ഡൽഹി യൂണിവേഴ്‌സിറ്റി,ശരൺകുമാർ ലിംബാളെ
മഹാശ്വേതാദേവിയുടെയും ദളിത് എഴുത്തുകാരുടെയും സൃഷ്ടികള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസ്സില്‍ നിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദളിത് എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ പ്രതികരിക്കുന്നു.
മഹാശ്വേതാദേവിയെയും ബാമയെയും സുകാഖര്‍ത്താരിനിയെയും വ്യക്തിപരമായി ഒഴിവാക്കുക എന്നതല്ല ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നയം മറിച്ച് അവരുടെ ചിന്താധാരകളെ നിരോധിക്കുക എന്നതാണ്. ഇവരുടെ വീക്ഷണകോണുകളെയും എഴുത്തുകളെയും ഡല്‍ഹി യൂണിവേഴ്‌സിറ്റി ഭയക്കാന്‍ കാരണമുണ്ട്. അധ:സ്ഥിതരെക്കുറിച്ചും ദളിതരെക്കുറിച്ചും അവരുടെ നരകയാതനകളെക്കുറിച്ചും പുതുതലമുറ അറിയാന്‍ പാടില്ല എന്നതു തന്നെയാണ്. നാം കൊട്ടിയാഘോഷിക്കുന്ന ജനാധിപത്യ ഇന്ത്യയിലെ അതിദയനീയ ജീവിതങ്ങളാണല്ലോ അക്കാമഹാദേവിയും ബാമയും പോലുള്ളവര്‍ എഴുതിയത്. അതവരുടെ ലക്ഷ്യം കണ്ട എഴുത്തായിരുന്നു- വരും തലമുറ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലെ വിഭാഗീയതകള്‍ തിരിച്ചറിയണമെന്നും അവരും ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്നുമുള്ള സന്ദേശമായിരുന്നു ഈ കൃതികള്‍ ആഹ്വാനം ചെയ്തിരുന്നത്. വ്യവസ്ഥാപിത സമൂഹത്തിനെതിരെയുള്ള കലഹമായിരുന്നു അവയെല്ലാം. ചിരപുരാതനമായ ജീവിതസങ്കല്പങ്ങളെ തൂത്തെറിയാന്‍ ശേഷിയുള്ളതാണ് ദളിത് എഴുത്തുകള്‍. പുതിയ തലമുറ ഇതെല്ലാം വായിച്ച് ഉള്‍ക്കൊണ്ടുതുടങ്ങിയാല്‍ വരേണ്യവര്‍ഗക്കാര്‍ക്ക് എന്തു പ്രസക്തിയാണ് ലഭിക്കുക? ഓരോ സവര്‍ണന്റെയും മനസ്സ് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. കുട്ടികള്‍ക്ക് തങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാവുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പുതിയൊരു സാമൂഹികവിപ്ലവം തന്നെ നടന്നെന്നുവരാം. തികച്ചും സാമൂഹ്യവിരുദ്ധമായ നിലപാടാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി കൈക്കൊണ്ടിരിക്കുന്നത്. അക്കാദമിക തലങ്ങളില്‍ നിന്നും ദളിത് സംഭാവനകളെ നീക്കം ചെയ്യുക എന്നതിനര്‍ഥം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം ചെയ്യുന്നു എന്നു തന്നെയാണ്. ഇത് അനീതിയാണ്.
അംബേദ്ക്കറെയും ദളിത് പ്രസ്ഥാനങ്ങളെയും പാടേ തിരസ്‌കരിക്കുന്നു എന്നാണ് ഇതിലൂടെ ഞാന്‍ മനസ്സിലാക്കുന്നത്. മഹാശ്വേതാദേവിക്കും ബാമയ്ക്കും പകരം മനുസ്മൃതി വന്നേക്കാം. ഹിന്ദുമതവും പാരമ്പര്യവും വിശദമായി സിലബസ്സില്‍ ഉള്‍പ്പെടുത്തിയേക്കാം. ഇന്ത്യയിലെ വിദ്യാഭ്യാസ സമൂഹത്തോട് പറയുകയാണ്- ഇതൊന്നും അനുവദിച്ചുകൊടുക്കരുത്. ജാതിമത ഉച്ചനീചത്തങ്ങള്‍ കാരണം ഏറെ സഹിച്ചതാണ്, ഇപ്പോഴും സഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയുള്ള തലമുറയെങ്കിലും അതില്‍ നിന്നും രക്ഷപ്പെടട്ടെ.
ആദ്യകാലങ്ങളില്‍ ദളിതരും ആദിവാസികളും അക്ഷരങ്ങള്‍ ആര്‍ജ്ജിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യ, ജനാധിപത്യ ഇന്ത്യ ദളിതരെയും പിന്നോക്കക്കാരെയും വിദ്യാഭ്യാസത്തിലൂടെ പിടിച്ചുയര്‍ത്തി. ഞങ്ങളുടെ കഥകള്‍ ലോകമറിഞ്ഞത് എഴുത്തുകളിലൂടെയും സാഹിത്യത്തിലൂടെയുമാണ്. എല്ലാവരും പേനയെടുക്കാന്‍ തുടങ്ങിയതു തന്നെ തികച്ചും വിപ്ലവകരമായ മുന്നേറ്റമായിരുന്നു. പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളാണ് ഞങ്ങളെഴുതിയത്. പരമ്പരാഗത സാഹിത്യസമ്പ്രദായത്തിനും എഴുത്തിനും പുരാണകഥകള്‍ക്കും ഇത് ഭീഷണിയാവുന്നത് സ്വാഭാവികമാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പുരാതന മനസ്സും ആധുനിക സംവിധാനങ്ങളുമായി നിലനിന്നുപോരുകയാണ്. യാഥാസ്ഥിതികരും ജനാധിപത്യവിരുദ്ധരുമാണ് അവര്‍. വരേണ്യവര്‍ഗത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ജീവിതവും തൊട്ടുകൂടായ്മകളും സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണവര്‍.
സ്ത്രീപക്ഷ രചനകളും ദളിത് സാഹിത്യവും ജനപ്രിയവും ചിന്തനീയവുമാണ്. വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഇവ രണ്ടും. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകത്തൊന്നാകെ സ്വീകരിക്കപ്പെട്ടവയാണ്. ഇന്ത്യയുടെ യഥാര്‍ഥ സാക്ഷര-സാംസ്‌കാരിക സമൂഹം തങ്ങളുടെ ചിന്തകളാലും പ്രവൃത്തികളാലും അംഗീകരിച്ചതാണ് ഇത്തരം സാഹിത്യങ്ങളെ. ഡല്‍ഹി യൂണിവേഴ്‌സിറ്റി നടത്തിയത് ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യസംരക്ഷണമാണ്. ദളിത് സമൂഹത്തിലെ പഴയലമുറയുടെ അതിജീവനങ്ങളുടെ കഥകളും അനുഭവങ്ങളും പുതിയവര്‍ അറിയേണ്ടതുണ്ട്. അത് മൂടിവെക്കപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണ്? ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം.
Content Highlights :Dalit Writer Sarankumar Limbale Reacts against removal of Dalit writings from Delhi University
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..