എസ്. ജോസഫ്
കേരള സാഹിത്യ അക്കാദമി അംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസമാണ് കവി എസ്. ജോസഫ് രാജിവെച്ചത്. കടുത്ത അവഗണനയും ഒറ്റപ്പെടലുമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് എസ്. ജോസഫ് ഈ സംഭാഷണത്തില്‍ തുറന്നുപറയുന്നു. മലയാള കവിതാസാഹിത്യമേഖലയില് നിലവിലുള്ള പല പ്രവണതകളോടുമുള്ള എതിര്‍പ്പ് കാണാം അദ്ദേഹത്തിന്റെ പ്രതിഷേധം മുഴങ്ങുന്ന ഈ സ്വരത്തില്‍. എസ്. ജോസഫുമായി ബിജു രാഘവന് നടത്തിയ സംഭാഷണം
സാഹിത്യ അക്കാദമി അംഗത്വത്തില്‍നിന്ന് താങ്കളുടെ ഇപ്പോഴത്തെ രാജി പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമാണെന്ന് തോന്നുന്നില്ല. കുറേക്കാലമായി നേരിടുന്ന അവഗണനയുടെ ഒരു പ്രതിഫലനം പോലെയാണല്ലോ തോന്നുന്നത്?
കുറേക്കാലമായി അവഗണന നേരിടുന്നുണ്ട്. അത് പല മേഖലകളില്‍ നിന്നുമുണ്ട്. കവിതയ്ക്കും പൊതുവില്‍ അവഗണനയുണ്ട്. കവിതയെ ഒരു ബൃഹദാഖ്യാന ലോകമെന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് പിന്തുണ ലഭിക്കാത്തത് നിരാശ ഉണ്ടാക്കുന്നുണ്ട്. സാഹിത്യ അക്കാദമി അംഗമായിരുന്ന കാലത്തും അവിടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പോവുക എന്നല്ലാതെ വലിയ ജോലിയൊന്നുമുണ്ടായിരുന്നില്ല. പു.ക.സയുമായി (പുരോഗമന കലാസാഹിത്യ സംഘം) ചേര്ന്നിട്ടൊക്കെ സാഹിത്യ അക്കാദമി ചില പരിപാടികള്‍ നടത്തിയിട്ടുണ്ടായിരുന്നു. അതിലൊന്നും എന്നെ വിളിക്കാറില്ല. കാരണം ഇടതുപക്ഷ അനുഭാവം ഉണ്ടെന്നല്ലാതെ ഞാന്‍ അതിന്റെ പ്രവര്‍ത്തകനോ ശക്തനായ വക്താവോ ഒന്നുമായിരുന്നില്ല. അതിന്റെതായ ചില സംഘര്‍ഷങ്ങളൊക്കെ ഈ രാജിക്ക് അകത്തുവരുന്നുണ്ട്. ഞാനിപ്പോള്‍ പെട്ടെന്ന് അക്കാദമി അംഗത്വം രാജിവെക്കാന്‍ തീരുമാനിക്കാനുള്ള ഒരു കാരണം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായതാണ്. പണ്ടുള്ള ഒരുപാട് എഴുത്തുകാര്‍ ഇപ്പോഴും അതില്‍ പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് എന്നെ മാത്രം മാറ്റിനിര്‍ത്തുന്നത്. അത് എന്നില്‍ വേദനയുണ്ടാക്കുന്നുണ്ട്.
ഇതിനൊപ്പമാണ് കവിതയോടുള്ള അവഗണന. കവിതയെ പിന്നോട്ട് തള്ളുന്ന പ്രവണത കേരളത്തിലും കടന്നുവന്നിരിക്കുന്നു. ലോകത്ത് പല പ്രസാധകരും ഇപ്പോള്‍ ഫിക്ഷനാണ് പ്രാധാന്യം കൊടുക്കുന്നത്. പെന്‍ഗ്വിനും ഓക്സ്ഫോര്ഡും പോലുള്ള പ്രസാധകര്‍ക്കു പോലും ഇപ്പോള്‍ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യം കുറവാണ്. സ്ത്രീയെഴുത്ത്, ദളിതെഴുത്ത് എന്നൊക്കെ പറയുന്നതിന് കുറച്ച് പ്രാധാന്യം കിട്ടിയിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം. പക്ഷേ, അതും സംഘനൃത്തം പോലുള്ളൊരു പരിപാടിയാണ്. സംഘനൃത്തം ശ്രദ്ധിച്ചാല്‍ അറിയാം, അതിനകത്ത് ഒന്ന് രണ്ട് പേര്‍ക്ക് നൃത്തം ചെയ്യാന്‍ അറിഞ്ഞുകൂടായിരിക്കും. മറ്റുള്ളവര്‍ കാണിക്കുന്നത് കണ്ട് അതുപോലെ കാണിക്കും അവര്‍. ദളിത് വിഭാഗത്തിലൊക്കെ ഒരുപാട് കവികള്‍ ഉണ്ടെന്ന് പറയും. അവര്‍ എല്ലാവരും നല്ല കവികള്‍ ഒന്നുമല്ല. അതുപോലെ ആദിവാസി മേഖല എടുത്താലും അതില്‍ എഴുതുന്ന എല്ലാവരും നല്ല കവികളല്ല. അവിടെയാണ് പ്രതിഭ എന്നത് മുന്നോട്ടു വരുന്നത്. അതില്‍ സ്ത്രീയാണോ പുരുഷനാണോ ബ്രാഹ്മണന് ആണോ എന്നൊന്നുമല്ല നോക്കേണ്ടത്. വാത്മീകി തന്നെ കാട്ടാള വിഭാഗത്തില്‍പ്പെട്ട ആളാണ്. വ്യാസന് മുക്കുവ വിഭാഗത്തില്‍പ്പെട്ട ആളാണ്. അവരൊക്കെ കവികളുടെ തലപ്പത്ത് വരുന്നതിന്റെ കാരണം അവരുടെ കഴിവിന്റെ ശക്തി കൊണ്ടാണ്. ദളിത് കവി, ആദിവാസി കവി എന്നൊക്കെ പറയുന്ന വിഭജനത്തോട് എനിക്കൊട്ടും താല്പര്യമില്ല. ഓരോ കാറ്റഗറി തിരിച്ച് സാഹിത്യത്തെ വളര്‍ത്തിയെടുക്കുന്നത് അത്ര ശരിയായ കാര്യമല്ല.
താങ്കളുടെ കവിതകള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെടുന്നതാണ് എന്ന് ചിലര്‍ക്ക് എങ്കിലും തോന്നുന്നത് കൊണ്ടാണോ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമം ഉണ്ടാവുന്നത്?
ഞാന്‍ എല്ലാതരം കവിതകളും എഴുതിയിട്ടുണ്ട്. എല്ലാതരം മനുഷ്യര്‍ക്ക് വേണ്ടിയും എഴുതിയിട്ടുണ്ട്. ദളിതനുഭവം ഉള്ളയാള്‍ എന്ന നിലയ്ക്ക് അത്തരം കവിതകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, അതല്ലാത്ത അനുഭവങ്ങളും എനിക്കുണ്ടല്ലോ. ഞാന്‍ കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും വീടുകളില്‍ താമസിച്ചിട്ടുള്ള ആളാണ്. ബ്രാഹ്മണരും അല്ലാത്തവരുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഞാന്‍ കവിതയില്‍ എസ്റ്റാബ്ലിഷ് ചെയ്തു വരുന്നതിനു മുമ്പേതന്നെ ഇവരെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. ഈ ദളിതരൊക്കെ എന്നെ അറിയുന്നതിന് മുന്നേ തന്നെ എന്നെ ഉയര്‍ത്തിക്കൊണ്ടുവന്നത് ബ്രാഹ്മണ സമുദായത്തിലും നായര്‍ സമുദായത്തിലും ഒക്കെയുള്ള സുഹൃത്തുക്കളാണ്. കെ.എം. വേണുഗോപാലും ആസാദുമൊക്കെ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് സാഹിത്യത്തില്‍ ജാതീയമായി ഒരു വേര്‍തിരിവ് ഉണ്ടെന്ന് പറയാന്‍ പറ്റില്ല. ദളിത് സാഹിത്യം ഉണ്ടായപ്പോള്‍ ദളിതര്‍ക്ക് ഒരു ഉണര്‍വുണ്ടായി എന്ന് സമ്മതിക്കാം. അതുപോലെ ആദിവാസി സാഹിത്യത്തിനും. ഈയൊരു വിഭജനത്തില്‍ അപകടം ഉണ്ടെന്നാണ് ഞാന്‍ പറയുന്നത്. ഇങ്ങനെയൊരു കാറ്റഗറി വരുമ്പോള്‍ മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ തള്ളപ്പെട്ടു പോകും. ആശാരി വിഭാഗത്തില്‍ ഒരു കവി ഉണ്ടെന്നു വിചാരിക്ക്. അയാള്‍ക്ക് ഗോത്ര എഴുത്തിലൂടെയോ സ്ത്രീ എഴുത്തിലൂടെയോ ഉയര്‍ന്നുവരാന്‍ പറ്റില്ല. ദളിതെഴുത്തിലൂടെയും വരാന്‍ പറ്റില്ല.
ഇപ്പോള്‍ മലയാള ഭാഷ എഴുതാന്‍ അറിയുന്നവര്‍ തന്നെ തീരെ കുറവാണ്. ഭാഷയുടെ ശക്തി മനസ്സിലാക്കി എഴുതണം. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കണം. അവരെ വളര്‍ത്തിക്കൊണ്ടു വരണം. അവര്‍ ഏതു ജാതിയില്‍പ്പെട്ടവര്‍ ആയാലും നമ്മള് അംഗീകരിക്കണം. കഴിവുള്ളവര്‍ ഒരുപാടുണ്ട്. പി. രാമന് മലയാളത്തിലെ നല്ലൊരു കവിയാണ്. രാമചന്ദ്രനും അന്‍വര്‍ അലിയും ഗിരിജയും അനിതയും കഴിവുള്ളവരാണ്. വേറെയും ഒരുപാട് പേര് വരുന്നുണ്ട്, ആവശ്യമില്ലാത്തവര്‍. അങ്ങനെ എല്ലാവരെയും കൂടി നമ്മള് ഇങ്ങനെ വേര്‍തിരിച്ച് വെച്ചിട്ട് ദളിത് സാഹിത്യം അല്ലെങ്കില്‍ ആദിവാസി സാഹിത്യം, പെണ്‍സാഹിത്യം എന്നിങ്ങനെ പല രീതിയില്‍ വേര്തിരിക്കുന്നതിനകത്ത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്.
ഈയൊരു അവസ്ഥയിലാണോ താങ്കള്‍ എമേര്‍ജിങ് പോയട്രി (ഇ.പി.) എന്ന പ്രസ്ഥാനവുമായി വരുന്നത്?
കോവിഡ് കാലത്ത് തടവറയിലായ മനുഷ്യരെ ഒന്ന് ഉണര്‍ത്തുക എന്നതായിരുന്നു ഇ.പി (എമേര്‍ജിങ് പോയട്രി)യുടെ ആശയം. അതുപോലെ യുദ്ധം പോലുള്ള പ്രശ്നങ്ങള്‍ ലോകത്ത് എവിടെ വന്നാലും നമ്മളെ ബാധിക്കും. അതുകൊണ്ട് നമ്മുടെ സാഹിത്യത്തിനും ആഗോളീകരണം ആവശ്യമുണ്ടെന്ന കാഴ്ചപ്പാടാണ് ഇ.പി.യിലൂടെ പങ്കിടാന്‍ ശ്രമിച്ചത്. പഴയ കേരളമല്ല ഇത്. ഇവിടെയുള്ള മനുഷ്യരില്‍ മിക്കവാറും പേര് പുറത്താണ്. അങ്ങനെ ജീവിക്കുന്ന ഒരു സമൂഹത്തില്‍ നമ്മുടെ കവിതയെയും സാഹിത്യത്തെയും ആഗോളീകരിക്കുക എന്നതും കാലത്തിന്റെ ആവശ്യമാണ്. അതിനുവേണ്ടി ഞാന്‍ ഒരു വെബ്സൈറ്റ് ആരംഭിച്ചു. മലയാളത്തിലുള്ള 50 കവികളും കേരളത്തിന് പുറത്ത് ഗുജറാത്തിലും മണിപ്പൂരിലുമൊക്കെയുള്ള കവികളും അതിനകത്ത് എഴുതി. പക്ഷേ, ഇതിന് വലിയ പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല, കടുത്ത എതിര്‍പ്പ് ഉണ്ടാവുകയുമാണ് ചെയ്തത്. ആദ്യം പിന്തുണയ്ക്കുന്നു എന്നു പറഞ്ഞവര്‍ പോലും പിന്നീട് വലിയ താല്പര്യം കാണിച്ചില്ല. ഇതിന്റെ പേരിലാണോ കേരളത്തില്‍ നടക്കുന്ന സാഹിത്യപരിപാടികള്‍ക്ക് എന്നെ വിളിക്കാത്തത് എന്നും സംശയിക്കാമല്ലോ. അതാണ് പയ്യന്നൂരില്‍ നടന്ന സാഹിത്യപരിപാടിക്ക് പേര് വെച്ചിട്ടും എന്നെ വിളിച്ചില്ല എന്ന് ഞാന്‍ പറഞ്ഞത്. ആരോ എന്നെ വിളിക്കുന്നത് തടയുന്നുണ്ട്.
ഇ. പിയുടെ പേരില്‍ താങ്കളുടെ മനസ്സിലുണ്ടായ ആശയങ്ങള്‍ എന്തൊക്കെയായിരുന്നു?
പുതിയ ലോകത്തിലെ കലാപ്രവര്‍ത്തനങ്ങളില്‍ വരുന്ന വലിയൊരു മാറ്റം ബിനാലെയില്‍ ഒക്കെ നമുക്ക് കാണാം. ഈ രീതിയിലുള്ള മാറ്റം ഉള്‍ക്കൊള്ളുന്ന ഒരു കവിതാരീതിയായിരുന്നു ഇ.പി. ഉദാഹരണത്തിന് ഞാനൊരു ചെറിയ കവിതയുടെ ആശയം പറയാം. ഒരാള്‍ കുതിരപ്പുറത്ത് പോകുന്നു, കുതിരയ്ക്ക് ഒരു കിണര്‍ കണ്ടപ്പോള്‍ വെള്ളം കൊടുക്കുന്നു, പിന്നീടയാള്‍ മടങ്ങുന്നു. അപ്പോള്‍ അയാളുടെ മുന്നില്‍ കുതിരപ്പുറത്ത് ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ക്ക് പിന്നാലെ ഒരു മഴ വരുന്നു. അവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു പോകുന്നു.
കുതിരയ്ക്ക് വെള്ളം കൊടുത്ത ശേഷം കുറെ വരികള്‍ ഈ കവിതയില്‍നിന്ന് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അതൊരു പുതിയ ആഖ്യാനരീതിയാണ്. മലയാളത്തില്‍ ഇങ്ങനെ ഒരു കവിതയില്ല. ഈ രീതിയിലുള്ള പുതിയ പരീക്ഷണങ്ങളാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കവിത ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞാല്‍ പലര്‍ക്കും എഴുത്ത് പറ്റാതെ വരും. കാരണം ഓരോ കവിതയും പുതിയ കണ്ടെത്തല്‍ ആവണം. നിലവില്‍ മലയാളത്തിലെ അവസ്ഥ അങ്ങനെയല്ല. പത്തു പേരുടെ കവിത എടുത്തുവച്ചാല്‍ എല്ലാം ഒരേ പോലെയുണ്ടാവും. അതില്‍നിന്നുള്ള മാറ്റമാണ് ഉദ്ദേശിച്ചത്. പക്ഷേ, അതിനോട് വലിയ എതിര്‍പ്പുണ്ടായി. കാരണം കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ ഒന്നും നടത്താതെ ഒരു പ്രത്യേക രീതിയില്‍ അങ്ങ് എഴുതിപ്പോകുന്ന ശീലമാണ് മിക്കവര്‍ക്കും. ഇങ്ങനെ എഴുതുന്നവര്‍ക്ക് കുറെ അവാര്‍ഡുകളും അംഗീകാരങ്ങളുമൊക്കെ കിട്ടുമായിരിക്കും. അയ്യപ്പപ്പണിക്കര്‍ കവിതയില്‍ പണിയെടുത്ത പോലെയൊന്നും പണിയെടുക്കാന്‍ ഇപ്പോള്‍ ഉളളവര്‍ക്ക് താല്പര്യമില്ല. ബാലചന്ദ്രന് ചുള്ളിക്കാടിനെപ്പോലെ അതിതീക്ഷ്ണമായ അനുഭവങ്ങള്‍ കൊണ്ടുവരാനും പറ്റുന്നില്ല. സച്ചിദാനന്ദന് അധ്വാനിച്ച പോലെ അധ്വാനിക്കാനും തയ്യാറല്ല. ഇതിനൊന്നും തയ്യാറല്ലാത്ത ഒരു പുതിയ സമൂഹമാണ് കവിതയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. അത് നമ്മുടെ കവിതയെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കില്ല. ഈ സമയത്താണ് ഇ.പി. വരുന്നത്. ഇ.പി. കവിതയെ ആഗോളവല്‍ക്കരിക്കുന്ന ഒന്നാണ്. അതോടെ എല്ലാ വിഭാഗത്തില്‍ നിന്നും എതിര്‍പ്പ് വന്നു. ഇ.പിയില്‍ ഉണ്ടായിരുന്ന ചിലരൊക്കെ കൊഴിഞ്ഞുപോയി. ഇതില്നിന്നാല് അവരുടെ കവിത വേറെ എവിടെയും പ്രസിദ്ധീകരിക്കില്ലെന്നാണ് അവരൊക്കെ കാരണമായി പറയുന്നത്.
നിലവില്‍ താങ്കളൊരു ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട് അല്ലേ?
ഭയങ്കരമായ ഒറ്റപ്പെടലും ഭ്രാന്തമായ അവസ്ഥയും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിനെയൊക്കെ ഞാന്‍ അതിജീവിച്ചു. ഒറ്റപ്പെടുത്തുമ്പോള്‍ ആശ്വസിപ്പിക്കാന്‍ അധികമാരും ഉണ്ടായിട്ടില്ല. മലയാളത്തില്‍ എല്ലാ കവികളും എന്റെ കൂട്ടുകാരാണ്. പക്ഷേ, രാമന് മാത്രമാണ് എന്നോട് അല്പം സഹകരിച്ചത്. അതുപോലെ പി.എന്‍. ഗോപീകൃഷ്ണന്. വിജയലക്ഷ്മി സഹകരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. സച്ചിദാനന്ദന് ആദ്യം തന്നെ കവിത തന്ന് സഹായിച്ച ആളാണ്. അദ്ദേഹം വളരെ സിസ്റ്റമാറ്റിക്കാണ്. പലരും അതുപോലെയല്ല. അലസരാണ്. നമ്മള് വീണ്ടും വീണ്ടും പിന്നാലെ നടന്ന് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കണം. ഇതെല്ലാം കൂടെ വല്ലാത്തൊരു ഒറ്റപ്പെടലിലേക്ക് എന്നെ എത്തിച്ചുവെന്നത് സത്യമാണ്.
ഈ തിരസ്കരണം താങ്കളില്‍ എന്തുമാത്രം മുറിവ് ഉണ്ടാക്കിയിട്ടുണ്ട്?
മുറിവ് എന്നു പറഞ്ഞാല്‍...ഞാനൊരു മഹത്തായ സാഹിത്യകാരന് ആണെന്നുമുള്ള വിചാരമൊന്നുമില്ല. പക്ഷേ, മലയാള കാവ്യഭാഷയില്‍ മൗലികമായ വ്യതിയാനം വരുത്തിയ ആളുകളില്‍ ഒരാളാണ് ഞാനും. സച്ചിദാനന്ദനോ ബാലചന്ദ്രന് ചുള്ളിക്കാടോ എഴുതുന്നത് പോലെയുള്ള കാവ്യഭാഷയിലല്ല ഞങ്ങളുടെ തലമുറ എഴുതുന്നത്. അതില്‍ വ്യത്യാസം ഉണ്ട്. ഇപ്പോള്‍ ഭാഷ വളരെ സാധാരണമായി. പഴയ രീതിയിലുള്ള വൈകാരികത ഇല്ല. നമുക്ക് അടുത്തറിയാവുന്ന വിഷയങ്ങളാണ് കവിതയില്‍ എഴുതുന്നത്. അല്ലാതെ യൂറോപ്പിലുള്ള കാര്യങ്ങള്‍ ഒന്നുമല്ല. എല്ലാം തദ്ദേശീയമായ കാര്യങ്ങളാണ്. കവിതയില്‍ ഇപ്പോള്‍ ഇല എന്നേ എഴുതൂ. അല്ലാതെ പത്രം എന്ന് എഴുതില്ല. ചന്ദ്രന് ഇന്ദുമുഖി എന്നെഴുതില്ല. ഒന്നുകില്‍ ചന്ദ്രന് അല്ലെങ്കില്‍ അമ്പിളിമാമന് എന്നെഴുതും. മലയാളം എഴുതുമ്പോള്‍ കേരളീയ പദങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് ഞാന്‍. അറിയാതെ സംസ്കൃതം എഴുതിപ്പോയാല്‍ അത് വെട്ടിയിട്ട് തല്‍സ്ഥാനത്ത് മലയാള പദം ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളിപ്പോള്‍ നൂറു വാക്കുകള്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതില്‍ എഴുപത് ശതമാനം വാക്കുകള്‍ എങ്കിലും മലയാളം ആയിരിക്കണം. ബാക്കി പത്ത് ശതമാനം വാക്കുകള്‍ ഇംഗ്ലീഷും ഇരുപത് ശതമാനം സംസ്കൃതവുമൊക്കെ വരുന്നതില്‍ തെറ്റില്ല. അതിനെയാണ് നമ്മള് മലയാള ഭാഷ എന്ന് പറയുന്നത്. അല്ലാതെ എഴുപത് ശതമാനം സംസ്കൃതവും ഇരുപത് ശതമാനം മലയാളവും പത്ത് ശതമാനം ഇംഗ്ലീഷും വന്നാല്‍ അത് മലയാളഭാഷയില്‍ എഴുതിയ ലേഖനമാണെന്ന് പറയാന്‍ പറ്റില്ല. പണ്ട് ആറ്റൂര്‍ രവിവര്‍മ്മ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. അത് പക്ഷേ, വളരെ സൂക്ഷ്മവും ബുദ്ധിപരവുമായാണ് ചെയ്ത് വെച്ചിരിക്കുന്നത്. അത് മനസ്സിലാക്കിയെടുക്കുക എന്നത് പുതിയ തലമുറയ്ക്ക് എളുപ്പമല്ല.
അടിസ്ഥാനപരമായി നമ്മളില്‍ എല്ലാം ഒരു നാട്ടിന്പുറത്തുകാരന് ഉണ്ട്. ഒരു മലയാളിയുണ്ട്. ഒരു കേരളീയന് ഉണ്ട്. അവന്റെ ഭാഷയാണ് കവിതയ്ക്ക് അകത്ത് വരുന്നത്. നല്ല എരിവും പുളിയും ഒക്കെയുള്ള ഭാഷ. കൊയ്ത്തുപാടത്തിന്റെ, കച്ചിയുടെ, കാറ്റിന്റെ മണമുള്ള ഭാഷ. അത് വലിയൊരു വിപ്ലവം ഉണ്ടാക്കിയിട്ടുണ്ട്. പഴയപോലെ സംസ്കൃത പദങ്ങള്‍ ഒന്നും ശരിയായി യോജിപ്പിക്കാന്‍ പുതിയ തലമുറയ്ക്ക് അറിഞ്ഞുകൂടാ എന്നതും ഒരു പ്രശ്നമാണ്. സ്വരഐക്യം എന്നത് എങ്ങനെ കൂട്ടിയോജിപ്പിക്കാം എന്നറിയാത്ത മനുഷ്യരാണ് കൂടുതലും. അത് ചേര്‍ക്കാന്‍ അറിയാത്ത മനുഷ്യര്‍ അത്തരം വാക്കുകള്‍ ഒഴിവാക്കി അതിനു പകരം സ്വരച്ചേര്ച്ചയെന്നോ ശബ്ദഭംഗി എന്നോ ഒച്ചകളുടെ ഒരുമ എന്നോ ഒക്കെ എഴുതുമല്ലോ. ഈ രീതിയില്‍ ഒരു മാറ്റം വന്നതോടുകൂടിയാണ് കവിതയില്‍ എഴുത്തുകാരുടെ സമൂഹം വിപുലമായത്. ഓരോ ആളും എഴുത്തിലേക്ക് വരിക എന്ന് പറഞ്ഞാല്‍ അക്ഷരങ്ങളിലൂടെ അവര്‍ തന്റെ തന്നെ അനുഭവത്തെ കണ്ടെത്തുകയാണ്. അത് മാറി നിന്ന് കാണുകയാണ്. കവിതയെ സൃഷ്ടിക്കുന്നതിലൂടെ, തന്നെ മനസ്സിലാക്കാനും ലോകത്തെ മനസ്സിലാക്കാനും അയാള്‍ക്ക് കഴിയും.
എന്റെ കാര്യം തന്നെ പറയാം. ചെറുപ്പത്തില്‍ ഞാന്‍ പഠിക്കാന്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല. പക്ഷേ, എനിക്ക് കവിതയെഴുതാന്‍ പണ്ടേ അറിയാമായിരുന്നു. ആ എഴുത്തിലൂടെയാണ് ഞാന്‍ വളരുന്നത്. എഴുത്തിലൂടെ എന്തും മനസ്സിലാക്കാനുള്ള കഴിവ് കിട്ടും. ഓടക്കുഴല്‍ വായിക്കുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ അത് വായിക്കുന്നതിലൂടെയാണ് ലോകത്തെ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ലോകവുമായി ബന്ധപ്പെടുന്നത്. ലോകത്തെ തന്റെ ആശയങ്ങള്‍ അറിയിക്കുന്നത്. ഇതുപോലൊരു കാര്യമാണ് കവിതയെഴുത്തും. ഇപ്പോള്‍ വായനക്കാര്‍ തന്നെയാണ് എഴുത്തുകാര്‍, എഴുത്തുകാര്‍ തന്നെയാണ് വായനക്കാരും. അതും തെറ്റല്ല. ഒരാള്‍ വായിച്ച് വായിച്ച് പിന്നെ എഴുത്തുകാരനായി മാറുന്നു. അതുകൊണ്ട് നമുക്ക് വായനക്കാരനെ മാത്രമായി വേണം എന്നു പറഞ്ഞാല്‍ കിട്ടില്ല. ഈ രീതിയില്‍ എല്ലാവരും ഒരു സമനിരപ്പില്‍ വന്ന കാലഘട്ടമാണിത്. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ എഴുതാന്‍ പറ്റും. അതിന് വലിയ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. ആ രീതിയില്‍ കാവ്യഭാഷയില്‍ മാറ്റം വന്നു. പുതിയ തലമുറയില്‍ ഒരു പെണ്‍കുട്ടി എഴുതുന്ന കവിത ഇങ്ങനെയാവും, എന്റെ അടിവയറ്റില്‍ ഒരു കാവുണ്ട് എന്ന്. പണ്ടെഴുതിയിരുന്നത് എന്റെ മനസ്സില്‍ ഒരു കാവുണ്ട് എന്നായിരിക്കും. അല്ലേ? ഇവിടെ ശരീരത്തിന് പ്രാധാന്യം കിട്ടുന്ന രീതിയായി. അത് ഭാഷയില്‍ വലിയൊരു മാറ്റം ഉണ്ടാക്കുന്നുണ്ട്. സംസ്കൃതം പഠിക്കാതെ തന്നെ നമുക്ക് കവിത എഴുതാന്‍ പറ്റും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ മാറ്റത്തെക്കുറിച്ചൊക്കെ ജനങ്ങളോട് പറയാനും സംവദിക്കാനും ഒക്കെ എനിക്കും ആഗ്രഹമുണ്ട്. അതിനുള്ള വേദികളാണ് സാഹിത്യ സമ്മേളനങ്ങളൊക്കെ. അതുകൊണ്ടാണ് സാഹിത്യ പരിപാടികള്‍ക്കൊക്കെ എന്നെയും വിളിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.
അക്കാദമി അംഗത്വം രാജിവെക്കുന്ന കാര്യം വിശദീകരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ താങ്കള്‍ ഒരു കുറിപ്പ് എഴുതിയിരുന്നു അതില്‍ എഴുതിയ കവിതകളെക്കുറിച്ചും അത് പലയിടത്തും എത്തിയതിനെക്കുറിച്ചുമൊക്കെ വിശദീകരിക്കുന്നുണ്ട്. തന്റെ സംഭാവനകള്‍ ഒരു കവിക്ക് സമൂഹത്തിന് മുന്നില്‍ ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമല്ലേ?
അതിന്റെ കാരണം നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ ഫിക്ഷന്‍ എഴുത്തിലാണ് സമൂഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫിക്ഷനൊരു ഗുണമുണ്ട്. നമ്മള് കായലിലൂടെ വള്ളത്തില്‍ പോകുന്ന പോലെയാണത്. അത് നമ്മളെ വഹിച്ചുകൊണ്ടുപോകും. അങ്ങനെ വായനക്കാരെ വഹിച്ചുകൊണ്ടുപോകുന്നൊരു കഥാതുടര്‍ച്ച ഫിക്ഷനില്‍ ഉള്ളതുകൊണ്ട് ലോകം മുഴുവന്‍ ഇന്ന് ഫിക്ഷന്‍ വായനക്കാരാണ് കൂടുതലായിട്ടുള്ളത്. കവിതാ വായനക്കാര്‍ ന്യൂനപക്ഷമാണ്. പക്ഷേ, കവിതാ എഴുത്തുകാര്‍ ഭൂരിപക്ഷമാണ്. ഇത് ലോകത്ത് വന്ന ഒരു മാറ്റമാണ്. അതുകൊണ്ട് തന്നെ കവിതയിലൊരു ആന്തരിക തുടര്‍ച്ച ഉറപ്പുവരുത്തുന്ന രീതിയില്‍ അതിസൂക്ഷ്മമായി എഡിറ്റ് ചെയ്തുവേണം അത് പ്രസിദ്ധീകരിക്കാന്‍. തുടര്‍ച്ച ഏത് കലാരൂപത്തിലും ആവശ്യമാണ്. പക്ഷേ, കവിത വളരെ ചെറുതാണല്ലോ. ഒരു കവിതയില്‍ ഒരാള്‍ ചന്ദ്രനെ നോക്കിനില്ക്കുന്നതാണെങ്കില് അടുത്ത കവിതയില്‍ അയാള്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നതാവും. ഇത് തമ്മില്‍ പരസ്പരബന്ധമില്ല. പണ്ടുണ്ടായിരുന്നു. ഉദാഹരണത്തിന് കന്നിക്കൊയ്ത്ത് എന്ന കവിത. അതില്‍ കൊയ്ത്തുമായി ബന്ധപ്പെട്ട ഒരുപാട് കവിതകള്‍ ഉണ്ട്. കവിതയുടെ കന്നിക്കൊയ്ത്ത് എന്നും അതിന് അര്‍ത്ഥമുണ്ട്. അങ്ങനെ പലതരത്തില്‍ നമുക്കത് വായിച്ചെടുക്കാന്‍ പറ്റും. ആ ഒരു തുടര്‍ച്ച പുതിയ കവിതകളിലില്ല. അതുകൊണ്ടുതന്നെയാണ് ഫിക്ഷനില്‍ വായന കൂടിയിരിക്കുന്നത്. ഇങ്ങനെ ഫിക്ഷനും കൊണ്ട് അധികകാലം മുന്നോട്ടു പോകാന്‍ പറ്റില്ല. കാരണം മലയാളത്തില്‍ കവിതകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അത് നമ്മുടെ ആന്തരിക സ്വരമാണ്.
അപ്പോള്‍ കവിയുടെയും കവിതയുടെയും ഭാവി എന്താവും?
നോക്കൂ, ഒരു കാലത്ത് നോവലിനേക്കാള്‍ പ്രാധാന്യം ചെറുകഥയ്ക്കായിരുന്നു. പിന്നെ അതങ്ങ് മാറി. ചെറുകഥാകാരന്മാര്‍ തന്നെ നോവലിസ്റ്റുകള്‍ ആയി. ഇതൊരു പരിണാമമാണ്. അതിനുംമുന്നേ കവിതയ്ക്കായിരുന്നു പ്രാധാന്യം. ഞങ്ങള്‍ ആദ്യകാലത്ത് എഴുതുമ്പോള്‍ കവിതയില്‍ പരിസ്ഥിതി വാദവും സ്ത്രീവാദവും ദളിത് വാദവും കീഴാള പ്രശ്നങ്ങളും ഉത്തരാധുനിക ആശയങ്ങളുമെല്ലാം കൂടെ വന്ന് പ്രകമ്പനം കൊണ്ട കാലമായിരുന്നു. 2000 മുതല്‍ 2010 വരെയായിരുന്നു കവിതയുടെ കാലം. അതിന് ശേഷമാണ് ചെറുകഥ വരുന്നത്. ഇപ്പോള്‍ നോവലിനാണ് പ്രാധാന്യം. ഇനി ചിലപ്പോള്‍ നാടകം മുകളില്‍ വരാം. കവിതയും തിരിച്ചുവന്നെന്നിരിക്കും. സാഹിത്യത്തിലെ കാര്യങ്ങള്‍ ഇങ്ങനെ മാറിമാറി വരും. പക്ഷേ, കവിതയെ കത്തിച്ചു നിര്‍ത്തുക എന്നത് ഈ കാലത്തിന്റെ വലിയൊരു ആവശ്യമാണ്. അനുഭവത്തിന്റെ ഏറ്റവും സൂക്ഷ്മമായ ആവിഷ്കാരമാണ് കവിത. മുക്കുറ്റിപ്പൂവിനെ സൂര്യന്റെ അനുജനായി കാണുന്ന പി.യുടെ കവിത വായിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞു കിടക്കുന്ന വലിയൊരു ദര്‍ശനം കൂടെയാണ് നമ്മുടെ ഉള്ളിലേക്ക് വരുന്നത്. അതിനകത്ത് ഒരു അദ്വൈത ദര്‍ശനം ഉണ്ട്. ആ രീതിയില്‍ ഒരു ബന്ധം കവിതയ്ക്ക് മാത്രമേ കൊണ്ടുവരാന്‍ പറ്റൂ. ഏത് കവിതയും അങ്ങനെയാണ് നില്‍ക്കുന്നത്. വളരെ ലഘുവായ വാക്യങ്ങളില്‍ അത് ചിലപ്പോള്‍ നമ്മളെ ഞെട്ടിച്ചുകളയും. നോവല്‍ അങ്ങനെയല്ല. അത് നീണ്ട കഥകളാണ്. കവിത സത്തയാണ്.
സാഹിത്യ അക്കാദമി അംഗമായിരുന്ന കാലമുണ്ടായിരുന്നല്ലോ. അക്കാദമികള്‍ സാഹിത്യത്തിന് വേണ്ടി യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എന്തുമറുപടി പറയും?
കേരള സാഹിത്യ അക്കാദമി അപൂര്‍വമായ കുറെ പുസ്തകങ്ങള്‍ കണ്ടെത്തി മലയാളത്തിലേക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാണ് അവര്‍ ചെയ്യുന്ന വലിയൊരു കാര്യം. തമിഴിലെ സംഘകാല കവിതകളുടെ ഒക്കെ വലിയ കളക്ഷന്‍സ് അവിടെയുണ്ട്. അകനാനൂര് പോലെയുള്ളവയുടെ സമാഹാരം ഉണ്ട്. ഭാസന്റെ നാടകങ്ങളുണ്ട്. ഇങ്ങനെ വിപണിയില്‍ അന്വേഷിച്ചാല്‍ കിട്ടാത്ത പലതും സാഹിത്യ അക്കാദമിയില്‍ ഉണ്ട്. പിന്നെ അവരുടെ അവാര്‍ഡ് ദാനം വലിയൊരു കാര്യമാണ്. സാഹിത്യകാരന്മാര്ക്കും കവികള്‍ക്കും അവാര്‍ഡ് കൊടുക്കുന്നു. അതിലൂടെയാണ് ഞാനൊക്കെ മുന്നിലേക്ക് വന്നത്. അവാര്‍ഡുകള്‍ സമൂഹത്തിന്റെ അംഗീകാരം ആണല്ലോ.
ഇപ്പോഴത്തെ അനുഭവം വെച്ച് ഭാവിയില്‍ സാഹിത്യപരിപാടികളില്നിന്ന് മാറിനില്ക്കാനാണോ തീരുമാനം?
ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാക്കാണല്ലോ. നമ്മള് ഒരു സ്ത്രീയോട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുപറഞ്ഞാല്‍ നമ്മള് അവളെ വിവാഹം കഴിക്കണം. അല്ലെങ്കില്‍ അവളുടെ കാര്യങ്ങള്‍ നോക്കണം എന്ന് വാക്ക് നല്‍കുന്നതാണ്. അതുപോലെ മനുഷ്യന്റെ വാക്കുകള്‍ക്ക് ഒരുപാട് പ്രാധാന്യമുണ്ട്. പണ്ട് രാമന് പറയുമായിരുന്നു, കവികളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാക്കാണ്, അത് ഈ കാലത്ത് ഇല്ലെന്ന്. ഇപ്പോള്‍ ഉള്ളത് കാപട്യം ആണെന്ന്. പണ്ട് ആദിവാസികളുടെ സമരം വന്നപ്പോള്‍,അവരെക്കുറിച്ച് ഏറെ എഴുതിയ കവി കടമ്മനിട്ട അതിനോട് മുഖംതിരിച്ചു നിന്നു. സാഹിത്യകാരന്മാരില് ചിലര്‍ അങ്ങനെയാണ്. രണ്ടു നിലപാടുകള്‍ സ്വീകരിക്കുന്നവരുണ്ട്. തഞ്ചം പോലെ രാഷ്ട്രീയം മാറുന്നവരുണ്ട്. അത് ശരിയല്ല. വിശ്വസിക്കുന്ന ജനസമൂഹത്തിന് കൊടുക്കുന്ന വാക്ക് നമ്മള് പാലിക്കണം. ഇത് എന്റെ നിലപാടാണ്. പിന്നെ അക്കാദമി പോലുള്ള അധികാരസ്ഥാനങ്ങളോട് പണ്ടേ എനിക്ക് താല്പര്യമില്ല. സാഹിത്യ അക്കാദമിയിലേക്ക് മോഹനന് മാഷാണ് ആദ്യം എന്നെ വിളിച്ചത്. ചെറുകാടിന്റെ മകന് എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് ഒരുപാട് അടുപ്പംതോന്നിയിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ സാഹിത്യ അക്കാദമിയില്‍ പോയി. അവിടുന്ന് കിട്ടിയ പുസ്തകങ്ങള്‍ വായിച്ചു എന്ന് മാത്രം. അതല്ലാതെ അധികാരവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല. വലിയ സാഹിത്യകാരന്മാര് ഒന്നും വലിയ പദവികളില്‍ ഇരുന്നിട്ടില്ല. ഞാനിപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നാല്‍ പോലും കവിത ഒന്നും വലുതായി എഴുതാന്‍ പറ്റില്ല. അവിടെ ഇരിക്കാം എന്നേയുള്ളൂ.
ഇപ്പോള്‍ ചിലരൊക്കെ പറയുന്നുണ്ട്, ഞാന്‍ കാരണമില്ലാതെ രാജിവച്ചുവെന്ന്. ഒരു സംഭവം നടക്കണമെങ്കില്‍ അതിന് കൃത്യമായ ഒരു കാരണം വേണമെന്നില്ല. അതില്‍ പല പല കാരണങ്ങളും ഈ അടുത്തുണ്ടായ ഒരു കാരണവും കാണും. അതാണ് ഫിലോസഫി. എന്റെയും ലോകത്തിന്റെയും.
Content Highlights: biju raghavan interviews s jospeh marginalization of poetry dalit poems
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..