പത്ത് ശതമാനം പ്രചോദനവും തൊണ്ണൂറുശതമാനം വിയര്‍പ്പുമുള്ള മാര്‍ക്കേസ് സാഹിത്യം!


7 min read
Read later
Print
Share

മഹത്തായ ഒരു പത്രപ്രവര്‍ത്തനം നടത്താനുള്ള അവസരത്തെക്കുറിച്ചോര്‍ത്ത് ഞാനിപ്പോഴും സ്വയം ആസ്വദിക്കുന്നുണ്ട്.

ഗബ്രിയേൽ ഗാർഷ്യാ മാർക്കേസ്‌

1981-ല്‍ 'ദ പാരീസ് റിവ്യൂ'വിനു വേണ്ടി പീറ്റര്‍ സ്റ്റോണ്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിനെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. സാന്‍ എയ്ഞ്ചല്‍ ഇന്നിലെ തന്റെ വസതിക്കടുത്തുള്ള, മെക്‌സി​ക്കന്‍ പൗരാണികത അങ്ങനെ തന്നെ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്ന വീടിനടുത്തായി എഴുത്തുകാരന്‍ തന്റെ ഏകാന്തതയ്ക്കുമാത്രമായി തീര്‍ത്ത ഒരു കൊച്ചു സ്റ്റുഡിയോയിലിരുന്നാണ് പീറ്റര്‍ അഭിമുഖം നടത്തിയത്. രണ്ട് ചാരുകസേരകളും എളുപ്പം നടന്നെത്താവുന്ന ഒരു കുഞ്ഞുബാറും മാത്രമുള്ള താവളം പീറ്ററിന് ഒരത്ഭുതം തന്നെയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന അഭിമുഖത്തില്‍ പീറ്ററിനോട് മാര്‍ക്കേസ് സംസാരിച്ചതത്രയും സ്പാനിഷിലായിരുന്നു. ഇംഗ്ലീഷ് ഭാഷ അത്രമേല്‍ മനോഹരമായി സംസാരിക്കാനറിയാവുന്ന എഴുത്തുകാരന്‍ പക്ഷേ തന്റെ രണ്ട് ആണ്‍കുട്ടികളെക്കൊണ്ട് പീറ്ററിന് വിവര്‍ത്തനം ചെയ്തുകൊടുക്കുകയാണ് ചെയ്തത്. നോവലെഴുത്ത് എന്ന കലയെക്കുറിച്ചും തന്റെ ജോലിയെക്കുറിച്ചും വാചാലനായ മാര്‍ക്കേസിന്റെ അഭിമുഖങ്ങളില്‍ ശ്രദ്ധേയമാണ് പീറ്റര്‍ സ്റ്റോണ്‍ നടത്തിയ അഭിമുഖം. നാല് പതിറ്റാണ്ടിനിപ്പുറവും ആളുകള്‍ താല്‍പര്യത്തോടെ വായിക്കുന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളുടെ വിവര്‍ത്തനം മാര്‍ക്കേസിന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ വായിക്കാം.

ഈ അഭിമുഖത്തിന് ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് താങ്കള്‍ക്കെന്തു തോന്നുന്നു?

പ്രശ്‌നമെന്താണെന്നു വച്ചാല്‍, ഈ അഭിമുഖം റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട് എന്ന ബോധ്യം നിങ്ങള്‍ക്കു വന്നുചേരുന്ന ആ നിമിഷം മുതല്‍ നിങ്ങളുടെ മനോഭാവം മാറും. എന്റെ കാര്യത്തില്‍ എന്റെ ശബ്ദം രേഖപ്പെടുത്തപ്പെടുന്നു എന്ന ബോധ്യവും. അതോടെ ഒരു പ്രതിരോധമനോഭാവം സ്വാഭാവികമായും എനിക്കും വന്നുചേരും. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമുക്കു രണ്ടുപേര്‍ക്കും ഇതുവരെ പഠിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല, ഒരഭിമുഖത്തില്‍ എവിടെയാണ് ടേപ്പ് റെക്കോര്‍ഡറിന്റെ സ്ഥാനം എന്ന്. ഏറ്റവും നല്ല വഴി പറഞ്ഞു തരട്ടെ, എനിക്കു തോന്നുന്നത് നമ്മള്‍ ദീര്‍ഘമായി സംസാരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ്. അതങ്ങനെ തന്നെ പോയ്‌ക്കോട്ടെ. അതിനിടയില്‍ ഒരു പത്രപ്രവര്‍ത്തകന്റെ കുത്തിക്കുറിക്കലുകള്‍ വേണ്ട എന്നു വെക്കാം. ശേഷം നിങ്ങള്‍ക്കെന്താണോ സംഭാഷണത്തില്‍ നിന്നും ലഭിച്ചത് അത് രേഖപ്പെടുത്തിവച്ചോളൂ. ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെ പകര്‍ത്തി വെക്കേണ്ടതില്ല. കുറിപ്പുകള്‍ പകര്‍ത്തുകയും അഭിമുഖം നടത്തിയ വ്യക്തിയോട് തികച്ചും വിശ്വാസ്യതയോടെ അത് വ്യഖ്യാനിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു ഉപയോഗപ്രദമായ രീതി. നിങ്ങള്‍ ടേപ്പ് റെക്കോര്‍ഡറിനെ ആശ്രയിക്കാന്‍ കാരണം അഭിമുഖീകരിക്കാന്‍ പോകുന്ന വ്യക്തിയില്‍ വിശ്വാസമില്ലാത്തതിനാലാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വയം വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്. അവനവനെ തന്നെ കഴുതയാക്കുന്ന ഏര്‍പ്പാടാണത്. അതുകൊണ്ടാണ് നിങ്ങള്‍ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ ജാഗരൂകനാവുന്നത്. ഞാന്‍ അഭിമുഖം ചെയ്യപ്പെടുകയാണ് എന്ന ബോധം ഇടക്കിടെ എന്നെ ഓര്‍മപ്പെടുത്തുമ്പോള്‍ എന്റെ സ്വാഭാവികത നഷ്ടപ്പെട്ടുപോകും. അവിടെ റെക്കോര്‍ഡര്‍ ഇല്ലെങ്കില്‍ ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ലാതെ തികച്ചും സ്വാഭാവികമായി, ഞാനായി എനിക്കു സംസാരിക്കാന്‍ കഴിയും.

താങ്കളുടെ മറുപടി എന്നില്‍ ഒരു തരം കുറ്റബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം താങ്കളെപ്പോലെയുള്ള മഹത്തുക്കളെ കിട്ടുമ്പോള്‍ സഹായത്തിന് റെക്കോര്‍ഡര്‍ ആവശ്യം തന്നെയാണ്.

ആയിക്കോട്ടെ, എന്തുതന്നെയായാലും ഞാന്‍ പറഞ്ഞതെല്ലാം താങ്കളെ പ്രതിരോധത്തിലാക്കാന്‍ വേണ്ടിയായിരുന്നു എന്നു കരുതുക.

അപ്പോള്‍ താങ്കള്‍ ഒരു അഭിമുഖസംഭാഷണത്തിനും ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിച്ചിരുന്നില്ലേ?

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എനിക്ക് വളരെ നല്ല ഒരു ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് ഞാനത് ഉപയോഗിച്ചത്. പക്ഷേ ഒരു കാര്യം കൂടിയുണ്ട്, പത്രപ്രവര്‍ത്തകനായിരിക്കുന്ന കാലത്ത് ഞാന്‍ ഒരൊറ്റ അഭിമുഖവും എടുത്തിട്ടില്ല. റിപ്പോര്‍ട്ടിങ്ങായിരുന്നു എന്റെ മേഖല. അവിടെ ഈ ചോദ്യോത്തരപരിപാടികളൊന്നുമില്ല.

കപ്പല്‍ ദുരന്തത്തില്‍ പെട്ടുപോയ ഒരു നാവികനുമായുള്ള പ്രശസ്തമായ അഭിമുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.

അത് ചോദ്യോത്തരങ്ങളൊന്നുമല്ലായിരുന്നു. ആ നാവികന്‍ അദ്ദേഹത്തിന്റെ സാഹസികയാത്രകളെക്കുറിച്ച് എന്നോട് വിവരിച്ചു. ഞാനത് ഫസ്റ്റ് പേഴ്‌സണ്‍ നരേറ്റീവില്‍, അയാള്‍ തന്നെ എഴുതുന്ന രീതിയില്‍ എഴുതാന്‍ ശ്രമിച്ചു. രണ്ട് ദിവസത്തെ ഇടവേള എന്ന കണക്കില്‍ പത്രത്തില്‍ അത് പല ലക്കങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ആ നാവികന്റെ പേരിലാണ് അച്ചടിച്ചത്, എന്റെയല്ല. ഇരുപത് വര്‍ഷത്തിനുശേഷം അത് പുന:പ്രസിദ്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ കണ്ടുപിടിച്ചു ഞാനാണ് അത് തയ്യാറാക്കിയതെന്ന്. അതൊരു നല്ല വര്‍ക്കായിരുന്നെന്ന് ഒരൊറ്റ എഡിറ്ററും തിരിച്ചറിഞ്ഞിരുന്നില്ല; ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കപ്പെടുന്നതു വരെ.

നമ്മള്‍ സംസാരിച്ചു തുടങ്ങിയത് പത്രപ്രവര്‍ത്തനത്തെക്കുറിച്ചാണ്. കുറേ നോവലുകള്‍ ഒക്കെ എഴുതി ഇത്രയും കാലം തീര്‍ത്തില്ലേ? ഇനിയൊരിക്കല്‍ കൂടി ആ പഴയ പ്രോഫഷനിലേക്ക് പോകാനാഗ്രഹമുണ്ടോ? ഈ പ്രൊഫഷനെ വൈകാരികതയോടെ അല്ലെങ്കില്‍ വേറിട്ടൊരു കണ്ണിലൂടെയാണോ കാണുന്നത്?

എന്റെ യഥാര്‍ഥ ജോലി പത്രപ്രവര്‍ത്തനം തന്നെയാണെന്ന് എത്രയോ വട്ടം എനിക്കു തന്നെ ബോധ്യപ്പെട്ടതാണ്. പക്ഷേ മാധ്യമമേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ എനിക്ക് പണ്ടേ ഇഷ്ടമില്ലായിരുന്നു. പോരാത്തതിന് പത്രത്തിന്റെ താല്‍പര്യത്തിനനുസൃതമായി എന്റെ ചിന്തകളെയും താല്‍പര്യങ്ങളെയും നല്‍കേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രൊഫഷണല്‍ നോവലിസ്റ്റായതിനുശേഷം, നോവലിസ്റ്റ് എന്ന നിലയില്‍ സാമ്പത്തികസ്വാതന്ത്ര്യം നേടിയതിനു ശേഷം എനിക്ക് താല്‍പര്യമുള്ളതും എന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതുമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും മഹത്തായ ഒരു പത്രപ്രവര്‍ത്തനം നടത്താനുള്ള അവസരത്തെക്കുറിച്ചോര്‍ത്ത് ഞാനിപ്പോഴും സ്വയം ആസ്വദിക്കുന്നുണ്ട്.

താങ്കളെ സംബന്ധിച്ചിടത്തോളം മഹത്തായ പത്രപ്രവര്‍ത്തനം എന്നുപറഞ്ഞാല്‍ എന്താണ്?

ജോണ്‍ ഹെര്‍സേയുടെ 'ഹിരോഷിമ' പോലൊന്ന്. തികച്ചും വ്യത്യസ്തമായ ഒന്ന്.

താങ്കള്‍ക്ക് ചെയ്യാനാഗ്രമുള്ളതുപോലെയുള്ള വാര്‍ത്തകള്‍ ഇന്നുണ്ടോ?

ഇഷ്ടം പോലെയുണ്ട്. അതില്‍ പലതും ഞാനെഴുതിക്കഴിഞ്ഞവയാണ്. പോര്‍ച്ചുഗലിനെക്കുറിച്ചും ക്യൂബയെക്കുറിച്ചും അംഗോളയെക്കുറിച്ചും വിയറ്റ്‌നാമിനെക്കുറിച്ചുമെല്ലാം ഞാനെഴുതി. പോളണ്ടിനെക്കുറിച്ചെഴുതണമെന്ന് എനിക്കതിയായ ആഗ്രഹമുണ്ടായിരുന്നു. ഇന്നവിടെ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി ഞാനെഴുതുകയാണെങ്കില്‍ അത് വളരെ സുപ്രധാനമായ ഒരു വാര്‍ത്ത തന്നെയായിരിക്കും. പക്ഷേ പോളണ്ടിലിപ്പോള്‍ ഭയങ്കര തണുപ്പാണ്. ഞാനാണെങ്കില്‍ അവനവന്റെ സുഖങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനും!

പത്രപ്രവര്‍ത്തനത്തിന് ചെയ്യാന്‍ കഴിയാത്തത് നോവലിന് കഴിയും എന്നു താങ്കള്‍ കരുതുന്നുണ്ടോ?

കാര്യമായിട്ടൊന്നുമില്ല. രണ്ടിലും കാര്യമായ വ്യത്യാസമുള്ളതായിട്ട് തോന്നുന്നില്ല. രണ്ടിന്റെയും സ്രോതസ് ഒന്നാണ്, വേണ്ട ചേരുവകളും ഒന്നാണ്, വിഭവങ്ങളും ഭാഷയും ഒന്നുതന്നെയാണ്.ഡാനിയല്‍ ഡിഫോയുടെ മഹത്തായ നോവലാണ് 'ദ ജേണല്‍ ഓഫ് ദ പ്ലേഗ്' അതേസമയം 'ഹിരോഷിമ' മാധ്യമപ്രവര്‍ത്തനത്തിലെ മഹത്തായ ഒരു സൃഷ്ടി തന്നെയാണ്.

ഭാവനയ്ക്കെതിരായ സത്യത്തെ സന്തുലിതമാക്കുന്നതില്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റിനും വ്യത്യസ്ത ഉത്തരവാദിത്തങ്ങളുണ്ടോ?

തെറ്റായ മുന്‍വിധികളെ ചുമന്നാല്‍ ജേണലിസം പരാജയപ്പെടുന്നു. വൈരുധ്യമെന്നു പറയട്ടെ, നോവലിലെ ഒരൊറ്റ സത്യം ആ കൃതിയെ അമ്പേ ഔന്നത്യത്തിലേക്കെത്തിക്കുന്നു. അതാണ് രണ്ടും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. എഴുതുന്നയാളുടെ അര്‍പ്പണമനോഭാവം പോലെയിരിക്കും ഫലം. ഒരു നോവലിസ്റ്റിന് ആളുകളെ വിശ്വസിപ്പിക്കാന്‍ കഴിയുന്നിടത്തോളം കാലം അവന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയും.

പത്രപ്രവര്‍ത്തകനായിരുന്ന താങ്കള്‍ എത്ര വേഗതയുള്ള എഴുത്തുകാരനായിരുന്നു എന്നു ഓര്‍ക്കാറുണ്ടോ?

മുമ്പെത്തെക്കാളും ദുഷ്‌കരമാണ് ഇപ്പോഴത്തെ എഴുത്ത് എന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് നോവലിലായാലും മാധ്യമത്തിലായാലും. പത്രങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഞാനെഴുതുന്ന ഓരോ പദത്തെക്കുറിച്ചും എനിക്കൊരു ശ്രദ്ധയുമില്ലായിരുന്നു, ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ ഇരിക്കുന്നതുപോലെ. ആഴ്ചയില്‍ മൂന്ന് ലേഖനങ്ങള്‍, രണ്ടോ മൂന്നോ എഡിറ്റോറിയല്‍ കുറിപ്പുകള്‍, സിനിമാ നിരൂപണങ്ങള്‍...ഇതെല്ലാം ഞാനന്ന് ചെയ്തിരുന്നു. രാത്രി എല്ലാവരും വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ഓഫീസിലിരുന്ന് നോവലെഴുതും. ലിനോടൈപ്‌മെഷീനുകളുടെ പശ്ചാത്തല ശബ്ദത്തില്‍ എഴുതുന്നത് എനിക്കിഷ്ടമായിരുന്നു. മഴപോലെയായിരുന്നു അതിന്റെ ശബ്ദം. അത് നിലയ്ക്കുമ്പോള്‍ ആകെ നിശബ്ദത അനുഭവപ്പെടും. അതോടെ എഴുത്ത് തുടരാന്‍ കഴിയാതെയാകും. അപ്പോള്‍ ഉറക്കമൊഴിക്കുന്നത് മിച്ചം. നല്ലൊരു വര്‍ക്കിങ് ഡേ ആണെങ്കില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്കുശേഷം രണ്ടോ മൂന്നോ മണിവരെ ഇരുന്നാല്‍ എനിക്കെഴുതാന്‍ കഴിയുക കഷ്ടി നാലോ അഞ്ചോ വരികളുള്ള ചെറിയ ഒരു ഖണ്ഡികയാണ്. സാധാരണഗതിയില്‍ അത് കീറി ചവറ്റുകൊട്ടയില്‍ ഇടുക എന്നതാണ് പിറ്റേന്ന് ഞാന്‍ ആദ്യം ചെയ്യുന്ന പ്രവര്‍ത്തി.

എങ്ങനെയാണ് താങ്കള്‍ എഴുത്തിലേക്ക് പ്രവേശിച്ചത്?

ചിത്രം വരയിലൂടെ; കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ട്. സ്‌കൂളിലായാലും വീട്ടിലായാലും ശരി വായിക്കാനോ എഴുതാനോ പോകുന്നതിനുമുമ്പായി ഞാന്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കും. തമാശയെന്താണെന്നു വെച്ചാല്‍ ഒമ്പതാം ക്‌ളാസിലൊക്കെ എത്തുമ്പോഴേക്കും എഴുത്തുകാരന്‍ എന്ന വിശേഷണമൊക്കെ എനിക്കു വന്നുചേര്‍ന്നിട്ടുണ്ട്. പക്ഷേ ഞാനൊന്നും തന്നെ എഴുതിയിരുന്നില്ല. സ്‌കൂളില്‍ എന്തെങ്കിലും ലഘുലേഖകളോ പരാതികളോ എഴുതാനുണ്ടെങ്കില്‍ ആസ്ഥാന എഴുത്തുകാരനായ എനിക്കാണ് ഉത്തരവാദിത്തം. കോളേജ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുമ്പോഴേക്കും അത്യാവശ്യം സാഹിത്യജ്ഞാനമൊക്കെ വന്നുചേര്‍ന്നിരുന്നു; എന്റെ കൂട്ടുകാരെ അപേക്ഷിച്ച്. ബോഗോട്ടയിലെ യൂണിവേഴ്‌സിറ്റിയില്‍ നല്ല സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ അക്കാലത്തെ എഴുത്തുകാര്‍ക്കൊക്കെ എന്നെ പരിചയപ്പെടുത്തി. ഒരു രാത്രിയില്‍ കാഫ്കയുടെ കഥാസമാഹാരം ഒരു സുഹൃത്ത് സമ്മാനിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. താമസിക്കുന്ന സ്ഥലത്തെത്തിയ ഉടന്‍ തന്നെ വായന തുടങ്ങി. 'ദ മെറ്റമോര്‍ഫസിസി'ലെ ആദ്യത്തെ വരി വായിച്ചുതുടങ്ങിയതോടെ കിടക്കയില്‍ ഇരുന്നുപോയി. അത്ഭുതം കൊണ്ട് കണ്ണില്‍ ഇരുട്ടടയ്ക്കുന്ന അവസ്ഥ. ഇങ്ങനെയൊക്കെ എഴുതുന്ന ഒരാളേയും എനിക്കറിയില്ല എന്നു ഞാന്‍ മനസ്സിലാക്കി. ഉണ്ടായിരുന്നെങ്കില്‍ എന്നോ ഞാനുമൊരു എഴുത്തുകാരനായേനെ. പിന്നെ എന്റെ ജീവിതത്തില്‍ നടന്നത് സമയം കളയാതെയുള്ള എഴുത്തുശ്രമങ്ങളാണ്. എഴുത്തെന്നുവച്ചാല്‍ ഗംഭീരമായ എഴുത്ത് തന്നെ. ചെറുകഥകളാണ്. ബുദ്ധിജീവികള്‍ക്കുമാത്രം വായിച്ചാല്‍ മനസ്സിലാവുന്നവ എന്നൊരു പോരായ്മ ആ കഥകള്‍ക്കുണ്ടായിരുന്നു. കാരണം എന്റെ വായനാപരിമിതിയില്‍ അത്തരം വായനകളേ ഉണ്ടായിരുന്നുള്ളൂ. സാഹിത്യവും ജീവിതവും തമ്മിലുള്ള ലിങ്ക് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞിരുന്നില്ല. കാരണം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ വായന. എല്‍എസ്‌പെക്‌റ്റേദര്‍ എന്ന പത്രത്തിലെ സാഹിത്യപേജില്‍ ആ കഥകളില്‍ ചിലത് പ്രസിദ്ധീകരിച്ചു. ആ കഥകള്‍ വിജയം കാണാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്- അക്കാലത്ത് കൊളംബിയയില്‍ ബൗദ്ധികനിലവാരമുള്ള കഥകള്‍ എഴുതുന്നവര്‍ വളരെ കുറവായിരുന്നു. ജീവിതവും സാമൂഹികപ്രശ്‌നങ്ങളും രാജ്യാന്തരപ്രശ്‌നങ്ങളുമായിരുന്നു അക്കാലത്തെ പല കഥകളും സംവദിച്ചിരുന്നത്. എന്റെ ആദ്യകാല കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ജോയ്‌സിയന്‍ സ്വാധീനമുള്ള കഥാകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.

ജോയ്‌സിനെ വായിച്ചിരുന്നോ അക്കാലത്ത്?

ഞാനൊരിക്കലും വായിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം വിശേഷണങ്ങള്‍ കേട്ടപ്പോള്‍ വേഗം പോയി 'യുലിസസ്' വാങ്ങി വായിച്ചുതുടങ്ങി. സ്പാനിഷില്‍ ഇറങ്ങിയത് മാത്രമേ വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ശേഷം ഇംഗ്‌ളീഷിലും സ്രോതഭാഷയേക്കാള്‍ മികച്ച ഫ്രഞ്ച് പരിഭാഷയിലും യുലിസസ് വായിച്ചു. സ്പാനിഷ് വിവര്‍ത്തനം വളരെ മോശമായിരുന്നു. പക്ഷേ എന്റെ ഭാവി എഴുത്തുകള്‍ക്ക് പ്രചോദനം ലഭിക്കുന്ന ധാരാളം കാര്യങ്ങള്‍ ആ പുസ്തകത്തിലുണ്ടായിരുന്നു. ആത്മഭാഷണം എന്ന ആഖ്യാനതന്ത്രമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പിന്നീട് വിര്‍ജീനിയ വൂള്‍ഫിലാണ് ആ തന്ത്രം കാണാന്‍ കഴിഞ്ഞത്. ജോയ്‌സിനേക്കാളും മികച്ച രീതിയില്‍ വൂള്‍ഫ് അത് കൈകാര്യം ചെയ്തിട്ടുണ്ട്. എന്തുതന്നെയായാലും ആത്മഭാഷണ ആഖ്യാനതന്ത്രം ആദ്യമായി ഉപയോഗിച്ചത് 'ലസാറില്ലോ ദേ ടോര്‍മെസ്' എന്ന കൃതിയുടെ അജ്ഞാതനായ സ്രഷ്ടാവാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളിലെ ഇന്‍സോംനിയ പ്ലേഗിന്റെ പ്രഭവകേന്ദ്രം എവിടെയാണ്?

ഇഡിപ്പസ്സിനെ അറിഞ്ഞതുമുതല്‍ ഞാന്‍ പ്ലേഗില്‍ അടിമപ്പെട്ടിരിക്കുകയായിരുന്നു. മെഡീവല്‍ കാലത്തെ പ്ലേഗുകളെക്കുറിച്ച് ധാരാളം വായിച്ചു. ഡാനിയല്‍ ഡിഫോയുടെ 'ദ ജേണല്‍ ഓഫ് ദ പ്ലേഗ്' ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കൃതി. താന്‍ പറയുന്നതെല്ലാം തികച്ചും ഫാന്റസിയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ കഴിവുള്ള ജേണലിസ്റ്റാണ് ഡിഫോ. ലണ്ടന്‍ പ്ലേഗിനെക്കുറിച്ചും ഡിഫോ എഴുതിയിട്ടുണ്ട്. ലണ്ടന്‍ പ്ലേഗ് പടര്‍ന്നുപിടിക്കുമ്പോള്‍ ഡിഫോയ്ക്ക് ഏഴുവയസ്സാണ്. പ്ലേഗ് ഒരു ഓബ്‌സഷന്‍ പോലെ എനിക്കുപിറകേ കൂടിയ വിഷയമാണ്. പ്ലേഗിന്റെ അനന്തരഫലമായിട്ടാണ് കൊളംബിയയിലെ രാഷ്ട്രീയാതിക്രമങ്ങളെയും ഞാന്‍ കാണുന്നത്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉപയോഗിക്കുന്നതിനു മുന്നേ ശനിയാഴ്ചയ്ക്കുശേഷമുള്ള ഒരു ദിനം എന്ന കഥയിലും ഞാന്‍ പ്ലേഗിനെ കൊണ്ടുവന്നിട്ടുണ്ട്. സാഹിത്യം ഒരു ആശാരിപ്പണിയല്ലാതെ മറ്റൊന്നുമല്ല.

ഒന്നു വിശദമാക്കാമോ?

സാഹിത്യവും ആശാരിപ്പണിയും വിഷമം പിടിച്ചതാണ്. ഒരു മേശയുണ്ടാക്കുന്നതുപോലെ തന്നെ ശ്രമകരമാണ് ഒരു കഥയെഴുതുന്നതും. യഥാര്‍ഥജീവിതവുമായാണ് രണ്ടിന്റെയും ഇടപെടല്‍. മരംപോലെ കഠിനമാണ് സാഹിത്യവും. സാങ്കേതികതയും സൂത്രപ്പണികളും രണ്ടിലും മുഴുവനായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വളരെ കുറച്ച് മായാജാലവും വളരെയധികം കഠിനാധ്വാനവും വേണം രണ്ടിനും. സാഹിത്യത്തില്‍ ഇത്രയൊക്കെ നേടിയ ആള്‍ എന്ന നിലയില്‍ പറയട്ടെ, ഈ പണിയ്ക്ക് പത്ത് ശതമാനം പ്രചോദനവും തൊണ്ണൂറ് ശതമാനം വിയര്‍പ്പും ആവശ്യമാണ്. ഞാനൊരിക്കലും ആശാരിപ്പണി ചെയ്തിട്ടില്ല. പക്ഷേ ഞാനേറ്റവും കൂടുതല്‍ അഭിനന്ദിക്കുന്ന, ആദരിക്കുന്ന ജോലിയാണത്. നിങ്ങള്‍ക്കായി ഇതു ചെയ്യാന്‍ ആരെയും കണ്ടെത്താന്‍ കഴിയാത്ത കാരണത്താല്‍ പ്രത്യേകിച്ചും.

തികഞ്ഞ അച്ചടക്കമുള്ള എഴുത്തുകാരനാണോ താങ്കള്‍?

അതിസാധാരണമാംവിധം അച്ചടക്കം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ഒരു പുസ്തകമെന്നല്ല, ഒരു ഖണ്ഡിക പോലും നിങ്ങള്‍ക്കെഴുതാന്‍ സാധിക്കില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍.

സാഹിത്യസൈദ്ധാന്തികരോട് താങ്കള്‍ക്ക് അത്ര മതിപ്പില്ല എന്നു കേട്ടിട്ടുണ്ട്.

തീര്‍ച്ചയായും! കാരണമൊന്നുമാത്രമേയുള്ളൂ- എനിക്കവരെ ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായും എനിക്ക് സംഗ്രഹങ്ങളിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നത് അതുകൊണ്ടാണ്. അമൂര്‍ത്തീകരണത്തിനുള്ള ശേഷി എനിക്കില്ല. സംസ്‌കാരമുള്ള വ്യക്തിയല്ല ഞാന്‍ എന്ന ആക്ഷേപം നേരിടേണ്ടി വന്നതും അതുകൊണ്ടാണ്. പൊതുവേ ഇവരാല്‍ ഞാന്‍ ഉദ്ധരിക്കപ്പെടാറില്ല.

എഴുത്തുകാരനെന്ന നിലയില്‍ ദീര്‍ഘകാല ആഗ്രഹങ്ങള്‍ ഉണ്ടോ? സങ്കടങ്ങളോ?

എഴുത്തിനെക്കുറിച്ച് ഞാന്‍ നല്‍കിയ ഉത്തരം തന്നെ ധാരാളമാണ് ഇൗ ചോദ്യത്തിനെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ ദിവസം നൊബേല്‍ സമ്മാനത്തില്‍ താല്‍പര്യമുണ്ടോ എന്നൊരു കക്ഷി ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വിപത്ത് തന്നെയായിരിക്കും. അര്‍ഹിക്കുന്നു എന്നു കേള്‍ക്കുന്നതില്‍ താല്‍പര്യപ്പെടുന്നു പക്ഷേ അത് സ്വീകരിക്കുന്നത് ഭയങ്കരം തന്നെയായിരിക്കും. പ്രശസ്തി സംബന്ധമായ പ്രശ്‌നങ്ങളെ ഇത് കൂടുതല്‍ പ്രശ്‌നത്തിലാക്കും. ജീവിതത്തില്‍ ആകെയുള്ള സങ്കടം ഒരു മകള്‍ ജനിച്ചില്ലല്ലോ എന്നുള്ളതാണ്.

Content Highlights : 7 Death Anniversary of Gabriel Garcia Marquez translation of interview in 1981 by Peter Stone

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sethu
Premium

15 min

ഓര്‍മ മങ്ങുക എന്നത് ഒരു ശാപമാണ്; അത് സംഭവിക്കുംമുമ്പേ അല്പം കൂടി കുറിച്ചുവെക്കാനുണ്ട്- സേതു

May 25, 2023


LT.COLONEL Dr.SONIA CHERIAN
Premium

9 min

'ചില കുടുംബങ്ങള്‍ക്ക് പട്ടാളം അവരുടെ കുടുംബപാരമ്പര്യമാണ്; മിലിറ്ററി ജീനുണ്ടെന്നാണവര്‍ കൂളായി പറയുക!'

May 19, 2023


Vysakhan
Premium

2 min

മരണാനന്തരം എഴുത്തുകാരുടെ ഭൗതികവസ്തുക്കള്‍ മക്കള്‍ക്ക് ബാധ്യതയാവരുത്: വൈശാഖന്‍

Apr 9, 2023

Most Commented