വാസക്ടമി | ഫാറുഖ് എഴുതിയ കഥ


ഫാറുഖ്

അനസ്‌തേഷ്യ വേണ്ടെന്നാണെല്ലോ കേട്ടത്. ചെറിയ പരിഭ്രമത്തോടെ ഞാന്‍ ചോദിച്ചു. ഫുള്‍ വേണ്ട, ലോക്കല്‍ മതി. അവര്‍ പറഞ്ഞു. കൃത്യമായി മനസ്സിലാകാതെ ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഏതു മണ്ടനാണ് രാവിലെ തന്നെ സമയം മിനക്കെടുത്താന്‍ എന്ന ഭാവത്തില്‍ അവര്‍ എന്നെയും. സര്‍ജറി വേണ്ട ഭാഗത്ത് മാത്രം മരവിപ്പിക്കും, ബോധം പോകില്ല. അവര്‍ വിശദീകരിച്ചു.

ചിത്രീകരണം | ബാലു

തു ഡോക്ടറെയാണ് കാണേണ്ടത്. കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടി വിളിച്ചു ചോദിച്ചു.

കോവിഡിനും വളെരെ മുമ്പാണ്. എന്തിനാണെന്നറിയില്ല, ക്യൂ നില്‍ക്കുന്നവരുടെയും കൗണ്ടര്‍ സ്റ്റാഫിന്റേയും ഇടയില്‍ വലിയൊരു ഗ്ലാസ് പാര്‍ട്ടീഷ്യനുണ്ട്. അത് കൊണ്ട് തന്നെ നാലഞ്ചു കൗണ്ടറുകില്‍ അകത്തുള്ളവരും പുറത്തുള്ളവരും തമ്മില്‍ ഉച്ചത്തിലാണ് സംസാരിക്കുന്നത്. എല്ലാവരും അച്ചടക്കത്തോടെ ക്യൂവിലാണെങ്കിലും കുറേപേര്‍ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നതായേ പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് തോന്നൂ.

ഗൈനക്കോളജി. ഞാന്‍ വിളിച്ചു പറഞ്ഞു.
ഭാര്യ വന്നിട്ടുണ്ടോ. അവര്‍ ചോദിച്ചു.
വന്നിട്ടുണ്ട്.
പേര് പറയൂ.
ഞാന്‍ എന്റെ പേര് പറഞ്ഞു.
നിങ്ങളുടെയല്ല, ഭാര്യയുടെ പേര്. അവര്‍ പറഞ്ഞു.
ഭാര്യക്കല്ല, എനിക്കാണ് ഡോക്ടറെ കാണേണ്ടത്.
ഓ, നിങ്ങള്‍ക്കാണോ, വന്ധ്യതാ നിവാരണത്തിന് പ്രത്യേക സെക്ഷന്‍ ഉണ്ട്. അവിടെ കാണിച്ചാല്‍ മതി. ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അവര്‍ പറഞ്ഞു.
വന്ധ്യതയല്ല, എനിക്ക് രണ്ടു കുട്ടികളുണ്ട്, വാസക്ടമിക്കാണ് ഞാന്‍ വന്നത്. ഞാന്‍ പതുക്കെ പറഞ്ഞു.
കേട്ടില്ല, ഉറക്കെ പറയൂ.
വാസക്ടമി, വാസക്ടമി. ഞാന്‍ വിളിച്ചു പറഞ്ഞു.

കൗണ്ടറുകളിലേക്കുള്ള അഞ്ചു വരികളിലായി അമ്പതു പേരുണ്ടാകും. അവരെ ചുറ്റിപ്പറ്റി ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറു പേര്‍. കൗണ്ടറില്‍ കസേരയിലിരിക്കുന്ന അഞ്ചു പെണ്‍കുട്ടികള്‍. അവര്‍ക്കു സഹായികളായി മൂന്നു പേര്‍. ഒരു മൂലയില്‍ മറ്റൊരു കസേരയില്‍ സൂപ്പര്‍വൈസറായി ഒരു മധ്യവയസ്‌കന്‍. ഇത്രയും പേര്‍ പെട്ടെന്ന് നിശബ്ദരായി.

വാസക്ടമി ഏതു ഡിപ്പാര്‍ട്‌മെന്റാ ചേച്ചീ, എന്റെ കൊണ്ടറിലെ പെണ്‍കുട്ടി തൊട്ടടുത്ത സീറ്റിലെ അല്പം കൂടി പ്രായം കൂടിയ സ്ത്രീയോട് ചോദിച്ചു.

അറിയില്ല, സൂപ്പര്‍വൈസറോട് ചോദിക്കട്ടെ എന്നും പറഞ്ഞു അവര്‍ മൂലയിലിരിക്കുന്ന സൂപ്പര്‍വൈസറോട് ചോദ്യം ആവര്‍ത്തിച്ചു. അവര്‍ക്കിടയില്‍ ഗ്ലാസ് ഇല്ലാതിരുന്നിട്ടും എന്തിനാണ് ഇത്ര ഉച്ചത്തില്‍ ചോദിച്ചതെന്ന് മനസ്സിലായില്ല. സൂപ്പര്‍വൈസര്‍ കേട്ടില്ലെങ്കിലും ബാക്കിയുള്ള നൂറ്റിയന്‍പത്തെട്ടു പേരും കേട്ടിട്ടുണ്ട്.

എന്താ പറഞ്ഞത്. ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സൂപ്പര്‍വൈസര്‍ ഫോണ്‍ താഴെ വച്ച് എല്ലാവരോടുമായി ചോദിച്ചു.
വാസക്ടമി, വാസക്ടമി. ആരൊക്കെയോ മറുപടി പറഞ്ഞു.
വാസക്ടമി ഏതു ഡിപ്പാര്‍ട്‌മെന്റാ സാര്‍. എന്റെ കൗണ്ടറിലെ പെണ്‍കുട്ടി വ്യക്തത വരുത്തി.
യൂറോളജി, അയാള്‍ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തതിന് ശേഷം പറഞ്ഞു.

എനിക്കാശ്വാസമായി. തലേന്ന് ഗൂഗിള്‍ ചെയ്തു വന്നാല്‍ മതിയായിരുന്നു. പക്ഷെ മെഡിക്കല്‍ സംബന്ധമായ ഒരു കാര്യത്തിലും ഗൂഗിള്‍ നോക്കരുത് എന്ന് പണ്ടേ തീരുമാനിച്ചിരുന്നു. അത്തരം ഒരു തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ ഇത്രയും പേരുടെ സമയം ലഭിക്കാമായിരുന്നു. എന്റെ നേരെ തുറിച്ചു നോക്കി കൊണ്ടിരിക്കുന്ന നൂറ്റി അന്‌പൊത്തൊമ്പത് ജോഡി കണ്ണുകള്‍ക്ക് വിശ്രമവുമായിരുന്നു.

യൂറോളജിയില്‍ രവീന്ദ്രന്‍ ഡോക്ടര്‍ മാത്രമേ ഇന്ന് ഒ.പിയിലുള്ളൂ. പെണ്‍കുട്ടി വീണ്ടും വിളിച്ചു പറഞ്ഞു.
അതിന്. ഞാന്‍ ചോദിച്ചു
അദ്ദേഹം സീനിയര്‍ ഡോക്ടറാണ്, ഫീസ് കൂടുതലാണ്.
സാരമില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപെടണമെന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ.

രവീന്ദ്രന്‍ ഡോക്ടറുടെ റൂമിന് വെളിയില്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ട ഒരു കസേരയില്‍ ഇരുന്നു. വലതു വശത്തെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍, അതിനപ്പുറം അദ്ദേഹത്തിന്റെ ഭാര്യ, നടുവില്‍ കുട്ടി.

ഡോണറെ കിട്ടിയോ. പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
എന്ത് ഡോണര്‍.
കിഡ്‌നി ഡോണര്‍.

ഞാന്‍ വന്നത് നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന വൃക്ക രോഗ വിദഗ്ധന്റെ അടുത്താണ് എന്നാണ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. കിഡ്‌നിയും യൂറോളജിയിലാണത്രെ. അത്രയും വലിയ ഒരു ഡോക്ടറുടെ സമയം ഞാനായിട്ട് നശിപ്പിക്കുമല്ലോ എന്നോര്‍ത്തു വിഷമിച്ചു കുറെ നേരം ഇരുന്നു. അതിനിടയില്‍ ഇടതു വശത്തു പ്രായമായ ഒരു സ്ത്രീ വന്നിരുന്നു.

എന്താ സൂക്കേട്, കിഡ്‌നിക്കണോ. അവര്‍ ചോദിച്ചു.
അല്ലമ്മച്ചീ, വാസക്ടമി ചെയ്യാന്‍ വന്നതാണ്.
അതെന്താ.
പ്രസവം നിര്‍ത്താനുള്ള ഓപ്പറേഷന്‍.
എന്നിട്ടു ഭാര്യയെവിടെ.
ഭാര്യക്കല്ല, എനിക്കാണ് ഓപ്പറേഷന്‍.
അതെന്താ, ആണുങ്ങള്‍ പ്രെഗ്‌നന്റ് ആവ്യോ? അവര്‍ പൊട്ടിച്ചിരിച്ചു. മലയാളത്തില്‍ രണ്ടു വാക്കുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ല എന്ന് ഞാന്‍ ഇതിനിടക്കെപ്പൊഴോ മനസ്സിലാക്കിയിരുന്നു. ഗര്‍ഭവും പ്രസവവും. മുത്തശ്ശിമാര്‍ പോലും ഇപ്പോള്‍ ഉപയോഗിക്കുന്നത് പ്രെഗ്‌നന്റ്, ഡെലിവറി എന്നീ വാക്കുകളാണ്.
പെണ്ണുങ്ങള്‍ പ്രെഗ്നന്റ് ആവാതിരിക്കാന്‍ ആണുങ്ങള്‍ ചെയ്യുന്ന ഓപ്പറേഷന്‍. ഞാന്‍ വിശദീകരിച്ചു.
ആ വിശേഷം മറ്റൊരാളോട് പറയാനായിരിക്കും അവര്‍ എഴുന്നേറ്റ് പോയി.

എന്താ പ്രശനം, രവീന്ദ്രന്‍ ഡോക്ടര്‍ സൗമ്യമായി ചോദിച്ചു.
വാസക്ടമി ചെയ്യാനാണ് വന്നത്, ജൂനിയര്‍ ഡോക്ടര്‍ മതിയായിരുന്നു, വേറാരും ഇന്ന് ഡ്യൂട്ടിയില്‍ ഇല്ലാത്തത് കൊണ്ട് കൗണ്ടറില്‍ നിന്ന് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞു വിട്ടതാണ്. കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.
അതവിടെ നില്‍ക്കട്ടെ, എന്താ വാസക്ടമി ചെയ്യണമെന്ന് തീരുമാനിച്ചത്. എത്ര കുട്ടികളുണ്ട്.
രണ്ട്. ഇനി കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചു. ഭാര്യക്ക് ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ രണ്ടു മൂന്ന് ദിവസം അഡ്മിറ്റ് ആകണം, ഫുള്‍ അനസ്‌തേഷ്യയും ഓപ്പറേഷനും വേണം. എനിക്കാണെങ്കില്‍ അര മണിക്കൂറിന്റെ പ്രൊസീജരെ ഉള്ളൂ. എന്റെ മെഡിക്കല്‍ വിജ്ഞാനം മുഴുവന്‍ ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
നല്ലത്. വെള്ളിയാഴ്ച ചെയ്യാം. ഞാന്‍ ജൂനിയര്‍ ഡോക്ടറെ ഏല്‍പ്പിക്കാം. അവര്‍ ചെയ്‌തോളും. ഫിനാന്‍ഷ്യല്‍ അഡ്വൈസറെ കണ്ടോളൂ. ഡോക്ടര്‍ പറഞ്ഞു.

ആസ്പത്രിയില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറുടെ ജോലി എന്താണെന്ന് മനസ്സിലായില്ല. എന്നാലും അത് ചോദിച്ചു ഡോക്ടറുടെ സമയം മിനക്കെടുത്താന്‍ തോന്നിയില്ല.

രവീന്ദ്രന്‍ ഡോക്ടര്‍ എല്ലാ രോഗികളെയും ഇങ്ങോട്ട് പറഞ്ഞു വിടും, അദ്ദേഹത്തിന്റെ രോഗികള്‍ക്കൊക്കെ ലക്ഷക്കണക്കിന് രൂപയുടെ ഓപ്പറേഷന്‍ വേണ്ടി വരും. നിങ്ങള്‍ ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്റെ ആവശ്യം വാസക്ടമിയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യത്തെ അമ്പരപ്പ് മറച്ചു വച്ച് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ പറഞ്ഞു. രണ്ടു സ്ത്രീകളാണ് ആ മുറിയിലുള്ളത്, ഫിനാന്‍ഷ്യല്‍ അഡ്വൈസറും ഒരു ക്ലര്‍ക്കും.

എന്തിനാണ് വാസക്ടമി ചെയ്യുന്നത്. ഡോക്ടറുടെ ചോദ്യം അഡ്വൈസര്‍ ആവര്‍ത്തിച്ചു. ഡോക്ടറോട് പറഞ്ഞ ഉത്തരം ഞാനും ആവര്‍ത്തിച്ചു.
വാസക്ടമിക്ക് എത്ര ചിലവ് വരുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, കമ്പ്യൂട്ടറില്‍ ഇല്ല.അവര്‍ പറഞ്ഞു.
ഇതിനു മുമ്പ് ചെയ്തവരോട് എത്രയാണ് ചാര്‍ജ് ചെയ്തതെന്ന് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞു.
ഇക്കൊല്ലം ആരും ചെയ്തിട്ടില്ല, ഇവിടെ സ്ത്രീകള്‍ മാത്രമേ പ്രിഗ്‌നന്‍സി നിര്‍ത്താന്‍ ഓപ്പറേഷന്‍ ചെയ്യാറുള്ളു.
എത്ര സ്ത്രീകള്‍ ചെയ്തിട്ടുണ്ട്.
ഇത് വരെ ആയിരത്തി നാനൂറ്റി പത്ത്. അവര്‍ കമ്പ്യൂട്ടറില്‍ നോക്കി വായിച്ചു.

ആയിരത്തി നാനൂറ്റി പത്തു സ്ത്രീകള്‍, ഒരൊറ്റ പുരുഷനുമില്ല. ഈ നഗരത്തെ കടലെടുക്കാന്‍ മറ്റൊരു കാരണം വേണ്ട.

ഉണ്ട്, ഇതിനു മുമ്പ് ഒരാള്‍ വാസക്ടമി ചെയ്തിട്ടുണ്ട്, മൂന്നു കൊല്ലം മുമ്പ്. അഡ്വൈസര്‍ പെട്ടന്ന് കമ്പ്യൂട്ടറില്‍ നിന്ന് മുഖമെടുത്തു എന്നെ നോക്കി ഒരു വിജയിയെ പോലെ പറഞ്ഞു.

ആരാണത്. എനിക്ക് കൗതുകമായി. ആരായിരിക്കും ആ വീരപുരുഷന്‍. ഭഗത് സിങ്ങ്, സുഭാഷ് ചന്ദ്രബോസ്, എ.കെ.ജി, വി.ഡി സതീശന്‍, പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍. ഒരു പാട് മുഖങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു.

മലയാളിയല്ല, ഒമാന്‍ പൗരനാണ്, ഒരു മസ്‌ക്കറ്റുകാരന്‍. അവര്‍ പറഞ്ഞു. എനിക്ക് വലിയ അത്ഭുതം തോന്നിയില്ല, സാധാരണക്കാരായ ഒരു പാട് അറബികള്‍ കേരളത്തില്‍ ചികിത്സകള്‍ക്ക് വരാറുണ്ടെന്ന് എനിക്കറിയാമായിരുന്നു.

എന്താണ് അയാളുടെ പേര്. ഞാന്‍ ചോദിച്ചു.

അത് പറയാന്‍ പറ്റില്ല, രോഗികളുടെ സ്വകാര്യത പരസ്യപ്പെടുത്താന്‍ പറ്റില്ല. അത് നിയമവിരുദ്ധമാണ്. അവര്‍ പറഞ്ഞു.
എന്നോട് മാത്രം പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞു.
യൂസുഫ് ഇസ്സ അലി അല്‍ ജഫാരി. അവര്‍ പേര് പറഞ്ഞു. സ്വകാര്യതാ നിയമം ലംഖിക്കാന്‍ അവര്‍ക്ക് രണ്ടു മിനിറ്റ് പോലും വേണ്ടി വന്നില്ല.

ഇവര്‍ എന്തെങ്കിലും ഫോം ഒപ്പിടാനുണ്ടോ. അഡ്വൈസര്‍ അടുത്ത സീറ്റിലിരിക്കുന്ന സ്ത്രീയോട് ചോദിച്ചു.

ഇല്ല. ഭാര്യക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ ഭര്‍ത്താവിന്റെ ഒപ്പ് വേണം, ഭര്‍ത്താവിന് ഭാര്യയുടെ ഒപ്പ് വേണ്ട. ഇതൊന്നും അറിയില്ലേ എന്ന ഭാവത്തില്‍ അവര്‍ അവരുടെ കമ്പ്യൂട്ടറിലേക്ക് തിരിച്ചു പോയി. ഇത് ആണുങ്ങളുടെ നഗരം. ആണുങ്ങളുടെ നിയമം. എല്ലാവരും അതറിഞ്ഞിരിക്കണം.

ഏതായാലും ചെറിയ ചിലവേ ഉള്ളൂ, വിശദമായി ഞാന്‍ വിളിച്ചറിയിക്കാം. ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വച്ചിട്ട് പറഞ്ഞു. അനസ്തീസിയസ്റ്റിനെ കണ്ടോളൂ.

അനസ്‌തേഷ്യ വേണ്ടെന്നാണെല്ലോ കേട്ടത്. ചെറിയ പരിഭ്രമത്തോടെ ഞാന്‍ ചോദിച്ചു.
ഫുള്‍ വേണ്ട, ലോക്കല്‍ മതി. അവര്‍ പറഞ്ഞു. കൃത്യമായി മനസ്സിലാകാതെ ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഏതു മണ്ടനാണ് രാവിലെ തന്നെ സമയം മിനക്കെടുത്താന്‍ എന്ന ഭാവത്തില്‍ അവര്‍ എന്നെയും. സര്‍ജറി വേണ്ട ഭാഗത്ത് മാത്രം മരവിപ്പിക്കും, ബോധം പോകില്ല. അവര്‍ വിശദീകരിച്ചു.

എന്താണ് വാസക്ടമി ചെയ്യാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യയ്സ്റ്റ് ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ ഉത്തരവും. ഇനി എത്ര പേരോട് ഇതേ ഉത്തരം പറയേണ്ടി വരുമെന്നു ഞാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ ഒരു ചെക്ക് ലിസ്റ്റ് എടുത്ത് മേശപ്പുറത്തു വച്ചു. വെളുത്തു തടിച്ച ഒരു സ്ത്രീയാണ് അനസ്‌തേഷ്യയ്സ്റ്റ്. കട്ടി കണ്ണട. മേശപ്പുറത്തെ കടലാസിലേക്ക് കണ്ണടയിലൂടെയും എന്നെ കണ്ണടക്ക് മുകളിലൂടെയും മാറി മാറി നോക്കുന്ന അവര്‍ ഒരു എം.ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ചു.

Also Read

കൊസ്രു: ഫാറൂഖ് എഴുതിയ കഥ

കള്ളം പറയരുത്, അനസ്‌തേഷ്യ ശരിയാകില്ല. മുഖവുരയായി അവര്‍ പറഞ്ഞു.
ഇല്ല, ഡോക്ടറോടും വക്കീലിനോടും കളവ് പറയില്ല മാഡം. അന്നാദ്യമായി ഒരു തമാശ പറഞ്ഞു. അവര്‍ക്കതിഷ്ടപ്പെട്ടില്ല.

മദ്യപിക്കാറുണ്ടോ. അവര്‍ ചോദ്യാവലിയിലേക്ക് കടന്നു.
വല്ലപ്പോഴും. ഭാര്യയെ പുറത്തിരുത്താനുള്ള തീരുമാനത്തില്‍ സ്വയം അഭിനന്ദിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
വല്ലപ്പോഴും എന്ന് പറഞ്ഞാല്‍.
ഇടക്കൊക്കെ.
ഇടക്കൊക്കെ എന്ന് പറഞ്ഞാല്‍.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. ഇതാണെന്റെ കുമ്പസാരക്കൂട്. എണ്ണി എണ്ണി പറയാനുള്ള പാപങ്ങള്‍.

പുക വലിക്കാറുണ്ടോ.
ഹോസ്റ്റലിലായിരുന്നപ്പോള്‍ സ്ഥിരമായി വലിക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ വലിക്കാറുണ്ടോ.
വല്ലപ്പോഴും.
വല്ലപ്പോഴും എന്ന് പറഞ്ഞാല്‍.
ബിരിയാണി തിന്നാല്‍ ഒരു സിഗരറ്റ് വലിക്കാന്‍ തോന്നും.
ആഴ്ചയില്‍ എത്ര തവണ ബിരിയാണി തിന്നും.
ഒന്നോ രണ്ടോ തവണ.

മയക്ക് മരുന്ന് വല്ലതും.
വല്ലപ്പോഴും. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍ കഞ്ചാവ് ലീഗലാണ്. അവരുടെ മുമ്പില്‍ ഒരു കുറ്റവാളി ആകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.
പാന്‍ പരാഗ്
വല്ലപ്പോഴും.
വെറ്റില മുറുക്ക്
വല്ലപ്പോഴും.

ഫുള്‍ അനസ്‌തേഷ്യ വേണോ ലോക്കല്‍ മതിയോ. കുമ്പസാരങ്ങളുടെ ആവര്‍ത്തനം കേട്ട് ബോറടിച്ച വികാരിയാച്ചനെ പ്പോലെ അവര്‍ കോട്ടുവായിട്ടു കൊണ്ട് ചോദിച്ചു. ഒരു പ്രത്ത്യേകതയുമില്ലാത്ത മലയാളിയാണല്ലോ രാവിലെ കയറി വന്നിരിക്കുന്നത് എന്ന് തോന്നിയിട്ടാകും ഉത്തരങ്ങള്‍ ശ്രദ്ധിക്കാതെ എന്തൊക്കെയോ കുത്തി കുറിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍.

ഫുള്‍ അനസ്‌തേഷ്യ വേണോ ലോക്കല്‍ മതിയോ. അവര്‍ ചോദ്യം ആവര്‍ത്തിച്ചു.
എന്റെ അന്നത്തെ ക്യാച്ച്22 നിമിഷം. അന്ന് വരെ ആശുപത്രിയില്‍ കിടന്നിട്ടില്ലാതെ എന്റെ വലിയൊരു പേടിയായിരുന്നു അനസ്‌തേഷ്യ കഴിഞ്ഞാല്‍ തിരിച്ചുണര്‍ന്നില്ലെങ്കിലോ എന്ന്. അതിലും വലിയ പേടിയായിരുന്നു എന്റെ സ്വകാര്യ ഭാഗത്ത് നോക്കികൊണ്ട് കുറെ ഡോക്ടര്‍മാരും നഴ്‌സുമാരും നില്‍ക്കുന്നത് ഞാന്‍ തന്നെ കാണേണ്ടി വരുന്നത്. എത്ര ധീരനായ പുരുഷനും ആ അവസ്ഥയെ പേടിക്കും, പിന്നെയാണ് ധീരനല്ലാത്ത ഞാന്‍. രണ്ടു പേടികള്‍ക്കിടയില്‍ ഞാന്‍ മിഴിച്ചിരിന്നു.

ലോക്കല്‍ മതി, അവര്‍ തന്നെ തീരുമാനിച്ചു. ഇതൊരു ഓപ്പറേഷന്‍ ഒന്നുമല്ല ഫുള്‍ ചെയ്യാന്‍, അവര്‍ പറഞ്ഞു. ഞാനൊന്നും പറഞ്ഞില്ല.

ഓപ്പറേഷന്‍ തീയേറ്ററിന് മുമ്പ് രണ്ടിടത്ത് വെറുതെ കുറെ നേരം കിടക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല. സിനിമയിലും നേരിട്ടും കണ്ട ഓപ്പറേഷന്‍ രംഗങ്ങളിലൊന്നും അത് കണ്ടിട്ടുണ്ടായിരുന്നില്ല. കൂടെ വന്ന ഭാര്യയോട് കൈവീശി കാണിച്ചു സ്‌ട്രെക്ച്ചറില്‍ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കടക്കുമ്പോള്‍ ആശ്വസമായിരുന്നു. നാട്ടുകാരെ ആരെയും കാണരുതേ എന്ന പ്രാര്ഥനയായിരുന്നു രാവിലെ മുതല്‍. ആരെങ്കിലും കണ്ടാല്‍ എത്രയെത്ര ചോദ്യങ്ങള്‍ക്കുത്തരം പറയണം.

സാമാന്യം വലിയൊരു മുറിയിലാണ് ഓപ്പറേഷന്‍ തിയറ്റരില്‍ എത്തുന്നതിന് മുമ്പുള്ള ഒന്നാമത്തെ പാര്‍ക്കിംഗ്. മാസ്‌കിട്ട ഒരു നഴ്‌സ് വന്നു പേരും വിലാസവും ചോദിച്ചു. എവിടെയാണ് ഓപ്പറേഷന്‍ എന്ന് കണ്‍ഫേം ചെയ്യാന്‍ പറഞ്ഞു. പറയാന്‍ പറ്റാത്തിടതാണെന്ന് ഞാന്‍ തമാശ പറഞ്ഞു. മാസ്‌കിട്ടത് കൊണ്ട് എന്റെ തമാശ അവര്‍ ആസ്വദിച്ചോ എന്ന് മനസ്സിലായില്ല. മാസ്‌കിട്ട മനുഷ്യര്‍ പരസ്പരം മനസ്സിലാക്കി സംസാരിക്കുന്ന കാലം വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ആ റൂമില്‍ കുറെ പേരുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി, നാട്ടുകാര്‍ ആരുമില്ല. ആശ്വസം. സ്വന്തം ആധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരിക്കണം എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. തൊട്ടടുത്തു സ്‌ട്രെച്ചറില്‍ കിടക്കുന്ന ഒരാള്‍ എന്നോട് അസുഖ വിവരം തിരക്കി. പല വിധ ട്യൂബുകള്‍ ദേഹത്തു ഘടിപ്പിച്ച അയാള്‍ കാര്യമായ ഏതോ ശസ്ത്രക്രിയക്ക് കാത്ത് കിടക്കുകയാണെന്ന് മനസ്സിലാക്കിയ ഞാന്‍ എന്റെ കൊച്ചു കാര്യങ്ങള്‍ പറയാതെ മറ്റെന്തോ പറഞ്ഞു അയാളുടെ ശ്രദ്ധ മാറ്റി.

ആ മുറിയില്‍ നിന്ന് ഓരോരുത്തരെയായി തള്ളി അടുത്ത മുറിയിലേക്ക് കൊണ്ട് പോയി. അവിടെയാണ് അനസ്‌തേഷ്യ കൊടുക്കുന്നത് എന്ന് അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്. അവിടെയും കുറെ രോഗികളുണ്ട്. മാസ്‌കിട്ട മറ്റൊരാള്‍ വന്നു പേര് ചോദിച്ചു, ഓപ്പറേഷന്‍ ചെയ്യേണ്ട സ്ഥലം ചോദിച്ചു. ഞാന്‍ അതേ തമാശ ആവര്‍ത്തിച്ചു. അല്പം കഴിഞ്ഞപ്പോള്‍ മാസ്‌കിട്ട മറ്റൊരാള്‍ വന്നു. ഒരേ ചോദ്യങ്ങള്‍. ഒരേ മറുപടികള്‍, ഒരേ തമാശകള്‍ . ആ മുറിയില്‍ കിടക്കുന്ന ഓരോരുത്തരെയായി ഞാന്‍ നോക്കി. നാട്ടുകാര്‍ ആരുമില്ല. ആശ്വാസം. ഈ മുറിയില്‍ ആരും ഒന്നും സംസാരിക്കുന്നില്ല. നിശബ്ദ പ്രാര്‍ഥനകള്‍. റൂമിന്റെ മറ്റേ അറ്റത്ത്, ശരിക്കുള്ള തിയറ്റര്‍ വാതിലിന്റെ തൊട്ടടുത്ത് കിടക്കുന്ന ഒരാളുടെ അടുത്തേക്ക് അനസ്‌തേഷ്യ യൂണിറ്റുമായി തടിച്ചു വെളുത്ത ഡോക്ടറും രണ്ടു നഴ്‌സുമാരും നീങ്ങുന്നത് കണ്ടു. ആ രോഗിയുടെ മുഖം ഞാന്‍ കണ്ടതും അയാള്‍ എന്റെ മുഖം കണ്ടതും ഞങ്ങള്‍ രണ്ടു പേരും ഞെട്ടിയതും ഒരുമിച്ചായിരുന്നു. സജീഷ്. എന്റെ നാട്ടുകാരന്‍, സഹപാഠി, സര്‍വോപരി നാട്ടിലെ റേഡിയോ സ്റ്റേഷന്‍.

സജീഷ് എന്തോ വിളിച്ചു ചോദിച്ചു. ഞാന്‍ എന്താണ് പറയുക എന്നാലോചിക്കുമ്പോഴേക്കും വെളുത്തു തടിച്ച ഡോക്ടര്‍ അനസ്‌തേഷ്യ മാസ്‌ക് കൊണ്ട് സജീഷിന്റെ മൂക്ക് മൂടികഴിഞ്ഞിരുന്നു. സജീഷ് പിന്നീട് എന്നെ നോക്കിയില്ല, ഡോക്ടരുടെ എന്തൊക്കെയോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊണ്ട് അവന്‍ കണ്ണടച്ചു. എനിക്കാശ്വസമായി. അങ്ങനെ, ഒരു സുഹൃത്ത് ബോധം കെടുന്നത് കണ്ടു സന്തോഷിക്കുന്ന ആദ്യത്തെ ആളായി മാറി ഞാന്‍.

ഒരു മണിക്കൂറോളം അവിടെ കാത്തു കിടന്നു. എനിക്ക് അനസ്തീഷ്യ തരുന്നത് ഗ്യാസ് കൊണ്ടല്ല, ഇഞ്ചക്ഷനാണ്. പത്തു മിനിറ്റ് മാത്രം നീണ്ടു നിന്ന ചെറിയൊരു പ്രൊസീജര്‍. ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ എന്താണ് വാസക്ടമി ചെയ്യാന്‍ കാരണം എന്ന് ചോദിച്ചു. ഞാന്‍ ഇതിനിടയില്‍ നൂറു പ്രാവശ്യം പലരോടായി മലയാളത്തില്‍ പറഞ്ഞ അതെ ഉത്തരം അയാളോട് ഇംഗ്ലീഷില്‍ പറഞ്ഞു. അന്യഗൃഹ ജീവിയെ കണ്ടപോലെ നഴ്‌സുമാരുടെ കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി, മാസ്‌കിട്ടവരായത് കൊണ്ട് അവരുടെ ഭാവം എനിക്ക് മനസ്സിലായില്ല.

രണ്ടു മണിക്കൂറായല്ലോ ഓപ്പറേഷന്‍, ഞാന്‍ പേടിച്ചു, എന്തേലും കോംപ്ലിക്കേഷന്‍ ഉണ്ടായോ. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് മുഴുവന്‍ പരിപാടിയും കഴിഞ്ഞു എന്നെ പുറത്തേക്ക് കൊണ്ട് വന്നപ്പോള്‍ ഭാര്യയുടെ ചോദ്യം. ശരിക്കുള്ള തിയേറ്ററിന് മുമ്പ് രണ്ടു വെയ്റ്റിംഗ് റൂമുകള്‍ ഉണ്ട് എന്ന് സിനിമകളില്‍ കാണിക്കാത്തത് കൊണ്ട് മലയാളികള്‍ക്കുണ്ടാവുന്ന സ്ഥിരം ഉത്കണ്ഠ ഞാന്‍ അവഗണിച്ചു. അര മണിക്കൂര്‍ കഴിഞ്ഞു ഇംഗ്ലീഷ് സംസാരിക്കുന്ന ഡോക്ടര്‍ റൂമിലേക്ക് വന്നു.

ഇനി വീട്ടില്‍ പോകാം. ഡോക്ടര്‍ പറഞ്ഞു. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം.
എന്ത് കാര്യം.
വാസക്ടമി കഴിഞ്ഞാലും ഒരു മാസത്തോളം ഗര്ഭധാരണത്തിന് സാധ്യതയുണ്ട്. മറ്റു മാര്ഗങ്ങള് ഉപയോഗിക്കണം. അയാള്‍ പറഞ്ഞു. പൊട്ടി വീണ ഇലക്ട്രിക്ക് ലൈനിനെ പറ്റി സ്‌കൂള്‍ കാലത്തു പറയാറുണ്ടായിരുന്ന ഒരു തമാശ അയാളോട് ആവര്‍ത്തിച്ചാലോ എന്ന് തോന്നി. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള കഷ്ടപ്പാട് ആലോചിച്ചപ്പോള്‍ വേണ്ടെന്ന് വച്ചു. തമാശയ്ക്ക് പരിഭാഷയില്ല.

ഒരു മാസം കഴിഞ്ഞിട്ട് ഏതെങ്കിലും ലാബില്‍ പോയി ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തണം. ഡോക്ടര്‍ പറഞ്ഞു.
എന്ത് ടെസ്റ്റ്, ഞാന്‍ ചോദിച്ചു.
കൌണ്ട്. അയാള്‍ പറഞ്ഞു. ഒരു മാസം കഴിഞ്ഞിട്ടല്ലേ, വിശദമായി ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി കൂടുതല്‍ ഒന്നും ചോദിച്ചില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു കാള്‍.
ഞാന്‍ സജീഷാണ്. എന്റെ ഹൃദയം ഒരു സെക്കന്റ് നിന്നു.
നീ വാസക്ടമി ചെയ്തു അല്ലെ. എന്റെ മറുപടി കാത്തു നില്‍ക്കാതെ സജീഷ് തുടരുകയാണ് .
നീ ഹോസ്പിറ്റലില്‍ എന്തിനാണ് വന്നതെന്ന് ഞാന്‍ ചെറിയൊരു അന്വേഷണം നടത്തി. നഴ്‌സുമാരോടും ഓഫീസിലും. അങ്ങനെയാണ് വാസക്ടമിയുടെ കാര്യം അറിഞ്ഞത്.
എന്തൊരു ശുഷ്‌ക്കാന്തി. ഞാന്‍ പറഞ്ഞില്ല.
ഞാന്‍ വിളിച്ചത് ഒരു കാര്യം അറിയാനാണ്. വാസക്ടമി ചെയ്താല്‍ ഉദ്ധാരണം കുറയുമെന്ന് എല്ലാവരും പറയുന്നു. സത്യമാണോ.
ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ പറഞ്ഞു.
നിനക്കിപ്പോള്‍ മറ്റുള്ളവരെപ്പോലെ ഉദ്ധാരണം ഉണ്ടോ. സജീഷ് വ്യക്തമായി ചോദിച്ചു.
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, എനിക്ക് പണ്ടത്തേതില്‍ നിന്ന് വ്യത്യാസമൊന്നും തോന്ന്‌നിയിട്ടില്ല. ഞാന്‍ പറഞ്ഞു.
ഓ കെ ശരി.സജീഷ് ഫോണ്‍ വച്ചു. ഓരോരോ ഉത്കണ്ഠകള്‍.

ഒരു മാസം കഴിയാറായപ്പോള്‍ ഒരു പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലികമായി മസ്‌കറ്റില്‍ പോകേണ്ടി വന്നു. നഗരത്തിലെ വലിയൊരാശുപത്രിയില്‍ തന്നെ പോയി ടെസ്റ്റ് ചെയ്യാമെന്ന് കരുതി. നേരെ ലാബില്‍ ചെന്നു കൌണ്ട് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. ഗൂഗിള്‍ നോക്കാതെയാണ് പോയത്. ഇവിടെ ഒരു പാട് തരം കൌണ്ട് ടെസ്റ്റുകള്‍ ചെയ്യാറുണ്ടെന്നും ഏത് ടെസ്റ്റ് ആണ് വേണ്ടതെന്നും ലാബ് റിസിപ്ഷനിസ്‌റ്. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

എന്തായിരുന്നു വാസക്ടമി ചെയ്യാനുള്ള കാരണം. അതെ ചോദ്യം. അതെ ഉത്തരം.
അകത്തു പോയി സാമ്പിള്‍ കൊടുത്തോളൂ. അവര്‍ പണം വാങ്ങി റെസീപ്റ്റ് തന്നു.

വലത്തോട്ട് നടന്നാല്‍ ടോയ്‌ലറ്റ് ഉണ്ട്. ഇതില്‍ എടുത്തിട്ട് വന്നോളൂ. ലാബ് നേഴ്‌സ് ചെറിയൊരു ജാര്‍ തന്നിട്ട് പറഞ്ഞു.
എന്ത് എടുക്കാന്‍. ഞാന്‍ ചോദിച്ചു.
സ്‌പേര്‍മ്. എന്ത് മണ്ടനാനിവന്‍ എന്ന ഭാവത്തില്‍ നേഴ്‌സ് എന്നെ നോക്കി.
ഞാനോ. എന്താണ് ചെയ്യണ്ടത് എന്നറിയാതെ ഞാന്‍ ചോദിച്ചു .
പിന്നെ ഞാനോ. അവര്‍ ദേഷ്യത്തില്‍ എന്തോ പറഞ്ഞു ആകെത്തേക്ക് പോയി.

വൈകുന്നേരം അഞ്ചു മണിക്കാണ് റിസള്‍ട്ട് വാങ്ങാന്‍ വരാന്‍ പറഞ്ഞത്. ഞാന്‍ നാലു മണിക്കേ എത്തി.

റിസള്‍ട്ട് റെഡിയാണ്. ലാബ് റിസെപ്ഷനിസ്‌റ് പറഞ്ഞു. പക്ഷെ തരുന്നതിനു മുമ്പ് നിങ്ങളോടൊന്ന് ഡോക്ടറെ കാണാന്‍ പറഞ്ഞു.
എന്റെ കണ്ണില്‍ ഇരുട്ട് കയറി. ലോകത്തുള്ള രോഗങ്ങളുടെ മുഴുവന്‍ ലിസ്റ്റ് ലിസ്റ്റ് എന്റെ മനസ്സിലേക്ക് ഇരച്ചു കയറി. ഷുഗര്‍, കൊളെസ്‌ട്രോള്‍, കാന്‍സര്‍,കിഡ്‌നി ഇവരെന്താണ് ഇന്ന് കണ്ടെത്തിയത്. നെഞ്ച് വേദനിക്കുന്ന പോലെ തോന്നി. സീരിയസ്സല്ലെങ്കില്‍ എന്തിനാണ് ഡോക്ടറെ കാണാന്‍ പറയുന്നത്.

ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടറെ കാണാന്‍ കഴിഞ്ഞത്. എണ്ണി തീര്‍ത്ത നിമിഷങ്ങള്‍. ജനറല്‍ ഡോക്ടറല്ല, യൂറോളജിസ്റ്റുമല്ല. സാക്ഷാല്‍ ഗൈനക്കോളജിസ്റ്റ്.

നിങ്ങളുടെ കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ഡോക്ടരുടെ മുഖവുര.
ഒന്നുകില്‍ പറയ്, അല്ലെങ്കില്‍ കൊല്ല് . ഞാന്‍ പറഞ്ഞില്ല.
ഈ പ്രായത്തിലും നിങ്ങളുടെ കൌണ്ട് കാണിക്കുന്നത് പൂജ്യമാണ്. ഇനി നിങ്ങള്‍ക്ക് സാധാരണ നിലയില്‍ കുട്ടികളുണ്ടാകാന്‍ സാധ്യതയില്ല. ഡോക്ടര്‍ സങ്കടത്തോടെ പറഞ്ഞു.
എന്റെ നെഞ്ച് വേദന മാറി, കാഴ്ച തിരിച്ചു വന്നു. എന്നാലും ഡോക്ടറെ വേദനിപ്പിക്കണ്ട എന്ന് കരുതി പൊട്ടിചിരിച്ചില്ല.
പക്ഷെ മാര്‍ഗങ്ങളുണ്ട്. ഡോക്ടര്‍ തുടര്‍ന്നു.
ഇവിടെ എല്ലാ മാസവും രണ്ടാമത്തെ ആഴ്ച നിങ്ങളെ പോലുള്ളവര്‍ക്ക് കുട്ടികളുണ്ടാകാന്‍ സഹായിക്കുന്ന ഒരു ഡോക്ടര്‍ വരുന്നുണ്ട്. അറിയപ്പെടുന്ന ഡോക്ടറാണ്. ബാക്കി മൂന്നാഴ്ചയില്‍ ഓരോ ആഴ്ച ഇന്ത്യയിലും ദുബായിയിലും ലണ്ടനിലുമാണ്.
സന്തോഷം, ഞാന്‍ പറഞ്ഞു.
ഫീസ് കുറച്ചു കൂടുതലാണ്, താങ്കള്‍ക്കൊക്കെ അഫ്‌ഫോര്‍ഡ് ചെയ്യാന്‍ കഴിയും. ഡോക്ടര്‍ പറഞ്ഞു.
അതെങ്ങനെ മനസ്സിലായി. ഞാന്‍ ചോദിച്ചില്ല.
അടുത്ത മാസത്തേക്ക് ബുക്ക് ചെയ്യാന്‍ പറയട്ടെ. ഡോക്ടര്‍ ചോദിച്ചു.
വേണ്ട ഡോക്ടര്‍, ഞാന്‍ വാസക്ടമി ചെയ്തതാണ്, അത് ശരിയായോ എന്ന് ടെസ്റ്റ് ചെയ്യാന്‍ വന്നതാണ്. ഞാന്‍ സസ്‌പെന്‍സ് വെളിപ്പെടുത്തി.
ഡോക്ടര്‍ കുറേസമയം എന്നെ നോക്കി മിഴിച്ചിരുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന ഭാവമായിരുന്നു അവര്‍ക്ക്.

സോറി ഞാന്‍ അറിഞ്ഞില്ല. ക്ഷമാപണം പോലെ ഡോക്ടര്‍ പറഞ്ഞു. ഇവിടെ ഇങ്ങനെ ഒരു ടെസ്റ്റ് നടത്താന്‍ ആരും ഇത് വരെ വന്നിരിക്കില്ല, അത് കൊണ്ടാവും ലാബുകാര്‍ ഇങ്ങോട്ടയച്ചത്.
ഒരാള്‍ വന്നിട്ടുണ്ടാകും ഡോക്ടര്‍. ഞാന്‍ തിരുത്തി.
ആര്.
യൂസുഫ് ഇസ്സ അലി അല്‍ ജഫാരി. ഞാന്‍ പറഞ്ഞു.

Content Highlights: vasectomy malayalam story by farook

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented