വര: മദനൻ
കാവ്യം തുളുമ്പുന്ന പല നാട്ടുപദങ്ങളുടെയും പേരുകളുടെയും കലവറയായിരുന്നു അഗ്രഹാരങ്ങള്‍. എന്നാല്‍, കാലപ്രവാഹത്തില്‍ അവ പലതും ഒലിച്ചുപോയി. പുതിയ തലമുറയ്ക്ക് അത്തരം വാക്കുകള്‍ വെറും വിദൂരനക്ഷത്രങ്ങള്‍ മാത്രം
കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി തിയേറ്ററുകള്‍ തുറക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതും മഹേഷിന് ഇരിക്കപ്പൊറുതി കെട്ടു. കുഞ്ഞാലി മരക്കാര്‍ ഒ.ടി.ടി.യിലോ തിയേറ്ററിലോ എന്ന വിഷയത്തില്‍ പല വീട്ടുമുറ്റങ്ങളിലും അവന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിനിമാ തിയേറ്ററില്‍ എന്ന് നിജപ്പെട്ടതും അവന്റെ ഭാവവും ശരീരഭാഷയും ഒന്നു കാണേണ്ടതായിരുന്നു.
''ശരിയാന ആളക്കണ്ടസമുദ്രം.''
അഗ്രഹാരങ്ങളില്‍നിന്നും എന്നോ മൃതിയടഞ്ഞുപോയ വാക്ക് എണ്‍പത്തൊമ്പതുകാരിയായ തൈലാംബാള്‍ പാട്ടി പൊടിതട്ടിയെടുത്തു.
ആളക്കണ്ട സമുദ്രം ! ആ വാക്ക് മഹേഷ് ആദ്യമായി കേള്‍ക്കുകയാവണം. ''എന്ന മീനിങ്ങ്...'', അവന് അതറിയാന്‍ തിടുക്കമായി.
അവന്റെ തലമുറയില്‍പ്പെട്ട ആരും ആ വാക്ക് കേട്ടിരുന്നില്ല. പ്രായമായ ചിലരുടെ ബോധത്തില്‍ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ആ വാക്ക് വീണ്ടും പൂവിട്ടു.
ആളക്കണ്ടസമുദ്രം ! ''ചൊല്ലങ്കോ... എന്ന അര്‍ഥം?'', മഹേഷ് പാട്ടിയെ മുറുകെ പിടിച്ചു.
ഓര്‍മത്തകരാറുകാരണം ബോധത്തില്‍നിന്നു പലതും നഷ്ടപ്പെട്ടുപോയിരിക്കണം. മഹേഷ് എത്ര ആവര്‍ത്തിച്ചുചോദിച്ചിട്ടും ആ വാക്കിന്റെ നൂല്‍ക്കണ്ണിയിലേക്ക് യാത്രചെയ്‌തെത്താന്‍ പാട്ടിക്ക് കഴിഞ്ഞില്ല. ബോധത്തിനും അബോധത്തിനുമിടയിലെ ഏതോ അവസ്ഥയില്‍ തന്നില്‍നിന്ന് അടര്‍ന്നുവീണതാവണം ആ വാക്ക്! പാട്ടി പരാജയം സമ്മതിച്ച് പിന്‍വാങ്ങി.
ആ വാക്കിന്റെ അര്‍ഥമന്വേഷിച്ച് മഹേഷ് പിച്ചാമണി അയ്യരുടെ വീട്ടിലേക്കു നടന്നു.
''ഏതെങ്കിലും ഒരു മഹദ്വ്യക്തിയെ അല്ലെങ്കില്‍ താരത്തെ തീര്‍ത്തും നിനച്ചിരിക്കാത്ത നിമിഷത്തില്‍ കാണുമ്പോള്‍ അമിതസന്തോഷപ്രകടനം നടത്തുന്ന, സ്വയംമറന്ന് തുള്ളിച്ചാടുന്ന വ്യക്തിക്ക് പഴയകാലത്ത് നല്‍കിയിരുന്ന വിശേഷണമാണ് ആളക്കണ്ടസമുദ്രം.'' -എണ്‍പതുകാരനായ പിച്ചാമണി അയ്യര്‍ വിശദമാക്കി.
മരക്കാര്‍ തിയേറ്റര്‍ റിലീസിന് എന്ന വാര്‍ത്ത കേട്ട് താന്‍ കാണിച്ച അമിതാവേശത്തിനായിരിക്കും ആ പ്രയോഗം എന്ന് മഹേഷ് നിരൂപിച്ചു.
''വാട്ട് എ ബ്യൂട്ടിഫുള്‍ വേഡ്...'', വൈത്തി തന്റെ തോന്നല്‍ രേഖപ്പെടുത്തി. ''ഹൈലി പോയറ്റിക്...'' ആ വാക്കിന്റെ നക്ഷത്രഭംഗിയില്‍ ബാലുവും അതിശയിക്കാതിരുന്നില്ല. ''ഇതുപോല് എത്ര വാക്കുകള്‍ കാലഹരണപ്പെട്ടു പോച്ച്...'', റിട്ടയേഡ് ജഡ്ജി കൃഷ്ണയ്യര്‍ ആ ഭൂതകാലം ഓര്‍ത്തെടുത്തു.
ആയിരത്തെട്ടാന്‍ (എല്ലാത്തിലും തൊട്ട് ഒന്നും മുഴുമിക്കാത്തവന്‍), തിരുവാഴിത്താന്‍ (മേലെ ആകാശം താഴെ ഭൂമി എന്നു നടക്കുന്നവന്‍), തൂങ്കച്ചാവടി (ഉറക്കംതൂങ്ങി), ശാംഭേരി (മടിയന്‍), വെഹിളി (സാഹചര്യം നോക്കാതെയും അനവസരത്തിലും തുള്ളിച്ചാടുന്നവന്‍), വെക്കം (നാണം), തിരുശമന്‍ (വികൃതി), പൊണ്ടുകച്ചുപ്പന്‍ (പെണ്‍ഭ്രാന്തന്‍), നിമ്മതി (സമാധാനം), വാശല്‍ (മുറ്റം), അച്ചുപ്പിച്ച് (അല്പം ബുദ്ധിക്കുറവുള്ള), പൊറുമൈ (ക്ഷമ), പാശം (സ്‌നേഹം), അശട് (ഇളിഭ്യന്‍), പൊറാമൈ (അസൂയ), പുളുഹല്‍ (ആത്മപ്രശംസ), പൊണ്ടോട്ടി (ഭാര്യ), വാരിശ് (അവകാശി), പിത്തനയ് (കലഹം), പൊമ്മനാട്ടി (സ്ത്രീ), ചീരഴിയല്‍ (കഷ്ടപ്പെടല്‍), നമ്പിക്കൈ (വിശ്വാസം), കടവുള്‍ (ദൈവം).
ഇതുപോലെ കണ്‍മുന്നില്‍ അപ്രത്യക്ഷമായ എത്രയോ പേരുകളുമുണ്ട്. വാഞ്ചി, പമ്മേച്ചു, ഗുവാപ്പന്‍, ജഗ്ഗ, നാണ്, ചീനി, ഗോമു, വെങ്കാച്ചു, ഗണ്ണു, പിച്ചയ്, ആലുമണി, നടു, രങ്കു, ഗുബ്ബയ്, ചീരാട്ടു, ചുപയ്, ജിമ്മു, ചുപ്പുടു...
മഹേഷിനെപ്പോലെ ഒരു ന്യൂജന്‍ കുട്ടിക്ക് ഈ വാക്കുകളും പേരുകളും അന്യമായിരിക്കും. ആശയങ്ങള്‍ കൈമാറാനും വികാരങ്ങള്‍ പങ്കിടാനും സ്വപ്നംകാണാനും അരിശപ്പെടാനും അങ്ങനെ എത്രയോ ആത്മാവിഷ്‌കാരങ്ങള്‍ക്ക് കാലാകാലങ്ങളായി അഗ്രഹാരം ഉപയോഗിച്ചിരുന്ന വാക്കുകള്‍... സ്‌നേഹത്തില്‍ തേച്ചുമിനുക്കിയ വിളിപ്പേരുകള്‍...
''ഇന്നത്ത് കുട്ടികള്‍ ഇതെല്ലാം കേട്ട് ചിരിപ്പാള്‍...'' - ഏകശിലാഘടനയുള്ള ഒരു ഭാഷയിലേക്ക് നാം നമ്മെ മിതപ്പെടുത്തുകയോ സൗകര്യപ്പെടുത്തുകയോ ചെയ്തിരിക്കുന്നുവെന്ന് അഗ്രഹാരത്തിലെ മലയാളം ഭാഷാധ്യാപകനായ നാരായണന്‍ ആധി പങ്കുവെച്ചു. 'ലൈഫ്സ്‌റ്റൈല്‍ മാറുമ്പോള്‍ ലാംഗ്വേജും മാറുന്നു' എന്നാണല്ലോ.
ഓരോ പതിന്നാലുദിവസം കഴിയുന്തോറും ഒരു ജൈവഭാഷ മരിക്കുന്നതായി അമേരിക്കയില്‍നിന്നു ലീവില്‍ വന്ന സുബഹ്‌മണി ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. ഘമിഴൗമഴല ലഃശേിരശേീി (ഭാഷയുടെ പുറന്തള്ളപ്പെടല്‍) എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. 140 ഭാഷകളാണ് അമേരിക്കയില്‍ മാത്രം മൃതപ്രായമായിക്കൊണ്ടിരിക്കുന്നത്. ആ ശ്മശാനഭൂമിയില്‍ അഗ്രഹാരത്തിലെ പല മനോഹരപദങ്ങളും എരിഞ്ഞടങ്ങിക്കഴിഞ്ഞു.
''അതെല്ലാം ഓക്കെ...'', എന്തിലും മൂലകാരണം തേടിപ്പോകുന്ന ചന്ദു സ്വാഭാവികമായും ഒരു സംശയം ഉന്നയിച്ചു. ''ആളക്കണ്ടസമുദ്രം എന്ന വാക്കോട് ഉദ്ഭവം എപ്പിടി ?''
ചര്‍ച്ച നിമിഷനേരത്തേക്ക് നിശ്ശബ്ദമായി. പദനിര്‍മാണം എന്ന പ്രക്രിയയെക്കുറിച്ച് ആലോചനകളും അഭിപ്രായങ്ങളും മൂത്തു. ആളക്കണ്ടസമുദ്രം എന്ന വാക്കിനെ രാജി മൂന്നായി പകുത്തു. ആള് കണ്ട സമുദ്രം. ആളെ കാണുമ്പോള്‍ അതിശയം അടക്കവയ്യാതെ സമുദ്രത്തെപ്പോലെ തിരയടിച്ചുയരുന്നവന്‍. ''കറക്ട്...'', രാശു അയ്യര്‍ സംഗ്രഹിച്ചു. ''അത് താന്‍ അന്ത വാക്കോട് യുക്തി.''
Content Highlights: T K Sankaranarayanan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..