സി. രാധാകൃഷ്ണൻ
എഴുത്തുകാരന്‍, പത്രാധിപര്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ശാസ്ത്രകാരന്‍...അങ്ങനെ ബഹുമുഖമാണ് സി. രാധാകൃഷ്ണന്റെ ജീവിതം. മലയാളിയുടെ ഭാവുകത്വത്തിന് പുതിയ ലാവണ്യം നല്‍കിയ അദ്ദേഹം ബുധനാഴ്ച ശതാഭിഷിക്തനാവുകയാണ്. വായനയും എഴുത്തുമായി സജീവമായ അദ്ദേഹം മാതൃഭൂമി പ്രതിനിധി വിമല്‍ കോട്ടയ്ക്കലിനുനല്‍കിയ അഭിമുഖത്തില്‍നിന്ന്
ഇത്രയും വ്യത്യസ്തമായ മേഖലകളിലൂടെ ഒരേസമയം സഞ്ചരിച്ചവര്‍ കുറവാണ്. എങ്ങനെയാണ് ഈ ബഹുമുഖത്വം സാധ്യമാകുന്നത്?
ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. എല്ലാവരെയുംപോലൊരാള്‍. എനിക്ക് തോന്നിയ കാര്യങ്ങളൊക്കെ പഠിക്കാന്‍ ശ്രമിക്കുകയും മോഹമുള്ളതൊക്കെ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നേയുള്ളൂ. മറ്റുമനുഷ്യരുമായി ആശയവിനിമയം നടത്താനുള്ള മേഖലകളെല്ലാം പരമാവധി ഉപയോഗിച്ചു എന്നുമാത്രം. അതില്‍ എന്തെങ്കിലും വൈശിഷ്ട്യമുണ്ടെന്ന് തോന്നിയിട്ടില്ല.
ഇതില്‍ ഏതുമേഖലയില്‍ അറിയപ്പെടണമെന്നാണ് കൂടുതല്‍ ആഗ്രഹിച്ചത്?
അറിയപ്പെടണമെന്ന ആഗ്രഹം നിരര്‍ഥകമാണെന്ന് ഞാന്‍ നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. അത് മറ്റുള്ളവരുടെ കൈയിലിരിക്കുന്ന കാര്യമാണ്. ഇന്ന് അറിയപ്പെടുന്ന ഒരാള്‍ നാളെ അങ്ങനെയാവണമെന്നില്ല. നമുക്ക് മോഹമുള്ള കാര്യം ഭംഗിയായി ചെയ്യാനുള്ള സാഹചര്യമുണ്ടാവുക. അത് നന്നായി ചെയ്തു എന്നും മനുഷ്യര്‍ക്ക് പ്രയോജനമുണ്ടായി എന്നുമുള്ള അറിവ് തിരിച്ചുകിട്ടുക. അതില്‍നിന്ന് ജീവിക്കാനുള്ള വഴിയുണ്ടാവുക. ഇത് മൂന്നുമുണ്ടായാല്‍ ജന്മം നന്നായി എന്നാണ് എന്റെ തോന്നല്‍. ഭാഗ്യംകൊണ്ട് ഇതുമൂന്നും എന്റെ കാര്യത്തില്‍ നടന്നു. അതുകൊണ്ട് എന്റേതൊരു സംതൃപ്തമായ ജന്മമാണ്.
എങ്ങനെയാണ് മാധ്യമമേഖലയിലേക്ക് വരുന്നത്?
പത്താംക്ലാസ് കഴിഞ്ഞ് ഞാന്‍ അച്ഛന്റെകൂടെ ആദ്യം പോകുന്നത് കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിലേക്കാണ്. അവിടെ അന്ന് അച്ഛന്റെ സുഹൃത്തായ എന്‍.പി. ദാമോദരനുണ്ടായിരുന്നു. അന്ന് അവിടെനിന്ന് കിട്ടിയതാണ് ന്യൂസ് പ്രിന്റിന്റെ മണം. പിന്നെ കോളേജ് കാലഘട്ടങ്ങളിലും ഇടക്കിടെ അവിടെ പോകാന്‍ തുടങ്ങി. അക്കാലത്ത് എന്നെക്കൊണ്ട് സയന്‍സ് വിഷയത്തില്‍ മാതൃഭൂമിയില്‍ പലതും എഴുതിച്ചിരുന്നു. അവിടെവെച്ചാണ് 'സയന്‍സ് ജേണലിസം' തുടങ്ങുന്നത്.
എന്‍. വി. കൃഷ്ണവാരിയര്‍ കുറെപ്പേരെ ചേര്‍ത്ത് ശാസ്ത്രസാഹിത്യസമിതി എന്നൊരു സമിതിയുണ്ടാക്കി. പി.ടി.ബി., എന്‍.വി., കെ.ജി. അടിയോടി, സി.പി. മേനോന്‍, സൈക്കോ മുഹമ്മദ്, പിന്നെ ഞാന്‍. അതില്‍ ഏറ്റവും ഇളയയാള്‍ ഞാനായിരുന്നു. സയന്‍സ് വിഷയങ്ങള്‍ പങ്കിട്ടെടുത്ത് എഴുതുകയായിരുന്നു ഉദ്ദേശ്യം. മലയാളത്തില്‍ ശാസ്ത്രപദങ്ങള്‍ക്ക് സമാനപദങ്ങള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് എന്‍.വി.യുമായി അഭിപ്രായവ്യത്യാസമുണ്ടായി. ഇംഗ്ലീഷ് സാങ്കേതികപദങ്ങള്‍ക്കുപകരം സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കുന്നതിന് ഞാന്‍ എതിരായിരുന്നു. ഒരു അന്യഭാഷയ്ക്കുപകരം മറ്റൊരു അന്യഭാഷ വേണോ എന്ന് ചോദിച്ചു. അതിന്റെ പേരില്‍ എനിക്ക് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് സമിതി ശാസ്ത്രസാഹിത്യ പരിഷത്തായി മാറി. അതില്‍ രാഷ്ട്രീയം വന്നപ്പോള്‍ സ്വയം അതില്‍നിന്ന് മാറിനിന്നു. പിന്നീട് 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ സയന്‍സ് കൈകാര്യംചെയ്തു. സയന്‍സ് എഡിറ്ററായി ഡല്‍ഹിയിലേക്കുപോയി. അങ്ങനെയൊക്കെയാണ് ഈ മേഖലയിലേക്ക് വന്നത്.
സിനിമയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?
പുണെയില്‍ ജോലിചെയ്യുമ്പോള്‍ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അന്നവിടെ ക്യുറേറ്ററായി വന്നത് പി.കെ. നായരായിരുന്നു. അദ്ദേഹവുമായുള്ള പരിചയത്തെത്തുടര്‍ന്നാണ് സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത്. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ചെന്ന സമയത്ത്, ഒരു തിരക്കഥവേണമെന്ന് നടന്‍ മധു ആവശ്യപ്പെട്ടു. ഒരു പെട്ടിയും തൂക്കി അദ്ദേഹം ഞാന്‍ താമസിക്കുന്ന സ്ഥലത്തുവന്നു. അങ്ങനെ 14 ദിവസംകൊണ്ട് തിരക്കഥയെഴുതി. തിരക്കഥയും സംവിധാനവുമെല്ലാം ഞാന്‍ തന്നെചെയ്ത സിനിമയാണ് 'അഗ്‌നി.' അതായിരുന്നു മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ പനോരമ സിനിമ. പിന്നെ കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകളും ചെയ്തു. ചെയ്ത സിനിമയിലെല്ലാം ഞാന്‍ തൃപ്തനാണ്.
മനുഷ്യന്റെ മോചനത്തിനുള്ള മാര്‍ഗമാണ് ഗീത എന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. ശാസ്ത്ര-ആധ്യാത്മിക ചിന്തകളെ സമന്വയിപ്പിക്കാനുള്ള ശ്രമം 'ഗീതാദര്‍ശനം' എന്ന പുസ്തകത്തിലുണ്ട്. ഇതില്‍ അല്പം വൈരുധ്യമില്ലേ?
ഒരു വൈരുധ്യവുമില്ല. സയന്‍സ് രണ്ടുതരമുണ്ട്. നമ്മള്‍ ജീവിക്കുന്ന പ്രകൃതിയെയും ഭൗതികശക്തികളെയും നിയന്ത്രിക്കാനും മാറ്റിത്തീര്‍ക്കാനും കഴിവുതരുന്ന ശാസ്ത്രമാണ് ഭൗതികശാസ്ത്രം. മറ്റൊന്ന്, ഈ പ്രപഞ്ചത്തിന്റെ യഥാര്‍ഥപ്രകൃതിയെ അറിയാനുള്ള ന്യായപരമായ അന്വേഷണമാണ്.
അതുപക്ഷേ, ശാസ്ത്രമാണോ; തത്ത്വശാസ്ത്രമല്ലേ?
ശാസിതമായത് ശാസ്ത്രം എന്ന അര്‍ഥത്തിലാണ് ഗീതയടക്കമുള്ളതിനെ ശാസ്ത്രം എന്ന് പണ്ടുള്ളവര്‍ വിളിച്ചിരുന്നത്. ശാസ്ത്രത്തെ സയന്‍സ് എന്ന് പരിഭാഷപ്പെടുത്തിയതാണ് കുഴപ്പം. രണ്ടും രണ്ടാണ്. പണ്ട് ഇതുരണ്ടുംതമ്മില്‍ ഏറെ വൈരുധ്യങ്ങളുണ്ടായിരുന്നു. പിന്നെയത് കുറഞ്ഞുവന്നു. ഇപ്പോള്‍ തീരേയില്ലാതായിട്ടുണ്ട്. ഇത്തവണത്തെ നൊബേല്‍ കിട്ടിയത് ക്വാണ്ടം എന്റാങ്കിള്‍മെന്റിനെക്കുറിച്ച് ഗവേഷണംനടത്തി, പ്രപഞ്ചം മുഴുവന്‍ യഥാര്‍ഥമല്ല എന്ന് കണ്ടുപിടിച്ചവര്‍ക്കാണ്. എന്താണ് മിഥ്യ, എന്താണ് യാഥാര്‍ഥ്യം എന്നറിയാന്‍ രണ്ട് സമീപനങ്ങളുണ്ട്. ഇതുരണ്ടും തമ്മില്‍ സംഘര്‍ഷമല്ല, ചേര്‍ച്ചയാണ്. എത്രത്തോളം ചേര്‍ച്ചയുണ്ട് എന്ന അന്വേഷണമായിരുന്നു എന്റെ ഭഗവദ്ഗീതാ വ്യാഖ്യാനം. അതുതമ്മില്‍ ചേരുന്നുണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം.
പ്രതിഭാസങ്ങളില്‍നിന്ന് പ്രമാണങ്ങളുണ്ടാക്കുന്ന സയന്‍സുമായി നേരെ എതിര്‍ നിലപാടുള്ള ആധ്യാത്മികത എങ്ങനെ യോജിക്കും?
രണ്ടുവഴികളാണെങ്കിലും രണ്ടും പ്രസക്തമാണ്. പഴയ ശാസ്ത്രജ്ഞര്‍ ചെയ്തിരുന്നത് ധ്യാനിച്ച് ഒരു പൊതുസങ്കല്പമുണ്ടാക്കുകയാണ്. ബാക്കി കാര്യങ്ങള്‍ അതുമായി യോജിക്കുന്നുണ്ടോ എന്ന് യുക്തിയുപയോഗിച്ച് നോക്കും. ഉദാഹരണത്തിന്, 'ഈശാവാസ്യമിദം സര്‍വം' എന്നത് ഒരു നിഗമനമാണ്. ചുറ്റും നിരീക്ഷിച്ച് അത് ശരിയോ എന്ന് നോക്കും. അതിന്റെ അനന്തരഫലം ലോകത്തെല്ലാം അങ്ങനെത്തന്നെയാണോ കാണുന്നത് എന്ന് പരിശോധിക്കും. അങ്ങനെ സവിശേഷമായതില്‍നിന്ന് പൊതുവായതിലേക്കാണ് അവര്‍ ആശയം രൂപപ്പെടുത്തിയിരുന്നത്. സയന്‍സാണെങ്കില്‍ പൊതുവായതില്‍നിന്ന് സവിശേഷമായതിലേക്കും. ഇതിലും പ്രശ്‌നമുണ്ട്. എല്ലാ മനുഷ്യരും മരിക്കുമെന്നത് നിരീക്ഷണത്തില്‍നിന്ന് ശാസ്ത്രം രൂപപ്പെടുത്തിയ നിഗമനമാണ്. ഭാവിയില്‍ അങ്ങനെയാവണമെന്നുണ്ടോ? പഴയശാസ്ത്രവും നിരീക്ഷണങ്ങളില്‍നിന്നാണ് വസ്തുത രൂപപ്പെടുത്തുന്നത്. രണ്ടിലും മാറ്റങ്ങളുണ്ടാവാം. ഏതാണ് മികച്ചത് എന്ന് തര്‍ക്കിക്കുന്നതില്‍ അര്‍ഥമില്ലെന്നുതോന്നുന്നു. രണ്ടിന്റെയും കുറവുകള്‍ അവയുടെ മികവുകള്‍ ഉപയോഗിച്ച് നികത്തുകയാണ് വേണ്ടത്. സയന്‍സുകൊണ്ടുമാത്രമേ ലോകത്ത് മാറ്റങ്ങള്‍ വരുത്താനാവൂ എന്നത് സത്യമാണ്. കാരണം, തിരുത്താനുള്ള അവസരം അതില്‍മാത്രമേയുള്ളൂ.
ഏറ്റവും പുതിയ പുസ്തകമായ 'കാലം കാത്തുവെക്കുന്നത്' ഭാവിയിലെ ശാസ്ത്രയുഗത്തിലെ മനുഷ്യന്‍ നേരിട്ടേക്കാവുന്ന ആകുലതകളെയാണോ ആവിഷ്‌കരിച്ചത്?
ആകുലതകളില്ലാത്ത ഒരു ലോകത്തെയാണ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഈ പുസ്തകം വിഭാവനംചെയ്യുന്നത് ആരും ഭരിക്കാത്ത ഒരു ലോകമാണ്. ആര്‍ക്കും അധികാരമില്ലാത്ത ലോകത്തിലേ മനുഷ്യന് സ്വസ്ഥമായി ജീവിക്കാനാവൂ. സയന്‍സ് മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുപോകണം. ശാസ്ത്രം മുന്നോട്ടുപോകുന്നതനുസരിച്ച് അതിര്‍ത്തികളും ആയുധങ്ങളും തര്‍ക്കങ്ങളുമൊന്നുമില്ലാത്ത ഒരു കാലം വരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ശാസ്ത്രം എത്ര വികസിച്ചാലും മനുഷ്യന്‍ ആര്‍ജിച്ച പ്രജ്ഞയും പ്രതിഭയുമുള്ള ഒരു യന്ത്രത്തെ ഉണ്ടാക്കാനാവില്ല.
പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ? എന്താണ് അഭിപ്രായം?
പുതിയ എഴുത്തുകാരില്‍ ധാരാളം പ്രതിഭകളുണ്ട്, സംശയമില്ല. പേരുപറയുന്നത് ചിലര്‍ക്ക് വിഷമമുണ്ടാക്കും. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അവര്‍ നിലനില്‍പ്പിനെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. എല്ലാ മേഖലകളിലും അറിവ് സങ്കീര്‍ണമാവുന്നു. അതനുസരിച്ച് കഷ്ടപ്പാട് കൂടും. പലര്‍ക്കും എഴുത്തിനെ ആശ്രയിക്കാനുള്ള സ്വാതന്ത്ര്യമില്ല, കാരണം, മറ്റൊരു തൊഴില്‍മേഖലയില്‍ ലഭിക്കുന്ന പ്രതിഫലമോ സാമൂഹികാംഗീകാരമോ എഴുത്തില്‍നിന്ന് ലഭിക്കുന്നില്ല. അതിനെ മറികടക്കേണ്ട ഒരവസ്ഥ ഇപ്പോഴുണ്ട്. ജോലി, എഴുത്ത്, കുടുംബം എന്നിവയില്‍ പെട്ടെന്ന് വേണ്ടെന്നുവെക്കാവുന്നത് പലപ്പോഴും എഴുത്താവുന്നു.
പല എഴുത്തുകാരും സാമൂഹികമാധ്യമങ്ങളെ താളുകളാക്കുന്ന കാലത്ത് നോവല്‍ പോലുള്ള ബൃഹദാഖ്യാനങ്ങള്‍ക്ക് ഇനിയും ഭാവിയുണ്ടോ?
പണ്ട് എഴുത്താണിപോയി പേനവന്നപ്പോള്‍ ഇനി ആരും എഴുതാന്‍പോകുന്നില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഉപാധികള്‍മാത്രമേ മാറുന്നുള്ളൂ, വായന തുടരുകതന്നെ ചെയ്യും. എന്റെ എല്ലാപുസ്തകവും ഇ-ബുക്കുകളായി വാങ്ങാന്‍ കിട്ടുന്നുണ്ട്. ആമസോണില്‍ വാങ്ങാന്‍ കിട്ടുന്ന പുസ്തകങ്ങളുമുണ്ട്. ലോകത്തെ ഏത് എഴുത്തുകാരനും ലോകം മുഴുവന്‍ വ്യാപിക്കാനുള്ള അവസരമാണ് ടെക്നോളജി ഒരുക്കുന്നത്. അതുകൊണ്ട് നോവലിനും കഥയ്ക്കുമൊന്നും ഒരു ഭീഷണിയുമില്ല. മനുഷ്യന് ആവശ്യമുള്ളതാണല്ലോ നമ്മള്‍ കൊടുക്കുന്നത്.
ഏറ്റവും മികച്ച കൃതി എഴുതപ്പെട്ടുകഴിഞ്ഞോ?
അങ്ങനെയൊന്നും പറയാനാവില്ല. പ്രവര്‍ത്തനശേഷിയുള്ളിടത്തോളം കാലം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമല്ലോ. 84 വയസ്സായിക്കഴിഞ്ഞാല്‍ ഇനി പരിമിതമായ കാലംമാത്രമേയുള്ളൂ എന്ന ബോധമുണ്ടാവും. അത് എങ്ങനെ ഉപയോഗിക്കണമെന്ന വീണ്ടുവിചാരം വരും. അതുകൊണ്ട് ഇനിയൊരു പദ്ധതി ഏറ്റെടുക്കുമ്പോള്‍ അത് തീര്‍ക്കാനാവുന്നതാണോ എന്നുകൂടി ആലോചിക്കും. സയന്‍സിന്റെ പരിണാമംകൊണ്ട് മനുഷ്യന് എന്തുസംഭവിക്കുമെന്നാണ് അവസാന പുസ്തകത്തില്‍ ഞാന്‍ അന്വേഷിച്ചത്. ഇനി ഈ മേഖലയില്‍ത്തന്നെ സൗന്ദര്യശാസ്ത്രപരമായ ഒരു അന്വേഷണം ബാക്കിയുണ്ട്. അതുപോലെ പഴയ സയന്‍സും പുതിയ സയന്‍സും തമ്മിലുള്ള ചേര്‍ച്ച ഒന്നുകൂടി ഗാഢമാക്കാനുണ്ട്. സാധാരണക്കാര്‍ക്കുകൂടി മനസ്സിലാവുന്നതരത്തില്‍ ഇതുകൂടി പുസ്തകമാക്കണമെന്ന ആഗ്രഹമുണ്ട്.
Content Highlights: C.Radhakrishnan, Vimal Kottakkal, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..