ഒപ്പ് | സി.എസ്. നാരായണന്‍ എഴുതിയ കഥ 


അയാളുടെ നേരെ ചില കടലാസുകള്‍ നീട്ടിക്കൊണ്ടു നഴ്‌സ് പറഞ്ഞു.'അതിലെല്ലാം ഒപ്പിടണം, അവസാനത്തെ രണ്ടെണ്ണം PPS അപേക്ഷയും സമ്മതപത്രവുമാണ്.

ചിത്രീകരണം: ബാലു

വസാനത്തെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച് അഡ്മിറ്റ് ആവാനുള്ള നിര്‍ദ്ദേശം കുറിച്ച് തരുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു. 'മൂത്തകുട്ടിയ്ക്ക് ഒന്‍പതു വയസ്സായ സ്ഥിതിയില്‍ വേണമെങ്കില്‍ PPS ആവാം'' ഡോക്ടറുടെ നിര്‍ദ്ദേശം മനസ്സിലായിട്ടില്ലെന്നപോലെ ഭാര്യ അയാളുടെ മുഖത്തേക്ക് നോക്കി. അയാള്‍ തിരിച്ചും. അവളുടെ നീലമിഴികളില്‍ ഒരു നിഴല്‍ വീഴുന്നത് അയാള്‍ ശ്രദ്ധിച്ചു.

'ആലോചിച്ചു തീരുമാനിച്ചാല്‍ മതി. ഞാന്‍ പറഞ്ഞുവെന്നേ ഉള്ളൂ' മറുപടി പറയാതെ ശങ്കിച്ചുനിന്ന അവരെ നോക്കി ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയും മറ്റൊരു അബദ്ധം പറ്റാതിരിക്കാനുള്ള മുന്‍കരുതലാണ് താന്‍ നിര്‍ദ്ദേശിച്ചത് എന്ന് ഡോകുറുടെ ചിരിയില്‍ വ്യക്തമാണ്.
ഭാര്യയോടൊപ്പം പുറത്തെ ബെഞ്ചിലിരിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു. തങ്ങള്‍ ആഗ്രഹിച്ചുണ്ടായതല്ല എന്ന കാര്യം ഡോക്ടര്‍ക്ക് മനസ്സിലായിക്കാണും. ശരിയാണ്, ശ്രേയ മോള്‍ മാത്രം മതി എന്ന് തീരുമാനിച്ചിരുന്നതാണ്. ഒരു ഗര്‍ഭധാരണം കൂടി താങ്ങാനുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം വസുമതിക്ക് ഇല്ല എന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ, ഇങ്ങനെ ആയപ്പോള്‍ അതില്‍ നിന്നും പിന്തിരിയാന്‍ അവള്‍ക്കും സമ്മതമായിരുന്നില്ല. തന്റെ ജീവിതസഖിയ്ക്ക് നല്‍കേണ്ട പരിഗണനയില്‍ താന്‍ അശ്രദ്ധ വരുത്തിയോ? അയാള്‍ക്ക് തെല്ലു കുറ്റബോധം തോന്നി.

മുകളിലത്തെ നിലയിലാണ് വാര്‍ഡ്. അയാള്‍ ചുറ്റും കണ്ണോടിച്ചു. നിറവയറുമായി സ്ത്രീകള്‍ വിഷമിച്ചു ഉലാത്തുകയും ഇരിക്കുകയും മറ്റും ചെയ്യുന്നു. അമ്മയാവുക എന്ന ഏകലക്ഷ്യത്തിനായി വേദന കടിച്ചമര്‍ത്തുന്നവര്‍. പ്രകൃതിയുടെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ സര്‍വാത്മനാ സഹകരിക്കുന്നവര്‍! എത്ര മഹത്തരം സ്ത്രീജന്മം! ഒരു ശരീരത്തില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ആത്മാക്കളെ വഹിക്കാന്‍ കെല്‍പ്പുള്ള പ്രകൃതിയുടെ തന്നെ പ്രതിരൂപങ്ങള്‍! അയാളുടെ കണ്ണുകളില്‍ വിന്മയയം പടര്‍ന്നു. കൈപിടിച്ചു കട്ടിലില്‍ ഇരുത്തിയപ്പോള്‍ വസുമതി ഒന്ന് നിശ്വസിച്ചു കൊണ്ട് പറഞ്ഞു.
'ഒന്നും കഴിച്ചില്ലല്ലോ? എന്തെങ്കിലും പോയി കഴിച്ചോളൂ, വല്ല ചായയോ മറ്റോ...' ഏതു പരാധീനതയ്ക്കിടയിലും തന്റെ കാര്യത്തിലുള്ള അവളുടെ ശ്രദ്ധ അയാളെ കരയിപ്പിച്ചു.

'നിനക്ക് കഴിക്കണ്ടേ' അയാള്‍ ചോദിച്ചു.
കുട്ടനും അമ്മയും ഇപ്പോള്‍ എത്തും, പോയിട്ട് വരൂ' അവള്‍ നിര്‍ബന്ധിച്ചു. ഡോക്ടര്‍ പറഞ്ഞ കാര്യത്തെപ്പറ്റി അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ ചോദിച്ചില്ല. ആശുപത്രിയില്‍ സാമാന്യം നല്ല തിരക്ക് തന്നെയുണ്ട്. നഴ്‌സിംഗ് ജീവനക്കാരും മറ്റും സദാസമയം ഓടിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്ക് പതുക്കെ നടക്കാന്‍ പറ്റുന്നുണ്ടാവില്ല എന്നയാള്‍ക്ക് തോന്നി. രോഗികളുടെ കൂട്ടിരിപ്പുകാരും ഇടംവലം നോക്കാതെ ഓട്ടത്തില്‍ തന്നെയാണ്. മരുന്നിനും വിവിധ പരിശോധനകള്‍ക്കും അടിയന്തിര സന്ദര്‍ഭങ്ങളില്‍ ചോരയ്ക്ക്ുവേണ്ടി ദാതാവിനെ തിരക്കിയും മറ്റും...ക്യാഷ്വാലിറ്റിക്ക് പുറത്ത് അസാധാരണമായി ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. വല്ല അപകടവും പറ്റിയ ആളിനെ കൊണ്ടുവന്നതാവും. ചോരവാര്‍ന്ന് കൊണ്ടുവരുന്ന രോഗികളെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് ആശുപത്രികളില്‍ പതിവാണ്. അയാള്‍ എത്തിനോക്കി. ഒരു പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് താഴെ ഇറക്കുന്നു. പത്തുപതിനഞ്ചു വയസ്സ് പ്രായം വരും. കുട്ടിയുടെ വസ്ത്രത്തില്‍ ആകെ ചെളിപുരണ്ടിട്ടുണ്ട്. പലയിടത്തായി അതില്‍ തുളകള്‍ വീണിട്ടുണ്ട്. മുഖത്തിന്റെ ഇടതുവശം ഒരു തുണിവെച്ച് മറച്ചുകെട്ടിയിട്ടുണ്ട്. നെഞ്ചിന്റെ ഭാഗത്തുനിന്നും തുടയില്‍ നിന്നും മറ്റും രക്തം വരുന്നുണ്ട്. കാല്‍മുട്ടിന് താഴെ വച്ച് അവള്‍ ധരിച്ച വസ്ത്രം കീറി മാറ്റപ്പെട്ടിട്ടുണ്ട്. കണങ്കാലില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നു. ആശുപത്രി ജീവനക്കാരന്‍ കൊണ്ടുവന്ന വീല്‍ചെയറില്‍ ഇരുത്തി കുട്ടിയെ വേഗം അകത്തേക്ക് കൊണ്ടുപോയി. പട്ടിയുടെ കടിയേറ്റു കൊണ്ടുവന്നതാണെന്ന് ഓട്ടോ ഡ്രൈവര്‍ അവിടെ കൂടിയവരോടായി പറഞ്ഞു. സ്‌കൂളില്‍ പോകുന്ന കൂട്ടിയെ പട്ടികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നത്രെ! കേട്ടവര്‍ ഒക്കെയും പട്ടികളെ പഴിക്കാന്‍ തുടങ്ങി. പട്ടികളെ നശിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി പരാതി പറയുന്നവരാണ് അധികവും. മൃഗസ്‌നേഹികളെ ശപിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍.

ശരിയാണ്, തെരുവില്‍ അലയുന്ന പട്ടികള്‍ ഇപ്പോള്‍ ഒരു സാമൂഹിക പ്രശ്‌നം തന്നെ ആയിരിക്കുന്നു. പക്ഷെ, ഈയടുത്ത കാലത്തായി ഇവറ്റകള്‍ കൂടുതല്‍ അക്രമകാരികളായതിന്റെ രഹസ്യമാണ് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്. പ്രശനങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സര്‍ക്കാര്‍ അതിനു പോംവഴി കണ്ടെത്തിയിരിക്കുന്നു! അയാള്‍ ABC എന്ന ത്രയാക്ഷരങ്ങള്‍ ഓര്‍ത്തെടുത്തു.. വന്ധ്യംകരണം എന്നതിനു മറ്റൊരു മൃഗഭാഷ്യം! മുഖ്യമായും പെണ്‍പട്ടികളെയാണ് വന്ധ്യംകരിക്കുന്നത്. പ്രതികരിക്കാന്‍ അറിയാത്തവരുടെ മൗനം സമ്മതമാകുന്നു. അയാള്‍ ഭാര്യയെ ഓര്‍ത്തു. നേരത്തെ ഡോക്ടര്‍ പറഞ്ഞതും ഇതിനുസമാനമായ പദം തന്നെയായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ സാധ്യതകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു അയാളപ്പോള്‍.' വന്ധ്യംകരണം* എന്ന അല്‍പ്പം ഭീതിതമായ പദം ആംഗലേയത്തിലെ മുന്നക്ഷരങ്ങളെക്കൊണ്ട് എത്രകണ്ട് ലഘൂകരിക്കാന്‍ സാധിക്കുന്നു!

ആശുപത്രി ക്യാന്റീനില്‍ തിരക്ക് അല്‍പ്പം കുറവുണ്ട്. ഭക്ഷണത്തിനു ഓര്‍ഡര്‍ നല്‍കി ഇരിക്കുന്നവര്‍ക്ക് കാണാനായി വലിയ ടി.വി വച്ചിട്ടുണ്ട്. അതില്‍ വാര്‍ത്താസംപ്രേക്ഷണം ദൃശ്യമാകുന്നുണ്ട്. പ്രധാന വാര്‍ത്തകള്‍ സമകാലീന രാഷ്ട്രീയ കോലാഹലങ്ങളും മറ്റും വാര്‍ത്തയായി വരുന്നു. കേരളത്തില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള ബൃഹത് പദ്ധതികളുടെ ഉത്ഘാടനം നിര്‍വഹിക്കുന്ന നേതാക്കളുടെ ചിത്രം സ്‌ക്രീനില്‍ തിരയടിക്കുന്നുണ്ട്. ഇതിനിടയില്‍, സംസ്ഥാന ഗവര്‍ണ്ണറുടേതായി ചില പ്രസ്താവനകള്‍ ബിഗ് ബ്രേക്കിംഗ് ആയി വരുന്നു. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ഗവര്‍ണ്ണറുടെ പത്രസമ്മേളനം നടക്കുകയാണ്. സര്‍വകലാശാല പിടിച്ചെടുക്കുന്നതിനായി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണ്ണറെ മാറ്റി നിര്‍ത്താനായി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നു എന്നതാണ് ആക്ഷേപത്തിന് കാരണമായ ഒന്ന്. മറ്റൊന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിമതി തടയുന്നതിനായി നിയമിക്കപ്പെട്ട ലോകായുക്തയ്ക്ക് നിയമനിര്‍മ്മാണ സഭ പാസ്സാക്കി നല്‍കിയ അധികാരം എടുത്തുമാറ്റി പകരം രാഷ്ട്രീയക്കാര്‍ക്ക് പ്രസ്തുത അധികാരം നല്‍കുന്ന പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു എന്നുള്ളതാണ്. ഈ രണ്ടു ബില്ലുകളിലും താന്‍ ഒപ്പു വെക്കില്ലെന്നു ഗവര്‍ണ്ണര്‍ നയം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും സഹമന്ത്രിമാരും രാഷ്ട്രീയ യാത്രികരും സഹയാത്രികരും ഗവര്‍ണറെ എതിര്‍ത്തും അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കാന്‍ മത്സരിക്കുന്നൂണ്ട്.

ഇതും ഒരു തരത്തില്‍ വന്ധ്യംകരണ പ്രകിയ തന്നെ. ഭരണപക്ഷം ലോകായുക്തയെയും ചാന്‍സലറായ ഗവര്‍ണറെയും വന്ധ്യംകരിച്ചു എന്നുള്ളതാണ് പ്രതിപക്ഷ ആക്ഷേപം. വന്ധ്യംകരണം സ്വേച്ഛാധിപത്യത്തിന്റെ മര്‍ദ്ദന മുറയാണ് എന്നയാള്‍ക്ക് തോന്നി.

മൊബൈല്‍ ഫോണിന്റെ മുഴക്കം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. കുട്ടനാണ്, അവളുടെ സഹോദരന്‍. വസുമതിക്ക് പ്രസവവേദന വന്നു. ബോര്‍ഡില്‍ കയറ്റി. ഡോക്ടര്‍ അന്വേഷിക്കുന്നു. വാര്‍ഡിനു മുന്‍പില്‍ കിതച്ചെത്തിയ അയാളുടെ നേരെ ചില കടലാസുകള്‍ നീട്ടിക്കൊണ്ടു നഴ്‌സ് പറഞ്ഞു.'അതിലെല്ലാം ഒപ്പിടണം, അവസാനത്തെ രണ്ടെണ്ണം PPS അപേക്ഷയും സമ്മതപത്രവുമാണ്. ഭാര്യ ഒപ്പിട്ടതിനു താഴെ ഭര്‍ത്താവ് ഒപ്പിടണം' അയാള്‍ പേപ്പറിലൂടെ കണ്ണോടിച്ചു. അവള്‍ സമ്മതിച്ചിരിക്കുന്നു! ഇനി തന്റെ സമ്മതം കൂടി കിട്ടിയാല്‍ വന്ധ്യംകരണം നടക്കും. അയാളുടെ മനസ്സില്‍ അല്‍പ്പനേരം മുന്‍പ് കണ്ട ടിവി ദൃശ്യങ്ങള്‍ മായാതെ നിന്നു. ചടുലമായ ഭാഷയില്‍ പവിത്രമായ ഭരണഘടനയെ മുറിവേല്‍ല്‍പ്പിക്കുന്ന ഒരു നിയമനിര്‍മ്മാണത്തിലും ഞാന്‍ ഒപ്പിടില്ല എന്ന് അസന്നിഗ്ദവും ഉറച്ചതുമായ സ്വരത്തില്‍ ഗവര്‍ണ്ണര്‍ പ്രഖ്യാപിക്കുന്നു. വിറയ്ക്കുന്ന കൈകളില്‍ അവസാനത്തെ രണ്ടു കടലാസുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഉറച്ച സ്വരത്തില്‍ അയാള്‍ പ്രഖ്യാപിച്ചു: 'ദൈവദത്തവും ഉത്കൃഷ്ടവുമായ ഒരു ഘടനയെയും മുറിവേല്‍പ്പിക്കുന്ന ഒന്നിലും ഞാന്‍ ഒപ്പിടില്ല.'


Content Highlights: C.S Narayanan. Oppu, Short Story, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented