കാര്‍ലോസ് വാല്‍ഡറാമ മലയാളിയാണ് I വി. പ്രവീണയുടെ കഥ


വി. പ്രവീണ

7 min read
Read later
Print
Share

ചിത്രീകരണം: ഗിരീഷ് കുമാർ

ക്ലോക്കിലെ സൂചികള്‍ അറിയുന്നില്ലല്ലോ.അവരുടെ ഓട്ടം സമയത്തിന്റെ അളവെടുപ്പാണെന്ന്. മിനിറ്റും മണിക്കൂറും സെക്കന്‍ഡുകളും എണ്ണുന്ന പലതരത്തില്‍പ്പെട്ട സൂചികണക്കെ ഓട്ടം തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ, ഈ ഓട്ടപ്പാച്ചിലിനിടെ ഞാനെന്താണ് അളന്നെടുത്തതെന്ന് എനിക്കിപ്പോഴും അറിയില്ല.

ലോഡും കയറ്റി വന്ന പാണ്ടിച്ചെറുക്കന്മാര് ചായകുടിച്ചിട്ട് വരാമെന്നും പറഞ്ഞ് ഒരുപോക്ക് പോയിട്ട് മണിക്കൂര്‍ ഒന്നാകാറായി. യൂണിറ്റിനുള്ളില്‍ കയറിയാല്‍ ആ ശബ്ദത്തില്‍ പുറത്തു നടക്കുന്നതൊന്നും അറിയില്ല. കണ്ടടത്തും നോക്കി അവന്മാര്‍ തടിയന്‍ നാരങ്ങകള്‍ ഉരുട്ടിയിടും. ലേയ്ലാന്‍ഡ് വണ്ടിയാണ്... വശമില്ലാതെ ഒന്ന് മുന്നോട്ടോ പിന്നോട്ടോ നിരക്കിയാല്‍ കോണ്‍ക്രീറ്റ് ചെടിച്ചട്ടികള്‍ മാത്രമല്ലേ ഇഷ്ടിക പടുത്ത് കെട്ടിയ മതില്പോലും നിലത്തടിയും. യൂണിറ്റിലെ പണിക്കാരിക്കൊച്ചിന്റെ ആക്സിസ് പോറി വച്ചിട്ടാ ഇന്നാള് അവന്മാര് പോയത്. കണ്ടടം നിരങ്ങി നടക്കുന്ന ഇവന്മാരോട് ന്യായം പറഞ്ഞു ചെന്നിട്ട് വല്ല കാര്യോം ഉണ്ടോ...

ഈ യൂണിറ്റ് യൂണിറ്റ് എന്ന് ഞാന്‍ നാക്കിട്ടടിക്കുമ്പോള്‍ ആര്‍ക്കും ഒരു സംശയം തോന്നിയേക്കാം. മടുപ്പിന്റെ ഏകകം എന്ന് ഞാന്‍ സ്വയം മലയാളീകരിച്ച ഒരു ഏര്‍പ്പാടാണ് അത്. ഈ വളച്ചുകെട്ടല് പണ്ട് പണിയെടുത്ത ഇടത്തു നിന്ന് കിട്ടിയതാ. മനുഷ്യരെക്കൊണ്ട് വായിപ്പിക്കാന്‍ തുടക്കത്തില്‍ ഉദ്വേഗത്തിന്റെ ചൂണ്ടക്കൊളുത്ത് വേണമെന്നായിരുന്നു അവിടം പഠിപ്പിച്ച ബാലപാഠം. അതില്‍ നിന്ന് വിട്ടുപോന്നതില്‍ പിന്നെയാ ഈ യൂണിറ്റ് അഥവാ ഫുഡ് പ്രോസസിങ് യൂണിറ്റ് ഞാന്‍ തുടങ്ങിയത്. പേര് ലെമണ്‍ സ്‌കൂപ്പ്. രണ്ടുപേരെ വച്ച് തുടങ്ങിയ സംരംഭമാണ്... പന്ത്രണ്ട് വര്‍ഷത്തിനിടെ സംഗതി വിപുലപ്പെട്ടു. ഇപ്പോ പത്ത് തൊഴിലാളികളുണ്ട്. നാരങ്ങാപ്പാനി, സ്‌ക്വാഷ്, അച്ചാര്‍, എസന്‍സ് എന്നിങ്ങനെ പലവക നാരങ്ങാ ഉത്പന്നങ്ങള്‍. മാര്‍ത്താണ്ഡം മുതല്‍ മംഗലാപുരം വരെ വില്പനയുണ്ട്. ചെറിയ തോതില്‍ ഓണ്‍ലൈനിലും പിടിച്ചുനിന്ന് തുടങ്ങിയിട്ടുണ്ട്.

കച്ചവടത്തിലും കണക്കിലുമൊന്നും താത്പര്യം ഉണ്ടായിട്ടല്ല... താത്പര്യം പോയിട്ട് ഈ ഏര്‍പ്പാട് എിക്കൊരിക്കലും വഴങ്ങാത്തതുമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്നകാലം മുതലേ സ്പോര്‍ട്സിലായിരുന്നു കമ്പം. വീടിനടുത്തുള്ള കൈതത്തോട്ടത്തിന്റെ അതിരില് കാട് വെട്ടി ചെറിയൊരു പിച്ചുണ്ടാക്കി എന്റെ ആങ്ങളമാര്. അവര് രണ്ടുപേരും കളിക്കാന്‍ പോകും. കൊച്ചുങ്ങളല്ലേ... ആണെന്നും പെണ്ണെന്നും ഉള്ള വേര്‍തിരിവൊന്നുമില്ലല്ലോ. അന്ന് കൂട്ടത്തിലൊരുത്തന് പൊന്തി എന്നൊരു തസ്തികയുണ്ട്. പൊന്തി രണ്ട് ടീമിലും പെടും. ഏതെങ്കിലും ഒരു കളിക്കാരന് പെട്ടെന്ന് കളിയില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്നാല്‍ പൊന്തി ആ ഒഴിവില്‍ നിയമിക്കപ്പെടും. കൈതക്കാട് മൈതാനത്തെ സ്ഥിരം പൊന്തിയായിരുന്നു ഞാന്‍. പോകെപ്പോകെ പ്രകടനം മെച്ചപ്പെടുത്തി ആങ്ങളമാരുടെ ടീമിലെ മീഡിയം പേസ് ബൗളറായി മാറി. ആ ആണ്‍സംഘത്തിലെ ഒരേയൊരു പെണ്ണ്. കൊച്ചിന്റെ ഏറ് കിടുക്കനാ എന്ന് ആങ്ങളമാര് കളി കഴിഞ്ഞ് വീട്ടില്‍ വന്ന് പറയും. ആരും അഭിനന്ദിച്ചുമില്ല, നിരുത്സാഹപ്പെടുത്തിയുമില്ല.

പക്ഷേ, ശരീരം വളര്‍ന്നു തുടങ്ങിയതോടെ കൈതക്കാട്ടിലേക്കുള്ള എന്റെ പോക്കിന് വിലക്കു വീണു. ഗോളസമാനമായ ചില ശരീരഭാഗങ്ങളുടെ ലക്കുകെട്ട ചലനങ്ങളായിരുന്നു ആ പരോക്ഷ വിലക്കിനു കാരണം. കൊച്ച് കളിക്കാന്‍ വരുന്നത് ഞങ്ങള്‍ക്കിപ്പോ നാണക്കേടാ എന്ന പ്രത്യക്ഷ പ്രഖ്യാപനത്തിലൂടെ ആങ്ങളമാര്‍ വിലക്കിന്റെ ആക്കംകൂട്ടി... അങ്ങനെ ഞാന്‍ കളം വിട്ടു. പി. ഡി. സി കഴിഞ്ഞ്... ഡിഗ്രി. പാരലലായി എം. എ. അന്ന് നിഗൂഢമായി ഞാനൊരു സ്വപ്നം മനസില്‍ കൊണ്ടുനടന്നിരുന്നു. കളിയെഴുത്തുകാരിയാകുക എന്ന സ്വപ്നം. നടക്കാത്ത സ്വപ്നങ്ങള്‍ എഴുതി സാധിക്കുകയാണല്ലോ പലരുടേയും പതിവ്. എം. എ അവസാനവര്‍ഷം പഠിക്കുമ്പോഴായിരുന്നു കല്യാണമൊറപ്പ്. അതിര്‍ത്തിയില്‍ സൈനികനാണ് വരന്‍ എന്ന കാരണത്താല്‍ അങ്ങേരുടെ അവധി സൗകര്യം കണക്കാക്കി പിറ്റേ കൊല്ലത്തേക്ക് കല്യാണം ഉറപ്പിച്ചു. ആ ഇടവേളയില്‍ ജേണലിസത്തില്‍ ഒരു ഡിപ്ലോമ തരപ്പെടുത്തി.

ലോകശബ്ദം പത്രം അന്ന് കത്തിനില്‍ക്കുന്ന കാലമാണ്. റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഞാന്‍ അപേക്ഷിച്ചു. ടെസ്റ്റും ഇന്റര്‍വ്യൂവും പാസായി ജോലിക്ക് കയറി. മാധവിക്കുട്ടി എഴുതിയതുപോലെ രാഷ്ട്രീയം എന്തെന്ന് എനിക്കറിയില്ല എന്നൊരു പ്രസ്താവന ചെന്നുകയറിയപ്പോഴേ ഞാനിറക്കി. സ്പോര്‍ട്സ് പേജ് മുതല്‍ പിന്നോട്ടാണ് പ്ത്രവായനയുടെ ശൈലി എന്നും ഒപ്പം പറഞ്ഞു. അഭിരുചി സ്പോര്‍ട്സിലാണെന്ന് അറിഞ്ഞപ്പോള്‍ എഡിറ്റര്‍ക്കും താഴെയുള്ള പുരുഷ പ്രജകള്‍ക്കും വല്ലാത്ത അമ്പരപ്പ്. എഴുതാനറിയാവുന്നവന് കളിയറിയില്ല... കളിയറിയാവുന്നവന് എഴുത്തറിയില്ല... മലയാളം പത്രങ്ങളില്‍ കളി എഴുതുന്ന പെണ്ണുങ്ങള് തീരെ കുറവാ. പിടിച്ചു നിന്നാല്‍ തനിക്ക് പേരെടുക്കാം... എഡിറ്റര്‍ കൊമ്പേത്ത് സേതു നിസംഗമായെങ്കിലും തന്ന പ്രോത്സാഹനം ചെറുതായിരുന്നില്ല. സ്‌കൂള്‍ മീറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ സീനിയര്‍ സപോര്‍ട്സ് ജേണലിസ്റ്റിനൊപ്പം പിറ്റേയാഴ്ചതന്നെ എന്നെ അയച്ചു. ഞാനത് നല്ല നീറ്റായിട്ടങ്ങ് ചെയ്തു. ലോകശബ്ദത്തിന്റെ ചരിത്രത്തില്‍ സ്പോര്‍ട്സ് ജേണലിസം തേടിപ്പിടിച്ചു ചെന്ന ആദ്യത്തെ പെണ്ണ് ഞാനായിരുന്നു. മീറ്റ് നീറ്റാക്കിയതിന് എഡിറ്ററെനിക്ക് ഒരു പാര്‍ക്കര്‍ പേന സമ്മാനമായി തന്നു. അതിന്റെ അഞ്ചാം നാളായിരുന്നു എന്റെ കല്യാണം.

അതിപ്പിന്നെയാണ് എനിക്ക് ക്രിക്കറ്റിലുള്ള താത്പര്യം കുറഞ്ഞത്. പട്ടാളക്കാരനായ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം എനിക്ക് ബാറ്റ് ചെയ്യേണ്ടി വന്നതു തന്നെയായിരുന്നു ആ അകാല വിരക്തിയുടെ പ്രധാന കാരണം. നിവര്‍ന്നു നിന്ന് എറിയാനും ആ ഏറില്‍ കുറ്റി തെറിപ്പിക്കാനും വഴക്കമുള്ള എന്നെ ആ വലിയ ടീം വിസ്താരം കുറഞ്ഞ പിച്ചില്‍ വിക്കറ്റിനു മുന്നില്‍ തളച്ചു. എങ്ങോട്ട് അടിച്ചാലും ഫീല്‍ഡര്‍മാര്‍. ഓടാന്‍ ശ്രമിച്ചാല്‍ റണ്ണൗട്ട്. ബാറ്റ്സ്മാന്റെ ജീവിതത്തേയും തദ്വാരാ ക്രിക്കറ്റിനേയും ഞാന്‍ എതിര്‍പ്പോ ചെറുത്തുനില്‍പ്പോ ഇല്ലാതെ വെറുത്തു. ഞാന്‍ ഗോളിയുടെ ഏകാന്തത കൊതിച്ചു. അഭിനിവേശം ഫുട്ബോളിലേക്ക് ചേക്കേറി. രണ്ട് പ്രസവം. അനുബന്ധ ആവശ്യങ്ങള്‍ എന്നിവയ്ക്കിടയില്‍ ലോകം രണ്ട് ഫുട്ബോള്‍ ലോകകപ്പുകള്‍ക്ക് വേദിയായി. നാലുവര്‍ഷത്തിന്റെ ഇടവേളകള്‍ക്കിടയില്‍ ഞാന്‍ ടി.വിയില്‍ കളികണ്ടുകൊണ്ട് ഇളയതും മൂത്തതുമായ രണ്ട് കുഞ്ഞുങ്ങളെ മുലയൂട്ടി. സ്ത്രീയെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടാത്തത്തും ആഗ്രഹിക്കാത്തതുമായ പരിഗണന അനുവദിച്ചുതന്നുകൊണ്ട് ലോകശബ്ദം എന്നെക്കൊണ്ട് ഫിക്ഷണലായ സ്പോര്‍ട്സ്ഫീച്ചറുകള്‍ മാത്രം എഴുതിച്ചു. ഞാനത് ഭംഗിയായി നിര്‍വഹിച്ചു.

കളി എഴുത്തിനോടുള്ള കമ്പത്തിന് മുടക്കം വരാതിരിക്കാന്‍ ഓഫീസില്‍ ഞാനൊരു അലിഖിത കരാറില്‍ ഒപ്പുവച്ചിരുന്നു. ബിന്ദു കുമാരി. എസ് എന്ന പേരിലെഴുതിയാല്‍ നാട്ടിലെ കളിപ്രേമികള്‍ വായിക്കില്ല. സംഗതി ശരിയാണെന്ന് എനിക്ക് തോന്നി. പെണ്ണുങ്ങളുടെ കളി കാണാന്‍ ആളില്ലാത്ത ലോകത്ത് കളിയെഴുത്തിലെ പെണ്‍പേരിനെന്ത് പ്രസക്തി. അങ്ങനെ പത്രത്തില്‍ ഞാന്‍ ബി. കെ. എസ് എന്ന ചുരുക്കപ്പേരില്‍ കോളങ്ങള്‍ നിറച്ചു. അന്നെനിക്ക് പൊളിറ്റിക്കല്‍ കറക്റ്റ്നെസ്, ജെന്‍ഡര്‍ പൊളിറ്റിക്സ് എന്നിവയെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. കൊച്ചുങ്ങള്‍ക്ക് ജലദോഷം അതിസാരം മുണ്ടിനീര് തുടങ്ങിയ ബാലാരിഷ്ടതകള്‍ അടിക്കടി വന്നുകൊണ്ടിരുന്നു. പരിഹരിക്കാന്‍ പട്ടാളക്കാരന്റെ കൈത്താങ്ങ് അവധിവരവില്‍ മാത്രമായി ഒതുങ്ങിയതുകൊണ്ട് എന്റെ അവധി അപേക്ഷകള്‍ മുറതെറ്റാതെ എഡിറ്റര്‍ക്കു മുന്നില്‍ എത്തിക്കൊണ്ടിരുന്നു. ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും സ്‌കൂള്‍ മീറ്റുകളും അവധി ആനുകൂല്യം അടിക്കടി കൈപ്പറ്റാത്ത സ്ഥിരോത്സാഹികളുടെ കുത്തകയായി തുടര്‍ന്നു. ഞാന്‍ അവധി എടുത്തും എടുക്കാതെയും കളിയില്‍ സാഹിത്യം ചാലിച്ച് കാല്പനിക കായിക ഫീച്ചറുകളില്‍ അഭിരമിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം എഡിറ്റര്‍ എന്നെ ക്യാബിനിലേക്ക് വിളിച്ചു. കാര്‍ലോസ് വാല്‍ഡറാമ കൊച്ചിയില്‍ ഒരു ഹോട്ടലിലുണ്ട് ചെന്ന് കണ്ട് ഒരു സ്റ്റോറി എടുക്കണം. തലേ ദിവസം ഫോട്ടോഗ്രാഫര്‍ പകര്‍ത്തി അയച്ച രണ്ടുമൂന്ന് ഫോട്ടോഗ്രാഫുകളും അദ്ദേഹം എന്നെ കാണിച്ചു. ഇരുകാലി സിംഹത്തെപ്പോലെ വാല്‍ഡറാമ. സടപോലെ മുടി. മൃഗതൃഷ്ണ കൊത്തിവച്ച മുഖം. ചെന്ന് കണ്ട് സംസാരിച്ച് ഒരു ചെറിയ ലേഖനം എഴുതിയാല്‍മതി എഡിറ്റര്‍ ഫോട്ടോഗ്രാഫില്‍ നിന്ന് എന്റെ ചിന്തയെ പിടിച്ചിറക്കിവിട്ടു... എനിക്ക് ചെറുതായൊന്ന് കോരിത്തരിച്ചു. വാല്‍ഡറാമ ശരിക്കുമൊരു സിംഹമാണ്. കളിക്കളത്തിലെ മന്ദഗതി. ഇരമുന്നില്‍ വന്നാല്‍ മാത്രം കുതിക്കുന്ന മൃഗരാജനെപ്പോലെ വലകുലുങ്ങാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രം പുറത്തെടുക്കുന്ന വേഗത... ഭൂപടത്തില്‍ കൊളംബിയയ്ക്ക് എന്റെ കാഴ്ചയില്‍ വാല്‍ഡറാമയുടെ മുടിയുള്ള ഒരു ഫുട്ബോളിന്റെ രൂപമാണ്. അത്രകണ്ട് കൊളംബിയയുടെ അടയാളമായി മാറിയ ഫുട്ബോളര്‍.

കായിക റിപ്പോര്‍ട്ടറായി ലോകശബ്ദത്തില്‍ ചേര്‍ന്ന ആദ്യ നാളുകളില്‍ കൊമ്പേത്ത് സേതു പത്രക്കട്ടിങ്ങുകളുടെ വലിയ കെട്ടുകള്‍ എന്റെ സീറ്റില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. അതികായരായ സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ എഴുതിയ വാര്‍ത്തകള്‍, കുറിപ്പുകള്‍, ഫീച്ചറുകള്‍. അതിലൊന്നില്‍ പി. ടി. ഷിഹാബുദ്ദീന്‍ എന്ന കൊലകൊമ്പന്‍ തയ്യാറാക്കിയ ഒരു കുറിപ്പ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു... കൊളംബിയന്‍ മൃഗരാജന്‍ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന ലേഖനം. അറ്റ്ലാന്റിക്കിന്റെ അഗാധനീലിമയില്‍ മുങ്ങിനീരാട്ടിനിറങ്ങിയ ഉശിരന്‍ സിംഹത്തെപ്പോലെ ഒരുവന്‍. അയാള്‍ കളിക്കാനിറങ്ങുമ്പോള്‍ മൈതാനം ഭൂഗോളമാകും. ഭൂമധ്യരേഖയിലൂടെ ഒരു സിംഹത്താനെന്ന പോലെ കാര്‍ലോസ് വാല്‍ഡ്രാമ മൈതാനത്ത് താളത്തില്‍ ഉലാത്തും... അടിമുടി ത്രസിപ്പിച്ച എഴുത്തായിരുന്നു അത്. അത് വായിച്ചുതീര്‍ത്തതും ഞാനയാളെ കാണാന്‍ ആഗ്രഹിച്ചു. മൂന്ന് ലോകകപ്പുകള്‍, അഞ്ച് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍... വാല്‍ഡറാമയുടെ ഇരുപത് വര്‍ഷം നീണ്ട കളിക്കാലത്തെ ഞാന്‍ മാതൃത്വ അഭിരുചി ഏറെയുള്ള ഒരു അമ്മ തന്റെ കുഞ്ഞിന്റെ വളര്‍ച്ചയെന്നപോലെ നോക്കിക്കണ്ടു. അറ്റ്ലാന്റിക്കില്‍ മുങ്ങാംകുഴിയിട്ട് കയറിയ വാല്‍ഡറാമയെപ്പോലെ ഇപ്പോഴാ ആഗ്രഹം വീണ്ടും സടകുടഞ്ഞിരിക്കുന്നു. ഈ അവസരം ഞാന്‍ ഒഴിവാക്കില്ല...തീര്‍ച്ച. പിറ്റേന്ന് വെളുപ്പിനത്തെ പാസഞ്ചറില്‍ ഞാന്‍ കായംകുളത്തുനിന്ന് കൊച്ചിയിലേക്ക് കയറി.

മാരിയറ്റിലാണ്. മൂന്നാംനിലയില്‍ ലിഫ്റ്റിറങ്ങി. ഇടത്തോട്ട് തിരിഞ്ഞ് നാലാമത്തെ മുറി. ഞാന്‍ വാതിലില്‍ തട്ടി... വാല്‍ഡറാമ വന്ന് വാതില്‍ തുറന്നു. സിംഹത്തല... കൂട്ടിലാണെങ്കിലും കാട്ടിലാണെന്ന തോന്നലുള്ള സിംഹത്തിന്റെ എടുപ്പും നടപ്പും. കയറിവാ എന്ന് പറഞ്ഞ് കൈനീട്ടിയപ്പോള്‍ ഞാന്‍ ഞെട്ടി. അയാള്‍ പറഞ്ഞത് മലയാളം ആണല്ലോ എന്ന ഞെട്ടല്‍ പിന്നീടാണ് ഉണ്ടായത്. ബിന്ദുകുമാരി ഞെട്ടിയോ...ആ ചോദ്യത്തോടെ നീല കുഷ്യനിട്ട സോഫയിലേക്ക് ആരോ ചവിട്ടിത്തെറിപ്പിച്ച പന്തുപോലെ ഞാന്‍ ചെന്നുവീണു.

കൊച്ചുന്നാളില്‍ കൈതക്കാടിന്റെ മറവില്‍ നിന്ന് ഞാന്‍ ബിന്ദുകുമാരിയുടെ കളിയെത്ര കണ്ടിരിക്കുന്നു. എന്റെ വീട് അവിടെ അടുത്തായിരുന്നു. നിങ്ങടെ നാട്ടുകാരനാ ഞാന്‍. ബിന്ദുകുമാരി അമ്മ അമ്മിണിട്ടീച്ചറുടെ ഒക്കത്തിരുന്ന് നാട്ടിലെ ഹെല്‍ത്ത്സെന്റരില്‍ അഞ്ചാംപനിയുടെ കുത്തിവെപ്പിന് വന്നപ്പോഴാ ഞാന്‍ ആദ്യം കണ്ടത്. അന്ന് ഞാന്‍ മൂക്കള ഒലിപ്പിച്ച് നടക്കുന്ന പയ്യനാണ്. ബിന്ദുകുമാരി കൈതക്കാട്ടിലെ കളി നിര്‍ത്തുംമുന്നേ ഞാനങ്ങ് കൊളംബിയയില്‍ എത്തി. നാട്ടില് വലിയ കഷ്പ്പാടാരുന്നെന്നേ. അങ്ങനെ അപ്പന്‍ കപ്പല് കയറ്റി വിട്ടതാണ്. ചെന്നിറങ്ങിയത് കൊളംബിയയില്‍. മിഷനറിമാര് എന്നെ അവിടുള്ള ഒരു വീട്ടില്‍ കൊണ്ടുവിട്ടു. ഈ പേരും കൂടുള്ള വാലുമൊക്കെ അവര് തന്നതാ.

ഇതിനിടയില്‍ രഹസ്യമായി ഞാന്‍ നാട്ടിലെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു...ബിന്ദുകുമാരി കെട്ടിയതും പെറ്റതും പത്രക്കാരി ആയതുമൊക്കെ... വാല്‍ഡറാമ എതിരില്ലാത്ത ഗോളിന് എന്നെ തറപറ്റിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് പണ്ട് കൈതക്കാട്ടലെന്ന പോലെ എന്നിലെ പ്രൊഫഷണലിസം സടകുടഞ്ഞു. ഇതൊരു സ്‌കൂപ്പാണ്... പതറാതെ പകര്‍ത്തിയെഴുതേണ്ട സ്‌കൂപ്പ്. മിസ്റ്റര്‍ വാല്‍ഡറാമ നിങ്ങള്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ രഹസ്യമാക്കി വെക്കേണ്ടതുണ്ടോ... ഞാന്‍ ചോദിച്ചു. വാല്‍ഡറാമ കെറ്റിലില്‍ നിന്ന് ചൂട് ചായ പകര്‍ന്ന് എനിക്കു തന്നു. എന്തു തെറ്റ്... എന്തുവേണേല്‍ എഴുതിക്കോ... പക്ഷേ, ആരും വിശ്വസിക്കില്ല... ഞാന്‍ പതറിയില്ല. അതിനിടെ റൂമിലെ ടെലിഫോണ്‍ ശബ്ദിച്ചു. വാല്‍ഡറാമയ്ക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു. ബിന്ദുകുമാരിയെ ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ വിടണോ.. അയാള് ചോദിച്ചു. ഞാന്‍ ആ ക്ഷണം നിരസിച്ചു. വാല്‍ഡറാമ ട്രോളി നിരക്കി ലിഫ്റ്റിറങ്ങി താഴേക്ക് പോയി. ഞാന്‍ മെല്ലെ പടികളിറങ്ങി.

നടന്ന കാര്യങ്ങള്‍ എഡിറ്ററെ വിളിച്ച് അപ്പോള്‍ത്തന്നെ പറഞ്ഞാലോ എന്ന് ഞാന്‍ കരുതയതാണ്. പക്ഷേ, ഇത്തരം അമിതാവേശം ഈ പണിക്ക് ചേര്‍ന്നതല്ല. പിറ്റേന്ന് രാവിലത്തെ പതിവ് മീറ്റിങ്ങിനു ശേഷം ഞാന്‍ എഡിറ്ററോട് ആ സ്വകാര്യം പറഞ്ഞു... വാല്‍ഡറാമ മലയാളിയാണ്... കാര്‍ലോസ് വാല്‍ഡറാമ മലയാളിയാണ്... ഞാന്‍ ആവര്‍ത്തിച്ചു. എഡിറ്റര്‍ കണ്ണടയൂരി കണ്ണ് തിരുമ്മി എന്നെ തുറിച്ചു നോക്കി. ഞാന്‍ ആണയിടാനൊന്നും നില്‍ക്കാതെ തലേന്ന് നടന്ന സംഭവങ്ങളിലേക്ക് നേരിട്ടുകടന്നു. ബിന്ദുകുമാരിക്ക് വയ്യായ്ക വല്ലതും ഉണ്ടോ... ഇതായിരുന്നു ആകെയുള്ള മറുചോദ്യം. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തെളിവ് ബാഗിലുണ്ട്. അക്കാലത്തെ മുന്തിയയിനം സെല്‍ഫോണ്‍ എന്റ കൈയിലുണ്ട്. ഹോട്ടലിലെ കൂടിക്കാഴ്ചയ്ക്കിടയില്‍ തന്ത്രപരമായി ഞാന്‍ പകര്‍ത്തിയ ചില ചിത്രങ്ങളും റെക്കോഡിങ്ങുകളും അതില്‍ ഭദ്രം. ഞാന്‍ ഫോണ്‍ പുറത്തെടുത്തു. പക്ഷേ, പരതിയിട്ടും പരതിയിട്ടും തെളിവുകള്‍ കിട്ടുന്നില്ല... കുറച്ചു ദിവസം ലീവെടുത്ത് ബിന്ദുകുമാരി വിശ്രമിക്ക്... എഡിറ്റര്‍ പുറത്തേക്കിറങ്ങി.

വിശ്വസിക്കേണ്ടവര്‍ വിശ്വസിക്കാതായാല്‍ ഒരുപരിചയവുമില്ലാത്ത വായനക്കാര്‍ പിന്നെ എന്നെ എങ്ങനെ വിശ്വസിക്കും. മരം അറ്റു പോയ വേരുപോലെ മണ്ണിലാണ്ടു കിടന്നിട്ട് എന്തു കാര്യം? എനിക്ക് മാധ്യമപ്രവര്‍ത്തനം മടുത്തു. വാസ്തവം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ഞാനാരോടും തര്‍ക്കിക്കാന്‍ നിന്നില്ല. ഇക്കാര്യം പറയാനും പോയില്ല. രാജിക്കത്ത് മെയില്‍ ചെയ്തു. ആരും തിരികെ വരാന്‍ നിര്‍ബന്ധിച്ചില്ല. പക്ഷേ, വീട്ടില്‍ ചടഞ്ഞിരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഈ നാരങ്ങാക്കച്ചവടത്തിലേക്ക് ഞാന്‍ തിരിഞ്ഞത്. നാരങ്ങ എന്നു പറഞ്ഞാല്‍ വെറും നാരങ്ങയല്ല. കമ്പിളി നാരങ്ങ. വടക്കര് ഇതിനെ മാതള നാരങ്ങ എന്ന് വിളിക്കും. ചിലര്‍ ബബ്ലൂസ് നാരങ്ങ എന്നും. പക്ഷേ, എനിക്കിത് കമ്പിളി നാരങ്ങയാണ്. കാഴ്ചയില്‍ ഒത്തൊരു ഫുട്ബോളിന്റെ വലിപ്പം വരും. തെങ്കാശിയില്‍ നിന്ന് ലോഡും കയറ്റി അവന്മാരുടെ വണ്ടി വരുമ്പോള്‍ എനിക്ക് ഗാലറിയില്‍ ഇരുന്ന് കളി കാണുപോലെയാ തോന്നാറ്. പണ്ട് കൈതക്കരത്തോട്ടില്‍ ഇള്ളപ്രായത്തില്‍ ഞാന്‍ എറിഞ്ഞും അടിച്ചും നടന്നകാലത്ത് വാല്‍ഡറാമ കുറ്റിപ്പൊന്തയുടെ മറപറ്റിയിരുന്ന് എന്നെ നോക്കിയ നോട്ടം ഞാന്‍ വെറുതേ സങ്കല്പിക്കും. ലോഡിറക്കുന്ന നേരത്ത് കൂട്ടത്തില്‍ മുഴുത്തതൊന്ന് ഞാനിങ്ങെടുക്കും. മൂര്‍ച്ചയുള്ള കത്തികൊണ്ട് അത് വെട്ടിക്കീറുമ്പോ വലിയ സന്തോഷം തോന്നും... സഫലമാകാത്ത പ്രേമബന്ധത്തിന് ദിവ്യബലി അര്‍പ്പിക്കും. അല്ലി ചുരണ്ടി മാറ്റിയ നാരങ്ങാത്തോടില്‍ ഞാന്‍ പിരുപിരുത്ത കമ്പിളി നൂല് തിരുകും. മഞ്ഞച്ചായംപൂശി ഞാനത് തട്ടുംപുറത്ത് നിരത്തും. വെറുതെ ഇരുന്ന് മുഷിയുമ്പോള്‍ ഞാന്‍ ചെന്ന് നാരങ്ങാത്തലകള്‍ക്ക് നടുവില്‍ ഇരിക്കും. കമ്പിളിമുടികളില്‍ തലോടും. ബിന്ദുകുമാരീ എന്ന് വാല്‍ഡറാമ നീട്ടിവിളിക്കുമ്പോലെ എനിക്കപ്പോള്‍ തോന്നും. സാന്റാ മാര്‍ട്ടയിലെ തുറമുഖത്തിരക്കിലെ വെങ്കലപ്രതിമയുടെ ഏകാന്തത തട്ടിന്‍പുറത്ത് പൂരിപ്പിക്കപ്പെടും.

ഓരോന്നും ഓര്‍ത്തിരുന്ന് നേരം പോയപോക്ക്! ദേണ്ടേ വരുന്നുണ്ട് അവന്മാര്‍. ആദ്യത്തെ കുട്ട ചുമന്നുകൊണ്ടുവരുന്നുണ്ട്...അതീന്ന് ഒന്ന് ഞാനിങ്ങെടുത്തു.

Content Highlights: V.Praveena, Carlos Valderramma Malayaliyaanu, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented