേക്ക് എന്നെ നയിച്ചത്.
ദൈവത്തിന് എല്ലാ ശക്തിയും കഴിവുമുണ്ട് പക്ഷേ ബാബുക്കയെപ്പോലെ പാടാനുള്ള കഴിവില്ല! ദൈവത്തിന് ബാബുക്കയുടെ സംഗീതം പഠിക്കണം. ദൈവത്തിനുപോലും ബാബുക്കയുടെ സംഗീതവിദ്യാര്‍ഥിയാവാന്‍ ആഗ്രഹം ഉണ്ടായി എന്നുപറയുമ്പോള്‍ ആ സംഗീതജ്ഞന്റെ മഹത്വം ആണ് ആഘോഷിക്കപ്പെടുന്നത്. പോള്‍ വളരെ ഹ്യൂമറസ്സായിട്ടാണ് അത് പറഞ്ഞിരിക്കുന്നത്. ദൈവത്തെ മനുഷ്യനേക്കാള്‍ മഹത്തരമായിട്ട് ചിത്രീകരിച്ചിരിക്കുന്നത് പോഴത്തമാണ് എന്നാണ് പോള്‍ സ്ഥാപിക്കുന്നത്. കലയുടെ, സംഗീതത്തിന്റെ സൗന്ദര്യവും മഹത്വവും അഖണ്ഡതയുമാണ് പോള്‍ ഇവിടെ വരച്ചുകാട്ടുന്നത്.
'ഒരു ദിവസത്തെ ജോലി' എന്ന കഥയില്‍ വയസ്സായ അമ്മയെ പരിചരിക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കമാണ് പ്രമേയമായിരിക്കുന്നത്. സ്വാഭാവികമായും നമ്മുടെയെല്ലാം കുടുംബത്തില്‍ നടക്കുന്ന ഒന്ന്. തങ്ങള്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതെന്ന് ഉള്‍ക്കൊള്ളാതെ, മക്കളില്‍ നിന്നും തികച്ചും യാന്ത്രികമായ പരിചരണം ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥരാവുന്നു വയസ്സായ മാതാപിതാക്കള്‍. യഥാര്‍ഥ സ്നേഹവും പരിചരണവും മക്കളുമായുള്ള സമ്പര്‍ക്കവും അവര്‍ ആഗ്രഹിക്കുന്നു.
പണം കൊണ്ട് നേടാന്‍ കഴിയുന്ന സൗകര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മക്കളെക്കുറിച്ച് പോള്‍ എഴുതുന്നു. പക്ഷേ മനുഷ്യസ്നേഹം എവിടെ? ആ കഥ എന്നെ വളരെയധികം സ്പര്‍ശിച്ചു. 'രേത് സമാധി' എഴുതുമ്പോള്‍ ഈ കഥകളെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. അവയുമായെല്ലാം ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നെനിക്ക് തിരിച്ചറിവുണ്ടായി. എന്റെ രചനയില്‍ മറ്റൊരു എഴുത്തുകാരനെ, എഴുത്തിനെ പരാമര്‍ശിക്കുന്നതില്‍ എനിക്ക് കുറച്ചിലൊന്നും തോന്നിയില്ല.
എഴുത്തുകാരോട് അടുത്തോ അകന്നോ നില്‍ക്കുന്ന വിഭാഗമാണല്ലോ നിരൂപകര്‍. എഴുത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിരൂപകര്‍ക്ക് നല്ല പങ്കുണ്ടോ?
നിരൂപണങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. ആളുകള്‍ നല്ലത് പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുന്നു, വിമര്‍ശിക്കുമ്പോള്‍ അതും കേള്‍ക്കുന്നു. രണ്ടിനും കൂടുതല്‍ പ്രാധാന്യം കൊടുക്കാറില്ല. നല്ല കൃതിയാണ് എന്ന് പറയുമ്പോള്‍ എന്റെ പുസ്തകം മഹത്തരമായല്ലോ എന്ന് ഞാന്‍ അഹങ്കരിക്കാറില്ല. മോശം പറയുമ്പോള്‍ ഞാന്‍ മോശമായി എഴുതിയല്ലോ എന്നും ചിന്തിക്കാറില്ല. സൂപ്പര്‍ കോണ്‍ഫിഡന്‍സും ഇന്‍ഫീരിയോറിറ്റി കോംപ്ലക്സും ഞാന്‍ വകവെക്കാറില്ല. വായനക്കാരില്‍ നിന്നും ഒരു കാര്യം കൂടുതല്‍ പഠിച്ചു എന്നാണ് കരുതാറ്.
പ്രശംസകളിലോ വിമര്‍ശനങ്ങളിലോ ആടിയുലയുന്നതല്ല എന്റെ ആത്മവിശ്വാസം. ഞാന്‍ നില്‍ക്കുന്നിടത്ത് ഞാനായിട്ടുതന്നെ നില്‍ക്കാനാണ് എനിക്കിഷ്ടം. സത്യസന്ധമായി സര്‍ഗാവിഷ്‌കാരം നടത്തുന്ന ഒരാളാണ് ഞാന്‍ എന്നത് എന്റെ വിശ്വാസമാണ്. എഴുത്തിന്റെ വിജയപരാജയങ്ങളുടെ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറുള്ളയാളാണ്. എഴുത്ത് എന്നത് അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. എന്റെ ആവിഷ്‌കാരം മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
'രേത് സമാധി'യെ ബുക്കര്‍ സമ്മാനത്തിലേക്ക് നയിച്ചതിനുപിന്നില്‍ വലിയൊരു വിവര്‍ത്തനശക്തിയായി വര്‍ത്തിച്ചത് ഡെയ്സി റോക്വെല്‍ ആണ്. ഒരു കൃതി ലോകപ്രശസ്തമാവുന്നതില്‍ വിവര്‍ത്തനം വലിയ പങ്കുവഹിക്കുന്നുണ്ട്. എഴുത്തുകാരിയും വിവര്‍ത്തകയും തമ്മിലുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു?
അസാധ്യമായ കഴിവുള്ള ഒരു വിവര്‍ത്തകയെ ലഭിച്ചത് 'രേത് സമാധി'യുടെ ഭാഗ്യം തന്നെയായിരുന്നു. ഞങ്ങള്‍ തമ്മില്‍ നിരന്തരം സംവദിച്ചു. വിവര്‍ത്തനത്തില്‍ കൃതിയോട് നീതി പുലര്‍ത്തുമോ എന്ന സന്ദേഹം എപ്പോഴും എഴുത്തുകാരെ അലട്ടിക്കൊണ്ടേയിരിക്കും, ഞാനും അങ്ങനെയായിരുന്നു. പുസ്തകത്തിന്റെ ആത്മാവ് അറിയുന്ന ഒരാള്‍ക്ക് മാത്രമേ വിവര്‍ത്തനം സാധ്യമാവുകയുള്ളൂ. അതിസൂക്ഷ്മമായി കൃതിയെ സമീപിക്കുന്ന വിവര്‍ത്തകയാണ് ഡെയ്സി.
ഞാന്‍ അത്ര ശ്രദ്ധ കൊടുക്കാത്ത പലതിനും ഡെയ്സി കൊടുത്ത പ്രാധാന്യം ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. അത്രയേറെ മനോഹരമായ ഭാഷ, നിരീക്ഷണങ്ങള്‍, ഹ്യൂമര്‍... 'രേത് സമാധി'യോട് അത്രയും സ്നേഹവും കരുതലും ഉള്ളയാള്‍ക്ക് മാത്രം സാധ്യമാവുന്ന തരത്തില്‍ ഡെയ്സി നോവലിനെ വിവര്‍ത്തനം ചെയ്തു. എന്റെ പുസ്തകത്തിന് ഞാന്‍ കൊടുത്ത അതേ കരുതലും സ്നേഹവും ഡെയ്സി തന്റെ വിവര്‍ത്തനകൃതിയോടും കാണിച്ചു. തികച്ചും അന്യമായൊരു ഇന്ത്യന്‍ ഭാഷയില്‍ നിന്നും വിശ്വഭാഷയിലേക്ക് വിര്‍ത്തനം നടത്തുമ്പോള്‍ സമാന്തരമായ തമാശയും പദങ്ങളും വാക്ദ്ധോരണികളും അവര്‍ കണ്ടെത്തി. വായനക്കാരെ അത്രയധികം നോവലില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഭാഷ ഡെയ്സി പ്രയോഗിച്ചു. അതുകൊണ്ടാണ് അതിന്റെ ഫലം ഇത്രയെത്തിനില്‍ക്കുന്നതും.
.jpg?$p=246738b&&q=0.8)
'രേത് സമാധി'യെ 'ടൂം ഓഫ് സാന്റ്' എന്നാക്കിയപ്പോള്‍ ആദ്യം എനിക്ക് ടൈറ്റില്‍ ഇഷ്ടമായിരുന്നില്ല. ഞാന്‍ സമാധിയില്‍ത്തന്നെ പിടിച്ചുതൂങ്ങിയിരിപ്പായിരുന്നു. സമാധി എന്നുകേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ ആത്മീയതയുമായി ബന്ധപ്പെട്ടുകിടക്കുന്നതുപോലെയിരിക്കും, ആളുകളെ കുറച്ചുകൂടി എളുപ്പത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ടൈറ്റില്‍ വേണമെന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കിയതും ഡെയ്സിയായിരുന്നു. 'രേത് സമാധി'യില്‍ നിന്നും 'ടൂം ഓഫ് സാന്റി'ലേക്ക് മാറിയപ്പോള്‍ നോവല്‍ നടത്തിയ ലോകസഞ്ചാരം വ്യക്തമായി.
'രേത് സമാധി' വീണ്ടും ഇന്ത്യയെ നയിക്കുന്നത് സാദത് ഹസന്‍ മന്‍തോയിലേക്കും ഖുശ്വന്ത് സിങ്ങിലേക്കും അതുവഴി പാര്‍ട്ടീഷന്‍ ലിറ്ററേച്ചറിലേക്കുമാണ്.
പാര്‍ട്ടീഷന്‍ ലിറ്ററേച്ചറിന്റെ ഭാഗമായി ഞാനെന്റെ നോവലിനെ കണ്ടിട്ടില്ല. എനിക്കങ്ങനെ കാണാന്‍ കഴിയില്ല. വിഭജനത്തെക്കാളും വലിയ വേര്‍തിരിവുകളെക്കുറിച്ചും വിഭാഗീതയതയെക്കുറിച്ചും 'രേത് സമാധി' പറയുന്നുണ്ട്. കുശ്വന്ത് സിങ്, സാദത്ഹസന്‍ മന്‍തോ പോലുള്ള ധാരാളം എഴുത്തുകാര്‍ വിഭജനകാല സാഹിത്യം മുഖ്യപ്രമേയമാക്കി എഴുതിയിട്ടുള്ളവരാണ്. ഇന്ത്യ-പാക് വിഭജനത്തിന്റെ സന്തതികള്‍ അതേക്കുറിച്ച് എഴുതിക്കൊണ്ടേയിരിക്കുന്നുണ്ട്. അവര്‍ അനുഭവങ്ങളും പ്രതീക്ഷകളും ഓര്‍മകളും രുചികളും എഴുത്തിലൂടെ പങ്കുവെച്ചുകെേോണ്ടയിരിക്കുന്നു, ശുഭപ്രതീക്ഷകളും നിറം മങ്ങിയ കഥകളും നമ്മള്‍ വായിക്കുന്നു.
ഇപ്പോഴും വിഭജനം പൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ വിഭജനകാലസാഹിത്യം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കുടുംബങ്ങളും മനസ്സുകളും വിഭജിക്കപ്പെടുകയും സ്നേഹം വെറുപ്പായി മാറുകയും കുടുംബാംഗങ്ങള്‍ രണ്ട് രാജ്യത്തായി ചിതറിപ്പോവുകയും ചെയ്തത് നമ്മള്‍ കണ്ടു. ഇതെല്ലാം ഇന്നും തുടരുന്നതിനാല്‍ വിഭജനസാഹിത്യവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പഞ്ചാബ്, ബംഗാള്‍, ഉത്തരേന്ത്യ പോലുള്ള സ്ഥലങ്ങളില്‍ ഇന്നും കുടുംബങ്ങള്‍ രണ്ടിടത്താണ് ഉള്ളത്.
ആ കുടുംബങ്ങള്‍ക്ക് നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരുടെ വേദനകളും ഓര്‍മകളും തിക്താനുഭവങ്ങളും നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. അതിര്‍ത്തികളെക്കുറിച്ച് എഴുതുക എന്നത് അത്യന്തം നിര്‍ഭാഗ്യകരം തന്നെയാണ്. വിഭജനം നടപ്പിലാക്കേണ്ടതും. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും ഇങ്ങനെയല്ലായിരുന്നു. അതിര്‍ത്തികള്‍ ശത്രുതയെ കാത്തുസംരക്ഷിക്കുന്ന ഇടമാവരുത്. അതിരുകള്‍ കടക്കാനുള്ളതാണ്. കനപ്പെട്ടതും വിലപ്പെട്ടതുമായ കൈമാറ്റങ്ങള്‍ നടക്കേണ്ട ഇടങ്ങളാണ് അതിര്‍ത്തികള്‍. അതിരുകള്‍ ഉണ്ടാക്കേണ്ടത് സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
.jpg?$p=cc29bd4&&q=0.8)
ഭരണസൗകര്യത്തിനും സാമൂഹ്യജീവിതത്തിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയായിരിക്കണം അതിര്‍ത്തികള്‍ അല്ലാതെ ശത്രുക്കളെ വിഭജിക്കുന്നതാവരുത് വിഭജനം. ലോകത്തെ എല്ലാ അതിര്‍ത്തികളും ശത്രുതയാല്‍ നിര്‍മിക്കപ്പെട്ടവയല്ല. കാനഡയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന അതിര്‍ത്തി സൗഹൃദവരയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും നിങ്ങള്‍ക്ക് ആ അതിര്‍ത്തികള്‍ മുറിച്ചുകടക്കാം, തിരിച്ചുവരാം. അതേസമയം യു.എസ്.എ യും മെക്സിക്കോയും തമ്മിലുള്ള അതിര്‍ത്തി എല്ലായ്പ്പോഴും സംശയാസ്പദമായ മനോഭാവത്തോടെ പെരുമാറുന്നതാണ്. ലഹരികടത്തും അനധികൃത കുടിയേറ്റവും വര്‍ഗസംഘര്‍ഷവും അവിടെ നമുക്ക് കാണാന്‍ കഴിയുന്നു. അത് തീര്‍ത്തും അസ്വസ്ഥതയുളവാക്കുന്ന അതിര്‍ത്തിയാണ്.
അതിര്‍ത്തികള്‍ അങ്ങനെയൊന്നുമാവേണ്ടതിന്റെ ആവശ്യമില്ല. ചരിത്രം അങ്ങനെയായതിനാല്‍ സംഘര്‍ഷവും രാഷ്ട്രീയവും കുഴഞ്ഞുമറിഞ്ഞ അതിര്‍ത്തിയാണ് നമുക്ക് ചുറ്റുമുള്ളത്. എളുപ്പത്തില്‍ അതെല്ലാം പരിഹരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇരുഭാഗത്തുനിന്നും ആരോഗ്യപരവും വൈകാരികവുമായ സമീപനം ഇരുഭാഗത്തുനിന്നും ഉണ്ടായാല്‍ രണ്ടുകൂട്ടര്‍ക്കും സമാധാനപരമായ, സന്തോഷകരമായ അതിര്‍ത്തി പങ്കിടല്‍ യാഥാര്‍ഥ്യമാവും. നിര്‍ഭാഗ്യവശാല്‍ ചില വ്യവസ്ഥാപിത താല്‍പര്യങ്ങളും മറ്റനേകം കാരണങ്ങളും ശത്രുത പ്രോത്സാഹിപ്പിക്കുകയും സ്നേഹത്തെ തടഞ്ഞുനിര്‍ത്തുകയുമാണ് ചെയ്യുന്നത്.
'രേത് സമാധി'യില്‍ ഫെമിനിസത്തേക്കാള്‍ നിര്‍വചനം സാധ്യമായിരിക്കുന്നത് ഹ്യൂമനിസത്തിനാണ്.
ഏത് ഇസവും അതിന്റെമാത്രം ഇടുങ്ങിയ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുമ്പോള്‍ അതിന്റെ മികവുറ്റ സാധ്യതകളിലേക്ക് ഉയരില്ല. ഏത് ഇസത്തിനും അതിന്റെ അടിസ്ഥാനമായി വേണ്ടത് വലിയ തോതിലുള്ള ഹ്യൂമനിസമാണ്. എല്ലാ അസമത്വങ്ങളും ഒന്നിച്ചുവരുമ്പോള്‍ അത് വലിയ ശക്തിപ്രാപിക്കുന്നു. ജാതി അസമത്വം, ലിംഗ അസമത്വം, വര്‍ഗ സമത്വം അങ്ങനെയുള്ള എല്ലാ സമത്വങ്ങളും ഓന്നിച്ചുവരുമ്പോള്‍ ശക്തി പ്രാപിക്കുന്നു. ആദ്യം നമ്മള്‍ പരസ്പരം സഹതാപവും അനുകമ്പയും കാണിച്ചാല്‍ നമ്മള്‍ കൂടുതല്‍ ശക്തിപ്രപിക്കുന്ന ഇടങ്ങളില്‍ എത്തിപ്പെടും. അങ്ങനെ നോക്കുമ്പോള്‍ ഒരു പ്രത്യേക ഇസത്തില്‍ ഞാന്‍ നിലയുറപ്പിക്കേണ്ട ആവശ്യം വരുന്നില്ല.
'രേത് സമാധി'യില്‍ മുഴങ്ങിക്കേള്‍ക്കുന്ന കുക്കര്‍ വിസിലുകള്‍, കാതില്‍ തുളച്ചുകയറുന്ന കാളിംഗ് ബെല്ലുകള്‍, അതിനിടയില്‍ ഇരുന്നുകൊണ്ടുള്ള എഴുത്തുകള്‍... സ്ത്രീകളുടെ എഴുത്തിടങ്ങളെ സ്വന്തമായൊരു മുറി എന്ന ആവശ്യമുന്നയിച്ച കാലത്തുനിന്നും നാം ഒരുപാട് ദൂരം മുന്നോട്ടുപോയിരിക്കുന്നു. എങ്കിലും ആ മുറിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് ശ്രീ വീക്ഷിക്കുന്നത്?
സ്വകാര്യത എന്നത് ഇപ്പോഴും നമുക്കൊരു സങ്കല്പം മാത്രമാണ്. വ്യക്തിവാദം ഇവിടെയത്ര ബലമുള്ളതല്ല. സ്വന്തമായൊരു മുറി എന്നത് ഞാന്‍ അര്‍ഥമാക്കുന്നത് സ്വകാര്യതയാണ്. ചിലതിനോട് കലഹിക്കാന്‍, ചിലത് തിരിച്ചറിയാന്‍, ചിലതിനെക്കുറിച്ച് കൊതിക്കാന്‍ സ്വകാര്യത എന്നത് തികച്ചും ആവശ്യമുള്ള ഒന്നായിട്ട് ആളുകള്‍ക്ക് തിരിച്ചറിവുണ്ടാവണം. സ്വത്വത്തോട് സംവദിക്കാനുള്ള ഏകാന്തമായൊരു ഇടം ആണ് എനിക്കത്. പലപ്പോഴും എത്ര സ്ത്രീകള്‍ക്ക് അത് നേടിയെടുക്കാന്‍ കഴിയുന്നു, അത് ആവിഷ്‌കരിക്കാന്‍ കഴിയുന്നു, സ്വന്തം വന്യതയില്‍, അത്ഭുതങ്ങളില്‍ വിരാജിക്കാന്‍ കഴിയുന്നു, എന്തെല്ലാം വിലക്കുകള്‍ അവര്‍ക്ക് തരണം ചെയ്യേണ്ടിയിരിക്കുന്നു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവിടെ അവശേഷിക്കുന്നുണ്ട്.
വിര്‍ജീനിയ വൂള്‍ഫിലൂടെ പാശ്ചാത്യം കൊണ്ടുവന്ന ചിന്തയാണിത്. അവിടെയും ഇവിടെയും വളരെ പ്രിവിലേജ്ഡ് ആയ ചുരുക്കം സ്ത്രീകള്‍ സ്വന്തമായൊരിടം എന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. ഞാന്‍ ഒരു എഴുത്തുകാരിയാണ് എനിക്ക് സ്വന്തമായൊരിടം ആവശ്യമാണ് എന്നത് എന്റെ പങ്കാളി തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. സ്വന്തമായി ഒരിടമുണ്ടാക്കിയാലും അതില്‍ ഏകാന്തമായിരിക്കാനുള്ള സാഹചര്യം അത്ര എളുപ്പത്തില്‍ അംഗീകരിച്ചുതരുന്ന സമൂഹത്തിലല്ല നമ്മള്‍ ഇപ്പോഴും ഉള്ളത്.
പ്രിവിലേജ്ഡ് ആയ സ്ത്രീകള്‍ക്ക് മാത്രമേ സ്വന്തമായൊരിടത്തെക്കുറിച്ച് സംസാരിക്കുവാന്‍ പോലും കഴിയുന്നുള്ളൂ. അല്ലാത്തവര്‍ കുക്കര്‍ വിസിലുകള്‍ കേട്ടുകൊണ്ട് തങ്ങളുടെ സര്‍ഗാവിഷ്‌കാരം നടത്തിക്കൊണ്ടുപോകും. ഇതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ കഴിയാത്ത ഒരു വലിയ ഭൂരിപക്ഷസ്ത്രീസമൂഹത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്. കുട്ടികള്‍ ഊഞ്ഞാലാടുമ്പോള്‍ മരത്തിനുതാഴെയിരുന്ന് എഴുതുന്നവര്‍ കുട്ടികളെ ഉറക്കിക്കിടത്തി കല്ലുചുമക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി തലചായ്ക്കാന്‍ ഒരുമുറിയില്ലാത്തപ്പോള്‍ സ്വന്തമായൊരിടത്തെക്കുറിച്ച് മറക്കുകയല്ലാതെ എന്തുചെയ്യും? അസമത്വത്തിന്റെ വളരെ സങ്കീര്‍ണമായ യാഥാര്‍ഥ്യത്തെയാണ് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്.
പക്ഷേ നമ്മളെപ്പോലുള്ള സ്ത്രീകള്‍ സ്വന്തമായൊരിടത്തിന്റെ ആവശ്യം തിരിച്ചറിയുകയും അത് നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പങ്കാളിയുമായും കുടുബവുമായും കലഹിച്ചുകൊണ്ടേയിരിക്കുന്നു. ചിലര്‍ അതില്‍ ഭാഗ്യം കൈവരിക്കുന്നു. ഭൗതികമായി ഒരു മുറി കിട്ടിയതുകൊണ്ട് ഭാഗ്യവതികളാവുന്നില്ല നമ്മള്‍.
കുടുംബത്തില്‍ നിന്നും വീട്ടില്‍നിന്നുതന്നെയും ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞാലാണ് ഭാഗ്യം യാഥാര്‍ഥ്യമാവുന്നത്. അതാണ് ഞാന്‍ ചെയ്തത്. അങ്ങനെ ചെയ്തപ്പോള്‍ ഒരു ഭാഗ്യം കൂടിയുണ്ടായി, എന്റെ പങ്കാളിയോ മറ്റ് കുടുംബാഗങ്ങളോ എനിക്കുപിറകേ വന്നില്ല. ഞാന്‍ കണ്ടെത്തിയ മുറി എന്റെ വീടിന് പുറത്തായിരുന്നു. കാരണം എഴുതാന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിലെ കുഷ്യന്‍ കവറില്‍ അഴുക്കടിഞ്ഞത് കാണുക, വിരിപ്പുകള്‍ മാറ്റാറായിട്ടുണ്ടാവും. ഞാന്‍ അതിന്റെ പിറകേ പോവും. അങ്ങനെ വീട്ടിലെ മുക്കിലുംമൂലയിലും ഇടപെട്ടുകൊണ്ടേയിരിക്കും. കാരണം എനിക്ക് കുടുംബത്തില്‍ ഞാന്‍ നേടിയെടുത്ത എന്റെ മുറിയില്‍ മാനസികമായി എനിക്ക് ഇരിക്കാന്‍ കഴിയുന്നില്ല. സ്വന്തമായ മുറി പിടിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സ്ത്രീകള്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് അതിന്റെയര്‍ഥം.
ഞാന്‍ പലപ്പോഴും പറയാറുണ്ട്, സാമൂഹികമായി നമ്മുടെ ശ്രേണിയിലുള്ള കഴിവുള്ള സ്ത്രീകള്‍ക്ക് സ്വകാര്യത ലഭിക്കണമെങ്കില്‍ അനേകം കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വരും. നമുക്കിടയിലുള്ള എഴുത്തുകാരികളുടെയും മറ്റ് കലാകാരികളുടെയും പ്രതിഭ സ്വത്വം തെളിയിച്ചവരുടെയും എടുത്തുനോക്കൂ, തങ്ങളുടെ വിവാഹജീവിതവും കുടുംബജീവിതവും തകര്‍ന്നതോ, വിവാഹമേ കഴിക്കാത്തവരോ, വ്യക്തിജീവിതം താറുമാറാകാത്തവരോ അല്ലാത്ത എത്രപേരുണ്ടാവും? സ്വകാര്യതയ്ക്ക്, വ്യക്തിസന്തോഷത്തിന് പകരംകൊടുത്ത വിലയാണ് അതെല്ലാം.
സ്വന്തമായൊരു മുറി എന്നത് ഭൗതികം മാത്രമല്ല, ബൗദ്ധികവും മാനസികവുമായതാണ്. പുരുഷന്മാര്‍ക്ക് പലപ്പോഴും അതുണ്ട്. ആള്‍ക്കൂട്ടത്തിന് നടുവിലും കുടുംബത്തിന് ഒത്ത നടുക്കും പുരുഷന് ഏകാകിയാവാന്‍ സാധിക്കും. പുരുഷന് കടലാസ് നിവര്‍ത്തി ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ബോധവാനാവാതെ,ചിന്തിക്കതെ എഴുതാന്‍ കഴിയും. കാരണം അയാളെ സമൂഹവും കുടുംബവും വളര്‍ത്തുന്നത് അങ്ങനെയാണ്. മറിച്ച് സ്ത്രീകള്‍ കോളിങ് ബെല്‍ കേള്‍ക്കാന്‍ ബാധ്യസ്ഥയാണ്. കുട്ടികള്‍ വീഴാതിരിക്കാന്‍ ബാധ്യസ്ഥയാണ്, അഴുക്ക് കഴുകിക്കളയാന്‍ ഉത്തരവാദിത്തപ്പെട്ടവളാണ്. സമയാസമയം ഭക്ഷണം ഉണ്ടാക്കാന്‍ ബാധ്യതയുള്ളവളാണ്.
മാനസികമായൊരുക്കിയ സ്വന്തമായ ഇടത്തില്‍ എല്ലാ അസ്വസ്ഥതകളെയും കൊട്ടിയടച്ച് പുറത്താക്കി സ്ത്രീ എന്ന് ഇരിക്കാന്‍ തുടങ്ങുന്നോ അന്ന് മുതല്‍ അവളുടെ ഭാഗ്യമുദിക്കുകയാണ്. അതത്ര എളുപ്പം നടക്കുന്ന ഒന്നല്ല. നമ്മുടെ വര്‍ഷം മാറുന്നു, വസ്ത്രധാരണം മാറുന്നു, ജീവിതശൈലി മാറുന്നു, ഭക്ഷണസംസ്‌കാരം മാറുന്നു പക്ഷേ സിസ്റ്റം മാറ്റമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!
മൂന്നരപതിറ്റാണ്ടുകാലത്തെ എഴുത്തുജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
എഴുത്തുമേഖലയില്‍ മൂന്നരദശകങ്ങളായി നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ നാടകീയമായ അക്രമങ്ങളോ വിവേചനങ്ങളോ എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനിച്ചു. യു.പിയിലെ നാട്ടിന്‍പുറങ്ങളില്‍ ജീവിച്ചു. നവ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകളും ചര്‍ച്ചകളും പ്രമുഖരുടെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഞങ്ങള്‍ സാംശീകരിച്ച കാലമായിരുന്നു അത്.
നമ്മുടെ ഭാഷയെയും കലയെയും സംസ്‌കാരത്തെയും ശ്രദ്ധയോടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച കാലം. അമേരിക്ക സ്വപ്നരാജ്യമല്ലാതിരുന്ന കാലം. അന്നും ഇംഗ്ലീഷ് എലൈറ്റ് ക്ലാസിന്റെ ഭാഷയായിരുന്നു. എന്നിരുന്നാലും ഹിന്ദി മാതൃരാജ്യത്തിന്റെ അഭിമാനഭാഷയായി ഉയര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു. ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ കാവ്യസംഗമവും സാഹിത്യസമ്മേളനങ്ങളും നടക്കുകയും മഹാന്മാരായ എഴുത്തുകാരെ കുട്ടികള്‍ വിലമതിക്കുകയും ചെയ്തകാലം. ഞങ്ങളുടെ തലമുറയ്ക്ക് പ്രതിഭകളെ എഴുത്തിലൂടെ പരിചയമുണ്ടായിരുന്നെങ്കില്‍ ഇന്ന് സംഗതി മറിച്ചാണ്. അതായിരുന്നു എനിക്കെല്ലാം ലഭിച്ച അനുഗ്രഹം.
എന്റെ പിതാവ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങള്‍ക്കും എനിക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുമ്പോഴും ഞങ്ങളുടെ ജീവിതാന്തരീക്ഷത്തില്‍ ഹിന്ദിയും സാഹിത്യവും നിറഞ്ഞുനില്‍പ്പുണ്ടായിരുന്നു. സുമിത്രനന്ദന്‍ പന്ഥ്, മഹാദേവി വര്‍മ തുടങ്ങിയ എഴുത്തുകാരെ ഞങ്ങള്‍ക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. അവര്‍ വീട്ടില്‍ വരും, ഞങ്ങള്‍ അവരെ തേടിപ്പോകും. എന്റെ പിതാവ് ഒരു ഉദ്യോഗസ്ഥനാണെങ്കിലും എഴുതാന്‍ ഉത്സാഹമുള്ളയാളായിരുന്നു. പക്ഷേ സക്സസ്ഫുള്‍ റൈറ്റര്‍ എന്ന ഗണത്തില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ആ ജീവിത പശ്ചാത്തലമാണ് എന്നെ എഴുത്തുകാരിയാക്കിയത്. ഭാഷയിലും സാഹിത്യത്തിലും നല്ല പരിശീലനം ലഭിച്ചനാളുകള്‍ എന്റെ കുട്ടിക്കാലമായിരുന്നു.
മണ്ണിലമര്‍ന്ന് നടന്നകാലത്ത് കൃഷിയും ഗ്രാമീണതയും അറിഞ്ഞു. നിരത്തിലൂടെ നടന്നുപോകുന്നവര്‍ എന്താണ് പറയുന്നത്, ചര്‍ച്ചചെയ്യുന്നത് എന്നെനിക്കറിയാമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ആ ചര്‍ച്ചകളുടെയെല്ലാം ഭാഗമായിരുന്നു. കോസ്മോപൊളിറ്റന്‍ സിറ്റിയിലേക്ക് പറിച്ചുനടപ്പെട്ടപ്പോള്‍ അതെല്ലാം നഷ്ടമായി. എങ്കിലും ഹിന്ദിയെയും സാഹിത്യത്തെയും ഞാന്‍ എന്റെ നാടിന് തിരികെകൊടുത്തുകൊണ്ടേയിരിക്കും.
Content Highlights: Geethanjali Shree, Shabitha, Booker Prize, AMtrhubhumi Weekend, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..