ചിത്രീകരണം : ബാലു
ജമ്മു കാശ്മീരിലെ ആദ്യ ജ്ഞാനപീഠ ജേതാവ് റഹ്മാന് റാഹി ഇക്കഴിഞ്ഞ ദിവസം അന്തരിച്ചു. അദ്ദേഹത്തിന്റെ കവിത പി.കെ പാറക്കടവിന്റെ വിവര്‍ത്തനത്തില്‍ വായിക്കാം.
ഇരുട്ടില്‍ നിന്നുള്ള സൂചനകള്‍
ഇന്നലെ രാവില്‍ എന്റെ ഉറക്കം ഓടിപ്പോവുകയും
എന്റെ വിചിത്ര ഭാവനകള്‍ കീറിപ്പോവുകയും ചെയ്തു.
എന്റെ മനസ്സിന്റെ വന്യനിഴലില് ഒരു കഴുകനെ ഞാന്‍ വീക്ഷിച്ചു.
അതിന്റെ കൊക്കില്‍ പഴയ അതേ രീതിയില്‍
മാടപ്രാവിന്റെ ചോര.
കുന്നിന്മുകളില് നിന്ന് അന്തരീക്ഷത്തിലേക്കു
ചിതറിവീണ തൂവലുകള്‍.
തലയണയില്‍ എന്റെ തല ചെരിച്ചുവെക്കവേ ഞാന്‍ കണ്ടത് അഗാധമായ കറുത്ത താഴ്വര.
ഉണര്‍ന്നപ്പോള്‍ എന്റെ പിന്‍ഭാഗം
ചുമരില്‍ ചാരിയിരുന്നു.
നെഞ്ചിന്റെ മജ്ജയില്‍ ശീതകാലത്തിന്റെ തണുപ്പ്.
ജാലകത്തിനപ്പുറത്തു നിന്ന് എന്നിലേക്ക് മര്മരങ്ങളെത്തവെ,
എന്റെ ചുണ്ടുകള്‍ വരണ്ടുണങ്ങി.
മഞ്ഞുപാളി ഹകള്‍ അഭയസ്ഥാനത്തിന്റെ
വിളളലിലൂടെ ഒഴുകിയെത്തിയിരുന്നു.
പെട്ടിക്കുള്ളില്‍നിന്ന് സ്റ്റോറിലേക്ക്
ഒരു ചുണ്ടെലിയും ഇങ്ങെത്തുന്നില്ല.
എന്റെ മേലങ്കിയുടെ സ്ഥാനത്ത് ഒരു പൂച്ച ഹാങ്ങറില്‍
തൂങ്ങുന്നു.
കണ്ണ് തിരുമ്മി എന്റെ തണുത്ത പിന്‍ഭാഗത്തു
ഞാന്‍ കോസടി വലിച്ചു നീട്ടി.
കാലില്‍ തലോടുന്ന തണുപ്പ്.
പുറത്ത് മൂങ്ങ കരയുന്നു.
'ഓ നിനക്ക് ദുരിതം ഓ, ദുരിതം.'
ഞാനൊരു കരച്ചിലിന്റെ വക്കില്‍.
പൊടുന്നനവേ ഞാന്‍ മനസ്സില്‍
എന്റെ പ്രിയപ്പെട്ട മകനെ വിളിച്ചു...
തന്റെ യാത്രയില്‍ ചിപ്പിയുടെ യാതന ഞാനവന് പറഞ്ഞുകൊടുത്തപ്പോള്‍
എന്റെ കഴിഞ്ഞ രാവിലെ രാക്കഥ
എങ്ങെനെയാണവന് ലയിച്ചു ശ്രദ്ധിച്ചിരിക്കുക.
പക്ഷേ അവന് പാതി കഥയേ കേട്ടുള്ളൂ.
ഉറക്കം അവനെ വിഴുങ്ങും മുമ്പ്
ഞാനുണര്‍ന്നു ലൈറ്റിട്ടു.
കുന്നിന് മേലെ കുമിള്‍ പോലെ അവന് ചുമരിനരികില്‍.
മയക്കത്തില്‍ അവന്റെ ചുണ്ടില്‍ പരിമളമുള്ള ഒരു പൂ വിരിഞ്ഞിരിക്കുന്നു.
അവന്റെ കണ്പുരികത്തില് വിയര്‍പ്പിന്റെ ഒരു തുള്ളി.
ഒരു പക്ഷേ അവന് കഥയുടെ ബാക്കി കിനാവ് കാണുകയാവും.
ചിപ്പി മുത്താകുന്നതിന് വേദനയുടെ
കിനാവ് കാണുകയാവും.
Content Highlights: P.K Parakkadavu, Rahman Rahi, Jnanpit Award, Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..