പരാജിതന്‍ | വി.കെ.എന്നിന്റെ കഥ, എം.വി ദേവന്റെ വര


വി.കെ.എൻ

വി.കെ.എൻ

കഥയിലെ അതികായനായ വി.കെ.എന്‍. ഓര്‍മയായിട്ട് പത്തൊമ്പത് വര്‍ഷം. 1953, ഒക്ടോബര്‍ 4 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന വി.കെ.എന്നിന്റെ ആദ്യത്തെ കഥ 'പരാജിതന്‍' വായിക്കാം.

'ചായ'- ഒരലര്‍ച്ച. ഞാന്‍ ഞെട്ടിയുണര്‍ന്നു. പക്ഷേ, കണ്ണുമിഴിച്ചില്ല. അവള്‍ പോയ്ക്കഴിയട്ടെ എന്നു കരുതി കണ്ണിറുക്കെ ചിമ്മി കട്ടിലില്‍ത്തന്നെ കിടന്നു. കോവണിപ്പടികളില്‍ ആഞ്ഞുചവിട്ടി ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അവള്‍ താഴോട്ടു പോയി. എനിക്കു തെല്ലാശ്വാസമായി. കാലും കൈയും നീട്ടി കിടക്കയില്‍ കിടന്നു-കണ്ണടച്ചുതന്നെ-ഒന്നു ഞെളിഞ്ഞുപിരിഞ്ഞ് ഒരു കോട്ടുവായിടാന്‍ ആരംഭിച്ചപ്പോഴേക്കും - 'കിണീം'- നീട്ടിയ വലംകൈ തട്ടി ചായക്കോപ്പ ജനല്‍പ്പടിയില്‍നിന്നു നിലത്തേക്കു കുതിച്ചു. ഞാന്‍ കണ്ണുമിഴിച്ചു.

'അസ്സലായി!' താഴത്ത് ഇടനാഴിയില്‍നിന്നു വീണ്ടും അലര്‍ച്ച. താടക രംഗപ്രവേശം ചെയ്യുകയാണ്. വീടു കുലുങ്ങുന്നു. അവള്‍ കോവണിപ്പടികളുരുണ്ടുകേറി ഭയങ്കരമാംവണ്ണം വരികയാണ്. അതാ, എന്റെ മുന്‍പിലെത്തി പൊട്ടിത്തെറിച്ചു കഴിഞ്ഞു: 'അസ്സലായി! ദിവസേന ഓരോ കോപ്പവീതം പൊട്ടിക്കിന്‍. നിങ്ങള്‍ക്കെന്തു ചേതം?' ആ കണ്ണുകള്‍ എന്നെ തീയിലിട്ടു വറുത്തു. ഞാന്‍ ചൂളി. ഒന്നും അറിയാത്തപോലെ ഞാനവളുടെ മുഖത്തേക്കു മിഴിച്ചുനോക്കി. 'കണ്ണുണ്ടായിരുന്നില്ലേ മുഖത്ത്?' അവള്‍ പല്ലുകടിച്ചു. 'ഇല്ല.' ദുര്‍വ്യവഹാരിയായ ഒരു സാക്ഷി എതിര്‍വിസ്താരത്തില്‍ കൂട്ടില്‍ കയറി മൊഴികൊടുക്കുന്ന മട്ടില്‍ ഞാന്‍ പതറാതെ പറഞ്ഞു. 'എവിടെയായിരുന്നു കണ്ണ്?' എന്ന പിന്നത്തെ ചോദ്യം അവള്‍ ചോദിച്ചിരുന്നെങ്കില്‍, മുന്‍ചൊന്ന സാക്ഷിയുടെ മട്ടില്‍ പതുക്കെ ഒന്നു ചുമച്ചു ശാന്തമായി വീണ്ടും ഞാന്‍ പറഞ്ഞേനെ: 'അടച്ചിരിക്കുകയായിരുന്നു.' 'സ്വന്തം കാശായാലേ ചൂടു കാണൂ,' ആ സ്ത്രീ വീണ്ടും സംസാരിച്ചു. പുച്ഛം അവളുടെ പുരികങ്ങളെ വളച്ചു. 'സ്വന്തം കാശിലെ' വ്യംഗ്യം എനിക്കറിയാം. അവളുമായുള്ള വിവാഹക്കച്ചോടത്തില്‍ എനിക്കു കിട്ടിയ 6000ക. സ്ത്രീധനത്തെപ്പറ്റിയാണ് ആ സൂചന. ശബ്ദനൃത്തകോലാഹലങ്ങളോടെ അവള്‍ വീണ്ടും താഴെയിറങ്ങി മറഞ്ഞു.

എനിക്കുറക്കെ കരയണമെന്നു തോന്നി. കറുത്ത, കഴുത്തു തീരെയില്ലാത്ത, ആ വട്ടത്തിലുള്ള തിരിപ്പടപ്പന്‍ ചീനബ്ഭരണി എന്റെ ഭാര്യയാണുപോലും! 'ഓമനേ' എന്നവളെ ജീവിതത്തിലാദ്യമായി വിളിച്ചപ്പോള്‍ മരവിച്ചുപോയതാണ് എന്റെ ദേഹിയും അതു പൊതിഞ്ഞ എട്ടിഞ്ചു കനമുള്ള എന്റെ ചര്‍മവും. പക്ഷേ, അവ രണ്ടും തുളച്ചുകടക്കുവാന്‍ അവളുടെ നോട്ടത്തിനും വാക്കുകള്‍ക്കും അവള്‍ക്കുതന്നെയും, സാധിച്ചു; ഇന്നും സാധ്യമാണ്.

വര: എം.വി ദേവൻ

നളിനിയെന്നാണവളുടെ പേര്‍. കവിത തുളുമ്പുന്ന ആ പേര് അപരിഹാര്യമാംവണ്ണം അപമാനിക്കപ്പെട്ടു എന്ന വേദനാജനകമായ സത്യമാണ്
അവളെ കണ്ടാല്‍ നിങ്ങളിലാദ്യം ഉദയം ചെയ്യുക. സിലോണിന്റെ ഭൂപടത്തെ അനുസ്മരിപ്പിക്കുന്ന ആ മുഖം കണ്ടാല്‍ ആര്‍ക്കും തോന്നിപ്പോകും, അത്തരമൊന്നില്‍നിന്നകലുവാനായി ഒരു പത്ത് എവറസ്റ്റ് കൊടുമുടികള്‍ തുടര്‍ച്ചയായി പ്രാണവായുവും പരിശീലനവുമൊന്നുമില്ലാതെ ആരോഹണം ചെയ്യാമെന്ന്. അവളെന്റെ ഭാര്യയാണ്. എന്നിട്ടും ഞാന്‍ ജീവിക്കുന്നു. അത് ഒരു അത്യാഹിതമാകുന്നു.

ബി.എ. പരീക്ഷയ്‌ക്കെഴുതി കഴിഞ്ഞ കൊല്ലം മധ്യവേനല്‍ ഒഴിവുകാലത്തു വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ തുടങ്ങിയതാണ് വിവാഹാലോചനകളുടെ മൂട്ടകടി. പ്രസ്തുത മൂട്ടകളെ നയിച്ചിരുന്നത് എന്റെ പ്രിയപിതാവല്ലാതെ മറ്റാരുമായിരുന്നില്ല. കടി കുറെ കൊണ്ടു. കുറെ മാന്തിനോക്കി. ഒടുവില്‍ പൊറുതികെട്ട് ഞാനങ്ങു സമ്മതിച്ചു. ഒന്നല്ല, ഒരു പത്തു കല്യാണം ഒരുമിച്ചു കഴിക്കാന്‍പോലും തയ്യാറാണെന്ന്. അന്നു തുടങ്ങി എന്റെ അധഃപതനം. ആ സമ്മതംമൂളല്‍ എന്റെ മരണക്കുറിപ്പെഴുതലായിരുന്നുവെന്ന വാസ്തവം അന്നറിഞ്ഞിരുന്നുവെങ്കില്‍! ഐ.എ.എസ്. പരീക്ഷയ്‌ക്കെഴുതണമെന്നൊക്കെയായിരുന്നു അന്നത്തെ പ്ലാന്‍. എഴുതുകയും ചെയ്തു - കല്യാണത്തിനുശേഷം. അക്കഥ പിന്നീടു പറയാം.

വിവാഹത്തിനു സമ്മതിച്ച കാലം. ഒരു ദിവസം രാവിലെ എന്റെ കിടപ്പറയ്ക്കടുത്തുള്ള അച്ഛന്റെ വായനമുറിയില്‍നിന്ന് 'ആറായിരം' എന്ന പെരുത്ത ഒരു സംഖ്യ ഒരപരിചിതന്‍ ബലത്തില്‍ ഉച്ചരിക്കുന്നതു കേട്ടാണ് ഞാനുണര്‍ന്നത്. തുടര്‍ന്നു താഴെ വിവരിക്കുന്ന സംഭാഷണങ്ങളിലൂടെ ഒരു കച്ചവടവും നടക്കുകയുണ്ടായി.
'എണ്ണായിരം,' അച്ഛന്‍.
'ആറു മതി. നിങ്ങള്‍ വാശിപിടിക്കരുത്,' അപരിചിതന്‍.

'വാശി തീരെയില്ല. അവനെ പഠിപ്പിക്കാന്‍ കഷ്ടിച്ച് എട്ടോളം ഉറുപ്പിക എനിക്ക് ചെലവായിട്ടുണ്ട്. അതിങ്ങു തന്നാല്‍ മതി.' കൂസലില്ലാത്ത ആ നുണ കേട്ടു ഞാന്‍ ചൂളിപ്പോയി. 'നമ്മുടെ കുട്ടികളല്ലേ? അത്രയ്‌ക്കൊന്നും കണിശം വേണ്ട, നാണുമേനോന്‍. ആറു മതി.' മതിയെന്നു പറയാന്‍ എനിക്കുകൂടി തോന്നിപ്പോയി. ആ സ്വരത്തില്‍ ഒരു ടണ്‍ പഞ്ചസാരയുണ്ടായിരുന്നു.
'അവന്റെ ഭാവി നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഐ.എ.എസ്. എന്നു പറഞ്ഞാല്‍ പണ്ടത്തെ ഐ.സി.എസ്. ആണ്. സബ് കലക്ടര്‍, കലക്ടര്‍, ഗവര്‍മേണ്ടു സെക്രട്ടറി അങ്ങിനെയാണ് പിന്നത്തെ കയറ്റം മുഴുവന്‍.'
'അതിനു പരീക്ഷ ജയിക്കണ്ടേ?'
'പരീക്ഷയ്ക്കിരുന്നാല്‍ അവന്‍ ജയിച്ചോളും, പണം അടച്ചുകഴിഞ്ഞു.'

'എന്നാലും ആറു മതി, നമ്മള്‍ ഇത്ര കണിശമായി വിലപേശുന്നത് ആര്‍ക്കാണ്? നമ്മുടെ പില്ക്കാലം സ്വത്തൊക്കെ അവര്‍ക്കല്ലേ? എനിക്കൊരു മകളും നിങ്ങള്‍ക്കൊരു മകനും മാത്രമല്ലേ ഉള്ളൂ.'
അച്ഛന്‍ മൂളി. സ്വത്ത്, ഭൂമി എന്നൊക്കെ പറഞ്ഞാല്‍ മൂപ്പര്‍ക്ക് വലിയ ആനന്ദമാണ്. ഹാജരാവാന്‍ അമ്മയ്ക്കു സമന്‍സയച്ചു. അമ്മ ഹാജരായിട്ടുണ്ടാവണം. തുടര്‍ന്ന് ഗൂഢാലോചന കുറെ നേരമുണ്ടായി. പിന്നെ, എന്റെ പ്രിയപിതാവിന്റെ ഉറക്കെയുള്ള ആത്മഗതമാണുണ്ടായത്: 'നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ എനിക്കും സമ്മതംതന്നെ. എന്നാല്‍ ആറില്‍ ഉറയ്ക്കാം. പിന്നെ പുടമുറിച്ചിലവൊക്കെ നിങ്ങള്‍തന്നെ വേണം. ശരി, വരുന്ന വ്യാഴാഴ്ചയായിക്കോട്ടെ കുട്ടിയെ കാണല്‍. എന്താ?'

'ശരി.' തന്റെ ഓമനപ്പുത്രിക്കൊരു മാര്‍ക്കറ്റു സമ്പാദിച്ച ആ പിതാവ് ഉള്ളഴിഞ്ഞു സമ്മതിച്ചു. സന്തോഷംകൊണ്ട് അദ്ദേഹം അന്നെന്തുകൊണ്ടു പൊട്ടിച്ചിരിച്ചില്ല, പൊട്ടിക്കരഞ്ഞില്ല, മോഹാലസ്യപ്പെട്ടില്ല. മരിക്കുകതന്നെ ചെയ്തില്ല എന്നു ഞാനിന്ന് അദ്ഭുതപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വിജയകരമായ ദിവസമായിരിക്കണം അത്. ഇന്നെനിക്കു തോന്നുന്നു, എണ്ണായിരമല്ല ഒരു ലക്ഷം രൂപ പറഞ്ഞാലും അന്ന് അദ്ദേഹം സമ്മതിച്ചേനെ. അത്രയ്ക്കു സുന്ദരിയാണ് പുത്രി.

ഞങ്ങള്‍ പെണ്ണുകാണാന്‍ പോയി-ഞാനും എന്റെ ഒരകന്ന ബന്ധുവും. ചായസല്ക്കാരമൊക്കെ കേമമായിരുന്നു. മധുരപലഹാരങ്ങളില്‍ കറുപ്പു കൂട്ടിയിരുന്നുവോ എന്നൊരു സംശയം. വല്ലാത്ത ഒരു മയക്കമോ ആനന്ദമോ മറ്റെന്തൊക്കെയോ ചായ കഴിഞ്ഞപ്പോള്‍ എനിക്കനുഭവപ്പെട്ടു. അങ്ങനെ ഞങ്ങള്‍, എന്നുവെച്ചാല്‍ ഞാനും എന്റെ അകന്ന ബന്ധുവും ആ വിവാഹഗൂഢാലോചനക്കേസില്‍ ഒന്നാംപ്രതിയായ എന്റെ ഭാര്യയുടെ കണ്ണുചിന്നിക്കുന്ന കഷണ്ടിത്തലയുള്ള അച്ഛനും കൂടി ചായകുടി കഴിഞ്ഞു മയങ്ങി പൂമുഖത്തിരിക്കെ നളിനി അതിലേ കടന്നുപോയി. എന്റെ ഹൃദയത്തിലൂടെ അറുപതു വോള്‍ട്ടിലൊരു വിദ്യുത്പ്രവാഹം. നളിനിയുടെ ആ പോക്ക് ഞാനൊന്നു വിവരിക്കട്ടെ. ഏതോ സര്‍ക്കസുകമ്പനിയില്‍നിന്നു തട്ടിക്കൊണ്ടുവന്നതാണെന്നു തോന്നിക്കുന്ന കറുത്ത ഒരു ഭീമാകാരക്കാരിയുടെ അകമ്പടിയോടുകൂടി മധുരപ്പതിനേഴുകാരിയായൊരു സുന്ദരി എന്റെ കണ്മുന്നിലൂടെയും തലച്ചോറിലൂടെയും ഒഴുകിപ്പോയി. സൗന്ദര്യത്തെപ്പറ്റി എനിക്കുണ്ടായ ഏറ്റവും വലിയ മതിപ്പ് ആ നിമിഷത്തിലുണ്ടായതായിരുന്നു. ആറായിരം ഉറുപ്പിക വേണ്ടെന്നു മാത്രമല്ല, വല്ലതും നല്ല ഒരു സംഖ്യ അങ്ങോട്ടു കൊടുത്താല്‍ക്കൂടി തരക്കേടില്ലെന്ന് എനിക്കു തോന്നിപ്പോയി.

വര: എം.വി ദേവൻ

കല്യാണദിവസം നിശ്ചയിച്ചു. പട്ടുകുപ്പായവും പൊടിമീശയുമായി ബന്ധുമിത്രസുഹൃദ്‌സമേതനായി ഞാന്‍ ഒരു സായംസന്ധ്യയ്ക്കു വധൂഗൃഹം പൂകി. അക്ഷമയുടെ മഹാഭാരവും വഹിച്ചു നിമിഷങ്ങള്‍ ഇഴഞ്ഞു. നാഗസ്വരക്കാരന്‍ ചെട്ടിയാര്‍ ചങ്കും വീര്‍പ്പിച്ച് ഊത്തു തുടങ്ങി. തകിലടി മുഴങ്ങി. വധു ഒരു ഘോഷയാത്രയായി പന്തലിലേക്കാനയിക്കപ്പെട്ടു. എനിക്ക് എഴുന്നേല്‌ക്കേണ്ട സമയമായി. ജീവിതത്തിലെ ആ വലിയ നിമിഷം എത്തുകയായി. പക്ഷേ, ഞാന്‍ പെട്ടെന്നെഴുന്നേല്ക്കുകയുണ്ടായില്ല. ഒരു വലിയ ഷോക്ക്! ആ ഷോക്കില്‍ ഞാനെന്തുകൊണ്ട് മരിച്ചില്ല എന്നു ഞാനിന്നും അദ്ഭുതപ്പെടുന്നു. ഷോക്കിനു ശക്തി മരണത്തിനാവശ്യമുള്ളതിനെക്കാള്‍ വളരെ കൂടിയതിനാലായിരിക്കണം എന്നു ഞാന്‍ സമാധാനപ്പെടുകയും ചെയ്യുന്നു. തടിച്ചുരുണ്ട ആ സര്‍ക്കസ്സുകാരിയുണ്ട് ചമഞ്ഞൊരുങ്ങി മധുരപ്പതിനേഴുകാരി സുന്ദരിയടക്കം നാലഞ്ചു സ്ത്രീകളുടെ അകമ്പടിയോടുകൂടി എന്റെ മുന്നില്‍ നില്ക്കുന്നു. ഞാനന്തംവിട്ടുപോയി. എന്റെ സ്‌കൂള്‍ പൂട്ടി! 'എണീക്ക്,' അച്ഛന്‍ എന്നെ പിന്നില്‍നിന്നും തോണ്ടി.

'എന്തിന്?' ഞാന്‍ മന്ത്രിച്ചു. 'ഈ കക്ഷി ഏതാണ്?'
'അവള്‍തന്നെയാണ് നളിനി, നീ കണ്ടിട്ടില്ലേ?'
'ആ സര്‍ക്കസ്സുകാരിയോ?,' ഞാന്‍ തേങ്ങി, 'ച്ഛീ, വഷളത്തം പറയാതിരിക്ക്.' അച്ഛന്റെ ഭാവം മാറി. ഞാന്‍ അവളെ ഒന്നു നോക്കി. 'ഇങ്ങട്ടു വാ, കാണിച്ചുതരാം' എന്ന ഒരു കൂസലില്ലായ്മയായിരുന്നു അവള്‍ക്ക്. അവള്‍ പല്ലുകടിച്ചിരുന്നുവെന്നു ഞാന്‍ സംശയിക്കുന്നു.

പിന്നെ മൂക്കറ്റം കുടിച്ചവന്റെ അവസ്ഥയായിരുന്നു എനിക്ക്. ഞാന്‍ പകുതിയിലധികം ബോധംകെട്ടു കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങുകളിലൂടെ പിന്നെ ഞാന്‍ വലിച്ചിഴയ്ക്കപ്പെടുകയാണുണ്ടായത്. രണ്ടുപേര്‍ എന്നെ പിന്നില്‍നിന്ന് താങ്ങിയിരുന്നു. (പറയുന്നതിനിടയ്ക്ക്, ഒരു മംഗളപത്രവുമുണ്ടായിരുന്നു. എന്റെ ഭാര്യയുടെ അച്ഛന്റെ മാനേജ്‌മെന്റിലുള്ള ഒരു എലിമെന്ററി സ്‌കൂള്‍മാസ്റ്ററുടെ വക. പ്രസ്തുത പത്രത്തില്‍ നളിനി തിങ്കളോടുപമിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞു പിറ്റേദിവസം മേപ്പടിയാന്‍ മാസ്റ്റര്‍ കുശലം പറയാന്‍ വന്നപ്പോള്‍ ഞാനാദ്യം ചെയ്തത് അദ്ദേഹവുമായി ഒരിടിപ്പയറ്റു നടത്തുകയായിരുന്നു.
തുടര്‍ന്നയാള്‍ ഭീഷണിപ്പെടുത്തിയ ക്രിമിനല്‍കേസില്‍നിന്നു വിമുക്തനാവാന്‍ ആ സാധുവിന് 50ക. പാരിതോഷികവും രണ്ടു വരി കൃത്രിമദന്തങ്ങളും കൊടുക്കേണ്ടിവന്നുവെന്നതും ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ആ ദാരുണസംഭവത്തെപ്പറ്റി ഞാന്‍ പശ്ചാത്തപിക്കുന്നു. ദീപസ്തംഭം മഹാശ്ചര്യം എന്നയാളെഴുതിയാല്‍ ഞാനെന്തിനു വിറൡയെടുക്കണം? അയാള്‍ക്കും പണം കിട്ടണ്ടേ? കഥ തുടരട്ടെ.) വിവാഹം കഴിഞ്ഞ് പൂര്‍ണബോധം വന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച നളിനി-സര്‍ക്കസ്സുകാരി നളിനി (ഞാനാദ്യം കണ്ട മറ്റേ സുന്ദരി വിവാഹിതയാണത്രേ) എന്റെ തല അവളുടെ മടിയാകുന്ന താഴ്‌വരയില്‍വെച്ചു മണവറയില്‍ കട്ടിലിലിരിക്കുന്നതായിരുന്നു. ഞാന്‍ അവളുടെ മുഖത്തേക്കൊന്നു നോക്കി. എനിക്കു വീണ്ടും ബോധക്ഷയമുണ്ടായി.

വര: എം.വി ദേവൻ

കഥ ചുരുക്കട്ടെ. എന്റെ പരാജയത്തിന്റെ ചിത്രം ഇതില്പരം ദീനവും ദാരുണവുമാകാന്‍ എന്താണ് വേണ്ടത്?
ഞാന്‍ ഐ.എ.എസ്. പരീക്ഷയ്‌ക്കെഴുതി തോറ്റു. അതിലൊട്ടും അദ്ഭുതമില്ല. മറിച്ചായിരുന്നെങ്കില്‍ അതൊരദ്ഭുതമായേനെ. ഞാന്‍ ഒരു സബ് കലക്ടറായില്ല. ആവുകയുമില്ല. പകരം ഞാനൊരു ഗുമസ്തനായി. താലൂക്കാഫീസില്‍ ഒരു രണ്ടാംഗ്രേഡ് ഗുമസ്തന്‍. എന്നിട്ടിന്ന് അവളുടെ ആറായിരത്തില്‍ പറ്റിക്കൂടി ഈ പൊളിഞ്ഞുതൂങ്ങിയ ഇരുനില വാടകക്കെട്ടിടത്തില്‍ അന്തസ്സില്‍ കഴിഞ്ഞുകൂടുകയാണ്. ഞാനൊരിക്കല്‍ ഭ്രാന്താണെന്നു നടിച്ചു. പക്ഷേ, അവളതു മാറ്റി. ഞാന്‍ എന്റെ വലത്തേ ഉള്ളംകൈ തീപ്പൊള്ളിച്ചു! ഞാന്‍ സന്ന്യസിക്കാന്‍ നോക്കി. അവള്‍ കൂടെ വരുമെന്നു പറഞ്ഞു.
ഞാന്‍ തികച്ചും പരാജിതനാണ്.

'നളിനിക്കുട്ടീ', ആത്മാര്‍ഥത കുത്തിക്കൊന്നു കുഴിച്ചുമൂടി ഞാന്‍ അവളെ വിളിച്ചു. 'ഒരു കോപ്പ ചായ തരൂ. നടേ കോപ്പ പൊട്ടിച്ചത് എന്റെ, എന്റെ മാത്രം തെറ്റാണ്, തെമ്മാടിത്തമാണ്, പേടിക്കാനാരുമില്ലായ്കയാണ്. എനിക്കു മാപ്പു തരൂ.' ഞാന്‍ കൂജനം ചെയ്തു.
'മിണ്ടാതിരുന്നോളിന്‍, ഇതു ചായപ്പീടികയൊന്നുമല്ല, ഞാന്‍ പറഞ്ഞേക്കാം, എനിക്കു വേറെ പണിയുണ്ട്. ങ്ഹാ.'
ആയിരം തവളകള്‍ ആര്‍ത്തുവിളിക്കുന്നതുപോലെ.
ഞാന്‍ മുണ്ടു മുറുക്കിയുടുത്ത് ഒരു ബീഡി കത്തിച്ചുവലിച്ചു.

Content Highlights: parajithan story by v kn publshed in 1953 mathrubhumi weekly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented