ജോയ് മാത്യു
ജോയ് മാത്യു എഴുതി വരുന്ന ഡ്രാക്കുളയുടെ പ്രണയക്കുറിപ്പുകള്‍ എന്ന കവിതാപരമ്പരയിലെ രണ്ടു കവിതകള്‍ വായിക്കാം.
1
ഡ്രാക്കുള കവിതയെഴുതുന്നു
ഇരുള്മുനയുടെ രണ്ടറ്റങ്ങളിലാണ് നമ്മള്
ആഗ്രഹങ്ങളുടെയും
നിരാശയുടെയും ഗര്‍ത്തങ്ങള്‍ പോലെ -
നിന്നോടുള്ള
ഒടുങ്ങാത്ത
ഈ പ്രണയദാഹത്തെ
ആരുടെ രക്തം കൊണ്ടാണ്
ഞാന്‍ ശമിപ്പിക്കുക
2
ഡ്രാക്കുളയുടെ പ്രണയ കവിതകള്‍
വീണുപോയ വാള്
പോലെയാണെന്റെ
പ്രണയം
ചങ്കിടിപ്പ് നിലച്ച
ഘടികാരം പോല്‍
അത് കാലത്തിന്റെ
തണുപ്പിലും
വെയിലിലും
ഉറഞ്ഞു പോയിരിക്കുന്നു
ഇനിയും അതുയര്‍ത്തി
ശത്രുവിന്റെ കഴുത്തിനെ
ലക്ഷ്യം വെക്കാന്‍
കഴിയാത്തത്ര ക്ഷീണം
അതിന്റെ മുനയില്‍
ഒടിഞ്ഞു നില്ക്കുന്നു.
പകരമൊരു ഖഡ്ഗം
തിരയാനാകാതെ
പകല്‍വെട്ടം
എനിക്കിരുട്ട് മാത്രം തരുന്നു
ശിരസ്സ് ഏറ്റുവാങ്ങാനോ
താലവുമായി
എന്റെ പാഴ് പ്രണയവും
ഇതാ കോടമഞ്ഞു
നിറച്ചോരെന്‍ കണ്ഠം
വീശുക ജാരാ
നിന് മിന്നും വാള്‍ത്തല
തരിമ്പുമില്ലെനിക്ക് ഭയം
പ്രലോഭനങ്ങളുടെ
സൂര്യപ്രഭയില്‍
വാര്‍ത്തെടുത്ത ഖഡ്ഗവും
നീ ഒളിച്ചുകടത്തിയ രാത്രിയും
എന്റെ
രക്തമോഹങ്ങള്ക്ക്
അണകെട്ടിയിരിക്കുന്നു.
അതോടെ
എനിക്ക് യുദ്ധം ചെയ്യാന്‍
രാത്രികള്‍ ഇല്ലാതായി
അന്ധതയുടെ തടവില്‍
ഞാനേകനായി
അതിനാല്‍ മിന്നിയുയരട്ടെ
നിന് വാള്‍ത്തല
കീഴടങ്ങുന്നു
ദാഹം ശമിക്കാത്തവന്
ഈ പ്രണയ പരാജിതന്
എങ്കിലും
ജീവിച്ചു തീര്‍ത്ത നിമിഷങ്ങളോളം
ആനന്ദം
ഒരു മരണത്തിനും
തരാനാവില്ലല്ലോ പ്രിയേ...
(ഡ്രാക്കുള പ്രഭുവിന്റെ പ്രണയക്കുറിപ്പുകള്‍)
Content Highlights: poem series by joy mathew draculayude pranayakavithakal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..