യഹ്‌റിബ്ബേത്തക് | ആഷിഫ് അസീസ് എഴുതിയ കഥ
വേദനയല്ലാതെ മറ്റൊന്നും അറിയാനാകാത്ത കുത്തിവെപ്പുകളുടെ കണ്ടുപിടിത്തം, ശാസ്ത്രത്തിന്റെ വളര്‍ച്ചയാണെന്ന് സഹതടവുകാരിലൊരാള്‍ പരിഹസിച്ചപോലെ തോന്നി. ടോര്‍ച്ചര്‍ ക്യാമ്പിലെത്തിയിട്ട് എത്ര വര്‍ഷങ്ങളും മാസങ്ങളുമായ് എന്നതു മാത്രമായിരുന്നു ഞങ്ങള്‍ മൂന്നുപേരെയും കുഴയ്ക്കുന്ന പ്രധാന ചോദ്യം.

art by balu

ങ്ങനെയാണ് ഇവരെന്നെ കൊല്ലാന്‍പോകുന്നത് എന്ന ചിന്ത തലച്ചോറിന്റെ അറിയാത്തഭാഗത്തും ഹൃദയത്തിന്റെ അറിയുന്നഭാഗത്തും കയറിത്തുടങ്ങിയതുമുതല്‍ ദിവസങ്ങളാണോ മാസങ്ങളാണോ കഴിഞ്ഞുപോകുന്നത് എന്നെനിക്കറിയാതെയായി. പൊടിയാറായ എല്ലുകളിലേക്ക് തണുപ്പും അടിയുടെ വേദനയും കയറി നമ്മുടെ പ്രജ്ഞ നശിച്ചതാണ് കാരണമെന്ന് പറഞ്ഞുതന്നത് സഹതടവുകാരന്‍ ഇഖ്വാനിയായ*1 ഗമാലാണ്. കമ്മ്യൂണിസ്റ്റായാലും വിശ്വാസിയായാലും ശരീരത്തിന്റെയും മനസ്സിന്റെയും വേദനകള്‍ക്ക് ദൈവസ്മരണമാത്രമേ ശാന്തിയേകുകയുള്ളുവത്രേ!

''നിങ്ങളുടെ സഹോദരന്‍ മഗ്ദിക്കു പറഞ്ഞുകൊടുക്കൂ, അവനല്ലേ നമ്മള്‍ മൂന്നുപേരുടെയും കൂട്ടത്തില്‍ ഏറ്റവും വേദന.''
കാറിന്റെ വളയത്തില്‍നിന്നെന്നപോലേ കൈകള്‍ കണ്‍തടങ്ങളില്‍നിന്നെടുത്ത് എന്നെ നോക്കാതെതന്നെ മഗ്ദി പറഞ്ഞു.
''ഈ വേദനയിലും വിടാതെകൊണ്ടുനടക്കുന്ന സിനോഹ്‌മിന്റെ പ്രത്യയശാസ്ത്രപുച്ഛം!''
സാത്വികഭാവത്തെക്കാളും ആവേശം വാക്കുകളിലുള്ള മഗ്ദിയുമായുള്ള തര്‍ക്കങ്ങള്‍ എനിക്കൊരാശ്വാസമാണെങ്കിലും ഗമാലിന് അതിഷ്ടമല്ല.
''സിനോഹ്‌മ്, നമ്മള്‍ രണ്ടുകൂട്ടരും ഒരേ ശത്രുക്കളുടെ തടവുകാരാണ്. അവര്‍ക്കൊപ്പമല്ലാത്തവരൊക്കെ അവര്‍ക്ക് രാജ്യദ്രോഹികളാണ്. മുര്‍സിയെ ഏതു നിമിഷവും പട്ടാളം വധിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്.''

ഈജിപ്തിന്റെ ഉള്‍ജയിലുകളില്‍പ്പോലും ഇഖ്വാനികള്‍ക്ക് വിവരങ്ങള്‍ അറിയാനാകുന്നതിലുള്ള എന്റെ അമ്പരപ്പ് ശ്രദ്ധിച്ചുകൊണ്ട് മഗ്ദി പറഞ്ഞു.
''യഹ്‌റിബ്ബേത്തക്!''*2
ദൈവനിന്ദയുടെ ആ വാചകം ഗമാലില്‍ അസ്വസ്ഥതയുണ്ടാക്കി. അറുപതിനായിരത്തിനു മുകളില്‍ ആളുകള്‍ ഇതുപോലുള്ള പീഡനകേന്ദ്രങ്ങളില്‍ തടവില്‍ കിടക്കുന്നതും ദൈവഹിതമെന്നു കരുതി, ദൈവപ്രതീക്ഷയില്‍ ദിക്ര്‍ ചെയ്തിരിക്കുന്ന അയാളുടെ മനോഭാവം എനിക്കു രുചിച്ചില്ല. അറബ് ലോകത്തെ കമ്മ്യൂണിസ്റ്റ് സ്വാധീനം അറിയിക്കാനായി കൂടി പറഞ്ഞു.
''സൗദി മാത്രമല്ല, ഇമാറാത്തും*3 പട്ടാളത്തെ സഹായിക്കാന്‍ വരുന്നുണ്ടത്രേ! മുല്ലപ്പൂ വിപ്ലവാനന്തര ജനാധിപത്യത്തിനെ ഒതുക്കാന്‍ സാമ്രാജ്യത്വമുതലാളിമാരും രാജാക്കന്മാരായ ബൂര്‍ഷ്വകളും ഒറ്റക്കെട്ട്!''

ഇമാറാത്തെന്നു കേട്ടതും ഗമാലിന്റെ മുഖം കൂടുതല്‍ ചുവന്നുവെങ്കിലും ദിക്ര്‍ മുടക്കിയില്ല. ടുണീഷ്യയില്‍നിന്നുയര്‍ന്ന വിപ്ലവാഹ്വാനം രാജവാഴ്ചയുടെ അന്ത്യമാകാതിരിക്കാന്‍ അറബുവസന്തവിരോധികള്‍ ഒന്നിക്കുന്നതില്‍ എന്ത് അസ്വാഭാവികതയാണ് ഗമാലിനു തോന്നിയതെന്ന് എനിക്കു മനസിലായില്ല. ഊഴമിട്ടു തല്ലാന്‍ വരുന്ന അമേരിക്കന്‍ പട്ടാളക്കാരനായ ജോര്‍ജിന്റെയും മിസ്രിയായ*4 മുബാറക്കിന്റെയും മുന്നിലല്ലാതെ ഗമാല്‍ തസ്ബീഹു മാല മാറ്റാറില്ല. ഹെല്‍വാനിലെ* ലോഹങ്ങളുടെ സ്വര്‍ഗ്ഗത്തില്‍നിന്നെടുത്ത, ഉരുക്കില്‍ത്തീര്‍ത്ത, പിടിമാത്രം മയമുള്ള, കുഞ്ഞിന്റെ ആകൃതിയിലുള്ള ദണ്ഡിന്റെ പ്രഹരത്തിലാണ് പിന്നീടുള്ള ദിക്‌റുകളുടെ*5 എണ്ണംപിടിക്കല്‍. എന്നെയും മഗ്ദിയെയും തല്ലുമ്പോള്‍ ഇസ്തിഗ്ഫാറാണ്*6 ഗമാലിന്റെ പതിവ്. തല്ലുന്നവരെ ആവേശം കൊള്ളിക്കുന്ന ഇര്‍ഹാല്‍ മുദ്രാവാക്യമാണ്*7 മഗ്ദിക്ക്. കഴിഞ്ഞകാല കഥകള്‍ കലര്‍പ്പോടെ പറഞ്ഞുകൊടുത്താല്‍ കിട്ടുന്ന ഇടവേളകളിലാണ് എന്റെയാശ്വാസം.

സിനായിലെ സ്‌കൂളില്‍ പോകാനുണ്ടായിരുന്ന വൈമനസ്യം മുഖത്തുള്ള മുബാറക്കിന്‌ എഞ്ചിനീയറായ ഗമാലിനെ തല്ലുന്നതിലാണ് ലഹരി. ക്രമാനുഗതമായി മരത്തില്‍ ആണിയടിക്കുന്ന ആശാരിയുടെ വൈഭവത്തോടെയാണ് ജോര്‍ജ് മൂന്നു പേരെയും അടിക്കാറുള്ളത്. എന്നാലും എന്റെ അനുഭവങ്ങളിലെ സ്ത്രീസാന്നിധ്യം രണ്ടു പട്ടാളക്കാരെയും ഒരേ തരത്തിലാണ് ആവേശം കൊള്ളിക്കാറ്. ആറു തവണ മിസ്രിയും അമിരിക്കിയും തലകുനിച്ച് സെല്ലിലേക്ക് കയറിവരുമ്പോഴാണ് ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണാറുള്ളത്. ഗലബിയിലുള്ള*8 രക്തം തുടച്ച ചുമരില്‍ തൊട്ട്, തയമ്മംചെയ്ത്*9 അവര്‍ രണ്ടു പേരും ഇരുന്ന് നിസ്‌കരിക്കുമ്പോള്‍, അവരുടെ മുന്നില്‍നിന്ന് എഴുന്നേല്ക്കാന്‍ കഴിയാത്തത്തില്‍ അകാരണമായ കുറ്റബോധം ഉണ്ടാകാറുണ്ട്.

പുകകൊണ്ട് പല്ലു തേച്ച് മുബാറക് വരുമ്പോള്‍, കൈയില്‍ ആവി പറക്കുന്ന ചായയുണ്ടാകും. കപ്പും ദണ്ഡും മാറിമാറി പിടിക്കുന്നതുകൊണ്ട് കൈകള്‍ക്ക് ആയാസമുണ്ടാകാതെ തല്ലാന്‍, ആ ഇരുപത്തിമൂന്നുകാരന്‍ പരിശീലിച്ചു കഴിഞ്ഞു.
''യാ വലദ്,*10 ഇന്ന് കഥയൊന്നുമില്ലേ?''
കൈകളൂന്നി, നിലത്തിരിക്കാന്‍ മുടിയില്‍ പിടിച്ചുപൊക്കി ജോര്‍ജ് സഹായിച്ചു.
''മിസ്റ്റര്‍ സിനോ, നിങ്ങളുടെ ഭാര്യയെപ്പറ്റിയാണ് ഇനി പറയേണ്ടത്.''

നാല്പതുകളിലെ ചേര്‍ന്നുറങ്ങല്‍ നഷ്ടമായ റവാന്റെ വിരഹത്തില്‍ തല്‍പരരായ ശ്രോതാക്കളുടെ ആവശ്യം തല്‍ക്കാലം അവഗണിച്ചുകൊണ്ട് വീണ്ടും ഞാന്‍ പറഞ്ഞു.
''മന്‍സൂറാപട്ടണത്തില്‍ മനം മടുത്ത എന്റെ ഉമ്മ മറിയമാണ് നെല്ലിന്റെയും ഗോതമ്പിന്റെയും പാടങ്ങളുടെ ഗ്രാമമായ അബുഗൊഹാരിയിലെ റവാന്റെ ആലോചന കൊണ്ടുവന്നത്. പശുക്കളെ പരിപാലിക്കുന്ന കുടുംബത്തില്‍നിന്നുള്ള പെണ്ണിന് മോന്റെ നാസ്തികവാദം മാറ്റാനാകുമെന്ന വിചിത്രസിദ്ധാന്തം അങ്ങോട്ടുള്ള ചെറിയ ബസ്സില്‍ച്ചാണ് ഉമ്മ പറഞ്ഞത്. ഉമ്മ നിസ്‌കരിക്കുമ്പോള്‍ മുന്നില്‍നിന്ന് കോപ്രായങ്ങള്‍ കാട്ടുന്നതല്ലാതെ എന്റെ ഒരു വാദവും ഉമ്മയോട് പറയാറില്ല.''
ബില്‍ഖാസിലെ* കോളേജില്‍ താല്‍ക്കാലിക ട്യൂട്ടാറായ റവാന്റെ സംസാരം എനിക്കിഷ്ടമായി. ഉമ്മയോട് കാണിക്കുന്ന അതേ കോപ്രായങ്ങള്‍ പക്ഷേ, റവാനെ സംബന്ധിച്ചിടത്തോളം വലിയ അപരാധങ്ങളായിരുന്നു.
''മതം മൂടുപടത്താല്‍ മറച്ച മുഖമായിരിക്കുമല്ലേ അവള്‍ക്ക്?''

പുച്ഛത്താലുള്ള അമേരിക്കനുച്ചാരണം കേട്ട് ജോര്‍ജിന്റെ മുഖത്തു നോക്കാതെ മുബാറക് മുഖമൊന്നു കോട്ടി.
''അവളുടെ രക്തത്തില്‍ ഇസ്ലാമും എന്റെ രക്തത്തില്‍ ചുവപ്പുമായിരുന്നു.''
മുബാറക് ദേഷ്യം തീര്‍ത്തത് എന്റെ നാഭിക്ക് തൊഴിച്ചു കൊണ്ടായിരുന്നു. അതില്‍ ആവേശം കൊണ്ട ജോര്‍ജ് ഞങ്ങളുടെ കിടപ്പറ വര്‍ണ്ണിക്കാനാവശ്യപ്പെട്ടു. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു പുണ്യപ്രവൃത്തി മാത്രമായിരുന്നു അവള്‍ക്കത്. കമ്പ്യൂട്ടറിന്റെ അസ്ഥികൂടങ്ങളില്‍ മാംസംകൊണ്ടു പൊതിയുന്ന ജോലി കാരണം മിക്കവാറും ഞാന്‍ വൈകിയാണ് വീട്ടിലെത്താറുള്ളത്. ഞാന്‍ വീട്ടുജോലികള്‍ ചെയ്യുന്നതില്‍ അവള്‍ക്കെതിര്‍പ്പില്ലായിരുന്നു. ഉദ്ദിഷ്ടകാര്യങ്ങളിലേക്ക് കഥ പോകാത്തത്തില്‍ അമര്‍ഷംപൂണ്ട ജോര്‍ജ്, ദണ്ഡുകൊണ്ട് മുട്ടിനു താഴേ ഒന്നുരുട്ടി.

''മുബാറക്, പടച്ചവന്റെ മുന്നില്‍ നിനക്കായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാകുക.''
ഉപദേശിച്ച ഗമാലിന്റെ മൂക്കിന്റെ ആഴം ബൂട്ടുകൊണ്ട് അളന്നാണ് മുബാറക് മറുപടി പറഞ്ഞത്.
''മുല്ലയ്ക്കും*11 മുബാറക്കിനും തിരിയാത്ത മതം പറയുന്ന നീയാണോ പടച്ചോന്റെ ആള്‍, ഭരണാധികാരി ഏതു മാക്രിയായാലും അനുസരിക്കാനാണു ഞാന്‍ പഠിച്ചിട്ടുള്ളത്.''
''മതം കുമ്പസാരക്കൂട്ടിലും മാര്‍പ്പാപ്പ മേടയിലും ട്രമ്പ് വൈറ്റ്ഹൗസിലും. ആരും ആരെയും ശല്യം ചെയ്യേണ്ടാ. നീ നിന്റെ കിടപ്പറയെപ്പറ്റി പറ സിനോ.''
ജോര്‍ജിന്റെ മുരളല്‍ മുറുകിയതു കേട്ടില്ലെങ്കില്‍ മഗ്ദിക്കും ഗമാലിനുമാണ് ഇനി അടി കിട്ടുക എന്നുള്ളതുകൊണ്ട് വീണ്ടും തുടങ്ങി.
''മെലിഞ്ഞവളെങ്കിലും ആരോഗ്യമുള്ളവളായിരുന്നു റവാന്‍. മുഖത്തിന്റെ ഒരു ഭാഗത്ത് മുഖക്കുരു നിറഞ്ഞതുകൊണ്ട് പാതിമുഖമേ അധികവും കാണാനാകൂ. കിടപ്പറയിലെ ചുംബനങ്ങളില്‍പ്പോലും ആ ഭാഗം അവളുടെ സ്വകാര്യതയായിരുന്നു. രണ്ടുപേരുടെയും ആഗ്രഹപൂര്‍ത്തീകരണത്തിന്നു ശേഷം പാതിമുഖം എന്റെ നെഞ്ചില്‍വെച്ചാണ് അവളുറങ്ങാറ്.''
''അനൽ സെക്‌സ്‌ ചെയ്തിട്ടുണ്ടോ നീ?''
ജോര്‍ജിന്റെ ക്ഷമ നശിച്ചതു കൊണ്ടല്ല അങ്ങനെ ചോദിച്ചതെന്ന് മുബാറക്കിന് അതെന്താണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു കൊടുത്തപ്പോള്‍ മനസ്സിലായി.
''ഇല്ല.''
''ലേഷ്*12 യാ വലദ്?''

മുബാറക്കിന്റെ ഗുരു ജോര്‍ജ്, അതും വിവരിച്ചുകൊടുത്തു.
''അത് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണ്.''
അദ്ഭുതവും അജ്ഞാനവും മറക്കാന്‍ മുബാറക് പണിപ്പെട്ടു.
''അതിന് ഇവന്‍ കമ്മ്യൂണിസ്റ്റല്ലേ?''
പ്രകൃതിയെപ്പോലും ചൂഷണം ചെയ്യരുതെന്നാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പറയുന്നതെന്ന മറുപടിയാണ് മനസ്സില്‍ വന്നത്. വിവരദോഷികളുടെ വലയില്‍ കിടന്നുരുളാന്‍ വയ്യാത്തതുകൊണ്ട് ഇങ്ങനെ പറഞ്ഞു.
''ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കാറില്ല.''
''സ്റ്റാലിന്‍ പിന്നെ പൂക്കള്‍ കൊണ്ടാണല്ലോ ചുവന്ന രാജ്യമുണ്ടാക്കിയത്.''
കണ്ണ് ചതഞ്ഞുപോയ മഗ്ദിയുടെ വാക്കുകളെ ഗമാല്‍ മുഴുവനാക്കാന്‍ സമ്മതിച്ചില്ല.
''സിനോഹ്‌മ്, നിനക്ക് ഗേള്‍ഫ്രണ്ട്‌സില്ലേ?''
ഗുരുവിന്റെ നല്ല ശിഷ്യന്റെ ചോദ്യം ജോര്‍ജിന്റെ മനം നിറച്ചു. മുബാറക് ഏറെ മുന്നോട്ടുപോയതിന്റെ സന്തോഷത്താല്‍ മുരണ്ടുകൊണ്ട് എന്നോട് മറുപടി പറയാന്‍ പറഞ്ഞു.
''ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് പോയിക്കാണും.''
''ഹിന്ദിയായിരുന്നോ?''
പുകനിറമുള്ള പല്ലുകള്‍ മുഴുവനും കാട്ടി അവന്‍ ചിരിച്ചപ്പോള്‍ ഓര്‍മ്മ വന്നത് അവളുടെ കൂട്ടുകാരിയും ഇതേ ചോദ്യം മറ്റൊരു തരത്തില്‍ ചോദിച്ചതും അതിനുള്ള അപര്‍ണ്ണയുടെ മറുപടിയുമാണ്.

''നിനക്ക് ഒരു മുസ്ലീമിനെയല്ലാതെ അവിഹിതത്തിന് മറ്റാരെയും കിട്ടിയില്ലേ?''
''കുഴപ്പമില്ല. കമ്മ്യൂണിസ്റ്റാണ്.''
ശ്രോതാക്കളുടെ താല്‍പര്യത്തില്‍പ്പെടാത്ത ലൈംഗികേതരകാര്യങ്ങള്‍ ഓര്‍മ്മകളിലൊതുക്കി, അപര്‍ണ്ണയെപ്പറ്റി പറഞ്ഞു. ഭര്‍ത്താവുമൊത്ത് ഇന്ത്യന്‍ എംബസിയിലായിരുന്നു അവള്‍ ജോലി ചെയ്തിരുന്നത്. അവളുടെ കമ്പ്യൂട്ടറില്‍ വിഷലിപ്തമായ വൈറസുകള്‍ക്ക് മറുപടി കൊടുക്കവേയുള്ള പരിചയം. ജീവിതത്തിലുടനീളം കൊണ്ടുനടന്ന സംശയങ്ങള്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടുമാത്രം എനിക്കു മുന്നില്‍ കുടഞ്ഞിട്ടു.
''ഞങ്ങളുടെ നാട്ടില്‍ മുമ്പെങ്ങുമില്ലാത്തവിധം പര്‍ദ്ദകള്‍ സജീവമാകുന്നു. ഹോസ്റ്റല്‍മേറ്റുകള്‍ അരവണപ്രസാദം കഴിക്കാതെയായി, റോഡില്‍പ്പോലും താടിവെച്ചവര്‍ നമസ്‌കരിക്കുന്നു. ഇതൊക്കെ വഹാബിസത്തിന്റെ ഫലമല്ലേ?''
''നീ അവരോടു ചോദിച്ചില്ലേ?''
കറുത്ത മുടിയിഴകള്‍ ഒതുക്കി, ചാരക്കണ്ണുകളടച്ച്, ഇല്ലെന്നു കാണിച്ചു.
''ചോദിക്കാത്തത് നിന്റെ തെറ്റ്. പറയാത്തത് അവരുടെയും.''

ഇന്ത്യയിലെ മനുഷ്യബന്ധമില്ലാത്ത പത്രങ്ങളും ചാനലുകളും വാട്‌സ്ആപ്പു ഗ്രൂപ്പുകളും പടര്‍ത്തുന്ന വിഷവൈറസുകള്‍ അവളുടെ തലയില്‍നിന്നു കളയാന്‍ രക്തരഹിത ശസ്ത്രക്രിയതന്നെ വേണ്ടി വരും. മുടിയൊതുക്കി, മുഖം മുഴുവന്‍ വിടര്‍ത്തുന്ന അവളോടുള്ള കൗതുകം അടക്കാനാകാതെ ചോദിച്ചു.
''എന്താണീ വഹാബിസം?''
''അറിയില്ല. നിങ്ങള്‍ പറഞ്ഞുതരൂ.''
കറുത്ത കോട്ടിലുള്ള ശില്പഭംഗിയില്‍ കണ്ണുകള്‍ പെടാതിരുന്നില്ല.
''ഞാന്‍ പറയുന്നതെന്തിന്? നിനക്ക് ഗൂഗിള്‍ ചെയ്തുനോക്കിക്കൂടേ?''
''എന്നെ അവിടുത്തെ ശിഷ്യയാക്കിയാലും.''
കണ്ണുകളില്‍ക്കാണുന്ന എന്റെ പ്രതിബിംബത്തിന്റെ കൃത്യത അവളും കാതരയായെന്ന് കാണിക്കുന്നതായിരുന്നു.
''ദൈവവുമായുള്ള ബന്ധത്തില്‍ സൃഷ്ടിപൂജകള്‍ വരരുതെന്ന അജണ്ടയല്ലാതെ വഹാബികള്‍ക്ക് വേറേ അജണ്ടയില്ല. മറ്റ് അജണ്ടകള്‍ ഉള്ളവര്‍ക്ക്, മതമെന്നത് ഒരു ഇസമാണ്, കമ്യൂണിസംപോലേ. മനുഷ്യന്റെ വിശപ്പ് അത്തരം സംഘടനകള്‍ക്കും മതങ്ങള്‍ക്കും മുഖ്യവിഷയമല്ല.''
''അവളുമൊത്ത് രാത്രി ഉറങ്ങിയോ?''
വര്‍ണ്ണനകളെക്കാളും വിഷയതല്‍പരനായ, അധികാരക്കുപ്പായമിട്ട ജോര്‍ജ് ഇടയ്ക്കു കയറിയപ്പോള്‍, ഒരൊറ്റ വാക്കില്‍ ഉത്തരമൊതുക്കി.
''പകല്‍.''

മുഴുവനാക്കുംമുമ്പേ മുബാറക് ഉത്സാഹത്തോടെ ഇടയ്ക്കു കയറി.
''യാ വലദ്, അതു പറ. ചുമ്മാ ഗിർഗിർ പറയാതെ.''

സൗഹൃദത്തിന്റെ ആഴവും പരപ്പും ശാരീരികാവശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിലേക്കു കൂടെയെത്താന്‍ കാലം അധികമെടുത്തില്ല. വിലക്കുകളില്‍ മിടിക്കുന്ന ഹൃദയമുള്ളവരുടെ പ്രണയനദിയുടെ കുത്തൊഴുക്ക് കനാലുകളെക്കാള്‍ വേഗത്തിലാണ്. ഇന്ത്യന്‍ വാട്ടര്‍പമ്പുകളെ കൃഷിക്കുപയോഗിക്കുന്ന അബുഗൊഹാരിയിലെ കര്‍ഷകനായ പിതാവിന്റെ മകളായ റവാന്‍ ഇതൊന്നുമറിഞ്ഞില്ല. ഉറങ്ങുമ്പോള്‍ കാണുന്ന അവളുടെ മുഖക്കുരു കരിഞ്ഞ പാടില്‍ തലോടി ഞാന്‍ സ്‌നേഹത്തിന്റെ മൂന്നു വിത്തുകള്‍ പാകി.
''അപര്‍ണ്ണയുടെ ഗുദം ഉപയോഗിച്ചില്ലേ?''
മുബാറക്കുംജോര്‍ജും കൂടെയിരുന്നു മര്യാദക്കാരായി.

