'മമ്മൂട്ടിയോ, മോഹന്‍ലാലോ റോഡിലൂടെ പോകുമ്പോള്‍ 'ആക്ഷന്‍' പറഞ്ഞുനോക്കൂ,അപ്പോള്‍ കാണാം'-ഇന്നസെന്റ്


ശ്രീകാന്ത് കോട്ടക്കല്‍/ ഇന്നസെന്റ് (എഴുത്ത്:ഷബിത)

വീടിനടുത്തെ കടകളിലൊക്കെ ഞാന്‍ ചെന്നിരിക്കുമ്പോള്‍ ഓരോ തമാശകളൊക്കെ പറയാറുണ്ട്. അവര്‍ കാണുമ്പോള്‍ പറയും വാ ഇരിക്ക് എന്തെങ്കിലും സംഭവങ്ങളൊക്കെ പറയൂ. ഞാന്‍ പറയും പോയി നിന്റെ പണിനോക്കടാ, പറയാനുള്ളത് എഴുതിയാല്‍ പുസ്തകത്തില്‍ നിന്നും കാശുകിട്ടും, ഇവിടെയിരുന്നു പറഞ്ഞാല്‍ ചായയേ കിട്ടൂ. എന്തുമാത്രം തമാശ ഒഴുകിപ്പോയി എന്നറിയോ...

ഫോട്ടോ: ബി. മുരളീകൃഷ്ണൻ (ഫയൽ ഫോട്ടോ)

മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച പുസ്തകോത്സവം അവസാനിച്ചത് നടന്‍ ഇന്നസെന്റുമായി ശ്രീകാന്ത് കോട്ടക്കല്‍ നടത്തിയ നര്‍മസംഭാഷണത്തോടെയാണ്. 'ഈവനിങ് വിത്ത് ഇന്നസെന്റ്' എന്നു പേരിട്ട പരിപാടി അദ്ദേഹത്തിന്റെ പുസ്തകമായ 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ എഴുപത്തിയൊന്നാം പതിപ്പിന്റെ പ്രകാശനവേദിയുമായി. ഇന്നസെന്റുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്..

ശ്രീകാന്ത് കോട്ടക്കല്‍: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകം എഴുപതിനായിരം കോപ്പി കഴിഞ്ഞ് എഴുപത്തിയൊന്നിലേക്ക് കടന്നിരിക്കുകയാണ്. ഇന്നസെന്റ് ചേട്ടന്റെ മുഖത്ത് എഴുത്തുകാരനായതിന്റെ ഒരു ഗൗരവം കാണുന്നുണ്ടല്ലോ?

ഇന്നസെന്റ് : അത് ജലദോഷം കൊണ്ടുണ്ടായ ശബ്ദത്തിന്റെ മാറ്റമാണ്‌, എഴുപതിനായിരം കോപ്പിയുടേതല്ല. എന്തായാലും ഇങ്ങനെ ഒരു പുസ്തകം എന്റെ മാത്രം ശ്രമമല്ല. ഞാന്‍ പറഞ്ഞതെല്ലാം എഴുത്താക്കി മാറ്റിയത് ശ്രീകാന്ത് കോട്ടക്കലാണ്. പുസ്തകത്തിന്റെ അകത്തുള്ള കാര്യങ്ങളൊക്കെ പലതവണ പലയിടങ്ങളിലായി പറഞ്ഞിട്ടുള്ളതാണ്. വീണ്ടും അത് തന്നെ ആവര്‍ത്തിച്ചിട്ട് കാര്യമില്ല. ഇടയ്ക്ക് ഞാന്‍ പള്ളിയില്‍ പോവാതിരിക്കും. കാരണം ഏതു ദു:ഖവെള്ളിയാഴ്ച പള്ളിയില്‍ പോയാലും അച്ചന്‍ യേശുവിനെ കുരിശില്‍ ആണിയടിച്ച കാര്യമാണ് പറയുക. അതില്‍ ഒരു മാറ്റം ഉണ്ടാവോ? കഴിഞ്ഞ തവണയും അതിനുമുമ്പും ഇത്തവണയും കേട്ടത് ഒരേ കാര്യമാണ്. അതാണ് പുസ്തകത്തിന്റെ കോപ്പികളില്‍ സംഭവിക്കുന്നത്. ഒരു മാറ്റമുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞാന്‍ പഠിക്കുന്ന കാലത്ത്, പഠിക്കുന്ന കാലത്ത് എന്നുപറഞ്ഞാല്‍ നിങ്ങളെപ്പോലെ പഠിച്ചുവന്ന ആളല്ല, നല്ലവണ്ണം കഷ്ടപ്പെട്ട് 'ബുദ്ധി'മുട്ടി പഠിച്ച ഒരാളാണ്. എന്നെ പഠിപ്പിച്ച ഹെഡ്മാസ്റ്റര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ക്ലാസെടുത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പദ്യം 'കാക്ക' അദ്ദേഹം തന്നെ ചൊല്ലിക്കേള്‍പ്പിച്ച്, അദ്ദേഹം തന്നെ അര്‍ഥം പറഞ്ഞുതരുമ്പോള്‍ ഞാന്‍ വേറെയെന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്ത് ഇരിക്കുകയാണ്. അന്ന് വിചാരിച്ചിട്ടില്ല, ഭാവിയിലെ അഞ്ചാം ക്ലാസില്‍ എന്റെ കുട്ടികളോ, എന്റെ മകന്റെ കുട്ടികളോ ഞാന്‍ എഴുതിയ പുസ്തകത്തിലെ ഭാഗവും പഠിക്കേണ്ടിവരുന്ന കാലവും ഉണ്ടാവുമെന്ന്. കാന്‍സര്‍ വാര്‍ഡിലെ ചിരിയിലെ ഒരു ഭാഗം പാഠപുസ്തകത്തില്‍ വന്നപ്പോള്‍ എന്റെ ഭാര്യ തലയില്‍ കൈവെച്ചു പറഞ്ഞു, ഈ കുട്ടികളും വഴിതെറ്റി പോകുമല്ലോ എന്ന്!

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞാന്‍ ആദ്യമായിട്ട് കോഴിക്കോട് വന്നത്. ഇപ്പോള്‍ എനിക്ക് 74 വയസ്സായി. 59 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഇവിടെ വന്നു. അന്ന് എന്റെ മൂത്ത ജ്യേഷ്ഠന്‍ കുര്യാക്കോസ് രാജേന്ദ്ര നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നെ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായി. എന്റെ വെക്കേഷന്‍ കാലത്ത് ജ്യേഷ്ഠന്‍ പറഞ്ഞു, നീ ഇങ്ങനെ ഇരിക്കാതെ വാ, കോഴിക്കോട് പോകാം. അവിടെ കടല്‍ത്തീരത്ത് പന്ത് കളിക്കാം. എനിക്കും വലിയ സന്തോഷമായി. നാട്ടില്‍ നില്‍ക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കൃഷിപ്പണിയും മറ്റുമൊക്കെ നോക്കേണ്ടിവരും. നെല്ല് വെയിലത്തിടുമ്പോള്‍ കാക്കയെ ആട്ടിത്തെളിക്കാന്‍ കാവലിരിക്കണം. എനിക്കതില്‍ ഒട്ടും താല്‍പര്യമില്ല. ആയതിനാല്‍ത്തന്നെ കോഴിക്കോടെത്തി. രാജേന്ദ്ര നഴ്‌സിങ് ഹോമിന്റെ മുകളിലുള്ള ഒരു മുറിയില്‍ അടുക്കളയും ദാമോദരന്‍ എന്നുപേരുള്ള പാചകക്കാരനും ഉണ്ട്. നല്ല ഭക്ഷണം, നല്ല സുഖം. ഒരു ദിവസം കഴിഞ്ഞു. പിറ്റെ ദിവസം ജേഷ്ഠ്യന്‍ ഒരു പുസ്തകം കൊണ്ടുവച്ചു. ഒരു ഇംഗ്ലീഷ് പുസ്തകമാണ്. പുള്ളി മലയാളത്തില്‍ ആദ്യം ഇങ്ങനെ പറഞ്ഞു: റഷ്യന്‍ വിപ്ലവം അതിന്റെ ആളുകള്‍...ആദ്യം ഞാന്‍ കരുതി അപ്പനൊക്കെ പറയുന്നതുപോലെ എന്തെങ്കിലും വര്‍ത്തമാനം പറയുകയാണെന്ന്. പിന്നെയാണ് പറയുന്നത്, അതല്ല, ഡിസ്‌ക്രൈബ് ദ ടോപിക്! ഇവന്‍ എന്നെ കൊല്ലാനുള്ള പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി.

EVENING WITH iNNOCENT
ഈവനിങ് വിത് ഇന്നസെന്റ് എന്ന പരിപാടിയില്‍ നിന്ന്

അന്ന് രാത്രി ഉറക്കത്തിലെന്നപോലെ 'അമ്മേ, അയ്യോ' തുടങ്ങിയ ശബ്ദങ്ങളിലൂടെ ഞാന്‍ വേദനകള്‍ അഭിനയിച്ചു. ഇങ്ങേര് ഡോക്ടറാണ്. എവിടെയാണ് വേദന, താഴെപ്പോകാം പരിശോധിക്കാം എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ കൂട്ടാക്കിയില്ല. 'വേണ്ടാ...എനിക്കൊന്നും വേണ്ടാ അമ്മയെ കാണണം' എന്നു പറഞ്ഞ് വീണ്ടും ഞെരങ്ങലും മൂളലുമായി. പിറ്റെ ദിവസം വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അപ്പനോട് പറഞ്ഞു, അപ്പാ കാര്യം വല്യ ആളൊക്കെയായിരിക്കും പക്ഷേ കള്ളനാട്ടോ ഇവന്‍. നല്ലവാക്കും പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയിട്ട് റഷ്യന്‍ വിപ്ലവം വിവരിക്കാനാണ് അവിടെയെത്തിയിട്ട് പറഞ്ഞത്. ഒരാവശ്യവുമില്ല അത് വിവരിച്ചിട്ട്. റൂസോ, വോള്‍ട്ടയര്‍, മൊണ്ടസ്‌ക്യൂ ഫ്രഞ്ച് വിപ്ലവം...ഇതൊക്കെ എനിക്കറിയാം. എന്തിനാണ് ഞാന്‍ ഇതൊക്കെ പഠിച്ചതെന്നുമാത്രം ഇപ്പോഴും സംശയമാണ്. പലപ്പോഴും പല അധ്യാപകരും എന്തുമാത്രം ഇമ്പോസിഷന്‍ എഴുതിച്ചു! മോഹന്‍ജദാരോ, ഹാരപ്പ എന്നീ സ്ഥലങ്ങള്‍ കുഴിച്ചപ്പോള്‍ കുറേ സാധനങ്ങള്‍ കിട്ടി. കിട്ടിയെങ്കില്‍ അവരെടുത്ത് തിന്നോട്ടെ. അതും ഞാന്‍ എഴുതി. ഈ കയ്യില്‍ മൈക്ക് അധികനേരം പിടിക്കാന്‍ പറ്റാത്തതിന്റെ കാരണം ഇങ്ങനെ എഴുതിയിട്ടാണ്.

കുട്ടികള്‍ക്ക് അന്നേ മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതായിരുന്നു. മാസ്‌ക് ധരിച്ച് പദ്യം ചൊല്ലുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയില്ല. സിനിമയെടുത്ത് പൊളിഞ്ഞ കാലത്ത് ഈ സാധനം ഉണ്ടായിരുന്നെങ്കില്‍ കടക്കാര് തിരിച്ചറിയില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞതിനുശേഷം ഇപ്പോഴാണ് മാസ്‌ക് വന്നിരിക്കുന്നത്! കോവിഡും ഒമിക്രോണും ഇതുവരെ എന്റെയടുക്കലേക്ക് എത്തിയിട്ടില്ല. കാരണം കാന്‍സറിനെ ഇവരെ അകത്തേക്കു കയറ്റാന്‍ അല്പം താല്‍പര്യക്കുറവുണ്ട്. അത് കാന്‍സറിന്റെയൊരു സന്തോഷം.

ഇരിങ്ങാലക്കുടയില്‍ അഞ്ച് സ്‌കൂളുകളേ ഉള്ളൂ. ആ അഞ്ച് സ്‌കൂളുകളിലും പഠിച്ച് അറിവ് സമ്പാദിച്ചു. ഏതു ചോദ്യം ചോദിച്ചാലും 1947 ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നു ഞാന്‍ ഉത്തരം പറയും. അതു പോരേ? അത് എഴുതി വയ്യാണ്ടായി. കഴിഞ്ഞ ദിവസം എന്നെ പഠിപ്പിച്ച അധ്യാപകന്‍ വിളിച്ചു. എട്ടാം ക്ലാസിലെ സര്‍ട്ടിഫിക്കറ്റാണ് എന്റെ കയ്യില്‍ ഉള്ളത്. അദ്ദേഹം വിളിച്ചത് ഒരു കാര്യം അറിയിക്കാനാണ്. എന്റെ ഏഴാം ക്ലാസിലെ ഉത്തരക്കടലാസുകള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഏഴാം ക്ലാസില്‍ ഞാന്‍ തോറ്റതാണത്രേ. അപ്പോള്‍ എട്ടാം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് മടക്കിക്കൊടുത്ത് ഏഴാം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ പോയാല്‍ ഞാന്‍ വീണ്ടും ഒന്നാം ക്ലാസ് വരെ എത്തും. പുസ്തകത്തിന്റെ അകത്തുള്ള കാര്യങ്ങള്‍ നമുക്കറിയാം. അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ സഹപാഠികളും മാതാപിതാക്കളും സഹോദരങ്ങളും പറഞ്ഞുതരും. നാളെയും നമ്മള്‍ ഇവിടെയുണ്ടാകണം എന്ന ആഗ്രഹമാണ് നമുക്ക് വേണ്ടത്.

അസുഖമാണ് എന്നറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ തുടങ്ങും 'ഒന്നൂല കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി...'വിളിച്ചയാള്‍ക്ക് ജോലിക്കു പോകേണ്ടതാണ്. ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും 'അതിനു കുഴമ്പുപുരട്ടിയിരിക്കുമ്പോള്‍ വയറിനകത്ത് ഒരു കുഴപ്പം അപ്പോള്‍ സഹകരണാശുപത്രിയില്‍ പോയി.' വിളിച്ചയാളുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അയാള്‍ മനസ്സില്‍ പറയും ഏതു നേരത്താണാവോ ഇവനെ വിളിക്കാന്‍ തോന്നിയത് ദൈവമേ...ഇതെല്ലാ വീടുകളിലും എല്ലാവരും ചെയ്യുന്നതാണ്. നമ്മുടെ രോഗങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ സന്തോഷമല്ല, കാണുന്നത് അവരുടെ ഗതികേടാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്നുപറഞ്ഞാല്‍ ചോദ്യം അവസാനിച്ചു. പ്രശ്‌നം ഉണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും കൊണ്ടുത്തരുമോ, ഒന്നും തരില്ല.

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പ് ഒരു അപകടത്തില്‍പെട്ട് ശ്രീചിത്രയില്‍ കിടക്കുമ്പോള്‍ എന്നെ കാണാന്‍ പത്മരാജന്‍ വന്നു. അദ്ദേഹം എന്നെ കിടത്തിയിരിക്കുന്നത് കണ്ടിട്ട് ചോദിച്ചു: 'ഇങ്ങനെ കിടന്നാല്‍ മതിയോ?' തല കീഴ്‌പ്പോട്ടാക്കിയിട്ട് ഫ്‌ലുയിഡ് വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം തുടര്‍ന്നു: 'പെട്ടെന്ന് റെഡിയാവണം.എന്റെ പുതിയ സബ്ജക്ട് റെഡിയായിട്ടുണ്ട്. അതില്‍ തനിക്കൊരു നല്ല റോളുണ്ട്.' പന്ത്രണ്ട് ദിവസമായിട്ടും എഴുന്നേറ്റ് നില്‍ക്കാനും എഴുന്നേറ്റിരിക്കാനും വയ്യാത്ത ഞാന്‍ പത്മരാജന്‍ സാര്‍ പോയിക്കഴിഞ്ഞപ്പോള്‍ പതുക്കെ എഴുന്നേറ്റു. നഴ്‌സിനെ വിളിച്ചു. 'എനിക്കിത്തിരി കഞ്ഞി വേണം' എന്നു പറഞ്ഞു. ഇവിടെ മരുന്നാണോ ഡോക്ടറാണോ ആരാണ് എഴുന്നേല്‍പിച്ചത്? പത്മരാജനാണ്. കാരണം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് അഭിനയം എന്നത്. ഇതു തന്നെയാണ് നമ്മുടെയെല്ലാം കാര്യത്തിലും സംഭവിക്കുന്നത്. അതുപോലെത്തന്നെയാണ് പുസ്തകം വായിക്കുമ്പോഴും സംഭവിക്കുന്നത്. ഇടയ്ക്ക് ചിരിക്കാം. ഇടയ്ക്ക് കാര്യഗൗരവമുള്ള എന്തെങ്കിലും കടന്നുവരാം.

എല്ലാവരും പറഞ്ഞത് കാന്‍സറിനെ ഇന്നസെന്റ് ഈസിയായിട്ട് തള്ളിക്കളഞ്ഞു, അതുകൊണ്ടാണ് ജീവിച്ചിരിക്കുന്നത് എന്നാണ്. അതുകൊണ്ടല്ല,ഡോക്ടര്‍ കാര്യമായിട്ടു തന്നെ ചികിത്സിച്ചു. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു, ഇനിയെനിക്ക് രക്ഷയുണ്ടോ? അദ്ദേഹം പറഞ്ഞു നമുക്ക് നോക്കാം. അങ്ങനെയാണ് ഡോക്ടര്‍ ഗംഗാധരന്‍ ചികിത്സ തുടങ്ങിയത്. അദ്ദേഹം എന്റെ ജൂനിയര്‍ ആയി പഠിച്ചതാണ്. എന്തായാലും ഈ അസുഖം വന്നത് വലിയ സന്തോഷം തന്ന കാര്യമാണ്. കാരണം ഞാനിവിടെ സ്‌റ്റേജില്‍ ഇരിക്കുന്നു, താഴെ ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്നു. ഇതൊക്കെ വലിയ കാര്യമല്ലേ? അല്ലായിരുന്നെങ്കില്‍ ഞാനും താഴെയല്ലേ ഇരിക്കേണ്ടിവരിക? മാത്രമല്ല, എന്നെ പലരും പലസ്ഥലങ്ങളിലേക്കും വിളിച്ചുകൊണ്ടുപോകുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി 71000 കോപ്പി ആയി. അതെങ്ങനെ എന്നു ചോദിക്കുന്നു ഒരാള്‍- വേറാരുമല്ല, പ്രിയദര്‍ശന്‍ തന്നെ. അയാള്‍ പറഞ്ഞു, മനുഷ്യന്‍ ആവശ്യമില്ലാത്തതൊക്കെ കേട്ടുകേട്ട് വയ്യാണ്ടാവുന്നെടോ, ഇതെവിടേക്കാണ് പോകുന്നത്? ഞാന്‍ പറഞ്ഞു വേറൊന്നുമല്ല ഇത്രയും ആയത് സിനിമയിലുള്ള രണ്ട് പ്രധാനപ്പെട്ട നടന്മാര്‍ എന്റെ പുസ്തകം മറ്റുള്ളവര്‍ വായിക്കാതിരിക്കാന്‍ വേണ്ടി ഇരുപത്തിയഞ്ച് ലക്ഷം കൊടുത്ത് പുസ്തകം മൊത്തം വാങ്ങിച്ചുകൊണ്ടുപോയി. അതാണ് എഴുപതിനായിരം കോപ്പിയായത്. അവരുടെ കാശും പോയി എനിക്ക് എഴുപതിനായിരം കോപ്പിയുമായി.

എന്നെക്കൊണ്ട് റഷ്യന്‍ വിപ്ലവം എഴുതിക്കാന്‍ ശ്രമിച്ചയാള്‍ അമേരിക്കയിലാണ് ഇപ്പോള്‍. അയാളുടെ മകന്‍ ഒന്നരക്കൊല്ലം കോഴിക്കോട് പഠിച്ചു. അവനെക്കൊണ്ടിവിടെ ജീവിക്കാന്‍ പറ്റാതായി. അവന്‍ അമേരിക്കയ്ക്ക് പോയി. ഞാനിങ്ങനെ ഗമയില്‍ ഇരിക്കുന്നത് കാണാന്‍ വേണ്ടി അവനെയും കൂട്ടിയാണ് ഇവിടെ വന്നിരിക്കുന്നത്. എല്ലാരുടെയും വിചാരം എനിക്ക് വെല്ലൂരും തൃശൂരും മാത്രമേ ബന്ധമുള്ളൂവെന്നാണ്. കാനഡ, അമേരിക്ക, റഷ്യ...ഇനിയൊന്തൊക്കെ വേണം..

ശ്രീകാന്ത് കോട്ടക്കല്‍: ഇന്നസെന്റ് ചേട്ടനോട് ഒരു കാര്യം ചോദിക്കാന്‍..

ഇന്നസെന്റ്: ഒരു കാര്യമല്ല ഒരുപാട് കാര്യം ചോദിച്ചോ. പക്ഷേ ഉത്തരം കിട്ടിയില്ലെങ്കില്‍ ഇമ്പോസിഷന്‍ തരരുത്. എനിക്കിനി എഴുതാന്‍ വയ്യ.

ശ്രീകാന്ത് കോട്ടക്കല്‍: 'കാന്‍സര്‍ വാര്‍ഡിലെ ചിരി' ഇറങ്ങുന്നതിനുമുമ്പേ ഇന്നസെന്റ് കഥകള്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. സാധാരണ അഭിനേതാക്കളെ വെച്ച് നോക്കുമ്പോള്‍ കഥ പറച്ചില്‍ എങ്ങനെയാണ് സാധിക്കുന്നത്?

ഇന്നസെന്റ്: ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും ഓരോരുത്തരോടും പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് കേള്‍ക്കുന്നവര്‍ ആരും തന്നെ ഇതൊക്കെ എഴുതണം എന്ന് പറയാറില്ല. 'മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ഓംപുരി അതില്‍ അഭിനയിക്കുന്നുണ്ട്. വൈകുന്നേരം ഓരോ നേരംപോക്കുകള്‍ പറഞ്ഞിരിക്കും ഞാന്‍. ഓംപുരി നോക്കുമ്പോള്‍ എന്റെ ചുറ്റും ആളുകളാണ്. ഓംപുരി അവരോട് ചോദിച്ചു ഇയാള്‍ ആരാണ്? അവര്‍ പറഞ്ഞു: ഇയാള്‍ ഒരു ആക്ടറാണ്. അയാള്‍ക്ക് ഭാഷ അറിയാമോ എന്നു ചോദിച്ചു. എനിക്കല്‍പം ഹിന്ദി അറിയാം. മേ കര്‍ത്താവായിരിക്കുമ്പോള്‍ ഹും ചേര്‍ക്കണം, തും കര്‍ത്താവായിരിക്കുമ്പോള്‍ ഇന്നത് ചേര്‍ക്കണം എന്ന് ഞാന്‍ കുറേ എഴുതിയതാണല്ലോ. പിറ്റേ ദിവസം ഞാന്‍ ഓംപുരിയുടെ അടുത്ത് ഞാനെന്റെ വീട്ടിലെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. അദ്ദേഹം ഇന്നില്ല, മരിച്ചുപോയി. അദ്ദേഹമാണ് പറഞ്ഞത് 'ഇന്നസെന്റ് ജീ ആപ് ലിഖോ'. ഞാന്‍ ചോദിച്ചു ക്യാ ലിഖ്‌നാ. അദ്ദേഹം പറഞ്ഞു 'ആപ് ബോലാ ഹെ ഏക് കഹാനി ലിഖോ, ഏക് കിതാബ്!' ഞാന്‍ എഴുതാനൊന്നും തയ്യാറായില്ല. പിന്നീട് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെ പറഞ്ഞുതുടങ്ങി.

എന്റെ വീടിനടുത്തെ കടകളിലൊക്കെ ഞാന്‍ ചെന്നിരിക്കുമ്പോള്‍ ഓരോ തമാശകളൊക്കെ പറയാറുണ്ട്. അവര്‍ കാണുമ്പോള്‍ പറയും വാ ഇരിക്ക് എന്തെങ്കിലും സംഭവങ്ങളൊക്കെ പറയൂ. ഞാന്‍ പറയും പോയി നിന്റെ പണിനോക്കടാ, പറയാനുള്ളത് എഴുതിയാല്‍ പുസ്തകത്തില്‍ നിന്നും കാശുകിട്ടും, ഇവിടെയിരുന്നു പറഞ്ഞാല്‍ ചായയേ കിട്ടൂ. എന്തുമാത്രം തമാശ ഒഴുകിപ്പോയി എന്നറിയോ നിങ്ങള്‍ക്ക്. എനിക്കറിയില്ലല്ലോ ഇതിനൊക്കെ കാശുകിട്ടും എന്നുള്ളത്.

ശ്രീകാന്ത് കോട്ടക്കല്‍: ജോണ്‍ എബ്രഹാം, സുരാസു തുടങ്ങി വളരെ വിചിത്ര സ്വഭാവുമുള്ള പ്രതിഭകളെ പരിചയിച്ച ആളാണ് താങ്കള്‍. പലതരം ആളുകളെ കണ്ടിട്ടുണ്ട്. അത്തരം ആളുകളെപ്പറ്റി എഴുതാന്‍ പദ്ധതിയുണ്ടോ?

ഇന്നസെന്റ്: ഓരോ കാലഘട്ടങ്ങളിലും രാത്രി കിടന്നുറങ്ങുമ്പോള്‍ സാധാരണ ഓരോ പ്രായത്തിലും പലതും ഓര്‍ക്കാറുണ്ട് ആളുകള്‍. പതിനാറ് വയസ്സ് കഴിയുമ്പോള്‍ കളത്തിങ്കല്‍ കല്യാണി, ശാന്ത...ഒന്നൂല, വെറുതേ ഇങ്ങനെ പരിചയം ഉണ്ടെന്നേയുള്ളൂ.

നെല്ലിന്റെ ഷൂട്ട് നടക്കുന്ന സമയം. വൈകുന്നേരം ഒരു പാര്‍ട്ടി നടന്നു. ആ പാര്‍ട്ടിയില്‍ രാമു കാര്യാട്ട് ഉണ്ട്, ഞാനുണ്ട്, വല്യവല്യ ആളുകള്‍ ഉണ്ട്. നെല്ലിന്റെ ഷൂട്ടിങ് വയനാട്ടിലാണ്. ഞാന്‍ അന്ന് സിനിമയില്‍ വലിയ ആരുമല്ല. വൈകുന്നേരം എന്തോ കാരണം പറഞ്ഞ് ഒരു പാര്‍ട്ടി വെച്ചു. ഞാനൊരു ടെക്‌നിക് ഇറക്കി. എന്റെ സോഡ എടുത്ത് കുറച്ചുനേരം ഇങ്ങോട്ട് വെക്കും അല്പം കഴിഞ്ഞ് അങ്ങോട്ട് വെക്കും. ഞാനിവിടെയുണ്ട് എന്നറിയാക്കാനുള്ള ശ്രമമാണ്. എന്നെ ശ്രദ്ധയില് പെട്ടാല്‍ രാമു കാര്യാട്ട് കുറച്ചുകൂടി നല്ല റോള് തരാനും അടുത്ത പടത്തില്‍ അവസരമൊപ്പിക്കാനുമൊക്കെയുള്ള സാന്നിധ്യമറിയിക്കലാണ്. കാര്യാട്ട് എന്നെയൊന്നു നോക്കി. അങ്ങനെയിരിക്കുമ്പോള്‍ നടന്‍ മോഹന്‍, പാലക്കാട്ടുകാരനാണ് അയാള്‍, എവിടെ എന്നു ചോദിച്ചു രാമുകാര്യാട്ട്. അയാള്‍ വന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്താ അയാള്‍ വരാതിരുന്നത്, അയാള്‍ ആരാ എന്നൊക്കെ ചോദിച്ച് രാമു കാര്യാട്ട് കുറച്ച് ബഹളമൊക്കെ ഉണ്ടാക്കി. നമ്മളെല്ലാവരും ഇന്ന് ഒത്തു കൂടും എന്നു പറഞ്ഞിട്ട് അയാള്‍ക്കിന്ന് വരാന്‍ പറ്റിയില്ല അല്ലേ?കുറച്ചു കഴിഞ്ഞ് കാര്യാട്ട് സാര്‍ പറഞ്ഞു നെല്ലിലെ മല്ലന്‍ എന്നു പറയുന്ന കാരക്ടറിനെ ഞാന്‍ ഇന്നസെന്റിനെ വെച്ച് അഭിനയിപ്പിക്കും. മല്ലന്‍ എന്ന കഥാപാത്രം ജയഭാരതിയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവാണ്. എന്റെ വീട്ടില്‍ എട്ടു മക്കളുണ്ട്. അവര്‍ക്കാര്‍ക്കും കിട്ടാത്ത ഭാഗ്യം എനിക്ക്! ജയഭാരതിയുടെ ജോഡിയായി അഭിനയിക്കാന്‍ പോകുകയാണ് ഞാന്‍. കനകദുര്‍ഗയുടെ കഥാപാത്രം ബലാത്സംഗം ചെയ്യുന്ന മല്ലനായിട്ട് ഞാനഭിനയിക്കണം! അതൊക്കെ ഓര്‍ത്തപ്പോള്‍ 'കാട് കുളിരണ്‌...' എന്ന പാട്ട് മനസ്സില്‍ കിടന്ന് തിളച്ചിട്ട് വെളുപ്പാന്‍ കാലത്ത് നാലുമണിവരെ ഞാന്‍ ഉറങ്ങിയില്ല.

ഞാന്‍ നേരത്തേ തന്നെ എഴുന്നേറ്റ് സെറ്റിലെത്തിയപ്പോള്‍ വേഷമിട്ട് നില്‍ക്കുന്നുണ്ട് ജയഭാരതി. ഞാന്‍ അങ്ങോട്ടു നടന്നുചെന്നപ്പോള്‍ മോഹന്‍ തലയില്‍ ഒരു കെട്ടൊക്കെയായിട്ട് നില്‍ക്കുന്നുണ്ട്. അവനെയിപ്പോള്‍ പറഞ്ഞയക്കും. കുറച്ചു കഴിഞ്ഞപ്പോള്‍ കാടു കുളിരണ്...പാട്ട് തുടങ്ങി. മോഹന്‍ ഷര്‍ട്ട് അഴിച്ചു. സ്റ്റാര്‍ട് കാമറ ആക്ഷന്‍ പറഞ്ഞപ്പോള്‍ മോഹന്‍ അതാ മല്ലനായി അഭിനയിക്കുന്നു!ഞാനാണെങ്കില്‍ മല്ലനായി അഭിനയിക്കാനായി തയ്യാറായി നില്‍ക്കുകയാണ് ഞാന്‍. എനിക്കൊരു കാര്യം മനസ്സിലായി, തലേന്ന് പറഞ്ഞത് കാര്യാട്ട് സാറിന് ഓര്‍മയില്ല. ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ കൂടി ഒന്നങ്ങട് പോയി, ഒന്നിങ്ങട് പോയി...കാര്യാട്ട് സാറിന്റെ മുമ്പില്‍ പോയി ചായ ഗ്ലാസ് ഒന്നെടുത്ത് അങ്ങോട്ട് വെച്ച്, പിന്നെയടുത്ത് ഇങ്ങോട്ടു വെച്ച്. ഞാനിവിടെയുണ്ടെന്ന് ശ്രദ്ധ ക്ഷണിക്കുകയാണ്. എന്നെ അദ്ദേഹം ഒന്നു ഓര്‍മിക്കാന്‍ വേണ്ടിയിട്ട് മൂന്നു പ്രാവശ്യം മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവസാനം അദ്ദേഹത്തിന്റെ നഖത്തില്‍ ഒരു ചവിട്ടും കൊടുത്തു. കാണുകയാണെങ്കില്‍ കാണട്ടെ. ചവിട്ടുകിട്ടിയപ്പോള്‍ പറയുകയാ എവിടെ നോക്കിയിട്ടാടോ നടക്കുന്നത്, കടന്നുപോടോ!

ഇന്നലെ പറഞ്ഞേല്‍പിച്ച മല്ലന്‍ എന്ന കഥാപാത്രത്തിനോടാണ്, ജയഭാരതി എന്ന ജോഡിയോടാണ് പറഞ്ഞിരിക്കുന്നത്! ഞാനിക്കാര്യം ജയഭാരതിയോട് പറഞ്ഞു. അവര്‍ക്ക് ചിരിച്ചിട്ട് നില്‍ക്കാന്‍ പാടില്ല. അവര്‍ക്കൊക്കെ ചിരി, ഞാന്‍ കരച്ചിലടക്കുന്നു. ഇതൊക്കെയാണ് ആളുകളും സംഭവങ്ങളും.

ശ്രീകാന്ത് കോട്ടക്കല്‍: പ്രിയദര്‍ശന്റെ സിനിമാഷൂട്ട് തിരുവില്ലാമലയില്‍ നടക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഉണ്ടായിരുന്നില്ലേ?

ഇന്നസെന്റ്: പ്രിയദര്‍ശന്റെ ഒരു കോമഡി സിനിമയാണ്. ഞാനുണ്ട്, കുതിരവട്ടം പപ്പു ഉണ്ട്, അങ്ങനെ കുറച്ചുപേരുണ്ട്. കോമഡി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രിയന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കലക്ക്, അടിക്ക്, താനാണ് ഇനി കോമഡി രാജാവ് എന്നൊക്കെ ഫീലുണ്ടാക്കുന്ന തരത്തില്‍ വന്‍ പ്രോത്സാഹനമാണ്. ഡയലോഗ് പറഞ്ഞ് ഞാന്‍ ചിരിച്ചുകൊണ്ട് നോക്കുമ്പോളുണ്ട് തവിട്ട് നിറത്തിലുള്ള ഷൂ കടന്നുവരുന്നു. ഷൂവിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു കാക്കി പാന്റ്. ഇതെന്തിനാ ഇപ്പോ ഇങ്ങനൊരു സാധനം വന്നു നില്‍ക്കുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന്റെ തൊട്ടടുത്തായി ഇതേപോലെ വേറൊരു കാക്കി പാന്റ് നില്‍ക്കുന്നു. മൂന്നുപേരുണ്ട് അങ്ങനെ. ഡയറക്ടര്‍ സുന്ദര്‍ദാസിന്റെ അച്ഛന്‍ അശോകന്‍ സാറാണ്. അദ്ദേഹം സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ്. മറ്റേ കാക്കിയെയും എനിക്കറിയാം. രാധാകൃഷ്ണന്‍ സാര്‍. അയാളും ഇന്‍സ്‌പെക്ടറാണ്. കോമഡി കഴിഞ്ഞതും പ്രിയന്‍ പറഞ്ഞു ഇതങ്ങട് ശരിയായില്ലല്ലോ. ഞാന്‍ പറഞ്ഞു പ്രിയാ, ഇതു ശരിയാവൂലെടാ..സെന്‍ട്രല്‍ എക്‌സൈസുകാരെ പറ്റിച്ചിട്ടാണ് ഞാന്‍ അഭിനിയിക്കാന്‍ വന്നിരിക്കുന്നത്. അവരെന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കോമഡി എങ്ങനെ വരും? പ്രിയന്‍ പറഞ്ഞു, ന്നാല്‍ പോട്ടെ. അങ്ങനെ അശോകന്‍ സാര്‍ എന്റടുക്കല്‍ എത്തി. 'ആ പൈസ കെട്ടുന്നുണ്ടോ, അതോ തന്നെ ഇപ്പോ കൊണ്ടുപോകണോ?' കൊണ്ടുപോകുക എവിടേക്കാണെന്നറിയാലോ. കൊണ്ടുപോകണ്ട, പൈസ കെട്ടാം സാറെ എന്ന് വിനീതമായി പറഞ്ഞു.

ശ്രീകാന്ത് കോട്ടക്കല്‍: സിനിമ ചെയ്യുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങളും കഥകളും താങ്കള്‍ സംഭാവന ചെയ്യുന്നതായി കേട്ടിട്ടുണ്ട്. എങ്ങനെയാണ് ഈ മനുഷ്യരെയൊക്കെ ഓര്‍ത്തുവെക്കാന്‍ പറ്റുന്നത്?

ഇന്നസെന്റ്: അതാണല്ലോ നമ്മള്‍ കാര്യമായിട്ട് ഓര്‍ത്തുവെക്കുന്നത്. എനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമില്ല, എന്നാലോ കുറേ കാശുകിട്ടാന്‍ വലിയ ഇഷ്ടവുമാണ്. ഇപ്പോ കാര്യമായിട്ടങ്ങനെയില്ല. കാരണം ഇപ്പോള്‍ ആലീസും കൂടി അതിന്റെ വിഹിതം അനുഭവിക്കുന്നണ്ടല്ലോ. ആ വിഷമം കൊണ്ടാണ് കാശിനോട് ഇഷ്ടം കുറയുന്നത്. അന്ന് എന്റെ അപ്പന്‍ നമ്മുടെ ഡോക്ടര്‍ ജേഷ്ഠ്യന്‍ കുര്യാക്കോസിനു വേണ്ടി പെണ്ണുകാണാന്‍ വേണ്ടി പോയി വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അപ്പന്‍ പോയ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ അടുത്ത് തന്നെ നില്‍ക്കുന്നുണ്ട്. എത്ര സ്ത്രീധനം കിട്ടും എ്ന്നാണ് എനിക്ക് അറിയേണ്ടത്. കുറേ കിട്ടിയാല്‍ അതില്‍ നിന്നും എനിക്കും കുറച്ചു കിട്ടുമല്ലോ. എന്റെ അമ്മ അപ്പനോട് ചോദിച്ചു. നിങ്ങള്‍ അന്ന് പോയി കാര്യങ്ങളൊക്കെ സംസാരിച്ചതല്ലേ. അതുപോട്ടെ, അവര്‍ എന്തു കൊടുക്കും? അപ്പന്‍ കിണ്ടിയില്‍ വെള്ളം എടുത്തുകൊണ്ട് മുഖവും വായും കഴുകിന്നതിനിടയില്‍ മറുപടി പറഞ്ഞു. ആ കഴുകലിനോടൊപ്പം വന്ന ശബ്ദത്തില്‍ എമൗണ്ട് മുങ്ങിപ്പോയി. അമ്മയെ ഞാന്‍ ഒന്നു ഞോണ്ടി. മര്യാദയ്ക്ക് ചോദിക്ക്. അമ്മ വീണ്ടും ചോദിച്ചു. അപ്പന്‍ ഷര്‍ട്ട് ഊരുന്നതിനിടയില്‍ മറുപടി പറഞ്ഞു. അതും മുങ്ങിപ്പോയി. എനിക്കാണല്ലോ തിടുക്കം എന്തു കിട്ടുമെന്ന് അറിയാന്‍. ഞാന്‍ അമ്മയെ വീണ്ടും ഞോണ്ടി. അമ്മ അല്‍പം ദേഷ്യത്തോടെ തന്നെ അപ്പനോട് നേരാം വണ്ണം പറയാന്‍ പറഞ്ഞു. അപ്പോള്‍ അപ്പന്‍ ചോറ് ഉണ്ണുകയായിരുന്നു. ആദ്യം പറഞ്ഞതുപോലെ അപ്പന്‍ തുടങ്ങി; ഞാനവരോട് പറഞ്ഞു, നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ എന്തുകൊടുത്താലും അവള്‍ക്കു തന്നെയാണല്ലോ, അപ്പോള്‍ നിങ്ങള്‍ എന്തുകൊടുക്കും എന്നു പറ...ഞാന്‍ കേള്‍ക്കാനായി തയ്യാറായതും അപ്പന്‍ ചോറ് വായിലേക്കിട്ട് ചവച്ചിറക്കിക്കൊണ്ട് പെണ്‍വീട്ടുകാരുടെ ഓഫര്‍ പറഞ്ഞു! അപ്പന്‍ അല്പം മദ്യപിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഞാന്‍ ഒരു നേരം പോക്കിന് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. അപ്പോള്‍ സത്യന്‍ തീരുമാനിച്ചു ഈ സീനിന്റെ തുടക്കം ഇങ്ങനെ മതി. ഇത് ഹിന്ദിയിലും വന്നു. ഹിന്ദിയില്‍ നന്നായില്ല എന്നാണ് കേട്ടത്. ഞാനല്ലല്ലോ അഭിനയിച്ചത്.

ശ്രീകാന്ത് കോട്ടക്കല്‍: ഒരു മനുഷ്യന്റെ വലിയ ഫോട്ടോ വീട്ടില്‍ വെക്കാന്‍ ചോദിച്ചില്ലേ?

ഇന്നസെന്റ്: ഞാന്‍ സിനിമാനടനായി, ആളുകള്‍ എന്നെ മാനിച്ചുതുടങ്ങിയ കാലം. ഞാന്‍ മദ്രാസില്‍ ചെന്നപ്പോള്‍ ഒരു ആംഗ്ലോ ഇന്ത്യന്റെ വീട്ടില്‍ ഷൂട്ട് നടക്കുകയാണ്. മലാമല്‍ വീക്കിലിക്കുവേണ്ടി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. ഞാന്‍ അവിടെയത്തി ചുവരിലെ വലിയ ഫോട്ടോ കണ്ട് ചോദിച്ചു. അതാരാ? അദ്ദേഹം പറഞ്ഞു, അത് ഡാഡിയാണ്. അറിയോ ഡാഡിയെ, കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം എന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇതിന്റെ ഒരു കോപ്പി എനിക്കു തരുമോ? എന്തിനാ എന്നായി അയാള്‍. ഞാന്‍ പറഞ്ഞു, അല്ലാ, എനിക്കത്യാവശ്യം കാശും കാര്യങ്ങളുമൊക്കെയായി. എന്റെ ഡാഡിയെ കാണാന്‍ അത്ര വലിയ ഗുണമില്ല. ആ ഫോട്ടോ മാറ്റി ഈ ഫോട്ടോ വെക്കുകയാണെങ്കില്‍ ഒരു അന്തസ്സ് ഉണ്ട്. അയാള്‍ തരാമെന്നു പറഞ്ഞെന്നേ! അയാളുടെ സ്വന്തം അപ്പനെ എനിക്കു തരാം എന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കണം എന്റെ അപ്പന്റെ ഫോട്ടോ ആരും ഇതുപോലെ ചോദിച്ചിട്ടില്ലെന്ന്!

ശ്രീകാന്ത് കോട്ടക്കല്‍: ചേട്ടന്‍ എഴുത്തു തുടങ്ങിയപ്പോള്‍ വീട്ടില്‍ ഭാര്യ എങ്ങനെയാണ് പ്രതികരിച്ചത്?

ALICE AND INNOCENT
ഇന്നസെന്റ് ഭാര്യ ആലീസിനൊപ്പം

ഇന്നസെന്റ്: ഭാര്യ കുഴപ്പമൊന്നുമില്ലാതെ പ്രതികരിച്ചു. ഞാന്‍ എട്ടാം ക്ലാസുകാരനാണ്, തീരെ ബുദ്ധിയില്ലാത്തവനാണ് എന്നൊക്കെയാണ് ആലീസിന്റെ ധാരണ. സംഘടനയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ മകന്‍ ആലീസിനോട് പറഞ്ഞു, ഒരു ബുദ്ധിയുമില്ലാതെയോണോ പത്ത് നാനൂറ്റിച്ചില്ലാനം ആളുകളെ കൊണ്ടുനടക്കുന്നത്. പതിനെട്ടു വര്‍ഷമായില്ലേ. ഒരാളെയും അപ്പച്ചന് പേടിയില്ലല്ലോ. ധൈര്യമായിട്ടല്ലേ അപ്പച്ചന്‍ ആളുകളോട് സംസാരിക്കുന്നത്. അത് കേട്ടപ്പോള്‍ ആലീസ് പറഞ്ഞു: ഒരാളേയും പേടി ഉണ്ടാവില്ല, ബുദ്ധി ഉണ്ടെങ്കിലല്ലേ പേടി ഉണ്ടാവുകയുള്ളൂ. അവളോട് കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ല. അതൊക്കെ തന്നെയാണ് ആലീസ്, അതും ഒരു സുഖം തന്നെയാണ്.

ശ്രീകാന്ത് കോട്ടക്കല്‍: സിനിമയില്‍ തിരക്കായാലും ഇല്ലെങ്കിലും ചേട്ടന് നാട്ടില്‍ത്തന്നെ ഇരിക്കാനാണ് ഇഷ്ടം. സിനിമ കുറഞ്ഞാല്‍ ഡിപ്രഷനില്ല, കൂടിയാല്‍ തിരക്കുമില്ല. ഇപ്പോള്‍ കുറച്ച് തിരക്കില്ലാത്ത ജീവിതമാണല്ലോ?

ഇന്നസെന്റ്: നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ.അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല. കാര്യം നമുക്ക് മനസ്സിലായി. അപ്പന്‍ പോയി, മുത്തശ്ശി പോയി. പോയവര്‍ പോയി. അവര്‍ക്കും പോയി. ഇവിടെ ഉള്ള കാലം ഒരുപാട് കാശ് കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ല, മനസ്സിന് സുഖം, സമാധാനം, പ്രകൃതി... ഇതൊക്കെയൊന്നു കാണണ്ടേ? എന്നും സ്റ്റാര്‍ട് കാമറ ആക്ഷന്‍ ആയാല്‍ ശരിയാവില്ല. 'ഇന്നസെന്റ്, ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ ആ ബാഗ് എടുത്തിട്ട് അവിടെ കൊണ്ടുവെക്ക്, അത് കഴിയുമ്പോള്‍ ബാഗെടുത്ത് ഇവിടെ കൊടുക്ക്...' സംവിധായകന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയോ ജീവിതത്തില്‍? അതുകൊണ്ടുണ്ടാവുന്ന ഒരു കുഴപ്പം എന്താന്നു വെച്ചാല്‍ മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ നിങ്ങള്‍ വെറുതെ റോഡില്‍ വെച്ച് കണ്ടാല്‍ ആക്ഷന്‍ എന്നു പറഞ്ഞിനോക്കൂ, അവര്‍ അപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യും. ജീവിതത്തില്‍ നിന്നും പോയി. ഷൂട്ടിങ്ങിലാണ് ജീവിതം.

INNOCENT MOHAN LAL

എന്റെ വീട്ടില്‍ കശുമാവ് പൂക്കുന്നതും അണ്ണാറക്കണ്ണന്‍ തെങ്ങില്‍ നിന്നിറങ്ങി വന്ന് എന്നെ കൊഞ്ഞനം കാണിക്കുന്നതും തിരിച്ച് ഞാന്‍ കൊഞ്ഞനം കാണിക്കുന്നതും ഒരു സുഖം. അതൊക്കെ കാണാന്‍ ഞാന്‍ വീട്ടിലിരിക്കുന്നു. ജീവിക്കാനുള്ള പൈസ പുസ്തകങ്ങളില്‍ നിന്നും കിട്ടുന്നുണ്ടെന്നല്ലേ നിങ്ങള്‍ പറയുന്നത്. ഇനി വീട്ടില്‍ ഇരിക്കാലോ.

ശ്രീകാന്ത് കോട്ടക്കല്‍: ചാര്‍ളി ചാപ്‌ളിന്‍ തന്റെ ആത്മകഥയില്‍ പറയുന്നു, ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരും ആത്മാവില്‍ കരയുന്നവരാണെന്ന്‌ ഇങ്ങനെ ആത്മാവില്‍ കരയുന്ന അനുഭവങ്ങള്‍ ഇന്നസെന്റ് ചേട്ടനും ഉണ്ടാവില്ലേ?

ഇന്നസെന്റ്: ഓരോന്ന് ഓര്‍ത്തോര്‍ത്ത് ദു:ഖം കൊണ്ടുവരാറില്ല ഞാന്‍. ചില സമയങ്ങളില്‍ നമുക്ക് വിഷമം തോന്നാം. നമ്മുടെ മാതാപിതാക്കളെ ചില നേരങ്ങളില്‍ ഓര്‍ത്ത് അന്നങ്ങനെ അവര് ചെയ്തിരുന്നല്ലോ എന്നൊക്കെ ചിന്തിക്കാറുണ്ട്. അല്ലാതെ ഇത് സ്ഥിരമായിട്ട് കൊണ്ടുനടക്കുന്ന ഏര്‍പ്പാട് എനിക്കില്ല. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നേരത്ത് ചോറുപാത്രവുമെടുത്ത് പോകുമ്പോള്‍ ഏഴോ എട്ടോ കുട്ടികള്‍ ബെഞ്ചില്‍ ഇരിപ്പുണ്ടാകും. ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടാവില്ല. എന്താ കഴിക്കാത്തത് എന്നു ചോദിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ ഇറങ്ങുമ്പോള്‍ കാലമായിട്ടില്ല എന്ന്- ചോറ് ആയിട്ടില്ല എന്നാണ് അര്‍ഥം. ഞാന്‍ ഒരു ദിവസം വീട്ടില്‍ വന്ന് ഇക്കാര്യം പറഞ്ഞു. അന്ന് എന്റെ അപ്പന്‍ പറഞ്ഞു, എടാ ചോറിന് കാലമായിട്ടില്ല എന്നല്ല, അവിടെ വീട്ടില്‍ ഭക്ഷണം ഇല്ല. അതിനെപ്പറ്റിയൊക്കെ ഓര്‍ത്ത് ദു:ഖിച്ചിട്ടുണ്ട്.

കാലങ്ങള്‍ക്കുശേഷം ഗവ. ഗസ്റ്റ്‌ ഹൗസില്‍ ഇരിക്കുമ്പോള്‍ ഒരു പ്യൂണ്‍ വന്നു പറഞ്ഞു: ഞങ്ങളുടെ എഞ്ചിനീയര്‍ സാറിന്റെ കൂടെ പഠിച്ചതാണ്. ആര് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു പേരും പറഞ്ഞു. കുറേപ്പേര്‍ കൂടെ പഠിച്ചതാണെന്ന് വെറുതേയും പറയാറുണ്ട്. കുറേ കഴിഞ്ഞപ്പോള്‍ എന്റെ കൂടെ പഠിച്ച പ്രഭാകര മേനോന്‍ വന്ന് എന്നോട് ചോദിച്ചു, നിനക്കെന്നെ ഓര്‍മയില്ലേ? എനിക്കാളെ മനസ്സിലായി. ഞങ്ങള്‍ കുറേനേരം സംസാരിച്ചു. ഉച്ചയായപ്പോള്‍ ഞാന്‍ പറഞ്ഞു, വാ ഞങ്ങളുടെ കൂടെ ഊണു കഴിക്കാം. അപ്പോല്‍ അയാള്‍ പറഞ്ഞു: വേണ്ട ഇന്ന് ഞാന്‍ ചോറ് കൊണ്ടു വന്നിട്ടുണ്ട്. നിങ്ങള്‍ മനസ്സിലാക്കണം, അന്ന് ഞാന്‍ കുട്ടിയോട് ചോദിച്ചു എന്തുകൊണ്ടാണ് ഭക്ഷണം കൊണ്ടുവരാത്തത് എന്ന്. അന്നവന്‍ പറഞ്ഞു, വീട്ടില്‍ കാലമായിട്ടില്ല എന്ന്. അത് അവന്റെ മനസ്സിലുണ്ട്. അതുകൊണ്ടാണ് ഇന്ന് താന്‍ ചോറ് കൊണ്ടുവന്നിട്ടുണ്ട് എന്ന് മറുപടി പറഞ്ഞത്. ഞാന്‍ പെട്ടെന്ന് അവന്റെ കയ്യില്‍ പിടിച്ചു. അവന്‍ പറഞ്ഞു, വിഷമിക്കണ്ടടോ, ഞാന്‍ ഒരു നേരം പോക്കിന് പറഞ്ഞെന്നേയുള്ളൂ. ഈയടുത്ത കാലത്ത് ഞങ്ങള്‍ വീണ്ടും കണ്ടു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില ഓര്‍മകള്‍ തികട്ടി വരും.

ശ്രീകാന്ത് കോട്ടക്കല്‍: ഒരു തമിഴ് സിനിമ മണിരത്‌നത്തിനുവേണ്ടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പല സംവിധായകരും നമ്മളറിയാതെ ഇന്നസെന്റിന്റെ കഥ ഉപയോഗിച്ചിട്ടുണ്ട്. നാട്ടില്‍ നടന്ന ഒരു നായയുടെ കഥയില്ലായിരുന്നോ?

ഇന്നസെന്റ്: മരിച്ചവരുടെ കഥകള്‍ മാത്രം പറയുന്നതാണ് ബുദ്ധി. കഥയിലെ ആള്‍ക്കാര് ജീവിച്ചിരിപ്പുണ്ടേല്‍ പറയാത്തതാണ് നല്ലത്. എനിക്കങ്ങോട്ട് തന്നെയല്ലേ പോകേണ്ടത്. എന്നാലും പറയാം, നാട്ടിലുള്ള ബേബി ടീച്ചര്‍ (മരിച്ചുപോയി) എന്നോട് പറഞ്ഞു, വീടിന്റെ പരിസരത്ത് ഒരു പട്ടിയുണ്ട്. ഭയങ്കര ശല്യമാണ്. അതിനെ എവിടെയെങ്കിലും കൊണ്ടുപോയി ഒന്നു കളയൂ. വിസര്‍ജ്യങ്ങളായിട്ടുള്ള, ആര്‍ക്കും വേണ്ടാത്തതെല്ലാം മങ്ങാടിക്കുന്നിലാണ് കൊണ്ടുപോയി കളയുന്നത്. ആറടി താഴ്ചയില്‍ പത്തു പതിനഞ്ച് കുഴികളുണ്ടാകും. ആളുകള്‍ തങ്ങള്‍ക്ക് വേണ്ടാത്തത് കൊണ്ടിട്ട് കുഴി നിറയുമ്പോള്‍ മുകളില്‍ കുറച്ച് കുമ്മായം വിതറും.

ഞാനിങ്ങനെ ചിന്തിച്ചപ്പോള്‍, ടീച്ചര്‍ പട്ടിയെ കളയാന്‍ എന്നെ എല്‍പിച്ചത് ഞാന്‍ ഒരു മിടുക്കനായതുകൊണ്ടല്ലേ. ടീച്ചറെ അന്ന് പെണ്ണുകാണാന്‍ ആരോ വരുന്നുണ്ട്. ഈ ചാവാലിപ്പട്ടി അവിടെ കിടക്കുന്നത് അത്ര സുഖമല്ല. അഞ്ചെട്ട് ദിവസമായി അത് ടീച്ചറുടെ പറമ്പില്‍ കൂടിയിട്ട്. ഞാന്‍ നാലഞ്ച് പിള്ളേരെ സംഘടിപ്പിച്ച് മങ്ങാടിക്കുന്നിന്റെ കുഴിയിലേക്ക് പട്ടിയെ വലിച്ചിട്ടു. ആ പട്ടി അതില്‍ കിടന്നിട്ട് കുഴഞ്ഞുമറയാന്‍ തുടങ്ങി. വെള്ളമില്ല, പക്ഷേ നനവുള്ള മാലിന്യകൂമ്പാരത്തില്‍ കിടന്നും ഉരുണ്ടും പട്ടി പതുക്കെ കരകയറാന്‍ തുടങ്ങുകയാണ്. ഞാന്‍ വേഗം ഒരു മാവിന്റെ മുകളില്‍ കയറി ഇരുന്നു. പട്ടി എന്നെയൊന്നു നോക്കി. അതിനുശേഷം ഒറ്റയോട്ടം വെച്ചു കൊടുത്തു- നേരെ ടീച്ചറുടെ വീട്ടിലേക്ക്. അവിടെ പെണ്ണുകാണാന്‍ വന്നയാളും അയാളുടെ അച്ഛനും ബന്ധുക്കളും ഇരിക്കുന്നു. നേരെ പട്ടി അകത്തു കയറി ഇവരെല്ലാം ഇരിക്കുന്നിടത്ത് വന്ന് ഒരു കുടച്ചില്‍. അന്നേവരെ അകത്തേക്കു കയറാത്ത പട്ടിയാണ്. പിന്നെ ബെഡ്‌റൂമില്‍ പോയി അവിടെയും ഒരു കുടച്ചില്‍. അടുക്കളയില്‍ കയറി ഒരു കുടച്ചില്‍.

കുറേ നാള്‍ കഴിഞ്ഞ് ടീച്ചര്‍ അമ്മയെ കണ്ടപ്പോല്‍ പറഞ്ഞു, ആ കല്യാണം ഒഴിഞ്ഞുപോയി എന്ന്. മരിക്കുന്നതിന് കുറച്ചുനാളുകള്‍ക്ക് മുമ്പ് എന്നെ കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞത് ഇപ്പോഴും ആ മണം അവിടെ തങ്ങി നില്‍ക്കുന്നുണ്ട് എന്നാണ്. അതെന്നോ ഒരിക്കല്‍ പ്രിയനോട് പറഞ്ഞു, പ്രിയന്‍ അത് തമിഴില്‍ സിനിമയാക്കി.

ഇന്നസെന്റ് എഴുതിയ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights ; evening with innocent sreekanth kottakkal talks with actor innocent for mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented