തലയില്‍ പാമ്പുകടിയേറ്റ പെണ്‍കുട്ടിയെ തക്കസമയത്ത് രക്ഷിച്ച മേലയില്‍ ശങ്കരന്‍ വൈദ്യര്‍!


ഡോ. സന്തോഷ് രാജഗോപാല്‍എഴുന്നേറ്റപ്പോള്‍ കണ്ണു തുറക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു ബഹളം. കാര്യം, വൈകീട്ട് ഗൃഹപാഠം ചെയ്യാതെ ഇരുന്നതിന് വഴക്ക് പറഞ്ഞിരുന്നു. അതിന് മന:പൂര്‍വം പറയുക ആയിരിക്കും എന്ന് കരുതി.

ചിത്രീകരണം : ബാലു

ഡോ. സന്തോഷ് രാജഗോപാല്‍ എഴുതുന്ന നവഐതിഹ്യമാലയുടെ മൂന്നാം അധ്യായം.
(ഈ കഥകള്‍ പൂര്‍ണമായും സാങ്കല്പികമാണ്. ചുരുക്കം ചില സ്ഥലപേരുകള്‍ ഒഴിച്ചാല്‍വെറും ഭാവനാസൃഷ്ടി.നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നു കഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് ഈ കഥകള്‍.)

ഴിഞ്ഞ പ്രബന്ധങ്ങളില്‍ ഒന്നില്‍ മേലയില്‍ ശങ്കരന്‍ വൈദ്യരെ പറ്റി പരാമര്‍ശിച്ചത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ആ പ്രബന്ധം പ്രസിദ്ധീകരിച്ചത് മുതല്‍ അദ്ദേഹത്തിന്റെ അനിതരസാധാരണമായചികിത്സാനൈപുണ്യത്തെ പറ്റി എഴുതണം എന്ന് പഴയ തലമുറക്കാരായ നാട്ടുകാര്‍ ആവശ്യപ്പെട്ടു വരുന്നു. അദ്ദേഹത്തെ പറ്റി അവര്‍ക്ക് പോലും കേട്ടറിവ് മാത്രമേ ഉള്ളു എന്നതിനാല്‍ ആണ് അതിന് ഉടനെ പുറപ്പെടാതെ ഇരുന്നത്. എന്നാല്‍ ഈയിടെ അദ്ദേഹത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ അച്ചടിച്ച ഒരു സ്മരണിക കണ്ടെടുക്കുക ഉണ്ടായി. മേലയില്‍ തറവാട്പൊളിച്ചപ്പോള്‍ നഗരത്തിലെ പുതിയ വീട്ടിലേക്ക് കൊണ്ട് വന്ന ഒരു അലുമിനിയം പെട്ടിയുടെ ഉള്ളില്‍ പകുതി ചിതല്‍ അരിച്ച നിലയില്‍ ആണ് ഇത് കാണപ്പെട്ടത്. ഇത് അവിടുത്തെ ഇന്നത്തെ തലമുറക്കാര്‍ ഈ ലേഖകന്റെ കയ്യില്‍ ഏല്പിക്കുക ഉണ്ടായി. അതിന് അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ട്. സ്മരണികയില്‍ പരാമര്‍ശിക്കുന്ന പല രോഗികളുടെയും ഇന്നത്തെ തലമുറയില്‍ പെട്ട ആള്‍ക്കാരുമായി സംസാരിക്കാനും വിവരങ്ങള്‍ ശേഖരിക്കുവാനും കഴിഞ്ഞത് വലിയ ഭാഗ്യമായി ഈ ലേഖകന്‍ കരുതുന്നു. ഇവരില്‍ നിന്നും നാട്ടില്‍ പ്രചരിച്ചു വരുന്ന പല കഥകളില്‍ നിന്നും ആണ് ഈ പ്രബന്ധം തയ്യാറാക്കിയത്. അതിശയോക്തിപരവും യുക്തിസഹമല്ലാത്തതും ആയ ചില കഥകള്‍ വിസ്തരഭയത്താല്‍ ഒഴിവാക്കിയത് വായനക്കാര്‍ ക്ഷമിക്കുമല്ലോ.

മേലയില്‍ തറവാട് പല തലമുറകളായി ആയുര്‍വേദ ചികിത്സ നടത്തി വരുന്ന ചിതരാള്‍ പ്രദേശത്തെ ഒരു കുടുംബം ആണ്. ആധുനിക കാലഘട്ടത്തില്‍ ഇവിടുത്തെ അംഗങ്ങള്‍ വിധിപ്രകാരം ആയുര്‍വേദം അഭ്യസിച്ചിരുന്നു. ശങ്കരന് സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ആധുനിക വൈദ്യം പഠിക്കാന്‍ ആയിരുന്നു താത്പര്യം. എന്നാല്‍ കുടുംബ പാരമ്പര്യം നിലനിര്‍ത്തുന്നതിനും കുടുംബ വകയായ ഔഷധ നിര്‍മ്മാണ ശാല നടത്തുന്നതിനും ആയുര്‍വേദം തന്നെ പഠിക്കണം എന്ന അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം തൃശൂര്‍ ജില്ലയിലെ തൈക്കാട്ടു മൂസിന്റെ ആയുര്‍വേദ കലാലയത്തില്‍ ചേര്‍ന്ന് യഥാസമയം ബിരുദം കരസ്ഥമാക്കി. വാക്ക് പാലിച്ച സ്ഥിതിക്ക് ഇനി തന്റെ ഇഷ്ടംപരിഗണിച്ച് ആധുനിക വൈദ്യം കൂടി പഠിക്കണം എന്ന് ശങ്കരന്‍ നിര്‍ബന്ധം പിടിച്ചു. ആയുര്‍വേദം പഠിച്ചവര്‍ക്ക് ആധുനിക ശാസ്ത്രം അഭ്യസിക്കാന്‍ പ്രത്യേക സംവിധാനംഉണ്ടായിരുന്നത് ശങ്കരന് സൗകര്യം ആയി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യവിദ്യാഭ്യാസത്തിന് ശേഷം സ്വന്തം ഭവനത്തോട് അനുബന്ധിച്ച് ചികിത്സാമുറിയും തുറന്നു. ആദ്യകാലത്ത് പാരമ്പര്യ ചികിത്സയ്ക്ക് മാത്രം ആണ് രോഗികള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വര്‍ധിക്കുകയും ആധുനികവും പരമ്പരാഗതവും ആയ എല്ലാ ചികിത്സകള്‍ക്കും ജനങ്ങള്‍ മേലയില്‍ വീട്ടില്‍ എത്താന്‍ തുടങ്ങുകയും ചെയ്തു. ഇത്രയും കൈപുണ്യവും പാണ്ഡിത്യവും ഉള്ള ഭിഷഗ്വരന്മാര്‍ അന്നത്തെ കാലത്ത് എന്നല്ല, ഇന്നും ഉണ്ടോ എന്ന് സംശയമാണ്. എന്ന് തന്നെ അല്ല, കരുണ, ഭൂതദയ, നിസ്വാര്‍ത്ഥത എന്നീ ഗുണങ്ങളും അദേഹത്തിന് സ്വതസിദ്ധമായി ഉണ്ടായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ അദ്ദേഹം യാതൊരു നിര്‍ബന്ധവും കാണിച്ചിരുന്നില്ല. മാത്രമല്ല, പാവപ്പെട്ട രോഗികള്‍ക്ക് അങ്ങോട്ട് പണം നല്‍കുകയും ചെയ്തിരുന്നു. ശ്രീ ശങ്കരന്റെ ചികിത്സാ നൈപുണ്യത്തെ പറ്റി ഉള്ള കഥകള്‍ നിരവധി ആണെന്ന് മുന്‍പേ സൂചിപ്പിച്ചുവല്ലോ. അതില്‍ കുറച്ച് സംഭവകഥകള്‍ പറയാം എന്ന് കരുതുന്നു.

ചിതരാള്‍ ദേവിയുടെ പരമഭക്തന്‍ ആയിരുന്നു ശങ്കരന്‍ വൈദ്യര്‍ എന്ന് നടേ പറഞ്ഞല്ലോ. ദിവസവും കാലത്ത് എഴുന്നേറ്റ് ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുതിട്ടേ അദ്ദേഹം ചികില്‍സ ആരംഭിക്കാറുള്ളൂ. അക്കാലത്ത്മേലയില്‍ വീട് ക്ഷേത്രത്തിന്റെ അടുത്തായിരുന്നത് കൊണ്ട് ക്ഷേത്രദര്‍ശനം മുടങ്ങാതെ ഇരിക്കുകയും ചെയ്തു. ഇപ്രകാരം ഒരു ദിവസം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം കടന്ന് അദ്ദേഹം നടന്ന് വരവേ, വളരെ പരിഭ്രമിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഓടി വരുന്നത് കണ്ടു. അയാളുടെ പരിഭ്രാന്തി കണ്ട വൈദ്യര്‍ വേഗം അയാളുടെ അടുത്തേക്ക് ചെന്നു. ദിലീപന്‍ എന്നായിരുന്നു അയാളുടെ പേര്. കിതപ്പ് മാറുന്നതിന്റെ ഇടയില്‍ ദിലീപന്‍ പറഞ്ഞ കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു.

ചിത്രീകരണം : ബാലു

'കല്യാണം കഴിഞ്ഞു അഞ്ചു വര്‍ഷത്തിന് ശേഷം ആണ് ഒരാണ്‍കുഞ്ഞ് ജനിച്ചത്. വളരെ ചികിത്സകളും പ്രാര്‍ത്ഥനകളും നടത്തി ജനിച്ച കുട്ടി. ഇപ്പോള്‍ ഒന്നര വയസ്സായി. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വലത്കയ്യില്‍ തൊലിപ്പുറത്ത് ചെറിയ നിറവ്യത്യാസം കണ്ടു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നെ അത് പല ഭാഗങ്ങളില്‍ ആയി കണ്ടു. കുറച്ചു ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ആണ് അത് രക്തം പൊടിയുന്നതാണ് എന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. പിന്നീട് പല ആശുപത്രികളില്‍ ആയി പരിശോധനകളും ചികിത്സകളും നടന്നു. എന്നാല്‍ രോഗത്തിന് ശമനം കണ്ടില്ല. എന്നു തന്നെയല്ല, നാള്‍ക്കുനാള്‍ രോഗം മൂര്‍ഛിക്കുന്ന അവസ്ഥ ആണ് ഉണ്ടായത്. ഇത് കേട്ട വൈദ്യര്‍ അയാളെ സമാധാനിപ്പിച്ചു ,കുട്ടിയെ കൊണ്ട് വരാന്‍ പറഞ്ഞയച്ചു.

കുറച്ചു നാഴിക ചെന്നപാടെ, ശരീരം മുഴുവന്‍ കറുത്ത പാടുകള്‍ ഉള്ള പരിക്ഷീണനായ ഒരു കുഞ്ഞുമായി ദിലീപനും ഭാര്യയും എത്തി.
ശങ്കരന്‍ കുട്ടിയെ പരിശോധിച്ചു. പിന്നീട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഒന്ന് കുട്ടിയുടെ ഭക്ഷണ രീതിയെ പറ്റി ആയിരുന്നു.
വളരെ വര്‍ഷങ്ങളായി കാത്തിരുന്നു കിട്ടിയ കുഞ്ഞായത് കൊണ്ട് അതീവ വാത്സല്യതോടെ ആണ് അവര്‍ വളര്‍ത്തിയിരുന്നത്. ഒരു വയസ്സായപ്പോള്‍ അമ്മയുടെ പാല്‍ നിര്‍ത്തി. പിന്നീട് കൊടുത്ത ഒന്നും കുഞ്ഞിന് ഇഷ്ടപ്പെടുക ഉണ്ടായില്ല. യാദൃശ്ചികമായി ഇഡ്ഡലി കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ടതായി തോന്നി. പിന്നീട് മൂന്ന് നേരവും അത് തന്നെയാണ് കുഞ്ഞിന്റെ ഭക്ഷണം.
ഇത് കേട്ട വൈദ്യര്‍ കുഞ്ഞിനെ വീണ്ടും വിശദമായി പരിശോധിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.

'ഇത് നോക്കിയിട്ട് ഭക്ഷണത്തിന്റെ പ്രശ്‌നം ആയി തോന്നുന്നു. അവശ്യം വേണ്ട ജീവകങ്ങള്‍ കുട്ടിക്ക്കിട്ടുന്നില്ല. പ്രത്യേകിച്ചും ജീവകം സി. അത് കൊണ്ടാണ് ചോര പൊടിയുന്നത്. നിങ്ങള്‍ കരുതുന്ന പോലെ ഇത് ഒരു മാരകരോഗം അല്ല. '
ഇത് കേട്ട് വിശ്വാസം വരാതെ ദിലീപന്‍ ചോദിച്ചു
'എന്താണ് ചികില്‍സ ? '
ശങ്കരന്‍ ഇപ്രകാരം പറഞ്ഞു.
'തത്കാലത്തേക്ക് കുറച്ചു ഗുളിക കുറിച്ചു തരാം. പിന്നെ നെല്ലിക്ക, നാരങ്ങ ഒക്കെ ധാരാളം കൊടുക്കൂ. അത്രേ വേണ്ടു.'
ഇത് കേട്ട ആ യുവദമ്പതികള്‍ അത്യന്തം ആഹ്ലാദത്തോടെ അവിടെ നിന്നും പോയി. എന്തിനേറെ പറയുന്നു, ഏതാനും ആഴ്ചകള്‍ക്കകം തന്നെ കുഞ്ഞ പൂര്‍വാധികം ആരോഗ്യത്തെ പ്രാപിച്ചു.
മേലയില്‍ ശങ്കരന്റെ കൈപുണ്യത്തിന്റെ പ്രശസ്തി വാനോളം ഉയരുകയും ചെയ്തു.

രാവെന്നോ പകല്‍ എന്നോ വ്യത്യാസം ഇല്ലാതെ രോഗികള്‍ക്ക് കയറി ചെല്ലാവുന്ന ഇടം ആയിരുന്നു മേലയില്‍ വീട്. ഒരിക്കല്‍ പാതിരാത്രിയോട് അടുപ്പിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസുള്ള ഒരു പെണ്‍കുട്ടിയെയും കൊണ്ട് നാലഞ്ച് പേര്‍ മേലയില്‍ വീട്ടില്‍ എത്തി. ഉറക്കച്ചടവോടെ വാതില്‍ തുറന്ന ഭീഷഗ്വരന്‍ കാര്യം തിരക്കി. ആ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
'ഞങ്ങള്‍ ഇവിടെ നിന്നും കുറച്ച് അകലെ ആണ് താമസം. ഉറങ്ങാന്‍ കിടന്ന കുട്ടിയാണ്. രാത്രി മൂത്രം ഒഴിക്കാന്‍ എഴുന്നേല്‍കുന്ന പതിവ് ഉണ്ട്. അങ്ങിനെ എഴുന്നേറ്റപ്പോള്‍ കണ്ണു തുറക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു ബഹളം. കാര്യം, വൈകീട്ട് ഗൃഹപാഠം ചെയ്യാതെ ഇരുന്നതിന് വഴക്ക് പറഞ്ഞിരുന്നു. അതിന് മന:പൂര്‍വം പറയുക ആയിരിക്കും എന്ന് കരുതി. ഇടയ്ക്ക് വഴക്ക് പറഞ്ഞാല്‍ പിറ്റേന്ന് വയറുവേദന പറയലും സ്‌കൂളില്‍ പോകാതെ ഇരിക്കലും ഉണ്ട്.
അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. അവര്‍ നോക്കിയിട്ട്, കുഴപ്പം ഒന്നും ഇല്ല. കുട്ടി കുറുമ്പ് കാണിക്കുക ആണെന്ന് ആണ് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു. ഇവളുടെ അമ്മക്ക് എന്തോ പരിഭ്രമം മാറുന്നില്ല. അത് കൊണ്ടാണ് രാത്രി തന്നെ പോന്നത് '
ശങ്കരന്‍, ആ പെണ്‍കുട്ടിയെ വിശദമായി പരിശോധിച്ചു. എന്നിട്ട് ഇപ്രകാരം ചോദിച്ചു.
'പാതിരാത്രി എഴുന്നേറ്റ് കുട്ടി വെറും വാക്ക് പറയും എന്ന് തോന്നുന്നില്ല. ആട്ടെ നിങ്ങളുടെ വീട് എപ്രകാരം ഉള്ളതാണ്?''
'ചെറ്റപുര ആണ് വൈദ്യരെ. കൂലിപ്പണിക്കാര്‍ ആണ്.'എന്ന് അച്ഛന്‍ മറുപടി പറഞ്ഞു.
'നിലമോ 'എന്നായി വൈദ്യന്‍.
'ചാണകം മെഴുകിയതാണ് ' എന്നായി കുടുംബക്കാര്‍.
ഇതെല്ലാം കേട്ട് വൈദ്യര്‍ തെല്ലുനേരം ആലോചനയില്‍ മുഴുകി. പിന്നെ ഇങ്ങനെ പറഞ്ഞു.
'ഇതില്‍ ഇനി ഒന്നും സംശയിക്കാന്‍ ഇല്ല. കുട്ടിയെ പാമ്പ് കടിച്ചിരിക്കുന്നു. മൂര്‍ഖന്‍ ആയിരിക്കും. ഉടനെ മറുമരുന്ന് ചെയ്യണം. ഞാന്‍ തൃശ്ശിവപെരുര്‍ മെഡിക്കല്‍ കോളേജിലേക്ക് എഴുത്ത് തരാം. വേഗം വാഹനം ഏര്‍പ്പാട് ചെയ്യൂ. പിന്നെ ഒരു കാര്യം. അവിടെ ചെന്നാല്‍ കുട്ടിയുടെ മുടി മുഴുവന്‍ വടിച്ചു നോക്കാന്‍ പറയണം. '

തുടര്‍ന്ന് വൈദ്യര്‍ നിര്‍ദേശിച്ചത് പോലെ ആ കുടുംബം പ്രവര്‍ത്തിച്ചു. കുട്ടിയുടെ തലയില്‍ പാമ്പ് കൊത്തിയ മുറിവ് കണ്ട മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ശങ്കരന്‍ വൈദ്യരെ വാനോളം പുകഴ്ത്തി. കുട്ടിയുടെ ജീവന്‍ തലനാരിഴയ്ക്ക് തിരിച്ചു കിട്ടിയ ആ കുടുംബം അത്യധികം ആഹ്ലാദത്തോടെ വൈദ്യരെ വന്നു കണ്ടു എന്നും ഒരു വലിയ തുക സമ്മാനം ആയി കൊടുത്തു എന്നും വൈദ്യര്‍ അവരുടെ സ്ഥിതി മനസ്സിലാക്കി അത് നിരസിച്ചു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലാക്കിയവര്‍ക്ക് അതില്‍ ഒട്ടും അത്ഭുതത്തിന് വകയില്ല തന്നെ.

ഇത്രയും കൈപുണ്യവും ബുദ്ധിശക്തിയും ഉള്ള അദ്ദേഹം തോറ്റുപോയ ഒരു സന്ദര്‍ഭം കൂടി പറഞ്ഞിട്ട് ഈ പ്രബന്ധം നിര്‍ത്താം എന്ന് കരുതുന്നു. സ്മരണികയില്‍ മറുപടി പ്രസംഗം എന്ന പേരില്‍ അദ്ദേഹം തന്നെയാണ് ഇത് എഴുതിയിരിക്കുന്നത്എന്നത് കൊണ്ട് ഈ കഥ വിശ്വസിക്കാതെ വയ്യ. അതേ സമയം വളരെ അദ്ഭുതകരമായ സംഭവങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വായനക്കാര്‍ അവരുടെ യുക്തിക്ക് അനുസരിച്ച് മനസ്സിലാക്കേണ്ടതിലേക്ക് ചുരുക്കി പറയുന്നു.അത് ഇപ്രകാരം ആണ്.
വൈദ്യരുടെ വാക്കുകളില്‍...

ചിത്രീകരണം : ബാലു

' ചെറുപ്പം മുതലേ ചിതരാള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ കാണാറുണ്ടായിരുന്ന ആളാണ് കുഞ്ഞുണ്ണി എന്ന് വിളിക്കപ്പെട്ടിരുന്ന പ്രകാശന്‍. ക്ഷേത്രപരിസരത്തെ കാട് വെട്ടുക, മതില്‍ വൃത്തിയാക്കുക ഇങ്ങനത്തെ പുറം പണി ആണ് ചെയ്തിരുന്നത്. വൈകുന്നേരം ആയാല്‍ സാമാന്യം തരക്കേടില്ലാതെ മദ്യപിക്കും. എങ്കിലും ജോലിയില്‍ കൃത്യത ഉണ്ടായിരുന്നത് കൊണ്ട് ക്ഷേത്രം സമിതി അയാളെ താക്കീത് ചെയ്തത് അല്ലാതെ വേറെ നടപടി ഒന്നും എടുത്തില്ല. ഇങ്ങനെ ഇരിക്കുമ്പോള്‍ ആണ് അയാള്‍ക്ക് തൊലിപ്പുറത്ത് ഒരു നിറവ്യത്യാസം കണ്ടത്. എന്നെ തന്നെ ആണ് ആദ്യം കാണിച്ചത്. ചില്ലറ മരുന്നുകള്‍ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഭാഗത്ത് തൊട്ടാല്‍ അറിയാതെ ആയി. അപ്പോള്‍ തന്നെ വിശദ പരിശോധനയ്ക്ക്അയച്ചു. അതില്‍ കുഷ്ഠം ആണെന്ന് കണ്ടെത്തി. അതില്‍ പരിഭ്രമിക്കേണ്ട എന്നും മരുന്ന് കഴിച്ചാല്‍ മാറാവുന്നതെ ഉള്ളു എന്നും ഞാന്‍ അയാളെ സമാധാനിപ്പിച്ചു. അന്ന് ലഭ്യമായിരുന്ന ഏറ്റവും നല്ല മരുന്നുകള്‍ നല്‍കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അസുഖം മൂര്‍ച്ഛിക്കുക ആണ് ഉണ്ടായത്. പതുക്കെ വ്രണങ്ങള്‍ വന്നു. ഞാന്‍ കുറെ പറഞ്ഞു നോക്കി എങ്കിലും ക്ഷേത്രത്തിലെ ജോലി നഷ്ടപ്പെട്ടു. കുറച്ചു നാള്‍ ചെന്നപ്പോള്‍ അയാളുടെ കുടുംബം പോലും ഉപേക്ഷിച്ചു പോയി. എനിക്ക് ഇതില്‍ വലിയ മനസ്താപം ഉണ്ടായി. എന്നും തൊഴാന്‍ നില്‍ക്കുമ്പോള്‍ കാര്‍ത്യായനി ദേവിയോട് കുഞ്ഞുണ്ണിയുടെ കാര്യം പറയും. അസുഖം കൂടുന്ന സമയത്ത് കുഞ്ഞുണ്ണി എന്നെ വന്ന് കാണും. എല്ലാ രോഗികളും പോയി കഴിഞ്ഞു ഇരുട്ടത്ത് കാത്ത് നിന്നാണ് കാണുക. ഒരു വലിയ പറമ്പില്‍ ഒറ്റപ്പെട്ട വീട്ടില്‍ ആണ് കുഞ്ഞുണ്ണി താമസിച്ചിരുന്നത്. കുറച്ച് മാസങ്ങളായി ആളെ കാണാത്തത് കൊണ്ട് ക്ഷേത്രത്തില്‍ നിന്നും വരുന്ന വഴി ഞാന്‍ അയാളുടെ വീട്ടില്‍ കയറി. തികച്ചും ഉന്മേഷവാനായി ഇരിക്കുന്ന കുഞ്ഞുണ്ണിയെ ആണ് ഞാന്‍ കണ്ടത്. എന്നെ കണ്ടതും വലിയ സന്തോഷമായി.

'വൈദ്യരെ, ദേവി കാത്തുന്നാ തോന്നണത്.' എന്ന് പറഞ്ഞു കൊണ്ട് തന്റെ വ്രണങ്ങള്‍ ഉണങ്ങി തുടങ്ങിയത് കാണിച്ചു തന്നു. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. അയാള്‍ ഏതാണ്ട് രോഗവിമുക്തനായി കൊണ്ടിരിക്കുന്നു. എന്താണ് പ്രത്യേകമായി ചെയ്തത് എന്ന് ഞാന്‍ ആരാഞ്ഞു. കുഞ്ഞുണ്ണി പറഞ്ഞ കാര്യങ്ങള്‍ അതു പോലെ ഞാന്‍ പകര്‍ത്തുന്നു.
'വൈദ്യരെ... കുറച്ച് ആഴ്ച മുന്‍പ് സന്ധ്യക്ക് ശേഷം അങ്ങയെ കാണാം എന്ന് കരുതി നടന്ന് വരിക ആയിരുന്നു. പടിഞ്ഞാറേ ഇടവഴി തിരിഞ്ഞതും കാലില്‍ ശക്തമായ വേദന തോന്നി. നോക്കിയപ്പോള്‍ ഒരു പാമ്പ് കടിച്ചിരിക്കുന്നു. നിന്ന നില്‍പ്പില്‍ ഞാന്‍ ആലോചിച്ചു. ആര്‍ക്കും വേണ്ടാത്ത ഈ ജന്മം എന്തിനാണ്. ഭാര്യയും കുട്ടികളും പോലും ഉപേക്ഷിച്ചു. രോഗം മാറുന്നുമില്ല. എന്തും വരട്ടെ. ഇങ്ങനെ കരുതി ഞാന്‍ അവിടെ തന്നെ നിന്നു. പാമ്പ് പോയി കഴിഞ്ഞപ്പോള്‍ അവിടെ നിന്നും പോന്നു. അങ്ങയെ കാണാതെ തന്നെ മരണവും പ്രതീക്ഷിച്ചു കയറി കിടന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ ആണ് മരിച്ചില്ല എന്ന് ബോധ്യപെട്ടത്. അന്ന് തൊട്ട് എന്റെ മുറിവ് ഒക്കെ ഉണങ്ങി തുടങ്ങി. ഇപ്പോള്‍ വലിയ ആശ്വാസം ഉണ്ട് '.

ഇക്കാര്യം ഇത്‌വരെ പറയാതെ ഇരുന്നത് അനാവശ്യമായ അന്ധവിശ്വാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാവാതെ ഇരിക്കാന്‍ വേണ്ടി ആണ്. അദ്ദേഹത്തിന്റെ രോഗം മാറിയത് മരുന്നുകൊണ്ടും ഭാഗ്യം കൊണ്ടും ആണ് എന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്. ഇന്ന് ഇപ്പോള്‍ കുഷ്ഠത്തിന് വളരെ ഫലപ്രദമായ ആധുനിക മരുന്നുകള്‍ ഉള്ളത് കൊണ്ടും സാധാരണ ജനങ്ങളുടെ അറിവ് വര്‍ധിച്ചത് കൊണ്ടും ഇത്തരം വിശ്വാസം ഉണ്ടാവില്ല എന്നത് കൊണ്ടാണ് ഈ കഥ ഒരു കൗതുകം ആയി ഇവിടെ ചേര്‍ക്കുന്നത്.'

ഇങ്ങനെ ഒട്ടനവധി കഥകള്‍ അദ്ദേഹത്തെപ്പറ്റി പ്രചാരത്തില്‍ ഉണ്ട്. ഏതായാലും ചിതരാള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കണ്‍കണ്ട ദൈവം ആയിരുന്നു അദ്ദേഹം. തന്റെ എണ്‍പതാം പിറന്നാളിന് ഏതാനും മാസം മുന്‍പ് അന്തരിച്ച അദ്ദേഹത്തിന്റെ കുടുംബത്തില്‍ ആരും ആ തൊഴില്‍ സ്വീകരിക്കുക ഉണ്ടായില്ല. രണ്ടാമത്തെ പുത്രനെ പറ്റി മുന്‍പൊരു ലേഖനത്തില്‍ പരാമര്‍ശിച്ചുവല്ലോ. മൂത്ത മകന്‍ സൈനിക സേവനത്തിന് ശേഷം ഉത്തരേന്ത്യയില്‍ എവിടെയോ താമസമാക്കി എന്നാണ് അറിവ്.
അന്ന് കണ്ടെടുത്ത സ്മരണികയില്‍ പേര് എഴുതാത്ത ഒരു കവി രചിച്ച ശങ്കരന്‍ വൈദ്യര്‍ക്ക് സമര്‍പ്പിച്ച മംഗളപത്രത്തില്‍ നിന്നും ഏതാനും വരികള്‍ പകര്‍ത്തി എഴുതി ഈ പ്രബന്ധം ഉപസംഹരിക്കട്ടെ.

'മേലെ ഉദിച്ചു നില്‍ക്കും സൂര്യനെപ്പോല്‍
മേലയില്‍ ശങ്കരന്‍ വൈദ്യര്‍ ജ്വലിക്കയല്ലേ
മേല്‍ക്കുമേല്‍ അനുഗ്രഹം ചൊരിയട്ടെ- ചിതരാള്‍
മേവുന്ന ദേവീ കാര്‍ത്യായനി, അംബികെ.'

Content Highlights: Dr. Santhosh Rajagopal, Navaitheehyamala, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented