വിജയന്റെ നോവലുകള്‍ വായിച്ചല്ല ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടത് : ആനന്ദി രാമചന്ദ്രന്‍


ഷബിത

ശാരീരികമായി വളരെ തളര്‍ന്നുപോകുന്ന അവസരത്തില്‍ ഒരു കച്ചിത്തുരുമ്പില്‍ പോലും പിടിച്ചുകയറാന്‍ ശ്രമിക്കും. അതായിരുന്നു വിജയന്റെ ആശ്രമവാസം.

ഒ.വി.വിജയൻ, ആനന്ദി രാമചന്ദരൻ, ഫോട്ടോ: കെ.ആർ.വിനയൻ, അഖിൽ.ഇ.എസ്

ലയാളത്തിന്റെ ഇതിഹാസകഥാകാരൻ ഒ.വി വിജയൻ ഓർമയായിട്ട് 2021 മാർച്ച് 30ന് പതിനാറു വർഷം തികയുകയാണ്. മലയാള സാഹിത്യത്തെ ഖസാക്കിന് ശേഷം, ഖസാക്കിനുമുമ്പ് എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങളായി തിരിച്ച ഖസാക്കിന്റെ ഇതിഹാസം പന്ത്രണ്ട് വർഷമെടുത്ത് പൂർത്തീകരിച്ചപ്പോൾ എഴുത്തുകാരൻ പ്രതികരിച്ചത് അത് ഞാനൊരു രസത്തിന് വേണ്ടി എഴുതിയതാണെന്നാണ്. ധർമപുരാണവും കടത്തത്തീരത്തും ഖസാക്കോളം പ്രതിധ്വനികൾ ഉണ്ടാക്കിയില്ലെങ്കിലും ഒ.വി വിജയൻ എന്ന എഴുത്തുകാരന്റെ തൂലികയെ സാകൂതം വീക്ഷിക്കുന്ന ഒരു അവസ്ഥാവിശേഷം സംജാതമാവുകയായിരുന്നു. ആനന്ദി രാമചന്ദ്രൻ എന്ന പേര് ഒ.വി വിജയനോട് ചേർത്തുവായിച്ചാണ് മലയാളത്തിന് പരിചയം. അത്രമേൽ ദൃഢമായ ഒരു സൗഹൃദമായിരുന്നു ആനന്ദിയും വിജയനും തമ്മിൽ. വിജയന്റെ സ്നേഹോഷ്മളമായ സ്മരണകൾ മാതൃഭൂമി ഡോട്ട് കോമുമായി ആനന്ദി രാമചന്ദ്രൻ പങ്കുവെച്ചിരുന്നു.

തെരേസ ടീച്ചർ അനുവദിച്ചുതന്ന സൗഹൃദമായിരുന്നു ആനന്ദിയും ഒ.വി വിജയനും തമ്മിൽ. എങ്ങനെയായിരുന്നു ആ കണ്ടുമുട്ടൽ?

എഴുപതുകളുടെ അവസാനമാണ് ഞാൻ വിജയനുമായി അടുക്കുന്നത്. വിജയന്റെ നോവലുകൾ വായിച്ചല്ല ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. ലേഖനങ്ങളിലെ നിലപാടുകളായിരുന്നു എന്നെ അടുപ്പിച്ചത്. കത്തുകളിലൂടെ ഞങ്ങൾ പരസ്പരം ആശയസാമ്യതകളും വൈരുദ്ധ്യങ്ങളും പങ്കുവെച്ചു. നേരിട്ടു കണ്ടപ്പോൾ ആ ബന്ധം കൂടുതൽ ദൃഢമായി. ഒരുതരം പ്ലേറ്റോണിക് ലവ് ഞങ്ങൾ പരസ്പരം സൂക്ഷിച്ചിരുന്നു. വിജയൻ പോയതിനുശേഷവും ഇന്നും ഞാനത് തുടരുന്നു.

വിജയനെനിക്ക് എന്തായിരുന്നു എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരു മാർഗദർശിയായിരുന്നോ, പിതാവായിരുന്നോ, മകനായിരുന്നോ, സഹോദരനായിരുന്നോ, കാമുകനായിരുന്നോ, സുഹൃത്തായിരുന്നോ... ഒരു കണക്കിന് പറഞ്ഞാൽ യഥാർഥസൗഹൃദം എന്നു പറഞ്ഞാൽ അതൊക്കെത്തന്നെയല്ലേ.

സാധാരണ വിജയനെ ഏറെക്കുറേ വിലയിരുത്തുന്നത് ഖസാക്കിന്റെ ഇതിഹാസമല്ലേ. എന്നാൽ എന്നെ ആകർഷിച്ചത് ലോകത്തോടുള്ള വിജയന്റെ കാഴ്ചപ്പാടുകളായിരുന്നു. വിജയന് ഒരു നിലപാടുണ്ടായിരുന്നു. ആരെയും കൂസാതെ ആ നിലപാടുകളെ കയ്യടക്കാനുള്ള ഇച്ഛാശക്തിയും വിജയനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്ന ആളായിരുന്നല്ലോ വിജയൻ. പിന്നെ കമ്യൂണിസത്തിന്റെ വലിയ വിമർശകനായി മാറി. അതേസമയം ജൂതർക്ക് ഇസ്രായേൽ കൊടുത്തതിനെ ന്യായീകരിച്ചു. വേട്ടയാടപ്പെട്ടവരോട് പ്രതിബദ്ധത കാണിച്ചു. സംവരണത്തിന്റെ ആനുകൂല്യത്തിന് അർഹനായ വിജയൻ അത് നിരാകരിച്ചത് സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്ത് നിലകൊള്ളുന്നതിന്റെ ഭാഗമായാണ്.

എങ്ങനെയായിരുന്നു അക്കാലത്ത് നിങ്ങൾ നിരന്തരം സംവദിച്ചിരുന്നത്?

കത്തെഴുതും, ഫോൺ ചെയ്യും, നേരിട്ട് കാണും. പല ദിവസങ്ങളിലും കൂടെ താമസിച്ചിട്ടുണ്ട്. വല്യ വാത്സല്യമായിരുന്നു എന്നോട്. ഞാൻ ആലോചിക്കുന്നതാണ് ആനന്ദി പറയുന്നതെന്ന് ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാടുകൾ തമ്മിൽ നല്ല സാമ്യതയുണ്ടായിരുന്നു.

ഗൾഫിൽ എന്തായിരുന്നു ജോലി ചെയ്തിരുന്നത്?

ഞാൻ സ്കൂളിൽ ടീച്ചറായിരുന്നു കുറച്ചുകാലം. പിന്നീട് റോയൽ ഫാമിലിയിലെ ട്യൂട്ടറായി. പിന്നെ ഞാൻ ബിസിനസ്സിൽ ശ്രദ്ധിച്ചു.

തെരേസ വളരെ ജനാധിപത്യപരമായിട്ടാണല്ലോ നിങ്ങളുടെ സൗഹൃദത്തെ കണ്ടിരുന്നത്.

തെരേസയുമായും എനിക്ക് നല്ല ബന്ധമായിരുന്നു. വിജയൻ അവസാനനാളുകളിൽ ആശുപത്രിയിൽ കിടക്കുമ്പോൾ തെരേസ എന്നെ വിളിച്ചു. എന്നോട് വിജയനെന്തോ പറയാനുണ്ടെന്ന് പറഞ്ഞു. ഞാൻ അദ്ദേഹം കിടക്കുന്ന മുറിയിലേക്കു ചെന്നു. എന്നോടെന്തോ പറയാനാഞ്ഞു. പക്ഷേ, പറയാൻ കഴിയുന്നില്ല. ഞാൻ പെൻസിലും പേപ്പറും എടുത്തുകൊടുത്തു. കൈ വിറച്ചതുമൂലം എഴുതാനും കഴിയുന്നില്ല. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. എന്നോട് പറയാനുള്ളതെന്തായിരുന്നു എന്ന് ഞാൻ ഇപ്പോഴും ആധിയോടെ ഓർക്കാറുണ്ട്. അതെനിക്ക് കേൾക്കാൻ കഴിയാതെ പോയല്ലോ എന്ന സങ്കടവും.

തെരേസയും വിജയനും കോട്ടയത്തുണ്ടായിരുന്ന സമയത്ത് എന്റെ കത്തുകൾ വിജയന് വായിച്ചുകൊടുക്കുക തെരേസയായിരുന്നു. വിജയൻ എനിക്കാരായിരുന്നു എന്ന് ഞാനതിൽ എഴുതിയത് തെരേസ വായിച്ചുകൊടുത്തപ്പോൾ വിജയൻ ഏറെ സന്തോഷിച്ചു എന്ന് തെരേസ എനിക്ക് മറുപടിയെഴുതി. നിർവചിക്കാൻ പറ്റാത്ത ആ ബന്ധത്തെ തെരേസയുടെ ജനാധിപത്യബോധം അംഗീകരിച്ചിരുന്നു.

സ്വന്തമായി ഒരു റോഡ് മുറിച്ചുകടക്കാൻ പോലും ഉൾഭയമുള്ള ആളായിരുന്നു വിജയൻ എന്ന് പറയാറുണ്ടല്ലോ?

ശരിക്കും ആയിരുന്നു. ശാരീരികമായി ദുർബലനായിരുന്നു. പക്ഷേ മാനസികമായി വളരെ ശക്തനും. ആരോടും ഒന്നും ആവശ്യപ്പെടില്ല. എന്താണ് വിജയന് വേണ്ടതെന്ന് നിരന്തരം ചോദിച്ചപ്പോൾ ഒരു കാലിഗ്രാഫ് മതിയെന്നാണ് പറഞ്ഞത്. ഗൾഫിലിരിക്കുമ്പോൾ വിജയന്റെ കൃതികൾ ഞാൻ വായിച്ചുകൊടുക്കും. മിണ്ടാതെ അത് കേട്ടിരിക്കും കുറേ നേരം. പിന്നെ മറ്റുള്ളവരുടെ പുസ്തകങ്ങളും വായിച്ചുകൊടുക്കും. ചിലപ്പോൾ ഒന്നും മിണ്ടാതെ മുഖത്തോടുമുഖം നോക്കി കുറേനേരമങ്ങനെ ഇരിക്കും. എത്ര സമയം വേണമെങ്കിലും അങ്ങനെ ഇരിക്കാൻ വല്യ ഇഷ്ടമായിരുന്നു. ഒരു തപസ്സിയുടെ ശ്രദ്ധയോടെ ഇരിക്കുന്ന അതേ അനുഭവമാണ് എനിക്കപ്പോളൊക്കെ തോന്നിയിട്ടുള്ളത്.

ആനന്ദിയുടെ കുടുംബം? ഒരെഴുത്തുകാരനോട് ഇത്രയധികം വ്യക്തിബന്ധം സൂക്ഷിക്കുക എന്നത് അത്ര എളുപ്പമായിരുന്നോ?

എന്റെ ഭർത്താവ് അഭിഭാഷകനാണ്. ബിസിനസ്സുമുണ്ട്. മൂന്നു മക്കളുണ്ട്. മൂത്ത മകൻ അമേരിക്കയിലാണ്. ഇളയ രണ്ടുപേർ ബിസിനസ്സുകൾ നോക്കി നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കങ്ങനത്തെ സദാചാരപ്രശ്നങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. വിജയന് കത്തുകളെഴുതുന്നത് ഭർത്താവ് അനുകൂലിച്ചിരുന്നു. മക്കൾ വിജയനോട് നല്ല ബന്ധം പുലർത്തിയിരുന്നു. ഇളയമകൻ ഇംഗ്ലീഷിൽ കവിതകൾ എഴുതിയപ്പോൾ വിജയൻ താത്‌പര്യത്തോടെ പ്രോത്സാഹിപ്പിച്ചിരുന്നു.

സാഹിത്യകാരന്മാരുമായി ഒരു ചെറിയ അകൽച്ച ഞാൻ എപ്പോളും പാലിച്ചിരുന്നു. ഇവരൊക്കെ ഒരു സ്വപ്നജീവികളാണ് എന്നത് എന്നെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. വിജയനാണ് അത് തിരുത്തിയത്. പിന്നെ വിജയൻ മുഖേന കുറച്ചുപേരെ പരിചയപ്പെട്ടു.

ov vijayan, theresa, anandi ramachandran

വിജയൻ റൊമാന്റിക്കായിരുന്നോ?

അല്ല. വിജയൻ ഒട്ടും റൊമാന്റിക്കായിരുന്നില്ല. ഒരു കത്തിൽ വിജയൻ എഴുതി. എനിക്ക് ആണോ പെണ്ണോ എന്ന വ്യത്യാസമില്ല, എന്റെ സൗഹൃദങ്ങൾ ലിംഗാതീതമാണ്. ആ ഒരു സ്വാത്വിക മനോഭാവമാണ് ഞാൻ വിജയനിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത. വളരെ മുമ്പേ ഞാൻ വിജയനെ കണ്ടുമുട്ടിയിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ഞാൻ മറ്റാർക്കും വിട്ടുകൊടുക്കില്ലായിരുന്നു. എന്റെതു മാത്രമാക്കിയേനെ.

കഥാകൃത്ത്, നോവലിസ്റ്റ്, കോളമിസ്റ്റ്, കാർട്ടൂണിസ്റ്റ്... ഇങ്ങനെ പല മേഖലകളിലും കഴിവുതെളിയിച്ച വിജയനെ തേടി എത്ര അവാർഡുകളെത്തിയിട്ടുണ്ട്? അതിനെക്കുറിച്ചു വിഷമമൊന്നുമില്ലേ എന്നൊരിക്കൽ ഞാൻ ചോദിച്ചു. അപ്പോൾ ഖസാക്ക് വായിച്ചിട്ട് ആനന്ദിക്ക് എന്തുതോന്നി എന്നു തിരിച്ചു ചോദിച്ചു. എനിക്കിഷ്ടമായി എന്നു പറഞ്ഞപ്പോൾ അതാണെനിക്ക് കേൾക്കേണ്ടത് എന്നു പറഞ്ഞു. വിജയന് അത്ര ഗാഢമായ സൗഹൃദങ്ങളില്ലായിരുന്നു. ബന്ധുബലവുമില്ലായിരുന്നു. ആരോടും ആരെപ്പറ്റിയും ഒന്നിനെക്കുറിച്ചും പരാതികളുമില്ലായിരുന്നു.

വിജയന്റെ ഇഷ്ടങ്ങൾ എന്തൊക്കെയായിരുന്നു?

എഴുത്തിനോടല്ലാതെ വിജയന് മറ്റൊന്നിനോടും പ്രത്യേകിച്ചൊരു ഇഷ്ടവുമില്ലായിരുന്നു. അവസാനകാലത്താണ് വിജയനെതിരേ വിമർശനമുയർന്നത്. അതൊന്നും മനപൂർവമായിരുന്നില്ല. അസുഖം മാറും എന്നു കരുതി ആശ്രമത്തിൽ പോയതിന് ഞാനും വിജയനെ വിമർശിച്ചു. ഒരിക്കൽ ഞാനവിടെ പോയപ്പോൾ മോഷണക്കുറ്റമാരോപിച്ച് ഒരു കുട്ടിയെ ചങ്ങലയ്ക്കിട്ടിരിക്കുന്നു. അപ്പോൾ ഞാൻ ഞാനെഴുതി, വിജയാ ഒരു കുട്ടിയെ തിരുത്താൻ കഴിയാത്ത ആശ്രമം എന്താണ്? അപ്പോൾ വിജയനെഴുതി, ആനന്ദീ അതെന്നെ കൂടുതൽ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ ഇനി അങ്ങോട്ടുപോകുന്നില്ല എന്നു തീരുമാനിച്ചിരിക്കുന്നു. നമ്മൾ ശാരീരികമായി വളരെ തളർന്നുപോകുന്ന അവസരത്തിൽ ഒരു കച്ചിത്തുരുമ്പിൽ പോലും പിടിച്ചുകയറാൻ ശ്രമിക്കും. അതായിരുന്നു വിജയന്റെ ആശ്രമവാസം.

ഒ.വി വിജയൻ സ്മാരകം ആനന്ദിയുടെ പരിശ്രമം കൂടിയാണല്ലോ

വിജയൻ മരിച്ച് നാല് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം പോലും ഉയരുന്നില്ലെന്നത് എനിക്ക് വിഷമമുണ്ടാക്കുന്നതായിരുന്നു. ഞാനിക്കാര്യം ബി. സന്ധ്യയുമായി പങ്കുവെച്ചു. പറ്റിയ ഒരു സ്ഥലം കണ്ടെത്തിക്കൊള്ളാൻ സന്ധ്യയാണ് പറഞ്ഞത്. രണ്ട് മൂന്ന് സ്ഥലങ്ങൾ പോയിക്കണ്ടു. പിന്നെയാണ് മലപ്പുറത്ത് എത്തിപ്പെടുന്നത്. വിജയനുമായി ഒരു പൈതൃകബന്ധം കൂടി ആ സ്ഥലത്തിനുണ്ടായിരുന്നു. വിജയന്റെ മുത്തശ്ശിയെ സംസ്കരിച്ചിരിക്കുന്നത് അവിടെയാണ്. അങ്ങനെ ഒ.വി വിജയൻ സ്മാരകം അവിടെ പണിയുകയായിരുന്നു. എല്ലാ വർഷവും വിജയന്റെ ജന്മദിനാഘോഷവും മറ്റുമൊക്കെയായി നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നതാണ്. അപ്പോഴേക്കും മാവോയിസ്റ്റ് പ്രശ്നങ്ങൾ കാരണം അവിടെ അടച്ചിടേണ്ടി വന്നു. വിശാലമായ ഒരു ലൈബ്രറിയൊക്കെ ഉണ്ടായിരുന്നു. അതിനുശേഷം തസ്രാക്കിൽ പി.ആർ അജയൻ മുൻകൈയെടുത്ത് നല്ലൊരു സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ട്. വർഷത്തിലും അവിടെ ചേരാറുണ്ട് ഞങ്ങൾ. പിന്നെ അദ്ദേഹത്തിന്റെ സഹോദരി ഒ.വി ഉഷ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ താമസിക്കുന്നത്. വിജയന്റെ സഹോദരി എന്റേതും കൂടിയാണ്.

വിജയൻ ദൈവവിശ്വാസിയായിരുന്നോ?

അല്ലായിരുന്നു. പിന്നെ ദൈവത്തിൽ വിശ്വസിച്ചുതുടങ്ങി അവസാനകാലത്തേക്ക്. ദൈവമെന്നത് വിജയനെ സംബന്ധിച്ചിടത്തോളം ഒരു എനർജിയായിരുന്നു. ഒരു മതത്തോടും വിജയന് പ്രതിപത്തിയില്ലായിരുന്നു.വിജയനെ തെറ്റിദ്ധരിക്കുന്നവർ പറയുന്നതാണ് വിജയൻ ഒരു ഹിന്ദുഫാസിസ്റ്റായിരുന്നെന്ന്. ആത്മീയവാദം വിജയനുണ്ടായിരുന്നു എന്നത് ശരിയാണ്. വിജയന്റെ ആത്മീയത ഒരിക്കലും മതവുമായി കൂട്ടിവായിക്കാൻ പറ്റാത്തതാണ്.

വ്യക്തിപരമായി ഒരുപാട് വിഷമിച്ചിട്ടുണ്ട് വിജയൻ. പന്ത്രണ്ടാം ക്ലാസു കഴിഞ്ഞപ്പോൾ മകൻ അമേരിക്കയിലേക്ക് പോയത് ഇഷ്ടമില്ലായിരുന്നു. പിന്നെ അതുപോലെ അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ ഉണ്ടായ അനാവശ്യവിവാദങ്ങൾ മറ്റുള്ളവരെയും ദുഃഖിപ്പിച്ചു. വിജയന്റെ മരണാനന്തരം വേണ്ടപ്പെട്ടവരുടെ ശ്രദ്ധക്ഷണിക്കൽ എന്നു മാത്രമേ എനിക്കതിനെയൊക്കെ വിശേഷിപ്പിക്കാനുള്ളൂ.

(പുനഃപ്രസിദ്ധീകരണം)

ഒ.വി.വിജയന്റെ പുസ്തകങ്ങൾ വാങ്ങാം

Content highlights :anandi ramachandran speak about o v vijayan in sixteenth death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented