ജോഷി, പി. പത്മരാജൻ | ഫോട്ടോ: മാതൃഭൂമി
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സംവിധായകന് ജോഷിയുമായി ഭാനുപ്രകാശ് നടത്തിയ അഭിമുഖത്തില്‍ എഴുത്തുകാരും സംവിധായകരുമായ എം.ടി വാസുദേവന്‍ നായരെയും പത്മരാജനേയുംകുറിച്ച് ജോഷി;
പദ്മരാജനോടൊപ്പം ഒരു ചിത്രത്തിലേ ഒന്നിക്കാന്‍ കഴിഞ്ഞുള്ളൂ. ആ അനുഭവം എങ്ങനെയായിരുന്നു?
അന്‍പതുവര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട തിരക്കഥാകൃത്തുകളില്‍ ജീനിയസ് എന്നുപറയാന്‍ പദ്മരാജന് കഴിേഞ്ഞ മറ്റൊരാളുള്ളൂ. പദ്മരാജന്റെ വീട്ടില്‍വെച്ചാണ് നിര്‍മാതാവ് ഗാന്ധിമതി ബാലനും ഞാനും 'ഈ തണുത്ത വെളുപ്പാന്‍ കാല'ത്തിന്റെ കഥ കേട്ടത്. തിരക്കഥ എഴുതിക്കഴിയുംവരെ പദ്മരാജനും ഞാനും തമ്മില്‍ ഒരു കമ്യൂണിക്കേഷനും ഉണ്ടായിരുന്നില്ല. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ബാലന് വിളിച്ചു പറഞ്ഞു: 'കേള്‍ക്കാന്‍ വരണം.'' തിരുവനന്തപുരം ആകാശവാണിക്കടുത്ത് ഒരു ഫ്ളാറ്റില്‍ ഇരുന്നായിരുന്നു വായന.
ആദ്യപകുതി വായിച്ചു കേട്ടപ്പോള്‍ത്തന്നെ വല്ലാത്തൊരനുഭവം. ഓരോ കഥാപാത്രത്തെയും മുന്നില്ക്കൊണ്ടുനിര്ത്തുന്നതുപോലെയാണ് വായന. അങ്ങനെയൊരു സ്ക്രിപ്റ്റ് വായന ഞാന്‍ വേറെ കേട്ടിട്ടില്ല. പകുതി വായിച്ചുകഴിഞ്ഞപ്പോള്‍ പദ്മരാജന് പറഞ്ഞു: ''ക്ഷമിക്കണം ജോഷി... ഒരു മിനിറ്റ്. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചോട്ടെ.'' എന്നെപ്പോലെ ഒരാളുടെ അടുത്ത് പദ്മരാജന് അങ്ങനെ ചോദിക്കേണ്ട കാര്യമില്ല. ആ പ്രതിഭയുടെ എളിമ ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തിരക്കഥയുമായി വരുന്ന ഇവിടത്തെ ചില എഴുത്തുകാര്‍ എന്തെല്ലാം പുകിലുകളാണ് കാണിക്കുന്നത്. അവരൊക്കെ പദ്മരാജനെ കണ്ടുപഠിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പദ്മരാജനോട് പറഞ്ഞു: ''ഷൂട്ടിങ്ങിന് മുമ്പായി എനിക്ക് ഇതുപോലെ ഒന്നുകൂടി വായിച്ചു കേള്‍ക്കണം'' ''അതിനെന്താ'' എന്നുമാത്രം മറുപടി പറഞ്ഞു.
ഷൂട്ടിങ് സെറ്റിലേക്ക് ഒരുദിവസം പോലും പദ്മരാജന് വന്നില്ല. സിനിമ റിലീസാകുമ്പോള്‍ ഞാന്‍ ഗന്ധര്‍വന്റെ എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം മദ്രാസിലാണ്. രാത്രി എന്നെ ഫോണില്‍ വിളിച്ചു: ''ഞാന്‍ വിചാരിച്ചത് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളത് എനിക്കാകുമെന്നാണ്. പക്ഷേ, ഞാനൊന്നുമല്ലെന്ന് ജോഷി തെളിയിച്ചിരിക്കുകയാണ്.'' ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പിന്നീട് അറിഞ്ഞു. ''വല്ല ആവശ്യവുമുണ്ടായിരുന്നോ ആ ജോഷിക്ക് സ്ക്രിപ്റ്റ് എഴുതിക്കൊടുക്കാന്‍'' എന്ന് പലരും പദ്മരാജനെ വിളിച്ചുപറഞ്ഞത്. ഞാന്‍ ഗന്ധര്വന് കഴിഞ്ഞാല്‍ പുറത്ത് ഒരാള്‍ക്കുവേണ്ടി എഴുതുന്നുണ്ടെങ്കില്‍ അത് ജോഷിക്കു വേണ്ടിയായിരിക്കും എന്ന് പറഞ്ഞാണ് ആ രാത്രി പദ്മരാജന് ഫോണ്‍ വെച്ചത്.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമപോലും താങ്കള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
അങ്ങനെയൊരു പ്രോജക്ടിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ടി. സാറുമായി ചര്‍ച്ചചെയ്തതാണ്. 'അംഗുലീമാലന്' എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോയ് തോമസ് അഡ്വാന്‍സും നല്‍കിയതാണ്.

പക്ഷേ, അതിന്റെ ഒരു ഫോളോഅപ്പ് പിന്നീടുണ്ടായില്ല. അതുകൊണ്ടുമാത്രമാണ് എം.ടി. സാറുമൊത്തുള്ള സിനിമ ഇല്ലാതെപോയത്.
Content Highlights: Joshi, Malayalam movie director, M T Vasudevan Nair, P Padmarajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..