-
ഇന്ത്യന്‍ മിത്തോളജിയെ പുതിയ കാലത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ജനപ്രിയ വായനാവിഭവമാക്കിയ എഴുത്തുകാരനാണ് ദേവദത്ത് പട്നായിക്. പട്നായിക്കിന്റെ കണ്ണിലൂടെ കാണുമ്പോള്‍ പലപ്പോഴും മിത്തോളജിക്കും വര്‍ത്തമാനകാലത്തിനുമിടയിലെ ദൂരങ്ങള്‍ അപ്രത്യക്ഷമാവുന്നു. കഥകള്‍ക്ക് പുതിയ തലം കൈവരുന്നു. വേറൊരു തരത്തിലുള്ള വായന സാധ്യമാവുന്നു. ഇക്കഴിഞ്ഞ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ദേവദത്ത് പട്നായിക്കുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍
പുരാണേതിഹാസങ്ങളെ മോഡേണ്‍ മാനേജുമെന്റുമായി ബന്ധപ്പെടുത്തിയുള്ള താങ്കളുടെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. ഇതിഹാസങ്ങളും മോഡേണ്‍മാനേജുമെന്റും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്?
നൂറ് വര്‍ഷം മുമ്പ് അമേരിക്കയില്‍ ഉയര്‍ന്നുവന്ന ആശയമാണ് മോഡേണ്‍ മാനേജ്മെന്റ്. മിഷണറി പ്രവര്‍ത്തനങ്ങളെയും റോമന്‍ ആര്‍മിയെയും അടിസ്ഥാനമാക്കിയാണ് ഇത് രൂപം കൊണ്ടത്. ഈജിപ്തിലെ അടിമകളെ അമേരിക്കയിലെ ഉയര്‍ന്ന ജീവിതസാഹചര്യത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുക എന്നതായിരുന്നു മോഡേണ്‍ മാനേജുമെന്റ് കൊണ്ട് ഉദ്ദേശിച്ചത്. ദുരിതങ്ങളില്‍ നിന്നും നല്ല ജീവിതസാഹചര്യമുണ്ടാക്കുക എന്നതാണ് ചുരുക്കം. വാഗ്ദത്തഭൂമിയിലേക്ക് നിങ്ങള്‍ നടത്തുന്ന യാത്രയാണ് മോഡേണ്‍ മാനേജ്മെന്റെ്. പുരോഹിതരെ നമുക്ക് ഈ അര്‍ഥത്തില്‍ സംരംഭകന്‍ എന്നോ CEO എന്നൊക്കെയോ വിളിക്കാം. ചോദ്യമിതാണ്; ആര്‍ക്കാണ് വിശക്കുന്നത്, ഏതു സിസ്റ്റത്തിനാണ് വിശപ്പിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നത്, ആരാണ് ധനികനാവുന്നത്, ആരൊക്കെയാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്?
സ്വര്‍ഗലോകം തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. ഇന്ദ്രന്‍ തന്റെ സ്വത്തിന്റെയും പ്രതാപത്തിന്റെയും കാര്യം മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. കൈലാസത്തിലിരിക്കുന്ന ശിവന്റെ കാര്യമാണെങ്കിലോ തന്റെ വിശപ്പിനെക്കുറിച്ചോ മറ്റ് ഭൗതിക സാഹചര്യങ്ങളെക്കുറിച്ചോ ഒട്ടും ബോധവാനായിരുന്നില്ല അദ്ദേഹം. മറ്റുള്ളവരുടെ വിശപ്പിനായിരുന്നു ശിവന്‍ എന്നും മുന്‍ഗണന കൊടുത്തിരുന്നത്. ഒരു സംരംഭകന്റെ യാത്ര സ്വര്‍ഗലോകത്തു നിന്നും വൈകുണ്ഠത്തിലേക്കുള്ളതാണ്. തന്റെ പ്രജകളുടെ ക്ഷേമത്തിനാണ് വിഷ്ണു പ്രവര്‍ത്തിച്ചിരുന്നത്. മോഡേണ്‍ മാനേജ്മെന്റ് മാതൃകയാക്കേണ്ടത് ഇത്തരം പുരാണകഥാപാത്രങ്ങളുടെ ആസൂത്രണങ്ങളാണ്. ജനക്ഷേമത്തനായി രണഭൂമിയില്‍ യുദ്ധം ചെയ്യുന്നതും മോഡേണ്‍ മാനേജുമെന്റാണ്. അവിടെ നാശം വിതയ്ക്കലല്ല ലക്ഷ്യം, മറിച്ച് വിശപ്പ് ശമിപ്പിക്കുക എന്നതാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മോഡേണ്‍ മാനേജ്മെന്റെ് എന്ന സംജ്ഞ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് പുരാണേതിഹാസങ്ങളെ ഞാന്‍ മോഡേണ്‍ മാനേജുമെന്റുമായി ബന്ധപ്പെടുത്തിയത്. ഇവിടെ കോര്‍പ്പറേറ്റുകളാണ് ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നത്. മനുഷ്യരെ പട്ടിണിയാക്കിക്കൊണ്ട് അവര്‍ ലാഭം കൊയ്യുന്നു.
സൃഷ്ടി-സ്ഥിതി-സംഹാരത്തെ എങ്ങനെയാണ് താങ്കള്‍ മോഡേണ്‍ മാനേജുമെന്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്?
ഒരുകാലത്തും വ്യതിചലനമുണ്ടാവാന്‍ പോകാത്ത ഒന്നാണ് ഭാരതീയ തത്വചിന്തകള്‍. നിരാശയില്‍ നിന്നും ഉത്ഭവിക്കുന്നതും ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ പലായനവുംകൊണ്ട് നിറഞ്ഞതാണ് പാശ്ചാത്യ തത്വചിന്തകള്‍. ഇന്ത്യന്‍ ചിന്താധാരകള്‍ സുവര്‍ണകാലങ്ങളെയാണ് എക്കാലും പ്രകീര്‍ത്തിക്കാറുള്ളത്. എന്നാല്‍ ബാബിലോണിയന്‍ സംസ്‌കാരത്തില്‍ തങ്ങള്‍ക്ക് ഒരു നല്ല കാലമുണ്ടായിരുന്നെന്നും ആ കാലം തിരിച്ചുപിടിക്കണമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിങ്ങളൊരു ഓര്‍ഗനൈസേഷന്‍ സ്റ്റാര്‍ട്ട് അപ്പ് ചെയ്യുന്നു, കുറച്ചുകാലം അത് മുന്നോട്ടുകൊണ്ടുപോകുന്നു പിന്നെയത് നിര്‍ബന്ധമായും തകര്‍ന്നിരിക്കണം. എല്ലാറ്റിനും ഒരു അന്ത്യം ഉണ്ടാവണമെന്ന് നമുക്ക് നിര്‍ബന്ധമാണ്. നമ്മുടെ ഗൃഹസ്ഥാശ്രമങ്ങളും സൂചിപ്പിക്കുന്നത് അതാണ്. നാല് ആശ്രമങ്ങളിലൂടെയും നമ്മള്‍ കടന്നുപോവുകയും ഒടുക്കം മരണം നിര്‍ബന്ധമാവുകയും ചെയ്യുന്നു. ഒന്നും അനശ്വരമല്ല നമ്മള്‍ക്ക്. ഈ വികാരം അടുത്ത തലമുറയിലേക്കും നമ്മള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യും.
നിങ്ങള്‍ നിങ്ങളുടെ വ്യവസ്ഥാപിതതാല്പര്യങ്ങളെ മാത്രം പരിഗണിക്കുമ്പോള്‍ അത് ബ്രഹ്മമാകുന്നു. നിങ്ങളെക്കുറിച്ചും മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കുന്നില്ലെങ്കില്‍ അത് സംഹാരമാകുന്നു. അന്യരെക്കുറിച്ചു നിങ്ങള്‍ ബോധവാനാണെങ്കില്‍ അത് സ്ഥിതിയാകുന്നു. സമൂഹത്തില്‍ നമുക്കാവശ്യം വിഷ്ണുവിന്റെ മനസ്സുള്ളവരെയാണ്. അന്യരുടെ ഉദരപൂരണത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്. ഒന്നും അനശ്വരമല്ല എന്ന് അദ്ദേഹവും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് ഇന്ത്യന്‍ തത്വചിന്തയുടെ വേരുറച്ചുപോയ രീതിയും ഭാവവും.
വിഷ്ണു-ശിവ-ബ്രഹ്മാവുമാരെ കോര്‍പ്പറേറ്റ് സ്വഭാവവുമായി ചേര്‍ത്തുകൊണ്ടാണ് താങ്കള്‍ ഇന്ത്യന്‍ മാനേജ്മെന്റെിനെ നിര്‍വചിച്ചിരിക്കുന്നത്.
ഈ മൂന്നുപേരും അടിസ്ഥാനപരമായി നമ്മുടെ ഇടയിലുള്ള മനുഷ്യരുടെ പ്രതിനിധികളാണ്. രസകരമായി തോന്നുക ശിവന്റെ പ്രവൃത്തികളാണ്. അദ്ദേഹം വൈരാഗിയാണ്. യാതൊരു കോര്‍പ്പറേറ്റ് ചിന്തകളും തൊട്ടുതീണ്ടാത്തയാളാണ്. അതുകൊണ്ടാണ് കാളകൂടവിഷം വിഴുങ്ങിയതും. അദ്ദേഹത്തിന് യാതൊന്നിലും താത്പര്യമില്ല. കോര്‍പ്പറേറ്റ് മുതലാളിമാരുടെ തനത് പ്രതിനിധിയാണ് ബ്രഹ്മാവ്. സ്വന്തം കാര്യങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ പരിഗണനയിലുള്ളൂ. ഏറ്റവും കൂടുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളത് വിഷ്ണുവിനാണ്. ശിവന് സമൂഹത്തിന്റെ ഭാഗമാവാന്‍ അത്രതാല്പര്യമൊന്നുമില്ല. നമ്മുടെ സമൂഹത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടല്ലോ. ഒരുകൂട്ടര്‍ സമൂഹത്തോട് ചേരാനിഷ്ടപ്പെടാതെ മാറിനില്ക്കുമ്പോള്‍ മറുകൂട്ടര്‍ സമൂഹത്തോട് ചേര്‍ന്നുനിന്ന് തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ദാമ്പത്യബന്ധത്തില്‍ ഭര്‍ത്താവ് തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നയാളാണെങ്കില്‍ അയാള്‍ ബ്രഹ്മാവാണ്. തന്നെക്കുറിച്ചും ഭാര്യയെക്കുറിച്ചും യാതൊന്നും തന്നെ ചിന്തിക്കാന്‍ താല്പര്യമില്ലാത്തയാള്‍ ശിവനാണ്. ഭാര്യാതല്പരനും ദാമ്പത്യം ഇഷ്ടപ്പെടുന്നയാളുമാണെങ്കില്‍ അയാള്‍ വിഷ്ണുവാണ്. ഇന്ത്യന്‍ മാനേജ്മെന്റിന്റെ ഒരു ഭാഗമാണ് കുടുംബം.
മിത്തുകള്‍ക്കും പുരാണങ്ങള്‍ക്കും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കാണല്ലോ ഉള്ളത്.
ഹൈന്ദവ ക്ഷേത്രസംസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് ഇതിഹാസങ്ങളെയും മിത്തുകളെയും നമ്മള്‍ കൂട്ടിവായിക്കേണ്ടത്. ക്ഷേത്രങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതോ വരച്ചുവച്ചിരിക്കുന്നതോ ആയ മുഖങ്ങളാണ് നമ്മള്‍ രാമനും കൃഷ്ണനുമൊക്കെ കൊടുത്തിരിക്കുന്നത്. അതൊക്കെ ഒരുകൂട്ടം കലാകാരന്മാരുടെ ഭാവനയാണ് എന്നതൊക്കെ നമ്മള്‍ സൗകര്യപൂര്‍വം മറക്കുന്നു. ഭക്തിയുടെ മറ്റൊരു തലത്തിലുള്ള വ്യാപാരമാണ് അവിടെ നടക്കുന്നത്. നോക്കൂ നമ്മുടെ ദൈവങ്ങളൊക്കെ എത്രമാത്രം റിലാക്‌സ്ഡാണ്! ലോകയുദ്ധസമാനമായ കുരുക്ഷേത്രയുദ്ധം നടന്നപ്പോള്‍ അതിന്റെ സൂത്രധാരനായി വ്യാസകവി വാഴ്ത്തുന്ന ഭഗവാന്‍ കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. നമ്മുടെ വീരേതിഹാസനായകന്‍മാരൊക്കെ മന്ദഹാസത്തോടെയാണ് യുദ്ധംചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ ബുദ്ധിജീവികളുടെ ശരീരഘടനയാണ് നമ്മള്‍ ദൈവങ്ങള്‍ക്കും കല്പിച്ചുകൊടുത്തിരിക്കുന്നത്. നമ്മുടെ ബുദ്ധിജീവികള്‍ മൃഷ്ടാന്നം ഭോജിച്ച് അലോചനയില്‍ മാത്രം കഴിയുന്നവരാണ്. അവരുടെ ശരീരം മാംസളമായതും ഒട്ടും അധ്വാനക്ഷമതയില്ലാത്തതുമാണ്. അതുകൊണ്ടായിരിക്കാം ആദ്യകാലങ്ങളില്‍ നമ്മുടെ ചിത്രകാരന്മാര്‍ വരച്ചിരുന്ന രാമനും കൃഷ്ണനുമൊന്നും മസിലുകളില്ലാതിരുന്നത്. എന്നാല്‍ ഇന്ന് ദൃശ്യമാധ്യമങ്ങല്‍ ഇതിഹാസങ്ങളെ കച്ചവടവല്ക്കരിച്ചപ്പോള്‍ ഇതിഹാസകഥാപാത്രങ്ങള്‍ക്ക് അല്പം മസിലുകളൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്.
നമ്മുടെ ദൈവങ്ങളുടെ വസ്ത്രധാരണം നോക്കൂ. സ്ത്രൈണതയാണ് ഇതിലുടനീളമുള്ളത്. നഗ്‌നതമറയ്ക്കാനല്ല മറിച്ച് അലങ്കാരത്തിനാണ് ഇന്ത്യന്‍ ദൈവങ്ങളുടെ വസ്ത്രധാരണം. സ്വര്‍ണവും പട്ടുവസ്ത്രങ്ങളുമൊന്നുമില്ലാത്ത ഏതുദൈവത്തെയാണ് നമുക്ക് സങ്കല്പിക്കാനാവുക? ധനികരായ ദൈവങ്ങളോടാണ് നമ്മുടെ പ്രാര്‍ഥന.
മഹാഭാരതവും രാമായണവും നമ്മള്‍ ഭക്തിയോടെ സമീപിക്കേണ്ടതില്ല എന്നാണോ?
മഹത്തായ കാവ്യഭാവുകത്വത്തില്‍ നിന്നും ഉടലെടുത്ത രണ്ട് സാഹിത്യകൃതികളാണ് രാമായണവും മഹാഭാരതവും. ഗ്രീക്കുകാരുടെ ഇലിയഡും ഒഡീസിയും പോലെത്തന്നെ. മനുഷ്യരെ നേര്‍വഴിക്ക് നടത്താനും പാപത്തിന്റെ ശിക്ഷയെക്കുറിച്ച് നമ്മളെ ബോധവത്ക്കരിക്കാനുമൊക്കെയാണ് ഇതിഹാസങ്ങള്‍ ശ്രമിക്കുന്നത്. ആധുനിക സമൂഹം മുറവിളികൂട്ടുന്ന എല്ലാവിധ പ്രസ്ഥാനങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ പുരാണേതിഹാസങ്ങള്‍.
LGBTQ കാഴ്ചപ്പാടുകള്‍ ശിഖണ്ഡിയിലൂടെയും ബൃഹന്നളയിലൂടെയും വ്യക്തമാക്കുന്നുണ്ട്. ലിംഗസമത്വവും നമുക്ക് കാണാന്‍ സാധിക്കും. ഇതിഹാസങ്ങളെ ആഴത്തില്‍ വായിക്കുമ്പോഴാണ് കൂടുതല്‍ രസകരം. ശൂര്‍പ്പണഖയുടെ മൂക്കും മാറിടവും അറുത്തുമാറ്റുന്ന രാമന്‍ ആ സംഭവത്തിനുശേഷം അസ്വസ്ഥനായിരുന്നു അവസാനം വരെ. ശൂര്‍പ്പണഖയെ അംഗവിഛേദം വരുത്തിയശേഷം രാമനൊരിക്കലും സീതയുമായി സംഗമിക്കുന്നില്ല. ഒരു സ്ത്രീയെ അപമാനിക്കേണ്ട രീതി അതല്ലായിരുന്നു എന്നാണ് രാമന്റെ ശിഷ്ടജീവിതം നമ്മെ പഠിപ്പിക്കുന്നത്.
ഭക്തിയാണോ അതോ യുക്തിയാണോ ഇതിഹാസവായനയ്ക്ക് നമ്മല്‍ സ്വീകരിക്കേണ്ടത് എന്നതാണ് ആധുനികമനുഷ്യന്‍ തീരുമാനിക്കേണ്ടത്. പുരാണങ്ങളെ ഇനിയും പുരാതനവായനയില്‍ തളച്ചിടുന്നതില്‍ അര്‍ഥമില്ലല്ലോ.പുഷ്പകവിമാനം ഇന്ധനമില്ലാതെ പറത്തിയതിന്റെയും ഐരാവതത്തിന്റെ ക്രാഫ്റ്റുമൊക്കെയാണ് നമ്മള്‍ ചിന്തിക്കേണ്ടത്.
മഹാഭാരതത്തിലെ ഹിഡുംബിയെ ദളിദ് ഫെമിനിസത്തോട് ചേര്‍ത്തുവായിക്കുന്നതും ഇതിഹാസവായനയിലെ വിഘടനാവാദമാണോ?
യഥാര്‍ത്ഥത്തില്‍ രാമായണവും മഹാഭാരതവും ജാതീയാടിസ്ഥാനത്തില്‍ ഒരു വിവേചനവും കാണിച്ചിട്ടില്ല. ജാതീയാടിസ്ഥാനത്തിലുളള വേര്‍തിരിവുകളൊക്കെ വന്നിട്ട് രണ്ടായിരം വര്‍ഷങ്ങളായിക്കാണും. ഇതിഹാസങ്ങള്‍ അതിനും എത്രയോ മുമ്പേ രചിക്കപ്പെട്ടതാണ്. അതിനാല്‍ ജാതീയമായ വ്യാഖ്യാനങ്ങള്‍ പുരാണങ്ങളില്‍ ആരോപിക്കുന്നത് ശരിയായ പ്രവണതയല്ല. ക്ഷേത്രസംബന്ധിയായ സാഹിത്യത്തിലും സംസ്‌കാരത്തിലുമാണ് ജാതീയമായ വ്യവസ്ഥകള്‍ കാണാന്‍ കഴിയുക.
ഹിഡുംബി ഗോത്രവര്‍ഗക്കാരിയാണ്. ഭീമനും ഹിഡുംബിയും തമ്മില്‍ നഗരസംസ്‌കാരവും ഗ്രാമസംസ്‌കാരവും തമ്മിലുള്ള അന്തരമാണ് ഉള്ളത്. ജ്ഞാനവും അജ്ഞാനവും തമ്മിലുള്ള അന്തരവും കാണാം. ദളിത് ഫെമിനിസമെന്നത് വളരെ ആധുനികമായ ഒരു സംജ്ഞയാണ്. വളരെ ശക്തമായ ലക്ഷ്യാര്‍ഥങ്ങളുണ്ട് ആ പദത്തിന്. അക്കാദമികപരമായി ഇതിഹാസത്തെയും ദളിത ഫെമിനിസത്തെയും കൂട്ടിവായിക്കുന്നത് ശരിയായ പ്രവണതയാണെന്ന് തോന്നുന്നില്ല.
ഇന്ത്യന്‍ സാഹിത്യവും സിനിമയും ഇതിഹാസങ്ങളുടെ അനുകല്പനങ്ങളാല്‍ സമ്പന്നമാണ്.
ധാരാളം സിനിമകളും സീരിയലുകളും ആഖ്യായികകളും ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി ഉണ്ടായിട്ടുണ്ട്. തമാശയിരിക്കുന്നത്. ഇവയുടെ ഘടനാപരമായ വ്യത്യാസത്തിലാണ്. എല്ലാറ്റിനും ആകര്‍ഷകമായ തുടക്കവും ഒഴുക്കും ഒടുക്കവുമുണ്ടാകും. എന്നാല്‍ രാമായണത്തിനും മഹാഭാരതത്തിനും കൃത്യമായ ക്ലൈമാക്സില്ല. രാമായണം രാമന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥപറയുന്നുണ്ടാകാം. എന്നാല്‍ അതല്ല രാമായണത്തിന്റെ ക്ലൈമാക്സ്. പാണ്ഡവരുടെ ജനനം മുതല്‍ മരണം വരെയുള്ള കഥയാണ് മഹാഭാരതം പ്രമേയമാക്കിയിരിക്കുന്നത്. എന്നാല്‍ അതിനും കൃത്യമായ ഒരു ക്ലൈമാക്സില്ല. അനുകല്പനങ്ങളില്‍ ഇതിഹാസങ്ങളിലില്ലാത്ത ക്ലൈമാക്സുകള്‍ കൃത്രിമമായി ഉണ്ടാക്കേണ്ടിവരുന്നു. രാമനും രാവണനുമാണ് അവര്‍ക്ക് കഥകളിലെ പ്രധാന എലിമെന്റെുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. സീതാഹരണമോ, സുഗ്രീവവധമോ ഒന്നും രാമായണത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളല്ല.
അരിസ്റ്റോട്ടിലിയന്‍ മോഡലിലുള്ള ആഖ്യാനമാണ് അനുകല്പനങ്ങളില്‍ കാണാനാവുക. തുടക്കവും ഒടുക്കവും കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ടാകും. അവര്‍ കഥാപാത്രങ്ങളിലെ മാറ്റത്തിനു വിധേയമാക്കുന്നു. എന്നാല്‍ യഥാര്‍ഥ രാമായണത്തിലെ രാമന് മറ്റൊരു സ്വഭാവം ചാര്‍ത്തി നല്കാനാവില്ല. രാമന്‍ ഭഗവാനാണ്. ഭഗവാന്‍ എന്നതിനര്‍ഥം സ്ഥായീസ്വഭാവമുള്ളയാള്‍ എന്നാണ്. അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരുടെ സ്വഭാവമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.
നാട്യശാസ്ത്രത്തിലും അങ്ങനെ തന്നെയാണ്. കേന്ദ്രകഥാപാത്രത്തിന് മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ചുറ്റുമുള്ളവര്‍ മാറിക്കൊണ്ടേയിരിക്കും. ഗ്രീക്ക് മിത്തോളജിയുടെ ഉദ്ദേശ്യം തന്നെ കഥാര്‍സിസ് ആണ്. അവിടെ നായകനാണ് ഓരോ ഘട്ടത്തിലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. രാമരാജ്യം എന്നത് സമ്പദ്‌സമൃദ്ധമായ അവസ്ഥയാണ്. രാമരാജ്യം കൊട്ടിഘോഷിക്കുന്നവര്‍ സാമ്പത്തികാവസ്ഥയെക്കുറിച്ചോ, മറ്റ് സമാധാനാന്തരീക്ഷത്തെക്കുറിച്ചോ ചിന്തിക്കുന്നില്ല എന്നതാണ് സങ്കടകരം. ശുഭലാഭമംഗല്യത്താല്‍ സമ്പന്നമായിരിക്കണം രാമരാജ്യം. ഇവിടെ നേരാംവണ്ണം ജോലിയുമില്ല, കൂലിയുമില്ല. സാമ്പത്തികാവസ്ഥയുടെ പിന്നോക്കത്തെ രാമരാജ്യവുമായി എങ്ങനെ നമ്മള്‍ ബന്ധിപ്പിക്കും?
പുരാണേതിഹാസങ്ങളിലെ പല സംജ്ഞകളും കടമെടുത്തുകൊണ്ട് ഇവിടെ ധാരാളം സംഘടനകളുണ്ട്.
മിത്തോളജിക്കല്‍ ഭാഷ സാധാരണഭാഷയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇതിഹാസങ്ങളിലെ സേവയുടെയോ,സേനയുടെയോ അര്‍ഥമല്ല ഇപ്പോള്‍ മേല്‍പ്പറഞ്ഞ സംഘടനകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നത്. മാതാസേവ, ഹനുമാന്‍ സേന, ശിവസേന തുടങ്ങി ധാരാളം സേവകളും സേനകളും ഇന്ന് നിലവിലുണ്ട്. തികച്ചും രാഷ്ട്രീയമായ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനകളാണ് അവയൊക്കെ.
സേവ എന്ന വാക്ക് സിഖ് മതത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ഇസ്ലാമിലെ സക്കാത്ത് എന്നേ അതിനര്‍ഥമുള്ളൂ. ക്ഷേത്രങ്ങളില്‍ അര്‍ച്ചനയും ആരാധനയുമാണ് ഉള്ളത്. അവിടെ സേവയില്ല. സേവ എന്നത് സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വാക്കാണ്.അത് ആരാധനയുമായും വിശ്വാസവുമായും കൂട്ടിയിണക്കുമ്പോളാണ് പ്രശ്നം.
എന്തുകൊണ്ടാണ് ഇതിഹാസങ്ങളെ മതങ്ങള്‍ രാഷ്ട്രീയമായും ബൗദ്ധികമായും കൈയടക്കിവെക്കാന്‍ ശ്രമിക്കുന്നത്.
മതങ്ങളുടെ ആകെയുള്ള പിടിവള്ളിയാണ് പുരാണങ്ങളും മിത്തുകളും. നിങ്ങള്‍ ആദത്തിന്റെയും ഹവ്വയുടെയും കഥകള്‍ പുനരാഖ്യാനം ചെയ്യാനോ അനുകല്പനം ചെയ്യാനോ മുതിര്‍ന്നുനോക്കൂ, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒന്നുപോലെ അസ്വസ്ഥരാകും. അവരുടെ വിശ്വാസത്തിനുമേല്‍ നിങ്ങളേല്പ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് അവര്‍ ഉത്കണ്ഠപ്പെടും. നിങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസത്തെ മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിക്കും. ഇതൊക്കെ ഒരുതരം രാഷ്ട്രീയച്ചരടുവലിയാണ്. രാഷ്ട്രീയനേതാക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും വലിയ കാര്യമായിരിക്കില്ല. പക്ഷേ മതവും ആത്മീയതയും വലിയൊരു ആയുധം തന്നെയാണ്.
ഇന്ത്യയില്‍ മുപ്പതുശതമാനം പേര്‍ മുസ്ലിങ്ങളാണ്. ഇസ്ലാമിക് മിത്തോളജി നല്ല താല്പര്യമുണര്‍ത്തുന്ന ഒന്നുതന്നെയാണ്. എന്തുകൊണ്ട് പ്രവാചകന്റെ ജീവിതം ദൃശ്യവല്ക്കരിക്കപ്പെടുന്നില്ല? സാഹിത്യം നിരോധിക്കുക എന്നത് ഒരുതരം അധികാരവും മേല്‍ക്കോയ്മയും കാണിക്കലാണ്. വിശ്വാസവും ആചാരങ്ങളും അതത് മതങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. രാമായണവും മഹാഭാരതവുമാണ് ഇന്ത്യയില്‍ വ്യാപകമായി പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇസ്ലാമിക്, ബുദ്ധിസ്റ്റ്, ക്രൈസ്റ്റ് മിത്തോളജികളൊക്കെ നമുക്ക് അന്യമാണ്. ലോകത്താദ്യമായി സാത്താന്റെ വചനങ്ങള്‍ നിരോധിച്ച രാജ്യം ഇന്ത്യയാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? എന്തുകൊണ്ടാണ് മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും ഭാരതീയര്‍ പൊതുവായി പഠിക്കാത്തത്? ഇതൊക്കെ നമ്മുടെ പാഠഭാഗങ്ങളില്‍ എന്നാണ് ഉള്‍പ്പെടുത്തുക? ഇതൊക്കെയാണ് മതരാഷ്ട്രീയത്തിന്റെ ട്രാജഡി.
ബീഫ് നിരോധനത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയപ്പോള്‍ താങ്കള്‍ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നല്ലോ.
പശു കാര്‍ഷിക മേഖലയില്‍ ഗണ്യമായസംഭാവനകള്‍ തരുന്നുണ്ട്. പക്ഷേ അതിന്റെ ഉദ്പാദനക്ഷമത അവസാനിച്ചാല്‍ മാംസമാക്കുന്നതുകൊണ്ട് എന്താണ് തെറ്റ്? പശുവിനെ മാത്രം വിശുദ്ധമാക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്. കാളയും കാര്‍ഷിക ഇന്ത്യയില്‍ നല്ല പങ്കുവഹിക്കുന്നില്ലേ. എത്ര ക്രൂരമായാണ് വയലുകളില്‍ ഉഴുതുമറിയ്ക്കുന്നതിനായി അവറ്റകളെ വരിയുടച്ചുകളയുന്നത്. ഒരേ വര്‍ഗത്തില്‍പ്പെട്ട ആണിനും പെണ്ണിനും വ്യത്യസ്തമായ പരിപാലനം. എന്തൊരു അവകാശലംഘനമാണിത്! ഇതെല്ലാം രാഷ്ട്രീയനാടകമാണ്. അപകടകരമായ അടവുകളാണ് രാഷ്ട്രീയക്കാരുടെ കയ്യിലുള്ളത്. അവര്‍ ത്യാഗത്തിന്റെ കഥ പറയാന്‍ ദൈവത്തെ കൂട്ടുപിടിക്കും. ജനസേവയെക്കുറിച്ച് വാചാലരാവും. അതില്‍ വീണുപോകരുത് നമ്മള്‍. ബൗദ്ധികസംവാദങ്ങള്‍ നിയന്ത്രിക്കാന്‍ ഒരിക്കലും രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കരുത്. പഴയകാലത്ത് രാജാവും ഋഷിയും രണ്ടും രണ്ടായിരുന്നു. ഇന്ന് രാജാവ് തന്നെയാണ് ഋഷി. അത് അപകടകരമാണ്.
മുതലാളിത്തവും ഒരുതരത്തിലുള്ള മോഡേണ്‍ മിത്തോളജിയാണെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മിത്തോളജികള്‍ മൂന്നു തരത്തിലാണുള്ളത്-മോണോ എത്തീയിസ്റ്റ് മിത്തോളജി അഥവാ അബ്രഹാമിക് മിത്തോളജി, പോളിഎത്തീയിസ്റ്റ് മിത്തോളജി-ട്രൈബല്‍, ബുദ്ധിസം, ഹിന്ദൂയിസം, തുടങ്ങിയവ, എത്തീയിസ്റ്റ് മിത്തോളജി. എത്തീയിസ്റ്റ് മിത്തോളജിയിലാണ് മുതലാളിത്തവും നീതിന്യായവുമൊക്കെ വരിക. ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യയില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു ഇന്ത്യ ഭരിച്ചത് മുസ്ലിങ്ങളായിരുന്നതുകൊണ്ട് മറ്റുള്ളവരെ മുസ്ലിം ഭരണത്തില്‍ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന്. രണ്ടാമതായി അവര്‍ കഥമാറ്റിപ്പിടിച്ചു. ഉയര്‍ന്ന ജാതിക്കാരുടെ കയ്യില്‍ നിന്നും താഴ്ന്നവരെ രക്ഷിക്കുക എന്നതാണ് അവരുടെ ധര്‍മം എന്നായി. അതേ അടവാണ് ഇന്നും നടക്കുന്നത്. അടിച്ചമര്‍ത്തലുകളും അതിജീവനങ്ങളും എല്ലാ മേഖലകളിലും സജീവമാണ്. അത്തരത്തില്‍ നോക്കിയാല്‍ മുതലാളിത്തവും ഒരുതരത്തിലുള്ള മോഡേണ്‍ മിത്തോളജി തന്നെയാണ്. ഭൂതകാലത്തിലെ അടിച്ചമര്‍ത്തലുകളെ ഭാവനയില്‍ കണ്ടുകൊണ്ട് അസ്വസ്ഥരായി ജീവിക്കുകയാണ് ഇപ്പോഴും നാം. ഒരു പക്ഷം മുസ്ലിം എന്നു പറയുന്നു മറുപക്ഷം സവര്‍ണര്‍ സവര്‍ണര്‍ എന്നും പറയുന്നു. ഇതിനിടയില്‍ നടക്കുന്ന കാപിറ്റലിസ്റ്റ് ചൂഷണങ്ങള്‍ കാണാതെ പോവുകയും ചെയ്യുന്നു
Content Highlights: Devdutt Pattanaik MBIFL Mythology
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..