ചിത്രീകരണം: ബാലു (Photo: ചിത്രീകരണം: ബാലു)
പഴയ കാലത്തില്‍
അലക്കും കുളിയുമുണ്ടായിരുന്നിടം,
കുളക്കടവിന്ന്
പടിഞ്ഞാറേയോരത്തില്
നാലു മൂലയുള്ള മുതുകില്‍,
കല്ലിച്ചു വീര്‍ത്തൊരു
ഞരമ്പും കൊടന്തവയറും ഉണ്ടായിരുന്ന
ഒരു പാവം
കല്ലുണ്ടായിരുന്നു.
രാത്രിയാവുമ്പോള്‍ കല്ലവിടന്ന്
പേര് ചൊല്ലിയെന്നെയു-
ച്ചത്തില്‍ വിളിക്കും.
നിലാവ് നിറയുന്ന
നീല രാത്രികളില്‍
ഞാനങ്ങോട്ടേക്കോടിപോവും.
പണ്ടെപ്പോഴോ കഴിഞ്ഞുപോയ
നൂറ്റാണ്ടുകളില്‍, അക്കുളത്തില്
മുങ്ങിമരിച്ചു പോയാളുകള്,
അന്നേരം,
തൊട്ടപ്പുറത്തെ ഖബറിങ്കല്‍
നിന്നുമെത്തിടാറുണ്ട്.
മദ്രസ കാലത്തിലൊന്നിച്ച്
കോട്ട കളിച്ചവരായിന്നു.
കല്ലും ഞാനും അവരുമായ്
കോട്ട കളി തുടങ്ങും.
ഞാനൊരു ചേരിയിലും
കല്ലൊരു ചേരിയിലും
ഇരു ചേരിയിലായ്
അഭിമുഖമായണി
നിരന്നിടുമപ്പോള്.
ഞാനോടുന്നേരം കല്ല്
ഉരുണ്ടുരുണ്ട് എന്റെ
പുറകിലോടിയെത്തും;
കല്ലോടുന്നേരം ഞാനും.
കളി കഴിഞ്ഞ് ഞാനും
കല്ലും വിശ്രമിക്കുമ്പോള്‍,
കല്ലിന്റെ കൊടന്തയില്
തല ചായ്ച്ചു ഞാന്‍
നീണ്ടു നിവര്‍ന്നങ്ങനെ
ശയിച്ചിടുമ്പോള്‍,
ഒരു കാറ്റ്,
മെല്ലെ മെല്ലെയങ്ങനെ ഒഴുകിയെത്തും.
കല്ല് കഥകള്‍ പറയും;
ഞാന്‍ പാട്ടുകള്‍ പാടും.
കഥകള്‍ കേട്ടും
പാട്ടു പാടിയും
ഒരു രാത്രിയങ്ങനെ വെളുത്തിടും.
അങ്ങനെയെത്രയെത്ര നിശകള്‍
ഞാനും കല്ലും
മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിട്ടുണ്ട്!
കല്ലില്‍ കാച്ചിയ ഓര്‍മകളില്‍
ബാല്യമോടിക്കളിച്ചെത്തിയിട്ടുണ്ട്!
കല്ലേ കല്ലേ, നീയിന്നെവിടെ?
ഭാഗങ്ങളാക്കിയ
ശിപായിപറമ്പിലിന്നാ കല്ലില്ല.
കല്ലുപോലോര്മകള്
കാണാമറയത്തുനിന്നെങ്ങോ,
പേര് ചൊല്ലിയെന്നെ വിളിക്കുന്നുണ്ടിന്നും!
Content Highlights: poem kallum njanum by aneesh haroon rasheed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..