''പറഞ്ഞല്ലോ, വിലക്കുകളില്ലാത്തവര്‍ക്കും വിലക്കപ്പെട്ട കനികള്‍ ഏറെ രുചികരമാണ്.''
മഗ്ദിയുടെ പല്ലിറുമ്മലും ഗമാലിന്റെ ഇസ്തിഗ്ഫാറും എല്ലാവര്‍ക്കും കിട്ടുന്ന അടിയെക്കാള്‍ വലുതല്ലാത്തതുകൊണ്ട് കഥ തുടര്‍ന്നു. അപര്‍ണ്ണയുമായ് ആഴ്ചയിലൊരിക്കലുള്ള കൂടിച്ചേരലുകള്‍ കഴിഞ്ഞാലുണ്ടാകുന്ന ആലസ്യം ശരീരത്തിന്റേതാണെന്ന തിരിച്ചറിവ് ചിന്തിപ്പിക്കുന്നതായിരുന്നു. റവാന്റെ സ്വകാര്യമുഖഭാഗത്തേക്കു നോക്കി ഉണര്‍ന്നിരിക്കുമ്പോള്‍, ചിന്തയുടെ ചിതലുകള്‍ക്ക് വീര്യം കൂടും.
രുചികരമായ പ്രണയപര്യടനത്തില്‍ പ്രകൃതിയുടെ അടയാളപ്പെടുത്തലുണ്ടായതും പെട്ടെന്നായിരുന്നു. പിതാവിന്റെ മരണംകാരണം ഇന്ത്യയിലേക്കു പോയ ഭര്‍ത്താവറിയാതെ അബോര്‍ഷന്‍ചെയ്യാന്‍ അവളെന്നെ കൂട്ടുവിളിച്ചു.
''തിരക്കുകളില്ലെങ്കില്‍ കൂടെവരൂ.''

ചാറ്റിലെ വാക്യത്തിനു താഴേ ചിതലുകള്‍ രണ്ടു നീലശരികള്‍ ചാര്‍ത്തി. പട്ടാളവിരുദ്ധസമരങ്ങള്‍ നടക്കുന്നതുകൊണ്ടു മാത്രമല്ല, ബില്‍ഖാസില്‍ റവാന്റെ വിദ്യാര്‍ത്ഥികളും മന്‍സൂറാ പട്ടണത്തില്‍ സഹപ്രവര്‍ത്തകരില്‍ ചിലരും നിരത്തിലിറങ്ങിയതുകൊണ്ട് അവിടുള്ള ഒരാശുപത്രിയിലും പോകാനാകില്ല. സീനായിലെ തിരക്കു കുറഞ്ഞ ക്ലിനിക്കുകളില്‍ ഏതിലെങ്കിലും ടാക്‌സിയില്‍ പോകാമെന്നു പറഞ്ഞതിന് അവളൊന്നും പറഞ്ഞില്ല. കാറിനുള്ള കാത്തിരിപ്പിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വാക്കുകളില്ലാതെയായി.
''പട്ടാളം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.''
''നിങ്ങളുടെ സംഘടനയിലെ കുറെ പേരെ പിടിച്ചില്ലേ?''
മറുപടി പ്രതീക്ഷിക്കാത്ത ചോദ്യത്തിനു ശേഷം ആത്മഗതമെന്നോണം അവള്‍ പറഞ്ഞു.
''ഇതു കഴിഞ്ഞ് നാട്ടിലേക്കു പോകുകയാണ്, തല്‍ക്കാലം.''

പൊട്ടിയ ചില്ലുമായി വരുന്ന ടാക്‌സിക്ക് കൈകാണിച്ചതും അവള്‍തന്നെയായിരുന്നു. ഡ്രൈവറെക്കൂടാതെ മുന്‍വശത്തിരിക്കുന്നയാളുടെ നീണ്ട താടി കണ്ടപ്പോള്‍ അവളൊന്നു പിന്നോട്ടാഞ്ഞ് എന്റെ കൈയില്‍ പിടിച്ചു. നിര്‍ത്തിയതേ വലിയ കാര്യമെന്നുള്ളതുകൊണ്ട്, അവളുടെ കൈ വലിച്ച്, കാറില്‍ കയറി.
''സീനായിലേക്ക് ആക്കിത്തരാമോ സഹോദരാ?''
''അത്രയും ദൂരം പോകാനുള്ള നേരമില്ല. അങ്ങോട്ടുള്ള വഴിയില്‍ വിട്ടാല്‍ മതിയോ?''
''ആശുപത്രിയില്‍ പോകണമായിരുന്നു. ദയവുചെയ്ത്.''
ഗ്രാമത്തിലേക്കു പോകാന്‍ മടിച്ചു ഡ്രൈവര്‍ എന്തോ പറയാനാഞ്ഞപ്പോള്‍, തടഞ്ഞുകൊണ്ട് താടിക്കാരന്‍ പറഞ്ഞു.
''മഗ്ദീ, ആക്കികൊടുക്ക്.''

ദൂരം കൂടുതലുള്ളതുകൊണ്ട് പേര് പറഞ്ഞുള്ള പരിചയപ്പെടലില്‍ അസ്വസ്ഥത തോന്നിയില്ല. ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍എഞ്ചിനീയറായ ഗമാലിന്റെ പെരുമാറ്റം ഏറെ ഹൃദ്യമായിരുന്നു. മഗ്ദിയുടെ ഇടയ്ക്കുള്ള വാച്ചുനോക്കലിന്റെ രസക്കേട് അപര്‍ണ്ണയുടെ കണ്ണുകളിലുണ്ടായിരുന്നു. പിന്നീടുള്ള അവരുടെ സംസാരം പ്രാദേശിക അറബിയിലായതിനാല്‍ അവള്‍ എന്റെ തോളിലേക്കു ചാഞ്ഞു.

പ്രതിഷേധപ്രകടനത്തില്‍ പരിക്കേറ്റവരെക്കൊണ്ട് ക്ലിനിക് നിറഞ്ഞിരുന്നു. വിരോധമില്ലെങ്കില്‍ കാത്തിരിക്കാമോ എന്ന എന്റെ ചോദ്യം അവഗണിച്ചുകൊണ്ട് ഗമാലിന് പിന്നാലെ മഗ്ദിയുംകൂടെ വന്നു. ഡോക്ടറുടെ മുറുമുറുപ്പുകള്‍ ഇഖ്വാനികളുടെ ഹസ്തദാനത്തില്‍ ഒതുങ്ങി. ഭര്‍ത്താവിന്റെസ്ഥാനത്ത് ഒപ്പിടുമ്പോള്‍ കൈ വിറച്ചില്ല. മണ്ണിന്റെ നിറമുള്ള കപ്പില്‍ ചായയുമായ് സഹയാത്രികര്‍ വന്നപ്പോള്‍ത്തന്നെ അവരുടെ പോക്കറ്റ് നിറയ്ക്കണമെന്ന് മനസ്സിലുറപ്പിച്ചു. ജനാധിപത്യരീതിയില്‍ ഭരണത്തിലേറിയ മുര്‍സിയെ അട്ടിമറിച്ച് പട്ടാളം അധികാരത്തിലേറിയതിന്റെ സാമ്രാജ്യത്വലക്ഷ്യങ്ങളെപ്പറ്റി മഗ്ദി വാചാലനായപ്പോള്‍, ഭാര്യക്ക് ഒന്നും സംഭവിക്കില്ലെന്ന് ആശ്വസിപ്പിക്കുകയായിരുന്നു ഗമാല്‍. മണിക്കൂറുകള്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച മനുഷ്യരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഭാര്യയല്ലെന്നറിഞ്ഞാല്‍ വിശ്വാസികളായ മഗ്ദിക്കും ഗമാലിനും ഉണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ തോന്നിയില്ല. സമരത്തില്‍ ഇടതുചേരിയുടെ മോശമല്ലാത്ത ഇടപെടലുകളും അതിന്റെ പ്രസക്തിയും ബോദ്ധ്യപ്പെടുത്താനാണ് അപര്‍ണ്ണ പുറത്തിറങ്ങുന്നതുവരെ ശ്രമിച്ചത്.

മരുന്നിന്റെ ക്ഷീണം മാറാന്‍ വീട്ടില്‍പ്പോയി വിശ്രമിച്ചാല്‍ മതിയെന്ന ഡോക്ടറുടെ നിര്‍ദ്ദേശം എന്നോടു പറയുമ്പോള്‍, അവളുടെ കണ്ണുകളില്‍ അദ്ഭുതമായിരുന്നു. എനിക്കൊപ്പം കാത്തിരിക്കുന്ന താടിക്കാരുടെ മുഖത്തേക്കുതന്നെയായിരുന്നു അപര്‍ണ്ണയുടെ നോട്ടം. തിരിയേ കാറില്‍ കയറുന്നതിന്നു മുമ്പ് ചുരുട്ടിയ നോട്ടുകള്‍ എന്റെ കൈയില്‍ പിടിപ്പിച്ച് ഇഖ്വാനികളുടെനേര്‍ക്ക് ചാരക്കണ്ണുകള്‍ കാണിച്ചു. ടയറും രക്തവും കത്തിയതിന്റെ മണമുള്ള റോഡില്‍ക്കൂടെ വേഗത കുറച്ചാണ് മഗ്ദി കാറോടിച്ചത്. അവിശ്വാസിക്ക് ബഹുദൈവവിശ്വാസിനിയിലുണ്ടായ കുഞ്ഞിനെ തിരിച്ച് ദൈവത്തിന്റെയടുത്തേക്ക് യാത്രയയ്ക്കാന്‍ കൂട്ടുനിന്ന രണ്ടു വിശ്വാസികളുടെ നിയോഗത്തെ കുറിച്ചോര്‍ത്തപ്പോള്‍ വല്ലാത്ത ചിരിവന്നു. അതും അവിഹിതഗര്‍ഭം!

അവളുടെ വില്ലയ്ക്ക് താഴേ കാര്‍ നിറുത്തി. കൂടെയിറങ്ങി, കൂടുതല്‍ സഹായിക്കാന്‍നിന്ന അവരെ തടയാനെന്നോണം അവള്‍ നോട്ടുകള്‍ നീട്ടി.
''ഇതിനു വേണ്ടിയല്ല ഞങ്ങള്‍ കൂടെവന്നത്.''
ഗമാലിന്റെ ചിരി അപര്‍ണ്ണയുടെ അത്ഭുതം കൂട്ടി. ബാഗ് കൈയില്‍നിന്നു വാങ്ങി, എന്റെ കൈ പിടിച്ച് അവള്‍ യാത്ര ചോദിച്ചു. അവള്‍ക്കൊപ്പം പോയില്ലെങ്കില്‍ ഭാര്യയല്ലെന്ന് ഗമാലും മഗ്ദിയും അറിയുമെന്നുള്ളത് കൊണ്ട്, അവസാനമായ് ഇതുംകൂടെ പറഞ്ഞു:
''ഓഫീസില്‍നിന്നു താക്കോല്‍ കൊണ്ടുവരുമ്പോള്‍, കഴിക്കാന്‍ എന്തെങ്കിലും വാങ്ങിച്ചോളൂ.''
അവളെ ഇനി കാണില്ലെന്ന് ഒരു ഉള്‍വിളി ഉണ്ടായായതുകൊണ്ട് മഗ്ദിയെയും ഗമാലിനെയും നോക്കാന്‍ കഴിഞ്ഞില്ല.
''പോകുന്ന വഴിക്ക് ഞങ്ങള്‍ ആക്കിത്തരാം.''

മഗ്ദിയുടെ ചിരി അവസാനമായ് കണ്ടത് അപ്പോഴാണ്. കാറില്‍ കയറിയിട്ടും അവള്‍ ഗേറ്റടയ്ക്കുന്നതുവരെ അയാള്‍ വണ്ടിയെടുത്തില്ല. പരമാവധി വേഗത്തില്‍ കാറോടിക്കുമ്പോഴും റോഡിലെ കല്ലിലും കവണയിലും വടിയിലും ടയര്‍ പെടാതെ വളയം തിരിക്കുന്ന വൈഭവം അയാളുടെ പ്രത്യേകതയായിത്തോന്നി. ഉടനീളം, ഉടലിന്റെ താല്‍ക്കാലിക ദൗത്യത്തെക്കുറിച്ചുള്ള മത, ഭൗതിക, പ്രത്യയശാസ്ത്രങ്ങളിലൂന്നിയുള്ള ചൂടന്‍ചര്‍ച്ചയായിരുന്നു. ഉപകാരം ചെയ്തവരെ വെറുതേ മടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ചെമ്പരത്തിച്ചായ കുടിക്കാന്‍ ക്ഷണിച്ചു. വൈകുന്നുണ്ടെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും കൈകളില്‍പ്പിടിച്ചുള്ള നിര്‍ബ്ബന്ധത്തിന് അവര്‍ വഴങ്ങി. കോട്ടിട്ടുകൊണ്ട് ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്നയാളുടെ അടുത്ത് നിറുത്തിച്ചത് ചായകുടിക്കലും ഒരു രാഷ്ട്രീയമാണെന്ന സത്യം കൊണ്ടായിരുന്നു. ചൂടുള്ള, ചുവന്ന കര്‍കദേ ചായയുടെ വെളുത്ത കടലാസിന്റെ കപ്പില്‍ ഞങ്ങളുടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായ് അവസാനിച്ചു.

അങ്ങോട്ടേക്ക് വാനില്‍ വന്ന പട്ടാളക്കാര്‍, ഉപചാരപൂര്‍വ്വം സലാം പറഞ്ഞുകൊണ്ടാണ് ഞങ്ങളെ നാലുപേരെയും വണ്ടിയില്‍ കയറ്റിയത്. ജയിലിലെത്തി ഇത്രയും നാള്‍ കഴിഞ്ഞിട്ടും ആ ചായക്കച്ചവടക്കാരന് എന്തു സംഭവിച്ചുവെന്ന് എനിക്കോ മഗ്ദിക്കോ ഗമാലിനോ അറിയില്ല. അപര്‍ണ്ണ എന്റെ ഭാര്യയല്ലെന്ന വെളിപ്പെടുത്തല്‍ മഗ്ദിയിലോ ഗമാലിലോ പറയത്തക്ക ഭാവവ്യത്യാസങ്ങളൊന്നുമുണ്ടാക്കിയില്ല. കഥയുടെ വിരാമത്തില്‍ കിട്ടാറുള്ള ദണ്ഡുകൊണ്ടുള്ള ഉരുട്ടല്‍ അന്നുണ്ടായില്ല. അന്നത്തെ ദിനം അവസാനിച്ചതിന്റെ അടയാളമായുള്ള ജോര്‍ജിന്റെയും മുബാറകിന്റെയും മടങ്ങിപ്പോക്ക് ഞങ്ങളില്‍ വല്ലാത്ത മൗനമുണ്ടാക്കി.

''ബാഷാ,*13 എന്നോടു ക്ഷമിക്കണം.'' ആത്മാര്‍ത്ഥമായി ഞാന്‍ ക്ഷമ പറഞ്ഞു.
''എന്തിന്? നിങ്ങളെ സഹായിച്ചോ ഇല്ലയോ എന്നല്ലാതെ നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഞങ്ങളോട് ദൈവം ചോദിക്കില്ലല്ലോ.''
ഗമാലിന്റെ വീക്ഷണത്തിന്നപ്പുറമുള്ള പ്രായോഗികവാക്കുകളായിരുന്നു മഗ്ദിക്ക് പറയാനുണ്ടായിരുന്നത്.
''വേദനിക്കുമ്പോഴും സംതൃപ്തികളുണ്ടാകുമ്പോഴും റവാന്റെ മുഖമേ നിങ്ങളുടെ ഉപബോധമനസ്സിലുണ്ടാകൂ.''
തലയിലേക്ക് സന്ദേശം പോകാത്ത തരം വേദനകള്‍ ഹൃദയത്തിലുണ്ടാക്കാന്‍ ചില വാക്കുകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവ് പുതിയതായിരുന്നു.

ജോര്‍ജും മുബാറക്കും അവരുടെ ദൗത്യം തീര്‍ത്തതിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞു സെല്ലിലേക്ക് തല കുനിച്ചുവന്ന പുതുമുഖങ്ങളൊക്കെ മൗനഭാഷികളായിരുന്നു. ആ ഭാഷയില്‍ സംസാരിക്കാനാകണം ഞങ്ങളെ, അറിയാത്ത മരുന്നുകള്‍ കുത്തിവെച്ചത്. ചങ്ങലകളുടെ എണ്ണം കൂട്ടുന്നതും കിടക്കാന്‍ അനുവദിക്കാതെ കുനിച്ചു നിറുത്തുന്നതും അവരുടെ ജീവിതവെറുപ്പു കൊണ്ടല്ലെന്ന് വ്യക്തമായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആകൃതിയിലുള്ള ദണ്ഡുകൊണ്ടു പ്രഹരിക്കുന്നവരുടെ മുഖം ഞങ്ങള്‍ കാണരുതെന്ന് അവര്‍ക്കൊരു നിശ്ചയമുണ്ടായിരുന്നിരിക്കണം. വിശ്വാസികളുടെ മനസ്സിന് മുറിവേല്പിക്കുന്ന ലൈംഗികശിക്ഷകളില്‍ മഗ്ദിയുടെയും ഗമാലിന്റെയും നിലവിളിയേതെന്ന് വേറിട്ടറിയാനായില്ല. വേദനയല്ലാതെ മറ്റൊന്നും അറിയാനാകാത്ത കുത്തിവെപ്പുകളുടെ കണ്ടുപിടിത്തം, ശാസ്ത്രത്തിന്റെ വളര്‍ച്ചയാണെന്ന് സഹതടവുകാരിലൊരാള്‍ പരിഹസിച്ചപോലെ തോന്നി. ടോര്‍ച്ചര്‍ ക്യാമ്പിലെത്തിയിട്ട് എത്ര വര്‍ഷങ്ങളും മാസങ്ങളുമായ് എന്നതു മാത്രമായിരുന്നു ഞങ്ങള്‍ മൂന്നുപേരെയും കുഴയ്ക്കുന്ന പ്രധാന ചോദ്യം.

പട്ടാളക്കാര്‍ മഗ്ദിയെ പിടിച്ചുകൊണ്ടുപോകുന്ന ശബ്ദം കേട്ടാണുര്‍ന്നത്. ചതഞ്ഞ ശരീരത്തിന്റെ ശക്തിയെക്കാള്‍ ജീവത്ഭയമായിരിക്കണം മഗ്ദിയുടെ ചെറുത്തുനില്പിനു പിന്നില്‍. ഉച്ചത്തിലുള്ള നിലവിളി കൂടിക്കൂടിവരുന്നതില്‍നിന്ന് ഉദകക്രിയ അടുത്തുനിന്നുതന്നെയാണെന്ന് മനസ്സിലായി. വായയടപ്പിക്കാനുള്ള ദണ്ഡുകൊണ്ടുള്ള പ്രഹരത്തില്‍, ഇര്‍ഹാല്‍ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാതെയായി. ഗമാലിന്റെ പ്രാര്‍ത്ഥന, ഒന്നും ചെയ്യാന്‍ കഴിയാത്തത്തിലുള്ള എന്റെ നിരാശ കൂട്ടുകയാണ് ചെയ്തത്. ആവേശം അസ്തമിച്ചുള്ള മരണവെപ്രാളത്തില്‍ വിപ്ലവവിളികള്‍ മാറി, കൊല്ലരുതേ എന്ന കരച്ചിലാണ് കാതുകള്‍ക്ക് കൗതുകമായത്. പിടഞ്ഞില്ലാതെയായ നിലവിളി, ഞങ്ങളുടെ സമയത്തിനുള്ള അപായമണിയാണ്. അപരിചിതമുഖങ്ങള്‍ ഗമാലിന്നായിവന്നപ്പോള്‍ മിടിപ്പ് കൂടിയത് എന്റെ തലയ്ക്കായിരുന്നില്ല. സാത്വികതയുടെ ആള്‍രൂപം, തസ്ബീഹുമാല മുറുകെ പിടിച്ചുകൊണ്ടാണ് അവരോടൊപ്പം പുറത്തേക്കു പോയത്. കൊണ്ടുപോയവരുടെ ഹൃദയമിടിപ്പിന്നപ്പുറം കേള്‍ക്കാനായത് എന്റെ ഉമ്മയുടെ വായില്‍നിന്ന് ശ്വാസത്തേക്കാള്‍ക്കൂടുതല്‍ കേട്ടിട്ടുള്ള വിശ്വാസികളുടെ അടിസ്ഥാനവാക്യം. തണുത്ത ചുമരുകള്‍ക്കപ്പുറത്തു നിന്ന് ഗമാലിന്റെ അവസാനത്തെ ശബ്ദം.

പ്രതികരിക്കാനോ കഥകളോ മറ്റോ പറഞ്ഞ് രക്ഷപ്പെടാനോ കഴിയാതെ യാന്ത്രികമായി അവര്‍ക്കൊപ്പം പോകേണ്ടിവന്നു. കണ്ണുകളില്‍ക്കെട്ടിയ കറുത്ത തുണിയുടെ സ്പര്‍ശനം, റവാന്റെ മുഖമാണ് മനസ്സില്‍ മിന്നിച്ചത്. ലോകം പെട്ടെന്നു മറന്നേക്കാവുന്ന രക്തസാക്ഷിയാകാന്‍ പോകുകയാണെന്ന സത്യം വല്ലാതെ ഭയപ്പെടുത്തി. എത്ര ദിനരാത്രങ്ങള്‍ കടന്നുപോയിയെന്നറിയാത്ത തലച്ചോറിന് ഇതൊക്കെ എന്തിനുവേണ്ടി എന്നു ചിന്തിക്കാനാണ് തോന്നിയത്. ഹൃദയത്തില്‍നിന്നാണോ തലച്ചോറില്‍നിന്നാണോ എന്നറിയാത്ത എന്റെ അവസാനവാക്കുകള്‍ പുറത്തു വന്നു.
''കഴിയുമെങ്കില്‍ എന്നെ കൊല്ലരുത്. എന്നാലും ക്രൂരശക്തികളുടെ തീരുമാനം നിറവേറട്ടെ.''

കുഴിച്ചു മൂടപ്പെട്ട ചരിത്രരേഖകളുടെ പുനര്‍ജ്ജന്മങ്ങളായ് കാലം കണ്ടെടുത്ത, അമേരിക്കന്‍ പട്ടാളക്കാരനായ ജോര്‍ജിന്റെ ഡയറിയില്‍ ഇങ്ങനെ അടയാളപ്പെടുത്തിയിരുന്നു.
''കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ മൂന്നാംനാള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനെയും രണ്ടു ഇഖ്വാനികളെയുമാണ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച ഞങ്ങള്‍ക്ക് കൊല്ലേണ്ടിവന്നത്.''

..........................................................................................

പദസൂചി
*1. ഇഖ്വാനി- ഈജിപ്ത് ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകന്‍
*2. യഹ്‌റിബ്ബേത്തക് - (മുടിയാനായിട്ട്) ദൈവവിധിയെ പഴിക്കുന്ന പ്രയോഗം,
*3. ഇമാറാത്ത് - UAE
*4. മിസ്രി - ഈജിപ്തുകാരന്‍
*5. ദിക്ര്‍ - ദൈവസ്മരണ
*6. ഇസ്തിഗ്ഫാര്‍ - പാപമോചന പ്രാര്‍ത്ഥന
*7. ഇര്‍ഹാല്‍ - ഇറങ്ങിപ്പോകൂ, സ്വേച്ഛാധിപത്യകസേരകളില്‍നിന്ന്
*8. ഗലബിയ- മുട്ടിനു താഴേവരെയുള്ള ഈജിപ്ത്തിലെ നീളന്‍കുപ്പായം
*9. തയമ്മം- വെള്ളമില്ലാതെ ചെയ്യുന്ന അംഗശുദ്ധി
*10. യാ വലദ് - ടാ ചെക്കാ
*11. മുല്ല- മതപുരോഹിതന്‍
*12. ലേഷ് - എന്തുകൊണ്ട്
*13. ബാഷാ- ഈജിപ്തിലെ ബഹുമാനസംബോധന
* ഹെല്‍വാന്‍, സിനാ, മന്‍സൂറാ,അബുഗൊഹാരി,ബില്‍ഖാസ്- ഈജിപ്തിലെ സ്ഥലങ്ങള്‍

Content Highlights: Ashish Azeez, Yahribathek, Mathrubhumi Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented