
നർഗീസ് അബ്യാർ (കടപ്പാട്: Golden Globe Awards)
അനാ ഡൈമണ്ഡ്: എഴുത്തുകാരിയെന്ന നിലയില്‍ പ്രശസ്തയായിരുന്ന ഘട്ടത്തില്‍ സിനിമയിലേക്ക് വരാനെന്തായിരുന്നു കാരണം?
നര്‍ഗീസ് അബ്യാര്: സിനിമയ്ക്ക് ഒരു വ്യക്തിയെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുമെന്ന് ഞാന്‍ തിരിച്ചറിയുന്നത്, ഇറാന് സംവിധായകന് ബഹ്മാന് ഗൊബാദി (Bahman Ghobadi)യുടെ 'ടര്‍ടില്‍സ് കേന് ഫ്ളൈ' കണ്ടതിനുശേഷമാണ്. അതുപോലൊരുചിത്രം അതിനുമുന്‍പ് ഞാന്‍ കണ്ടിരുന്നില്ല. അതോടെ എനിക്കും അത്തരമൊരു ചിത്രം നിര്മിക്കണമെന്നുതോന്നി. അതുവഴി ലോകത്തിലെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു.
അതിപ്പോള്‍ നേടിയെന്ന് തോന്നുന്നുണ്ടോ?
വളരെ പ്രയാസപ്പെട്ടാണെങ്കിലും നേടിയെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.
താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം ബ്രത് (Breath)നെക്കുറിച്ച് സംസാരിക്കാം. അത് സംവിധാനം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
ചിത്രം നിര്‍മിക്കുന്നതിന് പത്തുവര്ഷങ്ങള്ക്കുമുന്പ് അതിന്റെ കഥ എന്റെ മനസ്സിലുണ്ടായിരുന്നു. അക്കാലത്ത് ഞാന്‍ കേട്ടിരുന്ന ചില യഥാര്‍ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒന്ന്്. അത് ഓരോ ഘട്ടങ്ങളായി ഞാന്‍ വികസിപ്പിച്ചുകൊണ്ടിരുന്നു, പതുക്കെയാണെങ്കിലും ഞാനത് പൂര്‍ത്തിയാക്കി. പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയോ വിസ്മയിപ്പിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങളില്‍ എനിക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല. യുദ്ധത്താല്‍ തകര്‍ന്ന ഒരു കുട്ടിയുടെ കണ്ണുകളിലൂടെ, ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. സംഘര്ഷങ്ങള്ക്കിടയില്ക്കഴിയുന്ന കുട്ടിയുടെ ഭാവനാശക്തി രേഖപ്പെടുത്തുന്ന ഒരു ചിത്രമായിരുന്നു ലക്ഷ്യം. ചിന്തയും സര്‍ഗശക്തിയും അവളില്‍നിന്ന് എടുത്തുമാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ആവിഷ്കരിക്കലായിരുന്നു ഉദ്ദേശ്യം. അതുകൊണ്ട് ബ്രത്തിന്റെ ചിത്രീകരണം എനിക്ക് തികച്ചും വൈകാരികമായ ഒരനുഭവമായിരുന്നു.
താങ്കളുടെ കുട്ടിക്കാലത്തായിരുന്നല്ലോ ഇറാന് ഇറാഖ് യുദ്ധം? ആത്മകഥാപരമായ സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്കരിച്ചിട്ടുണ്ടോ?
എന്റെ അനുഭവങ്ങള്‍ ചിത്രത്തില്‍ അത്രയധികമില്ല. ആധുനികലോകംകണ്ട ഏറ്റവുംനീണ്ട യുദ്ധമാണല്ലോ ഇറാന് ഇറാഖ് യുദ്ധം. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലം അത് നീണ്ടുനിന്നു. അമേരിക്കയടക്കമുള്ള ലോകത്തിലെ എല്ലാ പ്രധാന സൈനികശക്തികളും പങ്കെടുത്ത യുദ്ധമാണെങ്കിലും പലരും അത് കാര്യമായി ഓര്‍മിക്കാറില്ല എന്നതാണ് സത്യം. അത് വെറുമൊരു ആഭ്യന്തര സംഘര്‍ഷമായിരുന്നില്ല. പല രാജ്യങ്ങളും പല മതവിഭാഗങ്ങളും ഉള്‍പ്പെട്ട, ക്രൂരമായ അക്രമങ്ങള്‍ നിറഞ്ഞ യുദ്ധമായിരുന്നു. എന്റെ ബാല്യകാലത്താണ് യുദ്ധം നടക്കുന്നത്.
എന്നാല്‍ എന്റെ അനുഭവങ്ങളെക്കാള്‍ ഞാന്‍ അക്കാലത്ത് കണ്ടുമുട്ടിയവരുടെയും വായിച്ചറിഞ്ഞവരുടെയും അനുഭവങ്ങളാണ്ചിത്രം ആവിഷ്കരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബഹാറിന്റെ കഥ, യുദ്ധത്തില്‍ കൊല്ലപ്പെട്ട മൂവായിരം കൊച്ചുകുട്ടികളുടെ കഥയാണ്. അവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹങ്ങളും ഭാവനയും സ്വപ്നങ്ങളും, അവ അവരില്‍ സൃഷ്ടിച്ച മാതാപിതാക്കളുമുണ്ടായിരുന്നു.
യുദ്ധങ്ങള്ക്കിടയില്പ്പെടുന്ന നിരപരാധികളായ കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിറിയയിലെയും യെമെനിലെയും യുദ്ധങ്ങളില്‍ മരിച്ചുവീഴുകയും അഭയാര്‍ഥികളാകുകയും ചെയ്യുന്ന കൊച്ചുകുട്ടികളെക്കുറിച്ച് നാം ഓര്‍ത്തുപോകും. അവരെക്കുറിച്ചെന്താണ് പറയാനുള്ളത്?
ദയവായി അവയൊന്നുമെന്നെ ഓര്മിപ്പിക്കരുത്. പൊതുവേ, യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണമറിയിക്കാറുണ്ട്. ഒരിക്കലുമത് ശരിയല്ല. സ്ത്രീകളെയും കുട്ടികളെയും നമുക്ക് ഒരേപോലെ കാണാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ കൃത്യമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. പക്ഷേ, കുട്ടികള്ക്കതിനുകഴിയില്ല. അവര്‍ പേടിച്ച്, ഭീഷണികള്ക്കുമുന്പില് അന്തംവിട്ടിരിക്കും. എന്നാല്‍, മരണമെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയില്ല. അവര്‍ നിഷ്കളങ്കരും ലോകമെന്തെന്നറിയാത്തവരുമാണ്. ശത്രുക്കള്‍ക്ക് എളുപ്പത്തിലവരെ ഭീഷണിപ്പെടുത്തി കീഴടക്കാം.
ബ്രത്ത്, ഒരു കുട്ടിയുടെ കഥയ്ക്കപ്പുറം കൂടുതലാഴത്തിലുള്ള വല്ല സൂചനകളുമുള്ക്കൊള്ളുന്നുണ്ടോ?
ഇല്ല, അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. കളിച്ച് നടക്കുന്ന ഒരു കുട്ടി തന്റെ ജീവിതം നേരിടുന്ന പ്രയാസങ്ങള്‍ സ്വന്തം ഭാവനയുപയോഗിച്ച് മറികടക്കുന്നതാണ് ബ്രത്ത് ദൃശ്യവത്കരിക്കുന്നത്. നഷ്ടമാകുന്ന നിഷ്കളങ്കതയെക്കുറിച്ചുള്ള കഥയാണത്. എന്നാല്‍, ചിലരതിനെ അമിതമായി വ്യാഖാനിക്കുകയായിരുന്നു. ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുകയും മതപഠന ക്ലാസില്‍ തളര്‍ന്നിരിക്കുകയും ചെയ്യുന്ന കുട്ടിയല്ല ചിത്രത്തിലെ മുഖ്യപ്രമേയം. അതായിരിക്കാമായിരുന്നു. പക്ഷേ, ഞാന്‍ കേന്ദ്രീകരിച്ചത് അതായിരുന്നില്ല.
പക്ഷേ, ആ ദൃശ്യങ്ങളുടെ പേരില്‍ നിങ്ങള്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു?
ഞാന്‍ എന്തുകൊണ്ടാണ് അതുപോലുള്ള അധ്യാപകരെ ചിത്രീകരിച്ചതെന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. ആരെയാണോ നാമത് പഠിപ്പിക്കുന്നത് അവരെ ബഹുമാനിക്കാതെ നമുക്കത് ശരിയായി ചെയ്യാന്‍ കഴിയില്ല. പലരും ചിത്രം മതത്തെ അപമാനിക്കുന്നതായി വ്യാഖാനിച്ചു. ആ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനവര്‍ ആവശ്യമുന്നയിച്ചു. സംവിധായികയെന്ന നിലയില്‍ എന്റെ കഴിവിനെ ചോദ്യംചെയ്യാനായി ആ ദൃശ്യങ്ങളുപയോഗിക്കാന് തുടങ്ങി. അവയൊക്കെയെന്നെ സങ്കടപ്പെടുത്തിയിരുന്നു.
ഒടുവില്‍ അവയെന്തുചെയ്തു?
ആ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം കുറച്ചുകൊണ്ട് ഞാന്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ മൊത്തം നറേറ്റീവില്‍ അത് നിലനിര്ത്തണമെന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നേരിട്ട വിമര്ശനങ്ങള്ക്കുപുറമേ, ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ കൂടുതല്‍ ഊര്ജസ്വലരാവേണ്ടതായിരുന്നുവെന്ന വിമര്‍ശനം നേരിട്ടിരുന്നുവല്ലോ?
ഞാന്‍ നിര്‍മിച്ച ചിത്രത്തെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. അവ 'എന്റെ' സൃഷ്ടിയാണ്. ഫെമിനിസ്റ്റ് സങ്കല്പങ്ങളെയും സംഘടനകളെയും പ്രീതിപ്പെടുത്താനല്ല ഞാന്‍ സിനിമകള്‍ നിര്‍മിക്കുന്നത്. ഓസ്കറിനായി മത്സരിക്കാന്‍ എനിക്ക് ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല.
ഫെമിനിസത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു ചലച്ചിത്ര സംവിധായികയെന്ന നിലയിലെന്താണ് അതിനോടുള്ള സമീപനം?
ഞാന്‍ ഏതെങ്കിലുമൊരു വ്യക്തിയെയോ സംഘടനയെയോ പിന്തുണയ്ക്കാനുദ്ദേശിക്കുന്നില്ല. ഒരു ഫെമിനിസ്റ്റ് ചലച്ചിത്രകാരിയുടെ ചട്ടക്കൂടിനകത്ത് കഥാപാത്രങ്ങളെ ഒതുക്കാന്‍ എനിക്കുദ്ദേശ്യമില്ല. കാരണം, കൃത്യമായിപ്പറഞ്ഞാന് ഞാനൊരു ഫെമിനിസ്റ്റല്ല. എന്റെ ചിത്രങ്ങള്‍ സ്ത്രീകളെക്കുറിച്ചും അവരുടെ പോരാട്ടങ്ങളെക്കുറിച്ചുമായതുകാരണം, ഈ അടുത്തകാലത്തെന്നെ പലരും ഫെമിനിസ്റ്റെന്ന് വിശേഷിപ്പിക്കാറുണ്ട്.
പണ്ട് ഫെമിനിസ്റ്റെന്ന് വിളിക്കുന്നത് വിവാദമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. ഇന്ന് അതല്ലെങ്കിലാണ് വിവാദമാകുന്നത്?
ചുറ്റും കാണുന്ന സ്ത്രീകളും പുരുഷന്മാരും തമ്മില്‍ പലകാര്യങ്ങളിലും അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടെന്ന് എനിക്കറിയാം. അവസരങ്ങള്‍ ലഭ്യമാകുന്ന കാര്യത്തില്‍ സ്ത്രീകളെപ്പോഴും പിന്നിലാണെന്നത് സത്യമാണ്.
ഇറാനില്‍ നിലനില്‍ക്കുന്ന സ്ത്രീപുരുഷവ്യത്യാസങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് കരുതുന്നത്?
ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമായ നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഒരു 'സംവിധായിക'എന്ന നിലയിലല്ലാതെ സിനിമ സംവിധാനം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ജനങ്ങളെന്നെ കാണണമെന്ന ആഗ്രഹമെനിക്കുണ്ട്.
എന്തൊക്കെയായിരുന്നു ആ തടസ്സങ്ങള്‍?
ഒരു കലാരൂപമെന്നനിലയില്‍ സിനിമയ്ക്ക് വന്‍ സാമ്പത്തിക മുതല്‍മുടക്ക് ആവശ്യമാണ്. അത് ലഭിക്കണമെങ്കില്‍ മറ്റുള്ളവര്‍ക്ക് നമ്മില്‍ വിശ്വാസമുണ്ടായിരിക്കണം. ഇറാനില്‍ ഒരു സംവിധായിക നേരിടുന്ന പ്രധാനപ്രശ്നം സാമ്പത്തികമാണ്.
എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ചിത്രം ഓസ്കര് നോമിനിയാണെന്നറിഞ്ഞപ്പോള് എന്തുതോന്നി?
തീര്‍ച്ചയായും സന്തോഷം തോന്നി. അതെനിക്കുമാത്രമല്ല, ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ക്കും അഭിമാനകരമാണ്. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും ഓസ്കര് നോമിനേഷനാണെന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ബ്രത്ത്, അക്കാദമി അവാര്‍ഡിനായി മത്സരിച്ചപ്പോള്‍ ഇറാനിലെ സംസ്കാരം മനസ്സിലാക്കാനായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ ചിത്രം കാണാന്‍ ക്ഷണിച്ചിരുന്നല്ലോ?
റോയ്റ്റേഴ്സുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ഞാന്‍ ട്രംപിനെ ക്ഷണിക്കുന്നത്. പക്ഷേ, അവര്‍ പ്രക്ഷേപണം ചെയ്ത വാര്ത്തയിലതുണ്ടായിരുന്നില്ല. ബ്രത്ത് കാണുകയാണെങ്കില്‍, ഇറാനിലെ നിരപരാധികള്‍ നേരിടുന്ന യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കാന്‍ ട്രംപിന് കഴിയുമെന്നാണ് ഞാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
കടപ്പാട് : Ana Diamond, www.cinaste.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..