കത്തൃക്കടവിലെ സെമിത്തേരിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പ്രേതങ്ങളെ ഞാന്‍ കാണാറുണ്ടായിരുന്നു


സി.പി ബിജു/പി.എഫ് മാത്യൂസ്

14 min read
Read later
Print
Share

ആളുകള്‍ ഇഷ്ടപ്പെട്ട് സെറ്റില്‍ ചെയ്യുന്ന എഴുത്തുകാരനാകണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പുസ്തകത്തിന്റെ കൂടുതല്‍ പതിപ്പുകള്‍ വരുന്നതും കൂടുതലാളുകള്‍ വായിക്കുന്നതും ഒക്കെ നല്ല കാര്യം. പക്ഷേ, അതാണ് ഏറ്റവും വലിയ കാര്യം എന്ന് എനിക്ക് തോന്നുന്നില്ല. എഴുത്ത് തരുന്ന വലിയൊരു സന്തോഷമുണ്ട്. ആ സന്തോഷം കൊണ്ടാണ് അതിനു വേണ്ടിയാണ് ഞാന്‍ എഴുതുന്നത്.

പി.എഫ് മാത്യൂസ് മക്കളായ ഉണ്ണി മാത്യൂസിനും ആനന്ദ് മാത്യൂസിനും ഒപ്പം| ഫോട്ടോ: ബി മുരളീകൃഷ്ണൻ

ലോകസാഹിത്യത്തില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം ഒരു മാന്ത്രിക വിസ്മയമാണ്. അതു പോലെ മാന്ത്രികവശ്യതയും വിസ്മയസൗന്ദര്യവും ഉള്ളില്‍ തൊടുന്ന വൈകാരികതയും ഒക്കെയുള്ള ഒരു ലാറ്റിന്‍ കോര്‍ണര്‍ മലയാള സാഹിത്യത്തിലുമുണ്ട്. അത് കൊച്ചിയാണ്. കൊച്ചിയില്‍ നിന്നുള്ള എഴുത്തുകാരൊക്കെ ഒരു തരം മാജിക്കല്‍ അനുഭവങ്ങളാണ് എഴുതുന്നത്. വിസ്മയകരമായ സര്‍ഗാവിഷ്‌കാരങ്ങള്‍. മലയാള സാഹിത്യം ഇതുവരെ ഈ കൊച്ചി അനുഭവത്തെ കാര്യമായി മൈന്‍ഡ് ചെയ്തിരുന്നില്ല. എന്നാലിന്ന് പുതിയ വായനക്കാര്‍ ഈ എഴുത്തുകളുടെ മാന്ത്രികത, ഹൃദയത്തില്‍ തൊടുന്ന വൈകാരികത, വിവരണകലയിലെ വിസ്മയസൗന്ദര്യം ഒക്കെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. പോഞ്ഞിക്കര റാഫിയിലാണ് ഈ കൊച്ചി-ലാറ്റിന്‍ കോര്‍ണറിന്റെ തുടക്കം എന്നു തോന്നുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാനാണ് പി.എഫ്.മാത്യൂസ്. ജോണി മിറാന്‍ഡ, ജോര്‍ജ് ജോസഫ് കെ, ജോസഫ് വൈറ്റില, ജോണി ആന്റണി, ഫ്രാന്‍സിസ് നൊറോണ... തുടങ്ങി എണ്ണത്തില്‍ കുറവെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു ഒഴുക്കു സൃഷ്ടിച്ച എഴുത്തുകാര്‍. മികച്ച നോവലിനുള്ള 2020 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.എഫ് മാത്യൂസ് സംസാരിക്കുന്നു.
?ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം എന്നാല്‍ നോവല്‍ സാഹിത്യമാണെന്നതു പോലെ കൊച്ചിസാഹിത്യവും നോവലിലാണ് വിസ്മയം സൃഷ്ടിക്കുന്നത്. എന്‍.എസ്.മാധവന്റെ നോവലും ഇക്കൂട്ടത്തില്‍ പെടും. എങ്ങനെയാണ് ഈ പ്രാദേശികതയ്ക്ക് ഇങ്ങനെയൊരു മാന്ത്രിക വശ്യത കൈവന്നത്?
അങ്ങനെയൊരു കൊച്ചി എഴുത്ത് അല്ലെങ്കില്‍ മലയാളത്തിലൊരു ലാറ്റിന്‍ സാഹിത്യം ഉണ്ട് എന്നും അതിനൊരു സൗന്ദര്യമുണ്ട് എന്നുമൊക്കെ അംഗീകരിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. അതിന്റെ തുടക്കം പോഞ്ഞിക്കര റാഫിക്കും മുമ്പാണ്. വാര്യത്ത് ചോറി പീറ്റര്‍ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കാര വിജയം എന്ന നോവലാണ് ഈ പ്രദേശത്തെ ജീവിതവും സംസ്‌കാരവും അവതരിപ്പിച്ച ആദ്യകൃതി. അത് ഒരു മികച്ച സാഹിത്യ രചനയൊന്നുമല്ല. എന്നാലും കൊച്ചിയുടെ സംസാര ഭാഷയ്ക്കും ലാറ്റിന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ജീവിതത്തിനും ഒക്കെ മലയാളത്തില്‍ ഒരു വിസിബിലിറ്റി കൊണ്ടു വന്നത് ആ നോവലാണ്. അതിനു ശേഷം എടുത്തു പറയാവുന്ന ഒരാള്‍ റാഫിമാഷാണ്. റാഫിമാഷുടെ ആദ്യകാല രചനകളിലുണ്ടായിരുന്ന ചില സവിശേഷതകളെപ്പറ്റി അയ്യപ്പപ്പണിക്കരാണെന്നു തോന്നുന്നു ഒരിക്കല്‍ അദ്ദേഹത്തെത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. റാഫിമാഷുടെ പാപികള്‍ എന്ന നോവലിനെക്കുറിച്ചാണെന്നാണ് ഓര്‍മ. റാഫിമാഷുടെ എഴുത്തില്‍, ഇപ്പോള്‍ കൊച്ചിയിലെ ഒരു തുരുത്തിന്റെ കഥയാണ് പറയുന്നതെങ്കില്‍ ആ തുരുത്തില്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമേ കാണുകയുള്ളൂ. കേരളത്തിലെ ഒരു സാമൂഹിക സാഹചര്യത്തില്‍ ഇങ്ങനെ ഒരു വിഭാഗക്കാര്‍ മാത്രമായുള്ള ഒരു ജീവിതമല്ല ഉള്ളതെന്നായിരുന്നു അയ്യപ്പപ്പണിക്കരുടെ വിമര്‍ശനം. അത് റാഫിമാഷ് അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ് തോന്നുന്നത്.
?പറയുന്ന കഥയെക്കാള്‍ കഥ പറയുന്ന രീതിയില്‍ കൊണ്ടു വന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് പോഞ്ഞിക്കര റാഫിയുടെ വലിയ പ്രത്യേകത എന്ന് തോന്നുന്നു.
അതെ. സ്വര്‍ഗദൂതന്‍ എന്ന കൃതി നോക്കൂ. അത് നരേറ്റീവിന്റെ ഒരു അത്ഭുതമാണല്ലോ. അണ്ഡകടാഹം തകര്‍ക്കുന്ന നാടകീയതകളൊന്നും അതിലില്ല. സാഹിത്യം എന്നത് ഭാഷയില്‍ ചെയ്യുന്ന ഒരു കലാസൃഷ്ടിയാണ്. വിവരണ കലയുടെ ബ്യൂട്ടി അവതരിപ്പിക്കാനും അനുഭവിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചയാളാണ് റാഫിമാഷ്. ലോകസാഹിത്യത്തില്‍ ഫ്‌ളോബേറും പ്രൂസ്റ്റുമൊക്കെ വലിയ മഹത്വത്തോടെ നില്‍ക്കുന്നത് വിവരണകലയുടെ സൗന്ദര്യം കൊണ്ടാണല്ലോ. മലയാളത്തില്‍ പക്ഷേ, സാഹിത്യത്തില്‍ അങ്ങനെ വിവരണകലയുടെ സൗന്ദര്യത്തിന് വലിയ ശ്രദ്ധ നല്‍കുന്ന എഴുത്തുകാര്‍ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിന് സാഹിത്യത്തിനുള്ളിലെ 'കഥ'യ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്നവരാണ് നമ്മുടെ വായനക്കാരും. നമ്മുടെ വലിയ എഴുത്തുകാരെ എടുത്താല്‍ത്തന്നെ, അവരുടെ നോവലുകളെക്കുറിച്ച് പറയുന്നത് അതിലെ പ്ലോട്ടിന്റെ മഹത്വത്തെപ്പറ്റിയാണല്ലോ. വലിയ നാടകീയതയൊക്കെയുള്ള ഒരു അരിസ്‌റ്റോട്ടലിയന്‍ ഡ്രാമാ സ്ട്രക്ചറാണ് നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്. വായനക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നതും അതിനാണ്.
? പറയുന്ന കഥയെക്കാള്‍, അത് വായനക്കാരെ വന്നുതൊടുന്ന അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ് പി.എഫ്. മാത്യൂസിന്റെ നോവലുകളുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. സിനിമകളിലും വലിയ ട്വിസ്റ്റുകളുള്ള കഥ എന്നതിനെക്കാള്‍ അത് പ്രേക്ഷകരെ സ്പര്‍ശിക്കുന്ന അനുഭവമായി വരുന്നു. ആഖ്യാനത്തിലെ ഈ സവിശേഷത കൈവരുന്നത് എങ്ങനെയാണ്?
അത് അങ്ങനെ മനഃപൂര്‍വം വിചാരിച്ച് വരുത്തുന്നതോ ചെയ്യുന്നതോ അല്ല. എഴുതുമ്പോള്‍ അതിന്റെ ഉള്ളടക്കത്തെയും അതിലെ ട്വിസ്റ്റുകളെയുംകാള്‍, വിവരണത്തില്‍ ശ്രദ്ധിക്കുന്നതാണ് എന്റെ രീതി. ചാവുനിലം ഒരു നോണ്‍ ലീനിയര്‍ നരേഷനാണ്. അത് അങ്ങനെയാവണം എന്ന് കരുതി ചെയ്യുന്നതല്ല. ഇത് നോണ്‍ലീനിയറാണ് എന്ന് എനിക്കും അറിയില്ലായിരുന്നു. ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോളാണ് ഇത് ആകെ തകിടം മറിഞ്ഞു കിടക്കുകയാണല്ലോ എന്ന് എനിക്ക് മനസ്സിലാകുന്നത്. അത് വായിച്ച ചില സുഹൃത്തുക്കളും പറഞ്ഞു- ഇതിന്റെയൊരു സ്ട്രക്ചര്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് എന്ന്. എനിക്കും ടെന്‍ഷനായി. മലയാളത്തില്‍ ആദ്യമായാണ് നോണ്‍ലീനിയര്‍ ആയി ഇത്തരമൊരു നോവല്‍ നറേഷന്‍ വരുന്നത് എന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോളാണ് ഞാനും അത് തിരിച്ചറിഞ്ഞത്. പല തവണ അതിന്റെ ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഓരോ തവണയും ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ അതിലെ ചരിത്രപരത കൃത്യമായിത്തന്നെ വരണം എന്ന് കരുതി നോട്ടുകള്‍ എഴുതി ശരിപ്പെടുത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. ഒരു കഥ പറയുക എന്നതോ രാഷ്ട്രീയം അവതരിപ്പിക്കുക എന്നതോ ഒന്നുമായിരുന്നില്ല അതെഴുതുമ്പോള്‍ ലക്ഷ്യം. എനിക്ക് പരിചയമുള്ള ജീവിത സംസ്‌കാര സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു നോവല്‍ എഴുതുക എന്നത് മാത്രമായിരുന്നു.
അത് എഴുതുന്ന സമയത്ത് ഒന്നു രണ്ടു തവണ പോഞ്ഞിക്കരയില്‍ പോയി റാഫി മാഷെ കണ്ടിട്ടുണ്ട്. കാപ്പിരി മുത്തപ്പനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടുമോ എന്നറിയാനാണ് പോയിരുന്നത്. അദ്ദേഹം പക്ഷേ, അതിനെക്കുറിച്ച് കാര്യമായി ഗവേഷണം നടത്തി ചരിത്രവും വസ്തുതയുമൊക്കെ അന്വേഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. പുള്ളിയുടെ നോവലുകളെയും കഥകളെയുംകാള്‍ പ്രാധാന്യത്തോടെ റാഫി മാഷ് കണ്ടിരുന്നത് പഠനഗ്രന്ഥങ്ങളെയും അത്തരത്തിലുള്ള രചനകളെയുമൊക്കെയാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. മിത്തിനെ യുക്തിവല്‍ക്കരിക്കുന്നതിന്റെയൊരു പ്രശ്‌നം റാഫിമാഷിന്റെ എഴുത്തില്‍ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാപ്പിരിമുത്തപ്പനും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലും അനുഭവങ്ങളിലും കഥകളിലുമൊക്കെയാണ് അന്നുമിന്നും എനിക്ക് താത്പര്യം. മനുഷ്യര്‍ ജീവിക്കുന്നത് അത്തരം ഫിക്ഷനുകളിലാണെന്നാണ് എനിക്ക് തോന്നുന്നത്.
?കാപ്പിരിമുത്തപ്പന്റെ പ്രേതത്തെ കണ്ടിട്ടുണ്ടോ?
കാപ്പിരി മുത്തപ്പനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് റാഫിമാഷെ കാണാന്‍ പോയതെങ്കിലും എനിക്ക് വേണ്ടത് അദ്ദേഹത്തിന്റെയടുത്തു നിന്ന് കിട്ടിയില്ല. എനിക്ക് വേണ്ടത് കിട്ടിയത് ഞങ്ങളുടെ കുടുംബത്തിലെ തന്നെ കാരണവന്മാരില്‍ നിന്നാണ്. അമ്മയുടെ അമ്മ, അമ്മൂമ്മേടെ ചേച്ചി അവരുടെ മക്കള്‍ അങ്ങനെയൊക്കെ. കൊച്ചിയിലുണ്ടായിരുന്ന സായിപ്പന്മാരുടെ ബട്‌ലറായിട്ടൊക്കെ ഒരുപാടു കാലം ജോലി ചെയ്തിട്ടുള്ളയാളാണ് അമ്മൂമ്മയുടെ ചേച്ചി. കൊച്ചീലെ വെല്യമ്മച്ചി എന്നാണ് ഞങ്ങള് പറയുക. കൊച്ചീലെ വെല്യമ്മച്ചീടെ മകന്‍ ഒരാളുണ്ട്. ഞങ്ങളുടെയൊരു കസിന്‍-കുഞ്ഞപ്പന്‍ ചേട്ടന്‍. പുള്ളി ആക്ടറാണ്. കുഞ്ഞപ്പന്‍ ചേട്ടന്‍ ഓരോ കഥകള് പറയും. പുള്ളി ഒരു ദിവസം നടന്നു വരുമ്പം ഒരാളെ കണ്ടു. ആറാറര അടി ഉയരമുള്ള ഒരാള്‍ തൊപ്പിയൊക്കെ വെച്ച് ചുരുട്ട് വലിച്ച് അങ്ങനെ. അത്തരം നാട്ടുകഥകളില്‍ ഫിക്ഷന്റെ വലിയൊരു മാന്ത്രികശക്തിയുണ്ട്. അതിയാഥാര്‍ഥ്യങ്ങളും അനുഭവസത്യങ്ങളുമൊക്കെയായ അത്തരം കഥകളിലൂടെയാണ് കാപ്പിരിമുത്തപ്പനെ ഞാന്‍ കണ്ടിട്ടുള്ളത്.
? ഇത്തരം കഥകളിലേക്കും എഴുത്തിലേക്കും വന്നത് എങ്ങനെയാണ്?
എഴുത്തുകാരനാവുന്നതിനെപ്പറ്റിയൊന്നും ചിന്തിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ ചെറുപ്പം. എറണാകുളത്ത് പലയിടങ്ങളിലായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. ഇന്നുവരെ എറണാകുളത്തിന്റെ ഈ ചെറുവട്ടത്തിനു പുറത്ത് അങ്ങനെ പോയി ജീവിച്ചിട്ടില്ല. കോമ്പാറമുക്കിനടുത്ത് തണ്ടാശ്ശേരിപ്പറമ്പ് എന്ന ഇടത്തായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോഴത്തെ സരിത സവിത തീയേറ്ററുകളുടെ പിന്നില്‍ ഒരു ഉള്‍ഗ്രാമമായിരുന്നു കോമ്പാറമുക്ക്. മത്സ്യത്തൊഴിലാളികളുടെ കോളനിക്കു നടുവിലായിരുന്നു ഞങ്ങള്‍. അന്ന് ആളുകള്‍ വാലക്കോളനിയെന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള ഏക ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് ഇപ്പോഴത്തേതുപോലെയല്ലല്ലോ. മിക്കവീടുകളില്‍ നിന്നും സന്ധ്യയായാല്‍ വഴക്കും തെറിവിളികളുമൊക്കെ ഉയരാന്‍ തുടങ്ങും. വീട്ടില്‍ ഞങ്ങള്‍ ലുത്തീനിയ ചൊല്ലുന്നത് ഇങ്ങനെ അയല്‍വീടുകളില്‍ നിന്നുള്ള തെറിവിളികളിലും ഉച്ചത്തിലുള്ള വഴക്കുകളിലും കലരും. വല്ലാത്ത വൈകാരികതയോടെയുള്ളതും ഒരു തരത്തിലുള്ള ഫോര്‍മാലിറ്റികളുമില്ലാത്തതുമായ ഒരുതരം പരുക്കന്‍ ജീവിതമാണത്. അതാണ് കണ്ടു വളരുന്നത്. പിന്നീട് ഞങ്ങള്‍ പലയിടങ്ങളിലേക്കും വീട് മാറിയിട്ടുണ്ട്. ഒരു 40-50 വര്‍ഷം മുമ്പു വരെ എറണാകുളത്തെ സാധാരണക്കാരുടെ ജീവിതം ഇങ്ങനെയുള്ളതായിരുന്നു.
പള്ളിയുമായി ബന്ധപ്പെട്ട ആചാരങ്ങളും കാര്യങ്ങളുമൊക്കെ വളരെ നിഷ്ഠയോടെ ആചരിക്കുന്നതായിരുന്നു അക്കാലത്ത് ലത്തീന്‍ക്രിസ്ത്യന്‍ വീടുകളിലെ പൊതുരീതി. ഞങ്ങളുടെ വീട്ടിലും അതൊക്കെയുണ്ടായിരുന്നു. പുസ്തകവായന പോലുള്ള കാര്യങ്ങളൊന്നും വീട്ടില്‍ അനുവദിച്ചിരുന്നില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലൂര്‍ സഹൃദയ, വിജ്ഞാന വായനശാലകളില്‍ പോകുമായിരുന്നു. അവിടെ നിന്ന് പുസ്തകങ്ങള്‍ എടുക്കാനും അപ്പന്‍ അറിയാതെ വായിക്കാനും തുടങ്ങി. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് വന്നത്.
? ആദ്യകാലത്തെ വായനയില്‍ വലിയ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളും എഴുത്തുകാരും ആരൊക്കെയാണ്?
എടുത്തു പറയാവുന്ന വിധത്തിലൊരു സ്വാധീനമായത് അരവിന്ദന്റെ ചെറിയ ലോകവും വലിയ മനുഷ്യരും ആണ്. അത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് അക്കാലത്ത്. അതിന്റെ അവതരണരീതി ഞാനറിയാതെ തന്നെ എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് തന്നെ ദസ്തയേവ്‌സ്‌കിയെ കാര്യമായി വായിക്കുമായിരുന്നു. പിന്നീട് പലപ്പോഴും പല മാസ്റ്റേഴ്‌സിനെയൊക്കെ വായിക്കുകയും ഇഷ്ടങ്ങള്‍ മാറി മാറി വരികയും ചെയ്യുമ്പോഴും ദസ്തയേവ്‌സ്‌കിയുടെ വലിയൊരു സ്വാധീനം അങ്ങനെ നില്‍ക്കുന്നു എന്ന് തോന്നാറുണ്ട്.
PF Mathews