'അന്തര്‍ജനമായി വേഷം മാറിയത് എങ്ങനെയെന്ന് സമയം കിട്ടുമ്പോള്‍ പറഞ്ഞുതരണം' I നവഐതിഹ്യമാല


ഡോ. സന്തോഷ് രാജഗോപാല്‍

ഈ കഥകള്‍ പൂര്‍ണമായും സാങ്കല്പികമാണ്. ചുരുക്കം ചില സ്ഥലപേരുകള്‍ ഒഴിച്ചാല്‍ വെറും ഭാവനാസൃഷ്ടി...നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നുകഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് ഈ കഥകള്‍. ഡോ. സന്തോഷ് രാജഗോപാല്‍ എഴുതുന്ന നവ ഐതിഹ്യമാലയുടെ ആറാം ഭാഗം വായിക്കാം. 

ചിത്രീകരണം: ബാലു

ചിതരാള്‍ പ്രദേശം ഉള്‍പ്പെടുന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഇടനിലശ്ശേരി സ്വരൂപത്തെ പറ്റി മുന്‍പേ സൂചിപ്പിച്ചുവല്ലോ. നടേ പറഞ്ഞ സ്വരൂപം രേഖകളില്‍ നിന്നും കണ്ട് കിട്ടിയ ഒരു കഥ ആണ് ഇവിടെ പറയുന്നത്. പാട്ട് വഴി പ്രചാരത്തിലുള്ള ചില ഉപകഥകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇടനിലശ്ശേരി സ്വരൂപത്തില്‍ ഭരണത്തില്‍ സമര്‍ത്ഥരും, ആയുധ പ്രയോഗത്തില്‍ അഗ്രഗണ്യരും, പാണ്ഡിത്യം ഉള്ളവരും എല്ലാം ഉണ്ടായിരുന്നു എങ്കിലും ഇതെല്ലാം തികഞ്ഞ ഒരു വാഴുന്നവരെ ഉണ്ടായിരുന്നുള്ളു. അത്ഈ കഥ നടക്കുന്ന സമയത്ത് രാജ്യം ഭരിച്ചിരുന്ന ഉദയന്‍ വാഴുന്നവര്‍ ആയിരുന്നു. തന്റെ ഇളയച്ഛന്‍ ആയിരുന്ന രാമചന്ദ്രന്‍ വാഴുന്നവര്‍ അകാലത്തില്‍ നാടുനീങ്ങിയതിനെ തുടര്‍ന്ന് ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് ഇദ്ദേഹം ഹിരണ്യഗര്‍ഭം കഴിഞ്ഞു സ്ഥാനാരോഹണം ചെയ്യുന്നത്. സ്വരൂപത്തിലെ കുട്ടികള്‍ക്ക് വേദം അദ്ധ്യയനം ചെയ്യാന്‍ ആയി സ്ഥാപിച്ചിരുന്ന വേദപാഠശാലഎല്ലാ ജാതിമതസ്ഥര്‍ക്കും തുറന്ന് കൊടുത്തുകൊണ്ടുള്ള ഉത്തരവില്‍ ആണ് ഉദയന്‍ വാഴുന്നോര്‍ ആദ്യം തുല്യം ചാര്‍ത്തിയത്. ഈ വേദപാഠശാല ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

നീതി നടപ്പിലാക്കുന്നതില്‍ കര്‍ക്കശക്കാരനും പ്രജാഹിതം അനുസരിച്ച് ഭരിക്കുന്നതില്‍ തത്പരനും എന്ന് ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ പക്ഷെ, സ്വരൂപത്തിന്റെ സല്‍പ്പേരിന് തന്നെ കളങ്കം ചേര്‍ക്കുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ ഉണ്ടായി. അതിനെ കുറിച്ചാണ് ഇപ്പോള്‍ പറയാന്‍ ഭാവിക്കുന്നത്.

അക്കാലത്ത് പലിശയ്ക്ക് പണം കൊടുക്കുന്നത് പ്രധാന വ്യാപാരം ആക്കിയ നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. മുതലാളിക്കൂട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ പതിനഞ്ചോളം കുടുംബക്കാര്‍ഉണ്ടായിരുന്നതായി സ്വരൂപം രേഖകളില്‍ കാണുന്നു. സാധാരണക്കാര്‍ ഇവരില്‍ നിന്നും വലിയ പലിശയ്ക്ക് കടം വാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാതെ സ്വത്ത് നഷ്ടപ്പെടുന്നത് പതിവായിരുന്നു. ഇതിന് ഒരറുതി വരുത്താന്‍ ഉദയന്‍ വാഴുന്നോര്‍ ശ്രമിച്ചു എങ്കിലും പണവും കൊട്ടാരത്തിലെ വിചാരിപ്പുകാരിലും എന്തിന്, രാജകുടുംബാംഗങ്ങളില്‍പോലും സ്വാധീനംഉണ്ടായിരുന്ന പലിശക്കാര്‍ നിമിത്തം അത് ദുഷ്‌കരമായി തീരുകയും വാഴുന്നോര്‍ക്ക് ഇത് കാരണം അനല്പമായ ദുഃഖം ഉണ്ടാവുകയും ചെയ്തു.

ദേശത്തിന്റെ വടക്കേ അതിരില്‍ ഉണ്ടായിരുന്ന താമരശ്ശേരി എന്ന പേരോട് കൂടിയ ഒരു ഇല്ലക്കാരില്‍ തുടങ്ങി, കിഴക്കന്‍ മലയോരത്ത് ഉണ്ടായിരുന്ന മുതലക്കുളത്ത് എന്നറിയപ്പെട്ടിരുന്ന ക്രിസ്ത്യന്‍ കുടുംബം വരെ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ സമയത്താണ് നാട്ടില്‍ വിചിത്രമായ സ്വഭാവത്തോട് കൂടിയ ചില കളവുകള്‍ നടക്കാന്‍ തുടങ്ങിയത്. വീട്ടുകാര്‍ക്ക് പ്രിയപ്പെട്ട എന്തെങ്കിലും മോഷണം പോവുകയും അത് തിരിച്ചു കിട്ടണമെങ്കില്‍ ഇത്ര പൊന്‍പണം പറയുന്ന സ്ഥലത്ത് എത്തിക്കണം എന്ന് ഒരു കത്ത് ലഭിക്കുകയും ആയിരുന്നു രീതി. അപ്രകാരം ചെയ്താല്‍ കൃത്യമായി മോഷണ മുതല്‍ തിരികെ ലഭിക്കുമായിരുന്നു. ഓമനമൃഗങ്ങള്‍, പൂര്‍വികരുടെ ആയുധങ്ങള്‍, തുടങ്ങി എന്തും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കത്തുകളില്‍ 'താമരക്കുളം ചട്ടമ്പി ' എന്നാണ് മുദ്ര ചാര്‍ത്തിയിരുന്നത്. തന്നെയല്ല, ഇന്ദ്രജാലം, കൂടുവിട്ടു കൂടുമാറ്റം എന്നിങ്ങനെ അമാനുഷിക ശക്തികള്‍ ഈ ചട്ടമ്പിയ്ക്ക് ഉണ്ട് എന്നും ഒരു വിശ്വാസവും പ്രചരിക്കാന്‍ തുടങ്ങി.

അന്ന് സ്വരൂപം സര്‍വാധികാര്യക്കാര്‍ ആയിരുന്ന വേലുക്കുട്ടിപിള്ളയുടെ നേതൃത്വത്തില്‍ ഭടന്മാര്‍ കലശലായി അധ്വാനിച്ചു എങ്കിലും താമരക്കുളം ചട്ടമ്പിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

ഇതിനിടെ, മോഷണങ്ങള്‍ അധികവും നടന്നിരുന്നത് മുതലാളിക്കൂട്ടങ്ങളുടെ വീടുകളില്‍ ആണ് എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇപ്രകാരം മോഷണം നടത്തിയതിന്റെഅടുത്ത ദിവസങ്ങളില്‍ അവരുടെ കയ്യില്‍ നിന്നും കടം വാങ്ങിയവര്‍ക്ക് ആരും അറിയാതെ പണം ലഭിക്കുന്നുമുണ്ട് എന്നും വേലുക്കുട്ടിപിള്ള രാജസമക്ഷം ബോധിപ്പിച്ചു.

അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഏകദേശം ഈ വിധത്തില്‍ ആയിരുന്നു.

'വേലുക്കുട്ടിപിള്ളയ്ക്ക് എന്ത് തോന്നുന്നു? ഇതൊരു സാധാരണ കള്ളന്‍ ആയി നമുക്ക് തോന്നുന്നില്ല. രസികത്വം നിറഞ്ഞ ഒരാള്‍ക്കെ ഇങ്ങനെ ചെയ്യാന്‍ കഴിയൂ'
ഇത് കേട്ട സര്‍വാധികാര്യക്കാര്‍ ഇങ്ങനെ പ്രതിവചിച്ചു.
'സമക്ഷത്ത് നിന്ന് ഇങ്ങനെ പറയുന്നത് അടിയങ്ങള്‍ക്ക് കഷ്ടമാണ്. ഈ ചട്ടമ്പിയെ പിടിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു നമ്മുടെ ഭടന്മാര്‍ കഷ്ടപ്പെടുന്നു. ദ്രവ്യനാശം വേറെയും. ഇയാളെ പിടികൂടിയില്ലെങ്കില്‍ അത് സ്വരൂപത്തിന്റെ സല്‍പ്പേരിന് ഒരു കളങ്കം ആയിരിക്കും.'
'ആട്ടെ, വേലുകുട്ടി പറയുന്നതിലും കാര്യമുണ്ട്. എന്തു വന്നാലും ഇയാളെ പിടികൂടി തുറങ്കില്‍ അടക്കുക തന്നെ വേണം 'എന്ന് പറഞ്ഞ വാഴുന്നോര്‍ താമരക്കുളം ചട്ടമ്പിയെ പിടി കൂടാന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം വരാഹന്‍ സമ്മാനം ലഭിക്കുന്നതാണ് എന്ന ഉത്തരവില്‍ തുല്യം ചാര്‍ത്തി.

ഇതിന്റെ അടുത്ത ദിവസം തന്നെ സ്വരൂപം കുതിരലായത്തില്‍ നിന്നും ഏറ്റവും മുന്തിയ ഇനത്തില്‍ പെട്ട ഒരു കുതിരയെ കാണാതായി. അന്ന് സന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാന്‍ തുളസിത്തറയില്‍ ചെന്ന സര്‍വാധികാര്യക്കാരുടെ ഭാര്യ ഒരു കത്തിയില്‍ കുത്തി നിര്‍ത്തിയ ഓല കണ്ട് പരിഭ്രാന്തയായി.
ആ ഓലയില്‍ ഇങ്ങനെ കുറിച്ചിരുന്നു.

'വേലുക്കുട്ടി എനിക്ക് പതിനായിരം അല്ലേ വിലയിട്ടത്. അത്രയും പണം ചിതരാള്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ അകത്തെ പടിയില്‍ നാളെ വെച്ചാല്‍ കുതിരയെ കിട്ടും. എന്ന്താമരക്കുളം ചട്ടമ്പി '.
ഇത് കണ്ട് കോപകുലനായ സര്‍വാധികാര്യക്കാര്‍, പതിനായിരം വരാഹന്‍ അപ്രകാരം തന്നെ വെയ്ക്കാനും, ക്ഷേത്രം ചുറ്റി പടയാളികളെ നിയോഗിക്കാനും ഉത്തരവിട്ടു.
ഇതെല്ലാം കേട്ട വാഴുന്നോര്‍ വേലുകുട്ടിപിള്ളയെ സമക്ഷത്ത് വിളിപ്പിച്ചു.
'വേലുക്കുട്ടി ഇത് എന്തിനുള്ള പുറപ്പാട് ആണ്? കുതിരയെ കണ്ട് പിടിക്കുന്നതിന് പകരം പണവും നഷ്ടപ്പെടുത്താന്‍ ആണോ ഉദ്ദേശ്യം?' എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.
'തിരുവുള്ളക്കേട് ഉണ്ടായാലും വിരോധമില്ല, പണം വെച്ച് ആ കശ്മലനെ ഞാന്‍ ഇന്ന് പിടിച്ചിരിക്കും. ക്ഷേത്രം ചുറ്റി നമ്മുടെ സൈന്യം ഉണ്ട് 'എന്ന് അദ്ദേഹം പ്രതി വചിച്ചു.

ഇത് കേട്ട വാഴുന്നോര്‍, 'വേലുകുട്ടിയുടെ സാമര്‍ത്ഥ്യത്തില്‍ എനിക്ക് ഒട്ടും സംശയമില്ല തന്നെ. എന്നാല്‍ ചട്ടമ്പിയെ പിടി കൂടാന്‍ കഴിയും എന്ന് തോന്നിയില്ല. 'എന്ന് പറഞ്ഞു അദ്ദേഹത്തെ തിരിച്ചയച്ചു.
സന്ധ്യയ്ക്ക് അന്നും സാധാരണ പോലെ ജനങ്ങള്‍ വന്ന് തൊഴുത് പോയി. അത്താഴപ്പൂജ കഴിഞ്ഞു തൃപ്പുക തൊഴാന്‍ വേലുക്കുട്ടിപിള്ള സര്‍വാധികാര്യക്കാര്‍ തന്നെ നേരിട്ട് എഴുന്നള്ളി. അപ്പോള്‍ പ്രസാദം കൊടുത്ത മേല്‍ശാന്തി
'കിഴി അവിടെ തന്നെ ഉണ്ടല്ലോ സര്‍വാധി, ചട്ടമ്പി ഭയപ്പെട്ട് പിന്മാറി എന്ന് തോന്നുന്നു 'എന്ന് പറഞ്ഞു.

ഇപ്രകാരം പറഞ്ഞു കൊണ്ട് നില്‍ക്കവേ ഒരു ഭടന്‍ ഓടിക്കിതച്ചു അവിടെ എത്തി.
'അവിടുന്ന് മാപ്പാക്കണം. അവിടെ ഇപ്പോള്‍ ഉള്ള കിഴിയില്‍ പളുങ്ക് മണികള്‍ മാത്രം ആണുള്ളത്. പതിനായിരം വരാഹനും മോഷണംപോയിരിക്കുന്നു ' എന്ന് ഉണര്‍ത്തിച്ചു.
സര്‍വാംഗംതളര്‍ന്നു വേലുകുട്ടിപിള്ള അവിടെ ഇരുന്നുപോയി.
'സന്ധ്യയ്ക്ക് നട തുറന്നപ്പോള്‍ പരിശോധിച്ചതാണ്. അതിന് ശേഷമാണ് കളവ് നടന്നത് 'എന്നും ഭടന്‍ ബോധിപ്പിച്ചു.
സര്‍വാധികാര്യക്കാര്‍ അപ്പോള്‍ തന്നെ സന്ധ്യയ്ക്ക് ക്ഷേത്രത്തില്‍ വന്നത് ആരൊക്കെ എന്ന് കാവല്‍ക്കാരെ ചോദ്യം ചെയ്തു.

അപ്പോള്‍ മടിച്ചുമടിച്ചു ഒരു ഭടന്‍ ഒരു കാര്യം ഉണര്‍ത്തിച്ചു. സന്ധ്യ മയങ്ങുന്നതിന് തൊട്ട് മുന്‍പ് ഒരു കൂട്ടം അന്തര്‍ജനങ്ങള്‍ വന്നിരുന്നു. അവര്‍ മറക്കുട വെച്ചത് കിഴി ഇരുന്നിരുന്ന ഭാഗത്ത് ആണ്. അവര്‍ പോയ ഉടനെ നോക്കിയപ്പോള്‍ കിഴി അവിടെ തന്നെ ഉണ്ടെന്നും കണ്ടു. എന്നാല്‍ തുറന്നു നോക്കുക ഉണ്ടായില്ല. ഇപ്പോള്‍ കളവ് നടന്നത് അറിഞ്ഞപ്പോള്‍ തൊട്ട് ഒരു ശങ്ക. അന്തര്‍ജനങ്ങള്‍ ആയത് കൊണ്ട്സംശയിച്ചുമില്ല,അടുത്തുചെന്ന് പരിശോധന നടത്താന്‍ കഴിഞ്ഞുമില്ല.

ഇതോടെ, ഇന്ദ്രജാലം ഉപയോഗിച്ച് വേഷം മാറി ആണ് താമരക്കുളം ചട്ടമ്പി മോഷണം നടത്തിയത് എന്ന് നാട് ഒട്ടുക്കും കിംവദന്തികള്‍ പരന്നു.

പിറ്റേന്ന് വേലുക്കുട്ടി പിള്ള വാഴുന്നൊരുടെ സന്നിധിയില്‍ എത്തി, തന്റെ കയ്യില്‍ നിന്നും പതിനായിരം വരാഹന്‍ കിഴികെട്ടി കാല്‍ക്കല്‍ വെച്ചു.

ഉദയന്‍ വാഴുന്നോര്‍ ചിരിച്ചു കൊണ്ട്,
'വേലുക്കുട്ടി ഇതിന് മെനക്കെടണമെന്നില്ല. കാണാതായ കുതിരയെ താമരശേരി ഇല്ലത്തെ പറമ്പില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിട്ടിക്കുന്നു. അതിന്റെ പുറത്ത് പതിനായിരം വരാഹന്‍ കിഴി കെട്ടി വെച്ചിട്ടുമുണ്ട്. കൂടെ ഒരു എഴുത്തും.' എന്ന് പറഞ്ഞു കൊണ്ട് ആ ഓല വായിച്ചു.

'ഇടനിലശ്ശേരി മൂപ്പിന്നിന്റെ പണം സത്യമുള്ളതാണ്. ഇത് ജനക്ഷേമത്തിന് തന്നെ ഉപയോഗിക്കുക..എന്ന് താമരക്കുളം ചട്ടമ്പി.'

ഇത് കണ്ട വേലുക്കുട്ടി പിള്ള ജാള്യത കൊണ്ടും കോപം കൊണ്ടും എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു. ഇത് കണ്ട് വാഴുന്നോര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും, തക്ക സമയം വരുമ്പോള്‍ ചട്ടമ്പിയെ കൈയ്യും കളവും ആയി പിടികൂടാം എന്ന് പറയുകയും ചെയ്തു.

കാര്യങ്ങള്‍ ഇപ്രകാരം എല്ലാം ഇരിക്കെ മുതലക്കുളത്ത് വീട്ടില്‍ ഒരു സംഭവം നടന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അന്നത്തെ കാരണവര്‍ ദേവസ്യ മുതലാളി പണപ്പെട്ടി അടയ്ക്കാന്‍ ഭാവിക്കുമ്പോള്‍ തലപ്പാവും ദേഹം മുഴുവന്‍ മൂടുന്ന ഒരു വെളുത്ത വസ്ത്രവും ധരിച്ച് ഒറ്റ നോട്ടത്തില്‍ തന്നേ ഒരു മുസല്‍മാന്‍ ആണെന്ന് തോന്നുന്ന ഒരാള്‍ പടിക്കല്‍ എത്തി.

താന്‍ വളരെ ദൂരെ നിന്ന് വരിക ആണെന്നും പണത്തിന് അത്യാവശ്യം ഉണ്ടെന്നും വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ബോധിപ്പിച്ചു. നൂറ്റ്ക്ക് ദിവസം രണ്ട് രൂപ ആണ് പലിശ എന്നും സ്വര്‍ണമോ വസ്തുവോ ഈട് കൊടുക്കണം എന്നും ദേവസ്യ പറഞ്ഞത് കേട്ട് ആ മുസല്‍മാന്‍ ഇപ്രകാരം പറഞ്ഞു.
'എന്റെ പേര് അഹമ്മദ് എന്നാണ്. ഞങ്ങളുടെ ഇടയില്‍ പലിശ വാങ്ങുന്നതും കൊടുക്കുന്നതും പാടില്ലാത്തതാണ്. എന്നാല്‍ എന്റെ ഒരു കപ്പല്‍ നിറയെ സാധനങ്ങള്‍ കോഴിക്കോട് തുറമുഖത്ത് പിടിച്ചു വെച്ചിരിക്കുകയാണ്. പതിനായിരം വരാഹന്‍എങ്കിലും വേണം. വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാണ്. എന്റെ കയ്യില്‍ പാരമ്പര്യമായി ഞങ്ങള്‍ക്ക് കിട്ടിയ ഒരു സ്വര്‍ണാഭരണം ഉണ്ട്. അത് വെച്ചിട്ട് പണം തരണം. രണ്ടാഴ്ച്ചയ്ക്ക് ഉള്ളില്‍ തിരിച്ചു തരും'. ഇത് പറഞ്ഞു അയാള്‍ തന്റെ കയ്യിലെ ഭാണ്ഡം തുറന്ന് അലുക്കുകള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ ഒരു വലിയ മാല കാണിച്ചു. അന്നത്തെ വിലയ്ക്ക് ചുരുങ്ങിയത് മുപ്പതിനായിരം വരാഹന്‍ എങ്കിലും വില വരുന്ന ആ പണ്ടം കണ്ട ദേവസ്യ അത് ഏത് വിധേനയും കൈക്കലാക്കണംഎന്ന് തീരുമാനിച്ച്, പണം കൊടുക്കാം എന്ന് സമ്മതിച്ചു.

ഉടനെ അഹമ്മദ്, 'അങ്ങയുടെ മഹാമനസ്‌കത എത്ര പുകഴ്ത്തിയാലും മതിയാവില്ല. എന്നാലും വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ അങ്ങു ഇത് ഉരച്ചു സ്വര്‍ണം ആണെന്ന് ഉറപ്പു വരുത്തണം 'എന്നു പറഞ്ഞു കൊണ്ട് ആ മാലയില്‍ നിന്നും രണ്ടോ മൂന്നോ കണ്ണി വേര്‍പെടുത്തി ദേവസ്യയ്ക്ക് നല്‍കി. ഉരച്ചു നോക്കി സ്വര്‍ണ്ണം ആണെന്ന് ഉറപ്പ് വരുത്തിയ ദേവസ്യ പതിനായിരം വരാഹന്‍ കിഴി കെട്ടി കൊടുക്കുകയും ചെയ്തു. ആഴ്ചയില്‍ ഒരിക്കല്‍ പലിശ കൊടുക്കാം എന്നായിരുന്നു കരാര്‍.

രണ്ടാഴ്ച്ച കഴിയുന്ന ദിവസം തന്റെ മുറ്റത്ത് ഒരു ഓല കണ്ട് ദേവസ്യ അതെടുത്തു നോക്കി.
'സഹായത്തിന് നന്ദി. എനിക്ക് സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയില്ല. അങ്ങേക്ക് അത് ഉരുക്കി ഉപയോഗിക്കാം. ചന്തമുക്കിലെ ഗോവിന്ദന്‍ തട്ടാനെ ചെന്നു കാണുക' എന്ന് അതില്‍ എഴുതിയിരുന്നു.

ഇത് കണ്ട് അദ്ഭുതപ്പെട്ട അദ്ദേഹം ഉടനെ തട്ടാന്റെ അടുത്തെത്തി. അദ്ദേഹത്തെ സ്വീകരിച്ചിരുത്തിയ തട്ടാന്‍ മാലയുമായിഅകത്തേക്ക് പോയി. എന്നാല്‍ നിമിഷങ്ങള്‍ക്കകം അദ്ദേഹം പരിഭ്രമത്തോടെ ഓടി വന്നു.
'അങ്ങയെ ആരോ ചതിച്ചിരിക്കുന്നു. ഇത് സ്വര്‍ണം അല്ല. ചെമ്പില്‍ സ്വര്‍ണം പൂശിയത് ആണ്' എന്ന് പറഞ്ഞുകൊണ്ട് ആ ആഭരണം അദ്ദേഹത്തിന് തിരിച്ചു കൊടുത്തു.
ദേവസ്യ ഉടനെ,
'അങ്ങനെ വരാന്‍ വഴി ഇല്ല. ഞാന്‍ ഉരച്ചു നോക്കിയാണ് വാങ്ങിയത്' എന്ന് പറഞ്ഞു നടന്നതെല്ലാം വിസ്തരിച്ചു പറഞ്ഞു.
ഇത് കേട്ട തട്ടാന്‍, 'അങ്ങേക്ക് എടുത്ത് തന്ന കണ്ണികള്‍ മാത്രം ആയിരുന്നു സ്വര്‍ണം. അങ്ങിനെ ആണ് അങ്ങു പറ്റിക്കപ്പെട്ടത്. 'എന്ന് പറഞ്ഞു.
ഹതാശനായി വീട്ടില്‍ തിരിച്ചെത്തിയ ദേവസ്യയുടെ വീട്ടുമുറ്റത്ത് ഒരോല കൂടി കിടപ്പുണ്ടായിരുന്നു.
'അക്രമ പലിശ വാങ്ങി കൂട്ടിയ സ്വത്തില്‍ ഒരു പങ്ക് അത് നഷ്ടപ്പെട്ടവര്‍ക്കായി ഞാന്‍ കൊണ്ടുപോകുന്നു. താമരക്കുളം ചട്ടമ്പി.'എന്ന് അതില്‍ എഴുതിയിരുന്നു.

ഈ വിവരങ്ങള്‍ വാഴുന്നോര്‍ക്ക് ലഭിച്ചതോടെ അദേഹത്തിന് ഔത്സുക്യം വര്‍ധിച്ചു. അദ്ദേഹം സര്‍വാധികാര്യക്കാരെയും മറ്റ് നാട്ടില്‍ പ്രമാണിമാരെയും വിളിച്ചു നാട്ടുകൂട്ടം നടത്തി. അത് വരെ നടന്ന കാര്യങ്ങള്‍ സര്‍വാധികാര്യക്കാര്‍ വിസ്തരിച്ചു. അതിന് ശേഷം വാഴുന്നോര്‍ ഇപ്രകാരം പറഞ്ഞു.
'താമരക്കുളം ചട്ടമ്പിയെ പിടികൂടാന്‍ കഴിയാതെ വന്നത് നമ്മുടെ പരാജയം തന്നെയാണ്. എന്നാല്‍ അമിതമായി പലിശ വാങ്ങി പാവപ്പെട്ടവരെ ദ്രോഹിക്കുന്നവരെ മാത്രമേ ഇയാള്‍ കൊള്ളയടിക്കുന്നുള്ളൂ. അതിനാല്‍ കുറ്റം ഏറ്റു പറഞ്ഞു സ്വയം കീഴടങ്ങുന്ന പക്ഷം എല്ലാ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയും ശിഷ്ടജീവിതകാലത്തെയ്ക്ക് ചെറുതല്ലാത്ത ഒരുതുക മാസം തോറും അടുത്തൂണ് നല്‍കുകയും ചെയ്യുന്നതാണ്. എന്നു മാത്രമല്ല, ഈ പ്രശ്‌നം നിരന്തരമായി ഒഴിഞ്ഞു പോകാനായികൊണ്ടു, നമ്മുടെ രാജ്യത്തു നൂറ്റ്ക്ക്മാസത്തില്‍ രണ്ട് എന്നതില്‍ കൂടുതല്‍ പലിശ ഈടാക്കരുത് എന്ന് ഉത്തരവിടുന്നു 'ഇത് കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കൂറി. കള്ളന് അടുത്തൂണ് കൊടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തത് ആണെങ്കിലും അക്രമ പലിശ നിര്‍ത്തി എന്ന ഒരു നല്ലകാര്യം നടന്നത് കൊണ്ട്ജനങ്ങള്‍ വാഴുന്നോരെ പുകഴ്ത്തി.

ഈ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും താമരക്കുളം ചട്ടമ്പി കീഴടങ്ങിയില്ല.
ഇതില്‍ അസ്വസ്ഥാനായ ഉദയന്‍ വാഴുന്നോര്‍ വേലുക്കുട്ടിപിള്ളയെ വരുത്തി ഇനി എന്താണ് ചെയ്യേണ്ടത്എന്ന് തിരക്കി.

ഇത് കേട്ട സര്‍വാധികാര്യക്കാര്‍ ഇങ്ങനെ പറഞ്ഞു: 'അടിയന്‍. ഇനി ആ ചട്ടമ്പി വരും എന്ന് തോന്നുന്നില്ല. അയാളുടെ കാര്യം സാധിച്ചല്ലോ. അക്രമപലിശ നിന്നല്ലോ.'
'സര്‍വാധി പറഞ്ഞത് ശരിയാണ്. എന്നിരുന്നാലും നാം പ്രഖ്യാപിച്ച അടുത്തൂണ് ലഭിക്കാന്‍ എങ്കിലും അയാള്‍ വരേണ്ടത് അല്ലേ?' എന്ന് വാഴുന്നോര്‍ മറുചോദ്യം ചോദിച്ചു.

അതിന് മറുപടിയായി പണ്ഡിതന്‍ കൂടി ആയിരുന്ന വേലുകുട്ടി പിള്ള ഒരു ഗീതാശ്ലോകം ചൊല്ലി
'യാവാന്‍ അര്‍ത്ഥ ഉദപാനേ
സര്‍വതഃ സംപ്ലുതോദകേ തവാന്‍
സര്‍വേഷു വേദേഷു
ബ്രാഹ്‌മണസ്യ വിജാനതഃ'

അതിന്റെ അര്‍ത്ഥം ഇപ്രകാരം ആണ്.
വലിയ തടാകം തന്നെ ഉള്ളപ്പോള്‍ ചെറിയ ഒരു കിണര്‍ കൊണ്ട് എന്ത് പ്രയോജനം, എന്ത് ആവശ്യം? പരമമായ സത്യം മനസ്സിലാക്കിയവന് സര്‍വ വേദവും പ്രയോജനരഹിതമാണ് '.

ഇത് കേട്ട് ഊറി ചിരിച്ചുകൊണ്ട് വാഴുന്നോര്‍ ചോദിച്ചു.
'എന്നിട്ട് വേലുക്കുട്ടി എന്ത് സത്യം ആണ് മനസ്സിലാക്കിയത്?'

അതിന് മറുപടിയായി വേലുക്കുട്ടി പിള്ള ഇങ്ങനെ പറഞ്ഞു. 'അടിയന്‍ അത് പിന്നീട് പറയാം. ഇപ്പോള്‍ പോകാന്‍ അനുവദിക്കണം. സമയം കിട്ടുമ്പോള്‍ ആ അന്തര്‍ജനം ആയി വേഷം മാറിയത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞാല്‍ തരക്കേടില്ല.'
ഇത്രയും പറഞ്ഞു വാഴുന്നവരെ താണ് വണങ്ങി അദ്ദേഹം പുറത്തേക്ക് പോയി.

ഇത്രയും പറഞ്ഞതില്‍ നിന്നും തന്റെ മനസ്സിലിരിപ്പ് നടപ്പിലാക്കാന്‍ വേണ്ടി വാഴുന്നവര്‍ തന്നെ ആണ് ചട്ടമ്പി ആയി വേഷം മാറി എത്തിയത് എന്ന് വായനക്കാര്‍ ഊഹിച്ചു കാണുമല്ലോ.

വേലുക്കുട്ടിപിള്ളയെയും ഉദയന്‍ വാഴുന്നൊരെയും പറ്റി ഇനിയും നിരവധി കഥകള്‍ ഉണ്ടെങ്കിലും അതെല്ലാം മറ്റൊരു അവസരത്തില്‍ പറയാം എന്ന് വിചാരിക്കുന്നു.


Content Highlights: navaitheehyamala part 6 dr santhosh rajagopal, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented