'മുലകള്‍ക്കൊരു കവിത': ഷാരണ്‍ ഓള്‍ഡ്‌സിന്റെ കവിത സജയ് കെ.വിയുടെ വിവര്‍ത്തനത്തില്‍


സജയ് കെ.വി

ചിലപ്പോള്‍ ഞാന്‍, ഒരു മാത്ര, അവരെ, ദു:ഖത്താല്‍ ഭാരിച്ച ആ ഇരട്ടവിധവകളെ, ഒരു കയ്യില്‍ ഒരാളെയെന്ന കണക്കില്‍ എടുക്കും.

വര: മദനൻ

അമേരിക്കന്‍ കവി ഷാരണ്‍ ഓള്‍ഡ്‌സിന്റെ പ്രശസ്ത കവിതയായ 'Poem for the Breasts' സജയ് കെ.വിയുടെ വിവര്‍ത്തനത്തില്‍ വായിക്കാം.

ക്ഷണമൊത്ത ഇരട്ടകളേപ്പോലെ
പ്രായപൂര്‍ത്തിയാവണം,
ഇവരേയും തിരിച്ചറിയാന്‍.
ഒരുവള്‍ മിടുമിടുക്കിയാണ്, ബുദ്ധിമതി, വേഗം
മുഖം കറുപ്പിക്കുമെങ്കിലും.
മറ്റവള്‍ നക്ഷത്രനികുഞ്ജത്തിനുള്ളിലിരുന്ന് 'നായാടി'യെന്ന നക്ഷത്രക്കൂട്ടത്തിലെ താരരേണുവെന്നോണം
കനവു കാണുന്നവള്‍.

അവര്‍ പിറന്നത്
എന്റെ പതിമൂന്നാം വയസ്സില്‍.
എന്റെ മാറില്‍ നിന്നവ പാതിവളര്‍ന്നു.
ഇപ്പോഴവര്‍ക്ക് വയസ്സു നാല്പതായി, പക്വമതികളും ഉദാരമതികളുമായി.
ഞാനവര്‍ക്കുള്ളിലോ
അടിയിലോ ആണ്,
ഞാനവരെ എടുത്തുനടക്കുന്നു എന്നും
പറയാം.
അവരില്ലാതെ ഞാന്‍ കഴിച്ച കാലമെത്ര!

ഞങ്ങള്‍ക്കൊരേ വികാരമാണ്, പരസ്പരം സ്‌നേഹബദ്ധരായവര്‍ക്കെന്ന പോലെ. എങ്കിലും
ഞാനവരാണ് എന്നൊന്നും പറഞ്ഞു കൂടാ.

കൊടുക്കുവാനുള്ള
സമ്മാനമാണത്,
അത്തരക്കാരെ ആരാധിക്കുന്ന,
അവര്‍ക്കായി വിശക്കുന്ന ആണ്‍കുട്ടികള്‍
അവരിലകപ്പെട്ടുപോയിട്ടുണ്ട്.
എന്നെ സ്‌നേഹിക്കുന്നതു പോലെ, അത്രമേലഗാധമായി, അവരേയും സ്‌നേഹിച്ച ചെറുപ്പക്കാരുമുണ്ട്.

ഒരാണ്ടു മുഴുവന്‍ അവരെന്റെ പിരിഞ്ഞു പോയ ഭര്‍ത്താവിനെ
വിളിച്ചു കേണു,
അവനുവേണ്ടി വശീകരണഗാനമാലപിച്ചു,
ചില സമുദ്രയക്ഷിണികളെപ്പോലെ.

അവന്‍ പോയെന്ന് വിശ്വസിക്കാനേ അവര്‍ ഒരുക്കമല്ല, പാവങ്ങള്‍,
അവര്‍ക്കാഭാഷ വശമില്ല, അതിന്റെ പദാവലികളും.
വാഗ്ദത്തമനുസരിക്കലാണ് അവരുടെ സ്വഭാവം, കൊടുത്ത വാക്ക്, അക്ഷരം പ്രതി, നിറവേറ്റുന്നവര്‍.

ചിലപ്പോള്‍ ഞാന്‍, ഒരു മാത്ര, അവരെ, ദു:ഖത്താല്‍ ഭാരിച്ച ആ ഇരട്ടവിധവകളെ,
ഒരു കയ്യില്‍ ഒരാളെയെന്ന കണക്കില്‍ എടുക്കും.
എനിക്കുകിട്ടിയ അരുമയായ ആ സമ്മാനങ്ങള്‍,
ഒരിക്കല്‍, ഞങ്ങളുടേതായിരുന്നു; ദാഹാര്‍ത്തരായ,
അഭിനിവേശത്തിന്റെയും സമൃദ്ധിയുടെയും ആ മുലക്കുഞ്ഞുങ്ങള്‍.

വീണ്ടും അതേ ആഴ്ച്ച,
അവന്‍ കടന്നുകളഞ്ഞ വാരം.
'ഒരാണ്ട് കാക്കൂ, ഞാന്‍ മടങ്ങിവരും', എന്ന് അവന്‍ അവരോട് സ്വകാര്യം പറഞ്ഞിരുന്നോ?
ഇല്ല.
നിങ്ങളെ ദൈവം കാക്കും എന്നാണ്, ഇതാ
ഞാന്‍ പോകുന്നു എന്നാണ്
പറഞ്ഞത്; ജീവിതാവസാനം വരെ,

വെറുമയുടെ അറ്റം കാണും വരെ
ഇനിയൊരു മടക്കമില്ല
എന്നും.
അവരിപ്പോഴും അവനെ കാത്തിരിക്കുന്നു,
അവര്‍ക്ക് ഭാഷയറിയില്ലല്ലോ;
പോരാത്തതിന്, എന്റെ കര്‍ത്താവേ!, അവര്‍ മൂകകളുമാണല്ലോ.
അവരുടേത് ഒരു നശ്വരമാധുര്യമാണെന്നു കൂടി ആ പാവങ്ങള്‍ക്കറിയില്ല.

ഞാനെന്നെത്തന്നെ ഒരുക്കുകയാണിപ്പോള്‍,
മരണബോധമില്ലാത്ത,
നിഷ്‌ക്കളങ്കസഹനം മാത്രമറിയാവുന്ന ഈ
ജീവികളോടൊപ്പം എന്റെ
ശിഷ്ടകാലം
കഴിക്കാന്‍.

അടിക്കുറിപ്പ്: 'നായാടി'യെന്ന നക്ഷത്രക്കൂട്ടം- ഓറിയോണ്‍ (Orion); മകയിരം' എന്നും പറയും.

Content Highlights: Poem for the Breasts, Sharon Olds, Sajay K.V, Madanan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented