അൻവർ അബ്ദുള്ള | Mohamed A.
സിനിമയിലെന്നപോലെ വായനക്കാരുടെ മനസ്സില്‍ ദൃശ്യഭംഗിയോടെ സംഭവങ്ങള്‍ തുന്നിച്ചേര്‍ക്കുന്നവയാണ് കുറ്റാന്വേഷണ നോവലുകള്‍. അവ വായിക്കുമ്പോള്‍ ആളുകളില്‍ രൂപപ്പെടുന്ന ആകാംക്ഷയും അവരനുഭവിക്കുന്ന ആവേശവും മറ്റേത് വിഭാഗത്തിലുമുള്ള സാഹിത്യകൃതികള്‍ വായിക്കുന്നതില്‍നിന്നും വ്യത്യസ്തമാണ്. മലയാളികള്‍ക്ക് പരിചിതമായ ഒരു സംഭവത്തേയും, പരിചിതനായ ഒരു കലാകാരന്റെ ജീവിതത്തേയും പ്രമേയമാക്കികൊണ്ട് അന്‍വര്‍ അബ്ദുള്ള എഴുതിയ നോവല്‍ '1980' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 36 വര്‍ഷം മുമ്പ് മലയാള സിനിമയിൽ നടന്ന വേദനാജനകമായ ഒരു സംഭവത്തെയാണ് ഉദ്വേഗജനകമായി, എഴുത്തിന്റെ തനിമ ഒട്ടും ചോരാതെ അന്‍വര്‍ അബ്ദുള്ള അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം സംസാരിക്കുന്നു;
'1980' എന്ന നോവല്‍ തരുന്ന ദൃശ്യാനുഭവം, സിനിമയുടെ സ്വാധീനം
സിനിമയുടെ സ്വാധീനത്തില്‍ എഴുതണം, അല്ലെങ്കില്‍ സിനിമപോലെ എഴുതണം എന്ന് വിചാരിച്ചിട്ടല്ല എഴുതുന്നത്. സാഹിത്യത്തിന്റെ ടെക്നിക്കുകളും സാഹിത്യത്തിന്റെ രീതിശാസ്ത്രവും ഉപയോഗിച്ചുകൊണ്ട് എഴുതുമ്പോള്‍ സാഹിത്യമായിത്തന്നെയാണ് അതിനെ കണ്‍സീവ് ചെയ്യുന്നത്. സിനിമയ്ക്ക് ഉള്‍പ്പെടുത്താന്‍ കഴിയുന്നതിനപ്പുറം, സാഹിത്യത്തിന് മാത്രം ഉള്‍ക്കൊള്ളാനാകുന്നതും ആവിഷ്കരിക്കാനാകുന്നതുമായ രീതിയിലാണ് നോവലുകള്‍ എഴുതുന്നത്. ഏറ്റവും പുതിയ സാഹിത്യത്തെ, സിനിമ സ്വാധീനിച്ചിട്ടുണ്ടെന്നത് സത്യമാണല്ലോ. ആരെഴുതിയാലും സിനിമ പോലെയാകാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ എന്നുപറയുന്ന കല കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് ഉണ്ടായി വന്ന കാലംമുതല്‍ അതിന്റെ വികാസത്തിലുടനീളം സാഹിത്യത്തെയാണ് ആശ്രയിച്ചിട്ടുള്ളത് എന്നാണ് സാഹിത്യം പഠിപ്പിക്കുന്ന ആളെന്നനിലയില്‍ എന്റെ നിരീക്ഷണം. അതിന്റെ ടെക്നിക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ അതിന്റെ ആഖ്യാനരീതികള്‍ പുതുമയുള്ളതാക്കാന്‍, എല്ലാം സാഹിത്യത്തെയാണ് ആശ്രയിച്ചിട്ടുള്ളത്.
സിനിമയിലെ ഇന്റര്കട്ടും മള്‍ട്ടിപ്പിള്‍ നരേഷനുമെല്ലാം സാഹിത്യത്തില്‍നിന്നാണ് എടുത്തിട്ടുള്ളത്. ഐസെന്സ്റ്റീന്റെ പ്രസിദ്ധമായ 'ഡയലക്റ്റിക്കല്‍ മൊണ്ടാഷ്' അടക്കമുള്ള സംഗതികള്‍ സിനിമ ഉള്‍ക്കൊണ്ടിട്ടുള്ളത് സാഹിത്യത്തില്‍നിന്നാണ്. ഡിക്കന്‍സിന്റെ നോവലില്‍നിന്ന് സങ്കേതം വികസിപ്പിച്ചാണ് ഗ്രിഫിത്ത് സിനിമയിലൊരു പുതിയ പരീക്ഷണം കൊണ്ടുവരുന്നത്. ഒരു സംഗതിയില്‍നിന്ന് അതിവേഗം മറ്റൊന്നിലേക്ക് പോകാനുള്ള ഒരു പാറ്റേണില്നിന്നാണ് 'ജംമ്പ് കട്ട്' പോലുള്ള സംഗതിയിലേക്ക് ഗൊദാര്ദിനെപ്പോലുള്ള ആളുകള്‍ വരുന്നത്. കാരണം, സാഹിത്യം അത്രയും പഴക്കമുള്ളതും അത്രയേറെ സാധ്യതയുള്ളതുമാണ്. വാക്കിന്റെ ബലത്താല്‍ എന്തഭ്യാസവും കാണിക്കാന്കഴിയുന്ന ഒരു സംഗതി.
ഞാന്‍ ശ്രമിക്കുന്നത് സാഹിത്യത്തിലേക്ക് പോകാനാണ്. പക്ഷേ നമ്മള് എത്ര സാഹിത്യത്തിലേക്ക് പോകാന്‍ ശ്രമിച്ചാലും നമ്മുടെ പൊതുബോധത്തില്‍ ഏറ്റവും ആഴത്തില്‍ വേരുപിടിച്ചിരിക്കുന്ന ഒരു ആവിഷ്കാര മാധ്യമം അല്ലെങ്കില്‍ ഒരു വിനോദോപാധി എന്ന നിലയില്‍ സിനിമയും അത് നല്കുന്ന കാഴ്ചകളും വ്യാപകമാണ്. ഇന്ന് നമ്മളൊരു സ്ഥലത്തുപോകുമ്പോള്‍ നമ്മള് കാണുന്നതിനേക്കാള്‍ നമ്മുടെ ക്യാമറക്കണ്ണുകളാണല്ലോ കാണുന്നത്.
എന്തായാലും സിനിമപോലെയിരിക്കണം എന്ന് വിചാരിച്ചുകൊണ്ടല്ല, സിനിമക്ക് സാധ്യമാകാത്ത സാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. വിശദാംശങ്ങളെ രേഖപ്പെടുത്താനുള്ള സാഹിത്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതുകൊണ്ട് ഇടതടവില്ലാത്ത പൂര്‍ണമായ ഒരു കാഴ്ചയായി വായനക്കാര്‍ക്ക് അനുഭവപ്പെടാം. മുറിയാത്ത കാഴ്ചയായതുകൊണ്ട് നോവല്‍ വായിക്കുന്നവര്‍ക്ക് സിനിമയുടെ പ്രതീതി തോന്നുന്നതാകാം.
മലയാളത്തിനൊരിക്കലും മറക്കാന്‍ കഴിയാത്ത നടൻ ജയൻെറ ജീവിതവും അനുഭവവും എഴുതുമ്പോഴുണ്ടായ വെല്ലുവിളികള്‍
നമുക്കെല്ലാവര്‍ക്കുമറിയുന്ന ഒരു മിത്തോ, കള്‍ട്ടോ ഒരു അബോധമോ ഒരു ഐതിഹ്യമോ ഒക്കെയായി മാറിക്കഴിഞ്ഞ ഒന്നാണ് നടന് ജയന്റെ മരണം. അദ്ദേഹത്തിന്റെ ജീവിതം, സിനിമ, മരണം, അന്ന് ജീവിച്ചിരുന്ന ആളുകള്‍, അവരുടെ ജീവിതങ്ങള്‍, നമ്മുടെ സിനിമാചരിത്രം എന്നിവയെക്കുറിച്ചെല്ലാം നോവലില്‍ പറയുന്നുണ്ട്. മലയാളിയുടെ പ്രധാനപ്പെട്ട ഒരു അനുഭൂതിചരിത്രത്തെതന്നെ ആധാരമാക്കുന്നു എന്നതുകൊണ്ട് എഴുത്ത് വെല്ലുവിളി നിറഞ്ഞതുതന്നെയായിരുന്നു.
പ്രധാനപ്പെട്ട ഒരു വെല്ലുവിളി നമുക്ക് അറിയാവുന്ന സത്യം സത്യമാണോ എന്ന സംശയമായിരുന്നു. നമ്മള് കേട്ടിട്ടുള്ള കഥകള്‍, നമ്മുടെ ആളുകള്‍ പലതരത്തില്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് നമുക്കറിയില്ല. നമ്മള് വിചാരിക്കുന്ന, എത്തിച്ചേര്‍ന്ന തീര്‍പ്പുകള്‍, അവയുടെ ശരിയായ വശങ്ങള്, അവയുടെ ആഴത്തിലുള്ള കാര്യങ്ങള്‍ എന്താണെന്ന് നമുക്കറിയില്ല. നമുക്കല്ലാവര്ക്കുമറിയുന്ന ഈ കാര്യത്തില്‍ നമുക്ക് അറിയാത്ത കാര്യങ്ങളാണ് കൂടുതലും.
'ടൈറ്റാനിക്കി'ല്‍ വന്നിടിച്ച ഐസ്ബര്ഗിനപ്പുറം അറിയാവുന്നത് ഒരിത്തിരി മാത്രമാണ്. ഈ അറിയാവുന്ന കാര്യങ്ങള്ക്കടിയിലേക്ക് പോകുമ്പോള്‍ നമ്മുടെ അനുമാന ശക്തികൊണ്ട് സൃഷ്ടിച്ചെടുക്കുന്ന ഒരു വലിയ കഥയാണ് പറയാനുള്ളത്. അത് നമുക്കറിയാവുന്ന കാര്യങ്ങളുമായി ഇണങ്ങിപ്പോകണം. അനുമാനശക്തികൊണ്ട് രേഖപ്പെടുത്തുന്ന സംഗതികള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്നതാണോ അല്ലയോ എന്നുള്ളതല്ല. സാഹിത്യയുക്തികൊണ്ട്, നമുക്കെല്ലാവര്‍ക്കുമുള്ള അനുമാനശക്തിയുടെ യുക്തികൊണ്ട് അതിനെ പൂരിപ്പിക്കാന്‍ പറ്റുന്നതാകണം എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി ഞാന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്നാണ് പുസ്തകം പുറത്തുവന്നപ്പോള്‍ ലഭിച്ച പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായത്. '1980' എന്ന നോവല്‍ വായിച്ച ആളുകള്‍ പറയുന്നത് ഇതില്‍ സത്യവും ഭാവനയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം അവ ഇഴചേര്‍ന്നിരിക്കുന്നു എന്നാണ്.
.jpg?$p=430c1f1&&q=0.8)
രണ്ടാമത് യഥാര്‍ത്ഥ വ്യക്തികളാണോ ഇതിലുള്ളത് എന്നാണ്. അല്ല. യഥാര്‍ത്ഥ വ്യക്തികളെ ഓര്‍മിപ്പിക്കുന്ന ഛായകള്‍ മാത്രമാണ്. നമ്മളെല്ലാം ഒരേ ചരിത്രമാണല്ലോ അനുഭവിക്കുന്നത്. നമ്മളെല്ലാം 1980-കളിലൊക്കെ ജീവിച്ചവരും അവരുടെ മക്കളും അന്നു ജീവിച്ചവരുമായി ബന്ധപ്പെട്ടവരുമെല്ലാമാണ്. ആ ചരിത്രത്തെ ആധാരമാക്കിയെടുത്ത കഥാപാത്രങ്ങളാണ് നോവലില്‍. അതിലെ കഥാപാത്രങ്ങളൊന്നും ജീവിച്ചിരുന്നവരല്ല. ചില ഛായകളും സാമ്യങ്ങളും ആരോപിക്കാമെന്നല്ലാതെ അവയ്ക്ക് പൂര്‍ണമായ അര്‍ത്ഥത്തില്‍, ജീവിച്ചിരുന്ന ഒരു മനുഷ്യനുമായും ബന്ധമില്ല. ആ കഥാപാത്രങ്ങളെല്ലാം പൂര്‍ണമായും ഭാവനാനിര്മ്മിതങ്ങളാണ്. അവരുടെ ചലനങ്ങള്‍, ആന്തരികമായ ജീവിതങ്ങള്‍, ചിന്താഗതികള്‍, വീക്ഷണങ്ങള്‍, അവരുടെ ജീവിത ദര്‍ശനങ്ങള്‍ ഇതെല്ലാം വ്യത്യസ്തമാണ്. അതെല്ലാം ഞാന്‍ ചേര്‍ത്തതാണ്. ഇവരെയെല്ലാം സൃഷ്ടിച്ചുകൊണ്ട് ചരിത്രപരമായി ഇവരുടെ ബന്ധത്തെ വിടാതെ, എന്നാല്‍ വിടുതല്‍ നല്‍കുക എന്നുള്ളത് ശ്രമകരമായ ജോലിതന്നെയാണ്.
അതോടൊപ്പം നമ്മുടെ അനുമാനശക്തിക്കും ഭാവനാശേഷിക്കും ആധാരമായി നമ്മളെത്തിച്ചേരുന്ന അനേകം വസ്തുതകള്‍ ഒട്ടുംതന്നെ അയുക്തകമാകാതെ അതില്‍ കൂട്ടിച്ചേര്‍ത്ത്, എല്ലാവര്ക്കും ഏതെങ്കിലും വിധത്തില്‍ അറിയാവുന്ന കഥയെ പുതുമയോടെ ആവിഷ്കരിക്കണം. ഈ രണ്ടു വെല്ലുവിളികളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അവയെ വിജയകരമായി മറികടന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം.
യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചെഴുതുവാനുള്ള കാരണം
എനിക്ക് തോന്നുന്നത് എഴുത്തുകാര്‍ എല്ലാവരുംതന്നെ യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ചാണ് എഴുതുന്നത് എന്നാണ്. ആ യഥാര്‍ത്ഥ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യപ്രതീതി എത്രമാത്രം കൂട്ടുന്നു, കുറയ്ക്കുന്നു, മിശ്രമാക്കുന്നു എന്നെല്ലാമനുസരിച്ചാണ് എല്ലാവരും അതുമായി കണക്റ്റഡ് ആകുന്നത്. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചെഴുതുന്നു എന്ന് പറയുമ്പോള്‍ പോലും അറുത്തുമാറ്റാന്‍ കഴിയാത്ത നിഴലുപോലെ യഥാര്‍ത്ഥ്യം അവിടെ ഇടിച്ചുകേറി വന്നുനില്ക്കും. നമ്മള് ഹാരി പോര്‍ട്ടര്‍ വായിക്കുന്നില്ലേ. അതിലുള്ള ഒരു സംഗതിയും നടന്നിട്ടുള്ളതല്ല. പക്ഷേ നടന്നിട്ടുള്ളതായ സംഭവങ്ങളുടെ പ്രതീതി നമുക്ക് തോന്നിക്കുന്നത് അതില്‍ യാഥാര്‍ത്ഥ്യം അയാഥാര്‍ത്ഥ്യത്തിന്റെ നിഴലായി നില്‍പ്പുണ്ട് എന്നുള്ളതുകൊണ്ടാണ്. ഭാവന ഒരിക്കലും യാഥാര്‍ത്ഥ്യത്തില്‍നിന്നും വിടുതല്‍ നേടിയ ഒന്നല്ല. 'ആടുജീവിതം', 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്നീ നോവലുകളെല്ലാം യാഥാത്ഥ്യമാണല്ലോ. മിലാന് കുന്ദേര എഴുതുന്ന നോവലുകള്‍ക്ക് യഥാര്ത്ഥ്യത്തിലല്ലാതെ കാലൂന്നി നില്‍ക്കാനാകില്ല. മാജിക്കല്‍ റിയലിസത്തെക്കുറിച്ച് മാര്‍ക്വേസ് പറയുന്നത് അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് എന്നതാണ്. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചാണ് എല്ലാ എഴുത്തുകാരും എഴുതുന്നത്.
ചെറുപ്പത്തില്‍ എനിക്ക് ഓര്മ ആരംഭിക്കുന്ന സമയത്താണ് നടന് ജയന്റെ മരണം. ആ സമയം ഞാന്‍ സംഭവം അറിഞ്ഞിട്ടുപോലുമില്ലായിരുന്നു. എന്നാല്‍ അതിനെത്തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ എനിക്കോര്‍മയുണ്ട്. ജയന്റെ കടുത്ത ആരാധകനായ ഞങ്ങളുടെ നാട്ടിലെ കട നടത്തിയിരുന്ന ഒരു കൃഷ്ണന്കുട്ടിച്ചേട്ടനുണ്ട്. അദ്ദേഹത്തിന്റെ കടയ്ക്കകത്ത് മുഴുവന്‍ ജയന്റെ ഫോട്ടോകളായിരുന്നു. അത് കണ്ടും ജയനെക്കുറിച്ചുള്ള ചര്‍ച്ചകളും പല കഥകളും കേട്ടും പരിചയം വന്നു. ഒരു എഴുത്തുകാരന് എഴുതാന്‍ ബാല്യകാലത്ത് നടന്ന സംഭവങ്ങള്‍തന്നെ ധാരാളമാണ്. മലയാളികള്‍ക്കെല്ലാം ജയന്റെ മരണവും ആ സംഭവവും അറിയാം. അതിന്റെ പരിചിതത്വംകൊണ്ട് ആളുകള്‍ അത് ശ്രദ്ധിക്കും. വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്ക് അറിയാവുന്ന കഥകളുമായി ബന്ധമുള്ളതാണ് എന്ന് ആളുകള്‍ക്ക് തോന്നുമെന്നുറപ്പായിരുന്നു. വലിയ പുസ്തകപരിചയം ഇല്ലാത്ത ഒരാളിലും, ഇത് ജയന്റെ കഥയാണ് എന്ന ഒരു ആകാംക്ഷയുണ്ടാക്കുമെന്ന് അറിയാമായിരുന്നു. ജയനെക്കുറിച്ച് പലവിധത്തില്‍ നമ്മള് കേട്ടിട്ടുള്ള കഥകളുടെ വ്യത്യസ്തമായ ഒരു അനുഭവമാണ് നോവലില്‍. വസ്തുതകള്‍ക്കുമേല്‍ ഭാവനാശേഷി പ്രവര്‍ത്തിക്കുന്നതിന്റെ ശക്തി പരീക്ഷിക്കുക എന്നതും അതിന്റെ ഒരു ഭാഗമാണ് എന്നും വിചാരിക്കാം.
നോവലിലെ നടന് 'ജഗനെ'ന്ന കഥാപാത്രം, വ്യക്തിജീവിതത്തില്‍ നടന് ജയന്റെ സ്വാധീനം
നോവലില്‍ നടന് 'ജഗനെ'ന്ന് പറയുന്ന ജയന് എന്ന വ്യക്തി എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനോ, എന്റെ ആരാധനയ്ക്ക് കാരണമായ ഒരാളോ ഒന്നുമായിരുന്നില്ല. എന്നാല്‍ സിനിമയില്‍ അദ്ദേഹമുണ്ടാക്കിയ ഒരു ഇമേജും കെട്ടുകഥകളെമെല്ലാംചേര്ന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് അദ്ദേഹം ഒരു അവിശ്വസനീയ കഥാപാത്രമായിരുന്നു. എഴുപതുകളുടെ പാതിക്കുശേഷം ജനിച്ച്, എണ്‍പതുകളില്‍ ബാല്യം ചിലവഴിച്ച മിക്കവാറും ആളുകളുടെയെല്ലാം മനസ്സുകളില്‍ അതങ്ങനെതന്നെയായിരുന്നു.
ഈ നോവല്‍ എഴുതാനായി ഞാന്‍ ജയനെക്കുറിച്ച് ചെറിയ അന്വേഷണങ്ങള്‍ നടത്തി. കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചു. പഴയ ചില പടങ്ങളൊക്കെ കണ്ടു. തമിഴില്‍ അദ്ദേഹം അഭിനയിച്ച 'പൂട്ടാത്ത പൂട്ടുകള്‍' പോലുള്ള സിനിമകളൊക്കെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, അദ്ദേഹം വേറെ റേഞ്ച് അഭിനയം പ്രകടിപ്പിക്കാന്‍ പ്രാപ്തിയുള്ള നല്ല നടന്തന്നെയായിരുന്നു എന്ന്. അതുപോലെ ഇദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കെട്ടുകഥകളിലൂടെ രൂപപ്പെട്ടുവന്ന ഒരു വ്യക്തിത്വമെന്ന കൗതുകമുള്ള കാര്യം, ഒരു സാഹിത്യകാരനെന്ന നിലയില്‍ എന്നെ സ്വാധീനിച്ചു. വൈവിധ്യങ്ങളുള്ള, കൂട്ടിയോജിപ്പിച്ചാല്‍ യോജിക്കാത്ത വ്യക്തിത്വവൈവിധ്യങ്ങള് പല ആളുകളുടെ നരേഷനിലൂടെ രൂപപ്പെട്ട ഒരു കഥാപാത്രം.
.jpg?$p=5af3b65&&q=0.8)
ഇതെഴുതുന്ന കാലത്ത് ഞാന്‍ ആ മനുഷ്യനെ അങ്ങേയറ്റം സ്നേഹിക്കുകയും അദ്ദേഹത്തെ എന്റെ വളരെ അടുത്ത ഒരാളായി കാണുകയുമൊക്കെ ചെയ്തിരുന്നു. അതിപ്പോഴും അങ്ങനെത്തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നോവലില്‍ നായകനായി മാറിയ ഈ ചരിത്ര വ്യക്തി അല്ലെങ്കില്‍ ഈ കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണ്. ചിലപ്പോള്‍ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഇതൊരു സാധാരണ കഥാപാത്രമായിതന്നെ തോന്നിക്കൊള്ളണമെന്നില്ല.
കുറ്റാന്വേഷണ നോവലുകളിലെ എഴുത്തിന്റെ സൗന്ദര്യാത്മക, പ്രായോഗികത
ക്രൈം നോവലുകള്‍, ഡിറ്റക്റ്റീവ് നോവലുകള്‍ എന്നൊക്കെ പറയുന്ന നോവലില്‍ സൗന്ദര്യം സാധ്യമാണ്. സാഹിത്യപരമായി ആഴത്തില്‍ ആവിഷ്കരിക്കാനാകുന്ന ജീവിത പരിസരങ്ങള്‍ കുറ്റകൃത്യത്തിന്റെ പശ്ചാത്തലം മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് കണ്ടെത്താന്‍ പറ്റുമോ എന്നാണ് 'കോമ', 'കംമ്പാര്‍ട്ട്മെന്റ്', 'പ്രൈംവിറ്റ്നസ്സ്', '1980' എന്നീകൃതികളിലൂടെ ഞാനും ശ്രമിച്ചത്. വെറുതെ ഭാഷകൊണ്ട് സാഹിത്യ ഭംഗി സൃഷ്ടിക്കുക മാത്രമല്ല.
വർഷങ്ങൾക്കുശേഷം ഞാന്‍ വീണ്ടും കുറ്റാന്വേഷണ നോവലുകളില്‍ പരിശ്രമിക്കുമ്പോള്‍ അതിനെ സോ കോള്‍ഡ്, പള്‍പ്പ് ഫിക്ഷന്‍ എന്നതില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. എന്റെ നോവലുകള്‍ പൂര്‍ണ്ണമായ അര്‍ഥത്തില്‍ കുറ്റാന്വേഷണ നോവലുകളാണ്. അതിലൊരു കൃത്യമായ ഡിറ്റക്ടീവ് ഉണ്ട്. ക്ലാസിക് തേര്‍ഡ് പേഴ്സണിലാണ് അതിന്റെ ആഖ്യാനം. പഴയ നോവലിന്റെ രീതി അതില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡിറ്റക്ടീവ് തെളിവുകള്‍ ഉപയോഗിച്ച് വളരെ കൃത്യമായിട്ടാണ് ക്രൈം തെളിയിക്കുന്നത്. എന്നാല്‍ അത് എന്നെ സംബന്ധിച്ചിടത്തോളം സെക്കന്‍ഡറിയാണ്. പ്രൈമറിയായി വായിക്കുന്ന ഒരാള്‍ക്ക് തോന്നിയേക്കാമെങ്കിലും അത് സെക്കന്‍ഡറി മാത്രമാണ്. ഞാനിതിന്റെ സബ് ടെക്സ്റ്റുകളിലാണ് ഊന്നുന്നത്. '1980' ല്‍ എന്നെ സംബന്ധിച്ചിടത്തോളം ജംബോ മുത്തയ്യന്റെയും, പ്യാരേ ലാലിന്റെയും, സൗമിനയുടേയും ഉമാമഹേശ്വര്‍ എന്നുപറയുന്ന ഡയറക്ടറുടെയുമെല്ലാം ജീവിതങ്ങളാണ്. ആ ജീവിതങ്ങളെയെല്ലാം അടയാളപ്പെടുത്താനും, അവര്‍ ഈ ലോകത്തില്‍ എന്തെല്ലാം ചെയ്തു, അനുഭവിച്ചു, അതിന്റെയെല്ലാം സ്വാധീനം, അത്തരം ആലോചനകളാണ് യഥാര്‍ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ആ ജീവിതങ്ങള്‍ ആവിഷ്കരിക്കാന്‍ ഞാന്‍ സാഹിത്യത്തിന്റെ എല്ലാ സൗന്ദര്യ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ എന്നെകൊണ്ടാവുംവിധം ശ്രമിക്കുന്നു. ഭാഷയില്‍, അനുഭവ സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്നതില്‍, അവ ചിത്രീകരിക്കുന്നതില്‍ എല്ലാംതന്നെ ആ ശ്രമമുണ്ട്.
'1980' എന്ന നോവലില്‍ പലതരത്തിലുള്ള സാമൂഹിക ശാസ്ത്രപരമായ അല്ലെങ്കില്‍ സാമൂഹികചരിത്രപരമായ സബ് ടെസ്റ്റുകളുണ്ട്. ഇതില്‍ 1980 കളിലൂടെ കടന്നുവരുമ്പോള്‍ എഴുപതുകള്‍ മുതല്‍ എണ്‍പതുകളിലൂടെ നീണ്ടുനില്‍ക്കുന്ന ഇന്‍ഡസ്ട്രിയുടെ ഒരു ഹിസ്റ്റോറിക്കല്‍ പാരലല്‍ ഹിസ്റ്റോറിക്കല്‍ റീഡിങ്ങുണ്ട്. ഒപ്പം തന്നെ നമ്മുടെ വ്യവസായത്തിന്റെ, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണുന്ന നമ്മുടെ അടുക്കള പ്രൊഡക്ടുകളുടെയൊക്കെ വ്യാപനത്തിന്റെ ചരിത്രം, അതിന്റെ സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിന്റെ വിദ്വേഷശാസ്ത്രമൊക്കെ നോവലില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ക്രൈം വായിക്കുന്നൊരാള്‍ അതെല്ലാം ഒരുപക്ഷെ ഉപേക്ഷിച്ചേക്കാം. എന്നാല്‍ മറ്റൊരാളെ സംബന്ധിച്ചിടത്തോളം ആരുവേണമെങ്കിലും കൊല്ലട്ടെ, എണ്‍പതുകളുടെ ഈ ഒരു ഹിസ്റ്റോറിക്കലായ സംഗതി എങ്ങനെ പരിണമിച്ചു, അതെങ്ങനെയായിരിക്കും ഈ നോവലിസ്റ്റ് പറയുന്നത് എന്നെല്ലാമായിരിക്കും അന്വേഷിക്കുക.
എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അത് വിഷാദ കാരണമായേക്കാമെങ്കിലും പിന്നീടൊരു കാലത്ത് ഈ നോവല്‍ നിലനില്‍ക്കുകയാണെങ്കില്‍ ഇതിന്റെ ഈ സബ് ടെക്സ്റ്റുകള്‍ ഉറപ്പായും റീറീഡുചെയ്യപ്പെടും. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വിശ്വാസമാണ് എഴുത്തില്‍ എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന ഘടകവും.
ഡിറ്റക്ടീവ് നോവെലെഴുത്തിന്റെ സാധ്യത
ഞാന്‍ കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ലാത്ത ആളാണ്. കഥകളും നോവലുമെഴുതിയിട്ടുണ്ടെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍, 2005-ല്‍ ഒരു വ്യാജ പേരില്‍ കുറ്റാന്വേഷണ നോവല്‍ എഴുതി തുടങ്ങിയതാണ്. കുറ്റാന്വേഷണ നോവലുകള്‍ വളരെ ഗംഭീരമായ ഒരു ജോണറാണ്. അതെഴുതുമ്പോള്‍ എനിക്ക് വലിയൊരു റിസ്ക്കുണ്ട്. ഒരു സോ കോള്‍ഡ് ഉത്തമ സാഹിത്യം വായിക്കുന്ന ആളുകള്‍ എന്നെ കുറ്റാന്വേഷണ നോവലിസ്റ്റല്ലേ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞേക്കാം. സാധാരണ കുറ്റാന്വേഷണ നോവലുകള്‍ മാത്രം വായിക്കുന്ന ആളുകള്‍ ചിലപ്പോള്‍ എന്റെ പുസ്തകങ്ങള്‍ ബോറായിരിക്കും എന്നുവിചാരിച്ച് ഇതും വായിച്ചില്ലെന്നും വരാം. പക്ഷേ ഇപ്പോള്‍ ഞാനതിനെക്കുറിച്ചൊന്നും കാര്യമാക്കാറില്ല. കുറ്റാന്വേഷണ നോവലുകള്‍ എന്ന വിഭാഗത്തില്‍ വലിയ സാധ്യതയാണുള്ളത്. അതിന്റെ കേവലമൊരു 5 ശതമാനമോ 2 ശതമാനമോ മാത്രമായിരിക്കും ഞാനിപ്പോള്‍ ഉപയോഗിച്ചിട്ടുള്ളത്.
നമുക്കറിയാവുന്ന പോലെ ദസ്തേയവ്സ്കി മുതല്‍ ഉമ്പര്‍ട്ടോ എക്കോ വരെ അല്ലെങ്കില്‍ മാന്കിലോ, സെമനോണോ എല്ലാം ഈ തരത്തിലുള്ള ലിറ്ററേച്ചറിന് എത്ര ആഴത്തില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്. അത് സാധ്യമാണ്. കാരണം, മറ്റ് ജീവികളെപ്പോലെയല്ല, മനുഷ്യന് കുറ്റവാളി കൂടിയാണ്. മൃഗങ്ങള്‍ക്ക് കുറ്റകൃത്യമോ കുറ്റസംഹിതയോ ശിക്ഷാ സംഹിതയോ ഒന്നുമില്ല. മനുഷ്യര്ക്കിതെല്ലാമുണ്ട്. ഞാനിത് വളരെ ഗൗരവത്തോടെയാണ് എടുക്കുന്നത്. കുറ്റാന്വേഷണ നോവലുകളില്‍ കാര്യമായി വര്‍ക്ക് ചെയ്ത് അതിനെ കുറേകൂടി ഫിക്ഷന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടരാനാണ് ഞാനാഗ്രഹിക്കുന്നത്. വായനക്കാരുടെയും പ്രസാധകരുടെയും പിന്തുണകൊണ്ടുമാത്രമാണ് അതെല്ലാം സാധ്യമാകുന്നത്. മാതൃഭൂമി ബുക്സും വായനക്കാരും എനിക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്.
Content Highlights: Writer Anvar Abdullah, Interview, 1980 Malayalam Detective Novel, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..