പ്രദീപൻ പാമ്പിരിക്കുന്ന്
''ജീവിക്കാന്‍ വളരെയേറെ ഇഷ്മായിരുന്നു പ്രദീപിന്. വയസ്സായി കൂനിക്കൂടി നടക്കുന്നവരെ കാണുമ്പോളൊക്കെ പറയും:എന്തൊരു ഭാഗ്യമുള്ളവരാണ് അവര്‍, ഇത്രയും കാലം ജീവിക്കാന്‍ കഴിഞ്ഞില്ലേ എന്നൊക്കെ. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ മുതല്‍ എന്റെ കൂടെ പ്രദീപനും അദ്ദേഹത്തിന്റെ കൂടെ ഞാനും ചേര്ന്നുനടത്തം തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ നാല്പത്തിയേഴാം വയസ്സില്‍ ആ നടത്തത്തിന് അര്ധവിരാമമായെങ്കിലും മനസ്സിലുള്ള ആ കാലുകളെ നോക്കി ഞാന്‍ നടന്നുകൊണ്ടേയിരിക്കും''- എഴുത്തുകാരനും വിവര്‍ത്തകനും അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ. പ്രദീപന് പാമ്പിരിക്കുന്നിന്റെ ഓര്‍മദിനത്തില്‍ ഭാര്യ സജിത കിഴിനിപ്പുറത്ത് സംസാരിക്കുന്നു.
കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട് കോളേജിലെ മലയാളം വിദ്യാര്‍ഥികളായിരുന്നു ഞങ്ങള്‍. 1990 കാലമാണ്, ഐടിഐയില്‍ ഒരു കോഴ്സ് കഴിഞ്ഞതിനുശേഷമാണ് പ്രദീപന് ഡിഗ്രിയ്ക്കു ചേര്‍ന്നത്. നന്നായിട്ട് വായിക്കും എഴുതും. കോളേജ് മാഗസിന്, നാടകപ്രവര്‍ത്തനങ്ങള്‍, നാട്ടിലെ ഗാനമേളകള്‍, സജീവസാഹിത്യപ്രവര്ത്തനം തുടങ്ങി പ്രദീപന് തന്റെ കോളേജ് കാലത്തേ വളരെ തിരക്കുള്ള ഒരാളായിരുന്നു. കഴിവുകള്‍ ആര്‍ക്കു മുമ്പിലും പ്രകടിപ്പിക്കില്ല. കണ്ടെടുക്കപ്പെടട്ടെ എന്ന നിബന്ധനയായിരുന്നു. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ പ്രദീപനെ തിരഞ്ഞു വരും. അന്നേ ഞങ്ങള്‍ തമ്മില്‍ വളരെ നല്ല സൗഹൃദം ദൃഢമാക്കിയിരുന്നു.

പിരിയാന്‍ കഴിയുന്നതിലും അപ്പുറത്തേക്ക് ആ സൗഹൃദം വളര്‍ന്നു എന്ന് മനസ്സിലായത് ഡിഗ്രി രണ്ടാം വര്‍ഷം എത്തിയപ്പോളാണ്. ഐടിഐ യോഗ്യതയുള്ളതുകൊണ്ട് പ്രദീപന് അപ്രന്റിസായി നിയമനം ലഭിച്ചു. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ധാരാളമായിട്ടുള്ളതുകൊണ്ടു തന്നെ പ്രദീപന് ആ ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിതനാണ്. പോവുകയാണ് എന്ന് യാത്ര പറയാന്‍ വന്നപ്പോളാണ് ഞങ്ങള്‍ക്കങ്ങനെ പിരിഞ്ഞുപോവാന്‍ കഴിയില്ല എന്ന് പരസ്പരം മനസ്സിലാക്കിയത്. പിന്നെ ആ ജോലി പ്രദീപന് ഒഴിവാക്കുകയാണ് ചെയ്തത്. വേര്‍പാട് എന്നൊന്നിന് ഞങ്ങള്‍ക്കിടയില്‍ എന്തുമാത്രം സ്വാധീനമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞു. പിന്നെയാ ബന്ധം തുടര്‍ന്നു, കൂട്ടുകാര്‍ക്കിടയില്‍ ആരുമറിഞ്ഞില്ല.
പ്രദീപന് ഒരു പ്രണയം എന്നൊന്നും ആര്‍ക്കും അത്ര സങ്കല്പിക്കാനാവില്ല. കാരണം അത്രയും തിരക്കുപിടിച്ച, സോഷ്യലായ, കലയും ജീവിതവും വായനയും സംവാദവും മാത്രം കൂട്ടിനുള്ള ലോകത്തെയൊരു വ്യക്തിത്വമായിരുന്നു അന്നേ പ്രദീപന്. ആ പ്രണയത്തിന്റെ ആഴം ഞങ്ങള്‍ മാത്രം തിരിച്ചറിഞ്ഞതായിരുന്നു. നിര്‍മലമായ ഭാവങ്ങള്ക്കൊക്കെ എതിര് നിലപാടെടുത്ത, ജീവിതത്തെ പരുക്കന്‍ മട്ടില്‍ സമീപിച്ച പ്രദീപന്റെ പ്രണയത്തില്‍ ഞാന്‍ വളരെയേറെ ആശ്വാസവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു. തികച്ചും സൗഹൃദപരമായ പ്രണയം.

മുന്നോട്ടുപോകാനുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങളുടെ എം.എ പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍. പ്രദീപന്റെ കഴിവുകള്‍ക്കും എഴുത്തിനും വളരെ വിശാലത കൈ വന്ന കാലമായിരുന്നു അത്. അറിവുകള്‍ ഞങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും കൈമാറിയും പങ്കുവെച്ചു. രണ്ടുപേര്‍ക്കും ജെ ആര്‍എഫ് കിട്ടി. എം എ കഴിഞ്ഞ് നേരെ ഗവ. ബി എഡ് കോളേജില്‍ ഒരുമിച്ച് ചേര്‍ന്നു. അദ്ദേഹത്തിന് നവോദയ സ്കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ഉത്തര്‍പ്രദേശിലായിരുന്നു നിയമനം ലഭിച്ചത്. പക്ഷേ ഞാനെന്ന ബാഹ്യപ്രേരണ നിലനില്‍ക്കുന്നതിനാല്‍ പോയില്ല. പിന്നീട് ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി നിയമനം ലഭിച്ചു.
സാമൂഹ്യപരമായി ഞങ്ങള്‍ രണ്ടും രണ്ട് തട്ടിലായിരുന്നു. ബ്രാഹ്മണകുടുംബമാണ് എന്റെത്. ഞാന്‍ ഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ അച്ഛന് മരിച്ചുപോയി. പിന്നെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഞങ്ങളുടെ തീരുമാനത്തോട് വിയോജിപ്പുണ്ടായിരുന്നു. പക്ഷേ ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. കാരണം ജീവിതത്തില്‍ ഇത്രയധികം ജനാധിപത്യം സൂക്ഷിക്കുന്ന, എന്നെ മനസ്സിലാക്കിയ, സ്നേഹിച്ച മറ്റൊരാള്‍ ഇല്ലായിരുന്നു. ബഹുമാനമായിരുന്നു അദ്ദേഹത്തിന് സ്ത്രീകളോട്. പരസ്പരാദരം എപ്പോഴും സൂക്ഷിച്ചിരുന്നു. പിന്നെ എഴുത്തും വായനയും നിറഞ്ഞ ആ ലോകം എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ മുതല്‍ക്കൂട്ടായിരുന്നു. പ്രദീപന് ഭയമായിരുന്നു മരണത്തെ. പ്ളേറ്റ്ലറ്റുകള്‍ കുറയുന്ന രോഗാവസ്ഥ കാരണം കുറച്ച് കാലം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ചതും കണ്ടതും മുഴുവന്‍ പ്രദീപന് എന്ന മനുഷ്യനെയായിരുന്നു, ജീവിക്കാന്‍ കൊതിയുള്ള, ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച നിഷ്കളങ്കനായ ഒരു മനുഷ്യന്.
ഘടകര്‍പ്പരകാവ്യം; അതായിരുന്നു പ്രദീപന്റെ വിവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ രചന. കാളിദാസകാവ്യങ്ങളുടെ ശോഭയില്‍ മുങ്ങിപ്പോയ ഘടകര്പ്പരനെ വീണ്ടെടുക്കാന്‍ പ്രദീപനെ പ്രേരിപ്പിച്ചതിനുപിന്നില്‍ പ്രധാനപ്പെട്ട ഒരു ഘടകമായി എനിക്കു തോന്നിയിട്ടുള്ളത് ഒരു സ്ത്രീ കര്‍തൃസ്ഥാനത്തു വരുന്ന കാവ്യമായിരുന്നു അത് എന്നതായിരുന്നു. ഘടകര്പ്പരകവിയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രദീപന് മനസ്സിലാക്കിയതുപോലെ മറ്റുള്ളവര്‍ ഘടകര്പ്പരകാവ്യത്തെ മനസ്സിലാക്കിയിരുന്നില്ല.
ഞങ്ങളുടെ വീടായ ശ്രാവസ്തി പലപ്പോഴും ബൗദ്ധിക ചര്‍ച്ചകളുടെ ഇടമായിരുന്നു. ജീവിതപങ്കാളിയായ പ്രദീപനും അച്ഛനായ പ്രദീപനും വളരെ ജനാധിപത്യബോധത്തോടെ പെരുമാറിയ ഇടം. ഇളയമകന് അദ്ദേഹത്തെ പ്രദീപന് എന്നായിരുന്നു വിളിച്ചിരുന്നത്. ഇതെന്താ ഇവന് ഇങ്ങനെ വിളിച്ചുപഠിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അവന് എന്തെങ്കിലും വിളിക്കുന്നില്ലേ പിന്നെന്താ പ്രശ്നം എന്നായിരുന്നു. ബൗദ്ധികതയുടെ ജാടകള്‍ കാണിക്കാതെ, സഹജീവിവര്ത്തിത്വത്തോടെ, സ്നേഹത്തോടെ എനിക്കുതന്ന നാളുകള്‍...അദ്ദേഹത്തിന്റെ പത്തൊമ്പതാം വയസ്സുമുതല്‍ നാല്പത്തേഴ് വയസ്സുവരെ എന്നെയൊപ്പം നടത്തിയ പ്രദീപന് പാമ്പിരിക്കുന്ന്. വാക്കുകള്‍ കൊണ്ട് പൂരിപ്പിക്കാന്‍ പറ്റാത്തതാണ് ആ അഭാവം.
Content Highlights: Dr.Sajitha Kizhinippurath Shares memory of her husband writer critic Dr. Pradeepan Pambirikkunnu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..