രാമചന്ദ്ര ഗുഹ | ഫോട്ടോ: കെ. കെ. സന്തോഷ് | മാതൃഭൂമി
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബൗദ്ധിക വ്യക്തികളിലൊരാളാണ് രാമചന്ദ്രഗുഹ. മഹാത്മാഗാന്ധിയുടെ സമഗ്രജീവചരിത്രകാരൻ എന്നതിനൊപ്പം ഗുഹ ചരിത്രകാരൻ, പാരിസ്ഥിതിക എഴുത്തുകാരൻ, ക്രിക്കറ്റ് എഴുത്തുകാരൻ, സൂക്ഷ്മനിരീക്ഷണശാലിയായ രാഷ്ട്രീയവിമർശകൻ, സംഗീതാസ്വാദകൻ, ചിന്തകൻ തുടങ്ങി പലതുമാണ്. ഗുഹയുടെ എഴുത്തും ബൗദ്ധികജീവിതവും കറപുരളാത്ത വസ്തുതകൾ കൊണ്ടുണ്ടാക്കിയ അഭിജാതശില്പങ്ങളാണ്. രാമചന്ദ്രഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ ദീർഘസംഭാഷണത്തിന്റെ ഭാഗം.
എസ്. ഗോപാലകൃഷ്ണൻ: താങ്കൾ എഴുതിയ ആത്മകഥയെല്ലാം ക്രിക്കറ്റ് ആയിപ്പോയതെന്തുകൊണ്ടാണ്? ക്രിക്കറ്റ് ആണോ ആത്മാവിനോട് ഏറ്റവും അടുത്തുനിൽക്കുന്നത്?
രാമചന്ദ്രഗുഹ: എനിക്കൊരു കുമ്പസാരം പറയാനുണ്ട് . അതൊരുപക്ഷേ ഗോപാലിന് ആഹ്ലാദം തരുന്നതുമായിരിക്കാം. എന്റെ ഭ്രാന്ത് ഇപ്പോൾ സംഗീതത്തിലേക്കു മാറി. എന്നാൽ, ചെറുപ്പത്തിൽ ഞാൻ ക്രിക്കറ്റ് ഭ്രാന്തനായിട്ടാണ് വളർന്നത്. ഉണർന്നിരിക്കുന്ന നേരത്തെല്ലാം ഞാൻ കളികൾ കണ്ടുകൊണ്ടിരുന്നു. റേഡിയോയിൽ ക്രിക്കറ്റ് മാത്രം കേട്ടുകൊണ്ടിരുന്നു. ക്രിക്കറ്റിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഒരു പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു മാറ്റം സംഭവിച്ചു. എന്റെ ഏറ്റവും ഇഷ്ടമേഖല ക്രിക്കറ്റിൽനിന്ന് സംഗീതമായി മാറി. അതിനാൽ ഇപ്പോൾ നിങ്ങൾ എന്നോട് അശ്വിനി ഭീടെ -ദേശ്പാണ്ഡെയുടെ കച്ചേരിക്കുപോണോ , അതോ സച്ചിന്റേയോ വിരാട് കോലിയുടെയോ മാച്ച് കാണണോ എന്ന് ചോദിച്ചാൽ ഞാൻ ഉറപ്പായും പറയും അശ്വിനി ഭീടെയുടേയോ, വെങ്കിടേഷ് കുമാറിന്റെയോ, പ്രിയാ പുരുഷോത്തമന്റെയോ കച്ചേരിക്കു പോകുമെന്ന്. താങ്കൾക്ക് ഇതു കേൾക്കുമ്പോൾ സന്തോഷം തോന്നുണ്ടായിരിക്കും. കാരണം താങ്കൾക്ക് സംഗീതത്തിലുള്ള താത്‌പര്യം എനിക്ക് അടുത്തറിയാവുന്നതാണ്. പക്ഷേ, ഒട്ടേറെയാളുകൾ ഈ അഭിപ്രായം കേൾക്കുമ്പോൾ ദുഃഖിതരാകുമെന്ന് എനിക്കറിയാം. കഴിഞ്ഞ പത്തുകൊല്ലങ്ങൾക്കുള്ളിൽ നടന്ന ഒരു മാറ്റമാണിത്. ഞാൻ ക്രിക്കറ്റിനൊപ്പം വളർന്നു. സംഗീതത്തെ വൈകി തിരിച്ചറിഞ്ഞു. സംഗീതം കേൾക്കുന്ന ഒരു കുടുംബത്തിലല്ല ഞാൻ ജനിച്ചതും വളർന്നതും. പതിനെട്ടോ പത്തൊൻപതോ വയസ്സുള്ളപ്പോഴാണ് ഞാൻ പാട്ടുകേൾക്കാൻ തുടങ്ങുന്നതുതന്നെ. ആ താത്‌പര്യം വളരെ വൈകിയാണ്, പതുക്കെയാണ് വളർന്നത്... പക്ഷേ, എന്റെ ക്രിക്കറ്റ്ഭ്രമം വ്യത്യസ്തമായിരുന്നു. ഇപ്പോൾ എന്റെ പ്രാഥമിക മാനസോല്ലാസം സംഗീതത്തിലാണ്.
എസ്. ഗോപാലകൃഷ്ണൻ: അമ്മാവൻ ഒരിക്കൽ പറഞ്ഞ ഒരു പരാതിയെക്കുറിച്ച് രാമചന്ദ്ര ഗുഹ ഒരിക്കൽ ഇങ്ങനെ എഴുതിയിരുന്നു: ‘വെസ്റ്റ് ഇൻഡീസിനെതിരേ ഗ്രഹാം ഗൂച്ചും ഡേവിഡ് ഗവറും നേടിയ സെഞ്ചുറികൾ ക്രിക്കറ്റ് ചരിത്രത്തിൽ ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടും. അതേ വെസ്റ്റ് ഇൻഡീസ് ടീമിനെതിരേ സുനിൽ ഗാവസ്കർ നേടിയ ആയിരത്തിമുന്നൂറോളം റണ്ണുകളെ കുറിച്ച് എത്ര ഇംഗ്ളീഷുകാർ എഴുതിയിട്ടുണ്ട്?’ ഇനി റാമിനോടുള്ള എന്റെ ചോദ്യം കേൾക്കൂ . താങ്കൾ ക്രിക്കറ്റിനെക്കുറിച്ചെഴുതിയ പുസ്തകങ്ങൾ ഇംഗ്ലണ്ട് എങ്ങനെയാണ് സ്വീകരിച്ചത്?
രാമചന്ദ്രഗുഹ: ഇംഗ്ലണ്ടിൽ നല്ല സ്വീകരണമാണ് രണ്ടു പുസ്തകങ്ങൾക്കും ലഭിച്ചത്. രണ്ടുപുസ്തകങ്ങൾക്കും അവരുടെ അവാർഡുകളും ലഭിച്ചു . ‘A corner of a foreign field’-ന് the Cricket Society യുടെ Best Book of the year prize ലഭിച്ചു . പുതിയ പുസ്തകമായ ‘The Commonwealth of Cricket: A Lifelong Love Affair with the Most Subtle and Sophisticated Game Known to Humankind’-ന് ദ ഹോവാർഡ് മിൽട്ടൺ അവാർഡ് എന്ന ലൈഫ്‌ടൈം ഓഫ് ക്രിക്കറ്റ് സ്കോളർഷിപ്പ് അവാർഡ് ലഭിച്ചു. ബ്രിട്ടീഷ് സൊസൈറ്റി ഓഫ് സ്പോർട്‌സ് ഹിസ്റ്ററി നൽകുന്ന അവാർഡാണത്. ഈ പുസ്തകം ക്രിക്കറ്റിനോടുള്ള എന്റെ യാത്രപറയലായിരുന്നു. ഇനി ഞാൻ ക്രിക്കറ്റിനെക്കുറിച്ച് എഴുതില്ല. എനിക്ക് കൂടുതലൊന്നും അതിനെക്കുറിച്ച് പറയാനില്ല. ഞാൻ വല്ലപ്പോഴും കളി കണ്ടേക്കാം... പക്ഷേ, താങ്കൾക്കറിയാം, എനിക്ക് മറ്റുപലതിനെക്കുറിച്ചും എഴുതാനുണ്ട്. ക്രിക്കറ്റിനെക്കുറിച്ചുള്ള എഴുത്തിന്റെ രീതികൾ ഇപ്പോൾ ആകെ മാറിയിരിക്കുന്നു. കളിയുടെ റിപ്പോർട്ടിങ്ങിലുള്ള സാങ്കേതികമാറ്റങ്ങളാണ് ഇതിനുള്ള കാരണം. എന്റെയൊക്കെ എഴുത്തിന്റെ രീതി കളി കാണാൻ കഴിയാത്തവരെ മനസ്സിൽ കരുതിയാണ്. ടെലിവിഷൻ ഇല്ലാത്ത കാലത്ത് വളർന്നതാണു ഞാൻ. റേഡിയോ നൽകിയ ഭാവനാലോകത്താണ് ഞാൻ ക്രിക്കറ്റ് ആസ്വദിച്ചത്. ഇപ്പോൾ ഓരോ പന്തും നിങ്ങളുടെ സ്വീകരണമുറിയിലേക്കാണ് വീഴുന്നത്. ഇപ്പോൾ ക്രിക്കറ്റ് എഴുത്ത് കൂടുതൽ സാങ്കേതികവും വിശകലനാത്മകവുമാണ്. സാഹിതീപരമല്ല അത്. എന്റേത് സാഹിത്യമാണ്. വാക്കുകളിലൂടെ കളി സൃഷ്ടിക്കുകയാണ്. ഗുണ്ടപ്പ വിശ്വനാഥിന്റെ സ്ക്വയർ ഡ്രൈവ് കണ്ടിട്ടില്ലാത്തവർക്ക് അതെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുക... ഒരു മുഴുവൻ കളിയും ഭാഷയിൽ പുനഃസൃഷ്ടിക്കുകയാണത്. ഇന്ന് ഏതൊരു ക്രിക്കറ്റ് പ്രണയിക്കുമറിയാം വിരാട് കോലി എങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെന്ന്. ഭാവനയാവശ്യമില്ലാത്ത സാങ്കേതികത്തികവാണ് പുതിയ ക്രിക്കറ്റ് എഴുത്ത്. എന്റെ കാലം കഴിഞ്ഞു. കൂടുതൽ നീതിപൂർവകമായി എഴുതാൻ കഴിയുന്നവർ മുന്നോട്ടുവരട്ടെ.
എസ്. ഗോപാലകൃഷ്ണൻ: ഓർമയിലെ ഏറ്റവും ഇഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസ് കളിക്കാരൻ ആരാണ്?
രാമചന്ദ്രഗുഹ: ഞാൻ കണ്ട കളിക്കാരിൽ മാൽക്കം മാർഷൽ ആണ് പ്രിയപ്പെട്ടയാൾ. എന്തൊരു ഭംഗിയുള്ള ഫാസ്റ്റ് ബൗളർ ആയിരുന്നു. എല്ലാ കാലത്തെയും മികച്ച കളിക്കാരൻ ഗാരി സോബേഴ്സ് ആണ് എനിക്ക്. അദ്ദേഹം കളിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എത്ര തന്നെ ഞാൻ ആഗ്രഹിക്കുന്നു. വളരെക്കുറച്ച് ദൃശ്യങ്ങളേ കിട്ടാനുള്ളൂ. പക്ഷേ, കാണാൻ കഴിഞ്ഞതിൽ മാൽക്കം മാർഷൽ എന്ന ഉദാത്തനായ പ്രതിഭാശാലിയെയാണ് എനിക്കിഷ്ടം.
എസ്. ഗോപാലകൃഷ്ണൻ: തെക്കേ ആഫ്രിക്കയിൽനിന്ന് തിരികെ ഇന്ത്യയിലെത്തിയ ഗാന്ധിജി മുംബൈയിലെ ക്രിക്കറ്റിൽ ഇടപെട്ടതിനെക്കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ട് ... നമുക്ക് ഗാരി സോബേഴ്സിൽനിന്ന് ഗാന്ധിജിയിലേക്കൊന്ന് പോകാം. ഇന്ത്യയിൽ ഗാന്ധിജിയെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള ഒരാളാണ് രാംഗുഹ. ഗാന്ധിജിയിൽ എനിക്ക് അതിയായ താത്‌പര്യം ജനിച്ചത് സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെയാണ്. താങ്കൾ നേരത്തേ സൂചിപ്പിച്ച 97 ഗാന്ധി വാല്യങ്ങളും ഞാൻ വാങ്ങിച്ചത് 1989-ലായിരുന്നു . താങ്കൾ എന്നാണ് ഗാന്ധിജിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്?
രാമചന്ദ്രഗുഹ: 1980 കളുടെ ആദ്യം ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുമ്പോഴാണ് ഗാന്ധിജിയും ഉള്ളിൽ പ്രവേശിക്കുന്നത്. അതിന്റെ നേതാക്കന്മാരുടെ പ്രചോദനം ഗാന്ധിജിയിൽ നിന്നായിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് നേരിട്ടു ഞാൻ കണ്ടു. എന്നെ കൊൽക്കത്തയിൽ പഠിപ്പിച്ച അധ്യാപകരെല്ലാം മാർക്സിസ്റ്റുകൾ ആയിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ കൂടെയാണെന്ന് ആണയിടുമ്പോഴും അവർ കൊൽക്കത്തയിലെ സുഖപ്രദമായ മധ്യവർഗജീവിതം നയിക്കുന്നവരായിരുന്നു. വായിക്കുകയും എഴുതുകയും അസംബന്ധങ്ങൾ പറയുകയും ചെയ്തു, അവർ. എന്നാൽ, ചിപ്കോ പ്രവർത്തകർ ഗ്രാമീണജീവിതത്തെ സമ്പുഷ്ടമാക്കാൻ ചെയ്യുന്നതെന്ത് എന്ന് ഞാൻ നേരിട്ടുകണ്ടു. അന്നാണ് ഗാന്ധിജിയിൽ എനിക്ക് താത്‌പര്യം ജനിച്ചത്. പിന്നീട് അതു ഞാൻ മുന്നോട്ടു കൊണ്ടുപോയി.
എസ്. ഗോപാലകൃഷ്ണൻ: മരം വീഴുന്നതു കണ്ടപ്പോൾ താങ്കൾ ഗാന്ധിജിയെ ശ്രദ്ധിച്ചു, ഞാനാകട്ടെ ബെർലിൻ മതിൽ വീഴുന്നതു കണ്ടപ്പോഴും . താങ്കളുടെ ‘Gandhi before India’ എന്ന പുസ്തകത്തിലെ അവസാനഭാഗം ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ: ‘ ഞാൻ ഈ വരികൾ എഴുതുന്നത് 2012-ലെ ഓഗസ്റ്റിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 65 വർഷങ്ങളായി. അമേരിക്ക പൗരാവകാശനിയമം നടപ്പിലാക്കിയിട്ട് 44 കൊല്ലങ്ങളായി. ബെർലിൻ മതിൽ വീണിട്ട് 23 കൊല്ലങ്ങളായി. അപ്പാർതീഡ് അവസാനിച്ചിട്ട് 18 കൊല്ലങ്ങളായി. ജനാധിപത്യത്തിനും സാമാന്യമായ അന്തസ്സിനുംവേണ്ടി ബർമയിലെയും യെമെനിലെയും ഈജിപ്തിലെയും ടിബറ്റിലെയും ജനങ്ങൾ അഹിംസാത്മകമായ സമരത്തിലാണ് ഇപ്പോൾ. ഗാന്ധിജി മുൻകൂട്ടിക്കാണുകയും പ്രവചിക്കുകയും ചെയ്ത കാര്യങ്ങൾ അദ്ദേഹം അതൊക്കെ പറഞ്ഞ കാലത്തെക്കാൾ പ്രസക്തമായ കാലമാണിത്.’ എങ്ങനെയാണ് ഗാന്ധിജി ഇങ്ങനെ കാലാനുഗതമായി ഇന്നും പരിണമിച്ചുകൊണ്ടിരിക്കുന്നത്?
രാമചന്ദ്രഗുഹ: ഗാന്ധിജി മനുഷ്യജീവിതത്തിന്റെ വിവിധാംശങ്ങളെ സ്പർശിച്ചു. ഏകാധിപത്യങ്ങളെ എതിർത്തു. വിശ്വാസസൗഹൃദങ്ങളെ പ്രോത്സാഹിപ്പിച്ചു. ലിംഗ-ജാതിഭേദങ്ങളെ എതിർത്തു. പാരിസ്ഥിതിക സംതുലനത്തെ ഉയർത്തിപ്പിടിച്ചു, അങ്ങനെയങ്ങനെ പോകുന്നു. ഇതിനെല്ലാം പുറമേ സുതാര്യമായ, തുറന്ന ജീവിതം ജീവിച്ചു. ജോർജ് ഓർവെൽ പറഞ്ഞില്ലേ, ‘മറ്റൊരു ലോകനേതാവിനും സാധിക്കാത്ത മട്ടിൽ അദ്ദേഹം ഒരു സുഗന്ധം ബാക്കിവെച്ചുപോയി’ എന്ന്. കാരണം അദ്ദേഹം തുറന്ന ജീവിതമായിരുന്നു. ആർക്കും എപ്പോഴും കടന്നുചെല്ലാവുന്ന ജീവിതമായിരുന്നു അത് . ഇപ്പോഴുള്ള നേതാക്കന്മാരെ നോക്കൂ... ഒരു പത്രസമ്മേളനംപോലും വിളിക്കില്ല. അദ്ദേഹം സംഭാഷണത്തിനും ചർച്ചയ്ക്കും തയ്യാറായിരുന്നു. അദ്ദേഹം നേർക്കുനേർ കണ്ട വിഷയങ്ങളെല്ലാം ഇപ്പോഴും അപരിഹൃതമാണ്. മതസംഘർഷങ്ങൾ നിലനിൽക്കുന്നു. സ്ത്രീകളെ അടിച്ചമർത്തുന്നത് നിലനിൽക്കുന്നു. ലോകരാഷ്ട്രങ്ങൾ എല്ലാം അമിതാധികാരശക്തി വിനിയോഗിക്കുന്നു. ഗാന്ധിജി അതിനാൽ ഇപ്പോഴും ധാർമികതയുടെ കെടാത്ത ഒരു വഴിവിളക്കായി നിൽക്കുന്നു. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തിന് ലോകത്തെ സ്വാധീനിക്കാൻ കഴിയുന്നത്.
എസ്. ഗോപാലകൃഷ്ണൻ : ഗാന്ധിജി ഒരു ഗുരുജീവിതം നയിച്ചു. ഒരാഴ്ചമുൻപേ ഞാൻ രാമചന്ദ്ര ഗാന്ധിയുടെ തിരഞ്ഞെടുത്ത ഉപന്യാസസമാഹാരമായ ‘The Seven Sages’ എന്ന പുസ്തകം വായിക്കുകയായിരുന്നു . ആധുനിക ഇന്ത്യയിലെ പ്രമുഖ അക്കാദമിക് ദാർശനികരിൽ ഒരാളായിരുന്ന രാമു ഗാന്ധി ആധുനിക ഇന്ത്യൻ ആധ്യാത്മികതയെ നോക്കിക്കാണുന്ന ഈ ഉപന്യാസങ്ങളിൽ, ഗാന്ധിജിയും വരുന്നുണ്ടല്ലോ. കൂടെ, രമണ മഹർഷിയും രാമകൃഷ്ണ പരമഹംസനും അരബിന്ദോയുമൊക്കെ ... ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതിൽ പങ്കുവഹിച്ച ആധ്യാത്മിക നേതാക്കളെ എങ്ങനെയാണ് താങ്കൾ കാണുന്നത്? ഗാന്ധിയുടെ മേൽ ലോകത്തിലെ വിവിധ ആധ്യാത്മിക ധാരകൾക്കുള്ള സ്വാധീനം മനസ്സിൽ വെച്ചുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.
രാമചന്ദ്രഗുഹ: ഞാൻ പഠിക്കാത്ത വിഷയമാണ്. എനിക്ക് സത്യത്തിൽ ഇതിന് മറുപടി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. രാമചന്ദ്ര ഗാന്ധിയും മറ്റുള്ളവരും ഇതൊക്കെ ആഴത്തിൽ പഠിച്ചവരായിരുന്നു. അടുത്തകാലത്തിറങ്ങിയ ഒരു പുസ്തകം ഞാൻ വായിക്കുകയായിരുന്നു: പുരുഷോത്തം അഗ്രവാൾ എഴുതിയ കബീറിനെക്കുറിച്ചുള്ള പുസ്തകം. അദ്ദേഹം ഹിന്ദിയിൽ പണ്ടെഴുതിയത് ഇംഗ്ളീഷിൽ പുതുക്കിയതാണിത്. ദൗർഭാഗ്യവശാൽ ഇന്ത്യൻ മുനിപരമ്പരകളെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല. ആധ്യാത്മികപഠനങ്ങളുമില്ല. പക്ഷേ, ഒന്നുപറയാം ഞാൻ തിരുവണ്ണാമലയിൽ രമണ മഹർഷിയുടെ ആശ്രമത്തിൽ പോയപ്പോൾ അതെന്നെ ആഴത്തിൽ സ്പർശിച്ചു. െബംഗളൂരുവിലെ ഒരു ഫോട്ടോഗ്രാഫർ എടുത്ത രമണയുടെ ഒരു ചിത്രം എന്റെ വായനാമുറിയിലുണ്ട് . എന്തോ സവിശേഷമായ ഒന്ന് ആ സംയമിയുടെ ജീവിതത്തിന് ഉണ്ടായിരുന്നു. രാമചന്ദ്ര ഗാന്ധി അതേക്കുറിച്ച് പുസ്തകത്തിൽ പറയുന്നുമുണ്ട്.
എസ്. ഗോപാലകൃഷ്ണൻ : ഗാന്ധിജിയുടെ മേലുണ്ടായിരുന്ന ഇത്തരം സ്വാധീനങ്ങളും ലോകത്തിലെ വിവിധ ആധ്യാത്മിക ധാരകൾ അദ്ദേഹത്തിന്റെ പരിണാമത്തിൽ ചെലുത്തിയ പങ്കും ഒട്ടേറെപ്പേർ പഠിച്ചിട്ടുള്ളതാണ്. താങ്കൾ രാഷ്ട്രീയ ഗാന്ധിയിലെ ധാർമികഭംഗിയെയാണ് എപ്പോഴും അന്വേഷിച്ചത്. എങ്കിലും ഒന്നുചോദിക്കട്ടെ. ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനത്തെ എങ്ങനെയാണ് കാണുന്നത്. അതിവിചിത്രമായ ഒരു വ്യാഖ്യാനമല്ലേ അത്? മറ്റൊരു കൗതുകകരമായ കാര്യം ഒരേ കാലത്ത് ജീവിക്കുമ്പോൾ അരബിന്ദോ ഗീതയെ ഉൾവലിയാനുള്ള ഗ്രന്ഥമായി വായിച്ചപ്പോൾ, ഗാന്ധിജി പുറത്തേക്ക് എടുത്തുചാടാനുള്ള മന്ത്രമായി വ്യാഖ്യാനിച്ചു.
രാമചന്ദ്രഗുഹ: ഗീതയെ വ്യാഖ്യാനിച്ച തിലകിനെയോ അരബിന്ദോയെപ്പോലെയോ ഗാന്ധിജി ഒരു പണ്ഡിതനായിരുന്നില്ല. ഗാന്ധിജിക്ക് ഗീതയായിരുന്നില്ല സന്ദേശം. സ്വന്തം ജീവിതമായിരുന്നു. അതിനാൽ പ്രധാനം ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനം വായിക്കുന്നതല്ല, ഗാന്ധിജിയുടെ ജീവിതം മനസ്സിലാക്കുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഗാന്ധിജി ഒരു പണ്ഡിതനല്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം ഗൗരവത്തോടെ എടുക്കില്ല. ഗീതയെ അഹിംസയുടെ നിദർശനമാക്കുന്നത് ഗാന്ധിജിയുടെ അതിവായനയാണ്. ആ വ്യാഖ്യാനം അപ്രതിരോധ്യമല്ല. ഗാന്ധിജിക്ക് സംസ്കൃതം അറിയില്ലായിരുന്നു. മറ്റൊരു പുസ്തകത്തിന് ഗാന്ധിജി എഴുതിയ വ്യഖ്യാനത്തെക്കാൾ പ്രധാനം അദ്ദേഹം പങ്കെടുത്ത സമരങ്ങൾ , അദ്ദേഹം നടത്തിയ ഇടപെടലുകൾ, അദ്ദേഹം എഴുതിയ കത്തുകൾ, എഴുതിയ ലേഖനങ്ങൾ, അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എന്നിവയൊക്കെയാണ്.
എസ്. ഗോപാലകൃഷ്ണൻ : 1925-ൽ ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട് ഇന്ത്യൻ വേദോപനിഷത്തുകളിൽ അയിത്തത്തിന് ന്യായീകരണമുണ്ടോ എന്നു ചോദിച്ചപ്പോൾ ഗുരു ‘‘അങ്ങേയ്ക്ക് സംസ്കൃതമറിയാമോ?’’ എന്നു ചോദിച്ചത് പെട്ടെന്ന് ഓർമയിൽ വരുന്നു. ‘‘അറിയില്ല’’ എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. ഭാഷയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കട്ടെ കവിത, കഥ, ചരിത്രം, ദർശനം എന്നിവയിൽ ഏതിലാണ് ഭാഷയുടെ ഭംഗി ഏറ്റവും കൂടുതൽ പ്രത്യക്ഷമാകുന്നത്.
രാമചന്ദ്രഗുഹ: എന്റെ ഭാര്യയും മകനും നന്നായി കവിത വായിക്കും. കവിതകൾ വായിക്കുന്ന ശീലം പണ്ടേ എനിക്കില്ല. ക്ലാസിക്കൽ എഴുത്തുകാരുടെ കവിതകൾ സുജാത കാണാതെ ചൊല്ലും. അത് അവർക്ക് ആഹ്ലാദദായകമാണ്. എന്റെ മകനും ഒരുപാടു കവിതകൾ വായിക്കും. ക്രിക്കറ്റ് കളിച്ചാണ് ഞാൻ വളർന്നത്. കവിത വായിക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. ഞാനത് ക്രിക്കറ്റിനുനൽകിയതാവാം കാരണം. എന്നാൽ, കോവിഡ് കാലത്തുണ്ടായ ഒരു വലിയ പ്രത്യേകത ഞാൻ കഥകൾ വായിക്കുന്ന ശീലത്തിലേക്ക് വൻതോതിൽ തിരിച്ചുപോയി എന്നതാണ്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ആധുനിക നോവലുകളും കഥകളും വായിക്കുമായിരുന്നു. സോമർസെറ്റ് മോമും ഹെമിങ് വേയും വി.എസ്. നയ്‌പാളും കോളേജ് കാലത്ത് എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. ഇപ്പോൾ ഞാൻ ക്ലാസിക് ഫിക്‌ഷനിലേക്ക് തിരികെപ്പോകുന്നു. അടുത്തകാലത്ത് അന്ന കരിനീനയും, യുദ്ധവും സമാധാനവും വീണ്ടും വായിച്ചു. ജോർജ് എലിയറ്റിന്റെ മിഡിൽമാർച്ച് ആദ്യമായി അടുത്തകാലത്ത് വായിച്ചു. ഇന്ത്യയെക്കുറിച്ച് വിദേശികൾ എഴുതിയ ഏറ്റവും നല്ല രണ്ടു നോവലുകൾ വീണ്ടും വായിച്ചു, റുഡ്യാർഡ് കിപ്ലിങ്ങിന്റെ ‘കിം’, ഇ .എം. ഫോസ്റ്ററിന്റെ ‘എ പാസേജ് ടു ഇന്ത്യ’. മഹാമാരിയുടെ കാലത്ത് ഞാൻ കഥകളെ ജീവിതത്തിൽ വീണ്ടെടുത്തു. മഹാന്മാരായ ചരിത്രകാരന്മാർക്ക് കഴിയുന്നതിലും കൂടുതൽ ഉൾക്കാഴ്ചയോടെ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കാൻ കഴിയുന്നത് മഹാന്മാരായ കഥാകാരന്മാർക്കാണ്. ഉന്നതനിലവാരമുള്ള കഥകൾ വലിയ കലാരൂപമാണ്. തരംതാണ പൾപ്പ് ഫിക്‌ഷൻ അല്ല ഞാൻ സൂചിപ്പിക്കുന്നത്. ചരിത്രകാരന്റേത് വിദ്യാകൗശലമാണ്, എന്നാൽ, മഹാനായ നോവലിസ്റ്റ് ഒരു കലാകാരനാണ്. അതാണ് വ്യത്യാസം . ഞാൻ ചരിത്രകാരൻ എന്ന നിലയിൽ എന്റെ ആശയപ്രകാശനരൂപത്തെ കുറച്ചുകാണുകയല്ല. ആഴത്തിൽ ഗവേഷണം ചെയ്ത്, നന്നായി എഴുതപ്പെടുന്ന ചരിത്രം മൂല്യവത്താണ്, സംശയമില്ല. എന്നാൽ, അതിന് മനുഷ്യജീവിതത്തിന്റെ നിഗൂഢതകൾ അന്വേഷിക്കാൻ കഴിയില്ലല്ലോ. വ്യക്തികളുടെ വൈകാരികാവസ്ഥകൾ വിശദീകരിക്കാൻ കഴിയില്ലല്ലോ. ടോൾസ്റ്റോയിയും ജോർജ് എലിയറ്റുമൊക്കെ അഗാധ ചരിത്രബോധമുള്ളവരുമാണ്. ഇക്കാര്യത്തിൽ ലോക്‌ഡൗൺ കാലത്തിനോട് എനിക്ക് നന്ദിയുണ്ട്... എന്നെ നോവലുകളുടെയും കഥകളുടെയും ലോകത്തേക്ക് മടക്കിക്കൊണ്ടുപോയതിന്. എല്ലാദിവസവും വൈകീട്ട് എനിക്കിപ്പോൾ ടോൾസ്റ്റോയിയാണ് കൂട്ട്; പിന്നെ സംഗീതവും.
(വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..