നരേന്ദ്രപ്രസാദ്, ഡോ.പി.കെ. രാജശേഖരൻ
നോവലിസ്റ്റും നിരൂപകനും നാടകകൃത്തും നടനുമായിരുന്ന നരേന്ദ്രപ്രസാദ് ഓര്‍മയായിട്ട് പതിനെട്ട് വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു മലയാളത്തിലെ ഉത്തരാധുനികതയുടെ സൈദ്ധാന്തികനും സാംസ്‌കാരിക ചരിത്രകാരനുമായ ഡോ. പി.കെ. രാജശേഖരന്‍. അദ്ദേഹം തന്റെ ഗുരുനാഥനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലത്ത് ഇംഗ്ലീഷ് അധ്യാപകനായിരുന്നു നരേന്ദ്രപ്രസാദ് സാര്‍. കവി വിഷ്ണുനാരായണ്‍ നമ്പൂതിരി, കഥാകൃത്ത് വി.പി. ശിവകുമാര്‍ തുടങ്ങിയ അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. കവി അന്‍വര്‍ അലിയും ഞാനുമൊക്കെ ഒരു ക്ലാസിലാണ്. അന്നത്തെ ആധുനികതാ സാഹിത്യത്തിന്റെയും നാടകം, സിനിമ തുടങ്ങിയ സംസ്‌കാരത്തിന്റെയുമൊക്കെ ഭാഗമായ, സുന്ദരനും ഗാംഭീര്യമുള്ള ശബ്ദത്തിനുടമയുമായ, യുവത്വമുള്ള അധ്യാപകനായിരുന്ന നരേന്ദ്രപ്രസാദ് സാറില്‍ അന്നത്തെ കൗമാരക്കാരായ ഞങ്ങള്‍ ആകൃഷ്ടരാവുക എന്നത് സ്വാഭാവികമാണ്. ഞങ്ങളുടെ എഴുത്തുപ്രയത്‌നങ്ങള്‍ വായിക്കുകയും അതെല്ലാം തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം നല്‍കിയ വാത്സല്യത്തില്‍നിന്ന് ഒരു പടി അധികം അനുഭവിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. എന്റെ വായനയെയും ചിന്തയെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ധൈഷണികമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. അന്നേവരെ ഞാന്‍ തുടര്‍ന്നിരുന്ന വായനാരീതിയെ, പുസ്തകങ്ങളുടെ തിരഞ്ഞെടുക്കലുകളെയൊക്കെ മാറ്റിമറിക്കുന്നതില്‍ പ്രസാദ് സാറിന്റെ ഇടപെടല്‍ സ്പഷ്ടമായിരുന്നു.
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന് നൊബേല്‍ സമ്മാനം ലഭിച്ച സമയത്ത് 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഉണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അതേപ്പറ്റി അറിയില്ല. പ്രസാദ് സാര്‍ പറഞ്ഞു യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ആ പുസ്തകം ഉണ്ട്. ആ പുസ്തകം എടുത്ത് വായിക്ക്. അധ്യാപകന്‍ ആജ്ഞാപിച്ചാല്‍ അത് ചെയ്‌തേ പറ്റൂ. ഉടന്‍ തന്നെ പോയി നോവല്‍ എടുത്തു വായിച്ചു. പിന്നെ അദ്ദേഹം പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് പോയട്രിയിലെ പുതിയ വികാസങ്ങളെ അദ്ദേഹമാണ് പരിചയപ്പെടുത്തിയത്. ഷീമസീനിയെ വായിക്കൂ എന്നദ്ദേഹം ഇതുപോലൊരു അവസരത്തില്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ ഐറിഷ് കവിയായ ഷീമസീനിയെ വായിക്കാന്‍ തുടങ്ങി. പില്‍ക്കാലത്ത് ആ കവിയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു. അക്കാലത്തെ സാഹിത്യനിരൂപണത്തില്‍ അതിശക്തനായി നില്‍ക്കുന്ന അദ്ദേഹം ഞങ്ങളുടയെല്ലാം വായനയെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.
പ്രീഡിഗ്രി മുതലാണ് പ്രസാദ് സാര്‍ അധ്യാപകനായി വന്നത്. ഞാന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എത്തിയപ്പോഴേക്കും അദ്ദേഹം എം.ജി. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഡയറക്ടറായി പോയിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അനുവദിച്ച വ്യക്തിസ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മരണം വരെ നല്ല ബന്ധം തുടരാന്‍ കഴിഞ്ഞു. പ്രസാദ് സാറുമായിട്ടു മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നല്ല നിമിഷങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നു. സാറിന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്ന അലിയാര്‍ സാര്‍, വി.പി. ശിവകുമാര്‍, നടന്‍ മുരളി, എം.ആര്‍. ഗോപകുമാര്‍, എം.വി. ഗോപകുമാര്‍ എം.കെ. ഗോപാലകൃഷ്ണന്‍, റഷീദ് തുടങ്ങിയവരോടെല്ലാം പ്രസാദ് സാറിന്റെ ശിഷ്യന്‍ എന്ന നിലയിലുള്ള സൗഹൃദമുണ്ടായിരുന്നു. പ്രസാദ് സാറിന്റെ നാടകക്കളരിയായിരുന്ന നാട്യഗൃഹത്തിലേക്ക് ഞാന്‍ പോയിരുന്നത് സഹായിയായിട്ടായിരുന്നു. ഞാന്‍ അസിസ്റ്റന്റുപണികള്‍ ചെയ്യുമ്പോള്‍ അന്‍വര്‍ അലി അന്ന് സാറിന്റെ നാടകത്തില്‍ അഭിനയിച്ചു.

പ്രസാദ് സാറിന്റെ നിരൂപണയുക്തികളോട് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ ഒരക്ഷരം എതിര്‍ത്തു പറഞ്ഞിട്ടില്ല. സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ, അത് അദ്ദേഹത്തിന്റെ മുമ്പില്‍ പോയി തുറന്നുപറയാനുള്ള ധൈര്യമോ അനൗചിത്യമോ എനിക്കില്ല. സാധാരണക്കാരായ സിനിമാപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നരേന്ദ്രപ്രസാദ് ധിഷണാശാലിയോ എഴുത്തുകാരനോ നിരൂപകനോ അല്ല, മറിച്ച് വ്യത്യസ്തനായ വില്ലനോ അച്ഛന്‍ കഥാപാത്രമോ സഹനടനോ ഒക്കെയാണ്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സാറ് ചെയ്യുന്നതെല്ലാം ശരി എന്നതായിരുന്നു നിലപാട്. ദൈവത്തിന്റെ തെറ്റും ശരിയും നോക്കാത്തതുപോലെ ഞങ്ങള്‍ പ്രസാദ് സാറിന്റെ തെറ്റും ശരിയും നോക്കാറില്ല. നാടകൃത്ത്, സംവിധായകന്‍ എന്നതിലുപരി അദ്ദേഹം നല്ലൊരു നടന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സൗപര്‍ണിക എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ വേളയില്‍ നടന്‍ മുരളിക്ക് രംഗങ്ങള്‍ അദ്ദേഹം അഭിനയിച്ചു കാണിച്ചുകൊടുക്കുമായിരുന്നു.
പി. ശ്രീകുമാറിന്റെ സംവിധാനത്തില്‍ അസ്ഥികള്‍ പൂക്കുന്നു എന്ന സിനിമയിലാണ് പ്രസാദ് സാര്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് അദ്ദേഹം വാണിജ്യസിനിമയുടെ ലോകത്തേക്കുവന്നു. അവിടെയും വ്യത്യസ്തത കാത്തുസൂക്ഷിച്ചിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയിലെ കര്‍ഷകനായ അച്ഛന്‍ തന്നെ മികച്ച ഉദാഹരണം. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പല പല വേഷങ്ങള്‍ ഉണ്ട്. സാഹിത്യനിരൂപകനും അധ്യാപകനും ചിന്തകനുമായ പ്രസാദ് സാറിനെയാണ് എക്കാലവും ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നത്. പതിനെട്ടുവര്‍ഷമായി ആ സാന്നിധ്യം ഇല്ല. മരണം പോലും തോറ്റുപോകുന്ന സ്വാധീനമായി ഇന്നും അദ്ദേഹം മനസ്സില്‍ ജീവിക്കുന്നു.
Content Highlights :Dr pk rajasekharan pays homage to writer actor playwright narendraprasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..