ഉള്ളൂർ, പ്രൊഫ.എം പരമേശ്വരൻ.
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ നൂറ്റിനാൽപ്പത്തിനാലം ജന്മവാർഷികദിനമാണ് ഇന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളസംസ്കാരത്തിലും ഭരണത്തിലും ഒരുപോലെ ഇടപെട്ട മഹാകവിയെക്കുറിച്ചുള്ള തന്റെ ഓർമകളും അറിവുകളും പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പൗത്രനും വിവർത്തകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗം റിട്ടയേഡ് പ്രൊഫസറുമായ ഉള്ളൂർ എം പരമേശ്വരൻ.
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ ജോലിചെയ്തിരുന്ന സ്ത്രീ എന്നെ കൂട്ടിക്കൊണ്ടുപോകാൻ ഒരു ഉച്ചയ്ക്ക് സ്കൂളിൽ വന്നു. അവരുടെ കൂടെ വീട്ടിലെത്തിയപ്പോൾ മുത്തശ്ശനെ ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയിട്ടുണ്ട്. പ്രമുഖരായ കുറേപ്പേർ വരാന്തയിലും മറ്റുമായി നിൽക്കുന്നു. ഞങ്ങൾ കുറേപ്പേരുണ്ട് പേരക്കുട്ടികൾ. അദ്ദേഹത്തെ കാണുന്ന തരത്തിൽ ഞങ്ങളും വരാന്തയിലിരുന്നു. മുത്തശ്ശനെക്കുറിച്ചുള്ള ഓർമയിൽ ആദ്യം തെളിയുന്നത് ഈ കാഴ്ചയാണ്. എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് അദ്ദേഹം അന്തരിക്കുന്നത്.
പൊതുവേ വളരെ കർക്കശ സ്വഭാവക്കാരനും ഗൗരവമുള്ള പ്രകൃതവുമായിരുന്നു അദ്ദേഹത്തിനെന്ന് എന്റെ അച്ഛൻ ഉള്ളൂർ മഹാദേവൻ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഞങ്ങൾ പേരക്കുട്ടികളോട് വളരെ അനുനയത്തിലും സ്നേഹത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. പേരക്കുട്ടികളിൽ ഏറ്റവും ഇളയതായതിനാൽ അല്പം കൂടി പരിഗണന എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. വളരെ മൃദുലമായിട്ടായിരുന്നു കുട്ടികളോട് അദ്ദേഹം ഇടപെട്ടിരുന്നത്. 'കാക്കേ കാക്കേ കൂടെവിടെ' എന്നു തുടങ്ങുന്ന കവിത അച്ഛനായ ഉള്ളൂരല്ല, മുത്തശ്ശനായ ഉള്ളൂരാണ് എഴുതിയത്.
ദിവസവും വൈകുന്നേരം സ്വന്തം കാറിൽ ഒരു യാത്രയുണ്ട് അദ്ദേഹത്തിന്, കാറ്റുകൊള്ളാൻ പോവുക എന്നാണ് പറയുക. മുത്തശ്ശൻ ഒരുങ്ങുന്നതും കാത്ത് ഞങ്ങളും നിൽക്കും. അദ്ദേഹത്തോടൊപ്പം ഞങ്ങൾ താമസിച്ച ശാരദാനികേതനിൽ ഉള്ള എല്ലാ പേരക്കുട്ടികളെയും കൂടെകൂട്ടും. ആ യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നു. വല്യസന്തോഷം കണ്ടെത്തിയിരുന്നു കുട്ടികളോടൊപ്പം കൂട്ടുകൂടുന്നതിൽ.
വളരെ ചെറുപ്പത്തിൽ തന്നെ ഉദ്യോഗസ്ഥഭരണത്തിൽ പ്രവേശിച്ചതാണ് കവി. അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങൾ നിരവധി ഉണ്ടായിരുന്നു എന്നും മൂക്കത്തായിരുന്നു ശുണ്ഠി എന്നും അച്ഛൻ പറയുമായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും പരാതിയുമായി വന്നാൽ അവരെ അടുത്തുചേർത്തുനിർത്തി കാര്യങ്ങൾ കേട്ട് വേണ്ടത് ചെയ്യും. അതേസമയം കുടുംബകാര്യങ്ങൾ വളരെ ദൂരത്തുനിന്നേ വേണ്ടപ്പെട്ടവർ അവതരിപ്പിച്ചിരുന്നുള്ളൂ. ഭയവും ബഹുമാനവും ഭക്തിയുമായിരുന്നു കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തോട്. തീരെ നിവൃത്തിയില്ലെങ്കിലേ കാര്യങ്ങൾ നേരിട്ട് മുമ്പിൽ ചെന്ന് പറയാൻ പോകുമായിരുന്നുള്ളൂവത്രേ. അതേ ഉള്ളൂരാണ് സാഹിത്യവുമായും അക്കാലത്തെ രാഷ്ട്രീയകേരളവുമായും ആത്മബന്ധം പുലർത്തിയിരുന്നത്.
ഉള്ളൂർ എസ് പരമേശ്വരയ്യർ തന്റെ ജാതിയെ ഒട്ടും മാനിച്ചിരുന്നില്ല. ബ്രാഹ്മണസമൂഹത്തിൽ നിന്നും നല്ല എതിർപ്പുകൾ അദ്ദേഹം നേരിട്ടിരുന്നു ഇക്കാരണത്താൽ. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് കുമാരനാശാൻ വന്ന സംഭവം തന്നെ ആളുകൾ എടുത്തുപറയാറുണ്ട്. ഉള്ളൂർ നേരിട്ട് പോയി ആശാനെ വിവാഹത്തിന് ക്ഷണിച്ചു്. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് വിവാഹത്തിൽ പങ്കെടുത്തു. സദ്യയുണ്ണാനായപ്പോൾ ആശാൻ ഇരുന്ന പന്തിയിൽ നിന്നും ബ്രാഹ്മണർ ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങി. മറ്റുള്ളവരുടെ അന്നം താൻ കാരണം മുടങ്ങുന്നതു കണ്ട ആശാൻ വേഗം എഴുന്നേൽക്കാൻ ശ്രമിച്ചു. അതു കണ്ടുകൊണ്ടിരുന്ന ഉള്ളൂർ പന്തിയിലിരിക്കുന്ന ഒരൊറ്റയാളും എഴുന്നേൽക്കരുതെന്ന് ആജ്ഞാപിച്ചു. അച്ഛൻ പറയുമായിരുന്നു കവി അപേക്ഷിച്ചതല്ല, ആജ്ഞാപിച്ചതാണ് എന്ന്. ഉള്ളൂരിനെ പേടിച്ച് ആരും എഴുന്നേറ്റില്ല. ആശാൻ ഭക്ഷണം കഴിച്ചുതീരുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ ഇരുന്നുവത്രേ ഉള്ളൂർ.
ജാതി കാലത്തിനു ചേരുന്നതല്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ ഒറ്റ പേരക്കുട്ടികളുടെയും പേരിന് കൂടെ അയ്യർ എന്നോ അമ്മാൾ എന്നോ ചേർക്കാൻ സമ്മതിച്ചിരുന്നില്ല. പേര് സ്വതന്ത്രമായിരിക്കണം എന്നായിരുന്നു വാദം. ദിവാൻ പേഷ്കാർ പദവിയായിരുന്നു ഔദ്യോഗിക ജീവിതത്തിൽ നിർവഹിച്ചിരുന്നത്. ഇന്നത്തെ ചീഫ് സെക്രട്ടറിയുടെ തൊട്ടുതാഴെയുള്ള പദവി. പേഷ്കാർ സ്വാമി എന്നാണ് ശാരദാനികേതനു ചുറ്റും അറിയപ്പെട്ടിരുന്നത്.
തിയോസഫിക്കൽ സൊസൈറ്റിയുമായി വളരെയടുത്ത ബന്ധം പുലർത്തിയിരുന്നു കവി. വിവേകാന്ദനെക്കുറിച്ചോ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചോ അദ്ദേഹം കവിതയെഴുതിയിട്ടില്ല. പക്ഷേ ആനിബസന്റിനെക്കുറിച്ച് അദ്ദേഹം കവിതയെഴുതി. ''മാതാവേ! ബെസന്റമ്മേ! മർത്യാകാരം പൂണ്ട/ഗീതാവാക്യാധിഷ്ടാന ദേവതേ നമസ്കാരം!/ ലോകമോഹാന്ധകാരച്ഛത്രിയമുഷസ്സന്ധ്യേ/ ദേഹ്യാമ്പുക്ഷീര ഭേദവിജ്ഞയാം ഹസി'' എന്നുതുടങ്ങുന്ന കവിത 'തരംഗിണി' എന്ന കാവ്യസമാഹാരത്തിലാണുള്ളത്. 'ഗാനോപഹാരം' എന്നാണ് കവിതയുടെ പേര്. ആനിബെസന്റിനെയായിരുന്നു അദ്ദേഹം തന്റെ ആത്മീയാചാര്യയായി സ്വീകരിച്ചിരുന്നത്.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മഹത്തായ ഒരു പ്രസ്താവനയുണ്ട്. വിളംബരത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്ന കമ്മറ്റിയിൽ കവിയുമുണ്ടായിരുന്നു. നിരവധി വേദങ്ങളും പൗരാണികഗ്രന്ഥങ്ങളുമെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ വിളംബരം നടത്തുന്നത്. അധികാരികൾ വിളംബരത്തിൽ ഒപ്പുവെച്ചെങ്കിലും അത് പ്രയോഗത്തിൽ വരുത്തേണ്ട ഉത്തരവാദിത്തം കവിയ്ക്കായിരുന്നു. അതോടുകൂടി ബ്രാഹ്മണസമൂഹം അദ്ദേഹത്തിന് ഭ്രഷ്ട് കൽപിച്ചു. ആ ഭ്രഷ്ടിൽ സന്തോഷവാനായ കവി പ്രസ്താവിച്ചതിങ്ങനെയായിരുന്നു: ''ഇന്നലെവരെ ഞാനൊരു ബ്രാഹ്മണൻ മാത്രമായിരുന്നു, ഇന്നുമുതൽ ഞാനൊരു മനുഷ്യനായി!''
മഹാകാവ്യത്തിനും നിരവധി കവിതകൾക്കും പുറമേ അദ്ദേഹത്തിന്റെ പാണ്ഡിത്യം വെളിവാക്കുന്ന ഗ്രന്ഥമാണ് കേരളസാഹിത്യചരിത്രം. അവസാനനാളുകളിലാണ് ആ ഗ്രന്ഥത്തിന്റെ പണി പൂർത്തിയാവുന്നത്. ആ കൃതി പൂർത്തീകരിക്കാനായി ആയുസ് നീട്ടിക്കിട്ടിയതാണ് എന്ന് വീട്ടുകാർ പറയുമായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും അദ്ദേഹത്തെ വല്ലാതെ വലച്ചിരുന്നു അവസാനനാളുകളിൽ. ഗോതമ്പ് ചോറായിരുന്നു കഴിച്ചിരുന്നത്. മരണത്തോടുള്ള ഒരു വാശിപോലെ എഴുതിത്തീർത്തതാണ് കേരളസാഹിത്യചരിത്രം. ആ ഗ്രന്ഥരചനയ്ക്കുവേണ്ട അറിവുസമ്പാദനത്തിനായി നിരന്തരം യാത്രകൾ നടത്തിയിരുന്നു ഉള്ളൂർ. എഴുതിത്തീർന്നതും വിശ്രമിക്കാനിടകൊടുക്കാതെ അദ്ദേഹം മരണമടയുകയും ചെയ്തു.
ഉള്ളൂർ രണ്ട് വിവാഹം കഴിച്ചിരുന്നു. ആദ്യത്തെ ഭാര്യ വളരെ നേരത്തെ തന്നെ മരണപ്പെട്ടു. ആ ബന്ധത്തിൽ രണ്ടുകുട്ടികളുണ്ടായിരുന്നു. രണ്ടാം വിവാഹത്തിലെ മൂത്ത ആൺസന്തതിയാണ് എന്റെ അച്ഛൻ ഉള്ളൂർ മഹാദേവൻ. അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് തികയുന്നതിനുമുമ്പേ തന്നെ അമ്മയും മരിച്ചു. വിഭാര്യനായി കഴിഞ്ഞു പിന്നെ കവി. അക്കാലത്ത് ശാരദാനികേതനത്തിൽ നിരവധി ആളുകൾ ഉണ്ട്. കവിയുടെ അനുജൻ കൃഷ്ണയ്യർ വളരെ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതലയും കവിയ്ക്കായിരുന്നു. കൃഷ്ണയ്യരുടെ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങളെല്ലാം നോക്കിനടത്തിയിരുന്നത്. കൃഷ്ണയ്യരും സർക്കാരുദ്യോഗസ്ഥനായിരുന്നു. ശാരദാനികേതൻ ഉള്ളൂരിന്റെ സ്മാരകമാക്കണം എന്ന ആവശ്യം കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും ഉന്നയിച്ചിരുന്നു. കവിയുടെ ആദ്യത്തെ ഭാര്യയിലുള്ള മകന്റെ പേരക്കുട്ടിയ്ക്കാണ് ശാദരാനികേതനം ഇപ്പോൾ സ്വത്തായി ലഭിച്ചിരിക്കുന്നത്. സ്മാരകനിർമാണം എവിടെവച്ചാണ് നിലച്ചുപോയത് എന്നറിയില്ല. കവി ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം തന്നെ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ ഉള്ളൂരിന്റെ പേരിൽ ജഗതിയിൽ ഒരു ഗ്രന്ഥാലയം ഉണ്ടെന്നതാണ് ആശാവഹം.
Content Highlights :144 Birth Anniversary of Mahakavi Ulloor S Parameswara Iyer Grandson Ulloor M Parameswaran Remembers the poet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..