പി. കേശവദേവ്, സീതാലക്ഷ്മി കേശവദേവ്
പി. കേശവദേവിന്റെ മുപ്പത്തിയൊമ്പതാം ചരമവാര്‍ഷികദിനമാണ് ജൂലൈ 1. കേശവദേവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ഏകമകനും പ്രശസ്ത പ്രമേഹരോഗവിദഗ്ധനുമായ ഡോ. ജ്യോതിദേവ് കേശവദേവ്.
അച്ഛനും ഞാനും തമ്മില്‍ അറുപത് വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്. ആ പ്രായവ്യത്യാസം പക്ഷേ, ഞങ്ങള്‍ അച്ഛന്-മകന് ബന്ധത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. എന്റെ സ്കൂള്‍ കാലത്ത് സഹപാഠികള്‍ക്ക് ഏറ്റവും വലിയ കൗതുകമായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന് വളരെ പ്രായമായ ഒരാള്‍. അമ്മ സീതാലക്ഷ്മിയാവട്ടെ ചെറുപ്പക്കാരിയും. അച്ഛനും അമ്മയും തമ്മില്‍ 40 വയസ്സ് വ്യത്യാസമുണ്ട്. അപ്പൂപ്പനാണോ കൊണ്ടുവിട്ടത് എന്ന് കുട്ടികള്‍ സംശയത്തോടെ ചോദിക്കും. എന്റെ അച്ഛനാണ് എന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
രണ്ടുപേരും സ്കൂളില്‍ വരാറുണ്ടായിരുന്നു. രാവിലെ കൊണ്ടുവിടുന്നതും വൈകിട്ട് വിളിച്ചുകൊണ്ടുപോകുന്നതും അച്ഛനാണ്. അച്ഛന് സ്ഥലത്തില്ലാത്തപ്പോള്‍ അമ്മയാണ് വരിക. കുട്ടിക്കാലം തൊട്ടേ അച്ഛനെയും അമ്മയെയും കണ്ടുവളര്‍ന്നതിനാല്‍ അവരുടെ പ്രായത്തിന്റെ അന്തരമൊന്നും എനിക്ക് മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല. സദാസമയവും ഊര്‍ജസ്വലയായി, അണിഞ്ഞൊരുങ്ങി, നല്ല വസ്ത്രങ്ങള്‍ ധരിച്ച്, അച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുന്ദരിയായി മാത്രമേ അമ്മയെ ഞാന്‍ കണ്ടിട്ടുള്ളൂ. അമ്മയെ എപ്പോഴും അങ്ങനെ കാണാനായിരുന്നു അച്ഛനിഷ്ടം. അച്ഛനാവട്ടെ എഴുത്തിന്റെ ലോകത്ത്, അല്ലെങ്കില്‍ പ്രസംഗവേദിയില്‍. ബാല്യകാലങ്ങളില്‍ മകനൊപ്പം കളിക്കാനും കഥപറയാനും അച്ഛന് സമയം കണ്ടെത്തിയിരുന്നു. അച്ഛനും അമ്മയും തങ്ങളുടെ പ്രണയത്തെ മുറുകെ പിടിച്ചുകൊണ്ടായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്റെ കൂട്ടുകാരുടെ കണ്ടെത്തലുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.
എന്റെ കുട്ടിക്കാലത്ത് അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, മകന് ഭാവിയില്‍ ആരായിത്തീരണമെന്നാണ് ആഗ്രഹമെന്ന്. അച്ഛന് പറയും അവന് ഇഷ്ടമുള്ളതെന്താണോ അതായിത്തീരട്ടെ. അവന് ഒരു ഡോക്ടറായാല്‍ നല്ലതാണ്. പക്ഷേ, അവന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന് നമ്മള് കൊടുക്കണം. എന്റെ പതിനാറാം വയസ്സിലാണ് അച്ഛന് മരിക്കുന്നത്. പിറ്റെ വര്‍ഷം എനിക്ക് മെഡിസിന് അഡ്മിഷന് കിട്ടി. അതിനു പിന്നില്‍ അമ്മയുടെ കഠിനാധ്വാനമുണ്ടായിരുന്നു. എന്തായിത്തീരണമെന്ന മകന് തീരുമാനിക്കാമെങ്കിലും അമ്മ പ്രാധാന്യം കൊടുത്തത് അച്ഛന്റെ ആഗ്രഹത്തിനായിരുന്നു. അക്കാലത്തെ എന്റെ വിദ്യാഭ്യാസകാര്യങ്ങളില്‍ അച്ഛന്റെ സാമീപ്യം സംശയമായും ഉത്തരമായും എപ്പോഴുമുണ്ടായിരുന്നു. ആശയങ്ങളെ മുറുക്കിപ്പിടിച്ച അച്ഛന് പക്ഷേ എന്നെ ഉപദേശിച്ചു; 'ആശയമാകാം പക്ഷേ, ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അമിതവിധേയത്വം അരുത്.'

കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടേതും. അതേക്കുറിച്ച് തന്റെ പുസ്തകത്തില്‍ അമ്മ വിശദമായി എഴുതിയിട്ടുണ്ട്. 'ഓടയില്‍ നിന്ന്' എന്ന നോവല്‍ വായിച്ച് ആരാധന മൂത്ത അമ്മ അച്ഛനെ നേരിട്ട് കാണാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെയിരിക്കേയാണ് അമ്മയുടെ വീടിനടുത്തെ ഒരു വീട്ടില്‍ അച്ഛന് താമസിക്കാന്‍ വന്നത്. കേശവദേവ് വന്നതറിഞ്ഞ് നിരവധിയാളുകള്‍ കാണാനെത്തി. അമ്മയന്ന് വിദ്യാര്‍ഥിനിയാണ്. സഹോദരിയെയും കൂട്ടി അമ്മയും അദ്ദേഹത്തെ കാണാന്‍പോയി. പരിചയപ്പെട്ടു. സംസാരിച്ചു. ആദ്യസന്ദര്‍ശനത്തില്‍ത്തന്നെ അമ്മയുടെ ഇഷ്ടം അച്ഛന് മനസ്സിലായി. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. പ്രണയം അമ്മയുടെ വീട്ടുകാര്‍ അറിഞ്ഞു.
അമ്മയുടെ അമ്മ ഹെഡ്നഴ്സായിരുന്നു. അച്ഛന് വക്കീലാപ്പീസില്‍ ഗുമസ്തനും. അന്ന് അച്ഛന് ആകാശവാണിയില്‍ സ്ഥിരവരുമാനമുള്ള ജോലിയിലാണ്. ഒരു ദിവസം അച്ഛനും അമ്മയും കൂടി ആരെയും അറിയിക്കാതെ വിവാഹിതരായി. അമ്മയുടെ അമ്മ അച്ഛനെതിരെ കേസ് കൊടുത്തു. വിദ്യാര്‍ഥിനിയായ തന്റെ മകളെ തട്ടിക്കൊണ്ടുപോയി പി. കേശവദേവ് വിവാഹം കഴിച്ചു എന്നായിരുന്നു ആരോപണം. അച്ഛനെ അറസ്റ്റു ചെയ്തു. അച്ഛന്റെ ജോലി പോയി. അമ്മ അച്ഛനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. അമ്മ എക്കാലവും അച്ഛന്റെ സ്വന്തമായിരുന്നു. അച്ഛന്റെ വയ്യാത്ത കാലത്തും അമ്മ മറ്റുള്ളവരെ ഗൗനിക്കാതെ തലയില്‍ പൂവെച്ച് അച്ഛന്റെ അടുക്കല്‍ ഇരിക്കും. അച്ഛന് അതു നോക്കികിടക്കുമായിരുന്നു. അതേക്കുറിച്ചെല്ലാം അമ്മ എഴുതിയിട്ടുണ്ട്.
അച്ഛന് പണിത വീടായ ലക്ഷ്മി നിലയത്തിന്റെ ഘടന അച്ഛന്റെ എഴുത്തുമായി വളരെയധികം ബന്ധം പുലര്‍ത്തിയിരുന്നു. ഒന്നാമത്തെ നിലയില്‍ ഇടത്തും വലത്തുമെല്ലാം നീണ്ട ഹാളുകളാണ്. എഴുതുമ്പോള്‍ അച്ഛന് നടന്ന് അഭിനയിച്ച് ഡയലോഡുകള് പറഞ്ഞായിരുന്നു എഴുതിയത്. ഓരോ കഥാപാത്രത്തെയും മനസ്സില്‍ നേര്‍മുമ്പില്‍ സങ്കല്പിച്ച് ചിലപ്പോള്‍ അവരോടും അല്ലാത്തപ്പോള്‍ അവരായും നിന്ന് അച്ഛന് ഡയലോഗുകള്‍ പറയും. തൃപ്തിയാവോളം ഇത് തുടരും. അച്ഛന് നടക്കാന്‍ തടസ്സങ്ങളില്ലാതിരിക്കാനാണ് താഴെ നിലയില്‍ മുറികള്‍ പണിയാതിരുന്നത്. മുകളിലത്തെ നിലയിലായിരുന്നു കിടക്കാനുള്ള മുറികള്‍ ഉണ്ടായിരുന്നത്. അച്ഛന് എഴുതാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ അമ്മ സദാ ശ്രദ്ധിച്ചിരുന്നു. അച്ഛനെ വായിച്ച് മതിയാവാത്ത അമ്മ ഇനിയുമിനിയും സൃഷ്ടികള്‍ കേശവദേവിലൂടെ വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.

അസുഖമാവുമ്പോള് അച്ഛനെ ഇടയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കും. ആശുപത്രിയിലും വീട്ടിലും അമ്മ തന്നെ കൂടെനില്‍ക്കും. അമ്മ എപ്പോഴും കൂടെയുണ്ടാവണമായിരുന്നു. ഓര്‍മയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഓരോ ആശുപ്രതിവാസം കഴിഞ്ഞാലും അച്ഛന് എഴുതാന്‍ ശ്രമിക്കും. ആരെയെങ്കിലും വരുത്തി ഡിക്റ്റേറ്റ് ചെയ്യിക്കാം എന്നു പറഞ്ഞാല്‍ അച്ഛന് അത് ഇഷ്ടമില്ലായിരുന്നു.' പഠിച്ച കള്ളന്മാര്' എന്ന പുസ്തകം പൂര്‍ത്തിയാക്കാന്‍ അച്ഛന് കഴിയാകെ വന്നപ്പോള്‍ പറഞ്ഞുകൊടുത്ത് എഴുതിക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയിരുന്നു. പക്ഷേ, അച്ഛന് അത് തൃപ്തിയായില്ല. പിന്നീട് അമ്മയാണ് ആ നോവല്‍ പൂര്‍ത്തിയാക്കിയത്.
അച്ഛന് പൂര്‍ണമായും വിശ്രമമായപ്പോള് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തെക്കാളും ഊഷ്മളമായി. അച്ഛനെ കേള്‍ക്കാന്‍ കുറച്ചുകൂടി പക്വത വന്ന പ്രായം കൂടിയായിരുന്നു എനിക്ക്. അച്ഛന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഇവരെക്കുറിച്ചൊക്കെ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. അച്ഛന് പൂര്‍ണമായും തന്റെ കഴിഞ്ഞു പോയ ദിനങ്ങളില്‍ ജീവിക്കുകയാണെന്ന് നമുക്ക് തോന്നിപ്പോകും. അങ്ങനെ ഓരോ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ എന്തിനാണ് താന്‍ എഴുതിയത് എന്നതിനെക്കുറിച്ച് അച്ഛന് പറഞ്ഞു. കേരളത്തിലെ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതില്‍ സാഹിത്യം വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തിലേക്ക് പേനയും കൊണ്ട് കടന്നുചെല്ലുന്നതെന്തിനാണെന്ന് പറഞ്ഞു. അങ്ങനെയൊരു അവസരത്തിലാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ച് സമയം കളയരുത് എന്ന് ഉപദേശിച്ചത്. ആശയത്തെ വിശ്വസിക്കാനും അച്ഛനാണ് പഠിപ്പിച്ചത്. ആലപ്പുഴ കയര്‍ ഫാക്ടറി ട്രേഡ് യൂണിയന് നേതാവായിരുന്നു അദ്ദേഹം. അനീതികള്‍ എന്തെങ്കിലും എവിടെയെങ്കിലും സംഭവിച്ചു എന്നറിഞ്ഞാല്‍, മിക്കവാറും രാവിലെ വരുന്ന ഫോണ്‍ കോളുകള്‍ ഇതറിയിക്കുന്നതായിരിക്കും, ഡ്രൈവറെയും വിളിച്ച് അച്ഛന് കാറില്‍ പുറപ്പെട്ടു കഴിഞ്ഞിരിക്കും. കേരളത്തില്‍ കമ്യൂണിസം കൊണ്ടുവന്ന പ്രഥമവ്യക്തിത്വങ്ങളില് കേശവദേവിനെ ഓര്‍മിക്കാതിരിക്കാന്‍ കഴിയില്ല എന്ന് ഇ.എം.എസ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
.jpg?$p=c29f891&w=610&q=0.8)
ഊന്നുവടി അച്ഛന് ഇഷ്ടമില്ലായിരുന്നു. പകരം അമ്മയായിരുന്നു താങ്ങായി വേണ്ടിയിരുന്നത്. ഇടത്തും വലത്തും ഞാനും അമ്മയും നിന്നുകൊണ്ട് അച്ഛനെ താങ്ങിനിര്‍ത്തുന്നത് അച്ഛന് വലിയ ഇഷ്ടമായിരുന്നു, ആശ്വാസവും. അച്ഛന് അസ്തമിക്കാറായി എന്നത് അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അച്ഛന് കാണാനായി അമ്മ ദിവസവും തലയില്‍ പൂക്കള്‍ ചൂടി. 1983 ജൂലൈ ഒന്നിന് അച്ഛന് യാത്രയായപ്പോള്‍ അമ്മയും ഞാനും മാത്രമായി. അച്ഛനെന്ന വലിയ ലോകം ഞങ്ങള്ക്കുമുമ്പില് തുറന്നിട്ട ജീവിതവഴികള്‍ പലതായിരുന്നു.
അമ്മ എന്റെ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധകൊടുത്തു. നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട് അമ്മ. എന്റെ പഠിത്തം കഴിഞ്ഞ് ഏതാണ്ട് സ്വന്തം കാലിലായപ്പോള്‍ അമ്മ പതിയെ എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു. സാഹിത്യത്തില്‍ ഭ്രമിച്ചു പോയ പെണ്‍കുട്ടിയായിരുന്നു അമ്മ. ഒരു സാധാരണ പെണ്‍കുട്ടിയുടെ വിവാഹസ്വപ്നങ്ങളോ പുരുഷസൗന്ദര്യ സങ്കല്പങ്ങളോ ഒന്നും അമ്മയെ തെല്ലും ആകര്‍ഷിച്ചിരുന്നില്ല, അക്ഷരങ്ങള്‍ പകര്‍ത്തിയ ജീവിതങ്ങളല്ലാതെ. അച്ഛന്റെ കാലശേഷം അമ്മ എഴുത്തിനെ ആശ്രയിച്ചതും അതായിരിക്കാം. പത്തോളം പുസ്തകങ്ങള്‍ എഴുതി. അച്ഛനെക്കുറിച്ച് വാതോരാതെ പ്രണയാര്‍ദ്രമായി ഇന്നും സംസാരിച്ചു കൊണ്ടിരിക്കുന്നു.
അച്ഛന് ഓര്‍മയായിട്ട് മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. അഭിമാനമുണ്ട് പി.കേശവ്ദേവിന്റെ മകനെന്ന നിലയില്‍. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഞാന്‍ വൈകിയാണ് പിറന്നെതെങ്കിലും അദ്ദേഹം കനിഞ്ഞുതന്ന പതിനാറ് സംവത്സരങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ആയുഷ്കാലം തന്നെയാണ്. തിരുവനന്തപുരത്ത് കേശവദേവ് മ്യൂസിയം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പി. കേശവദേവ് ട്രസ്റ്റ്. അദ്ദേഹത്തിന്റെ എഴുത്തുകളെ, സംഭാവനകളെ, ഭൗതികമായ ശേഷിപ്പുകളെല്ലാം മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെടണം. ഇപ്പോഴും പാഠപുസ്തകങ്ങളില്‍ 'ഓടയില്‍ നിന്നും' 'ഗുസ്തി'യും 'ദീനാമ്മ'യുമെല്ലാം ഇടം പിടിക്കുന്നു. തലമുറകളോളം കൈമാറ്റം ചെയ്യപ്പെടുന്ന കേശവദേവ് സാഹിത്യത്തെ മകനെന്ന നിലയില്‍ ഞാന്‍ എന്റെ ജീവനോട് ചേര്ത്തുപിടിക്കുകതന്നെ ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..