സ്ത്രീകള്‍ അധികാരത്തിലെത്തുന്നതിനെ ഭയക്കരുത് എന്നാണ് ഞാനെന്റെ മകന് നല്‍കുന്ന ഉപദേശം


ഹുമ ആബിദിന്‍/ഷിജു സുകുമാരന്‍

1996ല്‍ വൈറ്റ്ഹൗസില്‍ ഇന്റേണ്‍ഷിപ്പിനെത്തിയതോടെയാണ് ഹുമയുടെ ജീവിതം മാറിമറിഞ്ഞത്. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന കാലമാണത്. പ്രഥമ വനിതയായിരുന്ന ഹില്ലരി ക്ലിന്റന്റെ സ്റ്റാഫിലായിരുന്നു ഹുമയുടെ നിയമനം. വെള്ളക്കാരാല്‍ നിറഞ്ഞ വെണ്‍മാളികയില്‍ ബ്രൗണ്‍നിറക്കാരിയായ ആ മുസ്‌ലിം പെണ്‍കുട്ടി ആദ്യമൊന്ന് പകച്ചെങ്കിലും കഴിവും അതുനല്‍കിയ ആത്മവിശ്വാസവും കൊണ്ട് പടവുകള്‍ ഒന്നൊന്നായി കയറി.

ഹുമ ആബിദിൻ

ന്ത്യന്‍ വംശജയായ ഹുമ ആബിദിന്‍ അമേരിക്കയിലെ ഏറ്റവും പ്രമുഖരായ പൊളിറ്റിക്കല്‍ സ്റ്റാഫര്‍മാരിലൊരാളാണ്. ഹില്ലരി ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയായ ഹുമ, ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്തെ വൈറ്റ് ഹൗസിന്റെ ഓരോ ചലനത്തിന്റെയും സാക്ഷികളിലൊരാളുമാണ്. ക്ലിന്റണ്‍മോണിക്കാ ലെവിന്‍സ്‌കി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസില്‍ കൊടുങ്കാറ്റടിച്ച നാളുകളായിരുന്നു അത്. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസസ് അക്കാദമിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എത്തിയപ്പോഴാണ് ഹുമ തന്റെ ലോകത്തെക്കുറിച്ച് സംസാരിച്ചത്

അമേരിക്കയില്‍ ജനിച്ച്, സൗദി അറേബ്യയില്‍ വളര്‍ന്ന് വീണ്ടും അമേരിക്കയിലെത്തി അവിടത്തെ ഭരണസംവിധാനത്തിലെയും രാഷ്ട്രീയത്തിലെയും അനിഷേധ്യ സാന്നിധ്യമായി മാറിയ ചരിത്രമാണ് ഹുമ ആബിദിനുള്ളത്. അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരാണ് ഹുമയുടെ മാതാപിതാക്കള്‍. പാകിസ്താന്‍ വംശജനായ അച്ഛന്‍ സെയ്ത് സൈനുല്‍ ആബിദീന്‍ ജനിച്ചുവളര്‍ന്നത് ഡല്‍ഹിയിലാണ്; അമ്മ സലേഹ മഹമൂദ് ഹൈദരാബാദുകാരിയും. യു.എസില്‍ ഉപരിപഠനത്തിനെത്തിയവരാണ് ഇരുവരും. 1975ല്‍ മിഷിഗണിലാണ് ജനിച്ചതെങ്കിലും ഹുമയ്ക്ക് രണ്ടുവയസ്സുള്ളപ്പോള്‍ കുടുംബം സൗദി അറേബ്യയിലേക്ക് ചേക്കേറി. സൗദിയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ച ഹുമ പിതാവിന്റെ മരണാനന്തരം, 1993ല്‍ യു.എസില്‍ ഉപരിപഠനത്തിനെത്തി. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദപഠനം 1996ല്‍ വൈറ്റ്ഹൗസില്‍ ഇന്റേണ്‍ഷിപ്പിനെത്തിയതോടെയാണ് ഹുമയുടെ ജീവിതം മാറിമറിഞ്ഞത്. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന കാലമാണത്. പ്രഥമ വനിതയായിരുന്ന ഹില്ലരി ക്ലിന്റന്റെ സ്റ്റാഫിലായിരുന്നു ഹുമയുടെ നിയമനം. വെള്ളക്കാരാല്‍ നിറഞ്ഞ വെണ്‍മാളികയില്‍ ബ്രൗണ്‍നിറക്കാരിയായ ആ മുസ്‌ലിം പെണ്‍കുട്ടി ആദ്യമൊന്ന് പകച്ചെങ്കിലും കഴിവും അതുനല്‍കിയ ആത്മവിശ്വാസവും കൊണ്ട് പടവുകള്‍ ഒന്നൊന്നായി കയറി. പ്രഥമവനിതയുടെ വിശ്വസ്തയായി മാറിയ ഹുമ 'ഹില്ലരി ലാന്‍ഡി'ലെ പ്രധാനിയായത് അതിവേഗത്തിലാണ്. പൊളിറ്റിക്കല്‍ സ്റ്റാഫര്‍ എന്ന നിലയില്‍ 25 കൊല്ലമായി യു.എസ്. ഭരണരംഗത്തും രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കുന്ന ഹുമയുടെ ഓര്‍മക്കുറിപ്പുകള്‍ ബോത്ത്/ ആന്‍ഡ്: എ ലൈഫ് ഇന്‍ മെനി വേള്‍ഡ്‌സ് ഇക്കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയപ്പോള്‍ യു.എസിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായി മാറിയതും ഇതൊക്കെക്കൊണ്ടാണ്.

? ഇന്ത്യപാക് വംശജ, സൗദി അറേബ്യയില്‍ വളര്‍ന്ന പെണ്‍കുട്ടി എങ്ങനെയാണ് വൈറ്റ് ഹൗസിലെ പ്രധാനികളിലൊരാളായി മാറിയത്? ഹില്ലരിയുമൊത്തുള്ള ജോലിയും ജീവിതവും എങ്ങനെയായിരുന്നു

= വൈറ്റ്ഹൗസില്‍ ഇന്റേണ്‍ഷിപ്പിനായി ഞാനെത്തിയത് പ്രഥമ വനിതയുടെ ഓഫീസിലാണ്. ഹില്ലരി ക്ലിന്റണ്‍ അസാമാന്യ കാര്യശേഷിയുള്ള വനിതയാണ്. അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനം ഒരിക്കലും മറക്കാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹില്ലരിക്കൊപ്പം യാത്ര ചെയ്തു. വനിതകളുടെ അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തിയ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ അവര്‍ക്കൊപ്പമുണ്ടായി. രാഷ്ട്രീയത്തിലെ 'ഹില്ലരി സ്‌കൂളി'ലാണ് ഞാന്‍ പഠിച്ചത്. ഏതു വിഷയത്തിലും വലിയ സംവാദങ്ങള്‍ക്കും സമവായത്തിനും വാതില്‍ തുറന്നിടുന്ന രാഷ്ട്രീയമാണത്. അവിടെ ഇറങ്ങിപ്പോക്കില്ല; സമവായത്തിനോ പരിഹാരത്തിനോ ഉള്ള ശ്രമങ്ങളേയുള്ളൂ. ഹില്ലരിയുടെ പേഴ്‌സണല്‍ അഡ്വൈസറായും ചീഫ് ഓഫ് സ്റ്റാഫായും പ്രവര്‍ത്തിച്ചു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരിയുടെ കാമ്പെയിന്റെ വൈസ് ചെയറാകാനും കഴിഞ്ഞു. മാതൃസഹജമായ വാത്സല്യമാണ് എനിക്കവരില്‍നിന്നു കിട്ടിയിട്ടുള്ളത്. ഞാനെത്തിപ്പെടുന്ന തൊണ്ണൂറുകളുടെ ഒടുവില്‍ വലിയ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു വൈറ്റ്ഹൗസ്. അത്തരം സംഭവങ്ങളെല്ലാം ഞാന്‍ എന്റെ ഓര്‍മപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായതും സമ്മര്‍ദത്തിലാക്കിയതുമായ ഒട്ടേറെ അനുഭവങ്ങളുണ്ട്. ഓരോദിവസവും എന്തെങ്കിലും പുതുതായി പഠിക്കാന്‍ കഴിഞ്ഞ ദിവസങ്ങളാണത്. സമാധാനചര്‍ച്ചകള്‍, സന്ധിസംഭാഷണങ്ങള്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കായി വൈറ്റ്ഹൗസില്‍നിന്നും ലോകത്തിന്റെ പല കോണുകളിലേക്ക് പോകേണ്ടിവന്നു. 120ലേറെ രാജ്യങ്ങളില്‍ അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. അതൊക്കെ എന്റെ ജീവിതത്തെ പലതരത്തില്‍ മാറ്റിമറിക്കുകയും ചെയ്തു.

? പുരുഷകേന്ദ്രിതമായ രാഷ്ട്രീയവ്യവസ്ഥിതിയെ അമേരിക്കന്‍ വനിതകള്‍ എങ്ങനെയാണ് അതിജീവിക്കുന്നത്

= ലോകത്തെമ്പാടുമെന്നപോലെ യു.എസിലും രാഷ്ട്രീയം ആണ്‍കോയ്മയുടേതു തന്നെയാണ്. ഈ ആണത്താധികാരങ്ങളെ ചോദ്യംചെയ്തും തരണംചെയ്തും രാഷ്ട്രീയത്തില്‍ വന്ന ഒട്ടേറെ സ്ത്രീകള്‍ ഇന്ന് നേതൃസ്ഥാനങ്ങളിലുണ്ട്. എങ്കിലും ഉയര്‍ന്ന പദവിയില്‍ ഒരു വനിതയെ ഇരുത്താന്‍ ഭയപ്പെടുന്നവരാണേറെയും. അനാവശ്യമായ ആരോപണങ്ങളില്‍ അവരെ തളച്ചിടാനാണ് ശ്രമം. ഹില്ലരിയുടെ തോല്‍വിയില്‍ നമ്മളിത് കണ്ടു. വൈസ്പ്രസിഡന്റ് കമലാ ഹാരിസും ഇതനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തിലും അത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായ എന്നെ അതിഭീകരമായി തളര്‍ത്തുംവിധമുള്ള ആരോപണങ്ങളുയര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മടിച്ചില്ല. അതുകൊണ്ടുതന്നെ ഞാനെന്റെ മകന് നല്‍കുന്ന ഉപദേശം സ്ത്രീകളെ ബഹുമാനിക്കണമെന്നല്ല, സ്ത്രീകള്‍ അധികാരത്തിലെത്തുന്നതിനെ ഭയക്കരുത് എന്നാണ്. മറ്റു രക്ഷിതാക്കളും ഈ ഉപദേശം നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

? ഗര്‍ഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശവും റദ്ദുചെയ്തിരിക്കുകയാണ് യു.എസ്. സുപ്രീം കോടതി. പൊതുവേ പുരോഗമനാഭിമുഖ്യമുള്ള രാഷ്ട്രം എന്നു കരുതുന്ന അമേരിക്കയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ആശാവഹമല്ല. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിധി ആ രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെയാണ് ബാധിക്കുക

= 2016ല്‍ ഹില്ലരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രാജ്യത്തെമ്പാടും യാത്രചെയ്യുന്ന വേളയില്‍ യു.എസില്‍ സംഭവിക്കാനിടയുള്ള ഈ ദുരവസ്ഥയെപ്പറ്റി വാചാലയായിട്ടുണ്ട്. അന്ന് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇപ്പോള്‍ അവിടെ സംഭവിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ പേരു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അന്ന് അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. 'റോ വേഴ്‌സസ് വേഡ്' കേസിന്റെ വിധി മരവിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ അബോര്‍ഷന്‍ എന്ന അവകാശം സുപ്രീം കോടതി ഇല്ലാതാക്കിയിരിക്കുന്നു. ഈ വിഷയത്തില്‍ ഇനി രാഷ്ട്രീയ ചേരിതിരിവിലര്‍ഥമില്ല. ഇത് രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിന്മേല്‍ പൂര്‍ണാവകാശമുണ്ട്. അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആ വ്യക്തിക്കും അവരുടെ കുടുംബത്തിനും ഡോക്ടര്‍ക്കുമിടയില്‍ ഭരണകൂടത്തിന് ഒരു റോളുമില്ല. പക്ഷേ, സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് വളരെ ദുഃഖകരമായ അവസ്ഥയാണുണ്ടാകുന്നത്. പല സ്റ്റേറ്റുകളും അബോര്‍ഷന്‍ ക്രിമിനല്‍ക്കുറ്റമായി പ്രഖ്യാപിക്കുകയാണ്. പക്ഷേ, ഞാന്‍ വിശ്വസിക്കുന്നു ഇതിനെ നിയമനിര്‍മാണത്തിലൂടെ മറികടക്കാന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ബൈഡന്‍ സര്‍ക്കാരിന് കഴിയുമെന്ന്. നവംബറില്‍ നടക്കുന്ന ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ അതിനു സഹായകരമാകുന്ന ജനവിധി ഉണ്ടാകുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഹുമ

? ഇന്ത്യയും അമേരിക്കയുമെല്ലാം ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളായാണ് നിലകൊള്ളുന്നത്. എന്നാല്‍, പല സമീപകാല സംഭവങ്ങളും ഈ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. യു.എസില്‍ 2021 ജനുവരിയില്‍ നടന്ന കാപ്പിറ്റോള്‍ കലാപവും വലിയതോതില്‍ ഉയര്‍ന്നുവരുന്ന അതിതീവ്ര വലതുപക്ഷ കൂട്ടായ്മകളും കാണിക്കുന്നത് ഇതു തന്നെയല്ലേ

= ജനാധിപത്യത്തിന്റെ ശക്തിയെ നമ്മള്‍ പലതരത്തില്‍ കാണേണ്ടതുണ്ട്. അസംഖ്യം കുടിയേറ്റക്കാരും ദേശഭക്തരെന്നു സ്വയം പറയുന്നവരുമെല്ലാം ഒരുമിച്ച് ജീവിക്കുന്ന ഇടമാണ് അമേരിക്ക. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതോ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതോ മാത്രമല്ലല്ലോ ജനാധിപത്യം എന്നു പറയുന്നത്. അത് ഒരു കൂട്ടം മൂല്യങ്ങളുടെ ആകത്തുകയാണ്. ശരിയാണ്, 2021 ജനുവരി ആറിന് കാപ്പിറ്റോള്‍ ടവറില്‍ നടന്നത് ജനാധിപത്യത്തിനു നേരെയുള്ള അക്രമം തന്നെയാണ്. അധികാരത്തിനുവേണ്ടി ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി നമ്മള്‍ ആശങ്കപ്പെടേണ്ട സാഹചര്യംതന്നെയാണിത്. നിയമങ്ങള്‍ അനുസരിക്കല്‍, രാഷ്ട്രീയ മൂല്യങ്ങളോടുള്ള ബഹുമാനം, വാക്കുകളിലും പ്രവൃത്തിയിലുമുള്ള മിതത്വം എന്നിവയൊക്കെ ഒരു രാഷ്ട്രീയനേതാവ് ഉറപ്പായും കാണിക്കേണ്ട മൂല്യങ്ങളാണ്. അവയൊക്കെ ലംഘിക്കുന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. മറ്റഭിപ്രായങ്ങളെ മാനിക്കാതെയും കേള്‍ക്കാതെയും മുന്നോട്ടുപോകുന്ന രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരമൊരു ഭരണകാലത്തിന്റെ ആഘാതത്തില്‍നിന്നും രാജ്യം നടുനിവര്‍ത്തുന്നതേയുള്ളൂ. രാജ്യത്ത് അടുത്തകാലത്ത് നടന്ന ഇത്തരം സംഭവങ്ങള്‍ എല്ലാ ജനാധിപത്യ വിശ്വാസികളെയും പോലെ എന്നെയും ഭയപ്പെടുത്തി. എന്നാല്‍, ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. ചരിത്രത്തില്‍ മുന്‍പും ഇത്തരം വെല്ലുവിളികള്‍ രാജ്യം നേരിട്ടിരുന്നു. എന്നാല്‍, അവയൊക്കെ തരണംചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യവും തരണംചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊക്കെ ഒരു ചാക്രിക പ്രവര്‍ത്തനമാണെന്നു കരുതുകയാണ് നല്ലത്.

? അമേരിക്കക്കാര്‍ തോക്കുകൊണ്ട് കളിക്കുകയാണല്ലോ. സമീപകാലത്ത് എത്ര കൊലപാതകങ്ങളാണ് അരങ്ങേറിയത്. തോക്ക് വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാന്‍ തടസ്സമെന്താണ് രാജ്യത്ത്

= രാജ്യം നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളി തന്നെയാണ് പെരുകിവരുന്ന കൊലപാതകങ്ങള്‍. തോക്കിന്റെ ഉപയോഗം വളരെ ഭയപ്പെടുത്തുന്ന രീതിയില്‍ മാറിയിരിക്കുന്നു. രാജ്യത്ത് തുടര്‍ന്നുവരുന്ന നയങ്ങള്‍ തന്നെയാണ് ഇതിനു കാരണം. വളരെ അപകടംപിടിച്ചൊരു വഴിയിലാണ് രാജ്യം ഇപ്പോഴുള്ളത്. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം അത്യാവശ്യമായിരിക്കുന്നു. ഇത്തരം ആയുധങ്ങള്‍ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ ൈകയില്‍ എത്താതിരിക്കേണ്ടത് ആവശ്യമാണ്. അത്തരമൊരു നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നുതന്നെ കരുതുന്നു.

ഫ്രിദ പിന്റോയോടൊപ്പം ഹുമ

? താങ്കളുടെ ഓര്‍മക്കുറിപ്പായ 'ബോത്ത്/ ആന്‍ഡ്' ടെലിവിഷന്‍ സീരീസാവുകയാണ്. ഇന്ത്യന്‍ നടി ഫ്രിദ പിന്റോയാണ് ഹുമയുടെ വേഷം ചെയ്യുന്നത്. എന്തു തോന്നുന്നു

= ഞാന്‍ ഫ്രിദ പിന്റോയുടെ വലിയ ആരാധികയാണ്. സ്ലം ഡോഗ് മില്യണയറില്‍ കാണുമ്പോള്‍ത്തന്നെ എനിക്കേറെയിഷ്ടമായ നടിയാണവര്‍. എന്റെ ഓര്‍മക്കുറിപ്പുകള്‍ അവരെ ആവേശം കൊള്ളിച്ചിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്റെ വേഷത്തില്‍ ഫ്രിദ എത്തുമ്പോള്‍ ഞാനും ആവേശത്തിലാണ്. എനിക്കും എന്റെ പുസ്തകത്തിനും കിട്ടിയ ഒരംഗീകാരമായി ഞാനതിനെ കാണുന്നു.

Content Highlights: American political staffer huma abedin malayalam interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented