'രാവണഹള്ളി': പി.എം മധു എഴുതിയ കഥ


പി.എം മധുസുള്ള്യത്തു നിന്ന് ഇടുങ്ങിയൊരു റോഡ്. ആദ്യം കുറച്ചു ദൂരം ഇടതിങ്ങിയ മരങ്ങളുടെ തണല്‍ വിരിച്ച വഴികളായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ടാര്‍ ചെയ്യാതെ, കരിങ്കല്‍ക്കഷണങ്ങളിട്ട കഠിനമായ പാത. പുല്ലുപിടിച്ചു കിടക്കുന്ന വെളിമ്പറമ്പില്‍ കുറേ മൊട്ടപ്പാറകളും കുറ്റിച്ചെടികളും. വീശിയടിക്കുന്ന കാറ്റിരമ്പം മാത്രമേയുള്ളൂ. അതിന് ഒരു ചാണക ഗന്ധമായിരുന്നു.

വര: മനോജ്കുമാർ തലയമ്പലത്ത്‌

'ഞാന്‍ മഞ്ജു തോമസാണ്. അടിയന്തരമായ ഒരു സഹായാവശ്യത്തിനാണ് ഈ വോയിസിടുന്നത്. നമ്മുടെ സൗഹൃദം സത്യസന്ധമാണെന്നും കൂട്ടത്തില്‍ ഒരു സുഹൃത്തിനെ സഹായിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ എനിക്കൊന്നു കാണാന്‍ പറ്റുമോ? ചെങ്കരയിലെ ബീച്ചിനടുത്തുള്ള കോണ്‍വെന്റിലാണ് ഞാനുള്ളത്. സ്ഥലം അറിയാലോ... ബാക്കി കാര്യങ്ങള്‍ നേരിട്ട് പറയാം. പ്ലീസ് ഹെല്പ് മീ'

ആകാശത്തിനു മേലെന്നോ കീഴെന്നോ വ്യത്യാസമില്ലാതെ സകലമാന വിഷയങ്ങളും ചര്‍ച്ചയാക്കി കൊണ്ട് മണിക്കൂറില്‍ ശരാശരി ആയിരം ചാറ്റുകളെങ്കിലും നിറയാറുള്ള നൊസ്റ്റാള്‍ജിയ,92 ഗ്രൂപ്പ്, രാവിലെ ഏഴരയ്ക്കു വന്ന ആ ശബ്ദസന്ദേശത്തോടെ നിശ്ചലമായി. സെക്കന്‍ഡ് സൂചിയെപ്പോലെ താളാത്മകമായി പോസ്റ്റുകള്‍ ചലിച്ചു കൊണ്ടിരുന്ന ഗ്രൂപ്പ് അനക്കമില്ലാതായിപ്പോകുന്നത്, ഒരു പാടു പേര്‍ ആശ്രയിക്കുന്നൊന്നു ഘടികാരം നിലച്ചിട്ടെന്നതുപോലെ പോലെ ജീവിത ക്രമത്തെത്തന്നെ ബാധിക്കുമെന്നത് ഗ്രൂപ്പംഗങ്ങള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. സ്റ്റീഫന്‍ കാട്ടൂകാരന്‍ ടോയ്ലറ്റില്‍ നിന്ന് തൃപ്തനാകാതെ മടങ്ങി. ചന്ദ്രപ്രകാശ് നമ്പ്യാര്‍ ഭാര്യയുമായി പൊരിഞ്ഞ വഴക്ക്. അതേസമയം ഫോണിന്റെ സ്പീക്കര്‍ ചെവിക്കു ചേര്‍ത്ത്, ഫാന്റസി പാര്‍ക്കിലെ ഒരു സ്ലൈഡിലൂടെന്നപോലെ ഒറ്റ നിമിഷം കൊണ്ട് തങ്ങളൂര്‍ന്നുവീണ മുപ്പതു കൊല്ലം പഴക്കമുള്ള ഒരു കടല്‍ത്തീര സായാഹ്നത്തിലായിരുന്നു മറ്റു ചിലര്‍.ഡിഗ്രി സുവോളജി ബാച്ചിന്റെ സെന്റ് ഓഫ് ഈവ്.

ചുവപ്പിന്റെ വൈവിദ്ധ്യങ്ങള്‍ വാരിത്തൂവിയ ചക്രവാളം പശ്ചാത്തലമാക്കി വിവേകിന്റെ കാനന്‍ ക്യാമറയില്‍ കുറേ ഫോട്ടോസെടുത്തു.
കലപിലകളും പൊട്ടിച്ചിരികളും വേലിയിറങ്ങിയ മണല്‍ച്ചുഴികളില്‍ നിന്ന്, ഊര്‍ന്നുപോകുന്ന കാല്‍പ്പാദങ്ങള്‍ തിരിച്ചു പിടിച്ചെങ്കിലും പിരിയുമ്പോള്‍ പറയാന്‍ കരുതി വച്ച വാക്കുകള്‍ മറന്നു പോയതിന്റെ വേവലാതിയിലായിരുന്നു പലരും.
ഒടുവില്‍ എല്ലാവര്‍ക്കും എല്ലാവരോടുമായി പറയാനുള്ളത്, ആ കടല്‍ത്തീരത്തു വെച്ച് കുറുക്കിയെടുത്ത് ഒരു സത്യപ്രതിജ്ഞ യാക്കി.

'നമ്മുടെ ഹൃദയ ബന്ധം ഏറ്റവും സത്യസന്ധമാണ്. ഏതുകാലത്തും നമ്മിലാരെയും സഹായിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരിക്കുമെന്ന് ഇതിനാല്‍ സത്യം ചെയ്തു കൊള്ളുന്നു'

കമല്‍റാമാണ് ചൊല്ലിക്കൊടുത്തത്.

വഴി പിരിയുമ്പോള്‍,തിരയടങ്ങിയ ഒരു കടലിരമ്പം, അവരുടെ ചെവിയില്‍ ബാക്കിയായി. അതേ തിരയുടെ തുടര്‍ച്ചയെന്നോണം വീശിയടിച്ച ഒരു മറുതിരയാണ് മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വോയ്‌സ് ക്ലിപ്പില്‍ അവര്‍ കാതോര്‍ത്തത്.

ശബ്ദം വല്ലാതെ തളര്‍ന്നിരുന്നു. എന്നിട്ടും അവളെ നേരിട്ടൊന്നു വിളിച്ചന്വേഷിക്കാനോ ഒരു മെസ്സേജയക്കാനോ ഒരു ഇമോജി യിടാനോ പോലും രണ്ടാമതും മൂന്നാമതും ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍.

സമാന്തരമായി അവരുടെ പേഴ്‌സണല്‍ ചാറ്റ് ബോക്‌സുകള്‍ സജീവമായി.
'Hai...what happened to Manju Thomas?'
'Please update Manju Thomas issue '

'മഞ്ജു തോമസിന്റെ വിഷയമെന്നതാടീ'

'വെറുതെ കേറി തലയിടാനൊന്നും നോക്കല്ലേ...എന്ത് കുരിശാണ് വരുത്തിവെച്ചിരിക്കുന്നേന്നറിയില്ല. സംഗതി അന്നത്തെ മൂച്ചിന് നമ്മള്‍ പ്രതിജ്ഞയെടുത്തതൊക്കെ ശരി. പക്ഷേ അന്നത്തെ പിള്ളേരാണോ ഇപ്പോ ?'

' എന്തും ചെയ്യാനെന്നൊക്കെ പറഞ്ഞാലെന്താണവള് ഉദ്ദേശിക്കുന്നത്?'

ന്യൂസ് ഡെസ്‌കിലെ തിരക്കുകാരണം ഗ്രൂപ്പ് അഡ്മിന്‍ കമല്‍റാം ഏറെ വൈകിയാണ് വാട്‌സാപ്പ് തുറന്നത്. ഏറ്റവും മുകളില്‍ നാലക്കത്തിലിരമ്പി നില്‍ക്കാറുള്ള നൊസ്റ്റാള്‍ജിയ' 92കാണാനില്ല. താഴോട്ട് വിരലോടിച്ചപ്പോള്‍ ഒരു ശബ്ദ സന്ദേശത്തില്‍ തടഞ്ഞു നിന്ന ഗ്രൂപ്പിനെ കണ്ടുമുട്ടി.


പോക്കറ്റില്‍ സൈലന്റിലുള്ളകുഞ്ഞുഫോണെടുത്തു നോക്കിയപ്പോള്‍ അറുപത്തിയെട്ട് മിസ്ഡ് കാള്‍സ്. എല്ലാം നൊസ്റ്റാള്‍ജിയന്‍സ്. ആദ്യം വോയ്‌സ് ക്ലിപ്പ് തുറന്നു.

ഗ്രൂപ്പില്‍ തീരെ ആക്റ്റീവല്ലാത്ത ഒരാളാണ് മഞ്ജു.ആശംസിക്കാനോ അഭിനന്ദിക്കാനോ ഓര്‍മ്മകള്‍ അയവിറക്കാനോ ഒന്നും അവളെ കണ്ടിട്ടില്ല. മൂന്നാലു വര്‍ഷം മുമ്പ് ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ വര്‍ഗീസോ മറ്റോ ആണ് അവളുടെ നമ്പര്‍ സംഘടിപ്പിച്ചു തന്നത്. മെല്‍ബണില്‍ നഴ്‌സാണെന്നു കേട്ടിരുന്നു.ഒരു കോണ്‍ടാക്ടുമുണ്ടായിരുന്നില്ല. കമല്‍റാം ഓര്‍ത്തെടുത്തു. പക്ഷേ അവള്‍ അങ്ങനെയായിരുന്നില്ല പണ്ട്.

പ്ലാശും മരുതും അശോകവുമൊക്കെ തണല്‍ വിരിച്ച സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പച്ചത്തുരുത്തില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളത് അവളുടെ പൊട്ടിച്ചിരികളും കലമ്പലുമായിരുന്നു. കാമ്പസ് നവീകരണത്തില്‍ രാത്രിക്ക് രാത്രി ജെസിബി കയറിയിറങ്ങി വെളുപ്പിച്ച തുരുത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് തലകുനിച്ചിരുന്ന നമ്പ്യാര്‍ സാറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച അവളുടെ രൂപമാണ് പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക. തൊട്ടടുത്ത ദിവസത്തെ പ്രതിഷേധ പ്രകടനത്തില്‍ ഇടിമുഴക്കമായി പൊട്ടിത്തെറിച്ച ശബ്ദവും. ആ ശബ്ദമാണിങ്ങനെ...കമല്‍റാം അത് വീണ്ടും വീണ്ടും കേട്ടു. അവള്‍ തങ്ങളെ അത്ര മാത്രം പ്രതീക്ഷിക്കുന്നുണ്ട്.

കുറച്ചു പേരെ പേഴ്‌സണലായി ബന്ധപ്പെട്ടപ്പോള്‍ അതുവരെയില്ലാത്ത തിരക്കുകളാണ് പറയുന്നത്. 'സാമ്പത്തികമാണെങ്കില്‍ എല്ലാവരും ചെയ്യുന്നതു പോലെ ഒരു തുക ഞാനും ജീപേ ചെയ്‌തേക്കാം. നീ അറിയിക്ക്. ഓക്കെ.'

കാട്ടൂക്കാരന്റെ ലൈനിലായിരുന്നു പലരും.

രണ്ടാഴ്ച മുമ്പ് അനിതയുടെ മോള്‍ക്ക് ഐ എ എസ് കിട്ടിയതിന്റെ സെല ബ്രേഷനില്‍ പത്തു പതിനെട്ടു പേരുണ്ടായിരുന്നു ബാംബൂ ഹട്ടില്‍. അന്ന് ഹസന്‍ പറഞ്ഞതാണ് കമല്‍റാമിന് പെട്ടെന്നോര്‍മ്മ വന്നത്. 'സെലിബ്രേഷനിലെ ഈ ഐക്യബോധം ആര്‍ക്കെങ്കിലുമൊര് ക്രൈസിസ് വരുമ്പോഴുമുണ്ടായാമതിയായിരുന്നു.'

ഉടന്‍ ഹസനെ വിളിച്ചു. അവന്‍ വാട്‌സാപ്പ് തുറന്നിട്ടുണ്ടായിരുന്നില്ല. കാര്യമറിഞ്ഞകാര്യമറിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ് മറ്റു മൂന്നു പേരെക്കൂടി വിളിച്ച് അറേഞ്ച് ചെയ്തത്. ചന്ദ്രന്‍ , ജാഫര്‍, ബിജു.

അങ്ങനെ ഇരുപത്തിയാറ് നൊസ്റ്റാള്‍ജിയന്‍സില്‍ അഞ്ചേ അഞ്ച് പേര്‍, രാവിലെ ചെങ്കര കോണ്‍വെന്റിലെത്താമെന്ന് ധാരണയായി.

കോളേജിന്റെ പിന്നില്‍ത്തന്നെയാണ് ബീച്ച്. ഫോര്‍ത്ത് അവന്യു പാം ബീച്ച് റിസോര്‍ട്ടിന്റെ വലിയ ബോര്‍ഡും കോട്ടേജുകളും കാഴ്ചയെയാകെ കീഴടക്കിക്കൊണ്ട് നിറഞ്ഞു നിന്നിട്ടും
സ്ഥലവുമായി ബന്ധപ്പെട്ട എന്തോ കേസുള്ളത് കൊണ്ടു മാത്രം ആരും അതിക്രമിച്ചിട്ടില്ലാത്ത കോളേജ് കോംപൗണ്ടിലെ കാറ്റാടിത്തണലിലേക്ക് അവര്‍ ഗൃഹാതുരതയോടെ നോക്കി.

'ഗ്രൂപ്പില്‍ ഒന്നും മിണ്ടാറില്ലെങ്കിലും എല്ലാം കാണാറുണ്ട്, കേള്‍ക്കാറുണ്ട്. നൊസ്റ്റാള്‍ജിയ ഒരു തരം റിജുവനേ ഷേനാണല്ലോ. അന്നത്തെ ബന്ധങ്ങള്‍ ഇന്നത്തെക്കാള്‍ സിന്‍സിയറായിരുന്നുവെന്ന് തോന്നുന്നു, ല്ലേ...
വോയിസ് ഇടുമ്പോഴും ഇത്രയേ പ്രതീക്ഷിച്ചിരുന്നുള്ളൂ കൂടിപ്പോയാല്‍ അഞ്ച് പേര്‍. ആരൊക്കെയാവുമെന്നേ സംശയമുണ്ടായിരുന്നുള്ളൂ. പ്രതിജ്ഞയും ചാറ്റും പോലെ എളുപ്പമല്ലല്ലോ ഇത് '

ചിരിച്ചു കൊണ്ടാണ് മഞ്ജു പറഞ്ഞതെങ്കിലും പഴയ പ്രസരിപ്പൊന്നുമുണ്ടായിരുന്നില്ല. സമൃദ്ധമായ പഴയ കറുത്ത മുടി ബോബ് ചെയ്‌തൊതുക്കിയിരുന്നു. നിറം ഇരുണ്ടിട്ടുണ്ട്. ചിരിക്കുന്ന കണ്ണുകള്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു.

ചെറുസല്ലാപങ്ങള്‍ കഴിഞ്ഞ് മഞ്ജുതോമസ്മെല്ലെ വിഷയത്തിലേക്ക് വന്നു.'ഓര്‍ക്കുന്നുണ്ടോ നമ്മുടെസൈനുവിനെയും സാവിത്രിയെയും?''

സ്വകാര്യ സംഭാഷണങ്ങളിന്‍ മിക്കവാറും അയവിറക്കാറുള്ളതായതു കൊണ്ട് ഫ്‌ലാഷ്ബാക്കിന് കൂടുതല്‍ സമയമെടുത്തില്ല.എം വി കെ സാറിന്റെ ഭാഷയില്‍ ചക്കീചങ്കരബാച്ചായിരുന്നല്ലോ തങ്ങളുടേത്. അന്നത്തെ യൂനിവേഴ്‌സിറ്റി ഫെസ്റ്റില്‍ ഫസ്റ്റടിച്ച നാടകത്തിലെ നായികാ നായകന്മാരായിരുന്നു തങ്ങളുടെ ക്ലാസ്‌മേറ്റ്‌സായ രണ്ടാളും.. സൈനുദ്ദീനും സാവിത്രിക്കുട്ടിയും. നാടകത്തിലെ അസ്ഥിക്കു പിടിച്ച പ്രണയവല്ലരി അവര്‍ ഒരു റജിസ്റ്റര്‍ മാര്യേജിലൂടെ ജീവിതത്തിലേക്കു പടര്‍ത്തിയത് ഒരു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി. ഇരു മതക്കാരും തമ്മില്‍ പൊരിഞ്ഞ പോര്.

അന്നൊക്കെ മഞ്ജു അവരുടെ പ്രണയത്തിനൊപ്പമുണ്ടായിരുന്നു.

'സൈനുവിനെ കാണാതായിട്ട് തന്നെപത്ത് പന്ത്രണ്ട് വര്‍ഷമായിക്കാണില്ലേ? ക്രൈം ബ്രാഞ്ചും സിബിഐയുമൊക്കെ അന്വേഷിച്ചിട്ടുംഒരു തുമ്പും കിട്ടിയില്ലെന്നാണ് അറിഞ്ഞത്. ആക്ഷന്‍ കൗണ്‍സിലൊക്കെയുണ്ടായിരുന്നതല്ലേ?' ജാഫര്‍ ഓര്‍ത്തെടുത്തു.

'സാവിത്രിയെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ കോണ്‍ടാക്ട് കുറെ നോക്കിയിരുന്നു കിട്ടിയില്ല.' കമല്‍റാം പറഞ്ഞു.

മഞ്ജു തുടര്‍ന്നു.

'അവരത്രമാത്രം തീവ്രമായ പ്രണയത്തിലായിരുന്നു. അതുകൊണ്ടാണ് പല പ്രശ്‌നങ്ങളുമുണ്ടായിട്ടും അന്ന് ഞാന്‍ അവരോടൊപ്പം നിന്നത്. ആദ്യം കുറെ സഹിച്ചു; പാവങ്ങള്‍...സൈനുവിന്റെ ബിസിനസ് ഒന്നു പച്ചപിടിച്ചു വന്നപ്പോള്‍ പ്രശ്‌നങ്ങളൊക്കെ കുറേയൊതുങ്ങി. രണ്ടു പെണ്‍കുട്ടികളാണവര്‍ക്ക്.'

ഇടയില്‍ ചന്ദ്രനാണ് ചോദിച്ചത്.

'സാവിത്രിയെയും കുട്ടികളെയും മതം മാറ്റിയെന്നു കേട്ടിരുന്നല്ലോ...'

'ഇല്ല. അതിനുവേണ്ടി സൈനുവിന് വല്ലാത്ത പ്രഷറുണ്ടായിരുന്നു. പക്ഷേ അവനതിനെതിരായിരുന്നു.'
മഞ്ജു മെല്ലെ പറഞ്ഞു.

'സാവിത്രിയുടെ ബന്ധുക്കളും നിരന്തരം ഭീഷണിപ്പെടുത്തിയതായി കേട്ടിരുന്നു. അതല്ല, തന്റെ കടയിലെ ഒരു യുവതിയുമായി അവന് അതിരുവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ കൂടെ നാടുവിട്ടതാണെന്നും ഒരു ഗോസിപ്പും ഉയര്‍ന്നിരുന്നു. തിരോധാനത്തിനു പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ചാനലില്‍ കുറെ തവണ സ്റ്റോറികള്‍ വന്നിരുന്നല്ലോ '

താനറിഞ്ഞ കാര്യങ്ങള്‍ ഹസനും മറച്ചു വെച്ചില്ല.

വിസിറ്റേഴ്‌സ് റൂമിന്റെ ചുമരില്‍ വലിയ ഫ്രെയിമിലുള്ള പിയാത്തയുടെ കരുണാര്‍ദ്രമായ മുഖം. മുള്ളുകൊണ്ട് ആകെ വരഞ്ഞ് ചോരയൊലിക്കുന്ന തിരുരൂപം. പ്രായമായൊരു സ്ത്രീ ട്രേയില്‍ ചായ കൊണ്ടുവന്ന് ടീപ്പോയ് മേല്‍ വെച്ച് തിരിച്ചു പോയി.

മഞ്ജു തുടര്‍ന്നു 'സൈനുവിനെ കാണാതായതോടെ സാവിത്രിക്ക് ചില മാനസികാസ്വാസ്ഥ്യങ്ങളൊക്കെ യുണ്ടായി. എനിക്കന്ന് അങ്കമാലിയില്‍ ഒരു പ്രൈവറ്റ് ഹോസ്പ്പിറ്റലിലായിരുന്നു ജോലി. അവളെയവിടെ അഡ്മിറ്റ് ചെയ്തു. കുട്ടികളെ ബോര്‍ഡിങ്ങിലാക്കി. പിന്നീടാണ് ഹസ്ബന്‍ഡിന്റെ ജോലിക്കാര്യവും കുട്ടികളുടെ പഠിത്തവുമൊക്കെയായി എനിക്ക് മെല്‍ബണിലേക്ക് മാറേണ്ടി വന്നത്. '

തന്റെ ചെയര്‍ സുഹൃത്തുക്കള്‍ക്കരികിലേക്ക് കുറച്ചുകൂടി നീക്കിയിട്ടുകൊണ്ട് മഞ്ജു തുടര്‍ന്നു

'ഞാനൊരു സോറിയാസിസ് രോഗിയാണ്. കോളേജില്‍ പഠിക്കുമ്പോഴൊക്കെ അത് തീരെ മൈല്‍ഡായിരുന്നു. പിന്നെ കൂടിത്തുടങ്ങി. ഇടയ്ക്കിടെ വല്ലാതെയങ്ങ് അധികരിക്കും. തൊലി മുഴുവന്‍ പൊട്ടിയിളകി വന്ന് വല്ലാതെ വികൃതമാകും.'

വിഷയത്തില്‍ നിന്നവള്‍ മാറിപ്പോവുകയാണോയെന്ന് സംശയിച്ചെങ്കിലും പറഞ്ഞു വരുന്നതെന്താണെന്ന് അവര്‍ ആകാംക്ഷയോടെ കേട്ടിരുന്നു.

'എന്റെ ഡിസ്ഫിഗര്‍മെന്റ് ഹസ്ബന്‍ന്റിന് വലിയ പ്രശ്‌നമായിരുന്നു.അതിന്റെ പേരില്‍ അയാള്‍ എന്നെ നിരന്തരം എവോയ്ഡ് ചെയ്തു. പല ചികിത്സകളും മാറിമാറി നോക്കിയിട്ടും വൈകൃതം വല്ലാതെ കൂടിയത് അയാളെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തു. ഒടുവിലൊരു ഡൈവോഴ്‌സില്‍ അത് കലാശിച്ചു. രണ്ടു വര്‍ഷമായിക്കാണും... ഇറ്റ് വാസ് ഓക്കെ ഫോര്‍ മീ... '

ഒഴുക്കന്‍മട്ടില്‍ അത് പറഞ്ഞുവിട്ട ശേഷം അവള്‍ ശബ്ദം ഒന്നു താഴ്ത്തിയാണ് തുടര്‍ന്നത്

'ട്രീറ്റ്‌മെന്റ് എല്ലാം ഏതാണ്ട് മടുത്തൊഴിവാക്കിയതായിരുന്നു ഞാന്‍. കഴിഞ്ഞ രണ്ടു മാസം മുമ്പാണ് കര്‍ണാടകത്തിലെ ഒരു ദിവ്യന്റെ ആശ്രമത്തില്‍ എഫക്റ്റീവായ ഒരു ഹെര്‍ബല്‍ ട്രീറ്റ്‌മെന്റുണ്ടെന്നറിഞ്ഞത്. എന്റെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഒരു ആസ്‌ട്രേലിയന്‍ പേഷ്യന്റാണത് പറഞ്ഞത്. അവര്‍ക്കവിടുത്തെ ട്രീറ്റ്‌മെന്റില്‍ പൂര്‍ണ്ണ ഭേദമായതാണത്രേ. മൂന്നാഴ്ച താമസിച്ച് ചികിത്സിക്കണം. അങ്ങനെയാണ് ഞാന്‍ അവിടെ എത്തിയത്- രാവണഹള്ളി

സുള്ള്യത്തു നിന്ന് ഇടുങ്ങിയൊരു റോഡ്. ആദ്യം കുറച്ചു ദൂരം ഇടതിങ്ങിയ മരങ്ങളുടെ തണല്‍ വിരിച്ച വഴികളായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ടാര്‍ ചെയ്യാതെ, കരിങ്കല്‍ക്കഷണങ്ങളിട്ട കഠിനമായ പാത. പുല്ലുപിടിച്ചു കിടക്കുന്ന വെളിമ്പറമ്പില്‍ കുറേ മൊട്ടപ്പാറകളും കുറ്റിച്ചെടികളും. വീശിയടിക്കുന്ന കാറ്റിരമ്പം മാത്രമേയുള്ളൂ. അതിന് ഒരു ചാണക ഗന്ധമായിരുന്നു.

വലിയൊരു മതില്‍ക്കെട്ടിനകത്താണ് ആശ്രമം. പുറത്തെ വരണ്ട പാറ പ്രദേശത്തില്‍ നിന്ന് വ്യത്യസ്തമായി മരങ്ങളും ചെടികളുമൊക്കെ നിറഞ്ഞ മനോഹരമായ ഒരു സ്ഥലം. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന കോമ്പൗണ്ടില്‍ വളഞ്ഞും പിരിഞ്ഞും പോകുന്ന നീണ്ട പാതകളും നിരവധി കോട്ടേജുകളും. ചികിത്സ കൂടാതെ പാലുത്പാദനവും മരുന്നുത്പാദനവുമൊക്കെയായി എന്തൊക്കെയോ ബിസിനസ്സുകളുണ്ടെന്ന് അവരുടെ വാഹനത്തില്‍ കോമ്പൗണ്ട് കാണിച്ചുതന്ന ഡ്രൈവര്‍ പറഞ്ഞു.

ഒരു വലിയ കരിങ്കല്‍ മതിലിനോടുചേര്‍ന്ന് എല്ലാ സൗകര്യങ്ങളുമുള്ള ചെറിയൊരു കോട്ടേജാണ് എനിക്ക് അനുവദിക്കപ്പെട്ടത്. മതിലെന്നുപറഞ്ഞാല്‍ ഒരു പത്താള്‍പ്പൊക്കമെങ്കിലും കാണും. പഴുതുകളേതുമില്ലാതെ ജയില്‍ പോലൊന്ന്. കോട്ടേജിന്റെ ജനലിലൂടെ നോക്കിയാല്‍ ഇടയ്ക്കിടെ സ്വാമിമാര്‍ അവിടേക്ക് കയറുന്നതും ഇറങ്ങുന്നതുമൊക്കെ കാണാം. അന്വേഷിച്ചപ്പോള്‍ മനോരോഗികള്‍ക്കുള്ള സെന്ററാണെന്നാണറിഞ്ഞത്.

എന്റെ തെറാപ്പിസ്റ്റ്, മഹാരാഷ്ട്രക്കാരി ഒരു പ്രീതം വളരെ അടുപ്പത്തിലാണ് പെരുമാറിയത്. സ്വാമി നിര്‍ദേശിച്ച ചികിത്സകള്‍ അവര്‍ കൃത്യമായി ചെയ്തു തന്നു. ഒരു നഴ്‌സ് എന്ന നിലയില്‍ അവരും മറ്റ് സ്റ്റാഫും എനിക്ക് നല്ല പരിഗണനയാണ് തന്നത്. തുറസ്സായ സ്ഥലം, നല്ല വെളിച്ചം, ഭക്ഷണം, സാമ്പ്രാണിയുടെ നേര്‍ത്ത ഗന്ധം കലര്‍ന്ന ശുദ്ധവായു, ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തു തരാന്‍ സദാ സന്നദ്ധരായ കാവി ധരിച്ച സന്യാസിനിമാര്‍. എല്ലാംകൊണ്ടും ഹൃദ്യമായ അന്തരീക്ഷം. രണ്ടാഴ്ച കൊണ്ടുതന്നെ എന്റെ തൊലിയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.

അന്നൊരു ദിവസം രാത്രി വൈകി, വളരെ യാദൃശ്ചികമായിട്ടെന്നുവേണം പറയാന്‍...കിടപ്പിലായ ഒരു പേഷ്യന്റിന് കത്തീറ്റര്‍ മാറ്റിയിടാന്‍ കൂടെ വരാമോയെന്ന് ചോദിച്ച് പ്രീതം എന്റെ മുറിയില്‍ വന്നു. അന്ന് രണ്ടു നഴ്‌സുമാര്‍ ലീവായിരുന്നത്രേ. ആ കരിങ്കല്‍ മതിലിനകത്തേക്കായിരുന്നു അവരെന്നെ കൊണ്ടുപോയത്. അര്‍ദ്ധരാത്രിയിലും രണ്ടുമൂന്നു പാറാവുകാര്‍ ഗേറ്റില്‍ വളരെ ജാഗ്രതയോടെ നില്‍പ്പുണ്ടായിരുന്നു.

മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു ഇടനാഴിയിലൂടെ കുറേ ദൂരം നടന്നു. പുറത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു അവിടം.
നരിച്ചീറ് പറക്കുന്ന ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. പിന്നാലെ ഉയര്‍ന്നനിലവിളിയില്‍ ഞാനൊന്നു ഞെട്ടി. ചുഴറ്റിയടിക്കുന്ന ചാട്ടയും തെറി വിളികളും അലറിക്കരച്ചിലുകളും ഇരുട്ടിന്റെ പലയിടങ്ങളില്‍ നിന്നായി ആദ്യം പതുക്കെയും പിന്നീട് ഉച്ചത്തിലും കേട്ടു. സെല്ലുകളിലെ കട്ടപിടിച്ച ഇരുട്ടില്‍ വല്ലാത്തൊരു മുശട് നാറ്റവും മുക്കലും മൂളലുംഞരക്കങ്ങളും ഉറഞ്ഞു കിടന്നു. പ്രാകൃതമായ ഒരു ലൂനാറ്റിക്ക് അസൈലം തന്നെ.

സെല്ലിനുള്ളില്‍ വശം തളര്‍ന്നു കിടക്കുന്ന ഒരു യുവതിക്കായിരുന്നു കത്തീറ്റര്‍ മാറ്റാനുണ്ടായിരുന്നത്. അവര്‍ വല്ലാതെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല. അവിടെ മുഴുവന്‍ മല മൂത്രങ്ങളുടെ കെട്ട നാറ്റം പടര്‍ന്നിരുന്നു. തൊട്ടപ്പുറത്തെ കട്ടിലുകളിലും വെറും നിലത്തുമൊക്കെയായി വേറെയും കുറേ സ്ത്രീകളുണ്ടായിരുന്നു. ചിലര്‍ ചങ്ങലയിലാണ്. മുഷിഞ്ഞു നാറുന്ന കീറത്തുണികളാണ് വാരിച്ചുറ്റിയിരുന്നത്. കത്തീറ്റര്‍ മാറ്റാനായി അവരുടെ വസ്ത്രമൊന്ന് ഒതുക്കിയപ്പോഴാണ് ചോര കട്ട പിടിച്ച തുടയിടുക്ക് കണ്ടത്. അതു കൂടിയായപ്പോള്‍ ശരിക്കും എനിക്ക് ഓക്കാനം വന്നു. പ്രീതം ആരെയോ വിളിച്ച് റൂം വൃത്തിയാക്കാനോ മറ്റോ പറയുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയോ കൂടി ഞാന്‍ ആ സ്ത്രീയെ ക്ലീനാക്കി കത്തീറ്റര്‍ മാറ്റിയിട്ട് തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴാണ് നിലം വൃത്തിയാക്കാനായി വന്ന ഒരു താടിക്കാരന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ടത്. ശ്രദ്ധിക്കാതെ നടക്കാനാഞ്ഞെങ്കിലും ആരോ കുടുക്കി വലിച്ചതു പോലെ ഞാന്‍ തിരിഞ്ഞു നോക്കി. മങ്ങിയ വെളിച്ചത്തിലാണെങ്കിലും അയാളെയെനിക്ക് നല്ല പരിചയം തോന്നി. കുറച്ചുകൂടി അടുത്തേക്കു നീങ്ങി ഞാനയാളെ സൂക്ഷിച്ചുനോക്കി...അത് സൈനു വായിരുന്നു

ഒരു നടുക്കത്തോടെ പതിഞ്ഞ ശബ്ദത്തില്‍ ഞാനവനെ വിളിക്കുക പോലും ചെയ്തു. അവന്‍ വിറളി പിടിച്ച് ചുറ്റും നോക്കി. കാവല്‍നിന്ന രണ്ട് ചെറുപ്പക്കാര്‍ അതു കാണുന്നുണ്ടായിരുന്നു. അവര്‍ കുതിച്ചെത്തി അവനെ പൂണ്ടടക്കം പിടിച്ച് വലിച്ചിഴച്ചു. സെക്യൂരിറ്റിക്കാരൊഴിച്ച് അവിടെയുള്ളവരെല്ലാം അവ്യക്തവും വിചിത്രവുമായ ശബ്ദങ്ങളാണു ണ്ടാക്കിയത്. ഞാന്‍ ഒച്ച വെച്ച് സെക്യൂരിറ്റിക്കാരുടെ അരികിലേക്കാഞ്ഞെങ്കിലും പ്രീതം എന്നെ ബലമായി തടഞ്ഞ് പുറത്തേക്കു വേഗത്തിലിറക്കുകയാണ് ചെയ്തത്. ഇടനാഴിയിലെല്ലാം കോലാഹലങ്ങള്‍ കേട്ടു .എങ്ങനെയോ ഞങ്ങള്‍ മതിലിനു പുറത്തെത്തി. രണ്ടുദിവസം ഞാന്‍ പനിച്ചു കിടന്നു. പ്രീതം തന്നെയാണ് എന്നെ പരിചരിച്ചത്. അവളുടെ ചുവന്നു ചീര്‍ത്ത കവിളുകള്‍, മതിലിനുള്ളിലെ ആക്രോശങ്ങളെയോര്‍മ്മിപ്പിച്ചു. അപ്പോള്‍ ഞാനവളോട് ഒന്നും ചോദിച്ചില്ല. അവളൊന്നും പറഞ്ഞുമില്ല. ഡിസ്ചാര്‍ജ്ജാവുന്നതിന് രണ്ടു ദിവസം മുമ്പ് ഒരവസരം കിട്ടിയപ്പോള്‍ ഞാന്‍ അവളെ അടുത്തേക്ക് വിളിച്ചു. മറ്റാരോടും പറഞ്ഞു പോകരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ അത്രയും സ്വകാര്യമായാണവള്‍ പറഞ്ഞത്.

അതിനുള്ളിലുള്ളവരൊന്നും സത്യത്തില്‍ മനോരോഗികളല്ല. ചിലര്‍ക്കൊക്കെ ശല്യമായവരെ കൊണ്ടു തള്ളിയതാണ്. മതം, രാഷ്ട്രീയം, ദുരഭിമാനം, സ്വത്ത്... അങ്ങനെ കാരണങ്ങള്‍ പലതാവാം വലിയ തലവരിയടക്കണം. മിക്കവാറും എല്ലാവരുടെയും നാവ് മുറിച്ചു കളഞ്ഞിട്ടുണ്ട്. അതാണവരുടെ ശബ്ദം അങ്ങനെ. ആര് എവിടെ എങ്ങനെയന്വേഷിച്ചാലും ഒരു സൂചനയും ലഭിക്കാത്ത ഒരു നിഗൂഢ ലോകം....അതു കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി '
ശബ്ദം തൊണ്ടയില്‍ കുടുങ്ങിയതു പോലെ മഞ്ജു നിര്‍ത്തി.

അഞ്ചുപേരും ഒരു നടുക്കത്തിലായിരുന്നു. 'ഉറപ്പാണോ അത് സൈനുവായിരുന്നെന്ന്? അതോ സംശയമോ...?' ബിജു ചോദിച്ചു.

'എനിക്കത്രയും ഉറപ്പാണ്. കണ്ടത് മങ്ങിയ വെളിച്ചത്തിലാണെങ്കിലും മുഖം വല്ലാതെ മാറിയിരുന്നെങ്കിലും ആ കണ്ണുകള്‍...അത് തീര്‍ച്ചയാണ്, സൈനു തന്നെയാണ്.'
ഉറച്ചു പറഞ്ഞു കൊണ്ട് അവള്‍ തുടര്‍ന്നു 'എല്ലായിടത്തും അവരുടെ കണ്ണുകള്‍ പതിയിരിക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞ് ഞാന്‍ ഇവിടെ എത്തിയിട്ട് രണ്ടുദിവസമായി. മൂന്നുനാലു തവണ പുറത്തിറങ്ങേണ്ടിവന്നു. ആരോ എന്നെ പിന്തുടരുന്നതായി കൃത്യമായിട്ട റിയുന്നുണ്ട്. എന്തുചെയ്യണമെന്നറിയുന്നില്ല...വേറെ ആരോടും വിശ്വസിച്ചു പറയാനുമാകുന്നില്ല. അതുകൊണ്ടാണ്.'

ഉള്ളില്‍ ഒരാന്തല്‍ തികട്ടിയിട്ടെന്നോണം ഒരു നിമിഷം എല്ലാവരും വാതില്‍ക്കലേക്കും ജനലിലേക്കുമൊക്കെ പാളി നോക്കി.

ഇടയില്‍ ജാഫര്‍ ചോദിച്ചു 'സാവിത്രി ഇപ്പോളെവിടെയുണ്ട്?'

'ഈ കോണ്‍വെന്റുമായി എനിക്കുള്ള ബന്ധം അതാണ്. അവള്‍ ഇവിടെയാണ് കുറച്ച് കാലങ്ങളായിട്ട്. ഏറെക്കുറേ ശരിയായി വരുന്നു.' മഞ്ജു അവരെയും കൂട്ടി വാര്‍ഡന്റെ അനുമതിയോടെ സെക്കന്റ് ഫ്‌ലോറിലെ ഒരു മുറിയിലേക്ക് കടന്നു ചെന്നു. മുഷിഞ്ഞൊരു മാക്‌സിയില്‍ മെലിഞ്ഞ കോലത്തില്‍, തുണികള്‍ മടക്കി വെക്കുകയായിരുന്നു അവള്‍. തല മുടി പറ്റെ വെട്ടിയൊതുക്കിയിരുന്നു. പഴയ സാവിത്രിയേയല്ല.

'ഇതാരൊക്കെയാണ് വന്നിരിക്കുന്നേന്നൊന്ന് നോക്കിയേ ' ചെറിയൊരു കുഞ്ഞിനോടെന്ന പോലെയാണ് മഞ്ജു അവളെ വിളിച്ചത്. വികാരങ്ങളേതുമില്ലാത്ത ഒരു നോട്ടം മാത്രം. പഴയ ചില കാര്യങ്ങളൊക്കെ പറഞ്ഞ് അവളിലെ ഓര്‍മ്മകളുടെ കനലിളക്കാന്‍ അവരൊന്നു ശ്രമിച്ചെങ്കിലും മറ്റേതോ ലോകത്ത് പ്രവൃത്തിയുടെ യാന്ത്രികതയിലാണ്ടിരിക്കുകയായിരുന്നു അവള്‍.

പിന്നീടവരുടെ നീക്കങ്ങളെല്ലാം ഏറെ കരുതലോടെയായിരുന്നു.

ബാംബൂ ഹട്ടിലെ അടച്ച മുറിക്കുള്ളിലിരുന്ന് അവര്‍ അഞ്ചുപേരും വിശദമായിട്ടാലോചിച്ചു. കോണ്‍വെന്റില്‍ നിന്ന് മഞ്ജുവിന് വാക്കു കൊടുത്തിട്ടാണ് പിരിഞ്ഞത്. നന്നായിട്ടാലോചിച്ച് അടുത്തദിവസം തന്നെ മടങ്ങിയെത്താമെന്ന്.

വേറിട്ടൊരു തോന്നലാണ് ഹസന്‍ പങ്കുവെച്ചത് 'ഞാന്‍ അതൊക്കെ കേട്ടുകൊണ്ടിരുന്നുവെന്നത് ശരി തന്നെ. പക്ഷേ എനിക്ക് സംശയമുണ്ട് ഇതൊക്കെ അവളുടെ ചില ഇല്ലൂഷന്‍സ് മാത്രമാണോയെന്ന്... അതോ കെട്ടുകഥയോ? അല്ലെങ്കില്‍ ത്തന്നെ ഇക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ?'

കമല്‍റാം തന്റെ ജേര്‍ണലിസ്‌റ് ജീവിതത്തില്‍ നേരിട്ടറിഞ്ഞ, സമാനമായ ചില ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ പങ്കുവെച്ചതോടെ സംശയങ്ങളുരുകിയൊഴിഞ്ഞു. സിരകളിലേക്ക് ഭീതിയുടെ തിര വീശിയടിച്ചു. അവര്‍ ശബ്ദം കുറച്ചു സംസാരിച്ചു.

ജാഫറും ഹസ്സനും ഹട്ടില്‍ത്തന്നെയാണ് താമസിച്ചത്. മറ്റു മൂവരും വീടുകളിലേക്ക് മടങ്ങി. കാലത്ത് മഞ്ജുവിനെയും കൂട്ടി ജില്ലാ പോലീസ് അധികാരിക്കു മുന്നിലെത്തുന്നതും ചാനലില്‍ ന്യൂസ് എക്‌സ്‌ക്ലൂസീവ് പുറത്തുവിടുന്നതും ഒരേ സമയം വേണം. പഴുതുകളില്ലാതെ അത് നടക്കാന്‍ വേണ്ട ഫോണ്‍കോളുകളും അറേഞ്ച്‌മെന്റ്‌സും രാത്രിയോടെ കമല്‍റാം ചെയ്തു തീര്‍ക്കണം. മറ്റൊരാളിലേക്കും പ്ലാന്‍ ഒരുകാരണവശാലും ചോര്‍ന്നു പോകരുത്. എല്ലാം ധാരണയാക്കിയിട്ടാണ് പിരിഞ്ഞത്.

വിവരം തിരക്കിയുള്ള നൊസ്റ്റാള്‍ജിയന്‍സിന്റെ കോളുകളില്‍ സഹികെട്ട് ഫോണ്‍ സൈലന്റാക്കിയിരുന്നു. രാവിലെയതു തുറന്നതും കമല്‍റാമിന്റെ ഫോണിലേക്ക് തടയണ പൊട്ടിയതു പോലെ ചാറ്റുകള്‍ കുമിഞ്ഞ് അത് വിറച്ചു കൊണ്ടിരുന്നു. ചെറിയ ഫോണില്‍ കുറേ മിസ്ഡ് കോളുകളുമുണ്ട്. അപരിചിതമായ ഒരു നമ്പറില്‍ നിന്നാണ് കൂടുതലും. കമല്‍റാം തിരിച്ചു വിളിച്ചു നോക്കി.
'നീവു കരേ മാഡിദ ചന്ദാദാരരു വ്യാപ്തി പ്രദേശദ ഹൊറഗെ ഇദ്ദാമെ.. 'കന്നടയിലാണ് മറുപടി.

വാട്‌സാപ്പില്‍ ഏറ്റവും മുകളിലുള്ള നെസ്റ്റാള്‍ജിയ ഗ്രൂപ്പ് തുടര്‍ച്ചയായ പോസ്റ്റുകളില്‍ ഇളകിക്കളിക്കുന്നുണ്ട്. മങ്ങിയ ഒരു ഫോട്ടോയ്ക്കു പിന്‍ ചെയ്ത പൂക്കളും ആദരാഞ്ജലികളുമാണ്. കമല്‍റാം ഒരു തിങ്ങലോടെ അതില്‍ വിരല്‍ തൊട്ടപ്പോള്‍ മഞ്ജു തോമസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു.

വിറ പടരുന്ന വിരലുകള്‍ നാലു നമ്പറുകളിലേക്കും മാറി മാറി വിളിച്ചുകൊണ്ടിരുന്നു. അനാഥമായ കാളര്‍ ട്യൂണുകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. കനത്ത മഴയാണ്... അയാള്‍ കാറെടുത്തു പുറത്തിറങ്ങി. ബാംബൂ ഹട്ടിലെ മുറി ചെക്കൗട്ട് ചെയ്തിരുന്നു. ഫ്രണ്ട് ഗ്ലാസ് വൈപ്പറിന്റെ വേഗത കൂട്ടിയും ഉള്ളില്‍ ടവല്‍ കൊണ്ട് തുടച്ചും മഴയില്‍ മങ്ങിയ കാഴ്ച തെളിയിക്കാന്‍ അയാള്‍ ആവതു ശ്രമിച്ചു. കോണ്‍വെന്റിന്റെ കവാടത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ആംബുലന്‍സ്. പിന്നില്‍ കുടകള്‍ ചൂടിയ ഒരു വിലാപ യാത്ര.

മതിലിനടുത്തേക്ക് വണ്ടിയൊതുക്കിയപ്പോഴാണ് ഡാഷ്‌ബോര്‍ഡില്‍ നിര്‍ത്താതെ വൈബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന കുഞ്ഞു ഫോണ്‍ അയാള്‍ ശ്രദ്ധിച്ചത്. സ്‌ക്രീനില്‍ 820 അവസാനിക്കുന്ന ആ കന്നട നമ്പറാണ്. മഴയിലൂടെ കാറിനടുത്തേക്ക് നടന്നടുക്കുന്ന കുറേ ഇരുണ്ടരൂപങ്ങള്‍...പതിയെ അവയെല്ലാം വളര്‍ന്നുവന്ന് പഴുതുകളില്ലാത്ത ഒരു മതിലായി തന്നെ വിഴുങ്ങുകയാണ്.

ഒച്ചവെച്ചപ്പോള്‍ ആ ശബ്ദങ്ങളെല്ലാം അവ്യക്തമായ നിലവിളിയായി തൊണ്ടക്കുഴിയില്‍ത്തന്നെ കൈകാലിട്ടടിച്ചു. ചാട്ട ചുഴറ്റും പോലുള്ള ചിറകടിയുമായി നരിച്ചീറുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. കുതറി മാറാനാവാത്ത വണ്ണം ബലിഷ്ഠമായ കൈകളില്‍ താനകപ്പെട്ടിരിക്കയാണെന്ന് ഒരു സംഭ്രമത്തോടെ അയാള്‍ തിരിച്ചറിഞ്ഞു.

Content Highlights: P M Madhu, Story Ravanahally

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented