വര: ശ്രീലാൽ
വായന നിര്‍ത്തി മേശപ്പുറത്തേക്ക് വെക്കുന്നതിനിടെ പുസ്തകത്തിന്റെ പേര് ഒരിക്കല്‍ കൂടി അരുണിന്റെ മനസ്സിനെ കൊളുത്തിവലിച്ചു.
'വെന്‍ ബ്രീത്ത് ബികംസ് എയര്‍'
പോള്‍ കലാനിധിയുടെ വിഖ്യാത പുസ്തകം. മരണം തൊട്ടടുത്തെത്തിയപ്പോഴും ജീവിതത്തെ മനോഹരമായി കാണാന്‍ ശ്രമിച്ച, ജീവിതത്തിന്റെയും മരണത്തിന്റേയും ആരും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങളിലേക്ക് കൊണ്ടുപോകുന്ന പുസ്തകം.
ഓരോ ദിവസവും വളരെ കുറച്ചു മാത്രമെ വായിക്കാന്‍ സാധിക്കുന്നുള്ളു. വളരെ പെട്ടെന്ന് ഓരോ പുസ്തകവും വായിച്ചുതീര്‍ക്കുന്നതാണ് ശീലം. പക്ഷേ ഇതെന്തോ ഓരോ പേജുകളും മനസില്‍ ഭാരം നിറച്ചാണ് മറിഞ്ഞുപോകുന്നത് ജീവിതം പോലെ. കൂജയില്‍ നിന്ന് അല്പം വെള്ളമെടുത്ത് കുടിച്ചശേഷം അയാള്‍ കിടക്കയിലേക്കിരുന്നു.
ഭാര്യയെ വിളിക്കണോ, വൈകുന്നേരം വിളിച്ചപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയതാണ്. ഇന്ന് മൂന്നാം വിവാഹവാര്‍ഷികമാണ്. ലോക്ഡൗണായതിനാല്‍ ദൂരയാത്ര റിസ്ക്കാണ്, വീട്ടിലേക്കുള്ള തന്റെ യാത്ര മാറ്റിയെന്നറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങി പരിഭവമാണ്. എന്തായാലും ഇനി നാളെ വിളിക്കാം.
ഫോണെടുത്ത് കിടക്കയിലേക്കിരുന്ന ശേഷം അയാള്‍ വാട്സ് ആപ്പ് തുറന്നു. കാര്‍ത്തികയുടേയും സൂസന്റേയും മെസേജുകളെ അവഗണിച്ച്, സ്ക്രോള്‍ ചെയ്ത് മേഘയിലേക്കെത്തി. വിഷ് ചെയ്തുള്ള മെസേജിട്ട ശേഷം മറുപടിക്കായി കാത്തിരുന്നു.
'ഹോസ്പിറ്റലിലാണ്,
ഒറ്റവരിയിലൊരു സന്ദേശം അരുണിന്റെ സ്വസ്ഥത കളഞ്ഞു. അയാള്‍ കാര്യമന്വേഷിച്ച് തുടരെ മെസേജുകളയച്ചു എന്നാല്‍ അതൊന്നും അവള് നോക്കുന്നില്ലെന്ന് കണ്ടതോടെ നമ്പര്‍ ഡയര്‍ ചെയ്തു.
'അച്ഛന് നെഞ്ചുവേദന, ഇപ്പോ ഐ.സി.യുവിലാണ് കുഴപ്പമില്ല', ഡോക്ടര്‍മാര്‍ ഇപ്പോ വിളിപ്പിച്ചിരുന്നു. മേഘ വേഗത്തിലാണ് മറുപടി പറഞ്ഞത്.
ഞാന്‍ വരണോ ,പോകാന്‍ ഉറച്ചുതന്നെയാണ് അരുണ്‍ ചോദിച്ചത്.
ലോക്ഡൗണ്‍ അല്ലേ, പോരാത്തതിന് രാത്രിയും, വരുന്നത് ബുദ്ധിമുട്ടല്ലേ?
അതു പ്രശ്നമില്ല.ഞാന്‍ വരുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ,?
ഏയ് എന്ത് കുഴപ്പം,
എനിക്ക് കമ്പനിയാകുമല്ലോ,ചേട്ടനും ഇവിടെയില്ല. നാട്ടില്‍ നിന്ന് ബന്ധുകളും നാളെയേ എത്തൂ.
ബി.ജി ഹോസ്പിറ്റിലാണ് കേട്ടോ..
മേഘയുടെ മറുപടി മനസിലേക്ക് ഐസ്തണുപ്പോടെ ഇറങ്ങുന്നതറിഞ്ഞാണ് അരുണ്‍ അലമാരയില്‍ നിന്ന് പുതിയ ഷര്ട്ടെടുത്തിട്ടത്.
ബി.ജി ഹോസ്പിറ്റലിലേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. രാത്രിയാത്രയുടെ റിസ്ക്ക് മുന്നിലുണ്ട്. പോലീസ് ചെക്കിങ്ങുണ്ടാകും. കോവിഡും ലോക്ഡൗണും ചേര്‍ന്ന് യുദ്ധാനന്തരമുള്ള പകലുകളെയാണ് സൃഷ്ടിച്ചതെന്ന് ബൈക്കില്‍ പോകുമ്പോള്‍ പലപ്പോഴും അരുണിന് തോന്നിയിട്ടുണ്ട്. ഇതിപ്പോ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു, എന്താകുമോ കാര്യങ്ങള്‍. ഓര്‍ത്തപ്പോള്‍ ചെറിയൊരു ഭയം ഉള്ളില്‍ വന്നു കയറാതിരുന്നില്ല.
കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തുടക്കനാളുകളായിരുന്നു അത്. തീര്‍ത്തും വിജനമായ രാവുകളും പകലുകളും. വീടിന്റെ പൂമുഖത്തേക്ക് വരാന്‍ പോലും ആളുകള്‍ പേടിക്കുന്ന കാലം. പുതപ്പുമാറ്റിയിട്ടും കിടക്കയില്‍ ആലസ്യത്തോടെ കിടക്കുന്നതുപോലെയാണ് ഓരോ നഗരവും. വളരെ അത്യാവശ്യത്തിന് മാത്രം ആളുകള്‍ പുറത്തിറങ്ങുന്നതേയുള്ളു
'മേഘയിലേക്കുള്ള വഴിയാണ് മുന്നില്‍ തെളിയുന്നത്,ബട്ട്.. യാത്ര റിസ്കും' അരുണ്‍ മനസ്സില്‍ കണക്കുകൂട്ടി.
ഒരേ ഓഫീസില്‍ തൊട്ടടുത്ത കാബിനുകളിലാണ് അരുണും മേഘയും, നല്ല സുഹൃത്തുക്കള്‍. അതിനപ്പുറം പ്രണയത്തിന്റെ ചില അസ്കിതകള്‍ അരുണിന് അവളോടുണ്ട്. എന്നാല്‍ മേഘയാവട്ടെ ഇതുവരെ അതില്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല.
14 കിലോ മീറ്റര്‍ യാത്ര, ആളില്ലാ പാതയിലൂടെ, അതും രാത്രിയില്‍. മനസില്‍ നിറയുന്ന പ്രണയത്തിനൊപ്പം ആശങ്കയുടെ വേരുകള്‍ പടരുന്നു.
തലച്ചോറിനെ ഹൃദയം ജയിക്കുമ്പോള്‍ വേറെ രക്ഷയില്ലല്ലോ.
ഷര്‍ട്ടിന് മീതെ ജാക്കറ്റിട്ട് താക്കോലെടുത്ത് അരുണ്‍ പുറത്തേക്കിറങ്ങി. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അയാള്‍ ആകാശത്തേക്ക് നോക്കി. വഴി കാണിക്കാന്‍ പേരിനുപോലും ഒരു നക്ഷത്രമില്ല. ഗേറ്റ് കടന്ന് ബുള്ളറ്റ് റോഡിലേക്കിറങ്ങി....
സ്കൂട്ടറൊന്നുലഞ്ഞശേഷം, ഓഫായതോടെ രതീഷിന് അപായ സൈറണ്‍ കിട്ടി. റോഡരികിലേക്ക് നീക്കിയ ശേഷം സ്റ്റാര്‍ട്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇനി ഏതെങ്കിലും വണ്ടിയ്ക്ക് ലിഫ്റ്റ് ചോദിക്കുകയേ നിവര്ത്തിയുള്ളു. അത്യാവശ്യമുള്ള യാത്രയാണിത്. ഒരിക്കലും മാറ്റിവെക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ഈ അവസ്ഥയില്‍ ഇറങ്ങില്ലായിരുന്നു. ജോലി കഴിഞ്ഞതോടെ വല്ലാതെ വൈകി.
ഇനി എപ്പോഴാണോ ഒരു വണ്ടി ഇതുവഴി വരുന്നത്. പോക്കറ്റില്‍ നിന്ന് സിഗരറ്റെടുത്ത് ചുണ്ടില്‍ വച്ചെങ്കിലും കൊളുത്താന്‍ തോന്നാതെ റോഡിന്റെ തെക്ക് ഭാഗത്തേക്ക് മിഴിനട്ട്, ചാരിവെച്ച സ്കൂട്ടറില്‍ അയാളിരുന്നു.
വാട്സാപ്പില്‍ തുരുതുരാ സന്ദേശങ്ങള്‍ വരുന്ന ശബ്ദങ്ങളെ അവഗണിച്ച് അരുണ്‍ കൂടുതല്‍ വേഗത്തില്‍ വണ്ടിയോടിച്ചു. ആരാണിപ്പോള്‍ മെസേജുകള്‍ അയക്കുന്നത്, കാര്‍ത്തികയോ, സൂസനോ. ബാക്കിയുള്ളവര്‍ അവഗണനയില്‍ മടുത്ത് കളം വിട്ടതുപോലെയാണ്. ഇവര്‍ വിട്ടുപോകുന്ന മട്ടില്ല.
'പ്രിയന് മാത്രം...' ആ പാട്ട് `പൊടുന്നനെ ചുണ്ടില്‍ വന്ന് കയറിയപ്പോള്‍ അയാള്‍ ഇളകി ചിരിച്ചു. ഒരിക്കലും പ്രണയിക്കില്ലെന്ന് എല്ലാവരും പറഞ്ഞവരെയാണ് താന്‍ വളച്ചെടുത്തതെന്നോര്ത്തപ്പോള്... ആക്സിലേറ്ററില്‍ അറിയാതെ പിടിമുറുക്കി.
ഓരോ സ്ത്രീകളിലേക്കും കയറാന്‍ ഓരോ വഴികളുണ്ടാകും അതാണ് കണ്ടുപിടിക്കേണ്ടത്. കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണങ്ങളിലെ വഴി കണ്ടുപിടിക്കാമോ എന്ന കളി പെട്ടെന്നയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. എത്ര ശ്രമിച്ചിട്ടും, മേഘയുടെ ഹൃദയത്തിലേക്കുളള വാതില്‍ മാത്രമാണ് അതുവരെ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത്. ഇന്നത് തുറക്കാന്‍ കഴിഞ്ഞേക്കും. അരുണിന്റെ ചുണ്ടില്‍ ചിരിവന്ന് താഴേക്കിറങ്ങി.
വരാമെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് അവള് എതിര്‍ക്കാതിരുന്നത്. എന്തെങ്കിലും സോഫ്റ്റ് കോര്ണറുണ്ടോ... ചിന്തകള്‍ പാതി വഴിയില്‍ പെട്ടെന്ന് മുറിഞ്ഞു.
റോഡില്‍ ഒരു രൂപം.
വണ്ടി നിര്‍ത്താന്‍ ആംഗ്യം കാണിക്കുന്നുണ്ട്. ആക്സിറലേറ്റര് കൂട്ടാനാണ് തോന്നിയതെങ്കിലും കൃത്യമായി അയാളുടെ അടുത്തത്തെിയപ്പോള്‍ വണ്ടി ഓഫായെന്ന് നടുക്കത്തോടെ അരുണ്‍ അറിഞ്ഞു.
'വണ്ടിക്ക് പ്രശ്നമില്ലല്ലോ'. അയാളുടെ സ്വരമുയര്‍ന്നപ്പോള്‍ കൈമോശം വന്ന മനസ്സ് വേഗത്തില്അവനിലേക്ക് തന്നെ തിരിച്ചെത്തി. അയാളുടെ ആദ്യ ശ്രമത്തില്‍ തന്നെ ബുള്ളറ്റ് സ്റ്റാര്‍ട്ടായി.
നിങ്ങളെങ്ങോട്ടാ... അപരിചിതന് ചോദിച്ചു.
ബിജി ഹോസ്പിറ്റിലിലേക്ക്-
ഞാനും ആ വഴിക്കാ, കയറിക്കോട്ടെ...
അപരിചിതന്, രാത്രി, ലോക്ഡൗൺ.. അനുകൂലമല്ലാത്ത സാഹചര്യങ്ങളായിരുന്നു എല്ലാം. എന്നിട്ടും അയാളോട് നോ പറയാന്‍ കഴിയാതെ വല്ല അരുണ്‍ പകപ്പോടെ നിന്നു. സ്വന്തം വണ്ടിയില്‍ നിന്ന് ഒരു പൊതിയെടുത്ത് വന്ന് ബുള്ളറ്റിന്റെ പുറകില്‍ കയറിയശേഷം അയാള്‍ പറഞ്ഞു
പോവാം...
തെരുവുവിളക്കുകള്‍ മിക്കവാറും അണഞ്ഞു കിടക്കുന്നു. ഇരുട്ടിനെ മെല്ലെ കീറിത്തുന്നിയാണ് വണ്ടി മുന്നോട്ടുപോകുന്നത്. വീട്ടില്‍ നിന്ന് വണ്ടിയെടുക്കുമ്പോഴുണ്ടായിരുന്നതിനേക്കാള് ഭയം ഉള്ളില്‍ പടര്‍ന്നിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി. ഒരു നിലവിളിക്ക് പോലും മറുപടിയില്ലാത്ത കാലത്തിലൂടെയാണ് തന്റെ യാത്ര, അരുണ്‍ വെറുതെ മനസില്‍ പറഞ്ഞു.
'വല്ലാത്ത കാലം തന്നെ അല്ലേ', അല്ലെങ്കില്‍ വാഹനങ്ങളൊഴിയാത്ത റോഡാണിത്. ഇപ്പോ രാവും പകലും വണ്ടിയൊന്നുമില്ല. പെട്ടുപോയെന്ന് കരുതിയതാ.... പുറകില്‍ നിന്ന് സംസാരം വന്നപ്പോള്‍ പൊടുന്നനെ അരുണ്‍ ഞെട്ടി. താന്‍ ഉറക്കത്തിലായിരുന്നോ വണ്ടിയോടിച്ചിരുന്നത്., ഞെട്ടല്‍ മേലോട്ട് കയറുന്ന പോലെ...
അതേ, വല്ലാത്ത അവസ്ഥ തന്നെ,.അരുണ്‍ അയാളുടെ സംസാരത്തിനൊപ്പം ചേര്‍ന്നു.
എന്താ നിങ്ങടെ ജോലി
ക്വട്ടേഷന്‍ വര്‍ക്കാ, അപരിചിതന്റെ മറുപടി ഉറച്ചതായിരുന്നു.
ക്വട്ടേഷന്‍..
അത് തന്നെ, കൈയ്യും കാലും തല്ലിയൊടിക്കല്‍, വെട്ടല്‍,കുത്തല്,
'കൊലപാതകം...'? വിറയലോടെയാണ് അരുണത് ചോദിച്ചത്.
'ഇതുവരെയില്ല'- അപരിചിതന്റെ മറുപടിയില്‍ എന്തോ നിരാശയുള്ളതായാണ് അരുണിന് തോന്നിയത്. എന്നിട്ടും അറിയാതെ അയാളുടെ കൈകള്‍ ബ്രേക്കിലമര്‍ന്നു.
എന്തെ നിര്‍ത്തിയത്
നിങ്ങള്‍ ഇറങ്ങ്, മതി.. പതര്‍ച്ച പുറത്തറിയിക്കാതെ അരുണ്‍ സൗമ്യതോടെ പറഞ്ഞു.
'എന്തായാലും കയറിപോയില്ലേ, വണ്ടി വിട്,
നമ്മള് തമ്മില്‍ പ്രശ്നമൊന്നുമില്ലല്ലോ ഭായ്'
ആ മറുപടിയിലും ബുള്ളറ്റ് നിസംഗ്ഗതയോടെ കിടന്നപ്പോള്‍ അപരിചിതന്റെ ശബ്ദം ഉയര്‍ന്നു.
'വണ്ടിയെടുക്ക്',
പെട്ടന്ന് ഒരു ഇളക്കത്തോടെ ബുള്ളറ്റ് മുരണ്ടു.
'പേടിച്ചു പോയോ, ഞങ്ങള്‍ വെറുതെ ആരേയും തല്ലാറില്ല. ഇതുവരെ കൊന്നിട്ടുമില്ല. അതിനൊക്കെ വേറെ സംഘം കാണും. പിന്നെ ഞങ്ങളുടെ വര്‍ക്ക് തന്നെ ചില കരാറുകളുടെ അടിസ്ഥാനത്തിലാണ്. തല്ലിക്കുന്നവനും ഞങ്ങളും തമ്മില്‍, വിശ്വസിക്കാന്‍ കഴിയുന്ന ഒരു കാര്യം വേണം.അങ്ങനെയുണ്ടെങ്കിലെ വര്‍ക്ക് ഏറ്റെടുക്കാറുള്ളു. ഇപ്പോ കിട്ടുന്ന മിക്കവാറും കേസുകള്‍ പ്രണയവുമായി ബന്ധപ്പെട്ടുള്ളതാണ്. അതിലാണ് ഞങ്ങള്‍ സ്പെഷ്യലൈസ് ചെയ്യുന്നത്. ഇതുപോലെ പല വിഷയങ്ങള്‍ക്കും പ്രത്യേകം ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.
പണത്തിന് വേണ്ടി മാത്രമല്ല. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ചില സേവനങ്ങളൊക്കെയുണ്ട്. അതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല. പിന്നെ പണത്തിന് വേണ്ടി അങ്ങനെയൊക്കെ ചെയ്യുന്നവരും കാണും. പുറകിലിരുന്ന് രതീഷ് തന്റെ ജോലിയെ ഗ്ലോറിഫൈ ചെയ്തു.
ഏത് സമയത്തും ശരീരത്തിലേക്ക് കയറാന്‍ സാധ്യതയുള്ള ലോഹത്തണുപ്പിനെ ഓര്‍ത്ത് അരുണ്‍ വിയര്‍ത്തുകൊണ്ടിരുന്നു.
എപ്പഴാണോ അവളോട് ചെല്ലാമെന്ന് പറയാന്‍ തോന്നിയത്. ഉള്ളിലതു വരെ തിളച്ചിരുന്ന മേഘയോടുള്ള പ്രണയം ആവിയാകുന്നത് അയാള്‍ക്കറിയാന്‍ കഴിഞ്ഞു.
'പ്രതിസന്ധികളില്ലാത്ത സമയങ്ങളിലെ വിനോദം മാത്രമാണോ പ്രണയം' ചിന്തകള്‍ അയാളെ ഭരിക്കാന്‍ തുടങ്ങി.
'അല്ല ഭായ്, ആരാ ഹോസ്പിറ്റലില്‍'. മറുപടി വൈകിയപ്പോള്‍ അപരിചിതന്റെ അടുത്ത കമന്റ് അരുണിന്റെ ചെവികളിലേക്കെത്തി.
'വല്ല കാമുകിയോ മറ്റോ ആകും'.
എന്താ ബന്ധുക്കള്‍ ആയിക്കൂടെ? കുറച്ചു ദേഷ്യത്തോടെയാണ് അരുണതിന് മറുപടി പറഞ്ഞത്
ചൂടാകാതെ,
ക്വട്ടേഷന്കാരോളം ജീവിതം കണ്ടവര്‍ കുറവാകും. എനിക്കിപ്പോ 42 വയസായി. ഇരുപതാമത്തെ വയസിലാ ആദ്യമായി കൈയ്യിലേക്ക് കത്തി വന്നത്. ഇത്രയും കാലത്തിനിടക്ക് പലജാതി ആളുകളെ കണ്ടിട്ടുണ്ട്. നിങ്ങള്‍ കാണുന്നതില്‍ കൂടുതലും ജീവിതത്തിന്റെ നല്ല ഭാഗങ്ങളാകും. ഞങ്ങള്‍ നേരെ മറിച്ചാണ്. ഇരുണ്ട ഭാഗത്തൂടെയാണ് യാത്ര, അതു കൊണ്ടാണ് പലരുടേയും ശരീരത്തിന് വേണ്ടാത്ത ഭാഗങ്ങളെ വിലയിട്ട് മുറിക്കാനും ചതക്കാനും കഴിയുന്നത്. അയാളുടെ വാക്കുകള്‍ ഒരു കത്തിമുനയുടെ സൂക്ഷമതയോടെ പുറത്തുവന്നുകൊണ്ടിരുന്നു.
'നിങ്ങളുടെ യാത്ര ബന്ധുവിനെ കാണാനല്ല, ഹോസ്പിറ്റലില്‍ അച്ഛനോ അമ്മയോ അല്ല. കാമുകി അല്ലെങ്കില്‍ അവരുടെ ബന്ധു' അപരിചിതന് ഉറപ്പിച്ചു.
എന്ത് മറുപടി പറയണമെന്ന ആശങ്ക അരുണിലേക്ക് ഉരുണ്ടുകയറി.
എന്താ ആ കണ്ടെത്തലിന് കാരണം
സിംപിള്‍ അല്ലേ, അച്ഛനോ, അമ്മയോ ആണെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ അവര്‍ക്കൊപ്പം ആശുപത്രിയിലാകും.
എനിക്ക് ആ സമയത്ത് എത്താന്‍ പറ്റിയിരുന്നില്ലെങ്കിലോ
ഭായ്, ഇതിപ്പോ ലോക്ഡൗണ്‍ സമയം അല്ലേ. നിങ്ങള്‍ക്ക് ജോലിയൊന്നും ഉണ്ടാകില്ല. വീട്ടില്‍ തന്നെ കാണും. ഇനി മറ്റൊരു ജില്ലയിലാണെങ്കില്‍ ഈരാത്രിയില്‍ അതിര്‍ത്തി കടന്ന് വരാനും കഴിയില്ല. പിന്നെ ഞാന്‍ കയറുമ്പോള്‍ വണ്ടി ചൂടുപിടിച്ചു വരുന്നതേയുള്ളു. അതിനര്‍ത്ഥം നിങ്ങള്‍ അധികം ദൂരം യാത്ര ചെയ്തിട്ടില്ലെന്നല്ലേ...
അടുത്ത ബന്ധുവാണെങ്കിലോ...
ആണെങ്കില്‍ നിങ്ങള്‍ പോകും. പക്ഷേ നിങ്ങള്‍ ഒറ്റക്കാകില്ല. മറ്റൊരു ബന്ധുവിനേയും കൂടി കൂട്ടിയിട്ടേ ഈ രാത്രിയില്‍ നിങ്ങള്‍ പോകുകയുള്ളു. അല്ലെങ്കില്‍ നാളത്തേക്ക് ആ യാത്ര മാറ്റിവയ്ക്കും. അതാണ് സൈക്കോളജി.
'നിങ്ങളുടെ യാത്ര കാമുകിയെ കാണാനല്ലേ'. അപരിചിതന് ഒന്നൂടെ ഉറക്കെ ചോദിച്ചു.
ഉം.. ചോദ്യത്തിന് ഉത്തരമായി അറിയാതെ അരുണ്‍ മൂളിപ്പോയി
പുറകില്‍ നിന്ന് അയാളുടെ ചിരി ചെറുതായി ഉയര്‍ന്നു.
കാമുകിയോ,അതോ അവരുടെ ബന്ധുവോ
കാമുകിയൊന്നുമല്ല ചേട്ടാ, ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരാ, അവരുടെ അച്ഛനൊരു അറ്റാക്ക്. വേറെയാരും കൂടെയില്ല
ഗുഡ്, നടക്കട്ടെ
'പുതിയ ക്വട്ടേഷന്‍ ഒന്നുമില്ലേ', ചോദ്യത്തില്‍ അരുണ്‍ അല്‍പ്പം പരിഹാസം പുരട്ടിയിരുന്നു.
ഇഷ്ടം പോലെ വരുന്നുണ്ട്. കൂടുതലും അവിഹിതങ്ങളാണ്. ഭാര്യയുടെ കാമുകനെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കാമുകിയെ, വെട്ടുംകുത്തുമൊന്നും വേണ്ട. നന്നായൊന്ന് പേടിപ്പിച്ചാല്‍ മതി. അതാകുമ്പോള്‍ എളുപ്പമാണ്. പേടിപ്പിക്കാനുള്ള ആമ്പിയന്‍സ് ഉണ്ടാക്കിയാല്‍ മതി.
അതത്ര എളുപ്പമാണോ
യെസ്, വിവാഹത്തിനുശേഷം പ്രണയിക്കുന്നവരില്‍ ഭൂരിഭാഗവും എന്തെങ്കിലുമൊരു പേടി കൂടെക്കാണും. ഒളിച്ചുംപാത്തുമുളള പ്രണയമല്ലേ. അവരെ എളുപ്പത്തില്‍ വീഴ്ത്താം. നന്നായൊന്ന് വിരട്ടിയാല്‍ തന്നെ അവന്മാരുടെ പ്രണയം ഒലിച്ചു പോകും, ഇപ്പോ നിങ്ങളുടെ കാര്യം തന്നെയെടുക്കാം. ഏതെങ്കിലും പ്രണയം അറിഞ്ഞ് ഭാര്യയോ അവരുടെ വീട്ടുകാരോ ഒരു ക്വട്ടേഷന്‍ തന്നിട്ടുണ്ടെങ്കില്‍ ഇതുപോലെ അവസരം സൃഷ്ടിച്ചാല്‍ പോരെ
അതെങ്ങനെ സാധിക്കും
ഹഹഹ. പഴയ സിനിമകളില്‍ കാണുന്ന പോലെ പൊളിഞ്ഞ കെട്ടിടവും മരപ്പെട്ടികളും ഡ്രമ്മുകളുമൊക്കെ നിറഞ്ഞ മുറിയുമാണോ ഭായിയുടെ മനസിലെ ക്വട്ടേഷന്‍ ടീമിന്റെ ഓഫീസ്. കൊച്ചിയില്‍ ഞങ്ങള്‍ക്ക് ഹൈടെക് ഓഫീസുണ്ട്. ഏതൊരുകോര്പ്പറേറ്റ് കമ്പനിയോടും കിടപിടിക്കുന്ന തരത്തില്‍ ഇരകളെ ട്രാക്ക് ചെയ്യാനും ഡാറ്റകള്‍ ശേഖരിക്കാനും പ്രത്യേക വിഭാഗമുണ്ട്. നാടുമുഴുവന്‍ വര്‍ക്ക് പിടിക്കാന്‍ സബ്ബ് ഏജന്റുമാരുണ്ട്. മിക്കവാറും കോര്‍പ്പറേറ്റ് കമ്പനികളില്‍ ഞങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആളുകളുണ്ട്. നിങ്ങളുടെ അടുത്തിരുന്നു ജോലി ചെയ്യുന്ന ആള് പോലും ക്വട്ടേഷന്‍ ഗ്രൂപ്പിന്റെ ഏജന്റാകാം. കാരണം ഒരു വര്‍ക്കിന് നല്ല കമ്മീഷനാണ് കിട്ടുന്നത്. കേസുകളിലൊന്നും അവര്‍ പെടില്ല, പുറലോകം ഒരിക്കലും അവരുടെ കണക്ഷന് അറിയുകയുമില്ല.
ഗ്ലോറിഫൈഡ് ആരാച്ചാര്‍ ആണല്ലേ നിങ്ങള്‍. അപരിചിതനെ വീണ്ടും കളിയാക്കാനുള്ള ധൈര്യം ഏങ്ങനെ കിട്ടിയെന്ന് അരുണ്‍ ഓര്‍ത്തു
ഈ യാത്രയില്‍ നിങ്ങളുടെ കൈയ്യോ കാലോ അനായാസമായി അടിച്ചുമുറിക്കാനുള്ള ഒരു ക്വട്ടേഷന്റെ എനിക്കുണ്ടെങ്കിലോ.. നിങ്ങളുടെ സ്വഭാവം വെച്ച് പിണക്കിയ കാമുകിമാര്‍ ഒരുപാട് കാണുമല്ലോ.
തന്റെ മനസെങ്ങനെ ഇത്ര കൃത്യമായി അയാള്‍ വായിക്കുന്നവെന്നറിയാതെ അരുണ്‍ കുഴങ്ങി. മുന്നിലെ ഇരുളിലേക്ക് വണ്ടി ഓടിച്ചുകയറ്റുമ്പോള്‍ നേരത്തേ ഇറങ്ങിപ്പോയ പേടി തിരികെ വന്നുകയറുന്നതായി അയാള്‍ക്ക് തോന്നി.
ചുമ്മാ പറഞ്ഞതാ.. ടെന്‍ഷനാവണ്ട
എന്നാല്‍ ഈ രാത്രിയിലെ നിങ്ങളുടെ യാത്രയെ ഒന്ന് വിശകലനം ചെയ്താല്‍ നിങ്ങളുടെ സ്വഭാവം കിട്ടും. നിങ്ങളുടെ കൈയ്യില്‍ വിവാഹ മോതിരമുണ്ട്. അതിനര്‍ത്ഥം നിങ്ങള്‍ വിവാഹിതനാണെന്നാണല്ലോ. പിന്നെ കാമുകിക്കായി എല്ലാ ഭയത്തേയും മാറ്റിവെച്ച്, കോവിഡ് കാലത്ത് ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്യുന്നു. അങ്ങനെ ഒരു ഇരട്ടമുഖം. പ്രണയത്തിനായി അതിസാഹസികത കാണിക്കുന്നവര്‍ ഒന്നില്‍ നില്‍ക്കില്ലെന്നാണ് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്.
അപരിചിതന്റെ മറുപടിയില്‍ അയാളൊന്നുലഞ്ഞു. കൃത്യമായ നിരീക്ഷണം. നീതി പുലര്‍ത്താന്‍ കഴിയാതെ പോയ പ്രണയങ്ങള്‍ ജാഥയും വിചിത്ര മുദ്രവാക്യങ്ങളുമായി അയാളുടെ മുന്നിലെത്തി.
വഞ്ചകന് അരുണ്‍ നീതി പാലിക്കുകയെന്ന ബാനറുകള്‍ ഒരു നിമിഷം കണ്മുന്നിലുള്ളതുപോലെ.
പ്രണയിച്ചു വീഴ്ത്തുംവരെയുള്ളു തന്റെ പ്രണയമെന്ന് തിരിച്ചറിഞ്ഞിട്ടും സ്വഭാവം മാറ്റാന്‍ കഴിയാത്തതില്‍ ആദ്യമായി അരുണിന്റ മനസ്സൊന്ന് ഇളകി. ഇനി മേഘയോടും അതുപോലെ തന്നെയാണോ. പ്രണയത്തില്‍ തനിക്ക് മേല്‍ അദൃശ്യമായ ആര്‍ക്കോ സ്വാധീനമുള്ളത് പോലെ. ഓരോ പ്രണയവും വിട്ടൊഴിയുമ്പോള്‍ മറ്റൊന്നിലേക്കില്ലെന്ന് ആത്മര്ത്ഥതോടെ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്തതിലേക്കെത്തും. മയക്കുമരുന്ന് പോലെ, ഒരു പ്രണയലഹരി.
എതിര്‍ദിശയില്‍ ഒരു വെളിച്ചം അടുത്തുവരുന്നത് കണ്ടപ്പോള്‍ അരുണ്‍ ബുള്ളറ്റിന്റെ വേഗം കുറച്ചു. ആ വാഹനം നിര്‍ത്തുകയും ഒരു പോലീസുകാരന് റോഡിലേക്കിറങ്ങി കൈ കാണിക്കുകയും ചെയ്തതോടെ അരുണിന്റെ മനസിലൊരാന്തലുണ്ടായി. കമ്പനി കാര്‍ഡ് കയ്യിലുണ്ട്. എന്നാല്‍ പുറകിലിരിക്കുന്നത് ക്രിമിനലാണെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ തളര്‍ന്നു.
'എങ്ങോട്ടാ യാത്ര, ചെറുപ്പക്കാരനായ പോലീസുകാരനാണ്. സൗമ്യമായാണ് ചോദ്യം.
ആശുപത്രിയിലേക്കാണ് സാറെ, അടുത്ത ചോദ്യത്തിന് എന്ത് ഉത്തരം നല്‍കുമെന്ന ആശങ്ക വളരുന്നതിനിടെ വണ്ടിയുടെ പുറകിലിരുന്ന രതീഷ് മാസ്ക് മുഖത്തു നിന്ന് ഊരി, എന്നിട്ട് പറഞ്ഞു.
'സാറെ,ആശുപത്രിയിലേക്ക് തന്നെയാ. ഞങ്ങള്‍ പോയിക്കോട്ടെ',
'ആ രതീഷോ, എന്താടോ വല്ല പോക്രിത്തരത്തിനുമാണോ', ജീപ്പിനുള്ളില്‍ നിന്നായിരുന്നു ഇത്തവണത്തെ ചോദ്യം.
അല്ല സാറെ, ഇയാളുടെ ഫ്രണ്ടിനെ കാണാനാ. അത്യാവശ്യമാണ്. അതാ ഞാനും കൂടെ ഇറങ്ങിയത്.
ശരി, പൊയ്ക്കോ, ജീപ്പ് സ്റ്റാര്‍ട്ടാക്കി പോലീസ് സംഘം മുന്നോട്ടു പോയി.
അരുണ്‍ ആശ്വാസത്തോടെ അയാളെ ശരിക്കും നോക്കി. മാസ്കില്ലാത്ത, തൊട്ടുമുമ്പത്തെ നിമിഷത്തില്‍ മാത്രം രതീഷെന്ന് പേര് തിരിച്ചറിഞ്ഞയാളെ.
അങ്ങിങ്ങായി നരച്ച താടികളുള്ള, അധികം തടിയില്ലാത്ത ഒരു ചെറുപ്പക്കാരന്. കൈയ്യിലെ പൊതി മുറുക്കെ പിടിച്ച് അയാള്‍ അരുണിന്റെ തോളില്‍ തട്ടി,
എന്നാ പോയാലോ...
വണ്ടിയെടുക്കുമ്പോള്‍ അരുണ്‍ ഓര്‍ത്തത് പുറത്തെടുക്കാത്ത തന്റെ ഐഡന്ററ്റികാര്ഡിനെകുറിച്ചായിരുന്നു. അതിനൊപ്പം ഒരു മാസ്ക് കൊണ്ട് മറച്ചുവെച്ച രതീഷിന്റെ ഐഡന്റിറ്റിയെകുറിച്ചും.
പോലീസിലൊക്കെ നല്ല പിടിപാടാണല്ലോ
'നമ്മളുടെ ജോലി അതായിപോയില്ലേ, ഇടക്കിടെ അവിടെയൊക്കെ പോകേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി അത്യാവശ്യം വര്‍ക്ക് ചെയ്യുന്നത് കൊണ്ടുള്ള സ്നേഹമാണത്. അല്ലെങ്കില്‍ പിടിച്ചു അകത്തിട്ടേനെ...
എനിക്കൊരു സിഗരറ്റ് വലിക്കണം, ഒന്ന് നിര്‍ത്താമോ'.
അരുണ്‍ വണ്ടി റോഡില്‍ നിന്നിറക്കി. അപൂര്‍വമായി പ്രകാശിക്കുന്ന തെരുവിളക്കുകളിലൊന്നിന്റെ അടുത്ത് നിര്‍ത്തി. സ്റ്റാന്‍ഡിലിട്ട് തിരിഞ്ഞുനോക്കുമ്പേഴേക്കും രതീഷ് സിഗരറ്റിന് തീ കൊടുത്തിരുന്നു.
ചുറ്റിലും മൂടികിടക്കുന്ന ഇരുട്ട്. കുറച്ചുമിനിറ്റുകളുടെ പരിചയം മാത്രമുള്ള ഒരാള്‍ക്കൊപ്പം... ജീവിതം ചില സമയങ്ങളില്‍ വളരെ വിചിത്രമായി പലയിടങ്ങളിലേക്കും കൂട്ടികൊണ്ടുപോകുമെന്നയാള്ക്ക് തോന്നി.
ഒരു മെസേജിന്റെ ശബ്ദം കൂടി കേട്ടപ്പോള്‍ അരുണ്‍ ഫോണെടുത്തു. രണ്ട് ചാറ്റുകളിലായി 16 മെസേജുകള്‍. കാര്‍ത്തികയുടെ ചാറ്റുകള്‍ പെട്ടെന്ന് നോക്കി തീര്‍ത്തു. മറുപടിക്കൊന്നും മുതിര്‍ന്നില്ല. പെട്ടെന്ന് തന്നെ മേഘയുടെ അടുത്തെത്താനാണപ്പോള് തോന്നിയത്. ഏത് രീതിയിലാണ് അവിടെ പെരുമാറേണ്ടതെന്ന ഒരു റിഹേഴ്സല്‍ മനസില്‍ നടത്തികൊണ്ടിരുന്നു. അവളിലേക്ക് അടുക്കാന്‍ കുറച്ചുകാലമായുള്ള ശ്രമമാണ്. പക്ഷേ അവള് വഴുതികൊണ്ടിരുന്നു. അത്ര പെട്ടെന്ന് പിടികിട്ടാത്ത സ്വഭാവമാണവള്‍ക്ക്, കയറികൂടാന്‍ ഒരിഞ്ചുപോലും തരാത്ത രീതികള്‍. ഒരു പക്ഷേ ഇതൊരു ബ്രേക്ക് ആവില്ലെന്നാരു കണ്ടു.
മാഷേ, നിങ്ങളിപ്പോള്‍ ആ പെണ്ണിനെപ്പറ്റിയാകും ഓര്‍ക്കുന്നതല്ലേ? രതീഷ് പുകയ്ക്കുള്ളിലൂടെ ഒന്നു ചിരിച്ചു.
നീ വല്യപുള്ളി തന്നെ, ക്വട്ടേഷന്‍ നിര്‍ത്തി കൗണ്‍സിലിങ്ങ് തുടങ്ങാം
ഈ പ്രണയമൊക്കെ എനിക്കുമറിയാം. കൈയിനും കാലിനുമൊക്കെ പണം എണ്ണിവാങ്ങുമെങ്കിലും ഹൃദയത്തിന് ഇതുവരെ വിലയിട്ടിട്ടില്ല ഭായ്- വാക്കുകള്‍ പുറത്തുവരുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ചുവപ്പുകലരുന്നത് അരുണ്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.
പണ്ടൊരു രാത്രിയില്‍ ഓള് വിളിച്ചപ്പോള്‍ കാണാന്‍ പോയതാ... അന്ന് തീര്‍ന്നുപോയതാ ഈ രതീഷിന്റെ നല്ല ജീവിതം.
അവളുടെ വീടിന്റെ രണ്ടാം നിലയിലെ ജനല്‍ തുറന്നാല്‍ റോഡിലേക്ക് കാണാം. രാത്രി 12 മണിക്ക് അവിടെ അവളെ നോക്കിനില്ക്കുമ്പോഴാണ് പെട്രോളിങ്ങിന് വന്ന പോലീസിന്റെ കൈയില്‍പ്പെടുന്നത്. അങ്ങോട്ടുപോകാന്‍ കൂടെ വന്ന കൂട്ടുകാരന്റെ വണ്ടിയില്‍ നിന്ന് കഞ്ചാവും കിട്ടി. പോരെ പൂരം. അതോടെ എല്ലാം തീര്‍ന്ന്. പിന്നെ ജയില്‍. രക്ഷിക്കാനൊന്നും അമ്മക്ക് കഴിയില്ലായിരുന്നു. രക്ഷകനായി ആരും വന്നതുമില്ല. അവിടെ കിടന്ന് കൂട്ടൊക്കെ വല്യപുള്ളികളുമായിട്ടായി. അങ്ങനെയാണ് ക്വട്ടേഷനിലേക്ക് വന്നത്. എന്നെങ്കിലും ഏതെങ്കിലും കത്തിക്ക് തീരുവരെ ഇതൊക്കെ ഇങ്ങനെ പോകും ഭായ്.
അവളെ പിന്നെ കണ്ടില്ലേ- അരുണിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.
അല്ല ഭായ്, നിങ്ങള്‍ സിനിമയിലോക്കെ മാത്രമെ കാത്തിരിപ്പൊക്കെ കാണു. പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടി എങ്ങനെ കാത്തിരിക്കാനാണ്. അവളുടെ കല്യാണമൊക്കെ കഴിഞ്ഞു.
ഇപ്പോ ഫെയ്സ്ബുക്ക് ഒക്കെ ഉള്ളത് കൊണ്ട് കണ്ടുപിടിക്കാന്‍ എളുപ്പമാണ്-ചിരിച്ചുകൊണ്ടാണ് അരുണത് പറഞ്ഞത്.
നിങ്ങള്‍ പ്രണയകുമാരന്മാര്ക്ക് അത് നടക്കും. നമ്മളൊക്കെ കുറച്ച് ചിരിക്കാന്‍ വേണ്ടിയാ ഫെയ്സ്ബുക്കൊക്കെ തുറക്കുന്നത് തന്നെ, നിങ്ങള്‍ വണ്ടിയെടുക്ക് ഭായ്
അപരിചിതത്വത്തിന്റെ മാറാല കീറിപ്പോകുന്നതും സൗഹൃദം പോലെയൊന്ന് തങ്ങളുടെ വാക്കുകള്‍ തുന്നിത്തുടങ്ങിയെന്നും അരുണിന് തോന്നി. നാല് കിലോമീറ്റര്‍ കൂടിയേ ഹോസ്പിറ്റിലേക്കുള്ളു. ഒരു പാട്ടിന്റെ ദൂരം. വണ്ടിയില്‍ കയറിയാല്‍ മൂളുന്ന പാട്ടുകള്‍ എന്തോ അകലം പാലിച്ച പോലെ, ഒന്നും വരുന്നതേയില്ല. രതീഷും മൗനത്തിലാണ്. അയാള്‍ക്ക് എങ്ങോട്ടാണ് പോകാനുള്ളത്. ഹോസ്പിറ്റലിന്റെ അടുത്താണെങ്കില്‍ വിട്ടുകൊടുത്തേക്കാം.
ബുള്ളറ്റ് ഹോസ്പിറ്റലിന്റെ ഗേറ്റിനടുത്തു നിന്നു. ബഹളങ്ങളില്ലാതെ, ഉറങ്ങികിടക്കുന്ന പോലെ വലിയ കെട്ടിട്ടം. കാഷ്യാലിറ്റിയുടെ ഭാഗത്ത് മാത്രം കുറച്ചുപേരുണ്ട്. പൊതുവെ ഹോസ്പിറ്റലുകളില്‍ തിരക്ക് കുറവാണെന്ന വാര്‍ത്ത അടുത്തിടെ കണ്ടത് അരുണോര്ത്തു. ഒരു കണക്കിനത് നന്നായി, അവളോട് സംസാരിക്കാനുള്ള പ്രൈവസിയെങ്കിലും കിട്ടുമല്ലോ.
എവിടേക്കാ പോകേണ്ടത്. റോഡിലേക്കിറങ്ങിയ രതീഷിന്റെ മുഖത്തേക്ക് തിരിഞ്ഞുനോക്കി അരുണ്‍ ചോദിച്ചു.
ഇവിടെ അടുത്താ, നിങ്ങള്‍ വിട്ടോ,
ഈ വരവ് കൊണ്ട് കാര്യങ്ങള്‍ സെറ്റാകട്ടെ. അയാള്‍ ആശംസിച്ചു. അരുണ്‍ വണ്ടി പാര്‍ക്കിങിലേക്ക് വിട്ടു.
റിസപ്ഷനിലേക്ക് നടക്കുമ്പോള്‍ അരുണ്‍ ഫോണെടുത്ത് മേഘയെ വിളിച്ചു. മൂന്നാം നിലയില്‍ ഇടത്തോട്ട് തിരിഞ്ഞു വന്നാല്‍ ഐ.സി.വിലേക്കെത്താമെന്ന മറുപടിക്കുശേഷം കോള്‍ കട്ട് ചെയ്ത്, ലിഫ്റ്റിലേക്ക് കയറി. മൂന്നാം നിലയുടെ ബട്ടനണമര്ത്തി കാത്തു നിന്നു.
പുറത്തിറങ്ങി ഇടത്തോട്ട് തിരിയുന്നതിന് മുമ്പ് അയാള്‍ വലതുഭാഗത്തെ ബോര്‍ഡില്‍ കണ്ണുടക്കി. കാന്‍സര്‍ വാര്‍ഡിലേക്കുള്ള ചൂണ്ടുവിരലിന്റെ അറ്റത്ത് ഒരു പരിചിതരൂപം നടന്നു നീങ്ങുന്നതയാള്‍ കണ്ടു. ഒറ്റകുതിപ്പിന് അരുണ്‍ അയാളുടെ മുന്നിലെത്തി.
രതീഷ്, എന്താ ഇവിടെ
അയാളൊന്നും പറഞ്ഞില്ല. തനിക്ക് വില പറഞ്ഞ് മാരകായുധങ്ങളുമായി മുന്നിലെത്തിയ എതിരാളിയോടുള്ള നിസ്സംഗതയോടെ അരുണിനെ നോക്കി. പിന്നെ തലകുനിച്ചു. കൈയ്യിലെ പൊതി ശ്രദ്ധാപൂര്‍വം തുറന്നു.
പ്രാണന് വായുവിലലിയുമ്പോള്‍' താഴെ എഴുത്തുകാരന്റെ പേര്, പോള്‍ കലാനിധി. താന്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ. അപൂര്‍വമായ യാദൃച്ഛികതയില്‍ അരുണ്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.
രണ്ട് ദിവസം മുമ്പ് ഒരു വര്‍ക്കിനിടയിലാണ് അവള് വിളിച്ച് ഈ പുസ്തകം വേണമെന്ന് പറഞ്ഞത്. അന്ന് തന്നെ വാങ്ങിവെച്ചതാ. പക്ഷേ ഇങ്ങോട്ട് വരാന്‍ പറ്റിയില്ല. ഇപ്പോതന്നെ ഒരു വര്‍ക്ക് കഴിഞ്ഞിട്ടാ ഇറങ്ങിയത്.
ആര്‍ക്കു വേണ്ടിയാ ഈ പുസ്തകം ?
അവള്‍ക്ക് തന്നെ, മുമ്പ് പറഞ്ഞ കഥയിലെ നായിക ഇല്ലേ. അന്ന് ജയിലിന്നിറങ്ങിയ ശേഷം അവളെ കാണാനൊന്നും പോയില്ല. പിന്നെയെപ്പഴോ അവളുടെ കല്യാണവും കഴിഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് വീണ്ടും അവളെ കാണുന്നത്. ഈ ഹോസ്പിറ്റലില്‍ വച്ച്. ഒരടിപിടി കേസില്‍ അഡ്മിറ്റായ ഫ്രണ്ടിനെ കാണാന്‍ ഇവിടെയെത്തിയപ്പോഴാ അവളുടെ മുന്നില്‍ചെന്നുപെട്ടത്.
അവളന്ന് മന്ത്ലി ചെക്കപ്പിന് വന്നതായിരുന്നു.
തൊണ്ടയിലാണ് കാന്‍സര്‍. രോഗം അറിഞ്ഞപ്പോ അവളുടെ കെട്ടിയോന് ഇട്ടിട്ടുപോയി. ഒരു മോളുണ്ട്.
അയാള്‍ ചുവരിലേക്ക് ചാരി.
ഭായ് ചില പ്രണയം ഇങ്ങനെ കൂടിയാണ്. വെള്ളവും വളവുമൊന്നും കിട്ടാതെ,കൊടു ചൂടിലും അത് വീണ്ടും തളിര്‍ക്കും.
'എനിക്ക് വായനയുടെ അസുഖമൊന്നുമില്ല. അവള് ഇടക്കിടെ ഓരോ പുസ്തകങ്ങള്‍ വേണമെന്ന് പറയും ഞാനത് വാങ്ങികൊടുക്കും. കഴിഞ്ഞ ദിവസമാണ് ഈ പുസ്തകം വേണമെന്ന് പറഞ്ഞത്. കാന്‍സര്‍ ബാധിച്ചയാളുടെ പുസ്തകമാണെന്നൊക്കെ പറഞ്ഞിരുന്നു. അന്ന് തന്നെ വാങ്ങിവെച്ചതാ.. പക്ഷേ വരാനൊത്തില്ല.
ഇന്ന് രാവിലെ അവളുടെ അമ്മ വിളിച്ചിരുന്നു. അസുഖം കൂടുതലാണ്, കാണണമെന്നൊക്കെ പറഞ്ഞ്. ഈ പുസ്തകം അവള്‍ക്ക് വായിക്കാന്‍ കഴിയുമോയെന്നറിയില്ല. എന്നാലും അവളുടെ കയ്യില്‍ വച്ചുകൊടുക്കണം'.
അയാളുടെ കയ്യിലിരുന്ന് വായുവിലലിയാന് കഴിയാതെ ആ പുസ്തകം വിറച്ചു. 'ഞാന്‍ പോട്ടെ, പുസ്തകം ഇടതുകൈയ്യിലേക്ക് വച്ച് വലതുകൈ കൊണ്ട് അരുണിന്റെ തോളില്‍ തട്ടി രതീഷ് വാര്‍ഡിലേക്ക് നടക്കാന്‍ തുടങ്ങി.
കാലിലൂടെ പടര്‍ന്ന മരവിപ്പ് കഴുത്ത് വരയെത്തിയപ്പോള് അരുണ്‍ ഒന്നിളകി. രതീഷ് കാഴ്ച്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നു.
ഫോണില്‍ മേഘയുടെ മുഖം തെളിഞ്ഞു.
വഴിതെറ്റിയോ എന്നറിയാന്‍ വിളിക്കുന്നതാകും.
അരുണ്‍ കാള്‍ കട്ട് ചെയ്തു.
ഇടത്തോട്ടുള്ള വഴിയിലേക്ക് കുറച്ചുനേരം നോക്കിനിന്നു. പിന്നെ സ്റ്റെയര്കേയ്സിലൂടെ പതിയെതാഴേക്ക് നടന്നു. പ്രണയവരള്ച്ചയില് അയാളുടെ ഉള്ളം വിണ്ടുകീറികൊണ്ടിരുന്നു. രതീഷിനും അയാളുടെ പ്രണയത്തിനും മുന്നില്‍ തോറ്റുപോയതുപോലെ...
കുട്ടികാലത്ത് വയലിലെ പന്തുകളിയില്‍ തോറ്റുവന്നാല് കിണറില്‍ നിന്ന് തണുത്ത വെള്ളം കോരിഒഴിച്ചുകുളിക്കുന്നത് അയാള്‍ക്ക് ഓര്മ വന്നു.
അതൊരാശ്വാസമായിരുന്നു...
നല്ല തണുത്ത വെള്ളം ശിരസ്സിനും മനസ്സിനും മീതെ കോരിയൊഴിച്ച് ഒരിക്കല്‍ കൂടി കുളിക്കാന്‍ അയാള്‍ക്കപ്പോള്‍ കൊതി തോന്നി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..